ഇതരസംസ്ഥാനക്കാരെ പഴി പറയുന്നവരോട്
കേരളത്തിലെ ഇതരസംസ്ഥാനത്തൊഴിലാളികളുടെ ദുരിതജീവിതത്തെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകളും പഠനങ്ങളും നേരത്തെ തന്നെ നടന്നിട്ടുണ്ട്. ഗള്‍ഫില്‍ ലേബര്‍ ക്യാമ്പുകളിലെ മലയാളികളുടെ ജീവിതത്തേക്കാള്‍ മോശമായ അവസ്ഥയാണ് പെരുമ്പാൂരടക്കമുള്ള പ്രദേശങ്ങളില്‍ നിലനില്‍ക്കുന്നത്. വേതനത്തില്‍ പോലും തട്ടിപ്പു നടത്തുന്നുണ്ടെങ്കിലും സ്വന്തം നാട്ടില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ കിട്ടുന്നു എന്നതിനാലാണ് അവരിവിടെ തങ്ങുന്നത്. ഇതരസംസ്ഥാനത്തൊഴിലാളികളെ കുറിച്ച് സി എസ് വെങ്കിടേശ്വരന്‍ എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് മലയാളികള്‍ എന്തുകൊണ്ട് ഞങ്ങളുടെ മുഖത്തു നോക്കുന്നില്ല എന്നായിരുന്നു. സത്യത്തില്‍ ഇവരില്ലെങ്കില്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിക്കും. എന്നാല്‍ നാമവരോട് […]
കേരളത്തിലെ ഇതരസംസ്ഥാനത്തൊഴിലാളികളുടെ ദുരിതജീവിതത്തെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകളും പഠനങ്ങളും നേരത്തെ തന്നെ നടന്നിട്ടുണ്ട്. ഗള്‍ഫില്‍ ലേബര്‍ ക്യാമ്പുകളിലെ മലയാളികളുടെ ജീവിതത്തേക്കാള്‍ മോശമായ അവസ്ഥയാണ് പെരുമ്പാൂരടക്കമുള്ള പ്രദേശങ്ങളില്‍ നിലനില്‍ക്കുന്നത്. വേതനത്തില്‍ പോലും തട്ടിപ്പു നടത്തുന്നുണ്ടെങ്കിലും സ്വന്തം നാട്ടില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ കിട്ടുന്നു എന്നതിനാലാണ് അവരിവിടെ തങ്ങുന്നത്.
ഇതരസംസ്ഥാനത്തൊഴിലാളികളെ കുറിച്ച് സി എസ് വെങ്കിടേശ്വരന്‍ എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് മലയാളികള്‍ എന്തുകൊണ്ട് ഞങ്ങളുടെ മുഖത്തു നോക്കുന്നില്ല എന്നായിരുന്നു. സത്യത്തില്‍ ഇവരില്ലെങ്കില്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിക്കും. എന്നാല്‍ നാമവരോട് പെരുമാറുന്നത് ഒരിക്കലും തുല്ല്യനിലയിലുള്ള മനുഷ്യരോട് പെരുമാറുന്ന പോലെയല്ല.
ജിഷ സംഭവത്തോടെ കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. ഇതരസംസ്ഥാനക്കാരെല്ലാം കള്ളന്മാരും കൊലപാതകികളും ബലാല്‍സംഗക്കാരും മയക്കുമരുന്നു കച്ചവടക്കാരമാണെന്ന പ്രചരണമാണ് വ്യാപകമാകുന്നത്. ചില പത്രങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പരമ്പരകള്‍ വരെ തയ്യാറാക്കുന്നു. ഇവരുടെ കണക്കുകള്‍ പ്രത്യകം ശേഖരിക്കണമെന്നും പ്രത്യേകകാര്‍ഡുകള്‍ നല്‍കണമെന്നുമൊക്കെയുള്ള ആവശ്യങ്ങള്‍ ഉയരുന്നു. ഭയം മൂലം പെരുമ്പാവൂരിലെ നിരവധി ഇതരസംസ്ഥാന തൊഴിലാളികള്‍ സ്ഥലം വിട്ടുകഴിഞ്ഞു.
ജിഷയുടെ മാതാവു പോലും സംശയങ്ങള്‍ ഉന്നയിക്കുമ്പോഴും പോലീസ് പിടികൂടിയയാള്‍ തന്നെയാണ് പ്രതിയെന്ന് കരുതുക. എങ്കിലും ഈ പ്രചരണങ്ങളില്‍ എന്തര്‍ത്ഥം? ഒരാള്‍ കുറ്റവാളിയാണെങ്കില്‍ അയാളടങ്ങുന്ന സമൂഹം കുറ്റവാളികളാണോ? കേരളത്തിനു പുറത്ത് കുറ്റവാളികളായ എത്രയോ മലയാളികളുണ്ട്. അതിന്റെ പേരില്‍ ബാംഗ്ലൂരിലോ ചെന്നൈയിലോ മുംബൈയിലോ ഡെല്‍ഹിയിലോ മലയാളികളുടെ കണക്കുകള്‍ പ്രത്യകം എടുക്കാനും നിയമവിരുദ്ധമായി പ്രത്യക ഐഡന്‍ന്റിറ്റി കാര്‍ഡ് നല്‍കാനും ആവശ്യപ്പെട്ടാല്‍ എങ്ങനെയായിരിക്കും നാം പ്രതികരിക്കുക? ലഭ്യമായ കണക്കുകളനുസരിച്ച് കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ കുറ്റകൃത്യങ്ങളുടെ കണക്ക് പ്രവാസി മലയാളികളേക്കള്‍ കുറവാണ്. കേരളത്തിലുള്ള മലയാളികളേക്കാളും കുറവാണ്. ഈ സാഹചര്യത്തില്‍ ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ ഫലത്തില്‍ നിഷേധിക്കുന്നത് ഇന്ത്യയില്‍ എല്ലാവര്‍ക്കും തുല്ല്യനീതി എന്ന സങ്കല്‍പ്പമാണ്.
ഇതരസംസ്ഥാനക്കാരോട് നാം എങ്ങനെയാണ് പെരുമാറുന്നതെന്നതിന് നിരവധി സംഭവങ്ങള്‍ ചൂണ്ടികാട്ടാം. അരൂരില്‍ നിര്‍മ്മാണത്തിലിരുന്ന പള്ളി തകര്‍ന്നു വീണു. രണ്ടുപേര്‍ മരിച്ചു. ഏതാനും പേര്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ പെട്ടു. എന്നാല്‍ എത്രപേര്‍ എന്ന ചോദ്യത്തിനുമുന്നില്‍ പള്ളി അധികാരികള്‍ക്കോ കോണ്‍ട്രാക്ടര്‍ക്കോ മറുപടിയുണ്ടായിരുന്നില്ല. കാരണം മറ്റൊന്നുമല്ല, അവര്‍ ഇതരസംസ്ഥാന തൊഴിലാളികളായിരുന്നു എന്നതുതന്നെ. വയനാട്ടില്‍ അപകടത്തില്‍ മരിച്ചു എന്നു പറഞ്ഞ് ഒരാളുടെ മൃതദേഹം ആരുമറിയാതെ സംസ്‌കരിച്ചു. നിയമപരമായി ചെയ്യേണ്ട പോസ്റ്റുമോര്‍ട്ടം പോലും ചെയ്യാതെ. അക്കാര്യം വാദിക്കാന്‍ ആരുമുണ്ടായിരുന്നില്ല. കാരണം മരിച്ചത് ഒരു ഒറീസ്സക്കാരനായിരുന്നു. ഉപജീവനത്തിനുവേണ്ടി ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ ദൗര്‍ഭാഗ്യവാന്‍. ഇയാള്‍ മരിച്ച വിവരം ഒറീസ്സയിലെ ഉറ്റവരെ ആരറിയിക്കാന്‍?
തുറവൂരില്‍ ഉണ്ടായ സംഭവം. സമയം രാത്രി. ശരീരമാസകലം പരിക്കേറ്റ ഒരു ബംഗാളി യുവാവ് വീടുവീടാന്തരം കയറിയിറങ്ങുന്നു. ഒരല്പം ദയക്കും സഹായത്തിനും വേണ്ടി. ട്രെയിനില്‍നിന്ന് വീണാണ് യുവാവിന് പരിക്കേറ്റത്. നിരവധി വീടുകള്‍ കയറിയിറങ്ങിയിട്ടും ഒരു സഹായഹസ്തം പോലും അയാള്‍ക്കു നേരെ നീണ്ടില്ല. അവസാനം വേദന സഹിക്കാതെ ഇയാള്‍ സമീപത്തുകണ്ട ഒരു ക്ഷേത്രത്തില്‍ കയറി. ക്ഷേത്രത്തിലെ മണി കെട്ടിയ കയറില്‍ കെട്ടിതൂങ്ങി വേദനക്ക് ശാശ്വതപരിഹാരം നേടി. അങ്ങകലെ കിലോമീറ്ററുകള്‍ക്കകലെ ആരെങ്കിലും ഇയാളെയും കാത്തിരിക്കുന്നുണ്ടാകില്ലേ? റ്റുമാനൂരില്‍ റോഡു മുറിച്ചുകടക്കുമ്പോള്‍ കാര്‍ തട്ടി പരിക്കേറ്റ ഒറീസയില്‍നിന്നുള്ള ബീട്ടു എന്ന യുവാവിനുണ്ടായ അനുഭവം ഇങ്ങനെ. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് കൃത്യമായ ചികിത്സ ലഭച്ചിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നു. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ചെയ്തതെന്താണെന്നോ? ഇയാള്‍ക്ക് രാത്രി ഓക്‌സിജന്‍ പമ്പുചെയ്യേണ്ട ഉത്തരവാദിത്തം 12 വയസ്സുള്ള ഒരു ബംഗാളിപയ്യനെ ഏല്പിച്ചു. അവന്‍ അല്പം കഴിഞ്ഞപ്പോള്‍ ഉറങ്ങിപ്പോയി. ബീട്ടുവാകട്ടെ അവസാനത്തെ ഉറക്കവും. എറണാകുളം വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന മറ്റൊരു തൊഴിലാളി ഷോക്കേറ്റ് മരിക്കാന്‍ കാരണവും നാം തന്നെ. ഏറെ സമയം ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആരും തയ്യാറായില്ല. പിന്നാട് സമീപത്തെ സൗകര്യങ്ങളൊന്നുമില്ലാത്ത ഒരു ചെറിയ ക്ലീനിക്കില്‍ എത്തിച്ചു. ഫലമെന്താ? ഉറ്റവരേയും ഉടയവരേയും ഒരിക്കല്‍കൂടി കാണാനാവാതെ ആ പാവവും പോയി. ഒരു സന്ധ്യക്ക് പോലീസ് അനാവശ്യമായി ഓടിച്ചപ്പോള്‍ ഭയന്ന് നെടുമ്പാശേരി വിമാനത്താവളത്തിന്റെ മതില്‍ ചാടിയ ദീപന്‍ കോഡ എന്ന ബംഗാളി യുവാവിനേറ്റ മര്‍ദ്ദനത്തിനു കയ്യും കണക്കുമില്ല. മാവോയിസ്റ്റ് എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഗുരുതരമായി പരിക്കേറ്റ ഇയാല്‍ സഹായിക്കാന്‍ ആരുമുണ്ടായില്ല. ആറുമാസത്തോളം ഇയാള്‍ അനാഥനായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കിടന്നു. പിന്നീട് പോലീസ് പറഞ്ഞു തങ്ങള്‍ക്ക് തെറ്റുപറ്റിയതാണെന്ന്. ഇയാളോട് സംസാരിച്ച് കാര്യം മനസ്സിലാക്കാന്‍ ഭാഷയറിയുന്നവര്‍ പോലും നമ്മുടെ പോലീസ് സേനയില്‍ ഇല്ലാത്ത അവസ്ഥയാണ്.
കരാറുകാര്‍ തമ്മിലുള്ള വൈരാഗ്യത്തിന്റെ പേരിലായിരുന്നു കായംകുളത്ത് നൂറോളം പേര്‍ ചേര്‍ന്ന് ബംഗാളി യുവാക്കളെ മര്‍ദ്ദിച്ചത്. ആരോ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിച്ചവര്‍ക്കെതിരെ എടുത്തത് നിസ്സാരകേസ്. മണ്ണുത്തിയിലെ കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഒരു തൊഴിലാളി മരിച്ചു. സ്ഥലത്തെത്തിയ കോണ്‍ട്രാക്ടര്‍ മൊബൈല്‍ ഫോണില്‍ വിളിച്ചു പറഞ്ഞത് ഇങ്ങനെ.. ‘സാരമില്ല, ബംഗാളിയാ….’
വാസ്തവത്തില്‍ ഗുരുതരമായ ഒരു വിഷയം നാം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ജിഷ വധത്തില്‍ ലൈംഗികതാല്‍പ്പര്യമുണ്ടോ എന്നത് ഇനിയും വ്യക്തമായിട്ടില്ല. ഉണ്ടെന്നുതന്നെ കരുതുക. അപ്പോഴും ഇതരസംസ്ഥാനക്കാരില്‍ നിന്ന് കാര്യമായ ലൈംഗികാക്രമണങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. എന്നാലും ലക്ഷകണക്കിനു ചെറുപ്പക്കാര്‍ ഇവിടെ താമസിക്കുമ്പോള്‍ അത്തരം വിഷയങ്ങള്‍ ഉണ്ടായിക്കൂട എന്നില്ല. വളരുന്ന എല്ലാ നഗരങ്ങളും ഇത്തരം വിഷയങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. അതാണല്ലോ ചുവന്ന തെരുവുകള്‍ വളരാനുള്ള പ്രധാനകാരണം. കേരളത്തില്‍ എയ്ഡ്‌സ് വരാനുള്ള പ്രധാനകാരണം കാമാട്ടിപുരമാണെന്നു പറയാറുണ്ടല്ലോ. വളര്‍ച്ചയുടെ സ്വഭാവമനുസരിച്ച് കേരളം വളരുന്നത് ഏറക്കുറെ ഒരു വന്‍നഗരത്തിന്റെ രീതിയിലാണ്. തീര്‍ച്ചയായും ഇത്തരമൊരു വിഷയം ഇവിടേയും ഉയര്‍ന്നുവരാം. എന്നാല്‍ ലൈംഗികതയോടുള്ള അടഞ്ഞ നിലപാടുമൂലം ആ വിഷയം നാം ചര്‍ച്ച ചെയ്യുന്നതേയില്ല. നമ്മുടെ സാമൂഹ്യ – രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണിത്. ആ ദിശയിലൊരു അന്വേഷണത്തിന് ജിഷ സംഭവം നിമിത്തമായാല്‍ നന്ന്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in