ജിഷ്ണു പ്രണോയിയെ വീണ്ടും ഓര്‍ക്കുമ്പോള്‍
രണ്ടവര്‍ഷം മുമ്പുനടന്ന ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥിയുടെ രക്തസാക്ഷിത്വം കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസമേഖലയെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു. സ്വ്വാശ്രയ വിദ്യാഭ്യാസമേഖല എങ്ങനെയൊക്കെയാണ് വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്നതെന്നും അടിച്ചമര്‍ത്തുന്നതതെന്നും വ്യക്തമാക്കിയ ഒന്നായിരുന്നു അത്. നിലവിലെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ പരിമിതിയും ആവശ്യകതയും ഈ സംഭവം ചര്‍ച്ചക്ക് വച്ചു. സര്‍ക്കാര്‍ – പോലീസ് രാഷ്ട്രീയ സംവിധാനങ്ങളും പാര്‍ട്ടികളും എങ്ങനെയാണു സ്വാശ്രയ മേഖലക്ക് വേണ്ടി നിലനില്‍ക്കുന്നത് എന്നും ഈ സംഭവങ്ങള്‍ വെളിവാക്കി.
പാമ്പാടി നെഹ്റു കോളേജില്‍ ജിഷ്ണു പ്രണോയ് വിഷയവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ മനപൂര്‍വ്വം പരീക്ഷയില്‍ തോല്‍പ്പിച്ചെന്ന് കുഹാസ് സെനറ്റ് കമ്മറ്റിയുടെ കണ്ടെത്തല്‍ വളരെ കാലികപ്രസക്തമാണ്. മാര്‍ക്ക് ലിസ്റ്റ് തിരുത്തിയാണ് പ്രാക്ടിക്കല്‍ പരീക്ഷയില്‍ തോല്‍പ്പിച്ചതെന്നാണ് കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് സെനറ്റ് കമ്മറ്റി സര്‍വ്വകലാശാലക്ക് കൈമാറിയിരിക്കുകയാണ്. കോളേജിലെ എസ് എഫ് ഐ നേതാക്കളായിരുന്ന അതുല്‍ ജോസ്, ആഷിക്ക്, വസീം എന്നീ വിദ്യാര്‍ത്ഥികളെ പുന പരീക്ഷയെഴുതാന്‍ അനുവദിച്ച സര്‍വ്വകലാശാല അന്വേഷണത്തിന് സെനറ്റ് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. ആര്‍ രാജേഷ് എംഎല്‍എ ചെയര്‍മാനായ അഞ്ചംഗ സമിതിയാണ് അന്വേഷണ റിപ്പോര്ട്ട് സമര്‍പ്പിച്ചത്. ഇന്‍വിജിലേറ്റര്‍മാരുടെ സഹായത്തോടെ കോളേജ് ഉത്തരക്കടലാസിലെ മാര്‍ക്ക് തിരുത്തിയെന്നാണ് കണ്ടെത്തല്‍. പിന്നീട് നടന്ന പുന പരീക്ഷയില്‍ ഈ മൂന്ന് പേരും വിജയിച്ചിരുന്നു.
രണ്ടവര്‍ഷം മുമ്പുനടന്ന ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥിയുടെ രക്തസാക്ഷിത്വം കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസമേഖലയെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു. സ്വ്വാശ്രയ വിദ്യാഭ്യാസമേഖല എങ്ങനെയൊക്കെയാണ് വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്നതെന്നും അടിച്ചമര്‍ത്തുന്നതതെന്നും വ്യക്തമാക്കിയ ഒന്നായിരുന്നു അത്. നിലവിലെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ പരിമിതിയും ആവശ്യകതയും ഈ സംഭവം ചര്‍ച്ചക്ക് വച്ചു. സര്‍ക്കാര്‍ – പോലീസ് രാഷ്ട്രീയ സംവിധാനങ്ങളും പാര്‍ട്ടികളും എങ്ങനെയാണു സ്വാശ്രയ മേഖലക്ക് വേണ്ടി നിലനില്‍ക്കുന്നത് എന്നും ഈ സംഭവങ്ങള്‍ വെളിവാക്കി.
2017 ജനുവരി 6നാണു പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തത്. കോപ്പിയടി പിടിച്ചതിനാലാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നായിരുന്നു മാനേജ്‌മെന്റിന്റെ വിശദീകരണം. ശുചിമുറിയിലെ കൊളുത്തില്‍ തോര്‍ത്തില്‍ തൂങ്ങിയ നിലയില്‍ ആണ് ജിഷ്ണുവിനെ കണ്ടെത്തുന്നത്. കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് അടക്കമുള്ളവരെ രക്ഷിയ്ക്കാന്‍ പോലീസ് കിണഞ്ഞു പരിശ്രമിച്ചതും അതിനെതിരായി ജിഷ്ണുവിന്റെ കുടുംബവും സുഹൃത്തുക്കളും നടത്തിയ ജനകീയ സമരങ്ങളുമാണ് വിഷയത്തെ സംസ്ഥാനവ്യാപകമായി പടര്‍ത്തിയതും ഐതിഹാസികമാക്കിയതും.
്‌കോളേജിനകത്ത് യൂണിറ്റില്ലായിരുന്നു എങ്കിലും എസ് എഫ് ഐക്കാരനായിരുന്നു ജിഷ്ണു. കുടുബമാകട്ടെ സിപിഎം കുടുംബവും. ഇന്റെണല്‍ മാര്‍ക്ക് വെട്ടിക്കുറക്കുന്നതും അറ്റന്‍ഡന്‍സ് വെട്ടിക്കുറക്കുന്നതും അനാവശ്യമായി പിരിവുകളെടുക്കുന്നതും ഹോസ്റ്റലിലെ ജലവിതരണം തകരാറിലായതുമടക്കം കോളേജിലെ പ്രശ്‌നങ്ങള്‍ക്കെതിരെ ജിഷ്ണു പ്രണോയ് പ്രതികരിച്ചിരുന്നു. അതുകൊണ്ട് തന്നെ കോളേജ് മാനേജ്‌മെന്റിനു ജിഷ്ണുവിനോട് ശത്രുതയുണ്ടായിരുന്നു. കോളേജില്‍ നടക്കുന്ന പല ചൂഷണങ്ങളെ കുറിച്ചും സര്‍ക്കാരിന് പരാതി നല്‍കിയ ഷാഹിര്‍ എന്ന വിദ്യാര്‍ത്ഥിയെ കൃഷ്ണദാസ് ഉള്‍പ്പെട്ട സംഘം മര്‍ദിച്ചെന്ന വെളുപ്പെടുത്തല്‍ ക്യാമ്പസ്സിലെ ഭീകരാന്തരീക്ഷം പുറം ലോകത്തെത്തിച്ചു. ഷഹീറിന് മര്‍ദനമേറ്റു മൂന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് ജിഷ്ണു ആത്മഹത്യ ചെയ്യുന്നത്. പോസ്‌റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ജിഷ്ണു പ്രണോയ് മര്‍ദനത്തിന് ഇരയായിട്ടുണ്ടെന്നു പറയുന്നുണ്ട്. കോളേജിലെ പ്രശ്‌നങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന വിദ്യാര്‍ത്ഥികളെ മര്‍ദിക്കുവാന്‍ കോളേജില്‍ ഉള്ളതായ ‘ഇടി മുറി’യില്‍ ജിഷ്ണുവിനെ കൊണ്ടുപോയി മര്‍ദിച്ചെന്നും ചെയര്‍മാന്‍ കൃഷ്ണദാസും അധ്യാപകന്‍ പ്രവീണും പ്രിന്‍സിപ്പല്‍ ശക്തിവേലുവും അടക്കമുള്ള പ്രതികള്‍ക്ക് ഇതില്‍ വ്യക്തമായ പങ്കുണ്ടെന്നും വ്യക്തമാക്കുന്നതായിരുന്നു തെളിവുകള്‍. വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന്റെ മുറിയില്‍ നിന്നും ജിഷ്ണു പ്രണോയിയുടെ രക്തം കണ്ടെത്തിയിരുന്നത് കേസില്‍ ശക്തമായ തെളിവായി. ജിഷ്ണു പ്രണോയിയുടെ ആത്മഹത്യക്ക് ശേഷം സമരം ചെയ്ത 65 ഓളം വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റ് പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല. ആരോപണ വിധേയനായ ഇര്‍ഷാദ് എന്ന അധ്യാപകനെ തിരിച്ചെടുത്തു. സമരം ചെയ്ത വിദ്യാര്‍ത്ഥികളുടെ മാര്‍ക് ലിസ്‌റ് പിടിച്ചുവച്ചു സംഭവവും പിന്നീട് നിയമപോരാട്ടത്തിലൂടെ വിദ്യാര്‍ത്ഥികള്‍ ഇത് തിരികെ വാങ്ങിയതും കോളേജ് മാനേജ്‌മെയന്റിനെ അപഹാസ്യരാക്കി. പ്രത്യേക അന്വേഷണ സംഘം ജിഷ്ണു പ്രണോയിയെ കോപ്പി അടിച്ചു എന്ന് ആരോപിച്ചു മാനേജ്‌മെന്റ് കുടുക്കുകയായിരുന്നുവെന്ന് പിന്നീട് റിപ്പോര്‍ട്ട് നല്‍കിയത് വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങള്‍ ശരിവച്ചു. കോപ്പി അടിക്കാന്‍ ശ്രമിച്ചു പിടിക്കപ്പെട്ടത് കാരണമാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണ് കോളേജ് മാനേജ്‌മെന്റ് വിശദീകരിച്ചിരുന്നത്. സാങ്കേതിക സര്‍വകലാശാല കോപ്പിയടിയെ കുറിച്ച് തങ്ങള്‍ക്കു അറിയിപ്പ് ലഭിച്ചിട്ടില്ലെന്നു അറിയിച്ചപ്പോഴാണ് മാനേജ്‌മെന്റിന്റെ കള്ളം പൊളിഞ്ഞത്.
ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും ബന്ധുക്കളും മുഖ്യമന്ത്രിയെ അടക്കമുള്ളവരെ നേരില്‍ കണ്ട് നിവേദനം നല്‍കിയെങ്കിലും കാര്യമായൊന്നും നടന്നില്ല. ധനസഹായമായി സര്‍ക്കാര്‍ 10 ലക്ഷം പ്രഖ്യാപിച്ചെങ്കിലും കേസന്വേഷണത്തില്‍ ഉദാസീനമായിരുന്നു. തുടക്കം സന്ദര്‍ശനാനുമതി നല്‍കിയ ഡിജിപി പിന്നീടത് നിഷേധിച്ചപ്പോള്‍ അവര്‍ ഓഫീസിനു മുന്നിലേക്ക് പ്രകടനം നയിച്ചു. ഈ പ്രക്ഷോഭം അടിച്ചമര്‍ത്താനാണ് സര്‍ക്കാരും പോലീസും ശ്രമിച്ചത്. പതിവുപോലെ സമരത്തില്‍ തീവ്രവാദി നുഞ്ഞുകയറ്റം എന്നായിരുന്നു ആരോപണം. പോലീസ് മഹിജയെ മര്‍ദ്ദിക്കുകയും വലിച്ചിഴക്കുകയും ചെയ്ത ചിത്രം വൈറലായി. മഹിജയടക്കം സ്ത്രീകളുപ്പെടെയുള്ളവര്‍ പരിക്കേറ്റു ആശുപത്രിയിലായി. സിപിഎം കുടുംബം നടത്തിയ നീതിക്കായുള്ള പോരാട്ടത്തെയാണ് അവരുടെ പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാര്‍ അടിച്ചമര്‍ത്തിയത്. ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനായി ഒപ്പം നിന്ന് സമരം ചെയ്ത കെ എം ഷാജഹാന്‍ എസ് യു സി ഐ പ്രവര്‍ത്തകരായ ഷാജര്‍ഖാന്‍, മിനി, ശ്രീകുമാര്‍ എന്നിവരടക്കം അഞ്ചു പേരാണ് അന്ന് അറസ്റ്റില്‍ ആയത്. ഷാജഹാന് സസ്‌പെന്‍ഷനും ലഭിച്ചു. കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു.
എന്തായാലും ഈ സംഭവങ്ങള്‍ക്കു ശേഷം സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് ഗണ്യമായി കുറഞ്ഞു എന്നതാണ് വലിയ സാമൂഹിക മാറ്റം. വിദ്യാര്‍ത്ഥിസമരത്തെ കുറിച്ചുള്ള ഒരു വിചിന്തനത്തിനും ഇതു പ്രേരകമായി. സംഭവങ്ങളെ തുടര്‍ന്ന് മറ്റു പല സ്വാശ്രയ കോളേജുകളിലും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെ സമരങ്ങള്‍ രൂപപ്പെട്ടു. വരും കാലങ്ങളിലും കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ പോരാട്ടങ്ങള്‍ക്ക് ജിഷ്ണു പ്രണോയിയുടെ രക്തസാക്ഷിത്വം പ്രചോദനമാകുമെന്നുറപ്പ്. അതിലേക്കുള്ള സൂചന കൂടിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഈ റിപ്പോര്‍ട്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in