കാനം തുറന്ന സംവാദത്തുറസ്സുകള്‍ കോടിയേരി അടച്ചു

ആസാദ് കാനം തുറന്ന സംവാദത്തുറസ്സുകള്‍ കോടിയേരി പതുക്കെ അടച്ചിരിക്കുന്നു. യു എ പി എയ്ക്ക് സിപിഎം എതിരാണ്. വ്യാജ ഏറ്റുമുട്ടലുകളോടും രാജിയില്ല. വിവരാവകാശ നിയമം സംബന്ധിച്ചും തര്‍ക്കമുണ്ടാകേണ്ടതില്ല. മുന്നണിയില്‍ സംസാരിക്കാമല്ലോ. ഇതത്രയും സൗഹൃദപൂര്‍ണമാണ്. ഏതു പ്രമേയത്തിലുമെന്നപോലെ സ്പഷ്ടമാണ് വാക്കുകള്‍. അവ സംവാദത്തിലേയ്ക്കു തുറക്കുമെങ്കില്‍ ചില ചോദ്യപ്പൊടിപ്പുകള്‍ കാണാം. യുഎ പി എയ്ക്ക് എതിരാണെന്ന കോടിയേരിയുടെ വാക്കുകള്‍ വിശ്വസിക്കാം; പിണറായി മന്ത്രിസഭ വന്ന ശേഷം ഒരാളെപ്പോലും യു എ പി എ ചുമത്തി അറസ്റ്റു ചെയ്തിരുന്നില്ലെങ്കില്‍. പക്ഷെ, അനുഭവമതല്ലല്ലോ. […]

kkആസാദ്

കാനം തുറന്ന സംവാദത്തുറസ്സുകള്‍ കോടിയേരി പതുക്കെ അടച്ചിരിക്കുന്നു. യു എ പി എയ്ക്ക് സിപിഎം എതിരാണ്. വ്യാജ ഏറ്റുമുട്ടലുകളോടും രാജിയില്ല. വിവരാവകാശ നിയമം സംബന്ധിച്ചും തര്‍ക്കമുണ്ടാകേണ്ടതില്ല. മുന്നണിയില്‍ സംസാരിക്കാമല്ലോ. ഇതത്രയും സൗഹൃദപൂര്‍ണമാണ്.
ഏതു പ്രമേയത്തിലുമെന്നപോലെ സ്പഷ്ടമാണ് വാക്കുകള്‍. അവ സംവാദത്തിലേയ്ക്കു തുറക്കുമെങ്കില്‍ ചില ചോദ്യപ്പൊടിപ്പുകള്‍ കാണാം. യുഎ പി എയ്ക്ക് എതിരാണെന്ന കോടിയേരിയുടെ വാക്കുകള്‍ വിശ്വസിക്കാം; പിണറായി മന്ത്രിസഭ വന്ന ശേഷം ഒരാളെപ്പോലും യു എ പി എ ചുമത്തി അറസ്റ്റു ചെയ്തിരുന്നില്ലെങ്കില്‍. പക്ഷെ, അനുഭവമതല്ലല്ലോ. ആ അറസ്റ്റുകളെ ഏതു ഗണത്തിലാണ് പെടുത്തുക?
നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലല്ലെന്ന് പൊലീസിനെക്കാള്‍ വാശിയോടെ സ്ഥാപിക്കേണ്ടി വരികയാണ് കോടിയേരിക്ക്. കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന പൊലീസ് ഭാഷ്യമാണ് സാങ്കേതിക ന്യായത്തിന് അടിസ്ഥാനം. രാജ്യത്ത് മുന്‍കാലങ്ങളില്‍ നടന്ന വ്യാജഏറ്റുമുട്ടല്‍ സംഭവങ്ങളില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല നിലമ്പൂരിലേത്. പിടിക്കപ്പെട്ടശേഷമുള്ള വെടിവെപ്പ് കസ്‌റ്ഡിയില്‍ എടുത്തശേഷമല്ല എന്നു ന്യായീകരിക്കുന്നതിന്റെ യുക്തി പരസ്യമായി അന്വേഷിക്കാനുള്ള വഴി കോടിയേരി കാനത്തിനുമുന്നില്‍ അടച്ചുകഴിഞ്ഞു. പക്ഷെ ആ ചോദ്യം ബാക്കിതന്നെയാണ്.
വിവരാവകാശ നിയമം സംബന്ധിച്ചു നേരത്തേയുള്ള നിലപാടില്‍ മാറ്റമില്ലെന്നാണ് കോടിയേരി പറഞ്ഞത്. പക്ഷെ, പിണറായി മന്ത്രിസഭയ്ക്ക് ചില കാര്യങ്ങളൊക്കെ ഒളിച്ചുവച്ചേ പറ്റൂ എന്നു പലവട്ടം വ്യക്തമാക്കിയിട്ടുണ്ടല്ലോ. അതു സംബന്ധിച്ചുള്ള സിപിഐയുടെ സംശയങ്ങള്‍ മുന്നണിയോഗത്തില്‍ പരിഹരിക്കുമത്രെ. അതു നല്ലതുതന്നെ.പക്ഷെ, പൊതു സമൂഹത്തിന്റെ സംശയമോ?
ഡിജിപി ഓഫീസിനു മുന്നില്‍ സമരങ്ങള്‍ പാടില്ലെന്ന് ആന്റണിയാണ് വിലക്കിയതത്രെ. അതു പിന്നെ തിരുത്താനാവില്ലല്ലോ. അതിന്റെ ശക്തി പരീക്ഷിക്കാനല്ലേ കാഴ്ച്ച കണ്ടുനിന്നവരെ ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തി അറസ്റ്റു ചെയ്തത്. സമരം ചെയ്തവര്‍ക്കില്ലാത്ത ശിക്ഷ അനുഭാവം പുലര്‍ത്തുന്നവര്‍ക്ക് നല്‍കുന്നത് ഒരു സമീപനദോഷമാണ്. അതിലെന്തിനു ചര്‍ച്ചയെന്നു സിപിഎമ്മിനു മനസ്സിലാകുന്നില്ല.
സമരംകൊണ്ട് എന്തുനേടി എന്നത് മുതലാളിത്തത്തിന്റെ ചോദ്യംതന്നെയാണ്. ചോദിക്കുന്നത് സിപിഎം നേതാവും ചൂണ്ടിക്കാട്ടിയത് സിപിഐയും ആയതുകൊണ്ട് അതങ്ങനെ അല്ലാതാവുകയില്ല.ആ ഭാഷയും സമീപനവും തിരുത്തപ്പെടേണ്ടതാണ്. അതു സമ്മതിക്കാനുള്ള വിവേകം പക്ഷെ പ്രതീക്ഷിച്ചുകൂടാ.
പ്രശ്‌നം പൊട്ടിത്തെറിയിലേയ്ക്ക് എത്തിക്കാതെ ഒത്തുതീര്‍ത്തുവെന്ന് മാധ്യമങ്ങളെല്ലാം കോടിയേരിയെ സ്തുതിക്കുന്നു. കാനം പുറത്തെടുത്തിട്ടത് രണ്ടുപേര്‍ക്കിടയിലെയോ രണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലെയോ എന്തോ പ്രശ്‌നമാണെന്നാണ് മാധ്യമങ്ങള്‍ ധരിച്ചിരിക്കുന്നത്. ചോദ്യങ്ങള്‍ ഉന്നയിച്ച് അത് വഷളാക്കുന്നത് മര്യാദകേടാവുമെന്ന് അവര്‍ കരുതിയിരിക്കണം. ജനാധിപത്യ കാലത്തെ ജനങ്ങള്‍ പക്ഷെ, അത്രയും വിനയം ശീലിക്കേണ്ടതില്ല. പൊതുവിഷയങ്ങള്‍ അടഞ്ഞ മുറികള്‍ക്കകത്തെ വിലപേശലുകള്‍ക്കു മാത്രമായി വിട്ടു നല്‍കേണ്ടതില്ല.
ഇടതുപക്ഷത്തെ ജനം തെരഞ്ഞെടുത്തത് ഇടതുപക്ഷ നയം നടപ്പാക്കുമെന്നു പ്രതീക്ഷിച്ചാണ്. നയമൊന്നും പ്രവൃത്തിയൊന്നും എന്നത് തീരെ ഗുണകരമല്ല. കാനം കണ്ടതും പറഞ്ഞതും പൊതുസമൂഹത്തിന്റെകൂടി ഉത്ക്കണ്ഠകളായിരുന്നു.

ഫേസ് ബുക്ക് പോസ്റ്റ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply