ജാതിസംവരണത്തെ അനുകൂലിക്കാന്‍ 10 കാരണങ്ങള്‍

ഭരണഘടനാ വിരുദ്ധമായ സവര്‍ണ്ണസംവരണത്തിനെതിരെ ശക്തമായ നിലപാടെടുത്തതിന്റെ പേരില്‍ വി ടി ബല്‍റാമിനെതിരെ രൂപം കൊണ്ട വിശാലമായ സഖ്യം താല്‍ക്കാലിക വിജയം നേടിയിരിക്കാം. എന്നാല്‍ അതുകൊണ്ടൊന്നും സംവരണമടക്കം വിവിധവിഷയങ്ങളിലെ തന്റെ നിലപാടു തിരുത്താന്‍ ബല്‍റാം തയ്യാറാകുമെന്നു കരുതിയവര്‍ക്ക് തെറ്റി. എന്തുകൊണ്ട് താന്‍ ജാതി സംവരണത്തെ പിന്തുണക്കുന്നു എന്നും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കണം എന്നാവശ്യപ്പെടുന്നു എന്നും ബല്‍റാം വിശദീകരിക്കുന്നു. സുപ്രിംകോടതിയുടെ പുതിയ വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നടപ്പാക്കിയ സവര്‍ണ്ണസംവരണം വീണ്ടും ചര്‍ച്ചയായ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമായ നിലപാട്.

ഞാന്‍ ജാതി സംവരണത്തെ അനുകൂലിക്കുന്നു. അത് തുടരണമെന്നും കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും ശക്തമായി ആവശ്യപ്പെടുന്നു. ഈ വിഷയത്തിലെ എന്റെ അഭിപ്രായങ്ങള്‍ ഇവിടെ ക്രോഡീകരിക്കാന്‍ ശ്രമിക്കുകയാണ്:

1) സംവരണം അടിസ്ഥാനപരമായി ഒരു തൊഴില്‍ദാന പദ്ധതിയോ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയോ അല്ല, അധികാര പങ്കാളിത്തത്തിന്റെ വിഷയമാണ്. ഇന്ത്യ പോലെ ഇത്രത്തോളം വൈവിധ്യങ്ങള്‍ ഒരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്ന ഒരു സമൂഹത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ അധികാരത്തിന്റെ എല്ലാ തലങ്ങളിലും ആനുപാതികമായി റപ്രസന്റ് ചെയ്യപ്പെടുന്നു എന്നതും സമൂഹം എല്ലാവരേയും ഉള്‍ക്കൊള്ളുന്നു എന്നതും ഉറപ്പു വരുത്തേണ്ടത് നമ്മുടെ ബഹുസ്വര ജനാധിപത്യത്തിന്റെ ചുമതലയാണ്.

2) സംവരണം കൊണ്ട് സംവരേണതര വിഭാഗങ്ങള്‍ക്ക് കാര്യമായ നഷ്ടമൊന്നുമുണ്ടാവുന്നില്ല. ഇപ്പോള്‍ നിലവില്‍ സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ മാത്രമാണു സംവരണം നടപ്പാക്കിയിട്ടുള്ളത്. ആകെ ജനസംഖ്യയുടെ 2 ശതമാനത്തില്‍ത്താഴെ ആളുകള്‍ക്ക് മാത്രമേ അല്ലെങ്കില്‍ത്തന്നെ സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ ജോലി നേടാന്‍ കഴിയുന്നുള്ളൂ. അതില്‍ അമ്പത് ശതമാനം സംവരണം നടപ്പാക്കിയാലും ഇല്ലെങ്കിലും ബാക്കിയുള്ള 98 ശതമാനത്തിനും അതുകൊണ്ട് കാര്യമായി ഒരു അവസരനഷ്ടവുമുണ്ടാകാന്‍ പോകുന്നില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

3) ‘The biggest scam ever in India is the caste system’. എല്ലാവര്‍ക്കും തുല്യമായും നീതിപൂര്‍വ്വകമായും വിതരണം ചെയ്യപ്പെടേണ്ട സമ്പത്തും പൊതു വിഭവങ്ങളിലുള്ള ഉടമസ്ഥാവകാശവും അധികാരമോ അധികാര സാമീപ്യമോ ഉപയോഗിച്ച് ചുരുക്കം ചിലര്‍ കൈവശപ്പെടുത്തുന്നതിനേയാണല്ലോ നാം അഴിമതി എന്ന് വിളിക്കുന്നത്. ആ വിശാലാര്‍ത്ഥത്തില്‍ നോക്കുകയാണെങ്കില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ, ഏറ്റവും ആസൂത്രിതമായ, ഏറ്റവും ദീര്‍ഘകാലം നീണ്ടുനിന്ന അഴിമതിയുടെ പേരാണ് ജാതി വ്യവസ്ഥ എന്നത്.

4) സംവരണം ഒരു തെറ്റ് തിരുത്തല്‍ നടപടിയാണ്. നേരത്തെ സൂചിപ്പിച്ച മട്ടില്‍ നമ്മുടെ സമൂഹത്തില്‍ ഇന്ന് കാണുന്ന എല്ലാ ഉച്ചനീചത്ത്വങ്ങളുടേയും അടിസ്ഥാനകാരണം എത്രയോ സഹസ്രാബ്ദങ്ങളായി ഇവിടെ നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയാണ്. ഭൂമിയുടെ മേലുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, ഇഷ്ടപ്പെട്ട തൊഴിലെടുക്കാനുള്ള അവകാശം എന്നിവക്കപ്പുറം വഴി നടക്കാനും വെള്ളമെടുക്കാനും മാറുമറക്കാനും മീശവെക്കാനുമൊക്കെയുള്ള അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ വരെ ക്രൂരമായി ജാതിയുടെ അടിസ്ഥാനത്തില്‍ നിഷേധിക്കപ്പെട്ടിരുന്ന ഫ്യൂഡല്‍/രാജഭരണ കാലത്തെ സംസ്‌ക്കാരത്തെയാണു നമ്മളില്‍ച്ചിലരിന്ന് ‘ആര്‍ഷ ഭാരത സംസ്‌ക്കാര’മെന്ന് പാടിപ്പുകഴ്ത്തുന്നത്. ആ കാലവും അന്നത്തെ സാമൂഹിക വ്യവസ്ഥിതിയും സൃഷ്ടിച്ച അസമത്വങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ഉത്തരവാദിത്തം ഇന്നത്തെ ജനാധിപത്യ കാലത്തിനുണ്ട്. ജാതിയുടെ അടിസ്ഥാനത്തില്‍ പല വിഭാഗങ്ങളോടുമുള്ള ഡിസ്‌ക്രിമിനേഷനിലൂടെ സമൂഹം സൃഷ്ടിച്ച അസമത്ത്വങ്ങള്‍ പരിഹരിക്കാനുള്ള റിവേഴ്‌സ് ഡിസ്‌ക്രിമിനേഷന്‍ ആണു സംവരണം. സ്വാഭാവികമായി അതും ജാതിയുടെ അടിസ്ഥാനത്തില്‍ത്തന്നെ ആയിരിക്കും.

5) സവര്‍ണ്ണ സമുദായങ്ങളില്‍പ്പെട്ട ചിലരുടെ ദാരിദ്ര്യവും സംവരണ വിഭാഗങ്ങളില്‍പ്പെട്ട ചിലരുടെ സമ്പന്നതയും സംബന്ധിച്ച ഒറ്റപ്പെട്ട ഉദാഹരണങ്ങള്‍ എടുത്തുകാണിച്ചുകൊണ്ട് സംവരണത്തിനെതിരെ വ്യാപകമായ പ്രചരണം നടന്നുവരുന്നുണ്ട്. പൊളിഞ്ഞ സവര്‍ണ്ണ തറവാടുകളേക്കുറിച്ചുള്ള ഗൃഹാതുരത്ത്വം ആവര്‍ത്തിച്ച് അയവിറക്കി നമ്മുടെ സിനിമയും സാഹിത്യവുമൊക്കെ ഈ പ്രചരണത്തിനായി പലപ്പോഴും ഉപയോഗപ്പെടുത്തുന്നുമുണ്ട്. എന്നാല്‍ സംവരണത്തിന്റെ ലക്ഷ്യം സാമ്പത്തിക ഉന്നമനം മാത്രമല്ല, സാമൂഹിക ശാക്തീകരണമാണെന്ന് ആവര്‍ത്തിക്കുന്നു. ഇന്നത്തെ സവര്‍ണ്ണ വിഭാഗങ്ങളോട് സമൂഹം ഒരു കാലത്തും ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും അവരില്‍ച്ചിലര്‍ ഇന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കില്‍ അതിനുള്ള ഉത്തരം നല്‍കേണ്ടതും പരിഹാരം കാണേണ്ടതും സമൂഹത്തിന്റെ മുന്‍ഗണനയാവേണ്ടതില്ല. സമൂഹം ചിലരോട് ചെയ്ത തെറ്റുകള്‍ക്കാണു നാം ആദ്യം പരിഹാരം കാണേണ്ടത്. സര്‍ക്കാരുകളുടെ പൊതുവായ ക്ഷേമപദ്ധതികള്‍ ശക്തിപ്പെടുത്തിയാണ് മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത്.

6) പഴയകാലത്തേതുപോലുള്ള ജാതീയമായ അടിച്ചമര്‍ത്തലുകള്‍ ഇന്ന് പ്രത്യക്ഷത്തില്‍ കുറഞ്ഞിട്ടുണ്ടായിരിക്കാം, എന്നാല്‍ നേരിട്ടല്ലാതെയോ അദൃശ്യതലത്തിലോ ഉള്ള ജാതീയ വിവേചനങ്ങള്‍ ഇന്നും സാമൂഹിക, സാമ്പത്തിക, സാംസ്‌ക്കാരിക തലങ്ങളില്‍ ശക്തമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഓരോ പിന്നാക്ക ജാതിക്കാരനും മള്‍ട്ടിപ്പിള്‍ ഡിസ്‌ക്രിമിനേഷന്‍ ആണു അനുഭവിക്കുന്നത്. സാമ്പത്തികമായ പിന്നാക്കാവസ്ഥ അതിലൊന്ന് മാത്രമാണ്. അതുകൊണ്ടുതന്നെ സംവരണ വിഭാഗത്തില്‍പ്പെട്ട ഏതെങ്കിലും കുടുംബങ്ങള്‍ ഈയിടെയായി സാമ്പത്തികമായി മുന്നോട്ടുവന്നിട്ടുണ്ടെങ്കില്‍ത്തന്നെ ആ ഒരൊറ്റക്കാരണം പറഞ്ഞ് സംവരണം പാടേ ഒഴിവാക്കുന്നത് ഉചിതമല്ല. എന്നാല്‍ ഓരോ സംവരണ വിഭാഗത്തിനുള്ളിലും അതിലെ ക്രീമിലെയറിനേക്കാള്‍ ഏറ്റവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനേക്കുറിച്ച് ചര്‍ച്ച ആകാവുന്നതാണ്. സംവരണ വിഭാഗങ്ങളുടെ വെര്‍ട്ടിക്കല്‍ മൊബിലിറ്റി ഉറപ്പു വരുത്തുക എന്നതും ഇക്കാര്യത്തില്‍ പ്രധാന പരിഗണനയാകണം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

7) ആയിരക്കണക്കിനു വര്‍ഷങ്ങള്‍ കൊണ്ട് സൃഷ്ടിക്കപ്പെട്ട അസമത്വം പൂര്‍ണ്ണമായി പരിഹരിക്കാന്‍ അമ്പതോ അറുപതോ വര്‍ഷം ഒരുപക്ഷേ അപര്യാപ്തമായിരിക്കും. ഇത്രയും കാലം സംവരണം നല്‍കിയിട്ടും പൂര്‍ണ്ണ പ്രയോജനം ലഭിച്ചില്ലെന്നമട്ടില്‍ ചിലരുന്നയിക്കുന്ന ആക്ഷേപം തന്നെയാണു സംവരണം ഇനിയും തുടരണമെന്നതിനും കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കണമെന്നതിനുമുള്ള ന്യായീകരണം. സംവരണം എടുത്തുകളഞ്ഞാലും എല്ലാ വിഭാഗങ്ങള്‍ക്കും അവരവരുടെ ജനസംഖ്യാനുപാതിക പ്രാതിനിധ്യം സ്വാഭാവികമായിത്തന്നെ ലഭിക്കുമെന്ന സാഹചര്യം വരാത്തിടത്തോളം സംവരണം തുടരുക തന്നെ വേണം. ഇത്രയൊക്കെ സംവരണം നല്‍കിയിട്ടും സര്‍ക്കാര്‍ സര്‍വ്വീസില്‍പ്പോലും പല സവര്‍ണ്ണ സമുദായങ്ങള്‍ക്കും ജനസംഖ്യാനുപാതികമായതില്‍ എത്രയോ കൂടുതല്‍ പ്രാതിനിധ്യം ആണിപ്പോഴുമുള്ളത് എന്നതും സംവരണത്തിന്റെ അനിവാര്യതയേയാണു സൂചിപ്പിക്കുന്നത്.

8.) ജാതി സംവരണത്തിനു ബദലായി പലരും ഉയര്‍ത്തിക്കാട്ടുന്ന സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണം യാഥാര്‍ത്ഥ്യബോധമില്ലാത്തതും അപ്രായോഗികവുമാണ്. നമ്മുടെ നാട്ടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരൊഴിച്ച് മറ്റാരുടെയും കാര്യത്തില്‍ യഥാര്‍ത്ഥ വരുമാനം എത്രയാണെന്ന് കണക്കാക്കാനുള്ള ഒരു തരത്തിലുള്ള ആധികാരിക മാര്‍ഗ്ഗങ്ങളുമില്ല. വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് പലപ്പോഴും ഒരു തമാശ മാത്രമാണ്. വിവിധ സ്രോതസ്സുകളില്‍നിന്നായി ലക്ഷക്കണക്കിനു രൂപ മാസവരുമാനമുള്ളവര്‍ക്കും ഒരുപക്ഷേ ലഭിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്നത് രണ്ടായിരമോ മറ്റോ ആയിരിക്കും. അതുകൊണ്ടൊക്കെത്തന്നെ ഇന്നത്തെ നിലയില്‍ സാമ്പത്തികമാനദണ്ഡങ്ങള്‍ മാത്രം വെച്ച് സംവരണമേര്‍പ്പെടുത്തിയാല്‍ അത് വലിയതോതിലുള്ള ദുരുപയോഗങ്ങള്‍ക്ക് വഴിതെളിക്കുമെന്നതില്‍ സംശയമില്ല. യഥാര്‍ത്ഥത്തില്‍ ജാതി സംവരണമെന്ന അനിവാര്യതയെ നേരിട്ടെതിര്‍ക്കാന്‍ ആത്മവിശ്വാസമില്ലാത്തവര്‍ അതിനെ അട്ടിമറിക്കാന്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന കപട ആശയമാണു സാമ്പത്തിക സംവരണമെന്നത്.

9) സംവരണം മെറിറ്റിനെ ഒരുതരത്തിലും അട്ടിമറിക്കുന്നില്ല എന്ന് മാത്രമല്ല, മെറിറ്റ് എന്ന സങ്കല്‍പ്പത്തെ കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തോടെയും സമഗ്രമായും നോക്കിക്കാണുന്നു എന്നതാണു വാസ്തവം. ഏതെങ്കിലും ഒരു പരീക്ഷയില്‍ എത്ര മാര്‍ക്ക് കിട്ടി എന്നത് മാത്രം പരിശോധിക്കുന്നത് അര്‍ത്ഥശൂന്യമാണ്. ഓരോ പരീക്ഷാര്‍ത്ഥിയുടേയും സാമൂഹിക, സാമ്പത്തിക പശ്ചാത്തലം അവരുടെ മാര്‍ക്കുകളെ നിശ്ചയമായും സ്വാധീനിക്കും. നൂറു മീറ്റര്‍ ഓട്ടമത്സരത്തില്‍ ആരാണ് ഫിനിഷിംഗ് ലൈനില്‍ ആദ്യമോടിയെത്തുന്നത് എന്ന് മാത്രം നോക്കിയാല്‍ പോരാ, ആരെല്ലാം എവിടെ നിന്നാണു തുടങ്ങുന്നതെന്ന് കൂടി നോക്കണം. ചിലര്‍ സീറോയില്‍ നിന്ന് തുടങ്ങുന്നു, ചിലര്‍ അമ്പത് മീറ്ററില്‍ നിന്ന് തുടങ്ങുന്നു, ചിലര്‍ തുടങ്ങുന്നത് തൊണ്ണൂറാം മീറ്ററില്‍ നിന്നാണ്. എല്ലാവര്‍ക്കും അവസര സമത്വം ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ നമുക്ക് മെറിറ്റിനെക്കുറിച്ച് സംസാരിക്കാനര്‍ഹതയുള്ളൂ. സ്വാശ്രയ കോളേജുകളേയും പണം നല്‍കിയുള്ള എയ്ഡഡ് സ്‌ക്കൂള്‍/കോളേജ് നിയമനങ്ങളേയുമൊക്കെ മടി കൂടാതെ അംഗീകരിക്കുന്നവര്‍ തന്നെയാണ് സംവരണത്തിന്റെ കാര്യം വരുമ്പോള്‍ മാത്രം മെറിറ്റും പൊക്കിപ്പിടിച്ച് വരുന്നതെന്ന് തികഞ്ഞ കാപട്യമാണ്.

10) സംവരണം ജാതി ചിന്തയെ ബലപ്പെടുത്തില്ലേ എന്നും ശാശ്വതമായി നിലനിര്‍ത്തില്ലേ എന്നും പലരും സംശയമുന്നയിച്ചുകാണാറുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ ജാതിമേധാവിത്തത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ച സവര്‍ണ്ണ വിഭാഗങ്ങളില്‍പ്പെട്ടവരാണു ഈ ചോദ്യമുന്നയിക്കുന്നവരില്‍ മഹാഭൂരിപക്ഷവും എന്നാണു വസ്തുത. ജാതിയുടെ കെടുതികള്‍ അനുഭവിച്ചിട്ടില്ലാത്തവര്‍ക്ക് മറ്റുള്ളവരോട് അത് മറക്കാന്‍ പറയുക എളുപ്പമാണ്. എന്നാല്‍ അതിന്റേതായ ദുരിതങ്ങള്‍ മുന്‍തലമുറകള്‍ തൊട്ട് അനുഭവിച്ച് പോരുകയും അത് സമ്മാനിച്ച പിന്നാക്കാവസ്ഥ ഇന്നും തലയില്‍പ്പേറുകയും ചെയ്യുന്നവര്‍ക്ക് അതത്ര എളുപ്പമല്ല. വേറൊരാളുടെ മുഖത്തിനിട്ട് ഏകപക്ഷീയമായി പത്ത് അടി കൊടുത്തിട്ട് ഇനി അതെല്ലാം മറക്കണമെന്ന് പറഞ്ഞാല്‍ അതെല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കണമെന്നില്ല. ജാതി സൃഷ്ടിച്ച അസമത്വങ്ങള്‍ ജാതിയിലൂടെത്തന്നെ പരിഹരിച്ച് എല്ലാവര്‍ക്കും ഒരു ലെവല്‍ പ്ലെയിംഗ് ഫീല്‍ഡ് ഉറപ്പുവരുത്തിയാല്‍ മാത്രമേ നമുക്ക് ജാതിചിന്തയെ ഒഴിവാക്കാനാവുകയുള്ളൂ. അതിനുള്ള ഒരു ഉപാധിയാണ് സംവരണം. അതുകൊണ്ട് ജാതി സംവരണം തുടരണമെന്ന് മാത്രമല്ല, സ്വകാര്യ മേഖല അടക്കം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് വേണ്ടത്.

(പഴയ ഫേസ് ബുക്ക് പോസ്റ്റില്‍ നിന്ന്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply