ഹിന്ദുത്വയോ ഹിന്ദ്‌സ്വരാജോ?
യു.ആര്‍.അനന്തമൂര്‍ത്തി മോഡിയുടെ തെരഞ്ഞെടുപ്പു വിജയത്തെക്കുറിച്ച് മാധ്യമങ്ങളിലും പൊതുജനങ്ങളിലും കാണുന്ന ശുഭാപ്തി വിശ്വാസത്തോടുള്ള എന്റെ പ്രതികരണവും അതേക്കുറിച്ചുള്ള ആശങ്കകളും എങ്ങനെ തുടങ്ങണമെന്നനിക്കറിയില്ല. രാജ്യം ഒരു കുടുംബത്തില്‍ നിന്നു മാത്രം ഭരിക്കപ്പെടുന്നു എന്ന തോന്നലുണ്ടായ സമയത്ത്, പ്രസിഡന്‍ഷ്യല്‍ രീതിക്ക് സമാനമായ ഒരു തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തന്റെ ഉച്ചത്തിലുള്ള ആലങ്കാരിക ഹിന്ദി ഉപയോഗിച്ച് മോഡി വിജയിച്ച പോലെ ഒരു ദക്ഷിണേന്ത്യക്കാരനോ ആസാമിക്കോ ബംഗാളിക്കോ (വാസ്തവത്തില്‍, ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള ആര്‍ക്കും തന്നെ) കഴിയുമായിരുന്നില്ല. സമൂഹ നിര്‍മ്മാണത്തിന് ആവശ്യമായ വ്യവസ്ഥിതിയും ക്രമസമാധാനം […]
മോഡിയുടെ തെരഞ്ഞെടുപ്പു വിജയത്തെക്കുറിച്ച് മാധ്യമങ്ങളിലും പൊതുജനങ്ങളിലും കാണുന്ന ശുഭാപ്തി വിശ്വാസത്തോടുള്ള എന്റെ പ്രതികരണവും അതേക്കുറിച്ചുള്ള ആശങ്കകളും എങ്ങനെ തുടങ്ങണമെന്നനിക്കറിയില്ല.
രാജ്യം ഒരു കുടുംബത്തില്‍ നിന്നു മാത്രം ഭരിക്കപ്പെടുന്നു എന്ന തോന്നലുണ്ടായ സമയത്ത്, പ്രസിഡന്‍ഷ്യല്‍ രീതിക്ക് സമാനമായ ഒരു തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തന്റെ ഉച്ചത്തിലുള്ള ആലങ്കാരിക ഹിന്ദി ഉപയോഗിച്ച് മോഡി വിജയിച്ച പോലെ ഒരു ദക്ഷിണേന്ത്യക്കാരനോ ആസാമിക്കോ ബംഗാളിക്കോ (വാസ്തവത്തില്‍, ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള ആര്‍ക്കും തന്നെ) കഴിയുമായിരുന്നില്ല. സമൂഹ നിര്‍മ്മാണത്തിന് ആവശ്യമായ വ്യവസ്ഥിതിയും ക്രമസമാധാനം നിലനിര്‍ത്താനുള്ള സ്ഥാപനങ്ങളും നീതിനിര്‍വ്വഹണത്തിനുള്ള കോടതികളും തമ്മില്‍ ജനാധിപത്യപരമായ ഒരു കരാര്‍ നിലനില്‍ക്കുന്നു എന്നു ചൂണ്ടികാണിച്ചു കൊണ്ട് ഒരു ജനാധിപത്യ മര്യാദ എന്ന നിലക്ക് ഭൂരിപക്ഷം നേടി അധികാരത്തിലേക്ക് വന്ന ഒരാളെ അംഗീകരിക്കണം എന്ന് പറയുന്നതിനോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. എന്നെ സംബന്ധിച്ചിടത്തോളം ഭൂരിപക്ഷമല്ലാത്തവര്‍ക്ക് വേണ്ടത്ര ഇടം കൊടുക്കുക എന്നതാണ് ജനാധിപത്യത്തില്‍ അടിസ്ഥാന പരമായിട്ടുള്ളത്. അതുകൊണ്ട് തന്നെ, മോഡിയിലുള്ള എന്റെ അവിശ്വാസത്തിന്റെ പേരില്‍ എന്നെ ദേശവ്യാപകമായി അപകീര്‍ത്തിപ്പെടുത്തിയവരെ അവഗണിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് സംസാരിക്കാം. എന്റെ വീക്ഷണങ്ങള്‍, സൗകര്യത്തിനുവേണ്ടി സൂത്രവാക്യങ്ങളായി അക്കമിട്ടു പറയാം.
പഴയ നിയമത്തിലെ ജോബിന്റെ കഥയില്‍ നിന്ന് തുടങ്ങാം. ദൈവേച്ഛയില്‍ നന്മ എന്ന് നാം വിശ്വസിക്കുന്നതിനോടൊപ്പം തിന്മയും ചേര്‍ന്നിട്ടുണ്ടോ? 1950 കളില്‍ കാള്‍ ജങ് തന്റെ ജോബിനുള്ള ഉത്തരം എന്ന പുസ്തകത്തില്‍, ക്രൈസ്തവ ലോകം അതിന്റെ പ്രതീകാത്മക ചരിത്രത്തിലുടനീളം തിന്മയെ മറികടക്കുന്നതിന് എന്തിലൂടെയെല്ലാം കടന്നുപോയി എന്ന് പരിശോധിക്കുന്നുണ്ട്. സത്യത്തോടുള്ള കൂറിന്റെ പേരില്‍ നിരന്തരം പരീക്ഷിക്കപ്പെടുന്ന രാജാ ഹരിശ്ചന്ദ്രന്റെ കഥയാണ് ഇതിനോട് സമാനമായിട്ടുള്ളത്. നന്മയും തിന്മയും പരസ്പരം വേര്‍തിരിക്കാന്‍ പറ്റാത്തവിധം ഒരുമിച്ച് നിലനില്‍ക്കുന്നതാണെന്ന തിരിച്ചറിവ്, നമ്മുടെ ദേശസ്‌നേഹത്തിനുള്ളില്‍ മറഞ്ഞിരുന്നേക്കാവുന്ന തിന്മയെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുമോ? മോഡി ഗവണ്‍മെന്റിന്റെ നേതാക്കള്‍ വായ തുറക്കുമ്പോഴെല്ലാം ‘ദേശീയ താല്പര്യത്തിനുവേണ്ടി’ എന്നാണ് പറയുക. എന്നുവച്ചാല്‍ ദേശീയ താല്പര്യത്തില്‍ ഒരാള്‍ക്ക് എന്തും ചെയ്യാം, ദൈവത്തെപ്പോലെ. നാണവും അഭിമാനവും ത്യജിക്കുന്നവന്‍ ദൈവത്തെ പോലെയാണ് എന്ന് ഒരു ചൊല്ലുണ്ടല്ലോ.
ദസ്‌തേയ്‌വ്‌സ്‌ക്കിയുടെ ‘കുറ്റവും ശിക്ഷയും’ എന്ന നോവലിലെ നായകനെ ഞാനിവിടെ പരാമര്‍ശിക്കട്ടെ. സാധാരണക്കാരില്‍ നിന്ന് വളര്‍ന്ന് കാലപുരുഷനായി മാറിയ ആയിരങ്ങളെ യുദ്ധത്തില്‍ കൊന്നൊടുക്കിയാണെങ്കിലും നെപ്പോളിയനെപ്പോലെ മഹത്വം നേടാന്‍ കൊതിക്കുന്ന റസ്‌കോള്‍ നിക്കോവ്. യുദ്ധത്തില്‍ ആയിരങ്ങളെ യാതൊരു കുറ്റബോധവുമില്ലാതെ കൊന്നു തള്ളി, തിന്മയുടെ പൊതു സങ്കല്പത്തെ അവഗണിച്ച നെപ്പോളിയനെ പോലെയാകാന്‍ തനിക്കൊരിക്കലും കഴിയില്ല എന്നതില്‍ തീവ്ര ദുഃഖിതനുമാണ് അയാള്‍. റസ്‌കോള്‍ നിക്കോവില്‍ നിന്ന് വ്യത്യസ്തമായി ചിന്തിച്ച ആളായിരുന്നു ഗോഡ്‌സേ. സവര്‍ക്കറെ വായിച്ചതിലൂടെയും ഭാരതത്തോടുള്ള സ്‌നേഹത്താലും ഗാന്ധി ഒരു തടസ്സമാണെന്നയാള്‍ ശരിക്കും വിശ്വസിച്ചു. ഗോഡ്‌സേയുടെ അന്ത്യ പ്രഭാഷണത്തെ മോഡിയുടെ തീക്ഷ്ണമായ ‘ദേശഭക്തി’കലര്‍ന്ന വാക്കുകളോട് താരതമ്യം ചെയ്യേണ്ടതുണ്ട്. ഒരു വ്യത്യാസമുണ്ടിവിടെ. ഗാന്ധിയുടെ ശക്തമായ സ്വാധീനത്തിന് അറുതി വരുത്താന്‍ വേറെ വഴികളൊന്നും കിട്ടാതിരുന്നപ്പോള്‍ ഗോഡ്‌സേ അദ്ദേഹത്തെ വധിച്ചു. അമേരിക്കയുമായുള്ള ആണവ സൗഹൃദം എങ്ങനെയൊക്കെയോ ഒപ്പിച്ചെടുത്ത കോണ്‍ഗ്രസ്, ഗാന്ധി ഒഴിപ്പിച്ച ഇടത്തേക്ക് മോഡിയേയും സവര്‍ക്കറേയും കുടിയേറാനനുവദിച്ചു. കോണ്‍ഗ്രസ്സിന്റെ സഹജമായ വികസനത്വരയുടെ ശബ്ദമായി മാറി മോഡി. ഗാന്ധിസ്മരണകളാണ് അതിനല്പം ശല്യമാകുന്നത്.
മന്‍മോഹന്‍ സിംഗിന്റെ സൗമ്യമായ ‘സാത്വിക’ മുഖത്തിന് പകരം മോഡിയുടെ പ്രതാപമുള്ള ‘രാജസ’ മുഖം ക്ഷാത്രതേജസ്സോടെ നമുക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. ഈ മുഖത്തിന്റെ മാറ്റം മോഡിയാല്‍ ഉത്തേജിക്കപ്പെട്ട മധ്യവര്‍ഗ്ഗത്തിന്റെ അത്യാഗ്രഹത്തിന്റെ ഫലമാണ്. ഈ മുഖം തെരഞ്ഞെടുപ്പ് സമയത്ത് മാധ്യമങ്ങള്‍ക്കും അതിനെ മുഖാവരണമാക്കിയ മോഡി ഭക്തര്‍ക്കും പ്രിയപ്പെട്ടതായി മാറി. എന്നിട്ടും ഞാന്‍ വോട്ടു ചെയ്തത് കോണ്‍ഗ്രസ്സിനാണ്. മനുഷ്യ ചരിത്രത്തിലുടനീളം വിജയിച്ചവന്റെ വിജയത്തെ അനിവാര്യമായ ഒന്നായി ജനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ സ്വീകാര്യത, സുഖകരമായ ജീവിതത്തെ കുറിച്ചുള്ള ഉറപ്പില്‍ നിന്നും ഉടലെടുക്കുന്നതാണ്. ഓഡന്റെ ഒരു കവിതയില്‍, രാത്രിയുടെ നിശ്ശബ്ദതയില്‍ ദൂരെയെങ്ങോ വാതിലില്‍ മുട്ടുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. തന്റെ തെരുവിലല്ല, ദൂരെയെവിടേയോ ആണ് അത് എന്ന ആശ്വാസം ക്ഷണ നേരത്തേക്ക് മാത്രമാണ്. കാല്‍പ്പരുംമാറ്റം അടുത്ത് വരുന്നതോടെ തകരുന്നത് അയാളുടെ വാതില്‍ തന്നെയാണ്.
ഉത്ക്കര്‍ഷേച്ഛ കൊണ്ട് ക്രിസ്തുവിലുള്ള വിശ്വാസം നഷ്ടപ്പെടുകയും പിന്നീട് സ്‌നേഹം കൊണ്ടും മനഃക്ലേശം കൊണ്ടും അത് വീണ്ടെടുക്കുകയും ചെയ്ത റസ്‌കോള്‍ നിക്കോവിനെ, ഗാന്ധിയുടെ ശക്തി നിരീക്ഷിച്ചറിഞ്ഞ് സ്വന്തം ക്ഷേമത്തിനുപരി രാജ്യത്തിന്റെ ക്ഷേമത്തിനു വേണ്ടി സര്‍വ്വശക്തനോട് പ്രാര്‍ത്ഥിക്കാന്‍ പോകുന്ന വഴി അദ്ദേഹത്തെ വധിച്ച ഗോഡ്‌സേയുമായി താരതമ്യം ചെയ്യാന്‍ ഞാനാഗ്രഹിക്കുന്നു. റസേകാള്‍ നിക്കോവിന് താന്‍ വെറുക്കുന്നതെങ്കിലും നിഷേധിക്കാന്‍ കഴിയാത്ത ഒരു ഉള്‍വിളിയുണ്ടായിരുന്നു. ഗോഡ്‌സേയ്ക്കും അതുണ്ടായിരുന്നിരിക്കാം. മൂന്ന് ആണ്‍കുട്ടികളുടെ മരണത്തിനു ശേഷം പിറന്ന ഗോഡ്‌സേയെ പെണ്‍കുട്ടിയെ പോലെയാണ് മാതാപിതാക്കള്‍ വളര്‍ത്തിയത്. അയാളുടെ പേരിലുള്ള ‘നാഥുറാ’ മിന്റെ അര്‍ഥം പോലും മൂക്കുത്തിയണിഞ്ഞവനെന്നാണ്.
പക്ഷേ, തന്റെ പൗരുഷം പ്രകടിപ്പിക്കാനുള്ള ആഗ്രഹം അല്ല ഗോഡ്‌സേയെക്കാണ്ട്, രണ്ടു പെണ്‍കുട്ടികളുടെ സഹായത്തോടെ പ്രാര്‍ത്ഥനായോഗത്തിന് പോയ്‌ക്കൊണ്ടിരുന്ന വൃദ്ധനായ രാഷ്ട്രപിതാവിന്റെ നഗ്നമായ മാറിടത്തിനു നേരെ കാഞ്ചി വലിപ്പിച്ചത്. പൗരുഷമോ ഒരു പദ്ധതിയോ ആ പ്രവൃത്തി ചെയ്യാന്‍ ആവശ്യമുണ്ടായിരുന്നില്ല. ഗാന്ധിക്ക് പോലീസ് സംരക്ഷണം പോലുമുണ്ടായിരുന്നില്ല. ഹിന്ദുത്വവാദിയായ ഗോഡ്‌സെയുടെ പ്രവൃത്തി അങ്ങേയറ്റത്തെ വിരക്തിയോടെ, രാഷ്ട്രനിര്‍മ്മിതിക്കുള്ള യജ്ഞത്തില്‍ നടത്തിയ അതിക്രൂരമായ ബലിയായിരുന്നു. ഈ യജ്ഞത്തിന്റെ അടിസ്ഥാനം സവര്‍ക്കറുടെ ആശയ സംഹിതകളായിരുന്നു. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ മാത്രമാണ് നമ്മളിലെല്ലാം ഉറങ്ങിക്കിടക്കുന്ന ഈ വികാരം വിശുദ്ധ ഗംഗയ്ക്ക് ആരതിയുഴിയുന്ന മൃദുഭാഷിയായ മോഡിയിലൂടെ പ്രകാശനം നേടുന്നത്.
സവര്‍ക്കറുടെ ഹിന്ദുത്വ വിശകലനത്തെ ഗാന്ധിയുടെ ഏതാണ്ടാ സമയത്തു തന്നെ പുറത്തു വന്ന ഹിന്ദ് സ്വരാജ് എന്ന പുസ്തകവുമായി താരതമ്യം ചെയ്യാം. അതിനര്‍ത്ഥം മേല്‍പ്പറഞ്ഞ ക്രമത്തില്‍ ഞാനതിനെ പരിശോധിക്കുന്നുവെന്നല്ല. ചരിത്രത്തില്‍ അതിന്റെ ഉയര്‍ച്ച താഴ്ചകളോടും സമത്വാസമത്വങ്ങളോടുമൊപ്പം ആന്തരികമായ കലക്കങ്ങളുടെ മിന്നലാട്ടങ്ങളുണ്ട്. എന്റെ നോട്ടം അതിന്റെ അടിയിലുള്ള ചേര്‍ച്ചയെക്കുറിച്ചാണ്. മോഡിയുഗത്തില്‍ ഒഴുക്കിനെതിരെ നീന്താനുള്ള ഒരു ശ്രമമായി ഇതിനെ കണക്കാക്കുക.
ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന പുസ്തകത്തില്‍ നിന്ന്
കടപ്പാട് – പാഠഭേദം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in