പൈറേറ്റ് പാര്‍ട്ടി മത്സരിക്കുമ്പോള്‍

ലോകത്തിന്റെ പല ഭാഗത്തും ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുള്ള പൈറേറ്റ് പാര്‍ട്ടി ഇക്കുറി കേരളത്തിലും മത്സരിക്കുന്നു. പുതിയ ചലനങ്ങളോട് എപ്പോഴും മുഖം തിരിച്ചുനിന്ന് പാരമ്പര്യം മാത്രമുള്ള കേരളീയ മുഖ്യധാരാ സമൂഹം അതേ കുറിച്ചറിയുന്നില്ലെങ്കിലും ഈയവസരം തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള അവസരമായാണ് പൈറേറ്റ് പാര്‍ട്ടി കാണുന്നത്. തിരുവനന്തപുരത്താണ് പാര്‍ട്ടി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ മത്സരിക്കുന്നത്. പകര്‍പ്പവകാശത്തിന്റെ പേരില്‍ സാഹിത്യം, സംഗീതം, ചലച്ചിത്രം, വീഡിയോ,സോഫ്‌ട്വെയര്‍ തുടങ്ങിയ അറിവിന്റെ വിവിധ മേഖലകളെ ചില കമ്പനികളുടെയും വ്യക്തികളുടെയും കൈകളിലേക്ക് കൊണ്ടുവരുന്നതിനെതിരെയാണ് പൈറേറ്റുകളുടെ പ്രധാന […]

praveenലോകത്തിന്റെ പല ഭാഗത്തും ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുള്ള പൈറേറ്റ് പാര്‍ട്ടി ഇക്കുറി കേരളത്തിലും മത്സരിക്കുന്നു. പുതിയ ചലനങ്ങളോട് എപ്പോഴും മുഖം തിരിച്ചുനിന്ന് പാരമ്പര്യം മാത്രമുള്ള കേരളീയ മുഖ്യധാരാ സമൂഹം അതേ കുറിച്ചറിയുന്നില്ലെങ്കിലും ഈയവസരം തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള അവസരമായാണ് പൈറേറ്റ് പാര്‍ട്ടി കാണുന്നത്. തിരുവനന്തപുരത്താണ് പാര്‍ട്ടി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ മത്സരിക്കുന്നത്.

പകര്‍പ്പവകാശത്തിന്റെ പേരില്‍ സാഹിത്യം, സംഗീതം, ചലച്ചിത്രം, വീഡിയോ,സോഫ്‌ട്വെയര്‍ തുടങ്ങിയ അറിവിന്റെ വിവിധ മേഖലകളെ ചില കമ്പനികളുടെയും വ്യക്തികളുടെയും കൈകളിലേക്ക് കൊണ്ടുവരുന്നതിനെതിരെയാണ് പൈറേറ്റുകളുടെ പ്രധാന പ്രവര്‍ത്തനണ്ഡലം. രാജ്യത്തുടനീളം പൈറസി മൂവ്‌മെന്റ് എന്ന ബാനറിനുകീഴില്‍ നവമാധ്യമങ്ങളില്‍ സജീവമായിരിക്കുന്നവരാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. മനുഷ്യസമൂഹത്തിന്റെ പൊതുസ്വത്തായ അറിവിന്റെ കുത്തകവല്‍ക്കരണത്തെ തടഞ്ഞ് ജനാധിപത്യവല്‍ക്കരിക്കുക എന്നതാണ് പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം. പൈറസി തങ്ങളുടെ അവകാശമാണെന്നും ഇവര്‍ പ്രഖ്യാപിക്കുന്നു.
ഐസ്‌ലാന്റിലും സ്വീഡനിലും മറ്റുമാണ് പൈറേറ്റ് പാര്‍ട്ടി ശക്തമായിട്ടുള്ളത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യാപനം, പകര്‍പ്പവകാശങ്ങളുടെ പരിഷ്‌കാരം തുടങ്ങിയ മേഖലകളില്‍ 2006 മുതല്‍ ഈ പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നു. ഐസ്ലാന്റില്‍ 2013 ലെ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും മൂന്ന് പ്രതിനിധികളെ ദേശീയ പാര്‍ലമെന്റായ അല്‍തിങിലേക്കയക്കാനും ഇവര്‍ക്ക് സാധിച്ചു. ആദ്യമായാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ പ്രതിനിധികള്‍ ഏതെങ്കിലും ദേശീയ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 5.1 ശതമാനം വോട്ടുകളാണ് ഇവര്‍ക്കു ലഭിച്ചത്. പൈററ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയും കവിയുമായ ബ്രിജിറ്റ ജോണ്‍സ്‌ജോറ്റിര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിറ്റിസണ്‍സ് മൂവ്‌മെന്റ് എന്ന ബാനറില്‍ മത്സരിച്ച് പാര്‍ലമെന്റിലെത്തിയിരുന്നു. ഇന്റര്‍നെറ്റ് പ്രചരണത്തിലൂടെ ‘കുത്തകകളുടെ രാഷ്ട്രീയത്തിലെ താത്പര്യങ്ങള്‍’ വെളിപ്പെടുത്തിയത് അവര്‍ക്ക് ഏറെ രാഷ്ട്രീയ പിന്തുണ ലഭിക്കുന്നതിനിടയാക്കി. 2009 ലെ തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറാന്‍ സഹായിച്ച ഇടത് ഹരിത പ്രസ്ഥാനങ്ങളുടെ വോട്ടുകള്‍ ധാരാളമായി ചോരുകയും ചെയ്തു. 2006 ല്‍ സ്വീഡനില്‍ ആദ്യ പൈറേറ്റ് പാര്‍ട്ടി രൂപവത്കരിച്ച ശേഷം ആസ്ട്രിയ, ഡെന്മാര്‍ക്, ജര്‍മനി, ഐസ്ലാന്‍ഡ്, ചെക് റിപ്പബഌക് എന്നീ രാജ്യങ്ങളിലടക്കം പാര്‍ലമെന്റ് അംഗങ്ങളുള്ള പൈറേറ്റ് പാര്‍ട്ടികള്‍ക്ക് യൂറോപ്യന്‍ യൂനിയനിലും ഇപ്പോള്‍ പ്രാതിനിധ്യമുണ്ട്.
നവജനാധിപത്യ പ്രക്ഷോഭമായ അറബ് വസന്തത്തിന് തുടക്കം കുറിച്ച ടുണീഷ്യയില്‍ 2011 ല്‍ പൈറേറ്റ് പാര്‍ട്ടിയംഗം മന്ത്രിവരെയായി.
ടെക്‌നോളജിയുടെയും ആശയങ്ങളുടെയും ലോകത്ത് പൈറസി എന്ന് വിളിക്കുന്ന അനുമതികൂടാതെയുള്ള പകര്‍പ്പ് സംബന്ധിച്ച പ്രശ്‌നങ്ങള്‍, സ്വതന്ത്രവിജ്ഞാനം, ഡിജിറ്റല്‍ അവകാശങ്ങള്‍, പ്രത്യക്ഷ ജനാധിപത്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവ ഉന്നയിക്കുന്ന സ്വീഡനിലും ജര്‍മനിയിലും സജീവമായിട്ടുള്ള പൈറേറ്റ് മൂവ്‌മെന്റിലാണ് ഇന്ത്യയിലും കേരളത്തിലും തങ്ങളുടെ വേരുകളെന്ന് പാര്‍ട്ടി വക്താക്കള്‍ അവകാശപ്പെടുന്നു.
2013ല്‍ പ്രസ്ഥാനത്തിന് തുടക്കമിട്ട അഞ്ച് സുപ്രധാന അംഗങ്ങളില്‍ ഒരാളാണ് പാലക്കാട് സ്വദേശിയായ പ്രവീണ്‍. ‘ഞങ്ങള്‍ രാഷ്ട്രീയത്തില്‍ ഒരു കൈനോക്കാന്‍ തീരുമാനിച്ചെങ്കിലും, യഥാര്‍ത്ഥത്തില്‍ പൈറസി മൂവ്‌മെന്റ് ആരംഭിക്കുന്നത് സ്വതന്ത്ര സോഫ്റ്റ് വെയറിനെ പ്രോത്സാഹിപ്പിക്കാനാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ലോകത്ത് ഞങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ഞങ്ങളുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചാരം നല്‍കുന്നതിനുള്ള ക്യാംപയിന് നിലമൊരുക്കുകയുമാണ് ഉദ്ദേശ്യം. കേരളത്തില്‍ നടത്തിയ ഒരുമാസത്തെ പൈറേറ്റ് സൈക്കിളിംങ് ക്യാംപയിന്‍ അത്തരത്തിലൊരു പ്രചരണപരിപാടിയായിരുന്നു..’ അദ്ദേഹം പറയുന്നു.
2 വര്‍ഷം മുമ്പ് നടന്ന ആദ്യത്തെ കാമ്പയിനുശേഷം ചില അംഗങ്ങള്‍ പിന്തുണക്കാതിരുന്നത് കൊണ്ട് പ്രസ്ഥാനം ഗതിവേഗമാര്‍ജിച്ചില്ല. പ്രസ്ഥാനത്തെ പുതുക്കിപ്പണിയാനുള്ള രണ്ടാമത്തെ പരിശ്രമവും ഫലവത്തായില്ല. ആറ് മാസം മുന്‍പാണ് പ്രവീണും ഒരു ഏഴംഗസംഘവും പ്രസ്ഥാനം പുനസംഘടിപ്പിച്ചതും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതും.
പാര്‍ട്ടി ഘടനയെ കുറിച്ച് പ്രവീണ്‍ പറയുന്നതിങ്ങനെ. ‘എല്ലാ രാഷ്ട്രീയപാര്‍ട്ടിയിലും നേതാക്കളും അനുയായികളുമുണ്ട്. ഞങ്ങള്‍ അത്തരത്തിലുള്ള ശ്രേണീബദ്ധതയില്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ട് ഈ പാര്‍ട്ടിക്ക് സെക്രട്ടറിയും പ്രസിഡന്റുമില്ല. തീരുമാനങ്ങളെടുക്കുന്നതില്‍ നേരിട്ട് പങ്കാളിത്തം വഹിക്കുന്ന സ്ഥിരം അംഗങ്ങള്‍ ആണ് ഞങ്ങള്‍. സിദ്ധാന്തപരമായി എല്ലാ അംഗങ്ങളും തുല്യരാണെന്ന് മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ പറയുമ്പോള്‍ അത് പ്രായോഗികമാക്കാറില്ല. ഞങ്ങളുടെ പ്രസ്ഥാനത്തെക്കുറിച്ച് നാട്ടുകാരെ അറിയിക്കുന്നതിനുള്ള ഒരു മാധ്യമമായിട്ടാണ് ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. അതുവഴി പരമാവധി പിന്തുണയാര്‍ജിക്കാനും ആത്യന്തികമായി പാര്‍ട്ടിയെ ശക്തിപ്പെടുത്താനും’
പൈറേറ്റ് പാര്‍ട്ടിയ്ക്ക് ഇതുവരേയും രജിസ്‌ട്രേഷന്‍ ആയിട്ടില്ല. രാഷ്ട്രീയത്തിലുളള അനുഭവക്കുറവ് കണക്കിലെടുത്തുകൊണ്ട് തെരഞ്ഞെടുപ്പ് വിജയം ഒരു ലക്ഷ്യമായി പ്രവീണ്‍ കണ്ടിട്ടില്ല. പൈറസി, ഡിജിറ്റല്‍ അവകാശങ്ങള്‍ എന്നിവയിലൂന്നിയാണ് പ്രസ്ഥാനത്തിന് രൂപം നല്‍കിയതെങ്കിലും സമത്വം, പങ്കാളിത്ത ജനാധിപത്യം, സുതാര്യത എന്നിവ പാര്‍ട്ടിയുടെ അടിസ്ഥാന പ്രമാണങ്ങളാണെന്നും പ്രവീണ്‍ പറയുന്നു.
”ഞങ്ങള്‍ നടത്തുന്ന ചര്‍ച്ചകളെല്ലാം പൊതുമണ്ഡലത്തില്‍ ലഭ്യമാണ് എന്നതാണ് ഞങ്ങളെ മറ്റുള്ള രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്. പാര്‍ട്ടി ഓഫിസുപോലെയുള്ള സംവിധാനങ്ങളൊന്നുമില്ലാത്ത പാര്‍ട്ടിയാണ് ഇത്. അതിനാല്‍ ഭൗതികമായ സ്ഥലത്തിന്റെ അഭാവം ഞങ്ങള്‍ മറികടക്കുന്നത് ഓണ്‍ലൈന്‍ ആശയവിനിമയങ്ങളിലൂടെയാണ്. ഇന്‍ഡ്യന്‍ പൈറേറ്റ് പാര്‍ട്ടിക്ക് ഇടതുവലതുമുന്നണികളെപ്പോലെ തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോയുമില്ല. പകരം പാര്‍ട്ടിയുടെ തത്വങ്ങളും ഭരണഘടനയും അത് പ്രസിദ്ധീകരിക്കും. നങ്കൂരവും കടല്‍ക്കൊള്ളക്കാരുടെ പതാകയുമാണ് ഔദ്യോഗിക ചിഹ്നമെങ്കിലും പൈറേറ്റുകള്‍ കടലില്‍വെച്ചായാലും, കരയില്‍ വെച്ചായാലും ആരെയും കൊള്ളയടിക്കുന്നതില്‍ തല്‍പരരല്ല.”

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply