ജനാധിപത്യത്തെ കാര്‍ന്നുതിന്നുന്ന വൈറസിനേയും ചെറുക്കണം

ജനാധിപത്യത്തെ കാര്‍ന്നു തിന്നുന്ന വൈറസ് കേരളത്തില്‍ ശക്തമായിട്ടുണ്ടെന്നു പറയാതെ വയ്യ. അതാകട്ടെ പ്രത്യക്ഷമായി കാണാന്‍ കഴിയാത്തതാണു താനും. അന്ധമായ വ്യക്തിയാരാധനയുടേയും ഭരണകൂടത്തിനുള്ള കയ്യടിയുടേയും എതിരഭിപ്രായമുള്ളവര്‍ക്കെതിരായ സംഘടിത കടന്നാക്രമണങ്ങളിലൂടേയുമാണ് ഈ വൈറസ് അതിന്റെ സാന്നിധ്യമറിയിക്കുന്നത്. ഫലത്തില്‍ വിമര്‍ശനമാണ് ജനാധിപത്യത്തിന്റെ അന്തസത്ത എന്ന അടിസ്ഥാന യാഥാര്‍ത്ഥ്യത്തെയാണ് ഈ വൈറസ് കടന്നാക്രമിക്കുന്നത്.

കൊവിഡ് ജനാധിപത്യസംവിധാനത്തിനേല്‍പ്പിക്കുന്ന ആഘാതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ലോകവ്യാപകമായി തന്നെ നടക്കുന്നുണ്ട്. കൊവിഡിന്റെ മറവില്‍ ജനാധിപത്യാവകാശങ്ങള്‍ വ്യാപകമായി നിഷേധിക്കുകയും വ്യക്തിസ്വാതന്ത്ര്യത്തെ പരമാവധി നിയന്ത്രിക്കുകയും ആരേയും നിരീക്ഷിക്കുകയും ചെയ്യുന്ന സംവിധാനങ്ങളാണ് ശക്തമായിട്ടുള്ളത്. ജനാധിപത്യമോ മനുഷ്യാവകാശങ്ങളോ പ്രതിപക്ഷമോ ഇല്ലാത്ത ചൈന കൊവിഡിനെ തടയുന്നതില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു എന്ന പ്രചരണം ഇതിനായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ പേരില്‍ നടക്കുന്ന അമിതമായ ജനാധിപത്യ സംവിധാന്തതിനെതിരെ യു എനും ആംനസ്റ്റിയുമടക്കം രംഗത്തുവന്നിട്ടുണ്ട്.

ആഗോളതലത്തിലെ ഈ സംഭവവികാസങ്ങളുടെ ചുവടുപിടിച്ചാണ് ഇന്ത്യയുടേയും പോക്ക്. പൗരത്വഭേദഗതി നിയമത്തിനെതിരെ ശബ്ദിച്ചവരെയും രാജ്യത്തെ പല ഭാഗത്തുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരേയും എഴുത്തുകാരേയും മറ്റും തുറുങ്കിലിടാന്‍ ഈയവസരമാണ് സര്‍ക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. അവരില്‍ ഗര്‍ഭിണികളടക്കമുണ്ട്. കൊവിഡ് ഭീഷണിയില്‍ പല രാഷ്ട്രങ്ങളും തടവുകാരെ വിട്ടയക്കുമ്പോഴാണ് ഇവിടെ മനുഷ്യാവകാശ പ്രവര്‍ത്തകരെ തുറുങ്കിലടക്കുന്നത്. കേരളവും ഇക്കാര്യത്തില്‍ മോശമല്ല. മാവോയിസ്റ്റുകള്‍ പോലും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോഴാണ് കേരളത്തില്‍ മാവോയിസ്റ്റ് എന്നാരോപിച്ച് പലയിടത്തും റെയ്ഡ് നടത്താനും പലരേയും കസ്റ്റഡിയിലെടുക്കാനും നമ്മുടെ പോലീസ് എന്‍ ഐ എക്ക് കൂ്ട്ടുനിന്നത്.

ഇപ്പറഞ്ഞ വിഷയങ്ങള്‍ പ്രത്യക്ഷമായി തന്നെ മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ ജനാധിപത്യത്തെ കാര്‍ന്നു തിന്നുന്ന വൈറസ് കേരളത്തില്‍ ശക്തമായിട്ടുണ്ടെന്നു പറയാതെ വയ്യ. അതാകട്ടെ പ്രത്യക്ഷമായി കാണാന്‍ കഴിയാത്തതാണു താനും. അന്ധമായ വ്യക്തിയാരാധനയുടേയും ഭരണകൂടത്തിനുള്ള കയ്യടിയുടേയും എതിരഭിപ്രായമുള്ളവര്‍ക്കെതിരായ സംഘടിത കടന്നാക്രമണങ്ങളിലൂടേയുമാണ് ഈ വൈറസ് അതിന്റെ സാന്നിധ്യമറിയിക്കുന്നത്. ഫലത്തില്‍ വിമര്‍ശനമാണ് ജനാധിപത്യത്തിന്റെ അന്തസത്ത എന്ന അടിസ്ഥാന യാഥാര്‍ത്ഥ്യത്തെയാണ് ഈ വൈറസ് കടന്നാക്രമിക്കുന്നത്.

ഒന്നരനൂറ്റാണ്ടിന്റെയെങ്കിലും ചരിത്രത്തിന്റെ പിന്‍ബലത്തോടെ പ്രാഥമിക ആരോഗ്യ രംഗത്ത് കേരളം നേടിയ നേട്ടങ്ങളാണ് കൊവിഡിനെതിരായ പോരാട്ടത്തില്‍ സഹായകരമായത് എന്ന യാഥാര്‍ത്ഥ്യം മറച്ചുവെച്ച്, അതെല്ലാം ഒരു പാര്‍ട്ടിയുടേയും ഒരുനേതാവിന്റേയും നേട്ടമായി വ്യാഖ്യാനിക്കുന്നതില്‍ നിന്നാണ് ഈ വൈറസ് ഉല്‍ഭവിച്ചത്. അപ്പോള്‍ സ്വാഭാവികമായും എന്തു വിമര്‍ശനം ഉന്നയിക്കുന്നവരേയും നാടിന്റെ ശത്രുക്കളായി വ്യാഖ്യാനിക്കാം. അതാണ് കേരളത്തില്‍ വ്യാപകമായി നടക്കുന്നത്. ചില പ്രതിപക്ഷനേതാക്കളുടെ മണ്ടന്‍ ഡയലോഗുകളും ഇതിനു സഹായകരമായി എന്നംഗീകരിക്കുന്നു. അപ്പോഴും കൗതുകകരമെന്തെന്നു വെച്ചാല്‍ ഈ പ്രവണതക്കുള്ള മറുപടി കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി തന്നെ പറഞ്ഞു എന്നതാണ്. കൊവിഡിനെതിരായ പോരാട്ടത്തില്‍ കേരളം ഇപ്പോള്‍ നേടിയ നേട്ടങ്ങള്‍ക്കുകാരണം നിരീക്ഷണ സംവിധാനം വിജയകരമായി എന്നതാണെന്നും അതിനുകാരണം മലയാളിയുടെ സാമൂഹ്യബോധമാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. അതാണ് യാഥാര്‍ത്ഥ്യം. ഈ സാമൂഹ്യബോധത്തിന്റെ വളര്‍ച്ചയുടെ ചരിത്രം ഏറ്റവും ചുരുങ്ങിയത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലാരംഭിച്ച നവോത്ഥാന പ്രസ്ഥാനങ്ങളില്‍ നിന്നാരംഭിക്കുന്നുണ്ട് താനും.

നവോത്ഥാനപ്രസ്ഥാനങ്ങളും ദേശീയപ്രസ്ഥാനവും ഇടതുപക്ഷ പ്രസ്ഥാനങ്ങളും മിഷണറിമാരുമൊക്കെ മുഖ്യമന്ത്രി സൂചിപ്പിച്ച ഈ സാമൂഹ്യബോധത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. അതേസമയം ഇവയെല്ലാം പിന്നീട് അപചയം നേരിട്ടു. അതോടെ ഈ സാമൂഹ്യബോധവും റിവേഴ് ഗിയറിലായി എന്നും പറയാതെ വയ്യ. നാടിന്റെ മൊത്തത്തിലുള്ള വികാസത്തിനു പകരം കക്ഷിരാഷ്ട്രീയവും വര്‍ഗ്ഗീയ ചിന്തകളും പ്രാമുഖ്യം നേടുന്നത് അങ്ങനെയാണ്. ഏതൊരു വിഷയത്തേയും കക്ഷിരാഷ്ട്രീയത്തിന്റേയോ വര്‍ഗ്ഗീയതയുടേയോ കണ്ണില്‍ കൂടി മാത്രം നോക്കികാണുന്ന പ്രവണത വളര്‍ന്നത് അങ്ങനെയാണ്. അത് അതിന്റെ ഏറ്റവും ഉച്ചസ്ഥായിയില്‍ എത്തി എന്നാണ് ഈ കൊവിഡ് കാലത്തെ ചര്‍ച്ചകളും സംഭവവികാസങ്ങളും ചൂണ്ടികാട്ടുന്നത്. ഭരണകൂടത്തിന്റെ തെറ്റെന്നു തോന്നുന്ന നയങ്ങളെ വിമര്‍ശിക്കുന്നവര്‍ത്തെതിരെ നടക്കുന്ന സംഘടിതാക്രമണങ്ങള്‍ അതിന്റെ സൂചനയാണ്. ജനാധിപത്യത്തില്‍ സര്‍ക്കാര്‍ മുഴുവന്‍ ജനങ്ങളുടേതുമാണെന്നതു വിസ്മരിച്ച് തങ്ങളുടെ എന്തോ സ്വകാര്യസ്വത്താണെന്നാണ് ചിലര്‍ ധരിച്ചിരിക്കുന്നതതെന്നു തോന്നുന്നു.

ഒരര്‍ത്ഥത്തില്‍ കേരളരാഷ്ട്രീയത്തിനു ചില ഗുണങ്ങളുണ്ട്. ഏറെക്കുറെ തുല്ല്യബലമുള്ള രണ്ടുമുന്നണികള്‍ മാറി മാറി അധികാരത്തിലെത്തുന്നു എന്നതാണത്. മുന്നണികളായതിനാല്‍ ഒരു പാര്‍ട്ടിയുടേയും ആധിപത്യം ഒരുപരിധി വിട്ട് നടക്കുകയില്ല. ഇപ്പോഴത്തെ ഭരണത്തില്‍ തന്നെ പല വിഷയങ്ങളിലും, പ്രത്യേകിച്ച് ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ടവ, സിപിഐ പ്രതിപക്ഷത്തേക്കാള്‍ ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ടല്ലോ. അതുപോലെ തന്നെ അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്നതിനാല്‍ ഒരു മുന്നണിക്കും അമിതമായ ആധിപത്യം ലഭിക്കുന്നില്ല. അമിതമായ ആധിപത്യം എങ്ങനെ ജനാധിപത്യവിരുദ്ധമാകുമെന്ന ബംഗാള്‍ അനുഭവം നമുക്കു മുന്നിലുണ്ടല്ലോ. അതേസമയം കേരളരാഷ്ട്രീയത്തിനും ജനാധിപത്യത്തിനും ശാപമായി അമിതമായ കക്ഷിരാഷ്ട്രീതാല്‍പ്പര്യം മാറുന്നതാണ് ഇന്നു നാം നേരിടുന്ന ഏറ്റവും ഗൗരവപരമായ വിഷയം. അതാണ് ഇപ്പോള്‍ കാണുന്നത്. സ്പ്രിംങ്ക്‌ളര്‍ മുതല്‍ ഇതരസംസ്ഥാനങ്ങളിലുള്ള മലയാളികളെ തിരിച്ചു കൊണ്ടുവരുന്നതുവരെ ഈ കൊവിഡ് കാലത്ത് ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങളോടൊന്നും ജനാധിപത്യപരമായ സമീപനമല്ല സര്‍ക്കാരില്‍ നിന്നും സര്‍ക്കാരിന പിന്തുണക്കുന്നവരില്‍ നിന്നും ഉണ്ടാകുന്നത്. ജനാധിപത്യത്തിന്റെ അഭേദ്യഭാഗമാണ് പ്രതിപക്ഷമെന്നിരിക്കെ, ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസ്സ് വാഗ്ദാനം ചെയ്ത തുക പോലും കക്ഷിരാഷ്ട്രീയത്തിന്റെ പേരില്‍ നിസ്സാര സാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് നിരസിക്കുന്നതും നാം കണ്ടു. തുടക്കത്തില്‍ പറഞ്ഞ ചില പ്രതിപക്ഷനേതാക്കള്‍ വിഡ്ഢിത്തങ്ങള്‍ പറയുന്നു എന്നത് ഒരു ഭരണ കൂടത്തിന്റെ തെറ്റുകളെ വിമര്‍ശിക്കാതിരിക്കാനുള്ള ന്യായീകരണമല്ല.

ശക്തമായ പ്രതിപക്ഷമില്ലാത്ത ജനാധിപത്യസംവിധാനം രാജഭരണത്തിനു തുല്ല്യമായിരിക്കും. അത് ഏറ്റവും വലിയ ദുരന്തവുമായിരിക്കും. ചൈനയില്‍ പ്രതിപക്ഷമോ സ്വതന്ത്രമാധ്യമങ്ങളോ ഉണ്ടായിരുന്നു എങ്കില്‍ കൊറോണ വ്യാപനം നേരത്തെ ലോകമറിയുമായിരുന്നു, ഒരുപക്ഷെ ഇപ്പോഴത്തെപോലൊരു വ്യാപനം ഉണ്ടാകുമായിരുന്നില്ല എന്ന വാദം ശക്തമാണല്ലോ. ഭരണാധികാരികളെ സ്തുതിക്കലാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നു ധരിച്ചിരിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളും എഴുത്തുകാരുമൊക്കെ ഫലത്തില്‍ രാജഭടന്മാരാകുകയാണ്. അതിനവര്‍ക്ക് പട്ടും വളയും നല്‍കാറുണ്ട്. എന്നാല്‍ ജനാധിപത്യത്തില്‍ ജനങ്ങളുടേയും മീഡിയയുടേയും പ്രതിപക്ഷത്തിന്റേയും സാമൂഹ്യപ്രവര്‍ത്തകരടേയും പ്രാഥമിക കടമ സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടികാണിക്കലാണ്. അതിനോട് ക്രിയാത്മകമായി പ്രതികരിക്കലാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. ഈ ജനാധിപത്യപ്രക്രിയ ഏറ്റവും ശക്തമാകേണ്ടത് ഇത്തരത്തിലുള്ള ദുരന്തകാലഘട്ടത്തിലാണ്. അപ്പോഴാണ് എല്ലാവര്‍ക്കും ഒറ്റകെട്ടായി അതിനെ മറികടക്കാനാവൂ. അതില്‍ ഒന്നാമത്തെ ഉത്തരവാദിത്തം സര്‍ക്കാരിനും രണ്ടാമത്തേത് പ്രതിപക്ഷത്തിനുമാണ്. നിര്‍ഭാഗ്യവശാല്‍ അവ കൃത്യമായി നിര്‍വ്വഹിക്കപ്പെടുന്നില്ല. അതിനാലാണ് ജനാധിപത്യത്തേയും ഈ വൈറസ് കാര്‍ന്നു തിന്നുന്നു എന്നു പറയേണ്ടിവരുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply