തുടക്കമാകുമോ ബീഹാര്‍ മറ്റൊരു ജനാധിപത്യപോരാട്ടത്തിന്…….
ഫാസിസത്തിന്റെ നാളുകളാണ് മുന്നിലെന്ന ഭീതി നിലനില്‍ക്കുമ്പോഴും, സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികമാഘോഷിക്കുമ്പോള്‍ രാഷ്ട്രീയ പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത വരുന്നത് ബീഹാറില്‍ നിന്നാണ്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് അടിയന്തരാവസ്ഥയുടെ കാലത്തും പ്രതീക്ഷ നല്‍കിയതും താല്‍ക്കാലികമായിട്ടാണെങ്കിലും പ്രതീക്ഷകള്‍ സാക്ഷാല്‍ക്കരിച്ചതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുടെ തുടക്കവും ഇന്ത്യയിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ കളരിയായ ബീഹാറില്‍ നിന്നുതന്നെയായിരുന്നു. ആ ചരിത്രം ഇനിയും ആവര്‍ത്തിക്കുമോ എന്നതാണ് ജനാധിപത്യവാദികള്‍ പ്രതീക്ഷയോടെ നോക്കുന്നത്.
ബീഹാറില്‍ നിതീഷ് കുമാര്‍ ചെയ്തത് ജനാധിപത്യപരമായ നടപടിയാണോ എന്ന ചോദ്യം ന്യായം തന്നെയാണ്. എന്നാല്‍ ഏറ്റവും ഭീകരമായ ജനാധിപത്യധ്വംസനത്തെ തടയാനാണ് അദ്ദേഹമതിനു തയ്യാറായത് എന്നത് കാണാതിരിക്കാനാവില്ല. ഓരോ സംസ്ഥാനങ്ങളിലായി എന്തു ഹീനമായ മാര്‍ഗ്ഗമുപയോഗിച്ചും സംസ്ഥാനസര്‍ക്കാരുകളെ അട്ടിമറിക്കുന്ന നടപടിയാണല്ലോ കേന്ദ്രസര്‍ക്കാരും സംഘപരിവാറും ചെയ്തുകൊണ്ടിരിക്കുന്നത്. അതിനായി എം എല്‍ എമാരെ വിലക്കു വാങ്ങാനും പാര്‍ട്ടികളെ പിളര്‍ക്കാനും നേതാക്കളെ കള്ളക്കേസുകളില്‍ പെടുത്താനുമൊന്നും അവര്‍ക്ക് മടിയില്ല്‌ല്ലോ. മഹാരാഷ്ട്രക്കുശേഷം അത്തരമൊരു പരിപാടി ബീഹാറിലും ആവര്‍ത്തിക്കാനായിരുന്നു ബിജെപി നീക്കമെന്നതു വ്യക്തം. അതു തിരിച്ചറിഞ്ഞ് ഒരു മുഴം മുമ്പെ എറിയുകയാണ് നിതീഷ് ചെയ്തത്. അതിനാല്‍ തന്നെ വിശാലമായ അര്‍ത്ഥത്തില്‍ അതു ന്യായീകരിക്കപ്പെടുന്നു.
ബീഹാറിലെ ഈ സംഭവവികാസങ്ങള്‍ക്ക് അഖിലേന്ത്യാതലത്തില്‍ തന്നെ വലിയ മാനങ്ങളാണുള്ളത്. ദിനംപ്രതി ആതിമവീര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതിപക്ഷത്തിനു ഇതു നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. സോണിയാഗാന്ധിയടക്കമുള്ളവരെ കേസില്‍ കുടുക്കി പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്താനും തകര്‍ക്കാനുമുള്ള നീക്കം ശക്തമായിരിക്കുമ്പോഴാണ് ഈ സംഭവവികാസങ്ങള്‍ എന്നതാണ് പ്രധാനം. ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കുംതോറും പ്രതിപക്ഷത്തെ തകര്‍ക്കാനും ഭിന്നിപ്പിക്കാനും അതിലൂടെ വന്‍ഭൂരിപക്ഷം നേടി തങ്ങളുടെ ഫാസിസ്റ്റ് അജണ്ട നടപ്പാക്കാനുമുള്ള നീക്കങ്ങള്‍ക്കിടയിലാണ് ഇത്തരമൊരു തിരിച്ചടി സംഘപരിവാറിന് ഏറ്റിരിക്കുന്നത്. അതാകട്ടെ ബീഹാറില്‍ നിന്നാണെന്നത് അവര്‍ക്ക് ആശങ്ക നല്‍കുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ കളിത്തൊട്ടിലാണ് ബീഹാര്‍. ഇന്നാ രാഷ്ട്രീയം ഛിന്നഭിന്നമായി കിടക്കുകയാണെങ്കിലും അതിന്റെ അന്തര്‍ധാരകള്‍ സജീവം തന്നെയാണ്. അടിയന്തരാവസ്ഥാകാലത്ത് രാജ്യം മുഴുവന്‍ തന്റെ പിടിയിലമര്‍ന്നെന്നു കരുതി തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിക്ക് പ്രതീക്ഷിക്കാത്ത തിരിച്ചടി നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ച സംസ്ഥാനം ബീഹാറായിരുന്നല്ലോ. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ജനതാപാര്‍ട്ടിയുടെ ഉദയവും തെരഞ്ഞെടുപ്പുവിജയവും ഒരര്‍ത്ഥത്തില്‍ രണ്ടാം സ്വാതന്ത്ര്യസമരമായിരുന്നു. പിന്നീടുണ്ടായ സംഭവവികാസങ്ങള്‍ ബിജെപിയെ അധികാരത്തിലെത്തിച്ചു എന്നതു മറന്നല്ല ഇതു പറയുന്നത്. ഇന്നാകട്ടെ അന്നത്തേക്കാള്‍ എത്രയോ ഭയാനകമായ രീതിയിലാണ് ഫാസിസം നമുക്കു മുന്നിലെത്തിയിരിക്കുന്നത്. ഒരിക്കല്‍ കൂടി ബീഹാര്‍, കാലത്തിന്റെ വിളി കേള്‍ക്കുമോ എന്നതു തന്നെയാണ് ചോദ്യം.
മുന്‍ ജനതാദള്‍ ‘പരിവാര്‍’ രാജ്യത്ത് ഒരു രാഷ്ട്രീയ ബദലായി വീണ്ടും ഉയര്‍ന്ന് വരും എന്ന പ്രതീക്ഷയാണ് ബീഹാര്‍ നല്‍കുന്നതെന്ന മുന്‍പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ വാക്കുകളാണ് ഇവിടെ ഏറെ പ്രസക്തമാകുന്നത്. ഏറെകാലം വിപരീതധ്രുവങ്ങളില്‍ നിന്ന നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ ഡി യുവും (ജനതാദള്‍ യുണൈറ്റഡ്) ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ആര്‍ ജെ ഡിയും (രാഷ്ട്രീയ ജനതാദള്‍) സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുമിച്ചതിനെ കുറിച്ചാണ് ദേവഗൗഡയുടെ പ്രതികരണം. ജനതാദള്‍ പരിവാര്‍ ഒരു കുടക്കീഴിലായിരുന്ന നാളുകളെക്കുറിച്ചാണ് ഇത് തന്നെ ചിന്തിപ്പിച്ചതെന്നും ആ ദിനങ്ങള്‍ തിരിച്ചുവരാമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. വളരെ പ്രസക്തമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.
അടിയന്തരാവസ്ഥയെ എതിര്‍ത്തിരുന്ന വിവിധ പാര്‍ട്ടികള്‍ ചേര്‍ന്നാണല്ലോ അന്ന് ജനതാപാര്‍ട്ടി രൂപീകരിച്ചത്. അത്തരത്തില്‍ ഹിന്ദുത്വഫാസിസത്തെ ചെറുക്കുന്നവര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പിനു മുമ്പെ ഒരു കുടക്കീഴില്‍ എത്താനാവുമോ എന്നതാണ് ഇന്നത്തെ രാഷ്ട്രീയചോദ്യം. അന്ത:ച്ഛിദ്രങ്ങളെ തുടര്‍ന്ന് 1980-ല്‍ അധികാരത്തില്‍ നിന്ന് പുറത്തു പോകേണ്ടി വരികയും കാലക്രമത്തില്‍ പല പാര്‍ട്ടികളായി പിരിയുകയും ചെയ്‌തെങ്കിലും ജനതാ പാരമ്പര്യം പിന്തുടരുന്ന വിവിധ രാഷ്ട്രീയ കക്ഷികള്‍ ഇപ്പോഴും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവമാണ്. അവയില്‍ പ്രമുഖമായ രണ്ടെണ്ണമാണ് ഇപ്പോള്‍ ഒന്നിച്ചിരിക്കുന്നത്. അതിനിയും വികസിക്കുകയും പഴയ ജനതാപരിവാര്‍ ഒന്നിക്കുകയും കോണ്‍ഗ്രസ്സും പ്രാദേശികപാര്‍ട്ടികളുമായി ഐക്യപ്പെടുകയും ചെയ്താല്‍ 1977 ആവര്‍ത്തിക്കില്ല എന്നു പറയാനാവില്ല. അന്നത്തെ ജയപ്രകാശ് നാരായണനാകാന്‍ നിതീഷ് കുമാറിനാവുമോ എന്ന ചോദ്യത്തിനു പ്രസക്തിയൊന്നുമില്ലെങ്കിലും വിശാലമായ ഒരു ഐക്യത്തിന്റെ സാധ്യത ഉരുത്തിരിഞ്ഞു വരുന്നുണ്ട്.
1974 മുതല്‍ 1977 വരെ ജയപ്രകാശ് നാരായണന്റെ കൂടെ സോഷ്യലിസ്റ്റ് മൂവ്‌മെന്റില്‍ പ്രവര്‍ത്തിച്ചുതന്നെയാണ് നിതീഷ് കുമാര്‍ രംഗത്തു വന്നത്. 1977-ല്‍ ജനതാ പാര്‍ട്ടിയില്‍ അംഗമായി. 1996 വരെ സോഷ്യലിസ്റ്റ് ചേരിയില്‍ നിന്ന അദ്ദേഹം പിന്നീട് എന്‍ഡിഎയിലേക്കുപോയി. 2013 വരെ എന്‍.ഡി.എ മുന്നണിയില്‍ അംഗമായിരുന്നു. 2014-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് എന്‍.ഡി.എ വിട്ട് യു.പി.എയില്‍ ചേര്‍ന്നു. 2015-ലെ ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ലാലു പ്രസാദ് യാദവുമായി മഹാഗഡ്ബന്ധന്‍ സഖ്യമുണ്ടാക്കി അധികാരത്തിലെത്തി. 2017-ല്‍ വീണ്ടും എന്‍.ഡി.എ. മുന്നണിയില്‍ ചേര്‍ന്നു. ഇപ്പോഴിതാ വീണ്ടും ആര്‍ ജെ ഡിയുമായി ചേര്‍ന്ന് വീണ്ടും മുഖ്യമന്ത്രിയായിരിക്കുന്നു. തീര്‍ച്ചയായും തുടര്‍ച്ചയായ ഈ കൂറുമാറ്റും നിതീഷിനു നെഗറ്റീവ് മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ യഥാര്‍ത്ഥ ഹീറോ ഒരിക്കലും ഹിന്ദുത്വവാദികള്‍ക്കുമുന്നില്‍ മുട്ടുമടക്കാതിരുന്ന, അദ്വാനിയുടെ രഥയാത്ര തടയാന്‍ ധൈര്യം കാണിച്ച ലാലുപ്രസാദ് യാദവ് തന്നെയാണ്. അദ്ദേഹത്തിന്റെ പാതയില്‍ തന്നെയാണ് മകന്‍ തേജസ്വി യാദവും. നിതീഷും തേജസ്വിയും ഒന്നിക്കുന്നത് തീര്‍ച്ചയായും പ്രതീക്ഷനല്‍കുന്ന നീക്കം തന്നെയാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആര്‍ ജെ ഡിക്കും ജെ ഡിയുവിനുമൊപ്പം കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും ഒന്നിക്കുന്നു എന്നതാണ് ബീഹാര്‍ നല്‍കുന്ന സന്ദേശം. ഈ മാതൃക പിന്തുടരാവുന്ന നിരവധി സംസ്ഥാനങ്ങള്‍ രാജ്യത്തുണ്ട്. അവിടങ്ങളിലെ പ്രാദേശിക പാര്‍ട്ടികളും കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും ഒന്നിച്ചാല്‍ ബിജെപിക്കു അതിശക്തമായ പ്രതിരോധമുയര്‍ത്തുക മാത്രമല്ല, അടുത്ത ലോകസഭാതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനും കഴിയുമെന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പും അതിനുശേഷം നടന്ന സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പുകളും തദ്ദേശ തെരഞ്ഞെടുപ്പുകളും നല്‍കുന്ന സൂചന. പക്ഷെ പ്രശ്‌നം പണ്ട് ജനതാപാര്‍ട്ടിയെ തകര്‍ക്കാന്‍ പ്രധാന കാരണമായ അധികാരത്തിനായുള്ള വടംവലിയുടേതു തന്നെയാണ്. ഓരോ സംസ്ഥാനത്തും ഇത്തരത്തിലുള്ള മഹാസഖ്യം രൂപപ്പെട്ടാലും സീറ്റുവിഭജനം മുതല്‍ പ്രധാനമന്ത്രി സ്ഥാനം വരെ തര്‍ക്കവിഷയമാകുമെന്നുറപ്പ്. അതാണ് ബിജെപിയുടെ ധൈര്യവും.
ഇപ്പോള്‍ തന്നെ പ്രധാനമന്ത്രി സ്ഥാനം കിനാവുകാണുന്ന പല സംസ്ഥാനമുഖ്യമന്ത്രിമാരുമുണ്ട്. ആ ലിസ്റ്റിലേക്ക് ഇപ്പോള്‍ നിതീഷ് കുമാറും എത്തിയിരിക്കുന്നു. മറുവശത്ത് കോണ്‍ഗ്രസ്സും ന്യായമായും അതാഗ്രഹിക്കുമല്ലോ. ഈ തര്‍ക്കവും സീറ്റുവിഭജനവുമായിരിക്കും ഇത്തരമൊരു മുന്നേറ്റത്തിനു തടസ്സമാകുക എന്നുറപ്പ്. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ പോലും ഒന്നിച്ചു നില്‍ക്കാനവര്‍ക്കായില്ല എന്നതും മറക്കാറായിട്ടില്ലല്ലോ. അവശേഷിക്കുന്ന ചോദ്യം അപ്പോള്‍ ഒന്നു മാത്രമാണ്. മറ്റെല്ലാ പരിഗണനകളും മാറ്റിവെച്ച് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ ഒന്നിക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ തയ്യാറാകുമോ എന്നതുതന്നെ. ഈ ചോദ്യത്തിന്റെ ഉത്തരത്തിലാണ് ഇന്ത്യയുടെ ഭാവി നിര്‍വ്വചിക്കപ്പെടാന്‍ പോകുന്നത്. ബീഹാര്‍ നല്‍കുന്ന ആവേശത്തിലെങ്കിലും പോസറ്റീവ് ആയി ഈ ചോദ്യത്തോട് പ്രതികരിക്കാന്‍ പ്രസ്ഥാനങ്ങളും അവയുടെ നേതാക്കളും ശ്രമിക്കുമെന്നും ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടുമെന്നും വിശ്വസിക്കാനാണ് ഈ നിര്‍ണ്ണായക സമയത്ത് ഏതൊരു ജനാധിപത്യവാദിയും ഇഷ്ടപ്പെടുക.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in