സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമുന്നില്‍ ഗേറ്റടച്ച് സാഹിത്യ അക്കാദമി ശ്രേഷ്ഠമാകുന്നു

ഹരികുമാര്‍ കേരള സംഗീത നാടക അക്കാദമിയുടെ ലഘു നാടക മത്സരം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രശസ്ത നോവലിസ്റ്റായ സി. രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍, കേരളത്തിലെ അക്കാദമികള്‍ ജനങ്ങളോടും എഴുത്തുകാരോടും പുലര്‍ത്തുന്ന സമീപനത്തെ പറ്റി പറയുകയുണ്ടായി. ”കേരള സംഗീത നാടക അക്കാദമിയുടെ ഈ കോംപ്ലക്‌സില്‍ ഞാന്‍ ജീവിതത്തില്‍ ആദ്യമായാണ് കയറുന്നത്. കേരള സാഹിത്യ അക്കാദമിയിലും ഇതുപോലെ വളരെ വൈകിയാണ് ഞാന്‍ എത്തുന്നത്. അക്കാദമി എന്നു കേള്‍ക്കുമ്പോള്‍ എന്തോ ഒരകല്‍ച്ച എപ്പോഴും മനസ്സിലുണ്ടാകാറുണ്ട്. അതിനു കാരണം സാഹിത്യഅക്കാദമിയിലേക്ക് ആദ്യമായി […]

Kerala Sahitya Academy

ഹരികുമാര്‍

കേരള സംഗീത നാടക അക്കാദമിയുടെ ലഘു നാടക മത്സരം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രശസ്ത നോവലിസ്റ്റായ സി. രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍, കേരളത്തിലെ അക്കാദമികള്‍ ജനങ്ങളോടും എഴുത്തുകാരോടും പുലര്‍ത്തുന്ന സമീപനത്തെ പറ്റി പറയുകയുണ്ടായി. ”കേരള സംഗീത നാടക അക്കാദമിയുടെ ഈ കോംപ്ലക്‌സില്‍ ഞാന്‍ ജീവിതത്തില്‍ ആദ്യമായാണ് കയറുന്നത്. കേരള സാഹിത്യ അക്കാദമിയിലും ഇതുപോലെ വളരെ വൈകിയാണ് ഞാന്‍ എത്തുന്നത്. അക്കാദമി എന്നു കേള്‍ക്കുമ്പോള്‍ എന്തോ ഒരകല്‍ച്ച എപ്പോഴും മനസ്സിലുണ്ടാകാറുണ്ട്. അതിനു കാരണം സാഹിത്യഅക്കാദമിയിലേക്ക് ആദ്യമായി കയറിച്ചെന്നപ്പോഴത്തെ കയ്‌പേറിയ അനുഭവം മനസ്സില്‍ മായാതെ കിടക്കുന്നതുകൊണ്ടാണ്. അറുപതുകളിലാണ്, എനിക്ക് മികച്ച നോവലിനുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം കിട്ടിയത്. അത് വിതരണം ചെയ്യുന്ന ദിവസം ലീവ് കിട്ടാത്തതുകൊണ്ട് അവിടെ എത്താന്‍ കഴിഞ്ഞില്ല. കുറച്ച് ദിവസം കഴിഞ്ഞ് ലീവ് കിട്ടിയ ദിവസം അത് വാങ്ങാന്‍ വേണ്ടി അവിടെ കയറിച്ചെന്നു. 500 രൂപയും സാക്ഷ്യ പത്രവുമാണ് അവാര്‍ഡ്. സെക്രട്ടറിയുടെ മുറിയില്‍ ചെന്ന്, ഞാന്‍ സി.രാധാകൃഷ്ണന്‍ ആണെന്നും എനിക്കാണ് നോവലിനുള്ള അവാര്‍ഡ് എന്നും അത് ഇപ്പോള്‍കിട്ടിയാല്‍ കൊള്ളാം എന്നും പറഞ്ഞു. ഉടനെ സെക്രട്ടറി ആക്രോശിച്ചു.

”നിങ്ങള്‍ സി.രാധാകൃഷ്ണനാണെന്ന് ഞാന്‍ എങ്ങിനെ അറിയും.? ”
്യൂഞാന്‍ വല്ലാതായി. കേന്ദ്രഗവണ്‍മെന്റ് ഉദ്യോഗസ്ഥനായ ഞാന്‍ എന്റെ ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ് എടുത്ത് അദ്ദേഹത്തെ കാണിച്ചു. അപ്പോള്‍ അദ്ദേഹം അടുത്ത തടസ്സം ഉന്നയിച്ചു.
”നിങ്ങള്‍ ഒരു സി.രാധാകൃഷ്ണന്‍ ആണെന്ന് മനസ്സിലായി. അവാര്‍ഡ് ലഭിച്ച സി.രാധാകൃഷ്ണന്‍ നിങ്ങളാണെന്ന് ഞാനെങ്ങനെ അറിയും? ആയിരക്കണക്കിന് സി. രാധാകൃഷ്ണന്മാര്‍ ഉണ്ടായിക്കൂടെ?”
”ഞാന്‍ ഇനി എന്തു ചെയ്യണം?”
”നിങ്ങളെ ആരെങ്കിലും സാക്ഷ്യപ്പെടുത്തണം”
”ഞാന്‍ ഒന്നു ഫോണ്‍ ചെയ്‌തോട്ടെ?”
അദ്ദേഹത്തിന്റെ മേശപ്പുറത്ത് ഫോണ്‍ ഇരിപ്പുണ്ട്. അദ്ദേഹം അദ്ദേഹം സമ്മതിച്ചു. ഫോണ്‍ ചെയ്യാന്‍ റിസീവര്‍ എടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു.
”ഇത് സര്‍ക്കാര്‍ ഓഫീസാണ്. 25 പൈസ ഈ പെട്ടിയില്‍ ഇടണം. എന്നിട്ടേ ഫോണ്‍ ചെയ്യാന്‍ അനുവദിക്കൂ.!”
എന്റെ കൈയ്യിലാണെങ്കില്‍ ചില്ലറയുമില്ല. അക്കാദമിയുടെ പുറത്തു പോയി ഒരാവശ്യവുമില്ലാതെ ഒരു സോഡ കുടിച്ച് ചില്ലറയുമായി ചെന്നു. 25 പൈസ പെട്ടിയിലിട്ട് കറന്റ് ബുക്‌സിലെ തോമസ് മുണ്ടശ്ശേരിയെ വിളിച്ചു. അദ്ദേഹം വന്ന് എന്നെ സാക്ഷ്യപ്പെടുത്തി. പിരിയുമ്പോള്‍ തോമസ് മുണ്ടശ്ശേരി പറഞ്ഞു.
”നീയല്ലാതെ ഇത്തരം സ്ഥാപനങ്ങളിലേക്ക് ഒറ്റയ്ക്ക് വരുമോ? ഇതൊരു സര്‍ക്കാര്‍ ഓഫീസാണെന്ന് നിനക്കറിഞ്ഞു കൂടെ?”
ഈ അനുഭവത്തിനുശേഷം ഏത് അക്കാദമികളുടെ മുന്നിലൂടെ പോകുമ്പോഴും ഇത് എന്തൊക്കെ പറഞ്ഞാലും സര്‍ക്കാര്‍ ഓഫീസാണല്ലോ എന്ന് ഓര്‍മ്മ വരും. അതോടെ അവിടേക്ക് കയറാനുള്ള തോന്നലും അസ്തമിക്കും.”
സി. രാധാകൃഷ്ണന് ഈ അനുഭവമുണ്ടായത് അര നൂറ്റാണ്ട് മുമ്പാണ്. ‘കങ്കാണികള്‍’ എന്ന പേരില്‍ ഒരു നോവല്‍ തന്നെ എഴുതിയിട്ടുള്ള അദ്ദേഹം ഇന്ന് സാഹിത്യ അക്കാദമിയിലേക്ക് ഒന്നു ചെന്നു നോക്കട്ടെ. അന്നത്തെ സെക്രട്ടറിയെ ഇപ്പോഴും അവിടെ കാണാം. മുണ്ട് മാറ്റി പാന്റ്‌സ് ആയിട്ടുണ്ടെന്നേയുള്ളൂ. അക്കാദമിയിലേക്ക് കടക്കുന്നവരെ പിടിച്ച് പുറത്താക്കാനുള്ള സംവിധാനമാണ് അവിടെയിപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എഴുത്തുകാരുടേയും സാംസ്‌കാരിക പ്രവര്‍ത്തകരുടേയും സംഗമകേന്ദ്രമായിരുന്ന സായാഹ്നങ്ങള്‍ക്ക് ഇപ്പോള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. അക്കാദമി കാംപസില്‍ കൂടിയിരിക്കുന്നവരെ സര്‍ക്കാര്‍ ഓഫീസിന്റെ സമയമായ അഞ്ചുമണിക്ക് പടിക്കു പുറത്താക്കുന്ന പരിഷ്‌ക്കാരം കൊണ്ടു വന്നിരിക്കയാണ് ഇപ്പോഴത്തെ സെക്രട്ടറി. എത്രയോ കാലങ്ങളായി ജനങ്ങള്‍ ഒത്തു ചേരാന്‍ ഉപയോഗിച്ചിരുന്ന ഒരു പൊതു ഇടം കൂടി ഇല്ലാതാക്കിയിരിക്കുന്നു.
ഇതിനെതിരെ കവികളും കലാകാരന്മാരും അടക്കമുള്ള ഇരുന്നൂറില്‍ താഴെ ആളുകള്‍ ഒപ്പിട്ട നിവേദനം സെക്രട്ടറിക്ക് കൊടുത്തിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും അതിന് മറുപടി പോലുമില്ല. നിവേദനത്തെപ്പറ്റി ചോദിച്ചപ്പോള്‍, പൊതു ഇടം വേണമെങ്കില്‍ വല്ല പൂരപ്പറമ്പിലോ പാര്‍ക്കിലോ മറ്റോ പോകാനാണ് അങ്ങേയറ്റത്തെ ധാര്‍ഷ്ട്യത്തോടെ സെക്രട്ടറി നിവേദനം കൊടുത്തവരോട് പറഞ്ഞത്.
ശ്രേഷ്ഠ ഭാഷാ പദവിയിലൂടെ മലയാളത്തിന് ലഭിക്കുന്ന ആറു കോടി രൂപയില്‍ ഭൂരിഭാഗവും ചെലവഴിക്കാന്‍ പോകുന്നത് സാഹിത്യ അക്കാദമി പോലെയുള്ള സ്ഥാപനങ്ങളിലെ ഇത്തരം ശ്രേഷ്ഠന്മാരാണ്. ശ്രേഷ്ഠത എന്നു പറഞ്ഞാല്‍ സംസ്‌കാരത്തേയും സാഹിത്യത്തേയും ഫ്യൂഡല്‍ മൂല്യങ്ങളില്‍ തളച്ചിടുന്നതാണെന്ന് ഇവരുടെ കണക്കുകൂട്ടല്‍. അതുകൊണ്ടാണ് ജനങ്ങളെ ആട്ടിയകറ്റി, സാഹിത്യത്തെ ദന്തഗോപുരങ്ങളില്‍ നിലനിര്‍ത്താന്‍ ഇവര്‍ പാടുപെടുന്നത്. ദളിത് എഴുത്തുകാരനായ കെ.കെ.കൊച്ചിന് 1000 രൂപയും കെ.എല്‍. മോഹനവര്‍മ്മക്ക് 6000 രൂപയും ഒരേ ദൂരം സഞ്ചരിച്ചതിന് യാത്രപ്പടി കൊടുത്ത വിവേചന ബുദ്ധി ഈ ഫ്യൂഡല്‍ മാടമ്പി മനസ്സില്‍ നിന്നാണ് ഉരുതിരിഞ്ഞു വരുന്നത്. ഇത്തരക്കാര്‍ അധികാര കസേരകളിലിരിക്കുന്ന കാലത്തോളം മലയാള ഭാഷക്ക് ആയിരം കോടിയോ അതി ശ്രേഷ്ഠ പദവിയോ കിട്ടിയിട്ട് എന്ത് നേട്ടം?
സെക്രട്ടറിക്ക് അക്കാദമി കാമ്പസ് കളക്ടീവ് നല്‍കിയ നിവേദനത്തിന്റെ പൂര്‍ണ്ണരൂപമിതാ.
ബഹുമാനപ്പെട്ട കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍ ഗോപാലകൃഷ്ണന്,
തൃശ്ശൂരിന്റെ സവിശേഷമായ ഒരു കൂട്ടായ്മാ സ്ഥലമാണ് കേരള സാഹിത്യ അക്കാദമിയുടെ ക്യാമ്പസ്. വൈകുന്നേരം ഇവിടേക്ക് ഒറ്റയ്ക്കും കൂട്ടമായും വരുന്നവര്‍ നഗരത്തിലെ മറ്റിടങ്ങളിലേക്കു വരുന്ന ആളുകളില്‍നിന്നും വ്യതിരിക്തത പുലര്‍ത്തുന്നവരാണ്. സിനിമയും, സംഗീതവും, സാഹിത്യവും, നാടകവും തുടങ്ങി സര്‍ഗ്ഗാവിഷ്‌കാരത്തിന്റെ നിരവധി തലങ്ങളില്‍ വ്യാപരിക്കുന്നവരും, അതിന് അകളങ്കമായി ആഗ്രഹിക്കുന്നവരുമാണ് അവരില്‍ മിക്കവരും. ആ കൂട്ടായ്മകളില്‍ ദൈനംദിന രാഷ്ട്രീയം മുതല്‍ നൂതന ജീവിതസങ്കല്പങ്ങള്‍ വരെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സ്വപ്നങ്ങളില്‍ ജീവിക്കാന്‍ കൊതിക്കുന്ന കാല്പനികരെ മുതല്‍ ഒന്നും നന്നാകില്ല എന്ന് ശപിക്കുന്ന സിനിക്കിനെ വരെ ഈ ക്യാംപസില്‍ കണ്ടുമുട്ടാം. എന്നാല്‍ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറെയോ കഴുത്തറപ്പന്‍ പലിശക്കാരെയോ സാമൂഹ്യവിരുദ്ധരെയോ കണ്ടുമുട്ടാനാകില്ല. സ്ത്രീകള്‍ക്ക് തുല്യപദവി അനുവദിച്ചുകിട്ടുന്ന സമൂഹത്തിലെ അപൂര്‍വ്വം ഇടങ്ങളില്‍ ഒന്നാണിത്. കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലങ്ങളില്‍ പില്‍ക്കാലത്ത് പ്രസിദ്ധരായവരില്‍ പലരും ഇവിടുത്തെ മാവിന്‍ ചുവട്ടിലോ അരയാലിന്‍ ചുവട്ടിലോ തിണ്ണയിലോ കൂട്ടുകാരൊത്ത് ഇരുന്നിട്ടുണ്ട്. കലഹിച്ചിട്ടുണ്ട്. ആശയങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഈ പ്ലാവിന്‍ ചുവടുകളില്‍ ഇരുന്ന,് പിന്നീട് നാടകമോ, സിനിമയോ, ലേഖനമോ ആയി പരിണമിച്ച ആശയങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഊഷ്മളമായ പുതിയ സൗഹൃദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. നീതിക്കും ന്യായത്തിനും വേണ്ടി തൃശൂരില്‍ ഉയര്‍ന്ന രോഷങ്ങളുടെയും പ്രതിഷേധങ്ങളുടെയും ചരിത്രം പരിശോധിച്ചാല്‍, അതിന്റെ ഒരു വേര് ഈ ക്യാംപസിലെത്തുന്നത് കാണാം. ഈ ക്യാംപസ് സജീവമാകുന്നത് വൈകീട്ട് 5 മുതല്‍ എട്ടുമണിവരെയുള്ള സമയത്താണ്. കോളേജുകളില്‍നിന്ന് വിദ്യാര്‍ത്ഥികളും, ഓഫീസുകളില്‍നിന്ന് ജീവനക്കാരും ഇവിടേയ്ക്ക് വരുന്നത് ഏതെങ്കിലും സാമ്പത്തിക ലാഭത്തിനല്ല. മറിച്ച്, തങ്ങളുടെ ജീവിതത്തിന്റെ യഥാര്‍ത്ഥ നിമിഷങ്ങളിലൂടെ അല്പനേരമെങ്കിലും കടന്നുപോകാനാണ്. ആരാണ് നാം എന്ന ചോദ്യത്തിന്റെ ആഴത്തിലുള്ള ഉത്തരം തേടിയാണ്. ഏതൊരു നാടിന്റേയും സാംസ്‌കാരിക സ്ഥാപനങ്ങളുടെ ക്യാംപസുകളെ മനോഹരമാക്കുന്നത് ഇങ്ങനെ വന്നുചേരുന്ന ജനക്കൂട്ടങ്ങളാണ്. സാംസ്‌കാരിക സ്ഥാപനങ്ങളെ മറ്റു സര്‍ക്കാര്‍ ഓഫീസുകളില്‍നിന്ന് വ്യത്യസ്തമാകുന്നതും അതാണല്ലോ. രവീന്ദ്രഭവന്‍, ഭാരത് ഭവന്‍, ശാന്തിനികേതന്‍ തുടങ്ങി അസംഖ്യം സാംസ്‌കാരിക സ്ഥാപനങ്ങളുടെ ക്യാംപസുകളില്‍ ഇത്തരം കൂട്ടായ്മകളുടെ സൗന്ദര്യം താങ്കളും അനുഭവിച്ചറിഞ്ഞിരിക്കണം. മുന്‍പു പറഞ്ഞ ഒത്തുചേരലുകളില്ലെങ്കില്‍, ഈ സ്ഥാപനങ്ങളൊക്കെ വെറും ഗവണ്‍മെന്റ് ഓഫീസുകള്‍ മാത്രമായിത്തീരും. ബ്ര്യൂറോക്രാറ്റുകളുടെ നരവീണ ശിരസ്സാകും അവയുടെ സ്വരൂപം. ഇത്രയും വിശദമായി ഒരു ആമുഖം എഴുതിയത്, മറ്റു പരിപാടികള്‍ ഒന്നും അക്കാദമി ഹാളുകളില്‍ നടക്കുന്നില്ലെങ്കില്‍ 5 മണിക്കുതന്നെ അക്കാദമിയുടെ പടിവാതിലുകള്‍ അടച്ചുപൂട്ടുക എന്ന കേരള സാഹിത്യ അക്കാദമി ഈയിടെ എടുത്ത ജനവിരുദ്ധമായ തീരുമാനത്തില്‍ ഞങ്ങള്‍ക്കുള്ള പ്രതിഷേധവും രോഷവും അറിയിക്കാനാണ്. പൊതുസ്ഥലങ്ങളെ സുമനസ്സുകളുടെ സാംസ്‌കാരികമായ ഒത്തുചേരലുകള്‍ക്ക് വേദിയാക്കേണ്ട, അതിനുവേണ്ടി നിലകൊള്ളേണ്ട ഒരു സാംസ്‌കാരിക സ്ഥാപനമാണ് നിലനില്‍ക്കുന്ന കീഴ്‌വഴക്കങ്ങളെ ലംഘിച്ച് ഇത്തരമൊരു തീരുമാനം എടുത്തത്. താങ്കള്‍ നേരിട്ടാണ് ഈ തീരുമാനം എടുത്തത് എന്ന് ഞങ്ങള്‍ കരുതുന്നില്ല. താങ്കള്‍ അറിയാതെയാണ് ഈ തീരുമാനം എടുത്തതെങ്കില്‍ താങ്കളെ അറിയിക്കാനാണ് ഈ എഴുത്ത്. അങ്ങനെയല്ല എങ്കില്‍, ജനവിരുദ്ധമായ ഈ തീരുമാനം പിന്‍വലിക്കാന്‍ വേണ്ടിയും.
സാഹിത്യ അക്കാദമി ക്യാംപസ് കളക്റ്റീവ്
വാല്‍ക്കഷ്ണം
നിരവധി വിവാദങ്ങള്‍ക്കുശേഷം പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ സമയത്ത് അക്കാദമി പ്രസിദ്ധീകരണമായ സാഹിത്യചക്രവാളത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍ ഇങ്ങനെ എഴുതിയത് ഇങ്ങനെ. ലോകം മുഴുവന്‍ കറങ്ങിയിട്ടുള്ള ഞാന്‍ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള രാഷ്ട്രീയ സാസ്‌കാരിക സംവാദങ്ങള്‍ കേട്ടിട്ടുള്ളത് അക്കാദമി മുറ്റത്താണ്. അതില്‍ നിന്ന് ഞാനേറെ പഠിച്ചിട്ടുണ്ട് എന്ന്. കഴിഞ്ഞില്ല അന്നത്തെ സെക്രട്ടറി പുരുഷന്‍ കടലുണ്ടി അക്കാദമി മുറ്റം സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കായി എപ്പോഴും ഒഴിച്ചിടുമെന്നും പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എഴുത്തുമായി കാര്യമായ ബന്ധമില്ലാത്ത ഇപ്പോഴത്തെ സെക്രട്ടറിക്ക് അത് മനസ്സിലാവില്ലായിരിക്കും.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമുന്നില്‍ ഗേറ്റടച്ച് സാഹിത്യ അക്കാദമി ശ്രേഷ്ഠമാകുന്നു

Leave a Reply