ജീര്‍ണതയുടെയും അപചയത്തിന്റെയും വിലയാണ് രാഷ്ട്രം നല്‍കുന്നത്

അഡ്വ. എ ജയശങ്കര്‍                  നമ്മുടെ നീതിന്യായ സംവിധാനത്തില്‍ നിലനില്‍ക്കുന്ന പല ജീര്‍ണതകളും അപചയവും തുറന്നുകാട്ടുകയാണ് ചീഫ് ജസ്റ്റിസും ജഡ്ജിമാരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസം. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സ് (ഐഎഎല്‍) പോലെയുള്ള അഭിഭാഷക സംഘടനകള്‍ കാലാകാലങ്ങളായി ചൂണ്ടിക്കാണിച്ചുകൊണ്ടിരിക്കുന്നതാണിവ. നമ്മുടെ നീതിന്യായ സംവിധാനം അടഞ്ഞ ഒന്നാണ് ഇതിന് യാതൊരു സുതാര്യതയിലില്ല. ഇവിടെ നടക്കുന്ന ദുഷ്ടതകള്‍ അല്ലെങ്കില്‍ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്നതിന് സ്വതന്ത്രമായ ഒരു സംവിധാനവുമില്ല. മാധ്യമങ്ങള്‍ക്കും ഇക്കാര്യത്തില്‍ വലിയ പരിമിതികള്‍ ഉണ്ട്. നീതിന്യായ സംവിധാനത്തിന്റെ ജീര്‍ണതകളും അപചയങ്ങളും ചൂണ്ടിക്കാണിക്കുന്നത് കോടതിയലക്ഷ്യത്തിന്റെ […]

sssഅഡ്വ. എ ജയശങ്കര്‍                 

നമ്മുടെ നീതിന്യായ സംവിധാനത്തില്‍ നിലനില്‍ക്കുന്ന പല ജീര്‍ണതകളും അപചയവും തുറന്നുകാട്ടുകയാണ് ചീഫ് ജസ്റ്റിസും ജഡ്ജിമാരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസം. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സ് (ഐഎഎല്‍) പോലെയുള്ള അഭിഭാഷക സംഘടനകള്‍ കാലാകാലങ്ങളായി ചൂണ്ടിക്കാണിച്ചുകൊണ്ടിരിക്കുന്നതാണിവ. നമ്മുടെ നീതിന്യായ സംവിധാനം അടഞ്ഞ ഒന്നാണ് ഇതിന് യാതൊരു സുതാര്യതയിലില്ല. ഇവിടെ നടക്കുന്ന ദുഷ്ടതകള്‍ അല്ലെങ്കില്‍ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്നതിന് സ്വതന്ത്രമായ ഒരു സംവിധാനവുമില്ല. മാധ്യമങ്ങള്‍ക്കും ഇക്കാര്യത്തില്‍ വലിയ പരിമിതികള്‍ ഉണ്ട്. നീതിന്യായ സംവിധാനത്തിന്റെ ജീര്‍ണതകളും അപചയങ്ങളും ചൂണ്ടിക്കാണിക്കുന്നത് കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍പെടും. ചൂണ്ടിക്കാണിക്കുന്ന മാധ്യമങ്ങള്‍ പലപ്പോഴും കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരും. കുപ്രസിദ്ധമായ ഒരു ഉദാഹരണം മൈസൂര്‍ ലൈംഗികാരോപണം ആയിരുന്നു. കര്‍ണാടക ഹൈക്കോടതിയിലെ മൂന്ന് ന്യായാധിപന്മാര്‍ മുന്‍സിഫുമാരായി നിയമനം കിട്ടിയ ഏതാനും വനിതാ അഭിഭാഷകരോടൊപ്പം മൈസൂരിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ മുറിയെടുത്ത് താമസിച്ചു എന്ന വാര്‍ത്ത രാജ്യത്ത് പ്രധാനപ്പെട്ട പത്രമാധ്യമങ്ങളൊക്കെ റിപ്പോര്‍ട്ട് ചെയ്തു. അതിനെതുടര്‍ന്ന് വലിയ വിവാദമുണ്ടാവുകയും മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി ഇതിനെ കുറിച്ച് അന്വേഷണം നടത്തി അന്വേഷണത്തില്‍ സംഭവം അടിസ്ഥാനരഹിതമാണെന്ന് അവര്‍ കണ്ടെത്തി. വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ക്കെതിരെ കോടതിയലക്ഷ്യനടപടികള്‍ ഉണ്ടായി. പിന്നെ എല്ലാ മാധ്യമങ്ങളും മാപ്പു പറഞ്ഞാണ് ആ പ്രശ്നം അവസാനിപ്പിച്ചത്. പിന്നീട് മാധ്യമങ്ങള്‍ ഇത്തരം കാര്യം കൃത്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
പലപ്പോഴും നീതിന്യായ സംവിധാനവുമായി ബന്ധപ്പെട്ട ആ പ്രശ്നങ്ങള്‍ ഉത്തരവാദപ്പെട്ടവര്‍ ചൂണ്ടിക്കാണിക്കാറുണ്ടെങ്കിലും അവരെയൊക്കെ അടിച്ചമര്‍ത്തുന്ന രീതിയാണ് കോടതിയുടെ ഭാഗത്തുനിന്നുഉണ്ടായിട്ടുള്ളത്. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ്, ജസ്റ്റിസ് എ എസ് ആനന്ദ് ചീഫ് ജസ്റ്റിസായിരിക്കെ അദ്ദേഹത്തിന്റെ ഭാര്യക്കും അമ്മായിയമ്മയ്ക്കും താല്‍പ്പര്യമുള്ള ഒരു കേസ് അവര്‍ക്ക് വലിയ വിസ്തീര്‍ണമുള്ള ഒരു ഭൂപ്രദേശം സര്‍ക്കാരില്‍ നിന്നും മിച്ചഭൂമിയായി കണ്ടുകിട്ടിയത് തിരിച്ചുകിട്ടുന്നതിനുള്ളതായിരുന്നു അത്, അതില്‍ വലിയ അഴിമതി നടന്നിട്ടുണ്ട് എന്ന ആരോപണം ഉയര്‍ന്നു. ആ കേസിന്റെ വിചാരണ മൊത്തത്തില്‍ അട്ടിമറിക്കപ്പെട്ടു എന്ന് ഒരു മാധ്യമം, വളരെ കൃത്യമായ തെളിവുകളോടുകൂടിരേഖകള്‍ സഹിതം വാര്‍ത്ത നല്‍കി. ചീഫ് ജസ്റ്റിസ് ആ സ്ഥാപനത്തിനെതിരെ കോടതിയലക്ഷ്യനടപടിയെടുക്കുകയും അവരെ നിശബ്ദരാക്കുകയുമാണ് ചെയ്തത്. അതില്‍ യാതൊരു തുടര്‍നടപടികളും ഉണ്ടായില്ല.
അതേ ചീഫ് ജസ്റ്റിസിന്റെ കാര്യത്തില്‍ തന്നെ വേറൊരു ആരോപണം കൂടി ഉണ്ടായി. ഇന്ത്യ വിഭജനത്തിനു മുമ്പ് പടിഞ്ഞാറന്‍ പഞ്ചാബില്‍ ജനിച്ച ആളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പ്രായം കൃത്യമായി രേഖകളില്‍ ഇല്ലാതെ അദ്ദേഹം പറഞ്ഞതനുസരിച്ചാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ അദ്ദേഹത്തിന് രേഖകളില്‍ പറഞ്ഞിരിക്കുന്നതിലധികം പ്രായമുണ്ടെന്നും റിട്ടയര്‍മെന്റ് പ്രായം കഴിഞ്ഞു എന്നും ഒരു ആരോപണം ഉയര്‍ന്നു. ശാസ്ത്രീയമായ പരിശോധനകളില്‍ നിന്നും രക്ഷപ്പെടാനായി അദ്ദേഹം അണപ്പല്ല് പറിച്ചു എന്നായിരുന്നു ആരോപണം. ഈ ആരോപണങ്ങളൊക്കെ ഉന്നയിച്ചത് ഒരു പ്രസിദ്ധീകരണം മാത്രമല്ല, അന്ന് നിയമമന്ത്രിയായിരുന്ന രാം ജത്മലാനിയും അതില്‍ ഉള്‍പ്പെട്ടിരുന്നു. അദ്ദേഹം നിയമമന്ത്രി മാത്രമായിരുന്നില്ല, രാജ്യത്തെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകരിലൊരാളുകൂടിയാണ് ഈ സമയത്ത്. സുപ്രിംകോടതിയുടെ ഭാഗത്ത് നിന്ന് വളരെ പരുഷമായ പരാമര്‍ശങ്ങള്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഉണ്ടാവുകയും അന്ന് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയി സുപ്രീംകോടതിയുടെ ക്രോധത്തില്‍ നിന്നും രക്ഷപ്പെടാനായി ജത്മലാനിയെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കുകയുമാണ് ഉണ്ടായത്. ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെക്കുറിച്ചൊന്നും വിമര്‍ശനം ഉന്നയിക്കാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല.
ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സ് വളരെക്കാലമായി ഇതുപോലെയുള്ള ജീര്‍ണതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും അഴിമതി ഉണ്ടാകുമ്പോള്‍ വ്യക്തമായി ചൂണ്ടിക്കാണിക്കുകയും അതിനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ ചീഫ് ജസ്റ്റിസായിരിക്കെ ഉയര്‍ന്നുവന്ന ആരോപണങ്ങളെകുറിച്ച് പല വിവാദങ്ങള്‍ ഉണ്ടാവുകയും അദ്ദേഹത്തെ മനുഷ്യാവകാശ കമ്മീഷന്റെ ചെയര്‍മാനായി നിയമിക്കുകയും ചെയ്തപ്പോള്‍ ആദ്യം ശബ്ദമുയര്‍ത്തിയത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സും ആയിരുന്നു. അന്ന് മറ്റ് അഭിഭാഷക സംഘടനകള്‍, പുരോഗമന അഭിപ്രായമുള്ളവരും ഇടതുപക്ഷസംഘടനകളടക്കം ഈ കാര്യത്തില്‍ പുലര്‍ത്തിയ മൗനം അത്ഭുതകരമായിരുന്നു.
ഇപ്പോഴും ഇക്കാര്യത്തെക്കുറിച്ച് ആരും അഭിപ്രായം പറഞ്ഞിട്ടില്ല. ജീര്‍ണതയുടെ നീതിന്യായ സംവിധാനത്തിലെ തെളിവുകൂടിയാണിത്. കഴിഞ്ഞ കുറേ നാളുകളായി ഇത് കൈവിട്ടുപോകുന്ന സ്ഥിതിയിലേക്കെത്തിയിരുന്നു. ജഡ്ജിമാര്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് പരസ്പരം കുറ്റപ്പെടുത്തുകയും ആക്ഷേപിക്കുകയുമൊക്കെ ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു.
അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് മെഡിക്കല്‍ അഴിമതിയുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസായ ദീപക് മിശ്ര തന്നെ ആരോപണവിധേയനായി എന്നതാണ്. അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണം എന്നാവശ്യപ്പെടുന്ന ഹര്‍ജി കോടതിയുടെ മുന്നിലെത്തി. ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ചില്‍ അത് കേള്‍ക്കാന്‍ തീരുമാനിക്കുകയും ഇതറിഞ്ഞ് ചീഫ് ജസ്റ്റിസ് ആ കേസ് വേറെ ബെഞ്ചിലേക്ക് മാറ്റുകയുമാണുണ്ടായത്. ചീഫ് ജസ്റ്റിസിനോട് താല്‍പ്പര്യമുള്ള ബെഞ്ച് അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ അടങ്ങുന്ന ഹര്‍ജി തള്ളി. അതിനെതിരായി കേസിലെ അഭിഭാഷകര്‍ പരസ്യമായി പ്രതിഷേധിച്ചത് വന്‍ വിവാദമായിരുന്നു. എന്നാല്‍ മാധ്യമങ്ങളൊന്നും ഈ വിഷയത്തില്‍ കാര്യമായി ഇടപെട്ടില്ല. നിയമവൃത്തങ്ങളില്‍ വിഷയം വലിയ ചര്‍ച്ചയായിരുന്നു.
ഇപ്പോഴത്തെ ചീഫ്ജസ്റ്റിസിനെ കുറിച്ച് വലിയ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നിയമനം സംബന്ധിച്ചും പ്രവ്യത്തികളെ സംബന്ധിച്ചും പല തീരുമാനങ്ങളെക്കുറിച്ചും വാദം കേട്ടുകൊണ്ടിരിക്കുന്ന കേസ് ഒരു ജഡ്ജിയില്‍ നിന്നും മറ്റൊരു ജഡ്ജിയിലേക്ക് മാറ്റുന്നതും സംബന്ധിച്ചും നിരവധി ആരോപണങ്ങളും ആക്ഷേപങ്ങളും സുപ്രിം കോടതിയുടെ മുന്നില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ദേശീയ മാധ്യമങ്ങളിലെല്ലാം അത് വാര്‍ത്ത ആവുകയും ചെയ്തിരുന്നു. ഇപ്പോള്‍ അത് എല്ലാ സീമകളും ലംഘിച്ച് നാല് ജഡ്ജിമാര്‍ പരസ്യമായി പ്രതികരിക്കുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു.
ജഡ്ജിമാര്‍ ഒരു പത്രക്കുറിപ്പ് ഇറക്കുകയല്ല ചെയ്തത്, ജോലിസമയം കഴിഞ്ഞ് പത്രസമ്മേളനം വിളിക്കുകയുമല്ല ചെയ്തത്. അവര്‍ അത്യാവശ്യ ജോലികള്‍ തീര്‍ത്ത് പ്രവൃത്തിസമയത്ത് തന്നെ പരസ്യമായി കോടതിയില്‍ നിന്നും ഇറങ്ങിവന്ന് ചീഫ്ജസ്റ്റിസിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് പത്രസമ്മേളനം നടത്തുകയായിരുന്നു. സ്പഷ്ടമായ ആരോപണങ്ങളൊന്നും അവര്‍ ഉന്നയിച്ചില്ല. നീതിന്യായ സംവിധാനം മൊത്തത്തില്‍ കുഴപ്പത്തിലായിരിക്കുന്നുവെന്നാണ് അവര്‍ പറഞ്ഞത്. രാജ്യത്തെ ജനാധിപത്യസംവിധാനം തന്നെ അപകടത്തിലാകാന്‍ പോകുന്നു. സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു ജുഡീഷ്യറി ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് വളരെ ആവശ്യമാണ്. അതുകൊണ്ട് ജുഡീഷ്യറിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം രാഷ്ട്രത്തിനാണ്. രാഷ്ട്രത്തിന്റെ ഉത്തരവാദിത്വം ചൂണ്ടിക്കാണിച്ച് അവസാനിപ്പിക്കുകയാണ് ഉണ്ടായത്. വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല. പിന്നീട് അവര്‍ ചീഫ് ജസ്റ്റിസ് നല്‍കിയ കത്ത് പുറത്തുവിടുകയുണ്ടായി. അതിലും വ്യക്തമായ ആരോപണങ്ങളൊന്നുമില്ല. ഏതാനും കേസുകളെകുറിച്ചുള്ള ചില സൂചനകളല്ലാതെ മറ്റൊന്നുംതന്നെയില്ല. അമിത്ഷാക്കെതിരായ കേസ് പരിഗണിക്കേണ്ടിയിരുന്ന ബി എച്ച് ലോയ എന്ന ജഡ്ജിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിലാണോ അഭിപ്രായവ്യത്യാസം ഉണ്ടായതെന്നു ചോദിച്ചപ്പോള്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്ത ജസ്റ്റിസ് രഞ്ജന്‍ ഗോഗയ് ‘അതെ’ എന്ന വ്യക്തമായ ഉത്തരമാണ് നല്‍കിയത്. പലതും സുപ്രീംകോടതിയില്‍ ചീഞ്ഞുനാറുന്നുണ്ടെന്ന് ഇതിലൂടെ വ്യക്തമാണ്. അസാധാരണമായ ഒരു സ്ഥിതിവിശേഷമാണ് ഇവിടെ നിലനില്‍ക്കുന്നത്. സുപ്രീംകോടതി രണ്ട് ചേരികളായി തിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടുന്ന അവസ്ഥയിലാണ്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സ് ഒരു പതിറ്റാണ്ടിലധികമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം ഇപ്പോള്‍ സത്യമാണെന്ന് തെളിഞ്ഞിരിക്കുന്നു. ഇന്ത്യന്‍ നീതിന്യായ സംവിധാനം വളരെയധികം ജീര്‍ണിച്ചിരിക്കുന്നു. വലിയ ഒരു അഴിച്ചുപണി അനിവാര്യമാണ്. അത് ആര്, എങ്ങനെ ചെയ്യുമെന്നുള്ളത് വലിയൊരു സമസ്യയാണ്. ഇവിടെയാണ് പാര്‍ലമെന്റിന്റെ ഇരു സഭകളും 16 നിയമസഭകളും ഐക്യകണ്ഠേന പാസാക്കിയ ദേശീയ ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തിനുവേണ്ടിയുള്ള 99-ാം ഭരണഘടനാ ഭേദഗതിയുടെ പ്രസക്തി. ഈ ഭേദഗതി നിലവില്‍ വന്നിരുന്നെങ്കില്‍ നീതിന്യായ വ്യവസ്ഥയില്‍ അനഭിലഷണീയ പ്രവണതകള്‍ തടയുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനും ഒരുപരിധി വരെ സഹായകമാകുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇതിന്റെ സാധുത സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും ഒന്നിനെതിരെ നാല് ജഡ്ജിമാരുടെ ഭൂരിപക്ഷത്തില്‍ ഭരണഘടനാഭേദഗതി അസ്ഥിരപ്പെടുത്തുകയുമാണ് ഉണ്ടായത്. അതില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സും മറ്റു സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധിച്ചതാണ്. സുപ്രിം കോടതി നടപടി ശരിയായിരുന്നില്ല. ഭരണഘടന ഭേദഗതി ചെയ്യാനുള്ള അവകാശവും അധികാരവും പാര്‍ലമെന്റിലും നിയമനിര്‍മ്മാണ സഭകളിലും നിക്ഷിപ്തമാണ്. അവര്‍ ഐക്യകണ്ഠേന പാസാക്കിയ ഒരു നിയമം അതെഴുതിയ കടലാസിന്റെ വിലപോലുമില്ലാതെ അസ്ഥിരപ്പെടുത്തിയ നടപടി ഭരണഘടനാ വിരുദ്ധമാണ്. പക്ഷേ, അത്തരത്തിലുള്ള എല്ലാ ആവലാതികളും ബധിരകര്‍ണങ്ങളിലാണ് പതിച്ചത്. അതിന്റെ വിലയാണ് ഇപ്പോള്‍ രാഷ്ട്രം കൊടുത്തുകൊണ്ടിരിക്കുന്നത്.

ജനയുഗം – ഐഎഎല്‍ ദേശീയ സെക്രട്ടറി അഡ്വ. എ ജയശങ്കറുമായി പി ആര്‍ റസിയ നടത്തിയ സംഭാഷണത്തില്‍ നിന്ന്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply