‘എന്താണ് തന്റെ പ്ലാന്‍, ഡൊണാള്‍ഡ് ട്രംപ്?’

 

ഇത്തവണ പുതുവര്‍ഷം തുടങ്ങിയത്, പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന്റെ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ ഇമ്മിഗ്രേഷന്‍ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച രണ്ട് അമേരിക്കന്‍ പൗരന്മാരെ ഫെഡറല്‍ ഏജന്റുമാര്‍ വെടിവെച്ച് കൊലപ്പെടുത്തിക്കൊണ്ടാണ്. ട്രംപും Immigration and Customs Enforcement (ICE) എന്ന കൂലിപ്പട്ടാളവും അയാളെ താങ്ങിനിര്‍ത്തിയിരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഒത്തുചേര്‍ന്ന്, ‘അനധികൃതമായി’ അമേരിക്കയില്‍ ജീവിക്കുന്ന കുടിയേറ്റക്കാരെ അറസ്റ്റു ചെയ്തുമാറ്റാനെന്ന വ്യാജേന, മിനിയാപോളിസിന്റെ തെരുവുകളില്‍ ആയിരക്കണക്കിന് തോക്കുധാരികളായ ഫെഡറല്‍ ഏജന്റുമാരെ ഇറക്കി, റോന്തു ചുറ്റിച്ച്, ഏറ്റുമുട്ടലിന്റെ യുദ്ധക്കളമായി മാറ്റിയിരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൊലപാതകങ്ങള്‍ നടന്നിരിക്കുന്നത്.

രണ്ടാഴ്ച മുന്‍പ് ജോനാഥന്‍ റോസ്സ് എന്ന ICE ഉദ്യോഗസ്ഥന്‍ റെനേ ഗുഡ് എന്ന 37 വയസ്സുകാരിയെ അവരുടെ കാറിനുള്ളിലേക്ക് തോക്കു കടത്തി തലയ്ക്ക്‌നേരെ നാല്തവണ വെടിവച്ചുകൊന്നതിനുശേഷം മിനിയാപൊളിസ് വന്‍ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായി മാറിയിരുന്നു. മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ ഗുഡ്, ICE-ന് എതിരെയുള്ള പ്രതിഷേധം നടക്കുന്ന സ്ഥലത്തു നിന്നും മടങ്ങിപോകാന്‍ ശ്രമിക്കെയാണ് അവരെ തുടരെ വെടിവെച്ച് കൊലപ്പെടുത്തിയത്.

ഫെഡറല്‍ നിയമനിര്‍വ്വഹണത്തില്‍ തെരുവുകളില്‍ ഉണ്ടായ സായുധ ഫെഡറല്‍ പോലീസിന്റെ വര്‍ദ്ധനവിനെത്തുടര്‍ന്ന് മിനിയപോളിസില്‍ അനവധി കോടതി വഴിയും അല്ലാതെയും ഉള്ള സാധാരണ ജനങ്ങളുടെ നിയമ പോരാട്ടങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നുവന്നിരുന്നു. ഗുഡിന്റെ കൊലപാതകത്തിന് ദൃക്‌സാക്ഷികളായവര്‍ വീഡിയോയില്‍ പകര്‍ത്തിയ ഈ സംഭവം ദേശീയ പ്രതിഷേധങ്ങള്‍ക്കും ബലപ്രയോഗത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കും കാരണമായിരുന്നു.

ഗുഡിനെപോലെ തന്നെ ICE -ന് എതിരെയുള്ള പ്രതിഷേധം നടക്കുന്ന സ്ഥലത്തു നിന്നിരുന്നപ്പോഴാണ് 37 വയസ്സുള്ള Intensive Care Unit  നേഴ്‌സ് ആയിരുന്ന അലക്‌സ് പ്രെറ്റിയെ ജനുവരി 24 ന് ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ICE – നെതിരെ സമാധാനപരമായി പ്രതിഷേധിക്കാന്‍ ഒത്തുകൂടിയവരെ, പ്രത്യേകിച്ചും ഒരു കൂട്ടം സ്ത്രീകളെ, ഭീഷണിയും ബലപ്രയോഗവും തോക്കും കാണിച്ച് കയ്യേറ്റം ചെയ്യുന്നത്കണ്ട് അവരെ സംരക്ഷിക്കാന്‍ ചെന്ന പ്രെറ്റിയെ മുഖത്തും കഴുത്തിലും ചവിട്ടി തെരുവില്‍ വീഴ്ത്തി. നിലത്തുവീണ പ്രെറ്റിയെ പത്തുതവണ നിര്‍ത്താതെ വെടിവെച്ചാണ് കൊലപ്പെടുത്തിയത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പ്രെറ്റിയെ കൊന്ന ഏജന്റിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഗുഡിനെ കൊന്നതിനെ തുടര്‍ന്ന് ഗുഡ് ഏജന്റുമാരെ കൊല്ലാന്‍ ശ്രമിച്ചത് കൊണ്ടാണ് സ്വന്തം രക്ഷയ്ക്ക് വേണ്ടി ഗുഡിനെ വെടിവെച്ചുകൊന്നതെന്ന് ട്രംപിന്റെ കൂലിപ്പട്ടാളം കള്ളം പറഞ്ഞത് പോലെത്തന്നെ, ഇവര്‍ കൊലപ്പെടുത്തിയ പ്രെറ്റി ഒരു ‘domestic terrorist’ ആണെന്നും പ്രെറ്റി ഏജന്റുമാര്‍ക്ക് നേരെ തോക്കുയര്‍ത്തി കൊല്ലാന്‍ ശ്രമിച്ചുവെന്നും മറ്റുമാണ് ട്രംപിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഒഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (DHS) കൊലപാതകത്തിനെ തുടര്‍ന്ന് പറഞ്ഞിരിക്കുന്നത്. രണ്ട് കൊലപാതകങ്ങള്‍ക്കും ധാരാളം ദൃക്‌സാക്ഷികളുണ്ട്. ധാരാളം വീഡിയോ തെളിവുകള്‍ ഉണ്ട്. പ്രെറ്റി ‘ആക്രമിച്ചു ചെറുത്തുനിന്നു’ എന്നും ഒരു ഏറ്റുമുട്ടലില്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു എന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി അവകാശപ്പെട്ടപ്പോള്‍, വീഡിയോ തെളിവുകള്‍ കാണിക്കുന്നത് പ്രെറ്റിയെ നേരിടുമ്പോള്‍ അയാള്‍ തോക്കല്ല, ഫോണ്‍ ആണ് കയ്യില്‍ പിടിച്ചിരുന്നത് എന്നാണ്. പ്രെറ്റിയെ കൊന്നതെന്തിനാണ് എന്ന് ഇവിടെ പലരും, ഇയാളുടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും, ചോദിച്ചു തുടങ്ങിയിട്ടുണ്ട്.

പ്രെറ്റിയുടെ മാതാപിതാക്കള്‍ ഫെഡറല്‍ ഉദ്യോഗസ്ഥരുടെയും ട്രംപ് ഭരണകൂടത്തിന്റെയും വിശദീകരണങ്ങളെ ‘നുണകള്‍’എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ‘ട്രംപിന്റെ കൊലപാതകികളും ഭീരുക്കളുമായ ICE ഗുണ്ടകള്‍ അലെക്‌സിനെ ആക്രമിക്കുമ്പോള്‍ അലക്‌സ് തോക്ക് പിടിച്ചിട്ടില്ലെന്ന് വ്യക്തമാണ്. അലക്‌സിന്റെ വലതുകൈയില്‍ ഫോണ്‍ ഉണ്ട്. പെപ്പര്‍ സ്‌പ്രേ ചെയ്യുമ്പോള്‍ കഇഋ താഴേക്ക് തള്ളിയ സ്ത്രീയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അവന്റെ ഒഴിഞ്ഞ ഇടതുകൈ തലയ്ക്ക് മുകളില്‍ ഉയര്‍ത്തിയിരിക്കുകയാണ്. ദയവായി ഞങ്ങളുടെ മകനെക്കുറിച്ചുള്ള സത്യം പുറത്തുകൊണ്ടുവരിക. അവന്‍ ഒരു നല്ല മനുഷ്യനായിരുന്നു,’ പ്രെറ്റിയുടെ കുടുംബം പറഞ്ഞു.

‘എന്താണ് തന്റെ പ്ലാന്‍, ഡൊണാള്‍ഡ് ട്രംപ്? എന്താണ് തന്റെ പ്ലാന്‍?’ മിനസോട്ട ഗവര്‍ണ്ണര്‍ വാള്‍സ് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ‘ഈ ട്രെയിനിങ്ങില്ലാത്ത ഫെഡറല്‍ ഏജന്റുമാരെ ഞങ്ങളുടെ സംസ്ഥാനത്ത്‌നിന്ന് പുറത്താക്കാന്‍ എന്താണ് ചെയ്യേണ്ടത്? ഭയം, അക്രമം, അട്ടിമറി ഇതാണോ ഞങ്ങളില്‍നിന്ന് നിങ്ങള്‍ പ്രതീക്ഷിച്ചത്? എന്നാല്‍ നിങ്ങള്‍ ഞങ്ങളെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു, താഴ്ത്തിക്കണ്ടിരിക്കുന്നു. ഈ സംസ്ഥാനത്തില്‍, ക്രമസമാധാനപാലനത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു; ഞങ്ങള്‍ സമാധാനത്തില്‍ വിശ്വസിക്കുന്നു,’ വാള്‍സ് കൂട്ടിച്ചേര്‍ത്തു. ‘ഇനിയുമൊരാളെ കൂടി കൊല്ലുന്നതിനുമുമ്പ് ഡൊണാള്‍ഡ് ട്രംപ് ഈ 3,000 പരിശീലനം ലഭിക്കാത്ത ഏജന്റുമാരെ മിനസോട്ടയില്‍ നിന്ന് തിരിച്ചുവിളിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.’

ട്രംപിന്റെ ഭരണത്തിന്റെ കീഴില്‍ ICE ല്‍ ചേരാന്‍ ആളുകളില്ലാത്തതു കൊണ്ട് തെരുവില്‍നിന്നും ആളുകളെ പണം കൊടുത്തു പ്രലോഭിപ്പിച്ചാണ് ട്രംപ് ഇപ്പോഴത്തെ ICE നെ ഉണ്ടാക്കിയിരിക്കുന്നത്. തല്ലുണ്ടാക്കാനും വെട്ടാനും കൊല്ലാനും യാതൊരു കൂസലുമില്ലാത്ത, കര്‍ചീഫ് കൊണ്ട് മുഖം മറച്ച കുറെ കൂലിപ്പട്ടാളക്കാരുടെ കൈയ്യിലാണ് അമേരിക്കന്‍ പൗരന്മാരെയും കുടിയേറ്റക്കാരെയും നിയന്ത്രിക്കാനായി തോക്കും കൊടുത്ത് ഇയാള്‍ പറഞ്ഞുവിട്ടിരിക്കുന്നത്.

ട്രംപ് മിനസോട്ടയെയും ഗവര്‍ണര്‍ വോള്‍സിനെയും അയാളുടെ രാഷ്ട്രീയ പകയുടെ ഇരകളാക്കിയിരിക്കുന്നത് 2024-ലെ പ്രസിഡണ്ട് ഇലക്ഷനില്‍ ഇയാള്‍ക്കെതിരെ കമല ഹാരിസിന്റെ വൈസ് പ്രസിഡണ്ട് ആയി വോള്‍സ് മത്സരിച്ചത് കൊണ്ടാണെന്നാണ് പൊതുവെയുള്ള വിശ്വാസം. തന്റെ രാഷ്ട്രീയ എതിരാളികളെ ഉന്മൂലനാശം ചെയ്യുമെന്ന വാഗ്ദാനത്തോടെയാണല്ലോ ഇയാള്‍ രണ്ടാമത്തെ ഭരണം ഉദ്ഘാടനം ചെയ്തത്തന്നെ. ഫെഡറല്‍ കൊലപാതകങ്ങള്‍ക്ക് മുമ്പുള്ള ദിവസങ്ങളില്‍, മിനസോട്ടയില്‍ ഒരു വലിയ രാഷ്ട്രീയ പോരാട്ടം നടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ട്രംപ് ഭരണകൂടം മിനസോട്ടയെ വിവാദപരവും പലപ്പോഴും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുടെ പേരില്‍ ലക്ഷ്യം വച്ചിട്ടുണ്ട്, പ്രത്യേകിച്ച് സംസ്ഥാനത്തെ സൊമാലി ജനതയെ സംബന്ധിച്ച്. സൊമാലി വംശജരായ ഏകദേശം 84,000 ആളുകള്‍ മിനസോട്ടയില്‍ താമസിക്കുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും യുഎസ് പൗരന്മാരോ നിയമപരമായ താമസക്കാരോ ആണ്. എന്നിരുന്നാലും ട്രംപ് ഇവരെ വംശീയമായ ഭാഷയില്‍ ‘ചവറ് ‘എന്ന് വിശേഷിപ്പിച്ച് അധിക്ഷേപിക്കുന്നത് പതിവായിരിക്കുന്നു.

മിനസോട്ടയിലെ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കായുള്ള ഫെഡറല്‍ ഫണ്ടുകള്‍ സൊമാലികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ വഴി മോഷ്ടിച്ചു എന്നൊരു അഴിമതിയുടെ ചുവടുപിടിച്ചാണ് ട്രംപ് കഴിഞ്ഞ രണ്ടു മാസമായി മിനിയാപൊളിസ് ഒരു യുദ്ധക്കളമായി മാറ്റിയിരിക്കുന്നത്. സാമൂഹ്യ മാധ്യമ ‘ഇന്‍ഫ്‌ളുന്‍സറും,’ ‘സ്വതന്ത്ര യൂട്യൂബ് ജേണലിസ്റ്റും’ MAGA ആക്ടിവിസ്റ്റുമായ നിക് ഷേര്‍ളി എന്ന തീവ്ര വലതുപക്ഷ ട്രംപ് അനുയായി 2025 ഡിസംബര്‍ 26ന് 42 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ മിനിയാപൊളിസിലെ സൊമാലി നിവാസികള്‍ നടത്തുന്ന ഡേകെയര്‍ സെന്ററുകള്‍ 100 മില്യണ്‍ ഡോളറിലധികം പൊതുഫണ്ട് ദുരുപയോഗം ചെയ്തതിന്റെ തെളിവുകള്‍ കാണിക്കുന്നുവെന്ന് ഇയാള്‍ അവകാശപ്പെട്ടു. ഷേര്‍ലിയും ഒരു കൂട്ടുകാരനും സൊമാലികള്‍ നടത്തുന്ന നിരവധി ചൈല്‍ഡ്‌കെയര്‍ സെന്ററുകള്‍ സന്ദര്‍ശിച്ച്, പൂട്ടിയ വാതിലുകള്‍ ചിത്രീകരിച്ച്, ഈ സ്ഥാപനങ്ങളില്‍ കുട്ടികളെ സേവിക്കുന്നില്ലെന്ന് വരുത്തിതീര്‍ക്കുന്നതായി കാണാം. ഈ വീഡിയോകള്‍ ട്രംപ് പങ്ക് വെയ്ക്കുകയും ഇതിന്റെ പേരില്‍ സൊമാലി സമൂഹത്തെ ഒന്നടങ്കം അടച്ച് അഴിമതിക്കാരായി ചിത്രീകരിക്കുകയുമാണുണ്ടായിരിക്കുന്നത്.

എന്നാല്‍ ഈ അഴിമതിയുടെ നിഴല്‍ ഡെമോക്രാറ്റിക് ഗവര്‍ണര്‍ വോള്‍സിന് ഒരു ബാധ്യതയാവുകയും ഇനിയുമൊരു തവണ കൂടി ഗവര്‍ണര്‍ പദവിയിലേക്ക് താന്‍ മത്സരിക്കുന്നില്ലെന്നു വോള്‍സ് പ്രഖ്യാപിച്ചു. തന്റെ കാലാവധിയുടെ ശേഷിക്കുന്ന സമയം സംസ്ഥാനത്തെ അഴിമതി തുടച്ചുനീക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വോള്‍സ് പ്രതിജ്ഞയെടുത്തു. ഈ അഴിമതിയുടെ പേരും പറഞ്ഞാണ് ജനുവരി മാസത്തില്‍ 2,000 3,000 ICE, ഫെഡറല്‍ ഏജന്റുമാരെ മിനിയാപൊളിസിലേക്ക് ട്രംപ് അയച്ചത്. 2025-ല്‍ 10,000 സൊമാലി ‘ക്രിമിനലുക’ളെ അറസ്റ്റുചെയ്തുവെന്നും, ഈ ജനുവരി മാസം 3500 അറസ്റ്റുകള്‍ നടന്നുവെന്നാണ് അവകാശപ്പെടുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശൈത്യകാലത്തെ കഠിനമായ തണുപ്പിനെ അവഗണിച്ചുകൊണ്ട്, മിനിയാപൊളിസിലെ നിവാസികള്‍, അവരെ സഹായിക്കാന്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍, തൊഴിലാളി യൂണിയനുകള്‍, ക്രിസ്തീയ പുരോഹിതന്മാര്‍, യൂണിവേഴ്‌സിറ്റി അദ്ധ്യാപകര്‍ , വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ മിനിയാപൊളിസില്‍ ICE നെതിരെ ദിവസേന ഏകോപിത പ്രതിഷേധ റാലികള്‍, പണിമുടക്കുകള്‍, ബിസിനസ്സ് അടച്ചുപൂട്ടലുകള്‍ എന്നിവ നടക്കുന്നുണ്ട്. വിമാനത്താവള ടെര്‍മിനലുകള്‍ തടയുക, ICE അറസ്റ്റു ചെയ്യുന്നവര്‍ക്കായി മെഴുകുതിരി കത്തിച്ചു കാവല്‍നില്‍ക്കുക മുതലായ ജനകീയ സമരമുറകളും ഇവിടെ നടക്കുന്നുണ്ട്.

ICE മുതലായ ഫെഡറല്‍ ഏജന്റുമാര്‍ക്ക് പൊതുവെ അവരുടെ ഔദ്യോഗിക കര്‍ത്തവ്യങ്ങളുടെ ഭാഗമായി എടുക്കുന്ന നടപടികള്‍ക്ക് സംസ്ഥാന പ്രോസിക്യൂഷനില്‍ നിന്ന് പ്രതിരോധം ലഭിക്കും. എന്നാല്‍ ഒരു ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനങ്ങള്‍ ഫെഡറല്‍ നിയമപ്രകാരം അംഗീകരിക്കപ്പെടുകയും ഉചിതവുമാണെങ്കില്‍ മാത്രമേ പ്രതിരോധം ബാധകമാകൂ. മിനസോട്ട ഏജന്റുമാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയാല്‍, അവര്‍ക്ക് കേസ് ഫെഡറല്‍ കോടതിയിലേക്ക് മാറ്റാനും, അവര്‍ പ്രോസിക്യൂഷനില്‍ നിന്ന് പ്രതിരോധം നേരിടുന്നുണ്ടെന്ന് വാദിക്കാനും കഴിയും. വിജയിക്കാന്‍, അവരുടെ പ്രവര്‍ത്തനങ്ങള്‍ അവരുടെ ഔേദ്യാഗിക കടമകള്‍ക്ക് പുറത്താണെന്നോ വസ്തുനിഷ്ഠമായി യുക്തിരഹിതമാണെന്നോ വ്യക്തമായി നിയമവിരുദ്ധമാണെന്നോ മിനസോട്ട തെളിയിക്കേണ്ടതുണ്ട്. ഒരു ഫെഡറല്‍ ഉദ്യോഗസ്ഥന് ഡിഫന്‍സുണ്ടെന്ന് വിധിച്ചാല്‍, സംസ്ഥാന തലത്തില്‍ അയാള്‍ക്കെതിരെ വീണ്ടും വിചാരണ നടത്താനും കഴിയില്ല. റെനേ ഗുഡിനെയും അലക്‌സ് പ്രെറ്റിയെയും കൊന്ന ഫെഡറല്‍ കഇഋ ഏജന്റുമാര്‍ കൊലക്കുറ്റത്തില്‍ നിന്നും രക്ഷപ്പെടുമെന്നുള്ള സാധ്യത പൊതുജനങ്ങളെ വല്ലാതെ രോഷാകുലരാക്കിയിട്ടുണ്ട്.

(കടപ്പാട് – പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply