തീറ് കൊടുത്ത ശരീരം കയറില്‍ മോക്ഷം തിരയുമ്പോള്‍ .
എന്ത് കൊണ്ടാണ് കേരളത്തിലെ മധ്യവര്‍ഗ സ്ത്രീകള്‍ പോലും ദാമ്പത്യ പീഡയില്‍ നിന്നും മോചനം നേടാന്‍ ശ്രമിയ്ക്കാതെ മരണത്തെ തിരയുന്നത് ? മെച്ചപ്പെട്ട വിദ്യാഭ്യാസവും സാമ്പത്തിക സ്ഥിതിയുമൊക്കെ ഉണ്ടായിട്ടും ഈ പെണ്‍കുട്ടികള്‍ എന്തിന് മരണം ഏറ്റു വാങ്ങുന്നു ? ഒരു പെണ്ണായിരിയ്ക്കുന്നതിന്റെ ആന്തരികാനുഭവങ്ങളിലേക്ക്, അവളുടെ സ്വത്വ വികാസത്തിന്റെ പ്രതിസന്ധികളിലേയ്ക്ക്, സ്ത്രീത്വത്തിന്റെ അളവുകോലായി നില്‍ക്കുന്ന, സാംസ്‌കാരികമായും രാഷ്ട്രീയമായും നിര്‍മിക്കപ്പെട്ടതും സ്വാഭാവികം എന്നവണ്ണം അവളിലേക്ക് അരിച്ചിറങ്ങി കൊണ്ടിരിയ്ക്കുന്നതുമായ ആണ്‍കോയ്മയുടെ പരമ്പരാഗത മൂല്യബോധങ്ങളിലേക്ക് കടന്ന് ചെല്ലാതെ ഇതിനുത്തരം കണ്ടെത്തുക സാധ്യമല്ല .
പെണ്ണായി പിറന്നതിന്റെ അനഭിലഷണീയത ജന്മം കൊണ്ട് തന്നെ അവളില്‍ മുറിവുണ്ടാക്കുന്നു . A gender specific trauma of birth എന്നു പറയാം. ഒരാണ്‍കുട്ടി പിറക്കുമ്പോള്‍ മുതിര്‍ന്ന മുഖങ്ങളില്‍ തെളിയുന്ന പ്രത്യേക നക്ഷത്ര ശോഭയും പെണ്‍കുട്ടി പിറക്കുമ്പോള്‍ സ്വീകാര്യതയില്‍ തെളിയുന്ന പിരിമുറുക്കങ്ങളും. ഈ ഒരാന്തരീകാനുഭവത്തിന്റെ ഉണങ്ങാത്ത മുറിവുകളിലാണ് പാട്രിയാര്‍ക്കല്‍ ലേപനങ്ങള്‍ ഒന്നൊന്നായി പുരട്ടുക. പിന്നീട് വിധി വിലക്കുകളായി, അനുശാസനങ്ങളായി, മാര്‍ഗനിര്‍ദ്ദേശങ്ങളായി , ഉടുതുണിയായി ,ഊണ് മേശയായി, കളിപ്പാട്ടവും കളിയുമായി, വര്‍ണങ്ങളായി ആണ്‍കോയ്മയുടെ കോഡുകള്‍ അവളെ പ്രത്യയനം ചെയ്യുന്നു . ഇങ്ങനെ ഊണ് മേശയിലൂടെ, അടുക്കളയിലൂടെ, വരാന്തയിലൂടെ, കളിയിലൂടെ, കളിപ്പാട്ടത്തിലൂടെ, തുണിയില്‍ കൂടി, വര്‍ണ്ണങ്ങളില്‍ കൂടി ഒരു കീഴാള ലിംഗ സ്വത്വത്തിന്റെ നിര്‍മ്മാണം നമ്മള്‍ അനുസ്യൂതം നടത്തി കൊണ്ടേയിരിയ്ക്കുന്നു. ആണ്‍കുഞ്ഞിന് കളിത്തോക്കും പെണ്‍കുഞ്ഞിന് ബാര്‍ബിയും നല്‍കുമ്പോള്‍ പ്രവര്‍ത്തിയ്ക്കുന്നത്, പെണ്ണിന് പിങ്ക് നിറം നല്‍കുമ്പോള്‍ വാസ്തവത്തില്‍ പ്രവര്‍ത്തിയ്ക്കുന്നത് ആണ്‍കോയ്മയുടെ രാഷ്ട്രീയമാണ്. Toy, colour ,dress, food and language has its politics of gender This is how the biological sex is converted into socio political and socio cultural gender.
ഈ വ്യവസ്ഥയുടെ മുറ്റത്തേക്ക് വന്ന് കൊണ്ടാണ് ഈ വീട്ടിലാരുമില്ലേ എന്ന ചോദ്യം കല്‍പ്പറ്റ നാരായണന്‍ ചോദിച്ചത്. മുറ്റത്തേക്കിറങ്ങാതെ കതകിന്റെ പിന്നില്‍ നിന്ന് കൊണ്ട് ഇവിടാരുമില്ല എന്ന പെണ്‍ മറുപടി, ഒരു പക്ഷേ വളരെ പ്രിമിറ്റീവായ മറുപടി ഇന്നും വരുന്നു. മുറ്റത്തിന്റെ രാഷ്ട്രീയത്തെ, വരാന്തയുടെ രാഷ്ട്രീയത്തെ, അടുക്കളയുടെ രാഷ്ട്രീയത്തെ വളരെ പതുക്കെയെങ്കിലും നാമിന്ന് ചോദ്യം ചെയ്ത് തുടങ്ങിയിരിയ്ക്കുന്നു .ആണ്‍ നാവിന്റെ രുചിഭേദങ്ങള്‍ മാത്രമല്ല, ആണ്‍കോയ്മയുടെ പേശീബലത്തിന് വേണ്ട രസായനങ്ങളും നിര്‍മ്മിയ്ക്കുന്ന അടുക്കളയില്‍ നിന്ന് അവള്‍ ഇന്ന് ജന്‍ഡേര്‍ഡ് സോഷ്യല്‍ സ്‌പേയ്‌സ്‌കളിലേക്ക് ഇറങ്ങി തുടങ്ങിയെങ്കിലും അവളുടെ കീഴാള സ്വത്വത്തെ രൂപപ്പെടുത്തുന്ന പരമ്പരാഗത മൂല്യങ്ങളില്‍ നിന്നുമവള്‍ക്ക് വിഘടിയ്ക്കാന്‍ സാധിയ്ക്കുന്നില്ല. ജനിയ്ക്കുമ്പോള്‍ മുതല്‍ അനുഭവിയ്ക്കുന്ന അസ്വീകാര്യതയുടെ നോവുകള്‍ , വീടിനകത്തും പുറത്തും അനുഭവിയ്ക്കുന്ന വിവേചനം, കീഴടങ്ങല്‍ ,അനുസരണ, വിധേയത്വം, ആത്മ നിഷേധം തുടങ്ങിയ ‘ എല്ലാ പാട്രിയാര്‍ക്കല്‍ ആദര്‍ശ’ മൂല്യങ്ങളെയും സ്വാംശീകരിച്ച് കൊണ്ടാണ് (internalisation through naturalization), ആണ്‍കോയ്മയുടെ എല്ലാ രാഷ്ട്രീയ സാംസ്‌കാരിക ചിഹ്നങ്ങളെയും തിടമ്പേറ്റിയാണ് അവള്‍ യൗവനത്തിലേക്ക് കടക്കുന്നത് .
മാതൃത്വത്തിന്റെ മഹത്വവല്‍ക്കരണം, ഉത്തമ ഭാര്യയായിരിയ്ക്കുന്നതിന്റെ പവിത്രത ഇതൊക്കെയാണ് യൗവനത്തില്‍ അവള്‍ക്ക് പകര്‍ന്ന് കിട്ടുന്ന പാഠം . മാതൃത്വത്തിന്റെ മഹത്വവല്‍ക്കരണം മറ്റൊരു വാരിക്കുഴിയാണ് . മുറിവേറ്റ പെണ്‍മനസിന്റെ ആത്മരോഷത്തെ, വേദനയെ ഇവിടെ വഴിതിരിയ്ക്കുന്നു .അടിച്ചമര്‍ത്തപ്പെട്ട സ്വത്വബോധത്തെ അവളുടെ എന്നേ മരവിച്ച പ്രജ്ഞയില്‍ മുക്കിക്കൊല്ലുന്നു. തനിയ്ക്കനിവാര്യമായി തീര്‍ന്നിരിയ്ക്കുന്ന ഉത്തമ ഭാര്യയുടെ റോള്‍ നിര്‍വഹണത്തെ കരുതിയുള്ള ഉത്ക്കണ്ഠകൊണ്ടും , താന്‍ കാത്ത് സൂക്ഷിക്കേണ്ട ആദര്‍ശ സംസ്‌കാരത്തിന്റെ അളവ് കോലിനനുസരിച്ച് തനിയ്ക്ക് മാറാന്‍ കഴിയുമോ എന്നാശങ്ക കൊണ്ടും കലുഷിതമാണ് ഒരോ പെണ്ണിന്റെയും യൗവനം. പെരുമാറ്റങ്ങളുടെയും ശീലങ്ങളുടെയും കടുത്ത നിയന്ത്രണങ്ങളില്‍ കൂടി ഒരോ പെണ്ണും ഒരു ബോണ്‍സായി വൃക്ഷമായി മാറുന്നു. തനിയ്ക്ക് മേലുള്ള നിയന്ത്രണങ്ങളും വിധിവിലക്കുകളും ഏതെങ്കിലും തരത്തിലുള്ള അനീതിയായി അവള്‍ കാണുന്നില്ല .മറിച്ച് തരം താണ തന്റെ സ്ത്രീ സ്വത്വത്തോട് പുരുഷന്‍ സഹിഷ്ണുത കാണിയ്ക്കുന്നതിന് വേണ്ടി താന്‍ പാലിക്കേണ്ട കേവല മര്യാദയായി ഇതിനെ ഒക്കെ അവള്‍ കണ്ട് തുടങ്ങുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഒരു സ്ത്രീയുടെ സ്വത്വബോധത്തിന്റെ കേന്ദ്രമായി ഗാര്‍ഹികവും, മാതൃപരവുമായ ധര്‍മ്മങ്ങളെ പ്രതിഷ്ഠിച്ച് കൊണ്ടാണ് ആണ്‍കോയ്മയുടെ പ്രത്യയശാസ്ത്രം പ്രവര്‍ത്തിയ്ക്കുന്നത്. പുരുഷാധിപത്യത്തിന്റെ സാംസ്‌കാരികാദര്‍ശത്തിന് വേണ്ടി ബലി കൊടുക്കപ്പെടുകയാണ് പെണ്‍ ജീവിതങ്ങള്‍. ആണ്‍കോയ്മ നിര്‍മ്മിച്ച സാംസ്‌കാരിക ആദര്‍ശങ്ങളോട് പൊരുത്തപ്പെട്ടാല്‍ അവള്‍ കുലസ്ത്രീയായി. ഇല്ലെങ്കില്‍ ചന്തപ്പെണ്ണായി. പുരുഷാധിപത്യത്തിന്റെ സാംസ്‌കാരികാദര്‍ശങ്ങളോട് കലഹിയ്ക്കുന്ന ചന്തപ്പെണ്ണുങ്ങളോട് ഐക്യപ്പെടുക എന്നതാണ് പുരോഗമന രാഷ്ട്രീയ ലക്ഷ്യമായി വരേണ്ടത് .അനുസരണ, വിനയം, വിധേയത്വം, അച്ചടക്കം ഇങ്ങനെ നീണ്ടു പോകും . ആണ്‍കോയ്മയുടെ കോഡുകള്‍. മതവും ആണ്‍കോയ്മയും ചേര്‍ന്ന് തീര്‍ക്കുന്ന ബൃഹദ് ആഖ്യാനത്തിനനുസൃതമായി രൂപപ്പെടേണ്ട ഒരു ചരക്ക് മാത്രമാണ് പെണ്ണ്. ഇതേ ആഖ്യാനത്തിനകത്ത് എല്ലായ്‌പ്പോഴും പെണ്ണിന്റെ മേല്‍ ആധിപത്യ ശക്തിയായി പ്രവര്‍ത്തിക്കേണ്ടവനാണ് പുരുഷന്‍ . പാട്രിയാര്‍ക്കിയുടെ ഈ കോഡ് അനുസരിക്കാത്ത പെണ്ണ് ചന്തപ്പെണ്ണാണ്. ഈ കോഡിനനുസരിച്ച് ആണഹന്ത പ്രയോഗിക്കാത്ത, പെണ്ണിനെ അടക്കി ഭരിയ്ക്കാത്തവന്‍ ആണത്തമില്ലാത്തവനാണ്.
താരതമ്യേന പരിചയമില്ലാത്ത ഒരു പുരുഷനില്‍ അഭയം തേടി, ഉള്‍ഭയം കലര്‍ന്ന പ്രതീക്ഷകളോടെ കതിര്‍ മണ്ഡപത്തിലേക്ക് കാലു വെക്കുന്ന ഒരോ പെണ്ണും അത്യധികം ജീര്‍ണിച്ച് നാറുന്ന ഒരു സംസ്‌കാരത്തിന്റെ, നാഗരികതയുടെ പ്രതീകമാണ് .ആത്മത്യാഗവും ആത്മനിഷേധവും സ്വാംശീകരിക്കേണ്ട ആദര്‍ശങ്ങളല്ലായെന്നും മറിച്ച് തച്ചുടയ്‌ക്കേണ്ട അനീതികളാണെന്ന ബോധ്യത്തിലേക്ക് പെണ്‍കുട്ടികളെ നാം ഉണര്‍ത്തേണ്ടതുണ്ട് .സ്ത്രീകള്‍ കൈവരിച്ച ഉയര്‍ന്ന വിദ്യാഭ്യാസമോ, മെച്ചപ്പെട്ട തൊഴിലോ, സാമ്പത്തിക സ്വാതന്ത്ര്യമോ ഒന്നും തന്നെ വിവാഹിതയായ ഒരു സ്ത്രീയുടെ മാനസിക സംഘര്‍ഷങ്ങളെയോ ഭയത്തെയോ ഒട്ടും ലഘൂകരിയ്ക്കുന്നില്ല.
ദാമ്പത്യ പീഢനം മൂലം ഏറ്റവും അധികം ജീവനുകള്‍ പൊലിയുന്നിടമായി കേരളം മാറിയിരിയ്ക്കുന്നു എന്നത് സവിശേഷ ശ്രദ്ധ വേണ്ട സംഗതിയാണ് . സ്ത്രീയുടെ സാംസ്‌കാരിക ഭാവന ഇപ്പോഴും കുടിയിരിയ്ക്കുന്നത് ആദര്‍ശപുരുഷനോടൊത്തുള്ള ദാമ്പത്യത്തിലാണ്. കാട്ടിലുപേക്ഷിച്ചിട്ടും രാമനെ കാത്തിരിയ്ക്കുന്ന സീത ഈ ഭാവനയുടെ പ്രതീകമാണ്. ഇത്തരം വഴി തെറ്റിയ ഭാവനകളില്‍ നിന്ന് നമ്മുടെ പെണ്‍കുട്ടികളെ മോചിപ്പിക്കേണ്ടതുണ്ട് . ദാമ്പത്യത്തിന് പുറത്ത് സാംസ്‌കാരികഭാവനകള്‍ നെയ്യാനും, കുടുംബത്തിന് പുറത്ത് സാമൂഹിക അസ്തിത്വം കണ്ടെത്താനും സ്ത്രീകള്‍ക്ക് കഴിയണം . രാധയും കൃഷ്ണനും ചേരുന്ന രാധാകൃഷ്ണ സങ്കല്‍പ്പവലയില്‍ നമ്മുടെ പെണ്‍കുട്ടികള്‍ കുരുങ്ങിക്കൂടാ.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്ത് കൊണ്ടാണ് കേരളത്തിലെ മധ്യവര്‍ഗ സ്ത്രീകള്‍ പോലും ദാമ്പത്യ പീഡനത്തില്‍ നിന്നും മോചിതരാകാന്‍ ശ്രമിയ്ക്കാതെ മരണത്തെ പുല്‍കുന്നത? പീഡനത്തെ മറച്ച് കൊണ്ട് എന്തിനാണവര്‍ പലപ്പോഴും സന്തുഷ്ട ദാമ്പത്യത്തിന്റെ ഒരു വ്യാജ വൃത്തം മറ്റുള്ളവര്‍ക്ക് മുമ്പില്‍ തീര്‍ക്കുന്നത് ? സ്ത്രീയുടെ സ്വത്വബോധത്തില്‍ ആഴത്തില്‍ പതിഞ്ഞിരിയ്ക്കുന്ന ദാമ്പത്യാധിഷ്ഠിത സാംസ്‌കാരിക ഭാവനകളാണ് ഈ മരണത്തിലേക്കവരെ നയിയ്ക്കുന്നത്. വൈവാഹിക ജീവിതത്തിലെ പ്രശ്‌നങ്ങള്‍ അവള്‍ മറച്ച് പിടിയ്ക്കുന്നതും പീഡനത്തില്‍ നിന്നും മോചിതയാകാതെ മരണത്തില്‍ അഭയം തിരയുന്നതും മറ്റൊന്നും കൊണ്ടല്ല .സ്വത്വബോധത്തില്‍ വേരാഴ്ത്തിയ, ആണ്‍കോയ്മ നിര്‍മ്മിച്ച മാതൃകാ ദാമ്പത്യം തനിക്ക് നഷ്ടപ്പെട്ടിരിയ്ക്കുന്നു എന്ന ചിന്തയോട് അവള്‍ക്ക് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. പുരുഷന്റെ താല്‍പ്പര്യങ്ങള്‍ക്ക് കീഴ്‌പ്പെട്ട് കൊണ്ടും അവന്റെ പീഡനങ്ങള്‍ സഹിച്ച് കൊണ്ടും കുടുംബബന്ധത്തെ നിലനിര്‍ത്താതെ പുറത്ത് പോകുന്ന സ്ത്രീ വാസ്തവത്തില്‍ പാട്രിയാര്‍ക്കി നിര്‍മ്മിച്ച ഒരു സാംസ്‌കാരിക വ്യവസ്ഥയെ റദ്ദ് ചെയ്യുന്നവളും അത് കൊണ്ട് തന്നെ ‘പിഴച്ചവളുമാണ്. ധിക്കാരിയും പിഴച്ചവളുമെന്ന ചാപ്പ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സാമ്പത്തിക വിഭവങ്ങളില്‍ നിന്നവളെ അന്യവല്‍ക്കരിയ്ക്കുന്നു .ഈ അന്യവല്‍ക്കരണത്തെ ഭയന്ന് കൊണ്ടാണ് അവള്‍ ഈ പീഢനങ്ങള്‍ ഒക്കെ സഹിയ്ക്കുന്നത് .
മെച്ചപ്പെട്ട സാമ്പത്തിക നിലയും വിദ്യാഭ്യാസവും തൊഴിലുമുള്ള സ്ത്രീകളുടെ പോലും സ്വത്വബോധത്തിന്റെ കേന്ദ്രമായി വര്‍ത്തിയ്ക്കുന്നത് ഭര്‍തൃ താല്‍പ്പര്യങ്ങളും മാതൃ ധര്‍മ്മങ്ങളുമാണ്. That is how patriarchy discursively constructed the subjugated identity of woman. അടിസ്ഥാനപരമായ ഈ പ്രശ്‌നങ്ങളൊന്നും തന്നെ നമ്മുടെ പൊതു മണ്ഡലത്തെ അലട്ടുന്നില്ല .ഏത് തരത്തിലുള്ള പ്രബുദ്ധതയാണ് നാം അവകാശപ്പെടുന്നത്. ഏത് തരത്തിലുള്ള ജനാധിപത്യ ബോധവും ഇടത് മനസും ഉണ്ടെന്നാണ് നാം ആവര്‍ത്തിച്ച് കൊണ്ടേയിരിയ്ക്കുന്നത്. മതവും ജാതിയും ലിംഗവും ചേര്‍ന്ന് തീര്‍ത്ത വിവേചനത്തിന്റെ വക്കുകളില്‍ വീണുടയുന്ന മനുഷ്യ ജീവന്റെ പിടച്ചിലുകള്‍ നമ്മെ ഒരു തരത്തിലും അസ്വസ്തരാക്കുന്നില്ല. Still we are indulged in phallogocentric, unending protractive discourse on gender equality and more actively producing unequal gendered identities through hidden transcripts of patriarchy …
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in