കണികാപരീക്ഷണശാല തുരക്കുന്നതും പശ്ചിമഘട്ടം തന്നെയാണ്

10 ലക്ഷം ടണ്‍ പാറപൊട്ടിക്കപ്പെടുന്നു. 500 മുതല്‍ 1000 ടണ്‍ വരെ ജെലാറ്റിന്‍ ഇതിനായി ഉപയോഗിക്കപ്പെടുന്നു. തുടര്‍ച്ചയായി മൂന്ന് മുതല്‍ നാല് വര്‍ഷം വരെ നിരന്തരമായി പദ്ധതിപ്രദേശങ്ങളില്‍ വിസ്‌ഫോടനം നടത്തപ്പെടുന്നു. 12ഓളം അണക്കെട്ടുകളുള്ള, 5.8 തീവ്രതയുള്ള ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുള്ള ഇടുക്കിമേഖലയില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ എന്താകും? കണികാപരീക്ഷണ ശാലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുയര്‍ത്തുന്ന ഭീഷണികളെക്കുറിച്ച് ശാസ്ത്ര ഗവേഷകന്‍ വി.ടി. പദ്മനാഭന്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ പൊട്ടിപ്പുറത്ത് വരാന്‍ പോകുന്ന ന്യൂട്രിനോ പരീക്ഷണശാല സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട സംവാദത്തില്‍ […]

download

10 ലക്ഷം ടണ്‍ പാറപൊട്ടിക്കപ്പെടുന്നു. 500 മുതല്‍ 1000 ടണ്‍ വരെ ജെലാറ്റിന്‍ ഇതിനായി ഉപയോഗിക്കപ്പെടുന്നു. തുടര്‍ച്ചയായി മൂന്ന് മുതല്‍ നാല് വര്‍ഷം വരെ നിരന്തരമായി പദ്ധതിപ്രദേശങ്ങളില്‍ വിസ്‌ഫോടനം നടത്തപ്പെടുന്നു. 12ഓളം അണക്കെട്ടുകളുള്ള, 5.8 തീവ്രതയുള്ള ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുള്ള ഇടുക്കിമേഖലയില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ എന്താകും? കണികാപരീക്ഷണ ശാലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുയര്‍ത്തുന്ന ഭീഷണികളെക്കുറിച്ച് ശാസ്ത്ര ഗവേഷകന്‍ വി.ടി. പദ്മനാഭന്‍

കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ പൊട്ടിപ്പുറത്ത് വരാന്‍ പോകുന്ന ന്യൂട്രിനോ പരീക്ഷണശാല സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട സംവാദത്തില്‍ ഒരു വിഷയമായി വരേണ്ടതില്ലേ? പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ ചരിവില്‍ വരുന്ന പദ്ധതി പാരിസ്ഥിതികമായി ദുര്‍ബലമായ ആ മേഖലയ്ക്ക് വലിയ തോതിലുള്ള കോട്ടമുണ്ടാക്കില്ലേ?
പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലയില്‍ തന്നെയാണ് പദ്ധതി വരുന്നത്. മതികെട്ടാന്‍ചോല ദേശീയോദ്യാനത്തില്‍ നിന്നും 1000 മീറ്റര്‍ താഴെയാണ് ഈ സ്ഥലം. മുല്ലപ്പെരിയാര്‍ ഡാമിന് തത്തുല്യമായ ഉയരത്തിലായിരിക്കും ന്യൂട്രിനോ നിരീക്ഷണ ശാലയുടെ സ്ഥാനം. പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ ചരിവിലുള്ള മഴനിഴല്‍ പ്രദേശമായതിനാല്‍ വനം-വന്യജീവി സമ്പത്തിനെ നേരിട്ട് ഇത് ബാധിക്കുന്നില്ല. എന്നാല്‍ വലിയ തോതിലുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കണികാപരീക്ഷണ ശാലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാരണമായിത്തീരും. കേരളത്തിന്റെ അതിര്‍ത്തിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരം മാത്രമാണ് ഈ സ്ഥലത്തേക്കുള്ളത്. ചെറിയ രീതിയിലുള്ള ഒരു തുരങ്കം നിര്‍മ്മിക്കാന്‍ പോകുന്നു എന്ന തരത്തില്‍ മാത്രമാണ് നമ്മള്‍ കാര്യങ്ങളെ മനസ്സിലാക്കുന്നത്. അത്ര ചെറിയ തുരങ്കമല്ല അവര്‍ നിര്‍മ്മിക്കാന്‍ പോകുന്നത്. വലിയൊരു ടൗണ്‍ഷിപ്പാണ് വരാന്‍ പോകുന്നത്. 10 ലക്ഷം ടണ്‍ പാറയാണ് അതിനായി അവിടെ പൊട്ടിക്കുന്നത്. ഇതിനായി 500 മുതല്‍ 1000 ടണ്‍ വരെ ജെലാറ്റിന്‍ ഉപയോഗിക്കേണ്ടി വരും. തുടര്‍ച്ചയായി മൂന്ന് മുതല്‍ നാല് വര്‍ഷം വരെ നിരന്തരമായി പദ്ധതിപ്രദേശങ്ങളില്‍ വിസ്‌ഫോടനം നടത്തേണ്ടതുണ്ട്. ഇത്തരം വിസ്‌ഫോടനങ്ങള്‍ വഴി റിക്ടര്‍ സ്‌കെയിലില്‍ മൂന്ന് വരെ തീവ്രതയുള്ള ഭൂചലനങ്ങള്‍ സംഭവിക്കാം. ഇത്, നിലവില്‍ 12ഓളം അണക്കെട്ടുകള്‍ ഉള്ളതും 5.8 തീവ്രതയുള്ള ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുള്ളതുമായ ഇടുക്കിമേഖലയില്‍ ഭൂകമ്പസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമോ എന്നതു സംബന്ധിച്ച പഠനങ്ങള്‍ ഒന്നും തന്നെ അധികൃതര്‍ നടത്തിയിട്ടില്ല. രണ്ട് ലക്ഷം ട്രിപ്പ് ടിപ്പര്‍ ലോറി ഓടിച്ചാല്‍ മാത്രമെ പൊട്ടിക്കുന്ന പാറ ആ പ്രദേശത്ത് നിന്നും നീക്കം ചെയ്യാന്‍ കഴിയുകയുള്ളൂ. ഈ പ്രവര്‍ത്തനങ്ങളെല്ലാം കൂടി സൃഷ്ടിക്കുന്ന പൊടിപടലങ്ങള്‍ ആ പ്രദേശത്ത് മനുഷ്യവാസം അസാധ്യമാക്കിത്തീര്‍ക്കും.
പദ്ധതിയെക്കുറിച്ചുള്ള പരിസ്ഥിതി ആഘാത പഠനത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ വിലയിരുത്തപ്പെടുന്നുണ്ടോ?
കോയമ്പത്തൂരിലെ സാക്കോണ്‍ (Salim Ali Centre for Ornithology-SACON) ആണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്. ഡോ. പി.എ. അസീസാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. സ്‌ഫോടനങ്ങള്‍ മൂലമുണ്ടാകുന്ന പ്രകമ്പനങ്ങള്‍ സമീപപ്രദേശങ്ങളില്‍ ഗുരുതരമായ നാശനഷ്ടങ്ങളും ഭൗമഘടനയിന്മേല്‍ വന്‍തോതിലുള്ള പ്രത്യാഘാതങ്ങളും ഉളവാക്കുമെന്ന വസ്തുത പരക്കെ അറിയപ്പെടുന്നതാണ്. എന്നാല്‍ ഇക്കാര്യം ഞങ്ങളുടെ പഠനത്തിന്റെ പരിധിയ്ക്ക് പുറത്താണ്, എന്നുപറഞ്ഞുകൊണ്ട് സാക്കോണ്‍ നടത്തിയ പഠനം ഗുരുതരമായ ഈ പ്രശ്‌നത്തെ അവഗണിച്ചിരിക്കുകയാണ്. അതിനാല്‍ത്തന്നെ ആ പഠനം പൂര്‍ണ്ണമല്ലെന്നാണ് എന്റെ അഭിപ്രായം. പരിസ്ഥിതി ആഘാത പഠനമനുസരിച്ച് പദ്ധതിബാധിത മേഖലയില്‍ പകുതിയും കേരളത്തിലാണ് വരുന്നതെങ്കിലും എന്തെങ്കിലും തരത്തിലുള്ള തുടര്‍ സര്‍വ്വേ നടത്തുന്നതിനോ കേരള സര്‍ക്കാരില്‍ നിന്നുള്ള അനുമതി തേടുന്നതിനോ ഐ.എന്‍.ഒ തയ്യാറായിട്ടില്ല.
കേരളത്തിലാണോ പദ്ധതി പ്രദേശം വരുന്നത്? ഔദ്യോഗിക രേഖകള്‍ തേനി ജില്ല എന്നുതന്നെയാണല്ലോ പറയുന്നത്?
അക്കാര്യത്തിലാണ് കൂടുതല്‍ വ്യക്തത വേണ്ടത്. പൊട്ടിപ്പുറത്ത് പണിയാനുദ്ദേശിക്കുന്ന ഈ നിരീക്ഷണശാലയുടെ തുരങ്കത്തിന് ഏതാണ്ട് 2.5കി.മീ ദൂരമുണ്ടാകും. ഇന്ത്യാധിഷ്ഠിത ന്യൂട്രിനോ നിരീക്ഷണശാല പ്രസിദ്ധീകരിച്ച രേഖയില്‍ തുരങ്കത്തിലൂടെ 1700 മീറ്റര്‍ സഞ്ചരിച്ചാല്‍ കേരളത്തില്‍ എത്തുമെന്ന് വിശദീകരിക്കുന്നുണ്ട്. അങ്ങിനെയെങ്കില്‍ 740മീറ്റര്‍ തുരങ്കവും പ്രധാനനിലയവുമടക്കം മൂന്ന് നിരീക്ഷണശാലകളും കേരളത്തിലായിരിക്കും നിര്‍മ്മിക്കാന്‍ പോകുന്നത്. അതിനര്‍ത്ഥം പദ്ധതി പ്രദേശത്തേക്കുള്ള പ്രവേശനകവാടം തമിഴ്‌നാട്ടിലൂടെയാണെങ്കിലും പദ്ധതിയുടെ കേന്ദ്രം വരുന്നത് കേരളത്തിലായിരിക്കും എന്നാണ്. ഭൂമിക്കടിയിലുള്ള തുരങ്കത്തിലായിരിക്കും അത് എന്നതിനാലാണ് ഭൂമിശാസ്ത്രപരമായി സ്ഥലം നിര്‍ണ്ണയിക്കാന്‍ കഴിയാത്തത്.
പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ചുള്ള ആധികാരിക നയരേഖയായി ഇന്ന് പരിഗണിക്കപ്പെടുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പക്ഷെ പശ്ചിമഘട്ട മേഖലയില്‍ വരാന്‍ പോകുന്ന ന്യൂട്രിനോ നിരീക്ഷണ ശാല സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മൗനം പാലിച്ചിരിക്കുകയാണല്ലോ. താങ്കളുടെ അഭിപ്രായത്തില്‍ അതൊരു വീഴ്ചയായി കരുതാമോ?
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഈ വിഷയത്തെക്കുറിച്ച് നിശബ്ദത പാലിച്ചു എന്നത് നിരാശാജനകമായ കാര്യമാണ്. ഗാഡ്ഗില്‍ സമിതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നല്‍കിയ ചുമതലകളില്‍ ഉള്‍പ്പെടുന്ന കാര്യമല്ല അത്. അതുകൊണ്ട് നിമയപരമായ ബാധ്യതയൊന്നും അക്കാര്യത്തില്‍ ഗാഡ്ഗില്‍ സമിതിക്കില്ല. എന്നാല്‍ പശ്ചിമഘട്ടം നേരിടുന്ന ഭീഷണികള്‍ വിശദമായി വിശകലനം ചെയ്ത ഒരു സമിതി എന്ന നിലയില്‍ അക്കാര്യം അവര്‍ പരിഗണിക്കേണ്ടതായിരുന്നു. സമുദ്രനിരപ്പില്‍ നിന്നും 450 മീറ്റര്‍ ഉയരത്തിലുള്ള സ്ഥലത്താണ് നിരീക്ഷണ കേന്ദ്രം വരുന്നത്. പശ്ചിമഘട്ടത്തിന്റെ അതിരുകളെ നിര്‍ണ്ണയിക്കുന്നതിനായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നിശ്ചയിച്ച ഉയരത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതാണ് ഈ സ്ഥലവും. എന്നിട്ടും ഗാഡ്ഗില്‍ സമിതി വിഷയം വിട്ടുകളഞ്ഞു. സാക്കോണുമായി ബന്ധം സൂക്ഷിച്ചിരുന്ന ഒരു സമിതിയായിട്ടുപോലും സാക്കോണ്‍ പരിസ്ഥിതി ആഘാത പഠനം നടത്തിയ പദ്ധതിയെക്കുറിച്ച് വിലയിരുത്തല്‍ നടത്താതെ പോയത് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ ഒരു പോരായ്മയായിത്തന്നെയാണ് ഞാന്‍ കരുതുന്നത്.
പല സ്ഥലങ്ങളിലും അനുമതി നിഷേധിക്കപ്പെട്ട ശേഷമാണല്ലോ പദ്ധതി പൊട്ടിപ്പുറം ഗ്രാമത്തിലെത്തുന്നത്. എന്തായിരുന്നു അനുമതി നിഷേധിക്കപ്പെടാനുള്ള കാരണം? പദ്ധതിക്കെതിരെയുള്ള പ്രതിഷേധമായിരുന്നോ?
ന്യൂട്രിനോ നിരീക്ഷണശാലകള്‍ സാധാരണനിലയില്‍ ഭൂമിക്കടിയിലാണ് നിര്‍മ്മിക്കുന്നത്. മറ്റ് വികിരണ പദാര്‍ത്ഥങ്ങളുമായി പ്രതിപ്രവര്‍ത്തിക്കാതിരിക്കുന്നതിന് വേണ്ടിയാണ് ഭൗമോപരിതലത്തില്‍ നിന്ന് 1000മീറ്റര്‍ താഴെയായി നിലയം പണിയുന്നത്. രണ്ട് വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കുശേഷം ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ രണ്ട് സ്ഥലങ്ങളാണ് പദ്ധതിക്കായി നിര്‍ദ്ദേശിച്ചത്. തമിഴ്‌നാട്ടിലെ ഊട്ടിക്കടുത്തുള്ള സിംഗാരയും പശ്ചിമബംഗാളിലെ ഡാര്‍ജിലിംഗിനടുത്തുള്ള രമ്മവും. സൈറ്റ് സെലക്ഷന്‍ കമ്മറ്റി വിവിധ വശങ്ങള്‍ പരിശോധിച്ചതിനുശേഷം സിംഗാര പദ്ധതിക്കനുയോജ്യമെന്ന് പ്രഖ്യാപിച്ചു. മുതുമലൈ ടൈഗര്‍ റിസര്‍വിന്റെ ബഫര്‍ സോണിലാണ് പ്രദേശം വരുന്നത്. എന്നാല്‍ അവിടെ പദ്ധതിക്ക് അനുമതി നല്‍കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തയ്യാറായില്ല. പരിസ്ഥിതി ഗ്രൂപ്പുകളുടെ ഭാഗത്ത് നിന്നും ശക്തമായ എതിര്‍പ്പുയര്‍ന്നുവന്നു. വന്യജീവികളെ ബാധിക്കും എന്നതായിരുന്നു എതിര്‍പ്പുകള്‍ക്കുള്ള കാരണം. മൃഗങ്ങള്‍ സഞ്ചരിക്കാറുള്ള ഇടനാഴി മുറിച്ചുകൊണ്ടായിരുന്നു നിരീക്ഷണശാലയിലേക്കുള്ള വഴി പോയിരുന്നത്. അതും ശക്തമായ എതിര്‍പ്പിന് കാരണമായി. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ മെമ്പര്‍ സെക്രട്ടറി ഡോ. ഗോപാല്‍ കൊടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശ് പദ്ധതിക്കുള്ള അനുമതി അവിടെ നിഷേധിച്ചു.
2009 ആഗസ്ത് മാസം നോബല്‍ സമ്മാന ജേതാക്കളായ ഷെല്‍ഡന്‍ ഗ്ലാഷോവും മസാതോഷി കോസിബായും അടങ്ങുന്ന പത്തോളം ഭൗതിക ശാസ്ത്രജ്ഞന്മാര്‍ ഐ.എന്‍.ഒ പ്രൊജക്ടിനെ രക്ഷിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോട് അഭ്യര്‍ത്ഥിച്ചതോടെ പുതിയ സ്ഥലം കണ്ടെത്താനുള്ള സമ്മര്‍ദ്ദം കൂടി. പുതിയ സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ ആണവോര്‍ജ്ജ വകുപ്പിനോട് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ഐ.എന്‍.ഒ അധികാരികള്‍ പുതിയ സൈറ്റ് കണ്ടെത്താനുള്ള നിര്‍ദ്ദേശത്തില്‍ തൃപ്തരായിരുന്നില്ല. തമിഴ്‌നാട്ടിലെ തേനിക്കടുത്തുള്ള സുരുളിയാര്‍ മേഖലയായിരുന്നു അവര്‍ക്ക് താത്പര്യമുണ്ടായിരുന്ന മറ്റൊരു സ്ഥലം. സിംഗാരയില്‍ ഉന്നയിക്കപ്പെടുന്ന അതേ പ്രശ്‌നങ്ങള്‍ സുരുളിയയിലും ഉന്നയിക്കപ്പെടാമെന്ന് ഐ.എന്‍.ഒ വിലയിരുത്തി. അങ്ങനെയാണ് ഒടുവില്‍ തേനി ജില്ലയിലെ പൊട്ടിപ്പുറം എന്ന പ്രദേശം പദ്ധതിക്ക് അനുയോജ്യമെന്ന് കണ്ടെത്തുന്നത്. പൊട്ടിപ്പുറം താരതമ്യേന ജനവാസം കുറഞ്ഞ മേഖലയായാതിനാലും സമീപമുള്ളവര്‍ ദരിദ്രകര്‍ഷകരായതിനാലും എതിര്‍പ്പുകള്‍ കുറയുമെന്ന് ഐ.എന്‍.ഒ വിലയിരുത്തി.
ആ വിലയിരുത്തല്‍ ശരിയായിരുന്നോ? തദ്ദേശീയമായ എതിര്‍പ്പുകള്‍ അവിടെ കുറവാണോ?
തേനി ജില്ലയിലെ ഏറ്റവും പിന്നോക്കാവസ്ഥയുള്ള സ്ഥലമാണ് പൊട്ടിപ്പുറം. കൂലിപ്പണി ചെയ്തും ആടുമാടുകളെ മേച്ചും ജീവിക്കുന്നവരാണ് ഇവിടെ അധികവും. കേരളത്തില്‍ ന്യൂട്രിനോ പദ്ധതി സംബന്ധിച്ച ചര്‍ച്ചകള്‍ ശക്തമായതോടെ പൊട്ടിപ്പുറം ഗ്രാമത്തില്‍ എത്തുന്നവരെ തമിഴ്‌നാട് പോലിസ് രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. പുറത്തുനിന്നും പൊട്ടിപ്പുറം ഗ്രാമത്തില്‍ എത്തുന്നവരെയാണ് നിരീക്ഷിക്കുന്നത്. അതോടെ ഗ്രാമവാസികള്‍ തീര്‍ത്തും ഭീതിയിലായിരിക്കുകയാണ്. പ്രതിഷേധിക്കാന്‍ പോലും ധൈര്യമില്ലാത്ത അവസ്ഥയിലാണ് അവരുള്ളത്. പൊരുതാനുറച്ചുനിന്ന പലരും പിന്നീട് പോലീസിന്റെ ഭീഷണിയെത്തുടര്‍ന്ന് പിന്മാറി. 2010ല്‍ തേനിയിലെല്ലാം ജനപങ്കാളിത്തത്തോടെയുള്ള പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു. ഇപ്പോള്‍ അതിനൊന്നും സാധിക്കാത്ത സ്ഥിതിയാണുള്ളത്.
ഐ.എന്‍.ഒ, കൂടംകുളം, മുല്ലപ്പെരിയാര്‍ എന്ന വാക്കുകള്‍ എഴുതിയ പോസ്റ്ററുകളോ നോട്ടീസോ അച്ചടിക്കാന്‍ പാടില്ലെന്ന് പോലീസ് ഈ പ്രദേശത്തുള്ള പ്രസ്സുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റു ചെയ്യുമെന്നും പോലീസ് ഗ്രാമവാസികളോട് പറഞ്ഞിട്ടുണ്ട്. ന്യൂട്രിനോ പരീക്ഷണശാലയുടെ രഹസ്യാത്മക സ്വഭാവവും പ്രതിഷേധങ്ങളോട് സര്‍ക്കാര്‍ സ്വീകരിച്ച സമീപനവും ഗ്രാമവാസികളുടെ സംശയം കൂട്ടിയിട്ടുണ്ട്. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ നിലനില്‍ക്കുന്ന ഈ ഗ്രാമത്തില്‍ കുടിവെള്ളക്ഷാമവും വ്യാപകമാണ്. പരീക്ഷണശാലയ്ക്കാവശ്യമായ വെള്ളം മുല്ലപ്പെരിയാറില്‍ നിന്നും എത്തിക്കുന്നതിനാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
മറ്റ് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്തെല്ലാമാണ്? ഭ്രംശമേഖലയിലാണ് തുരങ്കം നിര്‍മ്മിക്കാന്‍ പോകുന്നതെന്ന ഭീഷണിയും ഡാമുകളെയും നദികളെയും ദോഷകരമായി ബാധിക്കുമെന്ന കാര്യവും താങ്കള്‍ ഉന്നയിക്കുന്നുണ്ടല്ലോ?
ന്യൂട്രിനോ നിരീക്ഷണശാലയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് നിരവധി അണക്കെട്ടുകള്‍നിറഞ്ഞപ്രദേശമാണ്. 12ഓളം അണക്കെട്ടുകളിലായി നാല് ബില്യണ്‍ ക്യൂബിക് മീറ്റര്‍ വെള്ളം ഇവിടെ ശേഖരിക്കപ്പെട്ടിട്ടുണ്ട്. കേരള-തമിഴ്‌നാട് മേഖലയിലെ നാലോളം ജില്ലകളുടെ ജീവസ്രോതസ്സുകളായ ഈ അണക്കെട്ടുകള്‍ക്ക് ന്യൂട്രിനോ നിരീക്ഷണ നിലയം ഭീഷണിയുയര്‍ത്തുന്നുണ്ട്. വളരെ ഗുരുതരമായ ഭ്രംശമേഖലകള്‍ നിലനില്‍ക്കുന്ന ഇടുക്കി ജില്ലയുടെ അതിര്‍ത്തിയാലാണ് നിരീക്ഷണശാല വരുന്നതെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഭ്രംശമേഖലയാണ് എന്നതിനാല്‍ കേരള ഭൂഗര്‍ഭജല വകുപ്പ് 100 മീറ്ററിലേറെ ആഴമുള്ള കുഴല്‍കിണര്‍ നിര്‍മ്മാണം പോലും നിരുത്സാഹപ്പെടുത്തിയിട്ടുള്ള സ്ഥലമാണ് ഇടുക്കി ജില്ല. അവിടെയാണ് ഭൂമി തുരന്ന് നിരീക്ഷണ കേന്ദ്രം നിര്‍മ്മിക്കാനൊരുങ്ങുന്നത്. പദ്ധതി വരാന്‍പോകുന്ന പ്രദേശത്തിന്റെ ജിയോ ടെക്‌നിക്കല്‍ റിപ്പോര്‍ട്ട് ഞാന്‍ കണ്ടതാണ്. സുരുളി ഭ്രംശമേഖലയുടെ മധ്യത്തിലാണ് പദ്ധതി വരുന്നതെന്ന് അതില്‍ നിന്നും വ്യക്തമാണ്. ഭൂമിയിലെ ശിലാപാളികളില്‍ വിള്ളലുകളുള്ള പ്രദേശങ്ങളെയാണ് ഭ്രംശമേഖല എന്ന് പറയുന്നത്. പ്രവര്‍ത്തനനിരതമായ ഭ്രംശമേഖലകളുടെ ചലനം ഭൂചലനത്തിന് കാരണമാകും. അത്തരം നിരവധി ഭ്രംശമേഖലകളുള്ള പ്രദേശമാണ് ഇടുക്കി ജില്ല. അതുകൊണ്ടാണ് അവിടെ ഇടയ്ക്കിടെ ഭൂകമ്പങ്ങളുണ്ടാകുന്നത്. ഭ്രംശമേഖലകള്‍ക്കിടയിലെ വിള്ളലുകളില്‍ വെള്ളമുണ്ടാകും. ഭൂമിക്കടിയിലൂടെ പല നദികളും ഒഴുകുന്നത് ഈ വിള്ളലുകളിലൂടെയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉള്‍പ്പെടുന്ന ഭ്രംശമേഖലയിലാണ് ന്യൂട്രിനോ നിരീക്ഷണം നിലയം വരുന്നത്.
1988ല്‍ 4.8 തീവ്രതയില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനമായ നെടുങ്കണ്ടത്തുനിന്നും 10കി.മീ ദൂരെ മാത്രമാണ് ന്യൂട്രിനോ നിരീക്ഷണശാല. നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശത്തെ, ഭൂചലന സാധ്യതയുള്ള പ്രദേശമെന്ന നിലയില്‍ മേഖല മൂന്നിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് ഐ.എന്‍.ഒ പ്രസിദ്ധീകരിച്ച രേഖകള്‍ തന്നെ പറയുന്നുണ്ട്. ഭൂകമ്പ സാധ്യതാ മേഖലകളെ നാലായാണ് തിരിച്ചിരിക്കുന്നത്. നാല് ആണ് ഏറ്റവും ഉയര്‍ന്ന സാധ്യതയുള്ള സ്ഥലം. എന്നാല്‍ സാക്കോണ്‍ നടത്തിയ പരിസ്ഥിതി ആഘാത പഠനം, പദ്ധതി പ്രദേശം സോണ്‍ ഒന്നിലാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. ഒരു ശാസ്ത്രസ്ഥാപനത്തിന് സംഭവിക്കാന്‍ പാടില്ലാത്ത അബദ്ധമാണിത്. ന്യൂട്രിനോ നിരീക്ഷണശാലയ്ക്ക് വേണ്ടി തുരങ്കങ്ങളും ഭൂഗര്‍ഭ അറകളും നിര്‍മ്മിക്കുന്നതിനായി പാറകള്‍ പൊട്ടിക്കുമ്പോള്‍ അത് ഭൂകമ്പസാധ്യത കൂട്ടും. ആ ഭീഷണിയെക്കുറിച്ച് വ്യക്തമായ പഠനങ്ങളൊന്നും നടത്താതെയാണ് ഐ.എന്‍.ഒ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്.
തുരങ്കനിര്‍മ്മാണം ഭൂഗര്‍ഭജലവിതാനത്തെ ബാധിക്കുമോ?
ഭൂഗര്‍ഭ ജലവിതാനത്തില്‍ വ്യതിയാനമുണ്ടാകും എന്നത് മുന്‍ അനുഭവങ്ങളാല്‍ ബോധ്യം വന്നുകഴിഞ്ഞ സംഗതിയാണ്. അക്വിഫെറുകള്‍ പലതും മുറിഞ്ഞുപോകുന്നതിന് തുരങ്കനിര്‍മ്മാണം കാരണമാകുന്നുണ്ട്. ഇറ്റലിയിലെ ഗ്രാന്‍സാസ്സോ പര്‍വ്വനിരകളിലെ ഭൂഗര്‍ഭ തുരങ്കനിര്‍മ്മാണം അക്വിഫെറുകളില്‍ വ്യതിയാനമുണ്ടാകുന്നതിന് കാരണമായിട്ടുണ്ട്. ഭൂഗര്‍ഭ ജലസ്രോതസ്സുകളില്‍ നിന്ന് ജലം പൂര്‍ണ്ണമായും വാര്‍ന്നുപോയി. ന്യൂട്രിനോ നിരീക്ഷണശാലയ്ക്ക് വേണ്ടിയായിരുന്നു അവിടെയും തുരങ്കം നിര്‍മ്മിച്ചത്.
തേനിയിലും അതേ സാധ്യത നിലനില്‍ക്കുന്നുണ്ട്. തുരങ്ക നിര്‍മ്മാണത്തിന് മുമ്പ്, ഭൂഗര്‍ഭജല സ്രോതസ്സുകള്‍ ഉണ്ടോ എന്നകാര്യം പൂര്‍ണ്ണമായും കണ്ടെത്താന്‍ കഴിയണമെന്നില്ല. ആന്ധ്രാ പ്രദേശിലും ഹിമാലയത്തിലുമെല്ലാം ആഴത്തിലുള്ള കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്നതിനായി നടത്തിയ ടണലിംഗ് ഭൂഗര്‍ഭ ജലസ്രോതസ്സുകളുടെ അപ്രതീക്ഷിതമായ സാന്നിധ്യം കാരണം നിര്‍ത്തിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്. ആന്ധ്രയില്‍ 20 കോടി രൂപ വിലയുള്ള ടണല്‍ ബോറിംഗ് മെഷീന്‍ എന്ന തുരങ്കം നിര്‍മ്മിക്കുന്ന ഉപകരണം ടണലിനുള്ളില്‍ കുടിങ്ങിപ്പോയിട്ടുണ്ട്. അതിനെക്കുറിച്ച് വളരെ വിശദമായ ഒരു ലേഖനം ഞാന്‍ കറണ്ട് സയന്‍സ് മാസികയില്‍ എഴുതിയിരുന്നു. ആധികാരികമായ ശാസ്ത്ര മാസികയാണ് കറണ്ട് സയന്‍സ്. ലേഖനങ്ങള്‍ അതാത് മേഖലകളിലുള്ള വിദഗ്ധര്‍ പരിശോധിച്ച ശേഷം മാത്രമെ അവര്‍ പ്രസിദ്ധീകരിക്കാറുള്ളൂ. അക്വിഫെറുകളെക്കുറിച്ചും ഭൂചലന സാധ്യതയെക്കുറിച്ചും ഞങ്ങള്‍ എഴുതിയ ലേഖനവും അത്തരം വിശദമായ പരിശോധനയ്ക്ക് ശേഷമാണ് അവര്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്നിട്ടും ശാസ്ത്ര സമൂഹം അതിനോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല എന്നത് സംശയങ്ങളുളവാക്കുന്നു.
ഇതേ ഇടുക്കി ജില്ലയില്‍ ഏകദേശം 800 ഓളം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയെല്ലാം കൂടി സൃഷ്ടിക്കുന്ന നശീകരണം തുരങ്ക നിര്‍മ്മാണത്തേക്കാള്‍ വലുതല്ലേ?
ക്വാറിയേയും തുരങ്ക നിര്‍മ്മാണത്തെയും ഇത്തരത്തില്‍ താരതമ്യം ചെയ്യുന്നത് തെറ്റാണ്. ക്വാറികളില്‍ മലയിടിക്കുന്നതുപോലെയല്ല മലയുടെ അടിയില്‍ നിന്നും തുരക്കുന്നത്. ക്വാറികള്‍ പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ന്യൂട്രിനോ പരീക്ഷണ നിലയത്തെ ക്വാറികളുമായി താരതമ്യം ചെയ്യുന്നത് പല ഗുരുതരമായ പ്രശ്‌നങ്ങളെയും ന്യൂനീകരിക്കുകയേയുള്ളൂ. ഭൂഗര്‍ഭ നിരീക്ഷണശാല നിര്‍മ്മിക്കുമ്പോള്‍ ഏകദേശം 8ലക്ഷം ടണ്‍ പൊടിപടലങ്ങളും 8000 ടണ്‍ നാനോ കണങ്ങളും ഇടുക്കി തേനി ജില്ലകളിലെ പരിസ്ഥിതിയെ ഗുരുതരമായ രീതിയില്‍ ബാധിക്കാനിടയുണ്ട്. ഉന്നത ഊര്‍ജ്ജ ന്യൂട്രിനോകള്‍ ദ്രവ്യവുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഹാഡ്രോണ്‍ ഷവര്‍ ഉണ്ടാകുമെന്നും അത് കിലോമീറ്ററുകളോളം വ്യാപിക്കുമെന്നും ഫെര്‍മിലാബിന്റെ തന്നെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇതുമൂലം ട്രീഷ്യയം, കാര്‍ബണ്‍ 14 തുടങ്ങിയ വികിരണ പദാര്‍ത്ഥങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. അത് ഇടുക്കിയിലും തേനിയിലുമുള്ള ജൈവമണ്ഡലങ്ങളില്‍ പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാക്കാനിടയുണ്ട്. തുരങ്ക നിര്‍മ്മാണം സൃഷ്ടിക്കാനിടയുള്ള ഭൂചലന സാധ്യതയും ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ട വിഷയമാണ്. നിരവധി ക്വാറികളുള്ള സ്ഥലം കൂടിയായതിനാല്‍ അതിനുള്ള സാധ്യത കൂടുകയാണ് ചെയ്യുന്നത്.

കടപ്പാട് – കേരളീയം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply