ജിഷ്ണു : പ്രതിപട്ടികയില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയവും
തൃശൂരില്‍ പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ ആത്മഹത്യയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി രാഷ്ട്രീയം വീണ്ടും സജീവചര്‍ച്ചാവിഷയമായിരിക്കുകയാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയമില്ലാതിരുന്നതിനാലാണ് ഇത്തരമൊരു സംഭവമുണ്ടായതെന്ന വാദമുയര്‍ത്തി സംഘടനകളെല്ലാം രംഗത്തെത്തിയിട്ടുണ്ട്. സാങ്കേതികമായി അതു ശരിയാണ്. എന്നാല്‍ രാഷ്ട്രീയമായ പരിശോധനയില്‍ സംഭവത്തിന്റെ ഉത്തരവാദിത്തം വിദ്യാര്‍ത്ഥിസംഘടനകള്‍ക്കും അവരുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുമാണ് എന്നതാണ് വാസ്തവം. കോപ്പിയടിച്ചതു പിടിച്ചതിനാലാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്ന കോളേജ് അധികൃതരുടെ വാദം പോലും പൊളിഞ്ഞിരിക്കുകയാണ്. ജിഷ്ണു കോപ്പിയടിച്ചെന്ന പരാതി തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് സാങ്കേതിക സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. കോപ്പിയടിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ […]
തൃശൂരില്‍ പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ ആത്മഹത്യയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി രാഷ്ട്രീയം വീണ്ടും സജീവചര്‍ച്ചാവിഷയമായിരിക്കുകയാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയമില്ലാതിരുന്നതിനാലാണ് ഇത്തരമൊരു സംഭവമുണ്ടായതെന്ന വാദമുയര്‍ത്തി സംഘടനകളെല്ലാം രംഗത്തെത്തിയിട്ടുണ്ട്. സാങ്കേതികമായി അതു ശരിയാണ്. എന്നാല്‍ രാഷ്ട്രീയമായ പരിശോധനയില്‍ സംഭവത്തിന്റെ ഉത്തരവാദിത്തം വിദ്യാര്‍ത്ഥിസംഘടനകള്‍ക്കും അവരുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുമാണ് എന്നതാണ് വാസ്തവം.
കോപ്പിയടിച്ചതു പിടിച്ചതിനാലാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്ന കോളേജ് അധികൃതരുടെ വാദം പോലും പൊളിഞ്ഞിരിക്കുകയാണ്. ജിഷ്ണു കോപ്പിയടിച്ചെന്ന പരാതി തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് സാങ്കേതിക സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. കോപ്പിയടിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ പരീക്ഷയുടെ ആ ദിനം പരീക്ഷാ കണ്‍ട്രോളറെ അറിയിക്കണമെന്നാണ് ചട്ടം. സംഭവം നടന്നിട്ട് ഇത്രയും ദിവസമായിട്ടും അത്തരത്തിലുള്ള യാതൊരു റിപ്പോര്‍ട്ടും തനിക്ക് ലഭിച്ചിട്ടില്ലെന്നും പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിസംഘടനകള്‍ കാമ്പസ് തല്ലിതകര്‍ക്കുന്നതു കാണാന്‍ നല്ല രസമുണ്ടായിരുന്നു. കോളേജധികൃതര്‍ അതര്‍ഹിക്കുന്നു എന്നതില്‍ ഒരു സംശയവുമില്ല. എന്നാല്‍ ഇത്തരമൊരു സംഭവമുണ്ടായതില്‍ തങ്ങളുടെ പങ്കിനെ കുറിച്ചൊരു ആത്മപരിശോധന നടത്താന്‍ ഈ അടിച്ചുതകര്‍ത്തവര്‍ തയ്യാറുണ്ടോ? അത്തരം റിപ്പോര്‍ട്ടുകളൊന്നും കണ്ടില്ല. കേരളത്തിലെ സ്വാശ്രയവിദ്യാഭ്യാസസ്ഥാപനങ്ങളുടെ വളര്‍ച്ചയിലും അവരുടെ വിദ്യാഭ്യാസ കച്ചവടത്തിലും ഇവിടെ മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ക്കെല്ലാം പങ്കുണ്ട്. തങ്ങളുടെ എതിര്‍പക്ഷം ഭരിക്കുമ്പോള്‍ കുറെ സമരപ്രഹസനം നടത്തുമെന്നല്ലാതെ ആത്മാര്‍ത്ഥമായി ഈ വിഷയത്തില്‍ ഇവരാരും ഇടപെട്ടിട്ടില്ല. സ്വാശ്രയകോളേജുകള്‍ ആവശ്യമില്ല എന്നൊന്നും പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല. സിബിഎസ്‌സി സ്‌കൂളുകളുടെ തുടര്‍ച്ചയായി ഇവയുടെ വളര്‍ച്ച സ്വാഭാവികമായിരുന്നു. അല്ലാത്തപക്ഷം വിദ്യാര്‍ത്ഥികളെല്ലാം പുറത്തുപോകുമായിരുന്നു. എന്നാല്‍ ഈ സ്ഥാപനങ്ങളുടെ നിലവാരപരിശോധനകളിലും വിദ്യാര്‍ത്ഥി സൗഹൃദമാക്കുന്നതിലുമൊന്നും ഒരു താല്‍പ്പര്യവും സര്‍ക്കാരുകള്‍ കാണിച്ചില്ല. വിദ്യാര്‍ത്ഥി സംഘടനകളാകട്ടെ തങ്ങളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പരമാവധി എയ്ഡഡ്് സ്ഥാപനങ്ങളിലുമായി ചുരുക്കി. ഉന്നതരുടെ മക്കള്‍ പഠിക്കുന്ന സ്ഥാപനങ്ങളെ രാഷ്ട്രീയത്തില്‍ നിന്നു ഒഴിവാക്കി. മിക്കവാറും നേതാക്കളും എഴു്തതുകാരും സാംസ്‌കാരിക നായകരും പണക്കാരുമെല്ലാം തങ്ങളുടെ മക്കളെ അവിടങ്ങളില്‍ ചേര്‍ത്തു. (എന്തിനേറെ, ആത്മഹത്യ ചെയ്ത ജിഷ്ണു തന്നെ അടു്തതുനടന്ന എല്‍ഡിഎഫ് മനുഷ്യചങ്ങലയില്‍ അംഗമായിരുന്നല്ലോ.) കൂടാതെ വിദ്യാഭ്യാസ ലോണ്‍ എന്ന പേരില്‍ ബാങ്കുകളില്‍ നിന്ന് ഒരു പണകുഴല്‍ ഈ സ്ഥാപനങ്ങളിലേക്ക് കണക്ട് ചെയ്തു. ചുരുക്കത്തില്‍ സര്‍ക്കാര്‍ തന്നെയാണ് മിക്കവരുടേയും ഫീസ് കൊടുത്തത്. പാവപ്പെട്ട നഴ്‌സിംഗ് വിദ്യാര്‍ത്ഥികളൊഴികെ കാര്യമായി ആരും ഈ ലോണുകള്‍ തിരിച്ചടക്കുന്നുമില്ല.
വിദ്യാര്‍ത്ഥികളെയും അധ്യാപകരേയും അടിമകളാക്കുന്ന അണ്‍ എയ്ഡഡ്, സ്വാശ്ര സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ത്ഥി – അധ്യാപക സംഘടനകള്‍ തിരിഞ്ഞു നോക്കിയതേയില്ല. വെറും യന്ത്രങ്ങളാക്കി വിദ്യാര്‍ത്ഥികളെ മാറ്റി. അതേസമയം ഗുണനിലവാരമുള്ള ഒരു സ്ഥാപനം പോലും കേരളത്തില്‍ ഉയര്‍ന്നുവന്നതുമില്ല. ഇപ്പോള്‍ ജിഷ്ണുവിന്റെ മരണത്തില്‍ അടിച്ചുതകര്‍ക്കുന്നവര്‍ ആദ്യം ഇത്രയും കാലം ചെയ്ത തെറ്റുകള്‍ക്ക് കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തട് മാപ്പു പറയണം.
സ്വാശ്രയകോളേജുകളില്‍ യൂണിറ്റുകള്‍ ആരംഭിക്കാനാണത്രെ ഇനി ഈ സംഘടനകളുടെ നീക്കം. നല്ലത്. എന്നാല്‍ ഇന്നു സംസ്ഥാനത്തു നിലനില്‍ക്കുന്ന ശൈലിയാണ് തുടരാനുദ്ദേശിക്കുന്നതെങ്കില്‍ അതുകൊണ്ടോരു ഗുണവുമില്ല. അത്തരമൊരു ശൈലിയോടുള്ള സ്വാഭാവിക പ്രതികരണമാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തോടുള്ള എതിര്‍പ്പുകള്‍ക്കും കോടതികളുടെ ഇടപെടലുകള്‍ക്കും കാരണം. കലാലയങ്ങളില്‍ പലതിലും കണ്ണൂരിലെ രാഷ്ട്രീയാവസ്ഥയാണ് നിലനില്‍ക്കുന്നത്. കോളേജുകള്‍ മിക്കവയും ചില വിദ്യാര്‍ത്ഥി സംഘടനകളുടെ കോട്ടകളാണ്. രാഷ്ട്രീയത്തിന്റെ അടിസ്ഥാനമായ ജനാധിപത്യം പലയിടത്തും നിലവിലില്ല. മറ്റു സംഘടനകള്‍ക്ക പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാതിരിക്കലടക്കമുള്ള ഗുണ്ടായിസും ജനാധിപത്യവിരുദ്ധതയുമാണ് അവിടങ്ങളില്‍ നടക്കുന്നത്. ഹോസ്റ്റലുകളും യൂണിയന്‍ ഓഫീസും മറ്റുമാണ് ഇവരുടെ കേളീരംഗം. ഒരു ശക്തിക്കും അവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. സമീപകാലത്തെ പല റാഗിംങ്ങ് കേസുകളിലെ പ്രതികള്‍ പോലും ഇവരാണല്ലോ.
വിദ്യാര്‍ത്ഥികള്‍ നേരിടുന്ന അടിസ്ഥാന ആവശ്യങ്ങളില്‍ ഈ വിദ്യാര്‍ത്ഥിസംഘടനകള്‍ ഇടപെടുന്നുമില്ല. വിദ്യാര്‍ത്ഥി രാഷ്ട്രീയം കക്ഷിരാഷ്ട്രീയത്തിലേക്കുള്ള ചവിട്ടുപടി മാത്രമായി മാറിയിരിക്കുന്നു. അതിനാല്‍തന്നെയാണ് ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും രാഷ്ട്രീയത്തോട് വിരക്തിയുള്ളവരാകുന്നത്. അതിനവരെ അരാഷ്ട്രീയവാദികളെന്ന് ആക്ഷേപിക്കുന്നതിനു പകരം സ്വയംവിമര്‍ശനത്തിനാണ് വിദ്യാര്‍ത്ഥി നേതാക്കള്‍ തയ്യാറാകേണ്ടത്. ഈ വിദ്യാര്‍ത്ഥി രാഷ്ട്രിയം കൊണ്ട് സമീപകാലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും നേട്ടമുണ്ടോ എന്നു പരിശധിക്കുന്നതും നന്നായിരിക്കും. ഒരു ഉദാഹരണം പറയാം. തങ്ങളുടെ ഏറ്റവും വലിയ നേട്ടമായി സംഘടനകള്‍ അവകാശപ്പെടുന്നതാണല്ലോ ബസുകളിലെ സൗജന്യനിരക്ക്. അതിന്റെ ഇന്നത്തെ അവസ്ഥയെന്താണ്? ഈ സൗജന്യത്തിന്റെ പേരില്‍ നമ്മുടെ ബസുകളില്‍ കുട്ടികള്‍ അവഹേളിക്കപ്പെടുമ്പോള്‍ എന്തുചെയ്യാന്‍ കഴിയുന്നു? കേരളത്തിലെ കൂടുതല്‍ വിദ്യാര്‍ത്ഥികളും ഇന്ന് യാത്ര ചെയ്യുന്നത് മുതിര്‍ന്നവരേക്കാള്‍ എത്രയോ ഇരട്ടി പണം കൊടുത്ത് സ്വകാര്യ വാഹനങ്ങളിലാണെന്നത് എത്രമാത്രം വൈരുദ്ധ്യമാണ്. മറുവശത്ത് നിരവധി പോരാട്ടങ്ങളിലൂടെ പൊതുവിദ്യാഭ്യാസം സൗജന്യമാക്കി എന്നു പറയുന്നു. എന്നാല്‍ വലിയൊരു ഭാഗം കുട്ടികളും വന്‍തുക ഫീസ് കൊടുത്താണ് പഠിക്കുന്നത്. അതില്‍ സാധാരണക്കാരും പാവപ്പെട്ടവരും ഉള്‍പ്പെടും. പിന്നെ ട്യൂഷനും നിര്‍ബന്ധം. എന്തുകൊണ്ട് ഇത്തരത്തില്‍ കാര്യങ്ങള്‍ തകിടം മറയുന്നു? പൊതുവിദ്യാഭ്യാസം എന്തുകൊണ്ട് തകരുന്നു? എന്തുകൊണ്ട് സര്‍ക്കാര്‍ അധ്യാപകര്‍ പോലും മക്കളെ സ്വന്തം സ്‌കൂളില്‍ ചേര്‍ക്കുന്നില്ല? ഈ വിഷയത്തില്‍ എന്തെങ്കിലും ഇടപെടല്‍ ഇവരാരെങ്കിലും നടത്തിയിട്ടുണ്ടോ?
ഉന്നതവിദ്യാഭ്യാസത്തിന്റെ അവസ്ഥയോ? ഉന്നതവിദ്യാഭ്യാസത്തില്‍ നമ്മള്‍ ബീഹാറിനേക്കാള്‍ പുറകിലാണ്. അഖിലേന്ത്യാതലത്തില്‍ മികച്ചതെന്നു പറയാവുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമോ യൂണിവേഴ്‌സിറ്റിയോ നമുക്കില്ല. ആരോഗ്യത്തെ പോലെ ഏറ്റവും വലിയ കച്ചവടമായി വിദ്യാഭ്യാസവും മാറി. കക്ഷിരാഷ്ട്രീയത്തിനുവേണ്ടിമാത്രം സമരം ചെയ്യുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ക്കോ ശബളവര്‍ദ്ധനവിനുമാത്രം സമരം ചെയ്യുന്ന അധ്യാപക സംഘടനകള്‍ക്കോ ഈ രംഗത്ത് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞോ? മികച്ച ഒരു ശാസ്ത്രജ്ഞനേയോ ഡോക്ടറേയോ അധ്യാപകനേയോ ഗവേഷകനേയോ സംഭാവന ചെയ്യാന്‍ അടുത്ത കാലത്ത് നമുക്ക് കഴിയുന്നുണ്ടോ? എന്തിന്.. മികച്ച ഒരു രാഷ്ട്രീയക്കാരനെ?
മറ്റെല്ലാ മേഖലയുമെന്ന പോലെ പെണ്‍കുട്ടികളോടുള്ള വിവേചനം വിദ്യാഭ്യാസരംഗത്ത് ഇപ്പോഴും തുടരുന്നു. തിരുവനന്തപുരം സി ഇ ടിയില്‍ തന്നെ തങ്ങള്‍ അടിമകളല്ല എന്നു പ്രഖ്യാപിച്ച് രാത്രി ലൈബ്രറി ഉപയോഗിക്കാനും ഹോസ്റ്റലുകളിലെ അടിമത്തം അവസാനിപ്പിക്കാനും വേണ്ടി പോരാടുന്ന വിദ്യാര്‍ത്ഥിനികളുടെ സമരം വിജയിപ്പിക്കാന്‍ ഇവര്‍ക്കായോ? നമ്മുടെ പ്രബുദ്ധകലാലയങ്ങളിലെല്ലാം വൈകുന്നേരമാകുമ്പോഴേക്കും പെണ്‍കുട്ടികള്‍ കൂടണയണം. എല്ലാ മേഖലയില്‍ നിന്നും ആവശ്യങ്ങളുയര്‍ന്നിട്ടും വിദ്യാര്‍ത്ഥിനികളുടെ യൂണിഫോം കാലാനുസൃതമാക്കാന്‍ പല സ്‌കൂളുകളും തയ്യാറാകാത്തത് ഉദാഹരണമായി ചൂണ്ടികാട്ടപ്പെടുന്നു. പെണ്‍കുട്ടികളുടെ ചലന സ്വാതന്ത്ര്യവും ആത്മവിശ്വാസവും തടയുന്ന പാവാട പോലുള്ള ഡ്രസ്സ് കോഡുകള്‍ അവസാനിപ്പിക്കണമെന്ന ആവശ്യത്തോട്് പല മാനേജ്‌മെന്റുകളും ഇപ്പോഴും മുഖം തിരിച്ചുനില്‍ക്കുകയാണ്. മറുവശത്ത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സഹവിദ്യാഭ്യാസത്തോട് മുഖം തിരിച്ച് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം സ്‌കൂളുകള്‍ നിലനിര്‍ത്തുന്നത് കുട്ടികളുടെ മാനസിക വളര്‍ച്ചക്ക് വിഘാതമാണെന്ന കണ്ടെത്തലുകളും അവഗണിക്കപ്പെടുന്നു. അതോടൊപ്പം ഉന്നതവിദ്യാഭ്യാസരംഗത്തേക്ക് വരുമ്പോള്‍ പെണ്‍കുട്ടികള്‍ ഭൂരിഭാഗവും സാധാരണ ഡിഗ്രി കോഴ്‌സുകളില്‍ ഒതുങ്ങുന്നു. പഠനസമയത്തുതന്നെ വിവാഹം നടക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ലിംഗനീതിയെന്നത് നമ്മുടെ വിദ്യാര്‍ത്ഥി സംഘടനകളുടെ അജണ്ടയില്‍പോലുമില്ല.
പരസ്പരം തല്ലി മരിക്കുന്നതിനോ മുറിവേല്‍പ്പിക്കുന്നതിനോ വേണ്ടി മാത്രം കുറെ യുവ പുരുഷന്മാര്‍ കോളേജുകളില്‍ വിലസുന്നതാണ് ഇന്ന് വിദ്യാര്‍ത്ഥി രാഷ്ട്രീയം. യുവത്വത്തിന്റെ ഉമ്മറപ്പടി ചവിട്ടിനില്‍ക്കാന്‍ പഠിക്കുന്ന കുറെ കുമാരന്മാര്‍ക്ക് അവരില്‍ വളരുന്ന പൗരുഷത്തിന്റെ ഊക്കു കാണിക്കുന്നതിനുള്ള സ്ഥലമാണോ കലാലയം? ബൗദ്ധികവും ക്രിയാത്മകവുമായ അക്കാദമിക അന്തരീക്ഷത്തിനുപകരം കപടരാഷ്ട്രീയാന്തരീക്ഷത്തിന്റെ പുരുഷക്കോയ്മയാണ് ഇത്തരം കലാലയങ്ങളില്‍ കൊടികുത്തിവാഴുന്നത്. കലാലയ രാഷ്ട്രീയത്തിന്റെ ഏറ്റവും മോശമായ മുഖത്തിന് ഒരു പ്രധാന കാരണം ആണ്‍കുട്ടികളുടെ ലിംഗപദവി (gender) ബോധം തന്നെയാണ്. മെയ്ക്കരുത്തിലൂടെ ആണത്തം അഥവാ പൗരുഷം പ്രകടിപ്പിക്കുന്നതിനുള്ള ഒരു സ്ഥലമായി കലാലയങ്ങളെ ഉപയോഗിക്കുന്ന ഒരു കൂട്ടം ആണ്‍കുട്ടികള്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്താണ് വിദ്യാര്‍ത്ഥിരാഷ്ട്രീയ സംഘട്ടനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.
തീര്‍ച്ചയായും ലോകം കണ്ട വളരെ ഗുണകരമായ മാറ്റങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ വഹിച്ച പങ്ക് പ്രധാനമാണ്. ഫ്രഞ്ചുവിപ്ലവമായാലും ടിയാന്‍മെന്‍സ്‌ക്വയര്‍ സമരമായാലും ഇന്ത്യയില്‍ സ്വാതന്ത്ര്യസമരം, ജെ പി പ്രസ്ഥാനം, നക്‌സല്‍ പ്രസ്ഥാനം തുടങ്ങിയവയായാലും ഇത് വ്യക്തമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയം അനിവാര്യമാണ്. അതിനര്‍ത്ഥം ഇപ്പോള്‍ ഇവിടെ നടക്കുന്ന ആഭാസങ്ങളല്ല.
ഇന്ത്യയില്‍തന്നെ മികച്ച രീതിയിലുള്ള വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം നടക്കുന്ന സ്ഥാപനങ്ങളുണ്ട്. ജെ എന്‍ യുവും ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയും മറ്റും ഉദാഹരണം. സംഘട്ടനങ്ങളോ ഗുണ്ടായിസമോ ഫാസിസമോ അവരെ അജണ്ടയില്ലില്ല. വ്യക്തമായ ആശയസമരമാണ് അവിടെ നടക്കുന്നത്. എന്നാലിവിടെ വിദ്യാര്‍ത്ഥിമേഖലയിലെ കക്ഷിരാഷ്ട്രീയവല്‍ക്കരണം എത്രയോ കൊലകള്‍ വരെ നടന്നു. വാസ്തവത്തില്‍ ഇതിന്റെ ഉത്തരവാദികള്‍ നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുതന്നെയാണ്. ഇപ്പോഴത്തെ പാര്‍ട്ടി നേതാക്കള്‍ മിക്കവരും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്നു വന്നവരാണല്ലോ. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ തങ്ങള്‍ക്കു പിന്‍ഗാമികളെ കണ്ടെത്തുകയാണ് ഇവര്‍. പലപ്പോഴും പാര്‍ട്ടികള്‍ സംഘടനാപ്രവര്‍ത്തനത്തിനുമാത്രം പ്രവര്‍ത്തകരെ കോളേജില്‍ ചേര്‍ക്കാറുമുണ്ട്.
തീര്‍ച്ചയായും വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയം വേണം, രാഷ്ട്രീയപ്രവര്‍ത്തവും വേണം. നാടുനേരിടുന്ന പൊതുവിഷയങ്ങളിലും വിദ്യാര്‍ത്ഥി മേഖലയിലെ വിഷയങ്ങളിലും ഇടപെടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ട്, കടമയുണ്ട്. 18 വയസ്സായവര്‍ രാജ്യത്തിലെ വോട്ടറാണെന്നതും മറക്കരുത്. എന്നാല്‍ ഇപ്പോഴത്തെ പ്രവര്‍ത്തനശൈലിയാകെ ഉടച്ചുവാര്‍ക്കണം. ജിഷ്ണുവിന്റെ ദുരന്തമെങ്കിലും അത്തരമൊരു ചിന്തക്കു കാരണമായാല്‍ നന്ന്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in