കേരളത്തിന്റെ സ്വന്തം ഒ ടി ടി പ്ലാറ്റ് ഫോം വരുമ്പോള്‍….

സിനിമയ്ക്ക് മാധ്യമപരവും ലാവണ്യപരവും എന്നതിനു പുറമെ; സാങ്കേതികവും സാമ്പത്തികവും സാംസ്‌ക്കാരികവും രാഷ്ട്രീയവുമായ ചരിത്രങ്ങള്‍ കൂടിയുണ്ടെന്നെല്ലാവര്‍ക്കുമറിയാം. ഇവ വ്യത്യസ്തമാണെന്നിരിക്കിലും പരസ്പരം കൂടിക്കലരുകയും കൂടിക്കുഴയുകയും ചെയ്യാറുമുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ കല എന്ന് നിര്‍വചിക്കപ്പെട്ട സിനിമ, ഇരുപത്തൊന്നാം നൂറ്റാണ്ടിലും അരങ്ങൊഴിയാന്‍ പോകുന്നില്ല എന്ന കാര്യവും ഏറെക്കൂറെ വ്യക്തമായിക്കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിലെ ലോകത്തെ നിയന്ത്രിച്ച സാമ്പത്തിക-സാമ്രാജ്യത്വാധികാര ശക്തിയായ മുതലാളിത്തമാകട്ടെ കൂടുതല്‍ പ്രാബല്യമാര്‍ജ്ജിച്ചും ആഗോള ഭീമത്വം കൈവരിച്ചും സകലതിനെയും കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുകയുമാണ്. ഈ പശ്ചാത്തലത്തില്‍ വേണം; സ്ട്രീമിംഗ് ഭീമന്മാരുടെ നിയന്ത്രണത്തിന്‍ കീഴില്‍ ഞെരിഞ്ഞമരാന്‍ പോകുന്ന സിനിമയുടെ ആസന്ന ഭാവിയെക്കുറിച്ചാലോചിക്കാന്‍.

ലൂമിയര്‍ സഹോദരന്മാര്‍, സിനിമോട്ടോഗ്രാഫ് കണ്ടു പിടിക്കുകയും ലോകത്താകെ സഞ്ചരിച്ച് പ്രദര്‍ശനങ്ങള്‍ നടത്തുകയും ചെയ്തപ്പോള്‍ ഇത് ഭാവിയെ ആകെ നിര്‍ണയിക്കാന്‍ പോകുന്ന അതിവിപുലമായ ഒരു മാധ്യമവ്യവസ്ഥയായി വളരുമെന്നൊന്നും അവരടക്കം ആരും മനസ്സിലാക്കിയിരുന്നില്ല. ഹോളിവുഡാണ് അത് തെളിയിച്ചെടുത്തത്. അതിനായി ഹോളിവുഡില്‍ വിവിധ കോര്‍പ്പറേറ്റുകളുടെ പടുകൂറ്റന്‍ സ്റ്റുഡിയോകള്‍ സ്ഥാപിക്കപ്പെട്ടു. യൂണിവേഴ്‌സല്‍, പാരമൗണ്ട്, വാര്‍ണര്‍ ബ്രദേഴ്‌സ്, ട്വന്റീത്ത് സെഞ്ച്വറി ഫോക്‌സ്, വാള്‍ട് ഡിസ്‌നി, കൊളമ്പിയ, എം ജി എം തുടങ്ങിയ സ്റ്റുഡിയോകള്‍; അവരവരുടെ ബ്രാന്റുകള്‍ വികസിപ്പിക്കുകയും വ്യവസ്ഥാവത്ക്കരിക്കുകയും ചെയ്ത് ലോക സിനിമാ വ്യവസായവും കമ്പോളവും കീഴടക്കി. ഒരു നൂറ്റാണ്ടിനിപ്പുറവും അതേ സ്ഥിതി തുടരുന്നു.

ടെലിവിഷന്‍ ചാനലുകള്‍ ശക്തി പ്രാപിച്ച കാലത്ത് അവയും സിനിമയെ നിയന്ത്രിക്കാന്‍ തുടങ്ങി. ചാനലുകള്‍ പിന്തുണക്കുന്നതും മുതല്‍മുടക്ക് കൊടുക്കുന്നതും വാങ്ങുന്നതും ഒക്കെയായ സിനിമകള്‍ക്കു മാത്രമേ സാമ്പത്തികമായി നിലനില്പുള്ളൂ എന്നതായിരുന്നു കുറെക്കാലത്തെ സ്ഥിതി. ഹോളിവുഡിലെ സ്റ്റുഡിയോകള്‍ തന്നെ മിക്കവാറും ചാനലുകള്‍ വാങ്ങിക്കൂട്ടുകയോ തിരിച്ച് ചാനലുകള്‍ സ്റ്റുഡിയോവിനെ വാങ്ങുകയോ ഒക്കെയും സംഭവിച്ചിട്ടുണ്ട്. ലയനങ്ങളും ഏറ്റെടുക്കലും (മെര്‍ജര്‍ ആന്റ് അക്വസിഷന്‍) എന്ന മുതലാളിത്ത അതിജീവന തന്ത്രം തന്നെയാണിവിടെയും വിജയം കണ്ടത്. കണ്‍വര്‍ജന്‍സ് എന്ന ഡിജിറ്റല്‍ സാങ്കേതിക ലയനത്തിന്റെ സാമ്പത്തിക-മാധ്യമ രീതിയും സിനിമയില്‍ കാണാന്‍ കഴിയും.

സെല്ലുലോയ്ഡില്‍ നിന്ന് ഡിജിറ്റലിലേക്ക് പരിണമിച്ചപ്പോള്‍, ആ രംഗത്തും പടുകൂറ്റന്‍ കുത്തകകള്‍ രംഗപ്രവേശം ചെയ്തു. ഇന്ത്യയില്‍ നിങ്ങളെടുക്കുന്ന ഏതു സിനിമയും ക്യൂബ് പോലുള്ള സംവിധാനത്തിലേക്ക് അപ് ലോഡ് ചെയ്താല്‍ മാത്രമേ സെന്‍സറിംഗിന് സമര്‍പ്പിക്കാനും മേളകള്‍ക്കയക്കാനും പറ്റുകയുള്ളൂ എന്ന സ്ഥിതി പോലും നിലനിന്നിരുന്നു. തിയറ്ററുകളുടെ കാര്യം പിന്നെ പറയുകയും വേണ്ട. പുതിയതും പഴയതുമായ എല്ലാ തിയറ്ററുകളിലും, ക്യൂബ് കമ്പനി സൗജന്യമായി മെമ്മറി ഹാര്‍ഡ് ഡിസ്‌ക്കും, പ്രൊജക്റ്ററും സ്ഥാപിക്കുകയാണ് ചെയ്യുക. അവരിലൂടെ മാത്രമേ സിനിമാശാല നടത്തിപ്പുകാര്‍ക്ക് സിനിമ ലഭിക്കുകയുള്ളൂ. സിനിമാ നിര്‍മാതാവില്‍ നിന്നും പ്രദര്‍ശന ശാലക്കാരില്‍ നിന്നും ഒരേ സമയം പണം വാരിക്കൂട്ടാന്‍ കഴിയുന്ന രീതിയിലുള്ള റവന്യൂ പങ്കിടലാണ് ഈ രംഗത്ത് നിലവിലുള്ളത്.

ഈ അവസ്ഥയിലാണ് വീടുകളിലേക്കും നിങ്ങളുടെ ഫോണിലേക്കും വരെ നേരിട്ട് പഴയതും പുതിയതുമായ സിനിമകളെത്തിക്കുന്ന ഓവര്‍ ദ ടോപ്പ് (ഒ ടി ടി) – വീഡിയോ ഓണ്‍ ഡിമാന്റ് – സ്ട്രീമിംഗ് പ്ലാറ്റ് ഫോമുകള്‍ വികസിച്ചു വന്നത്. സാങ്കേതികമായി നൂതനവും വിസ്മയകരവുമായ സാധ്യതകളാണ് ഒ ടി ടിക്കുള്ളത് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍; അതിന്റെ സാമ്പത്തിക ഗുണഫലം വിവിധ കുത്തകകള്‍ പങ്കിട്ടെടുക്കുന്ന സ്ഥിതി നിലവില്‍ വന്നു കഴിഞ്ഞു. അതോടൊപ്പം ഒ ടി ടിയുടെ മേലുള്ള രാഷ്ട്രീയ അധികാരം ഭരണകൂടം കൈക്കലാക്കുകയും ചെയ്തു. നിലവില്‍ ഓ ടി ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ബാധകമല്ല. അതേ സമയം, ഭാഷാപരവും സാംസ്‌ക്കാരികവുമായ അതിര്‍ത്തികള്‍ ഭേദിച്ചുകൊണ്ട് സിനിമകള്‍ക്കും സീരീസുകള്‍ക്കും ലോകമാകെ പടരാന്‍ ഓ ടി ടികളിലൂടെ സാധ്യമാകുന്നുമുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഹോം തിയേറ്റര്‍ എന്ന പേരില്‍; വീടുകള്‍ക്കകത്ത് സിനിമാശാലാ പ്രതീതി ഉണ്ടാക്കിയെടുക്കുക എന്നത് കമ്പോളത്തിന്റെ പുതിയ മേഖലയായി വികസിച്ചു കൊണ്ടിരിക്കുന്നു. മധ്യവര്‍ഗവും ഉപരി മധ്യവര്‍ഗവും; തര്‍ക്കമില്ലാത്ത വിധം സമ്പന്ന വര്‍ഗവും അവരുടെ വീടുകള്‍ക്കകം വിവിധ രീതിയില്‍ പരിഷ്‌ക്കരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതില്‍; പ്രൊജക്റ്റര്‍, ഡിജിറ്റല്‍ തിരശ്ശീല, വിസ്താരമുള്ള ആന്‍ഡ്രോയിഡ് ടെലിവിഷനുകള്‍, വൈഫൈ സംവിധാനങ്ങളും ഫൈബര്‍ നെറ്റും, ലാപ് ടോപ്പുകളും സ്മാര്‍ട് ഫോണുകളും, ഉച്ചഭാഷിണികള്‍, ആംപ്ലിഫയര്‍, ഡിടിഎസ്/ഡോള്‍ബി സറൗണ്ട് ശബ്ദ സംവിധാനങ്ങള്‍, ഇരിക്കുമ്പോള്‍ പുറകിലേക്ക് നീക്കാവുന്നതും കിടക്കാവുന്നതുമായ വില കൂടിയ ആഡംബര ഇരിപ്പിടങ്ങളും കിടക്കകളും, അക്കോസ്റ്റിക്‌സ് സംവിധാനങ്ങള്‍, വാതശീതീകരണം എന്നിവയെല്ലാം ചേര്‍ന്ന് ലക്ഷങ്ങള്‍ മുടക്കുന്ന പ്രവണത തന്നെ ആരംഭിച്ചു കഴിഞ്ഞു. സിനിമയുടെ ആള്‍ക്കൂട്ടക്കാഴ്ചകളെ വേണ്ടെന്നു വെക്കുകയും; വലിയ ഹാളുകളിലുണ്ടായിരുന്ന സാങ്കേതിക സൗകര്യങ്ങള്‍ കുറെയെങ്കിലും പുനര്‍ നിര്‍മ്മിക്കാന്‍ കഴിയുകയും ചെയ്യുന്ന രീതിയാണ്, കോവിഡ് മഹാമാരിയുടെ അടക്കം പശ്ചാത്തലത്തില്‍ കമ്പോളം പ്രചരിപ്പിച്ചു യാഥാര്‍ത്ഥ്യമാക്കിയെടുക്കുന്നത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ സ്മാര്‍ട് ഫോണ്‍ വിപണി അതിജീവിച്ചതിനു സമാനമായി; ഇലക്‌ട്രോണിക് ഉത്പന്ന വിപണിയുടെ എല്ലാ മാന്ദ്യങ്ങളും ഇതിലൂടെ മറി കടക്കാനാകുമെന്നായിരിക്കും വിദഗ്ദ്ധര്‍ ഉപദേശിക്കുന്നുണ്ടാവുക.

വീഡിയോ ഓണ്‍ ഡിമാന്റ് എന്ന രീതിയിലൂടെ സ്ട്രീമിംഗ് രംഗത്ത് ഇതിനകം വിപണി കീഴടക്കിക്കഴിഞ്ഞിട്ടുള്ള കോര്‍പ്പറേറ്റ് കുത്തകകളെയും പരിചയപ്പെടാം. യു ട്യൂബ് തന്നെയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ജനപ്രിയമായ പ്ലാറ്റ്‌ഫോം. 2005ലാരംഭിച്ച ഈ ചാനല്‍ തൊട്ടടുത്ത വര്‍ഷം തന്നെ ഗൂഗിള്‍ വാങ്ങി സ്വന്തമാക്കി. വിക്കിപ്പീഡിയയിലെ കണക്കനുസരിച്ച് പത്തു കോടി മണിക്കൂറുകളുടെ വീഡിയോ ആണ് ഒരു ദിവസം യുട്യൂബിലൂടെ ആളുകള്‍ കാണുന്നത്. ഒരു മിനുറ്റില്‍ അഞ്ഞൂറു മണിക്കൂറിന്റെ ഉള്ളടക്കങ്ങള്‍ അപ് ലോഡ് ചെയ്യപ്പെടുന്നുമുണ്ട്. പരസ്യങ്ങള്‍ക്കു പുറമെ; നമ്മളെല്ലാവരും കയറുന്ന സൗജന്യ യുട്യൂബിനുള്ളിലായുള്ള പ്രീമിയം ചാനലിലൂടെ വന്‍ തോതില്‍ വരിസംഖ്യയും അവര്‍ക്ക് വരുമാനമായി ലഭിക്കുന്നു. മുതലാളിത്താശയങ്ങള്‍ക്കും അതാതു രാഷ്ട്രങ്ങളിലെ ഭരണാധികാരികള്‍ക്കും അനുകൂലമായ സെന്‍സര്‍ഷിപ്പ്; കോര്‍പ്പറേറ്റുകളോടും കോര്‍പ്പറേറ്റിസത്തോടുമുള്ള മറച്ചു വെക്കാത്ത ആഭിമുഖ്യം; നിഗൂഢമായ അല്‍ഗോരിതങ്ങള്‍; ഗൂഢാലോചനകളും രാഷ്ട്രീയ വിലക്കുകളും; ഉള്ളടക്കങ്ങളുടെ അപ്രത്യക്ഷമാകല്‍; അശ്ലീലവും ആണ്‍പ്രമാണിത്തങ്ങളും, വംശീയത, എന്നിങ്ങനെ സാമൂഹികവും മാധ്യമപരവുമായ നിരവധി പ്രശ്‌നങ്ങള്‍ യുട്യൂബ് മനുഷ്യര്‍ക്കിടയില്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍;നമ്മുടെ ലോകമാകട്ടെ യുട്യൂബിലുള്ളതും ഇല്ലാത്തതും എന്ന രീതിയില്‍ രണ്ടായി പിളര്‍ന്നിട്ടുമുണ്ട്. വിക്കിപ്പീഡിയയും ഗൂഗിളും ഫേസ്ബുക്കും ട്വിറ്ററും വാട്ട്‌സ് ആപ്പും ക്ലബ്ബ് ഹൗസും സൂമും ആമസോണും മൈക്രോസോഫ്ടും ഒന്നുമില്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാനാവാത്തതു പോലെ; യുട്യൂബില്ലാത്ത ലോകത്തെക്കുറിച്ച് വിഭാവനം ചെയ്യാനും ബുദ്ധിമുട്ടാണ്.

നെറ്റ്ഫ്‌ളിക്‌സ് ആണ് മറ്റൊരു പ്രധാന ആഗോള താരം. ഇരുപത്തി മൂന്നു വര്‍ഷം മുമ്പ് കാലിഫോര്‍ണിയയില്‍ ആരംഭിച്ച നെറ്റ് ഫ്‌ളിക്‌സ് വീഡിയോകള്‍ വിതരണം ചെയ്യുക മാത്രമല്ല; സിനിമകളും സീരീസുകളും ഡോക്കുമെന്ററികളും ആനിമേഷന്‍ പരിപാടികളും ടെലിവിഷന്‍ പരിപാടികളും നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. 20 കോടി വരിക്കാരാണ് പണം കൊടുത്ത് കാണുന്നവരായി ലോകമാകെ നെറ്റ്ഫ്‌ളിക്‌സിന് ആര്‍ജ്ജിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. മുഖ്യധാരയിലെന്നതു പോലെ സ്വതന്ത്ര സിനിമാ രംഗത്തും നെറ്റ്ഫ്‌ളിക്‌സ് നിര്‍മ്മാണ സംരംഭങ്ങള്‍ നടത്തുന്നുണ്ട്. കൊല്‍ക്കത്തയിലെ ചുവന്ന തെരുവായ സോനാഗച്ചിയിലെ കുട്ടികളെക്കുറിച്ചുള്ള ബോണ്‍ ഇന്‍ ടു ബ്രോത്തല്‍സ്, ലോറി കോളിയര്‍ സംവിധാനം ചെയ്ത ഷെറി ബേബി, എന്നിവ നെറ്റ്ഫ്‌ളിക്‌സ് നിര്‍മ്മിച്ചതും അല്‍ഫോന്‍സോ ക്യൂറോണ്‍ സംവിധാനം ചെയ്ത റോമ അടക്കമുള്ള നിരവധി സിനിമകള്‍ നെറ്റ് ഫ്‌ളിക്‌സ് വിതരണം ചെയ്തതുമായവയാണ്. ജയില്‍ യൂണിഫോമിനെ ഓര്‍മ്മിപ്പിക്കുന്നതും വിപ്ലവാഭിമുഖത്തിനെ വ്യക്തമാക്കുന്നതുമായ ചുമന്ന യൂണിഫോമിട്ട മണി ഹീസ്റ്റി(ലാ കസാ ഡെ പപ്പേല്‍ എന്ന് സ്പാനിഷില്‍)ലെ മോഷ്ടാക്കളാണ് നെറ്റ്ഫ്‌ളിക്‌സ് മാധ്യമ ചരിത്രത്തിലെ ഏറ്റവും ജനപ്രിയരായ നായികാ നായകന്മാരും വില്ലന്മാരും വില്ലത്തികളും. ആധുനിക മുതലാളിത്തത്തെ പ്രതീകാത്മകമായി നിരാകരിക്കുന്ന ദാലി ചിത്രത്തിന്റെ മുഖംമൂടിയണിഞ്ഞ അവര്‍; വ്യവസ്ഥയാല്‍ മാറ്റി നിര്‍ത്തപ്പെട്ടവരാണ്. ഐഡി പോലുമുണ്ടാക്കാതെ അദൃശ്യമായി കഴിയാന്‍ സാധിച്ച പ്രൊഫസര്‍ ആണ് അവരുടെ മുഖ്യ നേതാവ്. പൊലീസും സര്‍ക്കാരും പിടി മുറുക്കിക്കൊണ്ടിരിക്കുമ്പോള്‍, അവരിലെ പ്രതിരോധ മൂല്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ തെളിഞ്ഞു വരും. നാടോടിപ്പാട്ടില്‍ നിന്ന് ഫാസിസ്റ്റ് വിരുദ്ധ സംഘഗാനമായി വളര്‍ന്ന ഇറ്റാലിയന്‍ പ്രതിരോധഗീതം ബെല്ല ചാവ് പാടിയാണ് അവര്‍ സ്വയം വീര്യം കൂട്ടുക. രാഷ്ട്രീയ പ്രതിഷേധത്തെ ജനപ്രിയ സംസ്‌ക്കാരത്തിന് ആവാഹിക്കാന്‍ കഴിയുന്നതിന്റെ നിരവധി ഉദാഹരണങ്ങളിലൊന്നാണ് മണിഹീസ്റ്റിന്റെ ജനപ്രീതിയും. സ്‌പെയിനില്‍ നിര്‍മ്മിച്ച ആദ്യ എപ്പിസോഡുകള്‍ക്കു ശേഷം, നെറ്റ് ഫ്‌ളിക്‌സ് വന്‍ മുതല്‍മുടക്കിറക്കിയാണ് തുടര്‍ന്നുള്ള എപ്പിസോഡുകള്‍ നിര്‍മ്മിക്കുന്നത്.വിപ്ലവത്തിനു പകരം പ്രതിരോധം, പോരാട്ടത്തിനു പകരം അരാജകത്വം, പ്രത്യയശാസ്ത്രത്തിനു പകരം കൊള്ള എന്നിങ്ങനെയുള്ള നിലപാടാണ് മണി ഹീസ്റ്റ് മുന്നോട്ടു വെക്കുന്നത്. നെറ്റ് ഫ്‌ളിക്‌സിലെ മറ്റു നിരവധി സീരീസുകളും സിനിമകളും അമേരിക്കന്‍ നിയന്ത്രിത ലോക പൊതുബോധത്തെയും സാമ്രാജ്യത്വാനുകൂല ആഗോളവത്ക്കരണാശയത്തെയും പിന്‍ പറ്റുന്നു. നാര്‍ക്കോസ് പോലുള്ള സീരീസുകളില്‍ തുറന്ന രീതിയില്‍ തന്നെ ലാറ്റിനമേരിക്കയിലെ ഇടതു മുന്നേറ്റത്തെ പൈശാചികവത്ക്കരിക്കുന്നു.

ഇ വാണിജ്യ ഭീമനായ ആമസോണിന്റെ സബ്‌സിഡിയറിയായ ആമസോണ്‍ പ്രൈം വീഡിയോ ലോകത്താകെ പടര്‍ന്നു കഴിഞ്ഞു. ലോകമാകെ പതിനെട്ട് കോടിയാണ് നിലവിലെ വരിക്കാരുടെ എണ്ണം. ഇന്ത്യയില്‍ 2020ലെ കണക്കനുസരിച്ച് ഒരു കോടി വരിക്കാരാണുള്ളത്. രണ്ടായിരത്തിലധികം സിനിമകളും നാനൂറിലധികം ടെലിവിഷന്‍ ഷോകളും ലൈബ്രറിയിലുണ്ട്. മലയാളം, തമിഴ്, ഹിന്ദി അടക്കമുള്ള ഇന്ത്യന്‍ സിനിമകളധികവും ആദ്യ പ്രദര്‍ശനം നടത്തുന്നത് പ്രൈമിലൂടെയാണ്. താരങ്ങളും വലതുപക്ഷ മൂല്യങ്ങളും കൊണ്ടാടപ്പെടുന്ന മുഖ്യധാരാ കമ്പോള നിലപാടുകള്‍ തന്നെയാണ് പ്രൈം കൈക്കൊള്ളുന്നത്. മലയാളത്തില്‍ അടുത്ത കാലത്തിറങ്ങിയ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമ ആദ്യ ഘട്ടത്തില്‍ ഏറ്റെടുക്കാന്‍ ആമസോണ്‍ പ്രൈം തയ്യാറായില്ല. നാമജപ-കുലസ്ത്രീ സമരമാണ് കേരളത്തിന്റെ ജനപ്രിയ പൊതുബോധം എന്ന വലതു നിര്‍ണയനത്തെ പിന്‍പറ്റിയതു കൊണ്ടാണ് ഈ നിലപാടെടുത്തതെന്നു വേണം കരുതാന്‍. എന്നാല്‍, നീ സ്ട്രീം പോലുള്ള ചെറു പ്ലാറ്റ്‌ഫോമിലൂടെ കാണിച്ചപ്പോള്‍ വന്‍ ഹിറ്റായി മാറിയ ഈ സിനിമ പിന്നീട് പ്രൈമിന് തിരിച്ചു വിളിക്കേണ്ടി (റീകോള്‍ ചെയ്യേണ്ടി) വന്നു. കടുത്ത തെന്നിന്ത്യന്‍ വിരോധവും മുസ്ലിംഭീതിയും ഉത്പാദിപ്പിക്കുന്ന ഫാമിലി മാന്‍ പോലുള്ള സീരീസുകളും പ്രൈമില്‍ സജീവമായി ഓടിക്കൊണ്ടിരിക്കുന്നു.

ഡിസ്‌നി പ്ലസ് & ഹോട്ട് സ്റ്റാര്‍, സോണി തുടങ്ങിയ ആഗോള പ്ലാറ്റ്‌ഫോമുകളും ജിയോയും സീയും മുതല്‍ സൈന വരെയുള്ള ഇന്ത്യന്‍ പ്ലാറ്റ്‌ഫോമുകളും ഈ ഭീമന്മാര്‍ക്കൊപ്പവും അവരോട് മത്സരിച്ചും ഈ രംഗത്ത് നിലനില്‍ക്കുന്നു. ഹോട്ട്സ്റ്റാറിന്റെ സൗജന്യ സ്ട്രീമിംഗിലൂടെ ഏതാണ്ട് നാലു കോടി കാണികള്‍ സിനിമകളും മറ്റ് ഷോകളും കണ്ടു വരുന്നു. ജിയോ ടിവിയില്‍ ഏതാണ്ട് എഴുനൂറോളം ടിവി ചാനലുകള്‍ ലഭിക്കും. ജിയോ സിനിമയില്‍ പതിനായിരത്തോളം സിനിമകളുമുണ്ട്. ഈറോസ് നൗവിലും പതിനായിരത്തിലധികം സിനിമകളുണ്ട്. യൂണിയന്‍ സര്‍ക്കാര്‍ അടുത്ത കാലത്തായി ഈ രംഗത്ത് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു.

മുബിയും ക്രൈറ്റീരിയനും പോലെ, കലാപരമായി മികച്ചു നില്ക്കുന്ന സിനിമകള്‍ക്കുള്ള സ്ട്രീമിംഗ് പ്ലാറ്റ് ഫോമുകളും നിലവില്‍ വന്നിട്ടുണ്ട്. മുബി ഇന്ത്യയില്‍ ലഭ്യമാണ്. ക്രൈറ്റീരിയന്‍ ഇപ്പോള്‍ ലഭ്യമല്ല. വോംഗ് കാര്‍ വായിയുടെ ഇന്‍ ദ മൂഡ് ഓഫ് ലവ്, ഓണ്‍ലൈനില്‍ പരതി കിട്ടാതിരുന്നപ്പോള്‍ തുര്‍ക്കി സംരംഭകന്‍ എഫേ കക്കറേല്‍ ഓറ്റിയേഴ്‌സ് എന്ന പ്ലാറ്റ് ഫോം ആരംഭിച്ചു. അംഗങ്ങളാകുന്നവര്‍ക്ക് സുഹൃദ് സംഘങ്ങള്‍ രൂപീകരിക്കുകയും സിനിമകളെ സംബന്ധിച്ച ചര്‍ച്ചകളും നിരൂപണങ്ങളും പങ്കിടുകയും സിനിമകള്‍ തന്നെ നിര്‍ദ്ദേശിക്കുകയും ഒക്കെ ചെയ്യാവുന്ന ഒന്നായിട്ടാണ് ഓറ്റിയേഴ്‌സ് വികസിച്ചത്. പിന്നീട് പേരുമാറ്റി മുബിയാക്കി. ഓരോ ദിവസവും ഓരോ പുതിയ സിനിമ റിലീസ് ചെയ്യുന്ന മുബി, ക്ലാസിക്ക് സിനിമാരാധാകരുടെ പറുദീസയായി വികസിച്ചു കൊണ്ടിരിക്കുന്നു. മിഗ്വല്‍ ഗോമസിന്റെ അറേബ്യന്‍ നൈറ്റ്‌സ് (പോര്‍ത്തുഗല്‍), തോമസ് വീന്‍ റെബ്ബിന്റയും പീറ്റര്‍ കാസ്ദയുടെയും ഐ ഓള്‍ഗ (ചെക്ക് റിപ്പബ്ലിക്കും മറ്റു രാജ്യങ്ങളും), ഇല്‍ദിക്കോ എന്യേദിയുടെ ഓണ്‍ ബോഡി & സോള്‍ (ഹങ്കറി), അലെയിന്‍ ഗോമിസിന്റെ ഫെലിസിറ്റെ (സെനഗല്‍), സിയോണ്‍ സോണോയുടെ ആന്റി പോര്‍ണോ (ജപ്പാന്‍), കാന്റെമിര്‍ ബലാഗോവിന്റെ ബീന്‍പോള്‍ (റഷ്യ), പാബ്ലോ ലറൈന്റെ എമ (ചിലി), ജര്‍മന്‍ മാസ്റ്ററായ വെര്‍ണെര്‍ ഹെര്‍സോഗിന്റെ ഫാമിലി റൊമാന്‍സ് എല്‍എല്‍സി (യു എസ് എ), അപ്പിക് ചാത്‌പോങ് വീരാസെത്താകുലിന്റെ മെമ്മോറിയ (ഇറ്റലി, ഇന്ത്യ) തുടങ്ങി നിരവധി പുതിയ സിനിമകള്‍ മുബിയിലാണ് ആദ്യം കാണിച്ചത്. ഇവയെല്ലാം ഐഎഫ് എഫ് കെ യടക്കം നിരവധി മേളകളില്‍ പ്രദര്‍ശിപ്പിച്ചവയുമാണ്. മലയാള സിനിമയിലെ നവ വാഗ്ദാനം ഡോണ്‍ പാലത്തറയുടെ 1956-മധ്യ തിരുവിതാംകൂര്‍ മുബിയില്‍ ഈയടുത്ത ദിവസം പ്രദര്‍ശനം ആരംഭിച്ചു. ഫിലിം സൊസൈറ്റിക്കാലവും മേളക്കാലവും ഓണ്‍ലൈനിലൂടെ പുനരാവിഷ്‌ക്കരിക്കുന്ന മുബി ചലച്ചിത്രാസ്വാദകരുടെ ഹൃദയങ്ങള്‍ കീഴ്‌പ്പെടുത്തിക്കഴിഞ്ഞു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അമേരിക്കയില്‍ ഓ ടി ടി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ ഏതാണ്ട് എത്താവുന്നതിന്റെ പരമാവധി വരിക്കാരില്‍ ഇതിനകം തന്നെ എത്തിക്കഴിഞ്ഞു. ചൈനയിലാണെങ്കില്‍, നെറ്റ്ഫ്‌ളിക്‌സ് അടക്കം മിക്ക ആഗോള ഭീമന്മാരെയും അനുവദിക്കുന്നില്ല. ഈ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മധ്യവര്‍ഗ കമ്പോളം, അവരെ സംബന്ധിച്ചിടത്തോളം വലിയ സാധ്യതകള്‍ തന്നെയാണ് തുറന്നിട്ടിട്ടുള്ളത്. ഗ്രാമങ്ങളിലേക്കു കൂടി ജിയോ വളര്‍ന്നതും തുടക്കത്തില്‍ സൗജന്യ സേവനം നല്‍കി ഇടപാടുകാരെ വന്‍ തോതില്‍ സമാഹരിച്ചതും എല്ലാം ഈ വിപണന വളര്‍ച്ചയുടെ ആക്കം കൂട്ടുന്നു.

ഈ പശ്ചാത്തലത്തിലാണ് കേരള സര്‍ക്കാരിന്റെ കീഴിലുള്ള കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ എസ് എഫ് ഡി സി) സ്വന്തമായി ഒരു ഓ ടി ടി പ്ലാറ്റ് ഫോം ആരംഭിക്കാന്‍ പോകുന്നുവെന്ന പ്രഖ്യാപനം കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ നടത്തിയിരിക്കുന്നത്. ഇത് ഒരു കമ്പോള ഇടപെടല്‍ എന്നതിനേക്കാള്‍ സാംസ്‌ക്കാരിക ഇടപെടലെന്ന നിലയ്ക്കായിരിക്കണം മനസ്സിലാക്കപ്പെടേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ക്യൂറേറ്റ് ചെയ്ത (കൃത്യമായ ഉദ്ദേശ്യത്തോടെ തെരഞ്ഞെടുത്ത) സിനിമകളുമായി പ്രവര്‍ത്തിക്കുന്ന മുബി പോലുള്ള ചാനലുകളാണ് തങ്ങളുടെ മാതൃക എന്നാണദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. കെഎസ്എഫ്ഡിസിയ്ക്ക് ഇപ്പോള്‍ കേരളത്തിലങ്ങോളമിങ്ങോളം ഏതാനും സിനിമാശാലകളുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താരംഭിച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുറച്ചധികം തിയേറ്ററുകള്‍ പൂര്‍ത്തിയായി വരുന്നു. അവ കൂടി പ്രവര്‍ത്തനക്ഷമമായാല്‍ കേരളത്തിലെ പൊതു സിനിമാ പ്രദര്‍ശന മേഖലയില്‍ സര്‍ക്കാരിന് നിര്‍ണായക പ്രാധാന്യം കൈവരും. കോവിഡ് മഹാമാരി കാരണം അടഞ്ഞു കിടക്കുന്ന സിനിമാശാലകള്‍ക്ക് ഇനിയെന്നാണ് പഴയ രീതിയില്‍ പ്രവര്‍ത്തിക്കാനാവുക എന്നാര്‍ക്കും നിശ്ചയമില്ല. കുറെയധികം തിയേറ്ററുടമകള്‍ ഇപ്പോള്‍ തന്നെ കഷ്ടത്തിലും നഷ്ടത്തിലുമാണ്. തങ്ങളുടെ തിയേറ്ററുകള്‍ സര്‍ക്കാര്‍ വാടക നിശ്ചയിച്ച് ഏറ്റെടുക്കുകയാണെങ്കില്‍ അപ്രകാരം നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്ന് അവര്‍ പറയുന്നുണ്ട്. ഗ്രാമ-നഗര കേന്ദ്രങ്ങളിലുള്ള ഇത്തരം സിനിമാശാലകള്‍ സര്‍ക്കാരിന് പാട്ടത്തിനാണെങ്കിലും ലഭിക്കുന്നതും നല്ല കാര്യമായിരിക്കും. കേരളത്തില്‍ വ്യാപിച്ചു കിടക്കുന്ന സിനിമാശാലകളിലും പുതുതായി ആരംഭിക്കുന്ന സര്‍ക്കാര്‍ ഓ ടി ടി പ്ലാറ്റ് ഫോമിലുമായി, നിലവാരമുള്ള മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്നത് തികച്ചും സ്വാഗതാര്‍ഹമായ കാര്യമാണ്.

താരപ്രാധാന്യമുള്ള ഏതാനും സിനിമകള്‍ മാത്രമേ സ്വകാര്യ കുത്തകകളായ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ മുന്‍കൂട്ടി വില കൊടുത്ത് വാങ്ങാറുള്ളൂ. അല്ലാത്ത സിനിമകളൊക്കെയും, കിട്ടുന്ന വരുമാനത്തിന്റെ പങ്ക് ലഭിക്കുമെന്ന ധാരണയിലാണ് ഓ ടി ടിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഈ രീതി തന്നെയായിരിക്കും സര്‍ക്കാര്‍ ഓ ടി ടിയിലും പിന്തുടരുക എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. സ്വതന്ത്ര സിനിമകള്‍ക്കും നവാഗതര്‍ക്കും പരീക്ഷണാത്മക സൃഷ്ടികള്‍ക്കും ഈ മാര്‍ഗത്തിലൂടെ ജനങ്ങളിലേക്കെത്താന്‍ സാധിക്കും. തിയേറ്ററുകളില്‍ പരിമിതമായ പ്രദര്‍ശന സമയങ്ങളില്‍ കുറഞ്ഞ ദിവസം മാത്രമാണ്, തെരഞ്ഞെടുക്കപ്പെടുന്ന ഇത്തരം സിനിമകള്‍ അഥവാ പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ തന്നെ കളിക്കാറുള്ളത്. പല കാരണങ്ങള്‍ കൊണ്ടും വേണ്ടത്ര പബ്ലിസിറ്റി ഇല്ലാത്തതു കാരണവും അത്തരം സിനിമകള്‍ കാണണമെന്നാഗ്രഹമുള്ളവര്‍ക്കു പോലും അത് സാധ്യമാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഈ സിനിമകളൊക്കെ ഓ ടി ടിയില്‍ ലഭ്യമായാല്‍, ഫിലിം സൊസൈറ്റികളടക്കമുള്ള ചര്‍ച്ചാ വേദികളിലും മറ്റും കൂട്ടായ പരിശ്രമം നടത്തി താല്പര്യമുള്ളവര്‍ക്ക് കാണാനുള്ള അവസരം സംജാതമാകും. മുതല്‍ മുടക്ക് തിരിച്ചു കിട്ടുമോ എന്ന കാര്യം കാത്തിരുന്നു കാണേണ്ടി വരും; എന്നാല്‍, ഒരു വരുമാനവും ലഭിക്കാതെ പെട്ടിയിലടച്ചിരിക്കേണ്ടി വരുന്ന ഗതികേടില്‍ നിന്ന് വലിയ തോതിലുള്ള മോചനമായിരിക്കും നല്ല സിനിമകള്‍ക്ക് ഇതിലൂടെ ലഭിക്കാന്‍ പോകുന്നത്. ഡോണ്‍ പാലത്തറയുടെ സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന പരീക്ഷണാത്മകമായ സിനിമ, ഏഴോളം പ്ലാറ്റ് ഫോമുകളിലൂടെ ഇക്കഴിഞ്ഞ ദിവസം പ്രദര്‍ശനമാരംഭിച്ചപ്പോള്‍ നല്ല പ്രതികരണമാണ് ലഭിച്ചത് എന്നറിഞ്ഞു. ഇത് പ്രതീക്ഷ ജനിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്. സ്വതന്ത്ര സിനിമാ പ്രവര്‍ത്തകരും, സിനിമയില്‍ നവീകരണം ആഗ്രഹിക്കുന്നവരും, ഫിലിം സൊസൈറ്റി പ്രവര്‍ത്തകരടക്കമുള്ള സാംസ്‌ക്കാരിക മേഖലയിലുള്ളവരും കേരള സര്‍ക്കാരിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply