ആദിവാസി ഗ്രാമസഭാ നിയമം: കേരളത്തിലെ വെല്ലുവിളികള്‍

എം ഗീതാനന്ദന്‍ കേരളത്തിലെ ആദിവാസികള്‍ തുടരുന്ന പ്രക്ഷോഭത്തില്‍ ലോകമെമ്പാടുമുള്ള മനുഷ്യര്‍ ഇന്ന് അണിനിരക്കുകയാണ്. ആദിവാസികളുടെ സാമൂഹിക- സാമ്പത്തിക ജീവിതത്തെ ജനാധിപത്യപരമായി നവീകരിക്കാനും പരിഷ്‌ക്കരിക്കാനുമുള്ള സംവാദം ഇന്ന് ശക്തമാണ്. ”എങ്കളമണ്ണും അധികാരവും എങ്കക്ക്” എന്നതാണ് ആദിവാസികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. ആദിവാസി സമൂഹത്തിന്റെ ഭൂമിയും സംസ്‌ക്കാരവും സംരക്ഷിക്കാന്‍ ഭരണഘടനയിലെ 244-ാം വകുപ്പ് വിഭാവനം ചെയ്യുന്ന അധികാരം ആദിവാസികള്‍ക്ക് അംഗീകരിച്ചു കൊടുക്കാന്‍ കേരളത്തിലെ രാഷ്ട്രീയ സമൂഹം തയ്യാറുണ്ടോ എന്ന ചോദ്യമാണ് അവര്‍ ഉന്നയിക്കുന്നത്. ഭൂബന്ധങ്ങളിലും സാമൂഹിക ബന്ധങ്ങളിലും പൊളിച്ചെഴുത്ത് നടത്താന്‍ ശക്തമായ […]

adivasiഎം ഗീതാനന്ദന്‍

കേരളത്തിലെ ആദിവാസികള്‍ തുടരുന്ന പ്രക്ഷോഭത്തില്‍ ലോകമെമ്പാടുമുള്ള മനുഷ്യര്‍ ഇന്ന് അണിനിരക്കുകയാണ്. ആദിവാസികളുടെ സാമൂഹിക- സാമ്പത്തിക ജീവിതത്തെ ജനാധിപത്യപരമായി നവീകരിക്കാനും പരിഷ്‌ക്കരിക്കാനുമുള്ള സംവാദം ഇന്ന് ശക്തമാണ്. ”എങ്കളമണ്ണും അധികാരവും എങ്കക്ക്” എന്നതാണ് ആദിവാസികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. ആദിവാസി സമൂഹത്തിന്റെ ഭൂമിയും സംസ്‌ക്കാരവും സംരക്ഷിക്കാന്‍ ഭരണഘടനയിലെ 244-ാം വകുപ്പ് വിഭാവനം ചെയ്യുന്ന അധികാരം ആദിവാസികള്‍ക്ക് അംഗീകരിച്ചു കൊടുക്കാന്‍ കേരളത്തിലെ രാഷ്ട്രീയ സമൂഹം തയ്യാറുണ്ടോ എന്ന ചോദ്യമാണ് അവര്‍ ഉന്നയിക്കുന്നത്.
ഭൂബന്ധങ്ങളിലും സാമൂഹിക ബന്ധങ്ങളിലും പൊളിച്ചെഴുത്ത് നടത്താന്‍ ശക്തമായ ബഹുജന പ്രസ്ഥാനം വളര്‍ന്നുവന്ന സംസ്ഥാനമാണ് കേരളം. ജന്മിത്തസമ്പ്രദായത്തിന് അറുതിവരുത്തി, ഭൂപരിഷ്‌കരണം യാഥാര്‍ത്ഥ്യമാക്കാന്‍ നിയമനിര്‍മ്മാണങ്ങളുടെ വലിയൊരു  പരമ്പരയ്ക്ക് 1970- കള്‍ സാക്ഷ്യം വഹിക്കുകയുണ്ടായി. ഇതോടൊപ്പം സ്വകാര്യ വനങ്ങള്‍ ദേശസാല്‍ക്കരിക്കാനുള്ള നിയമനിര്‍മാണവും (Kerala Private Forests (Vesting and Assignmetn Act, 1971) സ്വകാര്യ വനങ്ങളില്‍ ഒരു ഭാഗം ആദിവാസികള്‍ക്കുള്‍പ്പെടെ പതിച്ചുനല്‍കാന്‍ നിര്‍ദ്ദേശിക്കുന്ന ചില റിപ്പോര്‍ട്ടുകളും (റ്റി. മാധവമേനോന്‍ റിപ്പോര്‍ട്ട്) ഇതേ  കാലയളവില്‍ നിലവിലുണ്ടായി. 1990 കളില്‍ ദേശീയതലത്തില്‍ പഞ്ചായത്ത് രാജ് സംവിധാനത്തെക്കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍, അധികാരവികേന്ദ്രീകരണത്തിന്റെ സാധ്യതകളെക്കുറിച്ച് സജ്ജീവമായി ചര്‍ച്ച ചെയ്ത സംസ്ഥാനമാണ് കേരളം. എന്നാല്‍ കേരളത്തിന്റെ മണ്ണും പ്രകൃതിയുമായി ജീവത്തായബന്ധമുള്ള ആദിവാസിജനതയുടെ  ഗ്രാമസഭാ അധികാരത്തെക്കുറിച്ചും  അവരുടെ പാരമ്പര്യ വനാവകാശത്തെക്കുറിച്ചും കേരളത്തിലെ രാഷ്ട്രീയസമൂഹം അതര്‍ഹിക്കുന്ന പരിഗണനയോടെ പരിശോധിച്ചതേയില്ല

പശ്ചിമഘട്ടത്തിലെ തടവുകാര്‍:
ആദിവാസി മേഖലകള്‍ പട്ടികവര്‍ഗ്ഗ മേഖലയായി പ്രഖ്യാപിക്കുന്നതിനുവേണ്ടി 1064 ച: മൈല്‍ പ്രദേശം നിര്‍ദ്ദേശിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ 1964-ല്‍ ഒരു നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ധേബര്‍ കമ്മീഷന് മുന്നില്‍ സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍ ഢാം പട്ടിക മേഖലകള്‍ പ്രഖ്യാപിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ പരിഗണിച്ചിരുന്നില്ല. ഇന്ന് കേരളത്തിലെ ആദിവാസികളുടെ ഊര് ഭൂമി പട്ടികവര്‍ഗ്ഗമേഖലയായി പ്രഖ്യാപിക്കുകയാണെങ്കില്‍ അതിന്റെ ചെറിയൊരു ഭാഗം മാത്രമേ പരിഗണിക്കേണ്ടി വരികയുള്ളൂ. കാരണം റവന്യൂ ഭൂമിയിലും വനഭൂമിയിലുമുള്ള ആദിവാസികളുടെ വാസസ്ഥലം ചുരുങ്ങുകയും കേരളമെമ്പാടുമുള്ള ആദിവാസികള്‍ പശ്ചിമഘട്ടമേഖലയിലെ തടവുകാരെപ്പോലെ മാറുകയും ചെയ്തിരിക്കയാണ്.
കേരളത്തിലെ 4762-ഓളം കോളനികളിലും സെറ്റില്‍മെന്റുകളിലും ഒതുക്കപ്പെട്ട ആദിവാസികള്‍ നാനാവിധ ശക്തികളുടെ സമ്മര്‍ദ്ദത്തിലാണ്. സ്വന്തം നാട്ടില്‍ സുരക്ഷിതരാണെന്ന് അവര്‍ക്ക് തോന്നുന്നില്ല. പരമ്പരാഗത ഗ്രാമസമൂഹങ്ങളില്‍  സാധ്യമായിരുന്നതുപോലെ വനമേഖലയിലും പ്രകൃതിയിലും സ്വതന്ത്രമായി  വിഹരിക്കാന്‍ കഴിയുന്നവരല്ല. വനമേഖലയില്‍ നിന്ന് വിഭവങ്ങളെടുത്താല്‍ അവര്‍ കുറ്റവാളികളാണ്.  അവരുടെ പാരമ്പര്യ ഭക്ഷ്യരീതികള്‍ അസാധ്യമായി മാറി. വിശ്വാസാചാരങ്ങളും സാംസ്‌കാരിക സ്വത്വവും നിലനിര്‍ത്താന്‍ കഴിയുന്നില്ല. സ്വന്തം കൃഷി ഭൂമിയില്‍ വിളവെടുക്കുന്നത് കുടിയേറ്റക്കാരാണ്. സമകാലീന കേരളത്തിലെ ഒരു സാധാരണ ആദിവാസി സങ്കേതം നിരവധി പ്രാദേശിക ശക്തികളാല്‍ വലയം ചെയ്യപ്പെട്ടവയാണ്. ആദിവാസികളെ  തൊഴിലിന് കൊണ്ടുപോകുന്ന കോണ്‍ട്രാക്റ്റര്‍, ഭവന നിര്‍മാണത്തിന്റെ കരാറുകാരന്‍; ഇഞ്ചിപ്പാടങ്ങളിലേക്ക് തൊഴിലാളികളെ  കൊണ്ടുപോകുന്ന കങ്കാണിമാര്‍; വനം വകുപ്പ് ഉദ്യോസ്ഥര്‍; സെറ്റില്‍മെന്റുകള്‍ക്കടുത്തുള്ള ചെറുകിട കച്ചവടക്കാര്‍; ഫണ്ടിംഗ് പദ്ധതികളുടെ നടത്തിപ്പുകാരായ സര്‍ക്കാര്‍/ സര്‍ക്കാരിത ഏജന്‍സികള്‍; മദ്യ കച്ചവടക്കാര്‍; ആദിവാസികളെ മറയാക്കി വനത്തില്‍ അനധികൃത ഇടപാട് നടത്തുന്നവര്‍; ട്രൈബല്‍ ഡവലപ്‌മെന്റ് ഫണ്ടിന്റെ ‘ദുണഭോക്താക്കളായി’ മാറുന്ന തദ്ദേശ സ്വയം ഭരണ കോണ്‍ട്രാക്ടര്‍മാരും ചില രാഷ്ട്രീയ പ്രതിനിധികളും; ആദിവാസി വോട്ടുപയോജിച്ച് അധികാരം നിലനിര്‍ത്തുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയെല്ലാം ആദിവാസികളെ അവരുടെ ഊരുകളിലെ തടവറയിലാക്കിയിരിക്കുകയാണ്. പരമ്പരാഗതമായി ആദിവാസികള്‍ക്ക് ആര്‍ജ്ജിതമാകേണ്ട ഗ്രാമസഭ അധികാരത്തില്‍ നിന്നും ഇത്തരം ബാഹ്യശക്തികള്‍  അവരെ  അകറ്റി നിര്‍ത്തുന്നു. ആദിവാസി ഭൂമി കയ്യടക്കിയ സംഘടിത വിഭാഗങ്ങള്‍ നിലവിലുള്ള ആദിവാസി ജീവിതാവസ്ഥ തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ്. ആദിവാസികളുടെ ഗ്രാമസഭാ  അധികാരം  യാഥാര്‍ത്ഥ്യമാക്കുന്നതിനെ അവര്‍ ഭയപ്പെടുന്നു. ആദിവാസികളുടെ ഗ്രാമസഭകള്‍ കേരളത്തില്‍ പ്രായോഗികമല്ലെന്ന് അവര്‍ പ്രചരിപ്പിക്കുന്നു. ആദിവാസി വനാവകാശനിയമം അനുശാസിക്കുന്ന സാമൂഹിക വനാവകാശവും ഗ്രാമസഭാ സാധ്യതകളും അപ്രസക്തമാക്കി, രണ്ടും മൂന്നും സെന്റ്  ഭൂമിയില്‍  വ്യക്തിഗത വനാവകാശം കൊടുക്കുന്ന ഒരു നിയമമാക്കി കേന്ദ്ര വനാവവകാശ നിയമത്തെ   അവര്‍ മാറ്റിയിരിക്കയാണ്. ആയതിനാല്‍ ആദിവാസി ഭൂമിയിലും  വനമേഖലയിലും ആദിവാസി  ഗ്രാമസഭയുടെ  അധികാര പ്രയോഗത്തിനുള്ള നടപടിക്കാണ്  ഒരു  ജനാധിപത്യ ഭരണസംവിധാനം തുടക്കം കുറിക്കേണ്ടത്.

കേരളത്തില്‍ പട്ടികപ്രദേശമായി വിജ്ഞാപനം ചെയ്യുന്നത് സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദ്ദേശം :
കേരളത്തിലെ ആദിവാസി  അധിവാസമേഖലകള്‍ പട്ടികവര്‍ഗ്ഗപ്രദേശമായി വിജ്ഞാപം ചെയ്യുന്നതിനുള്ള ഒരു കരട്  മാര്‍ഗ്ഗരേഖ സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയ്ക്കായി  2014 ഒക്‌ടോബര്‍ മാസം പട്ടിക വര്‍ഗ്ഗ വികസന വകുപ്പില്‍ നിന്ന് സമര്‍പ്പിച്ചിട്ടുണ്ട്. ആദിവാസി നില്‍പ്പ്  സമരത്തിന്റെ പശ്ചാത്തലത്തിലാണ്  ഈ നടപടി.
കേരളത്തിലെ ആദിവാസി അധിവാസമേഖലയുടെ സാമൂഹിക-സാമ്പത്തിക പിന്നോക്കാവസ്ഥയും , പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ജനസംഖ്യയും പരിഗണിച്ചുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട പട്ടിക വര്‍ഗ്ഗ അധിവാസ മേഖലകള്‍ ഭരണഘടനയുടെ ഢാം പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശമാണ് സംസ്ഥാന മന്ത്രിസഭയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേരളത്തിലെ പട്ടിക വര്‍ഗ്ഗക്കാരില്‍ 60 ശതമാനം പേര്‍ അധിവസിക്കുന്ന വയനാട്(37%), ഇടുക്കി(14%), പാലക്കാട് (11%) എന്നീ ജില്ലകളിലെ പട്ടികവര്‍ഗ്ഗക്കാരുടെ സാമൂഹിക- സാമ്പത്തിക  പിന്നോക്കാവസ്ഥ എന്നീ ഘടകങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് വിജഞാപനം ചെയ്യാനുള്ള ചീല മേഖലകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.  പിന്നോക്ക നിന്നിരുന്ന മേഖലകള്‍ ആയതുകൊണ്ട് മേല്‍പ്പറഞ്ഞ ജില്ലകളില്‍ വയനാട് ജില്ല മുഴുവനും പാലക്കാട് ജില്ലയിലെ അട്ടിപ്പാടി ബ്ലോക്ക്, ഇടുക്കി ജില്ലയിലെ അടമലക്കുടി, മലപ്പുറം ജില്ലയിലെ ചോലനായ്ക്ക ഗ്രാമങ്ങള്‍ എന്നിവയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
50 വര്‍ഷത്തിലധികമായി അവഗണിച്ചുകൊണ്ടിരുന്ന ഒരു ഭരണഘടനാ പരിരക്ഷ വകുപ്പ് നടപ്പാക്കുന്നതിനുവേണ്ടി  സര്‍ക്കാര്‍ ശ്രമം തുടങ്ങിയിരിക്കുന്നുവെന്നത് തികച്ചും സ്വാഗതാര്‍ഹമായ കാര്യമാണ്. പിന്നോക്കം നില്‍ക്കുന്ന മേഖലകള്‍ എന്ന നിലയില്‍ തെരഞ്ഞെടുത്ത  പ്രദേശങ്ങളും പരിഗണനാര്‍ഹമായവ തന്നെയാണ്. എന്നാല്‍ വ്യക്തമായ മാനദണ്ഡം  പിന്‍തുടരാത്തതിനാല്‍, ഇപ്പോള്‍ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്ന മാര്‍ഗ്ഗരേഖ ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് കാരണമാകും.
രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കുന്ന കുറുപ്പിനെതിരെ ഉയര്‍ന്നുവന്നത്.
1. പട്ടികവര്‍ഗ്ഗക്കാരും പട്ടികവര്‍ഗ്ഗക്കാരല്ലാത്തവരും ഉള്‍പ്പെടുത്തി വിപുലമായ മേഖല(വയനാട് ജില്ലയും അട്ടപ്പാടി ബ്ലോക്ക് മുഴുവനും) പട്ടികവര്‍ഗ്ഗ മേഖലയായി പ്രഖ്യാപിക്കുന്നത് നിയമാനുസൃതമാണോ? എതിര്‍പ്പുകളുണ്ടാവില്ലേ?
2. ആദിവാസി ഊര് എന്നത്(വില്ലേജ്) ഒരു അടിസ്ഥാനമാനദണ്ഡമായി എവിടേയും പരാമര്‍ശിക്കുകയോ, പരിഗണിക്കുകയോ ചെയ്തതായി കാണുന്നില്ല.
പട്ടികവര്‍ഗ്ഗമേഖല പ്രഖ്യാപിക്കുന്നതിനായി പരിഗണിച്ച മാനദണ്ഡങ്ങള്‍ 1960-ല്‍ ധേബര്‍  കമ്മീഷന്‍ മുന്നോട്ട് വെച്ച് മാനദണ്ഡങ്ങളുമാണ്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പട്ടികവര്‍ഗ്ഗക്കാരുടെ ജീവിതാവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാന്‍ നിയോഗിച്ച കമ്മീഷനായിരുന്നു യു.എന്‍. ധേബര്‍(1960) കമ്മീഷന്‍.  അതിവിപുലമായി  തെളിവെടുപ്പുകളും  വസ്തുതാന്വേഷണവും കമ്മീഷന്‍ നിറവേറ്റിയിരുന്നു.  ഒരുപ്രദേശത്തെ പട്ടികപ്രദേശമാകുവാനുള്ള മാനദണ്ഡമായി കമ്മീഷന്‍ ചൂണ്ടിക്കാട്ടിയത് താഴെ പറയുന്ന മാനദണ്ഡങ്ങളാണ്.
1. ഗണ്യമായി തോതില്‍ പട്ടികവര്‍ഗ്ഗ ജനസംഖ്യ
2.സൗകര്യപ്രദവും അനുയോജ്യവുമായ ഭരണ സംവിധാനപ്രദേശം(ഉദാ: വില്ലേജ്, പഞ്ചായത്ത്, താലൂക്ക് , ബ്ലോക്ക്, ജില്ല)
3. പ്രദേശത്തിന്റെ അവികസിതത്വം
4. സമീപ പ്രദേശങ്ങളില്‍ നിന്നും തികച്ചും വിഭിന്നമായുള്ള സാമ്പത്തിക പിന്നോക്കാവസ്ഥ
മേല്‍പ്പറഞ്ഞ മാനദണ്ഡങ്ങള്‍ ധേബര്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും,  ആദിവാസി അധിവാസ മേഖലയില്‍ പട്ടികവര്‍ഗ്ഗ പ്രദേശങ്ങളായി പ്രഖ്യാപിക്കുക എന്നത് കമ്മീഷന്റെ കാഴ്ചപ്പാടില്ലായിരുന്നു. പട്ടികവര്‍ഗ്ഗ മേഖലകള്‍ പ്രഖ്യാപിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുക മാത്രമാണ് ധേബര്‍ കമ്മീഷന്‍ ചെയ്തിരുന്നത്. അതിനാല്‍ പട്ടികവര്‍ഗ്ഗ പ്രദേശമായി പ്രഖ്യാപിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചതിനുശേഷം കമ്മീഷന്‍ തള്ളിക്കളയുകയാണുണ്ടായത്. പകരം, പട്ടികവര്‍ഗ്ഗ പ്രദേശമായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി ശാക്തീകരണത്തിനുള്ള സാമ്പത്തിക പദ്ധതികള്‍ നടപ്പാക്കാനും, ആവശ്യമായ ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശിക്കുകയും ചെയ്തു. മാത്രവുമല്ല, പട്ടികവര്‍ഗ്ഗ പ്രദേശത്തുള്ള അനുയോജ്യമായ ഭരണസംവിധാമെന്ന നിലയില്‍ നിര്‍ദ്ദേശിച്ച ‘വില്ലേജ്’ എന്ന യൂണിറ്റ് റവന്യൂ വില്ലേജുകളാണെന്ന ന്യൂനതകളുമുണ്ടായിരുന്നു. ആദിവാസി മേഖലകള്‍ പട്ടികവര്‍ഗ്ഗ മേഖലയായി പ്രഖ്യാപിക്കുന്നതിന് ആദിവാസി അധിവാസ മേഖലകളെതന്നെ ഗ്രാമങ്ങള്‍ (വില്ലേജുകള്‍) എന്ന് നിര്‍വചിച്ച ഭൂരിയ കമ്മീഷന്റെ ധാരണകള്‍ ധേബര്‍ കമ്മീഷനില്ലായിരുന്നു. ദേശീയ പട്ടിക വര്‍ഗ്ഗ കമ്മീഷന്റെ 1987- 89 കാലഘട്ടത്തിലെ റിപ്പോര്‍ട്ടില്‍ ധേബര്‍ കമ്മീഷന്റെ നിലപാടിനെ വിമര്‍ശിച്ചിട്ടുണ്ട്.

ട്രൈബല്‍ ഡവലപ്‌മെന്റ് ബ്ലോക്കുകളും യു.എന്‍.ധേബര്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങളും
പിന്നോക്കം നില്‍ക്കുന്ന ആദിവാസി മേഖലകള്‍ക്ക് കൂടുതല്‍ വികസന ഫണ്ട്  വകയിരുത്തി കിട്ടാനുള്ള സാധ്യത കണക്കിലെടുത്താണ് വിപുലമായ മേഖലകള്‍ പട്ടികവര്‍ഗ്ഗ മേഖലയായി പ്രഖ്യാപിക്കാന്‍ പല സംസ്ഥാനങ്ങളും നിര്‍ദ്ദേശിച്ചതെന്നാണ് കമ്മീഷന്‍ നിഗമനത്തിലെത്തിയത്  (Dr.B.D.Sharma-Tribal Affairs in india Para 78)  അതുകൊണ്ട് പിന്നോക്ക പ്രദേശങ്ങളുടെ വികസനത്തിനായി ‘ ട്രൈബല്‍ ഡവലപ്പ്‌മെന്റ് ബ്ലോക്കുകള്‍’ തുടങ്ങിയ ഭരണ സംവിധാനങ്ങള്‍ക്ക് രൂപം നല്‍കാനും, കൃഷി-കൈത്തൊഴില്‍- വിദ്യാഭ്യാസം- ആരോദ്യം തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കുന്നതിനുവേണ്ടി ബഡ്ജറ്റ് വിഹിതം ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും  ചെയ്തു. ഒരു ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക്  ബഡ്ജറ്റ്  ഫണ്ട് കൈമാറുന്നതിനുവേണ്ടി ഭരണഘടനയില്‍ വിഭാവനം ചെയ്തിട്ടുള്ള 275(1)  എന്ന വകുപ്പിന് ആവശ്യമായ ഉപവകുപ്പ് (proviso) കൂടി ഉള്‍പ്പെടുത്തി  കേന്ദ്ര ബഡ്ജറ്റ് വിഹിതം ട്രൈബല്‍ സബ് പ്ലാനിനുവേണ്ടി ഉപയോഗിക്കുക എന്ന നിര്‍ദ്ദേശവും യു.എന്‍. ധേബര്‍ കമ്മീഷന്‍ മുന്നോട്ടുവെച്ചിരുന്നു.  ട്രൈബല്‍ സബ് പ്ലാനിന് വേണ്ടി  പ്രത്യേക ബഡ്ജറ്റ് ഹെഡ് നിര്‍ദ്ദേശിച്ചതു കൂടാതെ, ആദിവാസി ഭൂമിയും സംസ്‌ക്കാരവും സംരക്ഷിക്കാനും പണം പലിശയ്ക്ക് കൊടുക്കുന്നവരില്‍ നിന്നും ആദിവാസികളെ സംരക്ഷിക്കുന്നതിനും സംസ്ഥാനങ്ങള്‍ പ്രത്യേക നിയമനിര്‍മാണങ്ങള്‍ നടത്തണമെന്നും യു.എന്‍.ധേബര്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. നിയമ നിര്‍മാണങ്ങള്‍ സമയബന്ധിതമായി ചെയ്യാനുള്ള നിര്‍ദ്ദേശങ്ങളും സംസ്ഥാനങ്ങള്‍ നല്‍കിയിരുന്നു.  ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുത്ത് നല്‍കാനും കൈമാറ്റം നിയന്ത്രിക്കാനുള്ള നിയമനിര്‍മാണം (KST Act, 1975) കേരള നിയമസഭ പാസാക്കുന്നത് യു.എന്‍. ധേബര്‍ കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ചാണ്.  എന്തായാലും , ട്രൈബല്‍ ഡവലപ്‌മെന്റ് ട്രൈബല്‍ ബ്ലോക്കുകള്‍ പട്ടികവര്‍ഗ്ഗ പ്രദേശമായി കൊണ്ടുവരാനുള്ള ഒരു മുന്നൊരുക്കമായിട്ടാണ് യു.എന്‍. ധേബര്‍ കമ്മീഷന്‍ കണ്ടിരുന്നത്. എന്നാല്‍ ആദിവാസി അധിവാസമേഖലകള്‍ പട്ടികവര്‍ഗ്ഗപ്രദേശമായി കൊണ്ടുവരാനുള്ള ഒരു മുന്നൊരുക്കമായിട്ടാണ് യു.എന്‍.ധേബര്‍ കമ്മീഷന്‍ കണ്ടിരുന്നത്. എന്നാല്‍  ആദിവാസി അധിവാസമേഖലകള്‍ പട്ടികവര്‍ഗ്ഗ പ്രദേശമായി കൊണ്ടുവരാനുള്ള ഒരു വ്യക്തമായതും വിശാലവുമായ ഒരു മാനദണ്ഡം  കമ്മീഷന്‍  യഥാര്‍ത്ഥത്തില്‍ മുന്നോട്ടുവച്ചിരുന്നുമില്ല.

പഞ്ചായത്ത്‌രാജ് നിയമവും ആദിവാസി ഗ്രാമസഭയും
ഭരണഘടനയുടെ 73-ഉം 74 ഉം ഭേദഗതികളിലൂടെ പഞ്ചായത്ത് രാജ് നിലവില്‍ വന്നത് ആദിവാസി ജനതകളെ സംബന്ധിച്ചിടത്തോളം ഒരു വഴത്തിരിവാണെന്ന് പറയാം. പഞ്ചായത്ത് രാജ് നിയമം പട്ടികവര്‍ഗ്ഗ പ്രദേശങ്ങള്‍ക്ക് എത്രത്തോളം ബാധകമാക്കാമെന്ന് 73ഉം 74 ഉം ഭേദഗതി സമയത്ത് പരിഗണിക്കുകയുണ്ടായി. പഞ്ചായത്ത്‌രാജ് വ്യവസ്ഥകളുമായി ബന്ധപ്പെട്ട് 243M(4)(b)വകുപ്പിന് നിര്‍ണായകമായ ഒരു ഭേദഗതിയാണ് പാര്‍ലമെന്റ് കൊണ്ടുവന്നത്.
‘243(M)(1) ഈ ഭാഗത്തിലെ യാതൊന്നും 244-ാം അനുച്ഛേദം (1) -ാം ഖണ്ഡത്തില്‍ പരാമര്‍ശിച്ചിട്ടുള്ള പട്ടിക പ്രദേശങ്ങള്‍ക്കും,(2) -ാം ഖണ്ഡത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ഗോത്രവര്‍ഗ്ഗ പ്രദേശങ്ങള്‍ക്കും ബാധകമാകുന്നതല്ല”
‘243(M)(4)-  പാര്‍ലമെന്റ്, നിയമം വഴി(1)-ാം ഖണ്ഡത്തില്‍ പരാമര്‍ശിച്ചിട്ടുള്ള പ്രദേശങ്ങളിലേക്കും, ഈ ഭാഗത്തിലെ വ്യവസ്ഥകള്‍, അങ്ങനെയുള്ള നിയമത്തില്‍ നിര്‍ദ്ദേശിക്കാവുന്ന അങ്ങനെയുള്ള ഒഴിവാക്കലുകള്‍കള്‍ക്കും രൂപഭേദപ്പെടുത്തലുകള്‍ക്കും വിധേയമായി വ്യാപിപ്പിക്കാവുന്നതും, അങ്ങനെയുള്ള യാതൊരു നിയമവും 368-ാം അനുഛേദത്തിന്റെ ആവശ്യങ്ങള്‍ക്ക്, ഈ ഭരണഘടനയുടെ ഭേദഗതിയായി കരുതപ്പെടാവുന്നതല്ല”
എന്നാല്‍ ഭരണഘടനാ ഭേദഗതിയുടെ ഈ സ്പിരിറ്റിന് വിരുദ്ധമായി പല സംസ്ഥാനങ്ങളും പഞ്ചായത്ത് രാജിന്റെ സംസ്ഥാന നിയമങ്ങള്‍ പട്ടികവര്‍ഗ്ഗ പ്രദേശങ്ങളിലേക്ക്  വ്യാപിപ്പിക്കുകയുണ്ടായി. ഇത്തരം നിയമങ്ങളെല്ലാം ഭരണഘടനാ വിരുദ്ധമാണെന്ന്  പല ഹൈക്കോടതികളും വിധി പ്രസ്താവിച്ചു. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത്‌രാജ് വ്യവസ്ഥകളുമായി ബന്ധപ്പെട്ട ഭരണഘടനയുടെ Part IX ന് ആവശ്യമായ ഒഴിവാക്കലും ഭേദഗതിക്കും വേണ്ടി ദിലീപ് സിംഗ് ഭൂരിയ ചെയര്‍മാനായി ഒരു കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിക്കുന്നത് (A Committe of Select Members of parliament & Experts)
ദിലീപ്‌സിംഗ് ഭൂരിയ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിച്ച്  Provisions of Panchayats (Extention to the Scheduled Areas( Act, 1996) എന്ന നിയമം നിലവില്‍ വന്നു. ജനാധിപത്യപരമായി ഗ്രാമസഭകള്‍ക്ക് അധികാരം കൈമാറുമ്പോള്‍ പരമ്പരാഗത ഗോത്ര സംസ്‌കൃതിയിലധിഷ്ഠിതമായ ആദിവാസി ഗ്രാമസഭകളാണ് പരിഗണിക്കേണ്ടതെന്ന് ദിലീപ് സിംഗ് ഭൂരിയ കമ്മിറ്റി വിശദമായി പരാമര്‍ശിക്കുന്നുണ്ട്.(7)83-1; 8-23-1 etc..)  ദിലീപ്‌സിംഗ് ഭൂരിയ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ട് 1996 ഡിസംബര്‍ 24ന്  PESA Act ദേശീയ തലത്തില്‍ നിലവില്‍ വരികയും ചെയ്തു.
പെസാ നിയമം നിലവില്‍ വരുന്നതോടെ ഒരു ഗ്രാമം എന്നത് വ്യക്തമായി നിര്‍വചിക്കപ്പെട്ടു.
Section(4)(b) ”സ്വന്തം കാര്യങ്ങള്‍ പാരമ്പര്യത്തിനും ആചാരങ്ങള്‍ക്കും അനുസൃതമായി നോക്കി നടത്തുന്ന ഒരു സമുദായത്തെ ഉള്‍ക്കൊള്ളുന്ന ആവാസ കേന്ദ്രമോ അല്ലെങ്കില്‍ ഒരു കൂട്ടം ആവാസ കേന്ദ്രങ്ങളോ അല്ലെങ്കില്‍ ഒരു ഊരോ ഒരു കൂട്ടം ഊരുക്കളോ അടങ്ങുന്നതായിരിക്കും ഒരു സാധാരണ ഗ്രാമം”
Section(4)(d)  ”ഓരോ ഗ്രാമസഭയും ജനങ്ങളുടെ പാരമ്പര്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അവരുടെ സാംസ്‌കാരിക സ്വത്വവും സമുദായ സമ്പത്തും തര്‍ക്ക പരിഹാരത്തിനുള്ള പാരമ്പര്യ രീതികളും സംരക്ഷിക്കാനും കാത്തു സൂക്ഷിക്കാനും പ്രാപ്തമായിരിക്കേണ്ടതാണ്”
ഭരണഘടയിലെ ്-ാം പട്ടിക പ്രദേശങ്ങള്‍ക്ക് ബാധകമായ ഒരു നിയമത്തില്‍ ഗ്രാമസഭയെന്താണെന്ന് നിര്‍വ്വചിക്കപ്പെട്ട സാഹചര്യത്തില്‍ പട്ടികവര്‍ഗ്ഗ പ്രദേശങ്ങള്‍ പ്രഖ്യാപിക്കാനുള്ള അടിസ്ഥാന മാനദണ്ഡം നിര്‍വ്വചിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഭരണഘടനയുടെ 244-ാം വകുപ്പ് പട്ടികവര്‍ഗ്ഗ പ്രദേശങ്ങള്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കും ബാധകമാണ്. രാജ്യമെമ്പാടും ബാധകമായ ഈ ഭരണഘടനാ വകുപ്പിന് വേണ്ടി നാളിതുവരെ ഭരണകര്‍ത്താക്കള്‍, ഭരണപരമായ സൗകര്യമനുസരിച്ചാണ് വ്യാഖ്യാനങ്ങള്‍ നല്‍കിയിരുന്നത്. പട്ടികവര്‍ഗ്ഗ പ്രദേശങ്ങളിലെ പട്ടികവര്‍ഗ്ഗക്കാരുടെയും അല്ലാത്തവരുടെയും ജനസംഖ്യാ അനുപാതം മുന്‍കൂട്ടി നിര്‍ദ്ദേശിക്കുകയും, അത്തരം പ്രദേശങ്ങള്‍ കണ്ടെത്താനുമാണ് ആവശ്യപ്പെട്ടിരുന്നത്. PESA നിയമം നിലവില്‍ വന്നതോടെ ഇത്തരം നിര്‍ദ്ദേശങ്ങള്‍ക്ക് അടിസ്ഥാനമില്ലാതെ വന്നിരിക്കയാണ്.

കേരളത്തിലെ പഞ്ചായത്ത്‌രാജ് സംവിധാനവും ആദിവാസി ഗ്രാമസഭകളും (ഊര് കൂട്ടങ്ങളും)
ആസൂത്രണവും അധികാരവും വികേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി അതിവിപുലമായ ചര്‍ച്ചകള്‍ പഞ്ചായത്ത് രാജ് നിലവില്‍വന്ന കാലഘട്ടത്തില്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ പരമ്പരാഗത ഗ്രാമസഭകള്‍ നിലനില്‍ക്കുന്ന ആദിവാസി മേഖലകളുമായി ബന്ധപ്പെട്ട് ഒരിക്കലും കേരളത്തില്‍ നടന്നിട്ടില്ല. ഭരണഘടനയുടെ 73,74 ഭേദഗതികളുടെ തുടര്‍ച്ചയായി പാര്‍ലമെന്റ് പാസ്സാക്കിയ സുപ്രധാന നിയമമായ PESA നിയമം കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതേ ഇല്ല. കേരളത്തിലെ രാഷ്ട്രീയ സമൂഹം നിയമത്തെക്കുറിച്ചും നിയമത്തിന്റെ സാധ്യതകളെക്കുറിച്ചും പൂര്‍ണ്ണമായും അജ്ഞത നടിക്കുകയാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ പ്രത്യേക അധികാരമുള്ളവരാണ് ആദിവാസികള്‍ എന്ന് സംഘടിത രാഷ്ട്രീയ സമൂഹത്തെ പ്രതിനീധീകരിക്കുന്നവര്‍ അംഗീകരിക്കുന്നില്ല.
ആദിവാസി വികസനവുമായി ബന്ധപ്പെട്ട ട്രൈബല്‍ സബ് പ്ലാന്‍ നടത്തിപ്പിന്റെയും ഫണ്ട് വിനിയോഗത്തിന്റെയും പാളിച്ചകള്‍ പലപ്പോഴും വിവാദമായിട്ടുണ്ട്. ആദിവാസി വികസനത്തിനുവേണ്ടി കോടികള്‍ ചെലവഴിക്കുമ്പോഴും അത് ഇടനിലക്കാരിലാണ് എത്തിച്ചേരുന്നതെന്ന് വ്യാപകമായ പരാതി ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ പഞ്ചായത്ത്‌രാജ് നിലവില്‍ വന്നതിനുശേഷം ആദിവാസി ഊര്  കൂട്ടങ്ങളെ പ്രത്യേകം ഗ്രാമസഭകളായി പരിഗണിച്ചുകൊണ്ടുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ട്രൈബല്‍ സബ് പ്ലാനുമായി ബന്ധപ്പെട്ട നയരൂപീകരണവും പദ്ധതി നടപ്പാക്കലും ആദിവാസി ഗ്രാമസഭകള്‍ (ഊരുകൂട്ടം) നേരിട്ട്  ചെയ്യേണ്ടതാണ്. ഇതില്‍ ഇടനിലക്കാര്‍ ആവശ്യമില്ല. എന്നാല്‍ അധികാരവും ആസൂത്രണവും വികേന്ദ്രീകരിക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായി ആദിവാസികളുടെ പ്രത്യേക ഗ്രാമസഭകളും, ഊര് കൂട്ടങ്ങളും ചേര്‍ന്ന് അഭിപ്രായങ്ങള്‍ കേള്‍ക്കണമെന്ന് വിശദമായ സര്‍ക്കാര്‍ ഉത്തരവുകളുണ്ടെങ്കിലും ഫലത്തില്‍ വാര്‍ഡ്  കൗണ്‍സില്‍ മെമ്പര്‍മാര്‍, പ്രമോട്ടര്‍മാര്‍ എന്നിവര്‍ ഊര്കൂട്ടം വിളിച്ചുചേര്‍ത്ത്, ഒരു ഊര് മൂപ്പന്റെ ഒപ്പ് വാങ്ങി ജനാധിപത്യ വിരുദ്ധമായ പദ്ധതികള്‍ നടപ്പാക്കി വരുന്ന കീഴ് വഴക്കമാണ് നിലവിലുള്ളത്. ആദിവാസി പുനരധിവാസ മിഷന്‍  (TRDM) നിലവില്‍ വന്നതിനുശേഷം,  ഭൂമി പതിച്ചു നല്‍കാനുള്ള ഗുണഭോക്തൃ ലിസ്റ്റുകള്‍ പരിശോധിക്കുന്നതു മൂതല്‍ പുനരധിവാസ പദ്ധതികള്‍ നടപ്പാക്കുന്നതുവരെയള്ള എല്ലാ പദ്ധതികളും ഊര് കൂട്ടങ്ങളോ/ അഹാഡ്‌സ് മാതൃകയിലുള്ള ഊര് വികസന സമിതികളോ വഴി നടപ്പാക്കണമെന്ന്  വ്യക്തമായ തീരുമാനങ്ങളും സമീപനരേഖയും  സര്‍ക്കാര്‍ ഉത്തരവും നിലവിലുണ്ട്.  എന്നാല്‍ പുനരധിവാസ പദ്ധതിമേഖലകളിലും ആദിവാസികളുടെ ഗ്രാമസഭകളെ പ്രവര്‍ത്തനക്ഷമമാക്കാന്‍ അനുവദിക്കുന്നില്ല. ഭവന നിര്‍മാണത്തിലും, കാര്‍ഷിക വികസന പദ്ധതികളും, മറ്റ് അടിസ്ഥാന സൗകര്യവികസന പദ്ധതികളിലും വ്യാപകമായി നടക്കുന്ന അഴിമതിയാണ് ഇതിന്റെ ഫലം. ഉദ്യോഗസ്ഥരും, സര്‍ക്കാര്‍- സര്‍ക്കാര്‍ ഇതര സംഘങ്ങളും തമ്മിലുള്ള അവിഹിതകൂട്ടുകെട്ടുകള്‍ വഴിയാണ് വിഭവക്കൊള്ളയുടെ ഈ രീതി തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ശിശു മരണം തുടര്‍ന്നുകൊണ്ടിരിക്കുന്ന അട്ടപ്പാടിയില്‍ ഇപ്പോഴും നടപ്പാക്കുന്ന കോടികളുടെ പദ്ധതികള്‍ ഇടനിലക്കാര്‍ക്ക് ഗുണമുള്ള പദ്ധതിയായി മാറുകയാണ്. അവര്‍ക്ക് നല്‍കേണ്ട സബ്‌സിഡികള്‍ നേരിട്ട് നല്‍കുന്ന രീതി ഒരിക്കലും നടപ്പാക്കുന്നില്ല. സംസ്ഥാന പ്ലാനിംഗ്  ബോര്‍ഡുതന്നെ നടത്തിയ പഠനം ഈ നിഗമനങ്ങള്‍ ശരിവയ്ക്കുന്നുണ്ട്.

കേന്ദ്രവനാവകാശനിയമവും ഗ്രാമസഭകളും
2006-ലെ കേന്ദ്ര വനാവകാശനിയമം നിലവില്‍ വന്നതോടെ വനത്തില്‍ കയ്യേറ്റക്കാരായി പരിഗണിക്കപ്പെട്ടുവന്നിരുന്ന ആദിവാസികള്‍ക്ക് വനത്തിന്റെമേല്‍ ചില അവകാശം അംഗീകരിച്ചുകിട്ടുകയും, പരമ്പരാഗതമായി വനം സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തവരെന്ന നിലയില്‍ ചുമതലകള്‍ ഏല്‍ക്കേണ്ടിവരുമായി മാറിക്കഴിഞ്ഞിരിക്കുന്നു. വനവാസികളുടെ വ്യക്തിഗത അവകാശങ്ങളും, സാമൂഹിക  വനാവകാശവും അംഗീകരിക്കേണ്ടത്  ഗ്രാമസഭകളും വനാവകാശ സമിതികളുമാണെന്ന് നിയമം അനുശാസിക്കുന്നു. ഗ്രാമം എന്ന് നിയമം നിര്‍വ്വചിക്കുന്നത് ആദിവാസി ഗ്രാമസഭകളെ അല്ലെങ്കില്‍ ഊര് കൂട്ടങ്ങളെയാണ്. പട്ടികവര്‍ഗ്ഗ മേഖലയായി  പ്രഖ്യാപിക്കപ്പെട്ട  മേഖലകളില്‍  ജഋടഅ  ഗ്രാമസഭകളാണ് ‘ഗ്രാമം” എന്ന് നിര്‍വ്വചിച്ചിരിക്കുന്നത്.  നിയമത്തിന്റെ  Section 2(f)&(p) യില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍  ജഋടഅ ഗ്രാമസഭകള്‍ക്ക് പകരം ഊര് കൂട്ടങ്ങളാണ് നിലവിലുള്ളത്. എന്നതിനാല്‍ ഊര് കൂട്ടങ്ങളാണ്  ജഋടഅ ഗ്രാമസഭകളുടെ ദൗത്യം നിര്‍വ്വഹിക്കുന്നത്. എന്നാല്‍ കേരളത്തില്‍ നിയമത്തിന്റെ വിപുലമായ  സാധ്യകകളെ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന     ഒരു അന്വേഷണം ഇപ്പോഴും ആരംഭിച്ചിട്ടില്ല. പാര്‍ട്ടികള്‍ നിയമത്തെ ഭൂമി പതിച്ചു നല്‍കാനുള്ള ഒരു നിയമമായാണ് പ്രചരിച്ചുവന്നിരുന്നത്. ഏറ്റവും ‘ചുരുങ്ങിയത് ഒരേക്കര്‍ ഭൂമി പതിച്ച്” നല്‍കാനുള്ള നിയമം എന്ന്  ഖ്യാനിക്കുക വഴി വനഭൂമിയില്‍ വ്യക്തിഗത വനാവകാശം കൊടുക്കുന്ന ഒരു നിയമം മാത്രമായി ഇത് ചുരുക്കപ്പെട്ടു. വനഭൂമിയിലെ സെറ്റില്‍മെന്റുകളില്‍ താമസിക്കുന്ന നൂറുകണക്കിന് ആദിവാസികള്‍ക്ക് ഒരു സെന്റും രണ്ടു സെന്റും ഭൂമിക്കുള്ള കൈവശരേഖ നല്‍കുന്ന  പദ്ധതിയായി നടപ്പാക്കപ്പെട്ടു. ആദിവാസികളുടെ വനാവകാശവും, സാമൂഹിക വനാവകാശവുമെന്ന  (CFR) നിയമത്തിന്റെ കാതലായ ഭാഗം നടപ്പാക്കിയില്ല. വനവാസികളായ ആദിവാസികളുടെ ഊര് കൂട്ടങ്ങളെ/ ഗ്രാമസഭകളെ പ്രവര്‍ത്തനക്ഷമമാക്കുക വഴി മാത്രമേ വനാവകാശവും യാഥാര്‍ത്ഥ്യമാകൂ. 2006-ല്‍ പ്രാബല്യത്തില്‍വന്ന വനാവകാശ നിയമത്തിന്റെ  ഭാഗമായി 616 സാമൂഹിക  വനാവകാശം അംഗീകരിച്ച് നടപ്പാക്കണമെന്ന തീരുമാനം നൂറു ദിവസത്തിലേറെയായി ആദിവാസികള്‍ തുടരുന്ന സഹനസമരത്തിന്റെ ഭാഗമായി മാത്രമാണ് തീരുമാനമായത്. ഇതൊരു സുപ്രധാന ചുവടുവെയ്പ്പാണ്. വനമേഖലയിലെ ആദിവാസി ഗ്രാമസഭകള്‍ പ്രവര്‍ത്തനക്ഷമമായാല്‍  വനസംരക്ഷണത്തിലും ആദിവാസി ജീവിതത്തിലും സുപ്രധാനമായ മാറ്റങ്ങളുണ്ടാകും.

ആദിവാസി ഊര് ഭൂമി പട്ടികവര്‍ഗ്ഗ പ്രദേശമായി പ്രഖ്യാപിക്കുക
നേരത്തെ സൂചിപ്പിച്ചതുപോലെ ആദിവാസികളും ആദിവാസികളല്ലാത്തവരും ഉള്‍ക്കൊള്ളുന്ന വിപുലമായ  ഒരു ഭൂപ്രദേശം ഢാം പട്ടികയില്‍പ്പെടുത്തി പ്രഖ്യാപനം നടത്തുന്നത് എതിര്‍പ്പുകള്‍ക്ക് കാരണമാകും. അത് ഭരണഘടനവിരുദ്ധവുമാണ്. റവന്യൂ ഭൂമിയിലും, പുനരധിവാസ ഭൂമിയിലും, വനമേഖലയിലും നിലവിലുള്ള ആദിവാസി അധിവാസ കേന്ദ്രങ്ങളെയും ഊര് ഭൂമിയും അവരുടെ ആവാസവ്യവസ്ഥയും  വനപ്രദേശങ്ങളും- പട്ടിക വര്‍ഗ്ഗപ്രദേശമായി പ്രഖ്യാപിക്കുകയും, അത്തരം മേഖലകല്‍ പ്രത്യേകമായി തരംതിരിച്ച് (മാപ്പ് ചെയ്ത്) പട്ടികവര്‍ഗ്ഗ പഞ്ചായത്തുകള്‍ക്ക് രൂപം നല്‍കണമെന്നതാണ് ഗോത്രമഹാസഭ ആവശ്യപ്പെടുന്നത്. വനാവകാശം നിലവില്‍ വന്നതോടെ ആദിവാസികളുടെ ജനാധിപത്യ സംവിധാനമായ ഗ്രാമസഭകളെ പ്രവര്‍ത്തനക്ഷമമാക്കാനുള്ള പുതിയ വഴികൂടി തുറന്നു കിട്ടിയിട്ടുണ്ട്.  ആദിവാസി ഭൂമിയുടെ പരിരക്ഷ ഉറപ്പുവരുത്താനും, ആദിവാസി ഭൂമിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ നാട്ടിലെ പൗരന്മാരെന്ന നിലയില്‍ നേതൃത്വം  നല്‍കാനും ഗ്രാമസഭകളായി പ്രവര്‍ത്തിക്കാനും, ഫണ്ടിന്റെ വിനിയോഗം 100 ശതമാനം ഉറപ്പുവരുത്താനും, വനവും പ്രകൃതിയും സംരക്ഷിക്കാനും ആദിവാസികളുടെ ഗ്രാമസഭകളെ സ്വതന്ത്രമാക്കണം. ഇതിന്റെ മുന്നോടിയായി കേരളത്തിലെ മുഴുവന്‍ ആദിവാസി ഊര് ഭൂമിയും പട്ടികവര്‍ഗ്ഗ മേഖലയായി പ്രഖ്യാപിക്കേണ്ടതുണ്ട്.

പശ്ചിമഘട്ടത്തിലെ ‘തടവുകാരുടെ’ രാഷ്ട്രീയാവകാശം അംഗീകരിക്കപ്പെടണം
കാതലായ പ്രശ്‌നം ആദിവാസി ഗ്രാമസഭകളെ ഒരു ഇലക്‌ട്രേറ്റ് എന്ന നിലയില്‍ വേര്‍തിരിക്കുക എന്നതുതന്നെയാണ്. ഗ്രാമസഭകളുടെ തെരഞ്ഞെടുക്കപ്പെട്ട സംവിധാനം നിലവില്‍ വരുന്നതോടെ മാത്രമേ നിശബ്ദരാക്കപ്പെട്ടിരിക്കുന്ന ഒരു ജനവിഭാഗത്തെ പൊതുധാരയിലേക്ക് കൊണ്ടുവാരനാകൂ. വെറും കൂലി  അടിമകളും എന്നും കൈനീട്ടി  വാങ്ങേണ്ടി വരുന്നവരുമായി ഒരു ജനവിഭാഗത്തെയും തടവറയില്‍ സൂക്ഷിക്കുന്നത് ഒരു ജനാധിപത്യസമൂഹത്തിന് ചേര്‍ന്നതല്ല. പ്രത്യേകിച്ചും  ഈ നാടിന്റെ പ്രകൃതിയും നീരൊഴിക്കും മലകളും എക്കാലവും കാത്തുസൂക്ഷിച്ചു കൊണ്ടിരുന്ന  ഒരു സമൂഹത്തോട് ഇത് തുടര്‍ന്നുകൊണ്ടിരിക്കുന്നത് നന്ദികേട് കൂടിയാണ്. ഭരണഘടനാ വകുപ്പുകളും നിലവിലുള്ള തീരുമാനങ്ങളും നടപ്പാക്കാനുള്ള ജനാധിപത്യ മര്യാദ സര്‍ക്കാര്‍ കാണിച്ചാല്‍ മതി. 2001 -ല്‍  നടന്ന ആദിവാസികളുടെ  കുടില്‍കെട്ടല്‍ സമരം  അവസാനിപ്പിച്ചുകൊണ്ടുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ ഇത് അംഗീകരിച്ചിരുന്നു. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിക്കുന്നതിന് മുമ്പ് ഇതിന്റെ നിയമസാധുത  സര്‍ക്കാര്‍ പരിശോധിച്ചിരുന്നു. ഒത്തുതീര്‍പ്പ് വ്യവസ്ഥയിലെ പ്രസക്തമായ ഭാഗം താഴെ പറയും പ്രകാരമാണ്.
”ആദിവാസികളുടെ കൈവശം ഇപ്പോഴുള്ള ഭുപ്രദേശങ്ങളും പുതുതായി പതിച്ചുകൊടുക്കുന്ന ഭുപ്രദേശങ്ങളും ഷെഡ്യൂള്‍ഡ് ഏറിയ ആയി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതാണ്. ഈ പ്രദേശങ്ങളില്‍ അധിവസിക്കുന്ന ആദിവാസികളുടെ ഭൂമിയും സംസ്‌ക്കാരവും സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തും”
മേല്‍പ്പറഞ്ഞ തീരുമാനമനുസരിച്ച് കേരളത്തിലെ ആദിവാസികളുടെ കൈവശമുള്ള ഭൂമി പട്ടികവര്‍ഗ്ഗ പ്രദേശമായി പ്രഖ്യാപിക്കാനുള്ള തീരുമാനം കേരള മന്ത്രിസഭ എടുത്ത് കേന്ദ്രത്തോട് വിജ്ഞാപനം ചെയ്യാന്‍ ആവശ്യപ്പെടുകയും. ആദിവാസി അധിവാസ മേഖലയ്ക്കുവേണ്ടി കേരളത്തിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് ഒരു നിയമനിര്‍മാണം നടത്താന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്  മുന്‍കൈയെടുക്കുകയും ചെയ്യേണ്ടതാണ്. മന്ത്രിസഭാ തീരുമാനമെടുത്തു കഴിഞ്ഞാല്‍,  ആദിവാസി ഗ്രാമസഭകളെ പിഇസിഎ ഗ്രാമസഭകലായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു ഓര്‍ഡിനന്‍സ് പാസാക്കാനും സര്‍ക്കാര്‍ തയ്യാറാകണം. ദശകങ്ങളായി നീതി നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജനതയ്ക്ക് നീതി ഉറപ്പാക്കുന്നത് വൈകിച്ചു കൂടാ.

പട്ടികവര്‍ഗ്ഗ മേഖലയായി വിജ്ഞാപനം ചെയ്യാനുള്ള സര്‍ക്കാര്‍ മാര്‍ഗ്ഗരേഖ പുനരാവിഷ്‌ക്കരിക്കുക.

കേരളത്തിലെ ആദിവാസി അധിവാസ മേഖലകള്‍ പട്ടികവര്‍ഗ്ഗ മേഖലകളായി പ്രഖ്യാപിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ തയ്യാറാക്കിയ മാര്‍ഗ്ഗരേഖ പരിഷ്‌ക്കരിക്കണം. ഊര്ഭൂമി പൂര്‍ണ്ണമായും ഷെഡ്യൂള്‍ഡ് ഏറിയ ആയി വിജ്ഞാപനം ചെയ്യാനുള്ള നടപടി ഉണ്ടാകണം. ഇപ്പോല്‍ മാര്‍ഗ്ഗരേഖയില്‍ നിര്‍ദ്ദേശിച്ചതുപോലെ വയനാട് ജില്ല പൂര്‍ണ്ണമായും , അട്ടപ്പാടി ബ്ലോക്ക്  പൂര്‍ണ്ണമായും ഷെഡ്യൂള്‍ ചെയ്യുന്നത് വ്യാപകമായ പ്രതിഷേധത്തിന് കാരണമാകും. ഇത് ഭരണഘടന വിരുദ്ധമാണെന്ന് വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. ഊര് ഭൂമി  വേര്‍തിരിക്കുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. ഉദാ: അട്ടപ്പാടി ബ്ലോക്കില്‍ നിലവില്‍ അഗളി, പുത്തൂര്‍, ഷോളയൂര്‍ എന്നീ മൂന്ന് പഞ്ചായത്തുകളാണ് നിലവിലുള്ളത്. അഗളി പഞ്ചായത്തില്‍ 73 ഊരുകളിലായി 11,744 പുത്തൂര്‍ പഞ്ചായത്തില്‍ 67 ഊരുകളിലായി 9684; ഷോളയൂര്‍ പഞ്ചായത്തില്‍ 52 ഊരുകളിലായി 9230   എന്നീ ക്രമത്തിലാണ് ജനസംഖ്യ. (പട്ടിക  വര്‍ഗ്ഗ വകുപ്പിലുള്ള പഞ്ചായത്തുതല കണക്കുകളില്‍ നിന്ന്). നിലവില്‍ അട്ടപ്പാടി ബ്ലോക്കിലെ 3 പഞ്ചായത്തുകളില്‍ നിന്നും 192 ഊരുകളിലെ 30,658 പേര്‍ ജനസംഖ്യയുള്ള മേഖലകളെ വേര്‍പ്പെടുത്തി റലഹശാശമേശേീി രണ്ട് ആദിവാസി പഞ്ചായത്തുകള്‍ക്ക് എങ്കിലും പുതുതായി രൂപം നല്‍കുകയും, രണ്ട് പഞ്ചായത്തുകള്‍ ചേര്‍ത്ത് പ്രത്യേക ആദിവാസി ബ്ലോക്ക് പഞ്ചായത്തിന് രൂപം നല്‍കുകയും ചെയ്യാവുന്നതാണ്. വോട്ടര്‍മാരെ വേര്‍തിരിച്ച് പ്രത്യേകം പഞ്ചായത്തിന് രൂപം നല്‍കുമ്പോള്‍ വനവാസികളായ കുറുമ്പര്‍, മറ്റ് ആദിവാസി വിഭാഗങ്ങളായ മുഡുകര്‍, ഇരുളര്‍ എന്നിവരുടെ പ്രാതിനിധ്യ സ്വഭാവം, വനം – പരിസ്ഥിതി തുടങ്ങിയ  പ്രത്യേക ഘടകങ്ങള്‍ എന്നിവയും പരിഗണിക്കപ്പെടണം. മറ്റ് സ്ഥാപനങ്ങളുടെ പ്രാതിനിധ്യവും പരിഗണിക്കപ്പെടണം. വനാവകാശ നിയമമനുസരിച്ചുള്ള മേകലകള്‍ കൂടി ഗ്രാമസഭകള്‍ തിട്ടപ്പെടുത്തുമ്പോള്‍ പരിഗണിക്കേണ്ടതാണ്. ഈ നിലവിലുള്ള  ഒരു സമീപനം സ്വീകരിക്കുമ്പോള്‍ കേരളത്തിലെ മുഴുവന്‍ വനാവകാശ ഗ്രാമസഭകളുടെ മാപ്പിംഗ്, താരതമ്യേന പിന്നോക്കം നില്‍ക്കുന്നവരും ഭൂരഹിതരുമായവരുടെ മേഖലകള്‍ (പണിയ-അടിയ-കാട്ടുനായ്ക്ക തുടങ്ങിയവരുടെ പുനരധിവാസ പദ്ധതി പ്രദേശങ്ങള്‍) എന്നിവയ്ക്ക്  പ്രത്യേക പരിഗണന നല്‍കുകയും വിദ്യാഭ്യാസപരമായും, സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെ മുന്‍പന്തിയിലേക്ക് കൊണ്ടുവരാനുള്‌ല ടിആര്‍ഡിഎം പദ്ധതിയെ അഞ്ചാം പട്ടികയുമായി  ബന്ധിപ്പിക്കുന്ന തരത്തില്‍ ഒരു പുനരധിവാസ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും വേണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply