മാര്‍ക്‌സിനു 200 തികയുമ്പോള്‍
മഹാനായ കാറല്‍ മാര്‍ക്‌സിന്റെ 200-ാം ജന്മദിനം ലോകം ആഘോഷിക്കുകയാണ്. ആധുനിക സാമൂഹ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കളില്‍ പ്രമുഖന്‍ കാറല്‍ മാര്‍ക്‌സ് തന്നെ എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ഇനിയും ഉയര്‍ന്നു വരാനിടയുള്ള ഒരു ചിന്താധാരക്കും മാര്‍ക്‌സിനെ അവഗണിക്കാനാവില്ല. അപ്പോഴും മാര്‍ക്‌സിനെ എല്ലാറ്റിന്റേയും അവസാനവാക്കായി കാണുന്ന സമീപനം ഇപ്പോഴും ശക്തമാണ്. അതിനാല്‍ തന്നെ മാര്‍ക്‌സിനെ സത്യസന്ധമായി പരിശോധിക്കാനോ വിമര്‍ശിക്കാനോ തയ്യാറുള്ളവര്‍ വളരെ കുറവാണ്. അന്നേവരെയുള്ളവര്‍ ലോകത്തെ വ്യാഖ്യാനിച്ചിട്ടേയുള്ളു, നമുക്കാവശ്യം അതിനെ മാറ്റിതീര്‍ക്കലാണ് എന്ന മാര്‍ക്‌സിന്റെ വാചകത്തില്‍ അല്‍പ്പം അഹന്തയില്ലേ എന്ന സംശയം അന്നുതന്നെ […]
മഹാനായ കാറല്‍ മാര്‍ക്‌സിന്റെ 200-ാം ജന്മദിനം ലോകം ആഘോഷിക്കുകയാണ്. ആധുനിക സാമൂഹ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കളില്‍ പ്രമുഖന്‍ കാറല്‍ മാര്‍ക്‌സ് തന്നെ എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ഇനിയും ഉയര്‍ന്നു വരാനിടയുള്ള ഒരു ചിന്താധാരക്കും മാര്‍ക്‌സിനെ അവഗണിക്കാനാവില്ല. അപ്പോഴും മാര്‍ക്‌സിനെ എല്ലാറ്റിന്റേയും അവസാനവാക്കായി കാണുന്ന സമീപനം ഇപ്പോഴും ശക്തമാണ്. അതിനാല്‍ തന്നെ മാര്‍ക്‌സിനെ സത്യസന്ധമായി പരിശോധിക്കാനോ വിമര്‍ശിക്കാനോ തയ്യാറുള്ളവര്‍ വളരെ കുറവാണ്. അന്നേവരെയുള്ളവര്‍ ലോകത്തെ വ്യാഖ്യാനിച്ചിട്ടേയുള്ളു, നമുക്കാവശ്യം അതിനെ മാറ്റിതീര്‍ക്കലാണ് എന്ന മാര്‍ക്‌സിന്റെ വാചകത്തില്‍ അല്‍പ്പം അഹന്തയില്ലേ എന്ന സംശയം അന്നുതന്നെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ചൂഷകവര്‍ഗ്ഗവും ചൂഷിതവര്‍ഗ്ഗവും തമ്മിലുള്ള വര്‍ഗ്ഗസമരത്തിലൂടെയാണ് പ്രാകൃതകമ്യൂണിസമൊഴികെയുള്ള എല്ലാ സമൂഹവും മുന്നോട്ടു പോകുന്നതെന്ന് കാള്‍ മാര്‍ക്‌സ് പറഞ്ഞു. അടിമത്തത്തിനും ഫ്യൂഡലിസത്തിനുമൊക്കെ ശേഷം അക്കാലത്ത് നിലനിന്നിരുന്ന സാമൂഹ്യരീതിയെ മുതലാളിത്തം എന്ന് വിശഷിപ്പിച്ച മാര്‍ക്‌സ് മുതലാളിവര്‍ഗ്ഗവും അവരാല്‍ ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളിവര്‍ഗ്ഗവും തമ്മിലുള്ള നിരന്തര സംഘര്‍ഷത്തില്‍ അഥവാ വര്‍ഗ്ഗസമരത്തില്‍ മുതലാളിത്തം തകര്‍ക്കപ്പെടുകയും സോഷ്യലിസം എന്ന പുതിയ രീതി നടപ്പില്‍ വരുകയും ചെയ്യുമെന്ന് വിശ്വസിച്ചു. സോഷ്യലിസം നടപ്പിലാകുന്ന ഒരു സമൂഹത്തില്‍ സംഘടിത തൊഴിലാളിവര്‍ഗ്ഗമായിരിക്കും സമൂഹത്തെ ഭരിക്കുക. അവരുടെ സര്‍വ്വാധിപത്യമായിരിക്കും. അതിന്റെ തുടര്‍ച്ചയായി അടുത്ത ഘട്ടമായ വര്‍ഗ്ഗരഹിതമായ, മനുഷ്യരെല്ലാം സമന്മാരായി ജീവിക്കുന്ന, കമ്മ്യൂണിസം എന്ന ഒരു സാമൂഹ്യ സംവിധാനം നിലവില്‍ വരും. പ്രാകൃതകമ്യൂണിസത്തിന്റെ ആധുനികരൂപം. അന്യന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന കാലം.
മാര്‍ക്‌സ് കണ്ടത് വെറും ഉട്ടോപ്യയാണെന്ന് ഇന്ന് ഏവര്‍ക്കുമറിയാം. ഋജുരേഖയില്‍ മാത്രമേ ചരിത്രം സഞ്ചരിക്കു എന്ന നിലപാടുതന്നെ മാര്‍ക്‌സിസ്റ്റ് വിരുദ്ധദ്ധമാണെന്നും. ചരിത്രത്തില്‍ മാര്‍ക്‌സ് വിഭാവനം ചെയ്ത വര്‍ഗ്ഗസമരം ആ അര്‍ത്ഥത്തില്‍ നടന്നിട്ടുണ്ടോ എന്നതും പരിശോധിക്കപ്പെടണം. ഏറ്റവും നല്ല ഉദാഹരണം ഇന്ത്യതന്നെ. വര്‍ഗ്ഗത്തേക്കാള്‍ എത്രയോ ശക്തമായ അടിവേരുകളുമായാണ് ജാതിവ്യവസ്ഥ ഇവിടെ കൊടികുത്തി വാഴുന്നത്. ജാതിതന്നെ ഇവിടത്തെ വര്‍ഗ്ഗമെന്നു പോലും പറയാം. എന്നാല്‍ അതൊന്നും പരിശോധിക്കാന്‍ മാര്‍ക്‌സിസ്റ്റുകള്‍ തയ്യാറായിരുന്നില്ല. അംബേദ്കറെ കുറിച്ചൊക്കെ അവര്‍ പറയുന്നത് ഇപ്പോള്‍ മാത്രം. മാര്‍ക്‌സാണ് എല്ലാറ്റിന്റേയും അവസാനവാക്കെന്ന അവസ്ഥ ഈ 200-ാം വര്‍ഷത്തിലെങ്കിലും തിരുത്തപ്പെടേണ്ടതാണ്.
ശരിയാണ്, അന്ന് അതായിരുന്നില്ല അവസ്ഥ. മാര്‍ക്‌സിസത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്, ലെനിന്റെ നേതൃത്വത്തില്‍ ലോക ചരിത്രത്തില്‍ തൊഴിലാളി വര്‍ഗത്തിന്റെയും അടിച്ചമര്‍ത്തപ്പെട്ട ജനസമൂഹത്തിന്റെയും മുന്നേറ്റത്തിന്റെ പരമ്പരകള്‍ ആരംഭിച്ചു. അതിലാദ്യത്തേതായിരുന്നു ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവം. മുതലാളിത്തം കുത്തക മുതലാളിത്തത്തിലേക്കും സാമ്രാജ്യത്വത്തിലേക്കും വളരുന്ന ഘട്ടത്തിലായിരുന്നു ഒക്ടോബര്‍ വിപ്ലവം യാഥാര്‍ഥ്യമായത്. സാര്‍ ചക്രവര്‍ത്തിമാരുടെ കൊടുംക്രൂരതകളില്‍ നിന്ന് മോചനമാഗ്രഹിച്ചിരുന്ന ജനങ്ങള്‍ക്കു മുന്നിലാണ് ലെനിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തൊഴിലാളി വര്‍ഗവും വിമോചനത്തിന്റെ പുതിയ ആശയങ്ങള്‍ അവതരിപ്പിച്ചത്. എന്നാല്‍ വ്യവസായികവിപ്ലവം നടന്ന രാജ്യങ്ങളിലെ സംഘടിത തൊഴിലാളി വര്‍ഗ്ഗമാണ് ആദ്യസോഷ്യലിസ്റ്റ് വിപ്ലവം നടത്തുക എന്ന മാര്‍ക്‌സിന്റെ അടിസ്ഥാന ആശയത്തെ തന്നെ ലെനിന്‍ തിരുത്തുകയായിരുന്നു. സാമ്രാജ്യത്വചൂഷണത്തിലെ ദുര്‍ബ്ബലകണ്ണിയിലാണ് ആദ്യവിപ്ലവം എന്നാണ് ലെനിന്‍ സമര്‍ത്ഥിച്ചത്. സത്യത്തില്‍ അതുതന്നെ മാര്‍ക്‌സിസ്റ്റ് വിരുദ്ധമായിരുന്നു. എന്തായാലും ഒക്ടോബര്‍ വിപ്ലവം ലോകത്താകെ ഉണ്ടാക്കിയ ചലനങ്ങള്‍ വളരെ ശക്തമായിരുന്നു. അടിമത്തത്തില്‍ കഴിഞ്ഞിരുന്ന നിരവധി രാജ്യങ്ങളില്‍ സ്വാതന്ത്ര്യ – വിമോചന പ്രസ്ഥാനങ്ങള്‍ ശക്തിയാര്‍ജിച്ചത് ഒക്ടോബര്‍ വിപ്ലവത്തിന് ശേഷമായിരുന്നു. ലോകത്താകെ ഏറ്റവുമധികം തൊഴിലാളി – ബഹുജന പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടത് ഒക്ടോബര്‍ വിപ്ലവാനന്തര കാലത്തായിരുന്നു. വിപ്ലവത്തിലൂടെ രൂപം കൊണ്ട യുഎസ്എസ്ആര്‍ എന്ന സോഷ്യലിസ്റ്റ് രാജ്യത്തിന്റെ പാത പിന്തുടര്‍ന്നുകൊണ്ടും അവരുടെ പിന്തുണയോടേയും നിരവധി രാജ്യങ്ങള്‍ വിപ്ലവം പൂര്‍ത്തീകരിച്ച് സോഷ്യലിസ്റ്റ് ഭരണ ക്രമത്തിന്റെ പാതയിലേക്ക് വരുന്ന കാഴ്ചയ്ക്കും ലോകം സാക്ഷിയായി. വിപ്ലവത്തിലൂടെയല്ലാതെ തന്നെ ഭരണമാറ്റം ഉണ്ടായ പല രാജ്യങ്ങളും സോവിയറ്റ് മാതൃകയില്‍ സോഷ്യലിസ്റ്റ് ഭരണക്രമം പിന്തുടരുന്ന സാഹചര്യവും ഉണ്ടായി.
ഒക്ടോബര്‍ വിപ്ലവത്തിന്റെ 100-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഇതെല്ലാം വ്യാപകമായി ആഘോഷിക്കപ്പെട്ടു. എന്നാല്‍ അവക്കെല്ലാം പിന്നെന്തു സംഭവിച്ചു എന്ന പരിശോധനയാണ് കാണാത്തത്. അതിനുള്ള മറുപടി പലപ്പോഴും വളരെ ലളിതമാണ്. ‘സോഷ്യലിസ്റ്റ് വ്യാപനത്തോടൊപ്പം തന്നെ സാമ്രാജ്യത്വ ശക്തികളും ലോകത്ത് ശക്തിപ്രാപിച്ചു, ലോകം മുതലാളിത്ത – സോഷ്യലിസ്റ്റ് ചേരികളായി തിരിഞ്ഞു, അവ തമ്മിലുള്ള ശീതസമരത്തില്‍ സാമ്രാജ്യത്വം വിജയിച്ചു’ എന്നതാണത്. എന്നാല്‍ അതാണോ സത്യം? മിക്ക സോഷ്യലിസ്റ്റ് രാജ്യങ്ങളിലും നടന്നത് ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പ്രക്ഷോഭമായിരുന്നു. സോഷ്യലിസ്റ്റ് കാലഘട്ടത്തില്‍ തൊഴിലാളിവര്‍ഗ്ഗം ഭരിക്കുമെന്നത് തൊഴിലാളി വര്‍ഗ്ഗത്തിന്റെ മുന്നണിപോരാളിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നായി, കര്‍ക്കശമായ ലെനിനിസ്റ്റ് പാര്‍ട്ടി ചട്ടക്കൂടിലൂടെ അത് ഏതാനും വ്യക്തികളില്‍ കേന്ദ്രീകരിച്ചു. സര്‍വ്വ അധികാരങ്ങളും സോവിയറ്റുകള്‍ക്ക് എന്നു പറഞ്ഞ ലെനിന്‍ തന്നെ അതു തിരുത്തി. അന്നുതന്നെ ഈ അപകടം ചൂണ്ടികാട്ടിയ റോസാ ലക്‌സംബര്‍ഗ്ഗിനെ പോലും ലെനിന്‍ ചെവി കൊണ്ടില്ല. പിന്നീട് ഏകാധിപത്യത്തിന്റെ ഏറ്റവും വലിയ പ്രതിരൂപമായി സ്റ്റാലിന്‍ മാറി. മിക്ക സോഷ്യലിസ്റ്റ് രാജ്യങ്ങളിലും ചെറുതും വലുതുമായ സ്റ്റാലിന്‍മാരുണ്ടായി.. സ്റ്റാലിനു മറുപടിയായി വന്ന ചൈനയിലെ മാവോയും പിന്നീട് അതേ പാത പിന്തുടര്‍ന്നു. സ്റ്റാലിന്റേയും മാവോയുടേയുമെല്ലാം പിന്‍ഗാമികളാകട്ടെ രാഷ്ട്രീയരംഗത്ത് ഈ ഫാസിസ്റ്റ് സംവിധാനം നിലനിര്‍ത്തി മുതലാളിത്ത വികസനത്തിനു ശ്രമിച്ചു. തുടര്‍ന്നാണ് ചീട്ടുകൊട്ടാരം പോലെ സോഷ്യലിസ്റ്റ് സ്വപ്‌നം തകര്‍ന്നത്. തീര്‍ച്ചയായും സാമ്രാജ്യത്വവും അവരുടെ റോള്‍ നിര്‍വ്വഹിച്ചു എന്നു മാത്രം. ജനാധിപത്യാവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങളെ അതിഭീകരമായ രീതിയിലാണ് എല്ലാ സര്‍ക്കാരുകളും നേരിട്ടത്. എന്നാലും വിജയിച്ചത് ജനാധിപത്യം തന്നെ. ഈ ചരിത്രയാഥാര്‍ത്ഥ്യത്തെ സത്യസന്ധമായി പരിശോധിക്കാതെയാണ് സാമ്രാജ്യത്വത്തെ മാത്രം വില്ലനാക്കി ഇവിടെ ആഘോഷങ്ങള്‍ നടക്കുന്നത്. സ്റ്റാലിനെ വെറും പാവമായും ചിത്രീകരിക്കുന്നത്. മാത്രമല്ല പല പുതിയ രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലെത്തുന്നുണ്ട് എന്ന് ബ്രസീല്‍, വെനിസ്വേല, ബൊളീവിയ, ഉറുഗ്വേ, ഇക്വഡോര്‍, നിക്കരാഗ്വ തുടങ്ങിയ രാജ്യങ്ങളെ ചൂണ്ടികാട്ടി പലരും അവകാശപ്പെടുന്നതു കാണുമ്പോള്‍ ചിരിവരുന്നു.
ഇന്നോളം പരീക്ഷിക്കപ്പട്ട ഭരണരൂപങ്ങളില്‍ തമ്മില്‍ മെച്ചമായ ജനാധിപത്യ സംവിധാനത്തോടുള്ള നിഷേധാത്മക നിലപാടു തന്നെയാണ് കമ്യൂണിസ്റ്റുകാരുടെ പ്രധാന പ്രശ്‌നം. സത്യത്തില്‍ അതും മാര്‍ക്‌സില്‍ നിന്നാരംഭിക്കുന്നുണ്ട്. പാരീസ് കമ്യൂണ്‍ കാലത്ത് അധികാരം തിരിച്ച് ജനങ്ങളിലേക്ക് തിരികെ സ്വാംശീകരിക്കന്നതിനെ കുറിച്ച് മാര്‍ക്‌സ് പറഞ്ഞു. എന്നാല്‍ ആ പരീക്ഷണത്തിന്റെ പരാജയമായിരിക്കാം മാര്‍ക്‌സിനേയും ശകതമായ പാര്‍ട്ടിയും ഏകപാര്‍ട്ടി സംവിധാനവും എന്ന സങ്കല്‍പ്പത്തിലേക്ക് എത്തിച്ചത്. അതാണ് കമ്യൂണിസ്റ്റുകാരെല്ലാം പിന്തുടര്‍ന്നത്. 200 വര്‍ഷത്തെ അനുഭവങ്ങള്‍ക്കുശേഷവും ഈ തെറ്റ് തിരുത്താന്‍ ഇന്ത്യയിലടക്കമുള്ള കമ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നില്ല. അതിനാല്‍ തന്നെ മാര്‍ക്‌സിന്റെ വരുംകാല പ്രസക്തി എത്രത്തോളമെന്ന് കാത്തിരുന്നു കാണേണ്ടിവരും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in