മഹാബലിയുടെ അവതാരങ്ങള്‍
പി രണ്‍ജിത് ‘മഹാബലിയെപ്പോലൊരു നായകന് ഇങ്ങിനെ പരിഹാസ്യമായൊരു രൂപം പത്രങ്ങളും ചാനലുകളും ഉണ്ടാക്കിക്കൊടുത്തിട്ടുള്ളത് ഒട്ടും ശരിയല്ല’. ‘കഴിഞ്ഞ വര്‍ഷം തന്നെ ഞങ്ങള്‍ ഏതാനും കാര്ട്ടൂണിസ്റ്റുകള്‍ ചേര്‍ന്ന് മഹാബലിക്ക് ഉചിതമായൊരു രൂപം നല്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് ഒരു നിവേദനം നല്കിയതാണ്. അവരത് പരിഗണിച്ചില്ല.’ സുഹൃത്സംഘത്തിന്റെ ചര്‍്ച്ചയില്‍ പല അഭിപ്രായങ്ങള്‍ ഉയര്‍ന്നു. വിവിധ സാമൂഹ്യരാഷ്ട്രീയ സംഘടനകളില്‍ പ്രവര്‍ത്തിച്ചവരും പ്രവര്‍ത്തിച്ചു കഴിഞ്ഞവരുമായിരുന്നു, ചര്‍ച്ചായോഗത്തില്‍. അറുപതു വര്‍ഷക്കാലത്തെയെങ്കിലും കേരളത്തിലെ സാംസ്‌കാരിക ലോകം ശ്രദ്ധിച്ചവര്ക്ക് മഹാബലിയുടെ രൂപപരിണാമങ്ങള്‍ കൗതുകമായിട്ടുണ്ട്, അത്ഭുതമായിട്ടുണ്ട്, പലര്‍ക്കും അരിശം വന്നിട്ടുമുണ്ട്. ദേശീയോത്സവമായി […]
പി രണ്‍ജിത്
‘മഹാബലിയെപ്പോലൊരു നായകന് ഇങ്ങിനെ പരിഹാസ്യമായൊരു രൂപം പത്രങ്ങളും ചാനലുകളും ഉണ്ടാക്കിക്കൊടുത്തിട്ടുള്ളത് ഒട്ടും ശരിയല്ല’.
‘കഴിഞ്ഞ വര്‍ഷം തന്നെ ഞങ്ങള്‍ ഏതാനും കാര്ട്ടൂണിസ്റ്റുകള്‍ ചേര്‍ന്ന് മഹാബലിക്ക് ഉചിതമായൊരു രൂപം നല്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് ഒരു
നിവേദനം നല്കിയതാണ്. അവരത് പരിഗണിച്ചില്ല.’
സുഹൃത്സംഘത്തിന്റെ ചര്‍്ച്ചയില്‍ പല അഭിപ്രായങ്ങള്‍ ഉയര്‍ന്നു. വിവിധ
സാമൂഹ്യരാഷ്ട്രീയ സംഘടനകളില്‍ പ്രവര്‍ത്തിച്ചവരും പ്രവര്‍ത്തിച്ചു കഴിഞ്ഞവരുമായിരുന്നു, ചര്‍ച്ചായോഗത്തില്‍. അറുപതു വര്‍ഷക്കാലത്തെയെങ്കിലും കേരളത്തിലെ സാംസ്‌കാരിക ലോകം ശ്രദ്ധിച്ചവര്ക്ക് മഹാബലിയുടെ രൂപപരിണാമങ്ങള്‍ കൗതുകമായിട്ടുണ്ട്, അത്ഭുതമായിട്ടുണ്ട്, പലര്‍ക്കും അരിശം വന്നിട്ടുമുണ്ട്.
ദേശീയോത്സവമായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞ ഓണത്തിന്റെ നായകന്
എന്തേ ഇങ്ങിനെ പരിഹാസരൂപങ്ങള്‍ ? രാജ്യം നഷ്ടപ്പെട്ട രാജാക്കന്മാര്‍ കളിപ്പാട്ടമായി തീരാറുണ്ട്, എല്ലായിടത്തും. അധികാരം നഷ്ടപ്പെട്ട ഭരണാധികാരി ജനങ്ങളുടെ കളിപ്പന്തായി മാറേണ്ടത്, അധികാര ബന്ധങ്ങളെ തലതിരിച്ചിടേണ്ടത്, ഇന്ന് ജനാധിപത്യത്തിന്റെ അനിവാര്യതയാണ്. എന്നാല്‍ മഹാബലിയുടെ സ്ഥാനം കേരളത്തില്‍ അങ്ങിനെയല്ലല്ലോ. അധികാരം നഷ്ടപ്പെട്ടെങ്കിലും ഏതാനും ദിവസത്തേക്ക് വീണ്ടും അധികാരത്തിലെത്തുകയാണല്ലോ, ജനമനസ്സില്‍. നീണ്ട കാലമായി മലയാളികള്‍ പറഞ്ഞു വരുന്ന മഹാബലി കഥയും പരസ്യങ്ങളിലെയും കോമഡി ഷോകളിലെയും നായകന്റെ ശരീരഭാഷയും തമ്മില്‍ വലിയ വൈരുദ്ധ്യമുണ്ട്.
1940കളിലും 50കളിലും വൈലോപ്പിളളിയും ഇടശ്ശേരിയും മറ്റും, പ്രതീക്ഷയുറ്റ രാഷ്ട്രീയ സ്വപ്നങ്ങളോടെ കേരളത്തെ വിഭാവനം ചെയ്ത കാലത്ത്, മഹാബലി വെണ്‍താടിയുള്ള, വിരിഞ്ഞ കണ്ണും തൂമന്ദഹാസവുമുളള ദൃഢകായനായ ഒരു രക്ഷാപുരുഷ സങ്കല്പമായിരുന്നു. ‘വെണ്‍നുരപോല്‍ നറുപുഞ്ചിരി’ ഉള്ളവരും ‘നിറന്നൊരു വെള്ളത്താടി വളര്‍ന്നവരു’മാണ് ഓണപ്പാട്ടുകാരിലെ (1953) വിശ്വം ഭരിച്ച മന്നവര്‍മന്നനും മന്ത്രിമാരും.
‘ഓണപ്പുതുവെയില്ത്താടിയും, നല്‍ത്തെളി
വാനത്തിനൊത്ത വിരിഞ്ഞ കണ്ണും
തുമ്പ മലരൊളിത്തൂമന്ദഹാസവും
തമ്പുരാന്‍ മാബലി തന്നെയല്ലോ’ (കുന്നിമണികള്‍ 1953)
എന്ന് വൈലോപ്പിള്ളി. അല്പം വര്‍ഷങ്ങള്‍ക്കുമുമ്പ്, അടിയാത്തിയുടെ പഴം
കുടിലില്‍ എഴുന്നള്ളിയ മാബേലിത്തമ്പുരാനെ കടത്തനാട്ട് മാധവിയമ്മ കണ്ടത്
ഇങ്ങിനെയാണ്.
‘മണികണ്ടു കണ്ടു ഞാന്‍ കമ്രമാമ
ക്കനകകോടീരവും തെച്ചിപ്പൂവും
ഉടയും വെണ്താടിയും കാല്‍ച്ചിലമ്പും
കുടയും കിലുങ്ങുമ പ്പൊന്മണിയും’ (1947)
കോഴിക്കോടിനു വടക്കുള്ള മലയസമുദായത്തിന്റെ ഓണേശ്വരന്‍ അഥവാ
ഓണപ്പൊട്ടന്‍ എന്ന ചെറുതെയ്യമാണ് മാധവിയമ്മയുടെ ഭാവനയിലെ മഹാബലി.
കുറച്ചുകൂടി കാലം മുമ്പ് കപ്പന കണ്ണന്‍ മേനോന്‍ ചെറുകഥയില്‍ മഹാബലിയെ വര്‍്ണിക്കുന്നതും ഒരു രക്ഷാപുരുഷനായിട്ടു തന്നെ. വെണ്‍ചാമരപോലുള്ള താടി രോമം അരവരെ നീണ്ടു ചുരുണ്ട് ആ താടിക്കാരന്റെ വാര്‍ധക്യത്തെ വ്യക്തമായി സൂചിപ്പിച്ചു എങ്കിലും അദ്ദേഹത്തിന്റെ ആനക്കൊമ്പുകൊണ്ടു വാര്‍ത്തെടുത്തതു പോലുള്ള കയ്യും കഴുത്തും അദ്ദേഹം ദൃഢഗാത്രനായൊരു മഹാശക്തനാണെന്നു തെളിവുകൊടുപ്പാനായി തെയ്യാറുണ്ടായിരുന്നു.’
(‘കഴിഞ്ഞ ആണ്ടിലെ തിരുവോണദിവസം: ഒരു കേരളീയന്നുണ്ടായ അത്യാശ്ചര്യകരമായ ഒരനുഭവം അഥവാ യഥാര്‍ഥ മഹാബലി’ 1928)
മേല്‍ജാതി, കീഴ്ജാതി, ധനിക ദരിദ്ര വ്യത്യാസങ്ങളില്ലാതെ ജനങ്ങളെ
കാണുന്ന ഈ പിതൃസങ്കല്പം അന്നത്തെ കേരളീയതക്ക് വളരെയേറെ
വിലപ്പെട്ടതായിരുന്നു. മറ്റു പല ദളിത് ആഖ്യാനങ്ങളും അരികുകളിലേക്ക്
തള്ളിമാറ്റപ്പെട്ടപ്പോഴും മലബാറിലെ മലയരുടെ ദൃശ്യാഖ്യാനമായ
ഓണപ്പൊട്ടനാണ് മഹാബലിസങ്കല്പത്തിന് ശരീരം നല്‍കിയതെന്ന്
ശ്രദ്ധിക്കുക.
എന്നാല്‍ 20ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ തന്നെ വൃദ്ധനെങ്കിലും ദൃഢഗാത്രനായ മഹാബലിക്ക് നേര്‍വിപരീതമായ ഒരു ശരീരഭാഷ കാര്‍ട്ടൂണുകളില്‍ രൂപം കൊണ്ടു തുടങ്ങുന്നതു കാണാം. 1947 ലെയും 1950 ലെയും ഈ കാര്‍ട്ടൂണുകളില്‍ മഹാബലി ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ രൂപഭാവങ്ങളിലാണ് സങ്കല്പിക്കപ്പെടുന്നത്.
വിക്രമന്റെ ആക്ഷേപഹാസ്യനാടകത്തിന് എം.വി.ദേവന്‍ നല്‍കിയ ഇലസ്‌ട്രേഷന്‍ കാണുക. കുടവയറും കുറിയ കൈകാലുകളുമുള്ള ഈ രൂപം വെളുത്ത താടിയുള്ള ദൃഢഗാത്രന് വിപരീതമായി സൃഷ്ടിക്കപ്പെട്ടതുതന്നെ. വിക്രമന്റെ ഭാവന ഉള്‍ക്കൊള്ളാന്‍ താന്‍ ബോധപൂര്‍വ്വം ശ്രമിച്ചതാണെന്ന് ദേവന്‍.
1960കള്‍ക്കു ശേഷം മഹാബലിയുടെ താടിയുള്ള ദൃഢഗാത്രം ഓര്‍മകളില്‍
നിന്നും മറഞ്ഞുപോയി. കാര്‍ട്ടൂണ്‍ മഹാബലിയാകട്ടെ ഏറെ ജനപ്രിയമായി.
പത്രത്താളുകളില്‍ നിന്നിറങ്ങി അത് ഉമ്മറച്ചുവരുകളിലും തുണിക്കടകളിലും
സ്‌റ്റേജ് ഷോകളിലും സ്ഥാനം പിടിച്ചു.
എന്നാല്‍ വ്യത്യസ്ഥമായി ചിന്തിക്കാനുള്ള ശ്രമങ്ങള്‍ എല്ലാ കാലത്തും ഉണ്ടാകാറുണ്ട്. പഴയ രക്ഷാപുരുഷന്റെ പുനരാവിഷ്‌കരണമല്ലെങ്കിലും
കഥയിലെ നായകന് ഉചിതമായൊരു രൂപം തെരയുന്നവരുണ്ട്. ആര്‍ട്ടിസ്റ്റ്
നമ്പൂതിരി 2005 ല്‍ വരച്ച ഈ ചിത്രം മലയാളമനോരമ പത്രത്തിന്റെ ഒന്നാം
പേജില്‍ തന്നെ വന്നിരുന്നു. പുരാണ കഥാപാത്രങ്ങളെ കുറിച്ചുള്ള തന്റെ
ധാരണക്കനുസരിച്ച് രൂപം കൊടുത്തതാണ് ചിത്രമെന്ന് നമ്പൂതിരി.
ലക്ഷകണക്കിനുപേര്‍ കണ്ടിരിക്കാമെങ്കിലും പിന്നീടത് മഹാബലിരൂപമായി തിരിച്ചറിയപ്പെട്ടില്ല. ഓണക്കച്ചവടത്തിന് ഏറ്റവും യോജിച്ചത് കാര്‍ട്ടൂണ്‍ രൂപം തന്നെയാണ് എന്നതു മാത്രമല്ല ഇതിനു കാരണം.
ആദ്യത്തെ രക്ഷാസങ്കല്‍പ്പം നേര്‍വിപരീതമായ രൂപമായിത്തീര്‍ന്നതിനു പിന്നില്‍ സമൂഹത്തിന്റെ ഒരു രാഷ്ട്രീയസ്വപ്‌നവും യാഥാര്‍ഥ്യത്തോട് ഏറ്റുമുട്ടിയപ്പോഴുള്ള അതിന്റെ തകര്‍ച്ചയും വായിച്ചെടുത്തുകൂടെ? കേരളത്തില്‍ രൂപംകൊണ്ട ജനാധിപത്യ ഭരണത്തില്‍ മലയാളികള്‍ക്കുള്ള പ്രതീക്ഷയുടെ പ്രതീകമായിരുന്നു പുഞ്ചിരിയും വിരിഞ്ഞ കണ്ണും വെളുത്ത താടിയും ഉള്ള ആ ദൃഢഗാത്രം. പക്ഷേ 1956 മുതല്‍ നാം കാണുന്നത് നേര്‍വിരുദ്ധമായ രാഷ്ട്രീയരൂപങ്ങളെയാണ്. പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ ശരീരഭാഷയില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ മഹാബലിയെ കണ്ടെത്തിയത് കേവലം തമാശയായല്ല. പഴയ സ്വപ്നം വീണ്ടും ഓര്‍ക്കാന്‍ പോലുമാകാത്ത തരത്തില്‍ കേരളരാഷ്ട്രീയം മാറിക്കഴിഞ്ഞു. ജാതി, മതം, സമ്പത്ത് എന്നിവയുടെ വേര്‍തിരിവുകള്‍ക്ക് അതീതമായി സമത്വത്തിന്റെ ഒരു നേതൃത്വ സങ്കല്പം മലയാളി എങ്ങിനെ സ്വപ്നം കാണും?
ഓണകാലത്തെ ടിവി, കോമഡി ഷോകളിലോ ദേ മാവേലി കൊമ്പത്ത്് പോലുള്ള ആല്‍ബങ്ങളിലോ മാവേലിയായി വേഷമിടുന്ന ഡ്യൂപ്പുകളെ
നോക്കുക. നായകന്റെ അപരനായ ഹാസ്യകഥാപാത്രത്തിന്റെ ഡ്യൂപ്പുകള്‍ക്കാണ്
മഹാബലിവേഷം. തൃശൂരിലെ പുലിക്കളിയിലും കുടവയറുള്ള നായകന്മാര്‍ ധാരാളം.
പൊതുവില്‍ ഓണക്കാലത്തെ ആണത്ത (masculintiy)ത്തിന്റെ ശരീരഭാഷ
മഹാബലിയുടെ കാര്‍ട്ടൂണ്‍ രൂപത്തിനനുസൃതമായി നാം പുനര്‍നിര്‍വചിക്കുന്നുണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in