ഫലം ചെയ്യുമോ അന്ധവിശ്വാസ അനാചാര നിരോധന നിയമം

വാസ്തവത്തില്‍ 2021ല്‍ കെ ഡി പ്രസന്നന്‍ എം എല്‍ എ നോട്ടീസ് നല്‍കിയ കേരള അന്ധവിശ്വാസ – അനാചാര നിര്‍മ്മാര്‍ജ്ജന ബില്‍ നിയമസഭക്കുമുന്നിലുണ്ട്. മന്ത്രസിദ്ധി തിരിച്ചുപിടിക്കാനായി കമ്പകക്കാനത്തു നടണ കൂട്ടക്കൊലയെ തുടര്‍ന്നാണ് അന്ന് അന്ധവിശ്വാസ അനാചാര നിരോധന നിയമത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. എന്നാല്‍ ലോകായുക്ത നിയമമെല്ലാം തിരുത്താന്‍ ഏറെ തിരക്കു കാട്ടിയ സര്‍ക്കാര്‍ ഈ ബില്ലിന്റെ കാര്യത്തില്‍ ഇതുവരേയും ഒരു താല്‍പ്പര്യവുമെടുത്തില്ല എന്നതാണ് ഖേദകരം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കി ശാസ്ത്രീയവും മാനുഷികവുമായ സാമൂഹ്യവ്യവസ്ഥ ഉറപ്പാക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യമെന്നായിരുന്നു അവകാശവാദം.

ഒരിടവേളക്കു ശേഷം വീണ്ടും അന്ധവിശ്വാസ അനാചാര നിരോധന നിയമം കൊണ്ടുവരാനുള്ള നീക്കങ്ങള്‍ കേരള സര്‍ക്കാര്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ടു മനുഷ്യബലി കൂടി അതിനായി വേണ്ടിവന്നു എന്നര്‍ത്ഥം. മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലും നിലനില്‍ക്കുന്ന മാതൃകയിലാണ് നിയമം കൊണ്ടുവരാനുദ്ദേശിക്കുന്നത് എന്നാണ് വാര്‍ത്ത. ഇത്തരമൊരു നിയമം കൊണ്ട് അന്ധവിശ്വാസവും അനാചാരവുമൊക്കെ തടയാനാകുമോ, എന്തൊക്കെയാണ് അന്ധവിസ്വാസം, അനാചാരം എന്നു തീരുമാനിക്കുന്നത് ആരാണ് തുടങ്ങിയ ചോദ്യങ്ങളെല്ലാം സ്വാഭാവികമായും ഉയര്‍ന്നു കഴിഞ്ഞു. മറുപടി പറയാന്‍ അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണത്. അതേസമയം അനിവാര്യവുമാണ്.

വാസ്തവത്തില്‍ 2021ല്‍ കെ ഡി പ്രസന്നന്‍ എം എല്‍ എ നോട്ടീസ് നല്‍കിയ കേരള അന്ധവിശ്വാസ – അനാചാര നിര്‍മ്മാര്‍ജ്ജന ബില്‍ നിയമസഭക്കുമുന്നിലുണ്ട്. മന്ത്രസിദ്ധി തിരിച്ചുപിടിക്കാനായി കമ്പകക്കാനത്തു നടണ കൂട്ടക്കൊലയെ തുടര്‍ന്നാണ് അന്ന് അന്ധവിശ്വാസ അനാചാര നിരോധന നിയമത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. എന്നാല്‍ ലോകായുക്ത നിയമമെല്ലാം തിരുത്താന്‍ ഏറെ തിരക്കു കാട്ടിയ സര്‍ക്കാര്‍ ഈ ബില്ലിന്റെ കാര്യത്തില്‍ ഇതുവരേയും ഒരു താല്‍പ്പര്യവുമെടുത്തില്ല എന്നതാണ് ഖേദകരം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കി ശാസ്ത്രീയവും മാനുഷികവുമായ സാമൂഹ്യവ്യവസ്ഥ ഉറപ്പാക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യമെന്നായിരുന്നു അവകാശവാദം. സത്യത്തില്‍ 1954ലെ ഡ്രഗ്‌സ് ആന്റ് മാജിക്കല്‍ റെമഡീസ് ആക്ട് സംസ്ഥാനത്ത് നിലവിലുണ്ട്. എന്നിട്ടും മാന്ത്രിക ഏലസുകള്‍, ദിവ്യശക്തി, പ്രാര്‍ത്ഥന, രോഗശാന്തി ചികിത്സ, കുട്ടിച്ചാത്തന്‍ അനുഗ്രഹം, ഭാഗ്യനക്ഷത്രകല്ലുകള്‍, ജ്യോത്സ്യം, മന്ത്രവാദം തുടങ്ങിയവയുടെ പരസ്യങ്ങളും പ്രയോഗങ്ങളും തുടരുന്ന സാഹചര്യത്തിലാണ് പുതിയ നിയമത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കെ ഡി പ്രസന്നന്‍ അവതരിപ്പിച്ച ബില്ലില്‍ അന്ധവിശ്വാസത്തെ നിര്‍വ്വചിച്ചിരിക്കുന്നത് കാര്യകാരണചിന്തക്ക് ഉചിതമല്ലാത്തതും ശാസ്ത്രീയമായ അടിത്തറ ഇല്ലാത്തതും സാമൂഹ്യപുരോഗതിക്ക് വിഘാതമായിരിക്കുന്നതുമായ വിശ്വാസങ്ങള്‍ എന്നാണ്. അനാചാരത്തെയാകട്ടെ വ്യക്തിക്കും സമൂഹത്തിനും ദോഷകരവും മാരകവുമായി ഫലങ്ങള്‍ ഉളവാക്കുന്ന ആചാരങ്ങളും കര്‍മ്മങ്ങളുമെന്നും മന്ത്രവാദമെന്നാല്‍ പ്രകൃത്യാതീത ശക്തികളും പ്രേതഭൂതങ്ങളും ഉണ്ടെന്നും അവയെ നിയന്ത്രിക്കാമെന്നും വിശ്വസിപ്പ്ിച്ച് ചെയ്യുന്ന പൂജാദി കര്‍മ്മങ്ങളാണെന്നും അത്ഭുതരോഗശാന്തി എന്നാല്‍ അംഗീകൃത ശാസ്ത്രീയ പരിശോധനകള്‍ വഴി രോഗനിര്‍ണ്ണയം നടത്താതെ ചെയ്യുന്ന ദിവ്യശക്തികളുടെ പേരിലുള്ള ചികിത്സയെന്നും നിര്‍വ്വചിച്ചിരിക്കുന്നു. കുറെയേറെ കുറ്റകൃത്യങ്ങളെ കുറിച്ചും ബില്ലിന്റെ കരടില്‍ പറയുന്നുണ്ട്. പ്രേതബാധ തടയാനെന്ന പേരില്‍ ഒരാളെ ബന്ധിക്കുന്നത്. മര്‍ദ്ദിക്കുന്നത്. കെട്ടിത്തൂക്കുന്നത്, തലമുടി പിഴുതെടുക്കുന്നത്. ചൂട് വെക്കുന്നത്. ലൈംഗികവേഴ്ചക്ക് നിര്‍ബന്ധിക്കുന്നത്. പ്രകൃത്യാതീത ശക്തികളുടെ അനുഗ്രഹത്തിനെന്ന പേരില്‍ പലവിധ ദ്രോഹങ്ങള്‍ ചെയ്യുന്നത്. നരബലികള്‍, മൃഗബലികള്‍, ദിവ്യശക്തിയുണ്ടെന്നും അവതാരമെന്നും അവകാശപ്പെടല്‍, മതത്തിന്റെ പേരില്‍ വിദേശപണം വാങ്ങല്‍, മരിച്ചുപോയവരുടെ കുഴിമാടങ്ങളും ഖബറുകളും വിസ്വാസത്തിന്റേ പേരില്‍ സാമ്പത്തിക ചൂഷണത്തിന് ഉപയോഗിക്കല്‍ എന്നിങ്ങനെ ഈ പട്ടിക നീളുന്നു.

തീര്‍ച്ചയായും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിയമപരമായി മാത്രം നേരിടാനാവില്ല. അപ്പോഴും നിയമപരമായ നടപടികളെടുക്കാന്‍ ജനാധിപത്യ സര്‍ക്കാരിനു ബാധ്യതയുണ്ട്. പ്രതേകിച്ച് ശാസ്ത്രീയചിന്ത വളര്‍ത്താന്‍ ഭരണകൂടത്തിനു ബാധ്യതയുണ്ടെന്ന് ഭരണഘടനയില്‍ എഴുതിവെച്ച സാഹചര്യത്തില്‍. അ്‌പ്പോഴും എന്താണ് അന്ധവിശ്വാസം, അനാചാരം എന്ന് നിര്‍വ്വചിക്കുക എളുപ്പമല്ല. ഒരാള്‍ക്ക് അന്ധവിശ്വാസം മറ്റൊരാള്‍ക്ക് വിശ്വാസമാകാം. ഒരാള്‍ക്ക് അനാചാരമായി തോന്നുന്നത് മറ്റൊരാള്‍ക്ക് ആചാരമാകാം. ദൈവവിശ്വാസം അന്ധവിശ്വാസമാണെന്നു വിശ്വസിക്കുന്നവരുണ്ട്. ആരാധനാലയങ്ങളില്‍ പോകുന്നത് അനാചാരമാണെന്നു വിശ്വസിക്കുന്നവരുണ്ട.് എന്നാല്‍ ഇവ വിശ്വാസമാണെന്നു കരുതുന്ന പലരും ആള്‍ദൈവങ്ങള്‍ അനാചാരമാണെന്നു പറയുന്നു. പൂജകള്‍ അനാചാരമാണെന്നു കരുതുന്നവരുണ്ട്. മന്തരവാദപൂജകള്‍ മാത്രമാണ് അനാചാരമെന്നു വിശ്വസിക്കുന്നവരുമുണ്ട്. എല്ലാ മതവിശ്വാസികളിലും ഇത്തരം തര്‍ക്കങ്ങളുണ്ട്. സ്ത്രീകളുടെ ആരാധനാലയപ്രവേശനം ചിലര്‍ക്ക് ആചാരവും ചിലര്‍ക്ക് അനാചാരവുമാണ്. വാസ്തുശാസ്ത്രവും ജോല്‍സ്യവും തര്‍ക്കവിഷയങ്ങളാണ്. എന്തിനേറെ, ആയുര്‍വേദവും ജൈവകൃഷിയുമടക്കമുള്ളവ അന്ധവിശ്വാസമാണെന്നു വാദിക്കുന്നവരും ഇവിടെ സജീവമാണ്. ഇന്നത്തെ ആചാരം പലതും നാളെ അനാചാരവുമാകാം. അത്തരത്തില്‍ എത്രയോ കാര്യങ്ങള്‍ ചൂണ്ടികാട്ടാനാകും.
ഒരുപക്ഷെ മനുഷ്യബലി പോലുള്ള ഏറ്റവും നിന്ദ്യമായ നടപടികളിലേ കാര്യമായ തര്‍ക്കങ്ങള്‍ ഇല്ലാതിരിക്കാന്‍ സാധ്യതയുള്ളു. ആരാധനാലയങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കുന്നതിനേയും മനുഷ്യബലിയേയും ഒരുപോലെ കാണുന്ന കേവലയുക്തിവാദപരമായ നിലപാടിന് ഇന്നൊരു പ്രസക്തിയുമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ കൃത്യമായ വിവേചന ബുദ്ധി ആവശ്യമായ വിഷയമാണിത്. പ്രത്യേകിച്ച് ധനാകര്‍ഷണ യന്ത്രങ്ങളും വെള്ളിമൂങ്ങയും ഇരുതല മൂര്‍ഖനും അക്ഷയത്രിതീയ പോലുള്ള വിശ്വാസങ്ങളുമൊക്കെ അരങ്ങു തകര്‍ക്കുമ്പോള്‍.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്തരമൊരു സാഹചര്യത്തില്‍ പലരും ചൂണ്ടികാണിക്കാറുള്ളപോലെ മഹാരാഷ്ട്രയിലും കര്‍ണ്ണാടകത്തിലും നിലവിലുള്ള അന്ധവിശ്വാസ – അനാചാര നിരോധന നിയമം താരതമ്യേന ഭേദപ്പെട്ടതാണ്. ഇത്തരമൊരു നിയമം മഹാരാഷ്ട്രയില്‍ പാസ്സായതിനു പുറകില്‍ വര്‍ഷങ്ങളുടെ പോരാട്ടത്തിന്റെ ചരിത്രമുണ്ട്. 1995ല്‍തന്നെ ഇത്തരമൊരു ബില്ലിനെ കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യാനാരംഭിച്ചിരുന്നു. ബില്ലിനു രൂപം കൊടുത്ത സാമൂഹ്യപ്രവര്‍ത്തകന്‍ നരേന്ദ്ര ദബോല്‍ക്കര്‍ രക്തസാക്ഷിയായതിനുശേഷമാണ് ബില്‍ പാസ്സാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറായത്. 2003 ജൂലായിലാണ് ദബോല്‍ക്കര്‍ ബില്ലിന്റെ കരട് തയ്യാറാക്കിയത്. അപ്പോള്‍തന്നെ അന്ധവിശ്വാസത്തിന്റേയും മന്ത്രവാദത്തിന്റേയും മറ്റും നിര്‍വ്വചനങ്ങളെ ചൊല്ലി പല അഭിപ്രായ ഭിന്നതകളും ഉയര്‍ന്നുവന്നിരുന്നു. തുടര്‍ന്ന് യുക്തിവാദിനേതാവ് ശ്യാം മാനവ് ബില്ലിനെ പുതുക്കിയെഴുതുകയും 2005ല്‍ സര്‍ക്കാരിനു സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ പല മതാധിഷ്ഠിത സംഘടനകളും ബില്ലിനെതിരെ രംഗത്തിറങ്ങി. ആത്മീയതയെ അംഗീകരിക്കാത്ത ബില്‍ വൈദേശിക സ്വാധീനത്തിലാണ് തയ്യാറാക്കിയതെന്നും അത് ആരാധനാസ്വാതന്ത്ര്യത്തെ തടയുന്നു എന്നുമായിരുന്നു പ്രധാന ആരോപണം. ഭൗതികവും ആത്മീയവുമായ പീഡനം എന്താണെന്ന് ബില്‍ കൃത്യമായി നിര്‍വ്വചിക്കുന്നില്ല എന്നും ആരോപണമുയര്‍ന്നു. ഏതു ഹിന്ദു ആചാരത്തേയും അന്ധവിശ്വാസമായി വ്യാഖ്യാനിക്കാന്‍ ബില്‍ ഇടയാക്കും എന്നാരോപിച്ച് ഹിന്ദു ജനജാഗ്രതി സമിതിയും ആര്‍്്ട്ട് ഓഫ് ലീവിംഗ് ഫൗണ്ടേഷനും മറ്റും തെരുവിലിറങ്ങി. അതിനിടെ ദബോല്‍ക്കറും കൂട്ടരും ബില്ലിനായി ശക്തമായി രംഗത്തെത്തി. ഇക്കാര്യമുന്നയിച്ച് 2011 ഏപ്രില്‍ ഏഴിന് മുംബൈയില്‍ ഒരു വന്‍ റാലി നടന്നു. ആയിടക്കുതന്നെ മഹാരാഷ്ട്രയില്‍ സ്വത്തിനായി ഒരു കുഞ്ഞിനെ ബലി കൊടുത്ത സംഭവമുണ്ടായി. അതുണ്ടാക്കിയ കോലാഹലത്തെ തുടര്‍ന്ന് ബില്‍ പാസ്സാക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ആ പ്രഖ്യാപനവും കടലാസിലൊതുങ്ങി. തുടര്‍ന്ന് ദബോല്‍ക്കറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പ്രചാരണ പരിപാടികള്‍ ആരംഭിച്ചു. അതിനിടയിലാണ് 2013 ആഗസ്റ്റ് 21ന് രാവിലെ നടക്കാനിറങ്ങിയ ദബോല്‍ക്കര്‍ വെടിയേറ്റു മരിച്ചത്. തുടര്‍ന്നുണ്ടായ ജനവികാരം തിരിച്ചറിഞ്ഞ് ബില്‍, ഓര്‍ഡിനന്‍സാക്കി പുറത്തിറക്കി. പിന്നീട് നിയമമായി. പ്രസ്തുത നിയമമനുസരിച്ച് മഹാരാഷ്ട്രയില്‍ നടന്ന ആദ്യ അറസ്റ്റ് എയ്ഡ്‌സ്, കാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക്് അത്ഭുതചികിത്സ എന്ന പരസ്യം കൊടുത്ത പത്രങ്ങള്‍ക്കെതിരായിരുന്നു. കേരളത്തിലെ യുക്തിവാദികള്‍ അന്നുതന്നെ പ്രസ്തുതബില്ലിന്റെ കോപ്പിവാങ്ങി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് വി എസ് സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. പലവിധ പ്രചാരണങ്ങളും സംഘടിപ്പിച്ചു. എന്നാല്‍ വിഎസ് സര്‍ക്കാരോ പിന്നീടു വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരോ പിണറായി സര്‍ക്കാരോ അക്കാര്യം പരിഗണിക്കുകപോലും ചെയ്തില്ല. മറിച്ച് സാന്ത്വന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആള്‍ദൈവങ്ങളെ ശ്ലാഘിക്കുന്ന പ്രസ്താവനകളാണ് നമ്മുടെ ഭരണാധികാരികളില്‍ നിന്നുവരുന്നത്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നിയമനിര്‍മ്മാണം അനിവാര്യമാണെന്നു സര്‍ക്കാര്‍ തിരിച്ചറിഞ്ഞെങ്കില്‍ നന്ന്. അതേസമയം ഇത്തരമൊരു നിയമം അവര്‍ണ്ണ വിഭാഗങ്ങള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കും എതിരെ മാത്രം പ്രയോഗിക്കപ്പെടുമോ എന്ന് ഉയര്‍ന്നുവന്നിരിക്കുന്ന ആശങ്കയോടും പ്രതികരിക്കേണ്ടതുണ്ട്.

വാല്‍ക്കഷ്ണം – തീര്‍ച്ചയായും അന്ധവിശ്വാസങ്ങള്‍ ആത്മീയ മേഖലയില്‍ ഒതുങ്ങുന്നില്ല. സംസ്ഥാനത്തു വര്‍ഷങ്ങളായി നടക്കുന്ന കക്ഷിരാഷ്ട്രീയകൊലകലും രക്തസാക്ഷി – ബലിദാനീ അനുസ്മരണങ്ങളുമെല്ലാം അന്ധവിശ്വാസത്തിന്റെ പേരിലുള്ള അനാചാരങ്ങള്‍ തന്നെയാണ്. നിയമത്തിനു രൂപം കൊടുക്കുന്നവര്‍ തങ്ങളടക്കം ചെയ്യുന്ന ഇക്കാര്യങ്ങളും പരിഗണിക്കുന്നതും നന്നായിരിക്കും.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply