കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി

കെ. വേണു മതാധിഷ്ഠിത ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയില്‍ ആധിപത്യത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ ഉത്തരവാദിതം ഏറെ വലുതാണ്. ഇന്ത്യയിലെ എല്ലാ മേഖലകളിലും ബഹുഭൂരിപക്ഷം പോളിങ് ബൂത്തുകളിലും സംഘടനാ സാന്നിദ്ധ്യമുള്ള ഒരേ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. ഇന്ത്യയിലെ മതേതര ജനാധിപത്യത്തിന് അടിത്തറയിട്ട കോണ്‍ഗ്രസിന് അതിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമുണ്ട്: എന്നാല്‍ സംഘടനാപരമായും രാഷ്ട്രീയമായും അതിന് കഴിയാതെ പ്രതിസന്ധികളിലേക്ക് നീങ്ങുന്ന കോണ്‍ഗ്രസ്സാണ് ഇപ്പോള്‍ നമ്മുടെ മുന്നിലുള്ളത്. ജനാധിപത്യവല്‍ക്കരണത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സമൂഹം ഇപ്പോഴും ഏറെ പിന്നിലാണ്. രാജാധികാരത്തിന് […]

indexകെ. വേണു

മതാധിഷ്ഠിത ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയില്‍ ആധിപത്യത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ ഉത്തരവാദിതം ഏറെ വലുതാണ്. ഇന്ത്യയിലെ എല്ലാ മേഖലകളിലും ബഹുഭൂരിപക്ഷം പോളിങ് ബൂത്തുകളിലും സംഘടനാ സാന്നിദ്ധ്യമുള്ള ഒരേ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. ഇന്ത്യയിലെ മതേതര ജനാധിപത്യത്തിന് അടിത്തറയിട്ട കോണ്‍ഗ്രസിന് അതിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമുണ്ട്: എന്നാല്‍ സംഘടനാപരമായും രാഷ്ട്രീയമായും അതിന് കഴിയാതെ പ്രതിസന്ധികളിലേക്ക് നീങ്ങുന്ന കോണ്‍ഗ്രസ്സാണ് ഇപ്പോള്‍ നമ്മുടെ മുന്നിലുള്ളത്.
ജനാധിപത്യവല്‍ക്കരണത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സമൂഹം ഇപ്പോഴും ഏറെ പിന്നിലാണ്. രാജാധികാരത്തിന് കീഴിലെ പ്രജകളുടെ അവസ്ഥയില്‍ നിന്ന് ജനാധിപത്യ സമൂഹത്തിലെ പൗരന്മാരുടെ അവസ്ഥയിലേക്ക് വലിയൊരു വിഭാഗം ജനങ്ങളും മാറിയിട്ടില്ല. രാജക്കന്മാരുടെ പദവിക്കു സമാനമായ കരുത്തരായ നേതാക്കന്മാരെയാണ് അവര്‍ ആഗ്രഹിക്കുന്നത്. നെഹ്‌റു കുടുംബത്തോടുള്ള ആരാധനയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഈ വികാരമാണ്. പക്ഷേ, സ്വന്തമായ യാതൊരു അധ്വാനവുമില്ലാതെ, ഇന്ത്യയിലെ ഏറ്റവും അംഗീകാരമുള്ള നേതാവിന്റെ പദവികളാണ് ചെറുപ്പക്കാരനായ രാഹുല്‍ ഗാന്ധിക്ക് ലഭിക്കുന്നത്. പക്ഷേ, സ്വന്തം നിലയ്ക്ക് അദ്ദേഹത്തിന് അത് ഉപയോഗിക്കാന്‍ കഴിയുന്നില്ല; അദ്ദേഹത്തെ അതിന് സജ്ജനാക്കാന്‍ ഏറ്റവും പാരമ്പര്യമുള്ള ഈ പാര്‍ട്ടിക്കും കഴിയുന്നില്ല.
മറുവശത്ത് ഒരു സാധാരണ ചായ വില്പനക്കാരന്റെ അവസ്ഥയില്‍ നിന്ന് ഇന്ത്യയുടെ ചക്രവര്‍ത്തിയാകാന്‍ തക്ക കരുത്തുറ്റ നേതാവായി സ്വപ്രയത്‌നത്തിലൂടെ നരേന്ദ്രമോദി വളര്‍ന്നു വരികയും ചെയ്തിരിക്കുന്നു. യു.പി.തിരഞ്ഞെടുപ്പില്‍ മോദിയും കൂട്ടരും നേടിയ വന്‍ വിജയത്തിന് പിന്നില്‍ മോദിയുടെ വ്യക്തിപ്രഭാവം മാത്രമല്ല പ്രവര്‍ത്തിച്ചത്; സമര്‍ത്ഥമായ രാഷ്ട്രീയ കരുനീക്കങ്ങളും സംഘാടനവും വളരെ പ്രധാനപ്പെട്ട പങ്കു വഹിക്കുകയുണ്ടായി. അവരുടെ പരമ്പരാഗത സവര്‍ണ്ണ വോട്ടുബാങ്ക് നഷ്ടപ്പെടാതെ തന്നെ, എസ്.പിയുടെയും ബി.എസ്.പി യുടെയും മുഖ്യ സാമുദായികാടിത്തറ ഒഴിച്ചുള്ള അനവധി പിന്നോക്ക, ദളിത് ജാതി വിഭാഗങ്ങളെ ഓരോന്നിനെയും പ്രത്യേകം പ്രത്യേകമായി സമീപിച്ച് വ്യക്തമായ വാഗ്ദാനങ്ങള്‍ നല്‍കിയും സംഘടിപ്പിച്ചുമാണ് അമിത്ഷാ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
മൂന്ന് ദശകക്കാലമായി യു.പിയിലും ബീഹാറിലും കോണ്‍ഗ്രസ്സ് തിരിച്ചടി നേരിട്ടിട്ടും അവര്‍ പാഠം പഠിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് കാണാവുന്നത്. യു.പി.യിലും ബീഹാറിലും ദളിത്, പിന്നോക്ക വിഭാഗങ്ങളില്‍ ഗണ്യമായ വിഭാഗം സ്വയം സംഘടിതരായതുകൊണ്ട് അവരെയെല്ലാം ഒന്നിപ്പിക്കുന്ന ജോലിയാണ് കോണ്‍ഗ്രസിന് ചെയ്യാനുള്ളത്. അതേസമയം കോണ്‍ഗ്രസ്സിന് ശക്തമായ അടിത്തറയുണ്ടായിരുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ നഷ്ടപ്പെടുന്ന അടിത്തറ വീണ്ടെടുക്കാനും വിപുലീകരിക്കാനും സാഹചര്യങ്ങള്‍ക്കനുസൃതമായ പുതിയ സമീപനങ്ങള്‍ ആവശ്യമാണ്. സവര്‍ണ്ണ ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടാന്‍ അവര്‍ണ്ണ ഹിന്ദു സമൂഹങ്ങളെയും ന്യൂനപക്ഷങ്ങളെയും സാമുദായികമായി സംഘടിപ്പിക്കേണ്ടത് അടിയന്തിരാവശ്യമാണെന്ന് കോണ്‍ഗ്രസ്സ് രാഷ്ട്രീയമായി തിരിച്ചറിയേണ്ടതുണ്ട്. സവര്‍ണ്ണ ഫാസിസത്തെ നേരിടാനായി ഈ സാമൂഹ്യ വിഭാഗങ്ങളെ ഇങ്ങിനെ സംഘടിപ്പിച്ച് അണിനിരത്തുന്നത് രാഷ്ട്രീയമായി അനിവാര്യമായ നീക്കമാണെന്നും അങ്ങിനെ മാത്രമേ, മതേതര ജനാധിപത്യ രാഷ്ട്രീയത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ വളര്‍ത്താന്‍ കഴിയൂ എന്നും കോണ്‍ഗ്രസ്സ് മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഇത്തരം പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ടും ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിന് പ്രധാന പങ്കു വഹിക്കാന്‍ കഴിയും. യു.പി.തിരഞ്ഞെടുപ്പു ഫലം സൃഷ്ടിച്ച ഒരു നല്ല കാര്യം, ഐക്യത്തിന് മുന്‍കൈ എടുക്കാന്‍ മായാവതിയെ പ്രേരിപ്പിച്ചിരിക്കുന്നു എന്നതാണ്. അഖിലേഷ് യാദവ് അനുകൂലമായി ഉടനെ പ്രതികരിക്കുകയും ചെയ്തു. നല്ല തുടക്കമാണത്. മമതാ ബാനര്‍ജിയും നിതീഷ്‌കുമാറുമെല്ലാം അഖിലേന്ത്യാ തല ഐക്യത്തിന് വേണ്ടിയുള്ള നീക്കങ്ങള്‍ ആരംഭിച്ചതും നല്ല സൂചന തന്നെയാണ്. സോണിയാഗാന്ധി തന്നെ മുന്‍ കയ്യെടുക്കണമെന്ന ആവശ്യവും ഉയര്‍ത്തിട്ടുണ്ട്. സോണിയാഗാന്ധി ചെറു നീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ആരോഗ്യ കാരണങ്ങള്‍ കൊണ്ട് സോണിയാഗാന്ധിക്ക് ആ ജോലി നിര്‍വ്വഹിക്കാനാവില്ലെന്ന സാഹചര്യത്തില്‍ ആ സ്ഥാനമേറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധിക്കാവില്ലെന്ന ധാരണ കോണ്‍ഗ്രസ്സിനുള്ളിലും അഖിലേന്ത്യാ തലത്തിലും നില നില്‍ക്കുന്നത് കോണ്‍ഗ്രസ്സിനെ വീണ്ടും പ്രതിസന്ധിയിലാക്കുന്നു.

പാഠഭേദം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply