വ്‌ളാദിമിര്‍ പുടിന്റെ യുദ്ധങ്ങള്‍ – III
2014 ലെ ക്രെമിയ ആക്രമണത്തെത്തുടര്‍ന്ന് പുടിന്‍ കൂടുതല്‍ സുരക്ഷാ ഏജന്‍സികള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിരുന്നു. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനും വിയോജിപ്പുകളെ ഇല്ലാതാക്കാനും അവര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി. നിരായുധരായ ജനക്കൂട്ടത്തിലേക്ക് വെടിവയ്ക്കാന്‍ അനുവദിക്കുന്ന നിയമം പോലും പാസാക്കി. റോസ്ഗ്വാര്‍ഡിയ അല്ലെങ്കില്‍ റഷ്യന്‍ ഗാര്‍ഡ് എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ സുരക്ഷാ ഏജന്‍സിയുടെ തലവനായി, തന്റെ പഴയ അംഗരക്ഷകനായിരുന്ന വിക്ടര്‍ സോളോടോവിനെ അദ്ദേഹം തിരഞ്ഞെടുത്തു. എന്നിട്ടും റഷ്യയുടെ യുക്രൈന്‍ അധിനിവേശ ദിവസംതന്നെ റഷ്യയിലുടനീളം യുദ്ധവിരുദ്ധ പ്രകടനങ്ങള്‍ നടന്നു. യുദ്ധത്തിനെതിരായി നിവേദനങ്ങളും തുറന്ന കത്തുകളും എഴുതപ്പെട്ടു. സാംസ്‌കാരികവും രാഷ്ട്രീയവുമായ നിരവധി പൊതു വ്യക്തികള്‍ യുദ്ധത്തിനെതിരെ പ്രസ്താവനകള്‍ പുറത്തിറക്കി.
അഞ്ച്
പല രാഷ്ട്രീയ ചിന്തകരും ഹിറ്റ്‌ലറുമായും ജോസഫ് സ്റ്റാലിനുമായും പുടിന്റെ അഭ്യന്തര-വിദേശ നയങ്ങളെ താരതമ്യം ചെയ്ത് എഴുതിയിട്ടുണ്ട്. വിദേശനയത്തില്‍ ഹിറ്റ്‌ലറുടെ ആക്രമണ സ്വഭാവവും അഭ്യന്തര അടിച്ചമര്‍ത്തലിന് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയഘടന നിര്‍മ്മിച്ച മോള്‍ഡിനെയുമാണ് പുടിന്‍ ആശ്രയിക്കുന്നത്.
യുദ്ധത്തിനുമുന്‍പ് റഷ്യയുടെ ഔദ്യോഗിക ടെലിവിഷന്‍ പുറത്തുവിട്ട, സെക്യുരിറ്റി മീറ്റിങ്ങിന്റെ ദൃശ്യങ്ങള്‍ നോക്കുക; പുടിന്റെ മുപ്പതടിയിലേറെ അകലെ സെക്യുരിറ്റി കൗണ്‍സിലെ അംഗങ്ങള്‍ ഇരിക്കുന്നു. പുടിനെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്ന, ഭയന്ന്, പാവകളെപ്പോലെ പെരുമാറുന്ന അംഗങ്ങള്‍ തീര്‍ച്ചയായും ഒരു ആധുനിക ജനാധിപത്യഗവണ്‍മെന്റിനെയല്ല ഓര്‍മ്മപ്പെടുത്തുന്നത്. 1939-ലെ സോവിയറ്റ് യൂണിയനിലെ പോളിറ്റ് ബ്യൂറോ യോഗത്തെയാണ് അത് ഓര്‍മ്മപ്പെടുത്തുന്നതെന്ന് പത്രപ്രവര്‍ത്തക ജൂലിയ ഇയോഫി എഴുതുന്നു. തങ്ങളുടെ സീറ്റില്‍ മുന്‍പ് ഇരുന്നവരില്‍ എത്രപേര്‍ കെ.ജി.ബി ആസ്ഥാനത്ത് കൊല ചെയ്യപ്പെട്ടുവെന്ന് അവിടെ ഇരിക്കുന്നവര്‍ക്കറിയാമായിരുന്നു. 1937-നു ശേഷം, അവരില്‍ പലരും മൂന്നാമത്തെ പകരക്കാരായിരുന്നു. പുടിന്റെ തീരുമാനങ്ങളെ എതിര്‍ത്ത് സെക്യുരിറ്റി കൗണ്‍സിലില്‍ മാത്രമല്ല, അധികാരത്തിന്റെ ഒരിടത്തും തുടരാനാവില്ല. അധികാരത്തില്‍നിന്നൊഴിഞ്ഞ് സാധാരണ മനുഷ്യരായി ജീവിതം നയിക്കാനും കഴിയില്ല. അറസ്‌റ്റോ, ജയില്‍ വാസമോ അവര്‍ക്ക് നേരിടേണ്ടിവരും.
‘മനുഷ്യജീവന് ഒട്ടും പ്രാധാന്യം കൊടുക്കാത്ത ഒരു തരത്തിലുമുള്ള ഊഷ്മളവികാരങ്ങളില്ലാത്ത ഹിറ്റ്‌ലറുടെ സ്വഭാവ സവിശേഷതകളുടെ അസ്വസ്ഥകരമായ കണ്ണാടി പകര്‍പ്പ്’ എന്നാണ് പുടിനെക്കുറിച്ച് ജര്‍മ്മന്‍ ഡെമോക്രസി ഇനിഷ്യേറ്റീവിന്റെ ഡയറക്ടറായ ജോനാഥന്‍ കാറ്റ്‌സ് എഴുതിയത്. ഹിറ്റ്‌ലറെപോലെ പുടിനും disinformation പ്രചരിപ്പിക്കുന്നു, ചോദ്യം ചെയ്യാനാവാത്ത അധികാരം കൈയ്യടക്കുന്നു, രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുന്നു, റഷ്യക്കു ചുറ്റുമുള്ള പ്രദേശങ്ങള്‍ വെട്ടിപിടിക്കാനും നിയമവിരുദ്ധമായി കീഴടക്കുന്നതിനും സൈന്യത്തെ ഉപയോഗിക്കുന്നു. വ്‌ളാദിമിര്‍ പുടിന്‍ ഗ്യാസ് ചേമ്പറുകള്‍ ഒരുക്കുന്നില്ല, എന്നാല്‍ അയല്‍ രാജ്യത്തെ ആക്രമിക്കുന്നു, നഗരങ്ങളെ ചാരമാക്കുന്നു. റഷ്യന്‍ സൈന്യത്തിന്റെ ക്രൂരത 1941-ലെ സോവിയറ്റ് യൂണിയനെ നാസി സൈന്യം ആക്രമിച്ചതിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതായതുകൊണ്ട്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഹിറ്റ്‌ലറായി പുടിനെ പലരും അടയാളപ്പെടുത്തുന്നു.
ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ പന്ത്രണ്ട് വര്‍ഷത്തോളം അധികാരത്തിലിരുന്നു. നാസി സൈന്യം ഓസ്ട്രിയയും സുഡറ്റ്‌ലാന്റും ചെക്കോസ്ലോവാക്യയും പിടിച്ചടക്കി, ഫ്രാന്‍സ് ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങള്‍ കീഴടക്കി, വടക്കേ ആഫ്രിക്കയില്‍ അഞ്ച് രാജ്യങ്ങള്‍ ആക്രമിച്ചു. പുടിന്‍ യുക്രൈനിലേക്കുള്ള സമ്പൂര്‍ണ്ണ അധിനിവേശത്തിനു മുന്‍പ് 2008 ല്‍ ജേര്‍ജിയയില്‍ അധിനിവേശം നടത്തി, 1999 ല്‍ ചെച്‌നിയയില്‍ യുദ്ധം തുടങ്ങി. 2014 ല്‍ ക്രിമിയ ആക്രമിച്ച് കൂട്ടിച്ചേര്‍ത്തു. ഡോണ്‍ബാസ് മേഖലയില്‍ ആയുധവും പണവും ചിലവഴിച്ച് വിഘടനവാദികളെ സജീവമാക്കി.
പുടിന്‍ ഒരു ഫാസിസ്റ്റ് ആണെന്നതിന്റെ വ്യക്തമായ ഉദാഹരണമായിരുന്നു മാര്‍ച്ച് 16 ന് നടത്തിയ പ്രസംഗമെന്ന് രാഷ്ട്രീയ ചിന്തകനായ വ്‌ളാഡ് വെക്സ്ലര്‍ ചൂണ്ടിക്കാട്ടുന്നു. തന്നെ എതിര്‍ക്കുന്നവരെ വിശേഷിപ്പിക്കാന്‍ രാജ്യദ്രോഹി (National traitor) എന്ന വാക്കാണ് അയാള്‍ ഉപയോഗിച്ചത്. രാജ്യദ്രോഹികളെ കീടങ്ങളെപോലെ കണക്കാക്കി തുരത്തണമെന്നും അത്തരം സ്വയം ശുദ്ധീകരണം റഷ്യയ്ക്ക് ആവശ്യമാണെന്നും അത് റഷ്യയ്ക്ക് കരുത്തുണ്ടാക്കുമെന്നുമാണ് പുടിന്‍ പ്രസംഗത്തില്‍ പറഞ്ഞത്. National Traitor എന്ന ആ ഒറ്റവാചകത്തില്‍ ആരൊക്കെ ഉള്‍പ്പെടും? യുദ്ധത്തിനെതിരെ സംസാരിക്കുന്നവര്‍ മുതല്‍ അഴിമതി വിരുദ്ധ പ്രവര്‍ത്തകരും പൗരാവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവരും അതിനകത്ത് വരുന്നു.
National Traitor എന്ന വാക്ക് ഹിറ്റ്‌ലറാണ് തന്റെ ആത്മകഥയായ Mein Kampf ല്‍ ആദ്യമായി ഉപയോഗിച്ചത്. അത് എത്തിച്ചേര്‍ന്നത് Final Solution നിലേക്കായിരുന്നു. ബ്രിട്ടീഷ് ചരിത്രകാരനായ സൈമണ്‍ സെബാഗ് മോണ്ടെഫിയോ ആകട്ടെ അതിനെ ഉപമിക്കുന്നത് ലക്ഷങ്ങളെ കൊന്ന് പാര്‍ട്ടി ശുദ്ധീകരണ പ്രക്രിയ നടത്തിയ ഗ്രേറ്റ് പര്‍ജ് കാലത്ത് സ്റ്റാലിന്‍ ഉപയോഗിച്ച പദാവലികള്‍ക്ക് സമാനമായിട്ടാണ്.
സ്റ്റാലിന്‍ സ്വന്തം ജനതയോടുതന്നെയാണ് കൂടുതലും യുദ്ധം ചെയ്തത്. ലോകചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്തവിധം അധികാരം ഒരു വ്യക്തിയിലേക്ക് ഭയാനകമായ രീതിയില്‍ കേന്ദ്രീകരിക്കുന്നത് സ്റ്റാലിന്‍ കാലഘട്ടത്തിലായിരുന്നു. സ്റ്റാലിന്റെ സ്വകാര്യ ജീവിചരിത്രമെഴുതിയിട്ടുള്ള ദിമിത്രി വോള്‍ഗനോവ (Dimitri Volkogonov) എഴുതിയത്; സ്റ്റാലിന്‍ രണ്ടു കാര്യങ്ങളാണ് ഇഷ്ടപ്പെടുന്നിരുന്നത് എന്നാണ്. അധികാരവും പ്രശസ്തിയും. കൂടുതല്‍ കൂടുതലായി അധികാരത്തിനുവേണ്ടി അയാള്‍ ആഗ്രഹിച്ചുകൊണ്ടിരുന്നു. അധികാരം മരണംവരെ ലഹരിയായിരുന്ന സ്റ്റാലിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് അധികാരത്തിന്റെ കോക്പിറ്റ് എന്ന് അറിയാമായിരുന്നു. സ്റ്റാലിനെ പാര്‍ട്ടി സെക്രട്ടറിയായി നിയമിക്കരുതെന്ന് എഴുതിവെച്ച ടെസ്റ്റ്‌മെന്റ് ഒളിപ്പിച്ചുവെച്ച കമ്മ്യൂണിസ്റ്റ് നേതാക്കളായ കമനേവ്, സിനവേവ് എന്നിവരെ വധിച്ചുകൊണ്ടാണ് രാഷട്രീയ എതിരാളികളായി സംശയിക്കുന്നവര്‍ക്കെതിരെയുള്ള ഗ്രേറ്റ് പര്‍ജിന് സ്റ്റാലിന്‍ തുടക്കമിടുന്നത്.
സ്റ്റാലിന്‍ അധികാരത്തിലെത്തുന്നതിനു മുന്‍പുതന്നെ ഏകാധിപത്യഭരണത്തിന് പ്രതിജ്ഞാബദ്ധമായ ഒരു ഭരണകൂടത്തിന്റെ അടിസ്ഥാന സ്ഥാപനങ്ങള്‍ ലെനില്‍ സ്ഥാപിച്ചിരുന്നു. 1918 മുതല്‍ തുടങ്ങിയ ചുവപ്പ് ഭീകരതയില്‍ ദശലക്ഷങ്ങളാണ് കൊലചെയ്യപ്പെട്ടത്. 1937 മുതല്‍ 1938 വരെയുള്ള സ്റ്റാലിന്‍ കാലഘട്ടത്തില്‍ ഏഴ് ദശലക്ഷം ആളുകള്‍ അറസ്റ്റു ചെയ്യപ്പെട്ടു. ഒരു ദശലക്ഷം വധിക്കപ്പെട്ടു. രണ്ട് ദശലക്ഷം തടങ്കല്‍ പാളയങ്ങളില്‍ മരിച്ചു. സ്റ്റാലിന്‍ ക്രൂരതകളുടെ മൂര്‍ദ്ധന്യത്തില്‍ പ്രതിദിനം 1500 പേര്‍ വെടിയേറ്റ് മരിച്ചിരുന്നു. സിവില്‍ സമൂഹത്തെ സമ്പൂര്‍ണ്ണമായി നിശ്ശബ്ദമാക്കാന്‍ സ്റ്റാലിന് കഴിഞ്ഞു. ഭയത്തിന്റെയും നിശ്ശബ്ദതയുടെയുമായ മനഃശാസ്ത്രപരമായ അടിത്തറ അതുണ്ടാക്കി. സോവിയറ്റ് കമ്യൂണിസ്റ്റ് കമ്മിസാറന്‍മാരെ ‘പകുതി ഗ്രാമഫോണുകള്‍ പകുതി ഗുണ്ടാസംഘങ്ങള്‍’ എന്നാണ് ജോര്‍ജ് ഓര്‍വര്‍ വിശേഷിപ്പിച്ചത്. സ്റ്റാലിന്റെ കല്‍പ്പനങ്ങള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അവരുടെ ജീവിതം നശിപ്പിക്കപ്പെടും.
സ്റ്റാലിനിസ്റ്റ് കാലം സോവിയറ്റ് യൂണിയനില്‍ എങ്ങനെ ‘ഒരാളുടെ മാത്രം സ്വേച്ഛാധിപത്യം’ ആയിത്തീര്‍ന്നു എന്നതിനെക്കുറിച്ച് റഷ്യന്‍ ചരിത്രകാരനായ വോള്‍ക്കോഗനോവ് എഴുതുന്നുണ്ട്. വോള്‍ക്കോഗനോവിന്റെ പിതാവ് സ്റ്റാലിന്റെ ശുദ്ധീകരണത്തില്‍ കൊല്ലപ്പെടുകയും അമ്മ ലേബര്‍ ക്യാമ്പില്‍ കിടന്ന് മരിക്കുകയും ചെയ്തു. 1945 ല്‍ 17 വയസ്സുള്ള അനാഥനായ വോല്‍ക്കോഗനോവ് സൈന്യത്തില്‍ ചേര്‍ന്നു. ഏകദേശം നാല് പതിറ്റാണ്ടുകളായി കേണല്‍ ജനറല്‍ പദവിയേക്കും യെല്‍സിന്റെ പ്രത്യേക ഉപദേഷ്ടാവും സോവിയറ്റ് മിലിട്ടറിയുടെ സൈക്കോളജിക്കല്‍ വാര്‍ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവനുമായിരുന്നു. റഹസ്യ ആര്‍ക്കൈവുകളിലെ ഗവേഷണത്തിനു ശേഷമാണ് സ്റ്റാലിന്റെ ജീവചരിത്രം Stalin: Triumph and tragedy 1988 ല്‍ പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ റഷ്യയില്‍ പ്രസിദ്ധീകരിക്കുന്നതിന് നിരോധനം വന്നു.
പുടിന്‍ ഡിസ്റ്റാലിനേഷന്‍ പ്രക്രിയ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചരിത്രകാരനായ റിച്ചാര്‍ഡ് കോഹന്‍ മാര്‍ച്ച് മാസത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിശദമാക്കുന്നുണ്ട്. സ്റ്റാലിനെക്കുറിച്ചുള്ള എല്ലാ ചരിത്രാന്വേഷണങ്ങളും പുടിന്‍ അവസാനിപ്പിച്ചു. 1939 ആഗസ്റ്റ് 23 ന് നാസി ജര്‍മ്മനിയും സോവിയറ്റ് യൂണിയനും ഒപ്പുവെച്ച കുപ്രസിദ്ധമായ ഉടമ്പടിയെ ‘റഷ്യയുടെ നിലനില്‍പിന് അത്യാവശ്യമായിരുന്നു’ എന്ന് പറഞ്ഞ് ന്യായീകരിച്ചു. പരസ്പരം ആക്രമിക്കില്ലെന്നും, ബാള്‍ട്ടിക് രാജ്യങ്ങളെ സോവിയറ്റ് യൂണിയനിലേക്ക് കൂട്ടിച്ചേര്‍ക്കാനും പദ്ധതിയിട്ട ആ രഹസ്യകരാറിന്റെ പിന്‍ബലത്തിലാണ് ഹിറ്റ്‌ലര്‍ സെപ്റ്റംബര്‍ 1 ന് പോളണ്ടിനെ ആക്രമിക്കുന്നത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ലേബര്‍ ക്യാമ്പുകളെക്കുറിച്ചും കൂട്ടക്കുരുതികളെക്കുറിച്ചുമുള്ള എല്ലാ അനുസ്മരണങ്ങളും മ്യൂസിയങ്ങളില്‍നിന്ന് നീക്കം ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്തു. 2008 ഡിസംബര്‍ 4 ന് സ്റ്റാലിനിസ്റ്റ് അടിച്ചമര്‍ത്തലുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന സിവില്‍ റൈറ്റ് ഗ്രൂപ്പിന്റെ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ പുടിന്റെ രഹസ്യപോലീസ് അവര്‍ ശേഖരിച്ച 50,000 ത്തിലധികം പേരുടെ വിവരങ്ങളും മറ്റ് രേഖകളും അടങ്ങിയ ഹാര്‍ഡ് ഡ്രൈവുകള്‍ പിടിച്ചെടുത്തു. അടുത്തവര്‍ഷം റഷ്യന്‍ ചരിത്രകാരനായ മിഖായേല്‍ സുപ്രൂണെ അറസ്റ്റു ചെയ്യുകയും ജയിലില്‍ അടക്കുകയും ചെയ്യുന്നു. അയാളുടെ എല്ലാ സ്വകാര്യ ആര്‍ക്കൈവുകളും കണ്ടുകെട്ടുന്നു. സ്റ്റാലിനെപോലെ ചരിത്രത്തിനുമേലുള്ള സമ്പൂര്‍ണ്ണ നിയന്ത്രണത്തിനാണ് പുടിനും ശ്രമിച്ചത്. രണ്ടാം ലോകയുദ്ധത്തില്‍ വിജയം ഉറപ്പാക്കുകയും സോവിയറ്റ് വന്‍ശക്തിയെ നയിക്കുകയും ചെയ്ത ശക്തനായ നേതാവായി സ്റ്റാലിന്റെ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ടെലിവിഷന്‍ പ്രചരണങ്ങള്‍ നിരന്തരമായി അതിനുവേണ്ടി ശ്രമിച്ചു. ‘രാഷ്ട്രീയ അടിച്ചമര്‍ത്തലിന്റെ തിരമാലകളില്‍ മരിച്ചുപോയ ദശലക്ഷക്കണക്കിന് മനുഷ്യര്‍ പൊതുബോധത്തിന്റെ അരികിലേക്ക് തള്ളിമാറ്റപ്പെട്ടു’വെന്ന് ആധുനിക റഷ്യയുടെ ചരിത്രകാരിയും, അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ മെമ്മോറിയലിന്റെ സ്ഥാപക അംഗവുമായ ഇറിന ഷെര്‍ബാക്കോവ ‘ദ ഗാഡിയ’നില്‍ എഴുതിയ ലേഖനത്തില്‍ കുറിച്ചു.
1932-33 കാലഘട്ടത്തിലെ യുക്രൈനിയന്‍ കര്‍ഷകര്‍ക്ക് നേരെ ഉണ്ടായ ജോസഫ് സ്റ്റാലിന്റെ പ്രതികാര നടപടികളും പുടിന്റെ യുദ്ധവും തമ്മിലുള്ള സമാനതകളാണ് പോളീസ് അമേരിക്കന്‍ ഗ്രന്ഥകര്‍ത്രിയും പത്രപ്രവര്‍ത്തകയുമായ ആന്‍ ആപ്പില്‍ബോമി വിശദമാക്കുന്നത്. അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിഗേഡുകള്‍ ഗ്രാമങ്ങളില്‍ വീടുവീടാന്തരം കയറിയിറങ്ങി ഭക്ഷണചാക്കുകള്‍ എടുത്തുകൊണ്ടുപോയതും യുക്രൈനിയന്‍ കര്‍ഷകര്‍ ഭക്ഷണമില്ലാതെ എലികളെയും തവളകളെയും പുഴുങ്ങിയും പുല്ലുതിന്നും ജീവിച്ച നാളുകളെ അവര്‍ ഓര്‍മ്മിപ്പിക്കുന്നു.
ബുച്ചയില്‍ റഷ്യന്‍ സൈനികര്‍ നടത്തിയ ബലാല്‍സംഗങ്ങളും, കൊള്ളയും കൊലപാതകങ്ങളും ഉള്‍പ്പടെയുള്ള യുദ്ധകുറ്റകൃത്യങ്ങള്‍ വീഡിയോ തെളിവുസഹിതം അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ പുറത്തുവിട്ടപ്പോള്‍ റഷ്യയുടെ ഔദ്യോഗിക പ്രതികരണം അതെല്ലാം വ്യാജവാര്‍ത്തകള്‍ എന്നായിരുന്നു. രണ്ടാം ലോകയുദ്ധത്തില്‍ സോവിയറ്റ് യൂണിയന്‍ പോളണ്ടില്‍ നടത്തിയ കാറ്റിന്‍ കൂട്ടകൊലയെ നിഷേധിച്ചതിനു സമാനമാണ് റഷ്യ ഇന്ന് ബുച്ച കൂട്ടകൊലയെയും നിഷേധിക്കുന്നത്. പോളണ്ടിലെ കാറ്റിന്‍ വനത്തില്‍ സോവിയറ്റ് യൂണിയനിലെ രഹസ്യ പൊലീസ് സേനയായ NKVD പോളണ്ടിലെ ആയിരക്കണക്കിന് സൈനിക ഉദ്യോഗസ്ഥരെയും പൊലീസ് സേനാംഗങ്ങളെയും ബുദ്ധിജീവികളെയും കൊന്നൊടുക്കിയതാണ് കാറ്റിന്‍ കൂട്ടക്കൊല (Katyn massacre). പോളണ്ടിലെ ഓഫീസര്‍ കോറിലെ എല്ലാ അംഗങ്ങളെയും വധിക്കാന്‍ NKVD തലവനായിരുന്ന ബെറിയയും സ്റ്റാലിനും 1940 മാര്‍ച്ച് 5 ന് നടത്തിയ ആസൂത്രണത്തിന്റെ ഫലമായിരുന്നു ഈ കൂട്ടക്കുരുതി. ഏകദേശം 22,000 പേരെ കൊന്നൊടുക്കിയെന്നാണ് കരുതുന്നത്. കാറ്റിന്‍ വനത്തിലും കലിനിന്‍, കാര്‍കോവ് എന്നിവിടങ്ങളിലെ തടവറകളിലുമാണ് ആളുകളെ കൊന്നൊടുക്കിയത്. ഏകദേശം 8000 പേര്‍ 1939-ല്‍ സോവിയറ്റ് യൂണിയന്‍ പോളണ്ടില്‍ അധിനിവേശം നടത്തിയപ്പോള്‍ തടവിലാക്കപ്പെട്ട സൈനികോദ്യോഗസ്ഥരായിരുന്നു. ശേഷിച്ചവര്‍ പോളണ്ടിലെ നിര്‍ബന്ധിത സൈന്യസേവന പ്രകാരം പട്ടാളത്തില്‍ ചേര്‍ന്നിരുന്ന യൂണിവേഴ്‌സിറ്റി ബിരുദധാരികളും. പോളണ്ടിലെ അഭ്യസ്തവിദ്യരിലെ നല്ലൊരു ഭാഗത്തെ സ്റ്റാലിന്‍ അന്ന് അങ്ങനെ ഇല്ലാതാക്കി.
സോവിയറ്റ് ഭരണകൂടങ്ങളെ അപേക്ഷിച്ച് പുടിന്‍ ഭരണകൂടത്തിനുള്ള ഒരു വ്യത്യാസം വ്‌ളാദ്മിര്‍ കരമുര്‍സ ചൂണ്ടിക്കാട്ടുന്നത് ഇതാണ്: സോവിയറ്റ് പോളിറ്റ് ബ്യൂറോയിലെ അംഗങ്ങള്‍ വിമതരെ വെടിവെച്ചുകൊല്ലുകയോ ജയിലിടുകയോ ചെയ്തു. സ്വതന്ത്രമായ അഭിപ്രായങ്ങളെ അടിച്ചര്‍ത്തി, പ്രതിഷേധിച്ചവരെ മാനസികരോഗാശുപത്രികളില്‍ തടവിലിട്ടു. പക്ഷേ, അവര്‍ തങ്ങളുടെ സമ്പാദ്യം പാശ്ചാത്യ ബാങ്കുകളില്‍ സൂക്ഷിച്ചില്ല. അവരുടെ കുട്ടികളെ പാശ്ചാത്യ സ്‌കൂളുകളില്‍ പഠിക്കാന്‍ അയച്ചില്ല. പാശ്ചാത്യ രാജ്യങ്ങളില്‍ ഹോട്ടലുകളും യാച്ചുകളും വാങ്ങിയില്ല. പുടിന്‍ ഭരണത്തിലെ ആളുകള്‍ അതാണ് ചെയ്യുന്നത്; റഷ്യയ്ക്കുള്ളില്‍ സേച്ഛാധിപത്യ ഭരണം തുടരാന്‍ അവര്‍ ആഗ്രഹിക്കുന്നു. ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കുന്നു, എന്നാല്‍ പാശ്ചാത്യ ലോകത്തിന്റെ പ്രിവിലേജുകളും സ്വാതന്ത്ര്യങ്ങളും അവസരങ്ങളും തങ്ങള്‍ക്കും കുടുംബത്തിനും വേണ്ടി ഉപയോഗിക്കുന്നു. ചുരുക്കത്തില്‍ സ്വന്തം രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ച പണം അവര്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു. അതാണ് പുടിന്‍ ഭരണത്തിലെ ആളുകളുടെ രീതി.
സോവിയറ്റ് കമ്മ്യൂണിസ്റ്റ് കാലത്തെപോലെ റഷ്യയിലിന്ന് രാഷ്ട്രീയ തടവുകാര്‍ വേണ്ടുവോളമുണ്ട്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകളോ മാധ്യമങ്ങളോ ഇല്ല. കടുത്ത സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്നു. ഒരാളിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്ന വെര്‍ട്ടിക്കല്‍ അധികാരഘടനയാണ് നിലനില്‍ക്കുന്നത്. കഴിക്കന്‍ യൂറോപിന്റെ വിമോചനം, ബെര്‍ലിന്‍ മതിലിന്റെ പതനം, ശീതയുദ്ധത്തിന്റെ അവസാനം എന്നിവയൊക്കെ പല റഷ്യക്കാരും തോല്‍വിയുടെയും ദുരന്തത്തിന്റെയും അടിസ്ഥാനത്തില്‍ മനസ്സിലാക്കുന്നു. സോവിയറ്റ് യൂണിയന്റെ പതിനത്തെ ‘ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൗമരാഷ്ട്രീയ ദുരന്തം’ എന്നാണ് പുടിന്‍ വിശേഷിപ്പിച്ചത്. പരസ്യബോഡുകള്‍, സബ്‌വേ, ചുമരുകള്‍, ബുക്ക് സ്‌റ്റോര്‍ വിന്‍ഡോകള്‍ എന്നിവയില്‍ ഇന്ന് സ്റ്റാലിന്റെ മുഖം നിങ്ങളെ നിരീക്ഷിക്കുന്ന രീതിയില്‍ പതിച്ചുവെച്ചിട്ടുണ്ട് എന്നും സ്വാതന്ത്ര്യം ഓരോ ദിവസവും ചുരുങ്ങുന്നതായി തോന്നുന്നു എന്നും ഇറിന ഷെര്‍ബാക്കോവ ലേഖനത്തില്‍ കുറിച്ചു.
ആറ്
സോവിയറ്റ് സാമ്രാജ്യത്വം 1991 ല്‍ തകര്‍ന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കുത്തകാധികാരമുള്ള ഏകപാര്‍ട്ടി സ്വച്ഛാധിപത്യഘടനയില്‍നിന്ന് ബഹുകക്ഷി സമ്പ്രദായത്തിലേക്കും ജനാധിപത്യ അവകാശങ്ങള്‍ അനുവദിക്കുന്ന ഒരു ലിബറല്‍ സമൂഹത്തിലേക്കും റഷ്യന്‍ സമൂഹം പതുക്കെ മാറാന്‍ തുടങ്ങിയതായിരുന്നു. റഷ്യന്‍ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ മതത്തോട് ആഭിമുഖ്യമുള്ള പുടിന്‍ വീണ്ടും പഴയ കമ്മ്യൂണിസ്റ്റ് സംവിധാനങ്ങളിലേക്ക് രാജ്യത്തെ മടങ്ങിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ അംഗീകരിക്കുന്നത് കൊണ്ടല്ല, മറിച്ച് ഏകാധിപത്യത്തിന് പറ്റിയ ഏറ്റവും അനുയോജ്യമായ രാഷ്ട്രീയഘടന അതാണെന്ന് മനസ്സിലാക്കിയതുകൊണ്ടാകാം.
1999 ഡിസംബര്‍ 31 ന് പുടിന്‍ റഷ്യയുടെ പ്രസിഡന്റാകുന്നതിന് 8 വര്‍ഷം മുന്‍പേ സോവിയറ്റ് യൂണിയന്‍ തകര്‍ന്നിരുന്നു. 1991 ലെ ആഗസ്റ്റിലെ ജനാധിപത്യവിപ്ലവത്തെ തുടര്‍ന്ന്. അന്ന് ആ മുന്നേറ്റം ഇല്ലാതാക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പരമാവധി ശ്രമിച്ചു. കെ.ജി.ബി, പോലീസ് സംവിധാനങ്ങളെ ഉപയോഗിച്ചു. സൈന്യത്തേയും ടാങ്കുകളെയും പറഞ്ഞയച്ചു. പക്ഷെ, ജനങ്ങള്‍ മൂന്നു രാത്രിയും പകലും മോസ്‌കോ തെരുവുകളില്‍ നിന്നു. ടാങ്കുകള്‍ പിന്തിരിച്ചു. ജനാധിപത്യവിപ്ലവത്തെ പിന്‍തുണച്ച ബോറിസ് യെല്‍സിന്‍ അതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. യെല്‍സിന്റെ കാലത്തിലാണ് റഷ്യയില്‍ ആദ്യമായി സ്വതന്ത്രമാധ്യമങ്ങളുണ്ടായത്, അഭിപ്രായസ്വാതന്ത്രമുണ്ടായത്. തിരഞ്ഞെടുപ്പ് ഒരു യാഥാര്‍ത്ഥ്യമായത്, പ്രതിപക്ഷമുണ്ടായത്, മള്‍ട്ടി പാര്‍ട്ടി സിസ്റ്റം ഉണ്ടായത്. റഷ്യന്‍ ചരിത്രത്തിലെ വളരെ ചുരുക്കം കാലഘട്ടത്തില്‍ ഒന്നായിരുന്നു അത്.
പതുക്കെ ജനാധിപത്യത്തിലേക്ക് മാറുകയായിരുന്ന റഷ്യന്‍ ഫെഡറേഷനെ വീണ്ടും കെ.ജിബിയുടെ പ്രതിച്ഛായയില്‍ റീമേക്ക് ചെയ്യാനാണ് പുടിന്‍ ശ്രമിച്ചത്. സോവിയറ്റ് കെ.ജിബിയിലെ ചാരനും റഷ്യന്‍ സുരക്ഷാ സേവനത്തിന്റെ തലവനുമായിരുന്ന അയാള്‍ക്ക് മറ്റാരേക്കാള്‍ എളുപ്പത്തില്‍ അത് സാധിക്കുമായിരുന്നു. മുഴുവന്‍ അധികാരവും ഒരു വ്യക്തിയുടെ നിയന്ത്രണത്തിലാക്കാനും കേന്ദ്രീകൃതവുമാക്കാനും കഴിയുന്ന രാഷ്ട്രീയഘടനയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടേത്. അധികാരത്തില്‍ വന്നിടങ്ങളില്ലെല്ലാം സ്വേച്ഛാധിപതികളെയാണ് അത് സൃഷ്ടിച്ചതും. നിക്കൊളായ് ചൗഷസ്‌ക്യൂവും, പോള്‍ പോട്ടും, സ്റ്റാലിനും മാവോയും കിം ജോങ്ങ് ഉന്നും ഷീ ജിന്‍പിങ്ങുമെല്ലാം ആ രാഷ്ട്രീയഘടനയുടെ ഉല്‍പന്നങ്ങളാണ്. അല്ലാതെ അവരുടെ വ്യക്തിസവിശേഷതകള്‍കൊണ്ട് സേച്ഛാധിപതികളായി മാറിയവരല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കുത്തകാധികാരം ലഭിക്കുകയും എന്നാല്‍ ആ പാര്‍ട്ടിയെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് അവകാശം ഇല്ലാതിരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ഘടനയാണ് അധികാരകേന്ദ്രീകരണത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും അടിസ്ഥാന ഉറവിടം.
ഉദാഹരണത്തിന്, മുന്‍ സോവിയറ്റ് രാഷ്ട്രങ്ങളുടെ കമ്മ്യൂണിസ്റ്റു പ്രസിഡന്റുമാരായിരുന്ന ഉസ്‌ബെക്കിസ്ഥാനിലെ ഇസ്ലാം കരിമോവ്, ‘തുര്‍ക്ക്‌മെന്‍ പിതാവ്’ എന്ന് അറിയപ്പെടുന്ന തുര്‍ക്ക്‌മെനിസ്ഥാനിലെ സപര്‍മുറത്ത് നിയാസോവ് എന്നിവരുടെ കാര്യമെടുക്കുക. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് മുമ്പുതന്നെ രണ്ടുപേരും തങ്ങളുടെ ദേശങ്ങള്‍ ഭരിച്ചിരുന്നു. ഇരുവരും അത്യധികം അടിച്ചമര്‍ത്തല്‍, അത്യധികം വ്യക്തിവല്‍ക്കരിക്കപ്പെട്ട സ്വേച്ഛാധിപത്യങ്ങള്‍ കെട്ടിപ്പടുത്തു, രണ്ടിടത്തും സ്വതന്ത്രമായ തിരഞ്ഞെടുപ്പ് ഉണ്ടായിട്ടേയില്ല. മനുഷ്യാവകാശങ്ങളുടെയും ന്യൂനപക്ഷങ്ങളോടുള്ള നീതിനിഷേധത്തിന്റെയും കാര്യത്തില്‍ ലോകത്തിലെ മോശം രാജ്യങ്ങളായിരുന്നു അവ. പത്രസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നിവയുടെ അവസ്ഥയും പരിതാപകരമായിരുന്നു. രണ്ടുപേരും വ്യക്തി ആരാധന വളര്‍ത്തി – നിയാസോവ് തലസ്ഥാനത്ത് തന്റെ ഒരു ഭീമാകാരമായ കറങ്ങുന്ന സ്വര്‍ണ്ണ പ്രതിമ സ്ഥാപിച്ചു. നഗരങ്ങളുടെ പേരുകള്‍ തന്റെ ഇഷ്ടത്തിനനുസരിച്ച് മാറ്റി. കലണ്ടറിന്റെ മാസങ്ങള്‍ പോലും തന്റെയും അമ്മയുടെയും പേരിട്ടു. 1985 മുതല്‍ 2006 ല്‍ മരിക്കുന്നതുവരെ നിയോസോവ് ഭരിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ കാലത്തെ ആക്ടിംഗ് പ്രസിഡന്റായിരുന്ന ബെര്‍ഡി മുഹമ്മെഡോ പ്രസിഡന്റായി 2022 മാര്‍ച്ച് വരെ ഭരണം തുടര്‍ന്നു. അതിനുശേഷം അദ്ദേഹത്തിന്റെ മകന്‍ സെര്‍ദാര്‍ ഭരിക്കുന്നു. അദ്ദേഹമാകട്ടെ ഭരണഘടനതന്നെ പിരിച്ചുവിട്ടു.
ബലുറുസ് പ്രസിഡന്റ് ലുകാഷെങ്കോയെ നോക്കുക. യു.എസ്.എസ്.ആറിന്റെ ഭാഗമായിരുന്ന ബലുറുസിലെ കമ്യൂണിസ്റ്റ് നേതാവായിരുന്ന ലുകാഷെങ്കോ യൂറോപ്പിലെ ‘അവസാന സ്വേച്ഛാധിപതി’ എന്നാണറിയപ്പെടുന്നത്. അവിടെ തിരഞ്ഞെടുപ്പുകള്‍ സ്വതന്ത്രമല്ല, വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്നു, സ്വതന്ത്രമാധ്യമങ്ങള്‍ ഇല്ല. 2021 ജനുവരിയില്‍ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയപ്പോള്‍ ആയിരക്കണക്കിനുപേരെ അറസ്റ്റുചെയ്തു ജയിലിലടച്ചു. 2035 വരെ തനിക്ക് അധികാരത്തില്‍ തുടരാനാകും വിധം ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തി.
ചൈനയില്‍ 2018 ല്‍ ഷി ജിങ്പിങ്ങ് ആകട്ടെ പ്രസിഡന്‍ഷ്യല്‍ കാലാവധിയുടെ പരിധിതന്നെ ഇല്ലാതാക്കി. ജീവിതകാലം മുഴുവന്‍ അദ്ദേഹം തന്നെയായിരിക്കും ഇനി പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും പ്രസിഡന്റ്. ചൈനീസ് സ്വേച്ഛാധിപത്യത്തിന്റെ കാഠിന്യം മനസ്സിലാക്കാന്‍ ടിയാനെന്മെന്‍ കൂട്ടകൊല മതി. പത്രസ്വാതന്ത്ര്യവും സംസാരസ്വാതന്ത്ര്യവും വേണമെന്നാവശ്യപ്പെട്ട് ടിയാനെന്‍മെന്‍ സ്‌ക്വയറില്‍ ഒത്തുകൂടിയ വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്താന്‍ മൂന്ന് ലക്ഷം വരുന്ന സൈന്യത്തെയാണ് ചൈനീസ് സര്‍ക്കാര്‍ അന്ന് ഉപയോഗിച്ചത്. ടാങ്കുകളും തോക്കുകളും ഉപയോഗിച്ച് ഒരൊറ്റ രാത്രികൊണ്ട് പതിനായിരത്തിനടുത്ത് വിദ്യാര്‍ത്ഥികളെ കൊലചെയ്തുകൊണ്ടാണ് വിദ്യാര്‍ത്ഥികളുടെ ജനാധിപത്യത്തിനുവേണ്ടിയുള്ള സമരങ്ങളെ ഇല്ലാതാക്കിയത്. ഇന്നും ടിയാനന്‍മെന്‍ കൂട്ടകൊലയെക്കുറിച്ച് ചൈനയില്‍ പരസ്യമായി സംസാരിക്കാന്‍ പോലും അനുവാദമില്ല. ചൈനയില്‍ ഗൂഗിളില്‍ ‘4 June Tiananmen Square’ എന്ന് സെര്‍ച്ച് ചെയ്താല്‍ കിട്ടാവുന്ന എല്ലാ ഇന്‍ഫര്‍മേഷനും സെര്‍വറില്‍നിന്ന് നീക്കം ചെയ്തു. 1989നു ശേഷം ചൈനയില്‍ ജനിച്ച ഒരു കുട്ടിക്ക് ടിയാനന്‍മെന്‍ കൂട്ടകൊല എന്താണെന്ന് അറിയില്ല. ടിയാനന്‍മെന്‍ കൂട്ടകൊലയെ അഭിനന്ദിച്ചുകൊണ്ട് പ്രമേയം പാസാക്കിയ ലോകത്തിലെ ഒരേയൊരു കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഒരുപക്ഷേ സി.പി.എം. ആയിരിക്കും. ”സോഷ്യലിസത്തെ ആന്തരികമായി അട്ടിമറിക്കാനുള്ള സാമ്രാജ്യത്വ ശ്രമത്തെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും പരാജയപ്പെടുത്തിയിരിക്കുന്നു” എന്നായിരുന്നു സി.പി.എം. അവതരിപ്പിച്ച പ്രമേയം. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ഘടനയില്‍ ഒരു വ്യക്തിയിലേക്ക് ഏതറ്റംവരെ അധികാരം കേന്ദ്രീകരിക്കപ്പെടുന്നു എന്നും അത്തരം സ്വേച്ഛാധിപത്യങ്ങള്‍ ഏങ്ങനെയെല്ലാം സിവില്‍ സമൂഹത്തെ ഇല്ലാതാക്കുന്നു എന്നും മനസ്സിലാക്കാന്‍ ഇന്നത്തെ വടക്കന്‍ കൊറിയയിലേക്ക് നോക്കിയാല്‍ മതി.
ഏഴ്
2014 ലെ ക്രെമിയ ആക്രമണത്തെത്തുടര്‍ന്നത് പുടിന്‍ കൂടുതല്‍ സുരക്ഷാ ഏജന്‍സികള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിരുന്നു. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനും വിയോജിപ്പുകളെ ഇല്ലാതാക്കാനും അവര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി. നിരായുധരായ ജനക്കൂട്ടത്തിലേക്ക് വെടിവയ്ക്കാന്‍ അനുവദിക്കുന്ന നിയമം പോലും പാസാക്കി. റോസ്ഗ്വാര്‍ഡിയ അല്ലെങ്കില്‍ റഷ്യന്‍ ഗാര്‍ഡ് എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ സുരക്ഷാ ഏജന്‍സിയുടെ തലവനായി, തന്റെ പഴയ അംഗരക്ഷകനായിരുന്ന വിക്ടര്‍ സോളോടോവിനെ അദ്ദേഹം തിരഞ്ഞെടുത്തു. എന്നിട്ടും റഷ്യയുടെ യുക്രൈന്‍ അധിനിവേശ ദിവസംതന്നെ റഷ്യയിലുടനീളം യുദ്ധവിരുദ്ധ പ്രകടനങ്ങള്‍ നടന്നു. യുദ്ധത്തിനെതിരായി നിവേദനങ്ങളും തുറന്ന കത്തുകളും എഴുതപ്പെട്ടു. സാംസ്‌കാരികവും രാഷ്ട്രീയവുമായ നിരവധി പൊതു വ്യക്തികള്‍ യുദ്ധത്തിനെതിരെ പ്രസ്താവനകള്‍ പുറത്തിറക്കി.
പുട്ടിന്‍ പ്രതിഷേധങ്ങളെ നേരിട്ടത് വ്യാപകമായ അടിച്ചമര്‍ത്തലിലൂടെയാണ്. 15,000 ലേറെ പേരെ കസ്റ്റഡിയിലെടുത്ത് ജയിലിടച്ചു. പ്രതിഷേധക്കാര്‍ തടങ്കലില്‍ പീഡിപ്പിക്കപ്പെട്ടു. വ്യാപകമായ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. യുദ്ധം, അധിനിവേശം തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കു വന്നു. യുദ്ധവിരുദ്ധ നിവേദനങ്ങളില്‍ ഒപ്പിട്ട മറ്റ് വ്യക്തികള്‍ക്കുനേരെ പ്രതികാര നടപടികള്‍ ആരംഭിച്ചു. യുദ്ധത്തിനെതിരെ പ്രതിഷേധിക്കുകയോ എഴുതുകയോ ചെയ്യുന്ന പൗരന്മാരെ 15 വര്‍ഷം വരെ തടവിന് ശിക്ഷിക്കാവുന്ന നിയമം മാര്‍ച്ച് 4 ന് പാസ്സാക്കി. ഈ നിയമം യുദ്ധത്തിനെതിരായ എതിര്‍പ്പിനെയും സ്വതന്ത്ര വാര്‍ത്താ റിപ്പോര്‍ട്ടിംഗിനെയും കുറ്റകരമാക്കുന്നു. സോഷ്യല്‍ മീഡിയയിലോ, വാര്‍ത്താ കുറിപ്പുകളിലോ ‘യുദ്ധം’ എന്ന് എഴുതുന്നതുപോലും നിയമവിരുദ്ധമാക്കുകയും ചെയ്തു.
റഷ്യന്‍ ടെലികോം റെഗുലേറ്റര്‍ റോസ്‌കോം നാഡ്‌സോര്‍ സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളായ Facebook, Twitter എന്നിവയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുകയും നിരവധി അന്താരാഷ്ട്ര വാര്‍ത്തകളിലേക്കുള്ള പ്രവേശനം ബ്ലോക്ക് ചെയ്യുകയും ചെയ്തു. സാധാരണ പത്രപ്രവര്‍ത്തനം തന്നെ അസാധ്യമായതിനാല്‍ നിരവധി അന്താരാഷ്ട്ര വാര്‍ത്താ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ റഷ്യയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായി. അഴലിെേ്േീ എന്ന വാര്‍ത്താ വെബ്‌സൈറ്റിന്റെ കണക്കുപ്രകാരം പുടിന്‍ പത്രമാരണനിയമത്തില്‍ ഒപ്പുവെച്ചതിനുശേഷം മാര്‍ച്ച് 7-നകം 150-ലധികം പത്രപ്രവര്‍ത്തകര്‍ റഷ്യ വിട്ടു മറ്റു രാജ്യങ്ങളിലേക്ക് പോയി. ‘റഷ്യയില്‍ സ്വതന്ത്ര മാധ്യമങ്ങളുടെ നാശം പൂര്‍ത്തിയാക്കുന്ന അവസാന പ്രഹരം’ എന്നാണ് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് ഈ നിയമത്തെക്കുറിച്ച് എഴുതിയത്. ലാറ്റ്വിയയുടെ തലസ്ഥാനമായ റിഗയിലേക്ക് മാത്രം നൂറിലേറെ പത്രപ്രവര്‍ത്തകരാണ് അഭയംതേടിയെത്തിയത്. റഷ്യന്‍ പൗരന്മാര്‍ക്ക് വിസയോ പാസ്‌പോര്‍ട്ടോ ആവശ്യമില്ലാത്ത ജോര്‍ജിയയിലേക്കും അര്‍മേനിയയിലേക്കും വലിയൊരു വിഭാഗം പലായനം ചെയ്തു. മറ്റുള്ളവര്‍ തുര്‍ക്കി, ഇസ്രായേല്‍ ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിലേക്കും. ബിബിസി, ജര്‍മ്മനിയുടെ അന്താരാഷ്ട്ര ബ്രോഡ്കാസ്റ്റായ ഡോയ്ച്ച വെല്ലെ (DW) എന്നിവയുടെ പ്രക്ഷേപണങ്ങള്‍ക്ക് റഷ്യയില്‍ വിലക്കു വന്നു.
യുദ്ധത്തെ വിമര്‍ശിക്കുന്ന, 600 ലധികം റഷ്യന്‍ ശാസ്ത്രജ്ഞര്‍ ഒപ്പുവച്ച് trv-science.ru എന്ന വെബ്‌സെറ്റില്‍ പ്രസിദ്ധീകരിച്ച കത്തില്‍, സമാധാനത്തിന്റെയും സുരക്ഷയുടെയും ജനാധിപത്യത്തിന്റെയും അടിസ്ഥാനതത്വങ്ങള്‍ നശിപ്പിക്കുന്ന പുടിന്റെ ഭരണത്തിനെതിരെ നിലകൊള്ളാന്‍ ലോകമെമ്പാടുമുള്ള സര്‍വ്വകലാശാലകളോടും അക്കാദമിക് സ്ഥാപനങ്ങളോടും ആഹ്വാനം ചെയ്യുന്നു. ഫെബ്രുവരിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആ കത്തില്‍ മാര്‍ച്ച് മാസത്തോടെ 7750- തിലേറെ റഷ്യന്‍ ശാസ്ത്രകാരന്മാരും ജേണലിസ്റ്റുകളും ഒപ്പുവെച്ചുകഴിഞ്ഞു.
പെന്‍ ഇന്റര്‍ നാഷണലിന്റെ നേതൃത്വത്തില്‍, നോബെല്‍ സമ്മാന ജേതാക്കളായ ഓര്‍ഹാന്‍ പാമുക്ക്, സ്വെറ്റ്‌ലാന അലക്‌സിയേവിച്ച്, ഓള്‍ഗ ടോകാര്‍സുക്ക്, ജോനാഥന്‍ ഫ്രാന്‍സെന്‍, കോം ടോയ്ബിന്‍, എലിഫ് ഷഫാക്ക് തുടങ്ങി മാര്‍ഗരറ്റ് അറ്റ്‌വുഡും സല്‍മാന്‍ റുഷ്ദിയും അടക്കമുള്ള ആയിരത്തിലധികം എഴുത്തുകാരുടെയും കലാകാരന്മാരുടെ പ്രസ്താവനയില്‍; ‘സ്വന്തം ഭാവിയും ചരിത്രവും തീരുമാനിക്കാനുള്ള യുക്രൈന്‍ ജനതയുടെ അവകാശം പോലും അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന പുടിന്‍ നടത്തിയ വിവേകശൂന്യമായ അധിനിവേശമായി’ യുദ്ധത്തെ അപലപിക്കുന്നു.
അധിനിവേശത്തെ യുക്രൈനിയന്‍ ജനതയും ചെറുത്തു, പ്രദേശിക പ്രതിരോധ യൂണിറ്റുകള്‍ക്കായി സന്നദ്ധരായി, മൊളോടോവ് കോക്ക്‌ടെയിലുകള്‍ ഉണ്ടാക്കി, ടാങ്കുകള്‍ക്ക് തടസ്സങ്ങള്‍ നിര്‍മ്മിച്ചു, അഭയാര്‍ത്ഥികളെ സഹായിച്ചു. സിവിലിയന്‍മാര്‍ റോഡ് അടയാളങ്ങള്‍ പൊളിക്കുകയോ മാറ്റുകയോ ചെയ്തു, താല്‍ക്കാലിക തടസ്സങ്ങള്‍ നിര്‍മ്മിച്ചു, റോഡ്വേകള്‍ തടഞ്ഞു. റഷ്യന്‍ സൈന്യത്തിനെതിരെ തെരുവ് പ്രതിഷേധങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകളില്‍ നിറഞ്ഞു. ഏപ്രില്‍ തുടക്കത്തോടെ, സിവിലിയന്മാര്‍ ഗറില്ലകളായി സംഘടിക്കാന്‍ തുടങ്ങി, കൂടുതലും രാജ്യത്തിന്റെ വടക്കും കിഴക്കും വനപ്രദേശങ്ങളില്‍.
യദ്ധത്തിന്റെ ആദ്യ ആഴ്ചയില്‍, ഒരു ദശലക്ഷത്തിലധികം അഭയാര്‍ത്ഥികള്‍ യുകൈനില്‍ നിന്ന് പലായനം ചെയ്തതായി യുഎന്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 15 ആയപ്പോഴേക്കും 7.5 ദശലക്ഷമായി. അഭയാര്‍ത്ഥികളില്‍ ഭൂരിഭാഗവും സ്ത്രീകളോ കുട്ടികളോ പ്രായമായവരോ ആയിരുന്നു. മാര്‍ച്ച് 20-ഓടെ, മൊത്തം പത്ത് ദശലക്ഷം യുക്രൈനിയക്കാര്‍ പലായനം ചെയ്തു, പോളണ്ട്, റോമാനിയ, ഹംഗറി, മോള്‍ഡോവ, സ്ലോവാനിയ, ചെക്ക് റിപബ്ലിക്, ടര്‍ക്കി, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് അഭയാര്‍ത്ഥികളെ സ്വീകരിച്ചത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മറുവശത്ത് യുദ്ധത്തോടുള്ള റഷ്യന്‍ ജനതയുടെ എതിര്‍പ്പും റഷ്യന്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലും റഷ്യയില്‍നിന്നുള്ള രാഷ്ട്രീയ അഭയാര്‍ത്ഥികളെയും സൃഷ്ടിച്ചു. ബാള്‍ട്ടിക് സംസ്ഥാനങ്ങള്‍, ഫിന്‍ലാന്‍ഡ്, ജോര്‍ജിയ, തുര്‍ക്കി, മധ്യേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കൂടുതല്‍ പേര്‍ പലായനം ചെയ്തത്. മാര്‍ച്ച് 22 ഓടെ, 50,000 മുതല്‍ 70,000 വരെ ഹൈടെക് തൊഴിലാളികള്‍ രാജ്യം വിട്ടുപോയെന്നും 70,000 മുതല്‍ 100,000 വരെ പേര്‍ പിന്തുടരുമെന്നും കണക്കാക്കപ്പെട്ടിരുന്നു. എഫ്എസ്ബിയില്‍ നിന്നുള്ള ഡാറ്റ ഉദ്ധരിച്ച് മോസ്‌കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് ഏകദേശം 3.8 ദശലക്ഷം റഷ്യക്കാര്‍ രാജ്യം വിട്ടുപോയിട്ടുണ്ടെന്നാണ്.
റഷ്യയിലെ 30,000ലധികം സാങ്കേതിക വിദഗ്ദ്ധര്‍, 6,000 മെഡിക്കല്‍ തൊഴിലാളികള്‍, 3,400 ആര്‍ക്കിടെക്റ്റുകള്‍, 4,300ലധികം അധ്യാപകര്‍, 17,000ലധികം കലാകാരന്മാര്‍ 5,000 ശാസ്ത്രജ്ഞര്‍, കൂടാതെ മറ്റ് 2,000 കലാകാരന്മാര്‍, സംവിധായകര്‍ യുദ്ധം അവസാനിപ്പിക്കാന്‍ പുടിന്റെ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്ന തുറന്ന കത്തുകളില്‍ ഒപ്പിട്ടു എന്നു കണക്കാക്കുന്നു. യുദ്ധത്തിനെതിരായ നിവേദനങ്ങളില്‍ ഒപ്പിട്ട പല റഷ്യക്കാര്‍ക്കും ജോലി നഷ്ടപ്പെട്ടു. മൂന്ന് ലക്ഷത്തിനടുത്ത് ആളുകള്‍ പുടിനെ ഇംപീച്ച് ചെയ്യണമെന്ന പെറ്റീഷനില്‍ ഒപ്പുവെച്ചു.
എട്ട്
യുദ്ധത്തിന് കാരണമായി പുടിന്റെ പ്രചരണയന്ത്രങ്ങള്‍ ലോകത്തോട് പറഞ്ഞ കാരണങ്ങള്‍ വ്യാജവും കെട്ടിച്ചമച്ചതുമാണെന്നു നാം കണ്ടു. എങ്കില്‍ എന്തായിരിക്കണം യഥാര്‍ത്ഥ കാരണം?
പുടിനെ മനസ്സിലാക്കാന്‍ റഷ്യയുടെ ചരിത്രത്തിലെ ഏകാധിപതികളായിരുന്ന പീറ്റര്‍ ഒന്നാമനെയും കാതറിനെയും ജോസഫ് സ്റ്റാലിനെയും മനസ്സിലാക്കണമെന്ന് ഫ്‌ളോറന്‍സിലെ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിലെ അദ്ധ്യാപകനും ഗ്രന്ഥകാരനുമായ അലക്‌സാണ്ടര്‍ സ്റ്റുബ് പറയുന്നു.
കാതറിന്‍ ദി ഗ്രേറ്റ് ആണ് റഷ്യയുടെ അതിര്‍ത്തിക്കുപുറത്ത് ആദ്യമായി ഉപദ്വീപ് വെട്ടിപ്പിടിച്ചെടുത്തതും ബെലാറഷ്യന്‍ പ്രദേശങ്ങള്‍ റഷ്യയോട് കൂട്ടിച്ചേര്‍ത്തതും. പതിനെട്ടാം നൂറ്റാണ്ടിലെ സാര്‍ പീറ്റര്‍ ദി ഗ്രേറ്റുമായാണ് പുടിന്‍ തന്നെ സ്വയം താരതമ്യപ്പെടുത്തുന്നത്. യുദ്ധം ചെയ്ത് റഷ്യയുടെ അതിര്‍ത്തികള്‍ വിപുലപ്പെടുത്താന്‍ ശ്രമിച്ചവരാണവരെല്ലാം.
അഭ്യന്തരയുദ്ധങ്ങള്‍ അനവധിയുണ്ടായിട്ടുണ്ടെങ്കിലും ഒരു അയല്‍രാജ്യത്തെ ആക്രമിച്ച് കീഴടക്കി ഭൂപടത്തില്‍നിന്ന് തുടച്ചുമാറ്റാന്‍ കഴിയില്ല എന്നത് നാം ജീവിക്കുന്ന കാലത്തെ അടിസ്ഥാന ആശയമാണ്. പക്ഷേ, സോവിയറ്റ് സാമ്രാജ്യത്വത്തിന്റെ ജനാധിപത്യവിരുദ്ധതയും വിപുലീകരണ മോഹവുമാണ് പുടിന്‍ തുടരാന്‍ ആഗ്രഹിക്കുന്നത്. ലിബറല്‍ ജനാധിപത്യത്തെയും പടിഞ്ഞാറിനെയും അയാള്‍ വെറുക്കുന്നു. ഒരു ഭാഷയുടെയും ഒരു മതത്തിന്റെയും ഒരു നേതാവിന്റെയും അടിസ്ഥാനത്തില്‍ റഷ്യയെ ഏകീകരിക്കുക.
നാറ്റോ വിപുലീകരണം പ്രചരണതന്ത്രമോ ഒഴികഴിവോ ആയി പുടിന്‍ ഉപയാഗിക്കുന്നു. നാറ്റോയുമായി ബന്ധവുമില്ലാതിരുന്ന ജോര്‍ജിയ, ചെച്‌നിയ, ക്രെമിയ ആക്രമിക്കാന്‍ ഈ വാദങ്ങള്‍ വേണ്ടിവന്നിരുന്നില്ല. നാറ്റോവിന്റെ വിപുലീകരണം തടയലായിരുന്നു ലക്ഷ്യമെങ്കില്‍ സംഭവിച്ചത് നേരെ എതിരായ കാര്യങ്ങളാണ്. യഥാര്‍ത്ഥത്തില്‍ ഈ യുദ്ധം വഴി നാറ്റോയ്ക്ക് പുതുജീവന്‍ വരുകയാണ് ഉണ്ടായത്. നാറ്റോ സംഖ്യത്തില്‍ ചേരാതെ നിന്നിരുന്ന ഫിന്‍ലന്‍ഡും സ്വീഡനും അംഗത്വമെടുത്തു. യുദ്ധത്തിനു മുന്‍പ് ആ രാജ്യങ്ങളിലെ ഭൂരിപക്ഷം ആളുകളും നാറ്റോയില്‍ ചേരുന്നതിനെ അനുകൂലിച്ചിരുന്നില്ല. ഇന്ന് ഭൂരിപക്ഷവും പിന്തുണയ്ക്കുന്നു. നിഷ്പക്ഷത ഭരണഘടനയില്‍ എഴുതിവെച്ചിട്ടുള്ള മാള്‍ഡോവയില്‍ പോലും നാറ്റോയില്‍ ചേരണമെന്ന ആശയത്തിന് കൂടുതല്‍ ജനപിന്തുണ ലഭിക്കുന്നു. റഷ്യ ക്രിമിയ ആക്രമിച്ച് കൂട്ടിച്ചേര്‍ത്തതിനുശേഷമാണ് യുക്രെനിലും ജനങ്ങള്‍ ഭൂരിഭാഗവും നാറ്റോ മെമ്പര്‍ഷിപ്പിനുകൂലമായി മാറിയത്. യുറോപ്യന്‍ യുണിയനും യുക്രൈനും തമ്മിലുള്ള സഹകരണ കരാറില്‍നിന്ന് റഷ്യയുടെ സമ്മര്‍ദ്ദ ഫലമായി വിക്ടര്‍ യാനുകോവിച്ച് പിന്‍വാങ്ങിയതിനെതിരായിരുന്നു 2013 നവംബറില്‍ നടന്ന യുറോമൈതാന്‍ പ്രക്ഷോഭം. പക്ഷേ, യൂറോപ്യന്‍ യൂണിയനിലെ സഹകരണത്തിനുവേണ്ടി വാദിച്ചിരുന്നവരില്‍ വലിയൊരു ശതമാനം പക്ഷേ, അന്ന് നാറ്റോ അംഗത്വത്തിനെതിരായിരുന്നു.
കമ്യൂണിസ്റ്റ് ഭരണത്തിന്റെ ഇരുമ്പുമതിലുകളില്‍നിന്ന് മുക്തിനേടിയ ചെക്ക് റിപബ്ലിക്, ഹംഗറി, പോളണ്ട് എന്നീ രാജ്യങ്ങള്‍ നാറ്റോ അംഗരാജ്യങ്ങളായി മാറിയത് സോവിയറ്റ് സാമ്രാജ്യത്വത്തില്‍നിന്ന് രക്ഷപ്പെടാനും യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക അവസരങ്ങള്‍ക്കും വേണ്ടിയായിരുന്നു. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ലാറ്റ്‌വിയ, എസ്‌റ്റോണിയ, ലിത്വാനിയ എന്നീ ബാള്‍ട്ടിക്ക് സ്‌റ്റേറ്റുകള്‍ നാറ്റോയില്‍ ചേര്‍ന്നതും സ്വന്തം പരമാധികാരം ഉപയോഗിച്ചാണ്. യുക്രൈന്‍ നാറ്റോയില്‍ ചേരണമോ വേണ്ടയോ എന്ന തീരുമാനം ആ രാജ്യത്തിന്റെ പരമാധികാരത്തില്‍ പെടുന്ന കാര്യം മാത്രമാണ്.
ഒന്നാം ലോകയുദ്ധം ആസ്ട്രിയ-ഹംഗേറി സാമ്രാജ്യത്വത്തിന്റെയും രണ്ടാം ലോകയുദ്ധം യൂറോപ്യന്‍ കോളണി ഭരണങ്ങളെയും ഇല്ലാതാക്കി. കൊളോണിയലിസത്തിന്റെ തകര്‍ച്ച ദേശരാഷ്ട്രങ്ങളുടെ ഉദയത്തിലേക്കു നയിച്ചു. ആന്തരിക പ്രതിസന്ധികളാണ് സോവിയറ്റ് സാമ്രാജ്യത്വത്തെ ഇല്ലാതാക്കിയത്. സോവിയറ്റ് യൂണിയനില്‍നിന്ന് പതിനഞ്ചിലേറെ രാഷ്ട്രങ്ങള്‍ വിട്ടുപോയി. രണ്ടാം ലോകയുദ്ധാന്തരം യൂറോപ്യന്‍ കോളനികളില്‍നിന്ന് സ്വാതന്ത്ര്യം നേടിയ ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളുടെ സ്വതന്ത്ര പരമാധികാരത്തെ മാനിക്കുന്നതുപോലെതന്നെ പ്രധാനമാണ് സോവിയറ്റ് സാമ്രാജ്യത്തില്‍നിന്ന് മോചനം നേടിയ രാജ്യങ്ങളുടെ പരമാധികാരത്തെ വക വെച്ചുകൊടുക്കുന്നതും. പക്ഷേ, സോവിയറ്റ് റിപ്പബ്ലിക്കുകള്‍ക്ക് പരമാധികാരം നല്‍കിയത് ചരിത്രപരവും തന്ത്രപരവുമായ തെറ്റായാണ് പുടിന്‍ കരുതുന്നത്.
ഒമ്പത്
യുക്രൈന്‍ യുദ്ധം യൂറോപിന്റെ ഭൗമരാഷ്ട്രീയ ഘടനയെ മാറ്റി മറിക്കും. രണ്ടാം ലോകയുദ്ധത്തിനുശേഷം രൂപപ്പെട്ടുവന്നിട്ടുള്ള അന്താരാഷ്ട്ര സുരക്ഷാക്രമീകരണത്തിനും സമാധാന അന്തരീക്ഷത്തിനുമാണ് റഷ്യന്‍ ആക്രമണം ഭീഷണിയുയര്‍ത്തുന്നത്. യൂറോപ്യന്‍ രാജ്യങ്ങളുടെ മാത്രമല്ല, ലോകമെമ്പാടുമുള്ള സൈനിക ബജറ്റുകള്‍ കുതിച്ചുയരും. അത് ആരോഗ്യ സംരക്ഷണ ബജറ്റുകളെയും വിദ്യഭ്യാസ ബജറ്റുകളെയും ബാധിക്കും. കാലാവസ്ഥാ വ്യതിയാനംപോലുള്ള വിഷയങ്ങളില്‍ അന്താരാഷ്ട്ര സഹകരണത്തെയും ഇത് ബാധിക്കും. യൂറോ പ്രതിസന്ധിമൂലം 2008 മുതല്‍ സൈനിക ആസ്തികള്‍ യൂറോപ്പ് വെട്ടിക്കുറച്ചിരുന്നു. യുദ്ധം എല്ലാ രാജ്യങ്ങളുടെയും പ്രതിരോധ ചിലവ് വര്‍ദ്ധിപ്പിക്കും. 200 ബില്യണ്‍ ഡോളറിനടുത്ത് വര്‍ദ്ധനവാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ സൈനിക ബജറ്റിലുള്ള വര്‍ദ്ധന. ആയുധവ്യാപാരം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാനും യുദ്ധം ഇടയാക്കും.
ഭക്ഷണവും, ഊര്‍ജ്ജവും ഫൈനാന്‍സും ഈ യുദ്ധത്തിന്റെ വിവിധ ആയുധങ്ങളാണ്. റഷ്യയുടെ ഊര്‍ജ്ജത്തിന്റെ പരമ്പരാഗത ഉപഭോക്താവാണ് യൂറോപ്പ്. യൂറോസ്റ്റാറ്റ് റിപ്പോര്‍ട്ട് പ്രകാരം യൂറോപ്യന്‍ യൂണിയന്‍ അതിന്റെ വാതകത്തിന്റെ 45 ശതമാനവും എണ്ണയുടെ 25 ശതമാവും റഷ്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഈ ഊര്‍ജ്ജവിതരണമാണ് ഇതിനകം അവസാനിച്ചിരിക്കുന്നത്. റഷ്യയുടെ വൈബോര്‍ഗില്‍ നിന്ന് ആരംഭിച്ച് ജര്‍മ്മനിയിലെ വടക്കുപടിഞ്ഞാറ് അവസാനിക്കുന്ന, ബാള്‍ട്ടിക് കടലിനടിയിലൂടെ 1224 കിലോമീറ്റര്‍ നീളം വരുന്ന നോര്‍ത്ത് സട്രീം പെപ്പ് ലെന്‍ അടച്ചുപൂട്ടികഴിഞ്ഞു. റഷ്യയില്‍ നിന്നുള്ള ഗ്യാസിനെ ആശ്രയിക്കാതെ നിലനില്‍ക്കാന്‍ കഠിനമായ ശ്രമങ്ങള്‍ യുറോപിന് ആരംഭിക്കേണ്ടിവരും. 2030-ന് മുന്‍പ് യൂറോപിനെ റഷ്യന്‍ ഊര്‍ജ്ജത്തില്‍ നിന്ന് സ്വതന്ത്രമാക്കാനുള്ള പദ്ധതികള്‍ യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചു. യൂറോപ്യന്‍ കമ്മീഷന്‍ ശൈത്യകാലം വരുന്നതിന് മുന്‍പ് ഗ്യാസ് കരുതല്‍ ശേഖരത്തിനായി, ഉപയോഗത്തിന്റെ 15 ശതമാനം വെട്ടിച്ചുരുക്കാന്‍ തീരുമാനമെടുത്തു.
‘യൂറോപ്പിന്റെ ബ്രെഡ്ബാസ്‌കറ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന യുക്രൈനിലാണ് ലോക ഗോതമ്പിന്റെ ഒമ്പത് ശതമാനവും ഉല്‍പ്പാദിപ്പിക്കുകപ്പെടുന്നത്. ചോളം, ബാര്‍ലി എന്നിവയുടെ ആഗോള വ്യാപാരത്തിന്റെ 12 ശതമാനവും സൂര്യകാന്തി എണ്ണയില്‍ ലോക കയറ്റുമതിയുടെ 50 ശതമാനവും ഉക്രൈനിന്റെ സംഭാവനയാണ്. യുദ്ധം വികസ്വര രാജ്യങ്ങളില്‍ പട്ടിണി വര്‍ദ്ധിക്കും. ലോകമെമ്പാടും ഭക്ഷണം കൂടുതല്‍ ചെലവേറിയതാക്കും. ഭക്ഷ്യവിലകള്‍ ഇതിനകം കുതിച്ചുയര്‍ന്നു കഴിഞ്ഞു. ഏകദേശം 20 ദശലക്ഷം ടണ്‍ യുക്രൈനിയന്‍ ധാന്യം മധ്യേഷ്യയിലേക്കും വടക്കേ ആഫ്രിക്കയിലേക്കും ഏഷ്യയുടെ പല ഭാഗങ്ങളിലേക്കും എത്തുന്നുണ്ട്. അതാണ് യുദ്ധം മൂലം തടയപ്പെട്ടത്. ലോകമെമ്പാടുമുള്ള 400 ദശലക്ഷം ആളുകള്‍ യുക്രൈനിയന്‍ ഭക്ഷണവിതരണത്തെ ആശ്രയിക്കുന്നു. യു.എന്‍. ഫുഡ് ആന്റ്അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ കണക്കുപ്രകാരം 41 രാജ്യങ്ങളിലായി 181 മില്യണ്‍ ജനങ്ങളെ യുദ്ധംമൂലമുള്ള ക്ഷാമം ബാധിക്കും.
കഴിഞ്ഞ നൂറ്റാണ്ടില്‍ മനുഷ്യ സമൂഹത്തെ പ്രചോദിപ്പിച്ചിരുന്ന ജനാധിപത്യം, ലിബറലിസം, സ്വയം നിര്‍ണ്ണയാവകാശം, ദേശീയത, സമാധാനം, സഹകരണം തുടങ്ങിയ എല്ലാ ആശയങ്ങളുടെയും സമ്പൂര്‍ണ്ണമായ നിരാകരണമാണ് യുക്രൈന്‍ അധിനിവേശമെന്ന് സാം ഹാരിസുമായുള്ള സംഭാഷണത്തില്‍ യുവാല്‍ നോഹ ഹരാരി വിശദീകരിക്കുന്നുണ്ട്. ചരിത്രത്തില്‍ വെട്ടിപ്പിടിച്ചും കീഴടക്കിയും കൂട്ടിച്ചേര്‍ത്തുമാണ് എല്ലാ സാമ്രാജ്യങ്ങളും രൂപപ്പെട്ടിട്ടുള്ളത്. ആക്രമണങ്ങളും യുദ്ധങ്ങളും ഏതു സമയത്തും പ്രതീക്ഷിക്കാവുന്നതായിരുന്നു പിന്നിട്ട നൂറ്റാണ്ടുകളിലെ രാജ്യചരിത്രങ്ങള്‍. സമാധാനമെന്നത് യുദ്ധത്തിന്റെ ഇടവേളകള്‍ മാത്രമായിരുന്നു. ആ അവസ്ഥയില്‍ നിന്ന് പുറത്ത് കടന്ന് സമാധാനപരമായ ഒരു കാലം സൃഷ്ടിക്കാന്‍ മനുഷ്യരാശിക്ക് കഴിഞ്ഞു.
രണ്ടാം ലോകയുദ്ധത്തിന് ശേഷം പരമാധികാരമുള്ള ദേശരാഷ്ട്രങ്ങള്‍ പിറവിയെടുത്തുവെങ്കില്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ ദേശരാഷ്ട്രങ്ങളുടെ അതിര്‍ത്തികള്‍ക്ക് ആഗോളവല്‍ക്കരണം കനം കുറച്ചു. അന്ധമായ ദേശീയതന്നെ കാലഹരണപ്പെട്ടു. ടെക്‌നോളജിയും സയന്‍സും മനുഷ്യരെ കൂടുതല്‍ അടുപ്പിച്ചു. എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് പരസ്പരം യുദ്ധം ചെയ്തിരുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍, യൂറോപ്യന്‍ യൂണിയന്‍ രൂപീകരിച്ച് ഐക്യപ്പെട്ടു. സാമ്പത്തിക സഹരണം തുടങ്ങി. അവരുടെ പൗരന്മാര്‍ക്ക് യൂറോപ്യന്‍ യൂണിയനിലെ ഏതു രാജ്യത്തേക്കും യാത്ര ചെയ്യാനും ജോലി ചെയ്യാനും സാധിക്കുന്ന തരത്തില്‍ അതിര്‍ത്തികള്‍ അപ്രത്യക്ഷമായി. തൊഴില്‍, സാമൂഹികസുരക്ഷ, നികുതി എന്നിവയുടെ കാര്യത്തില്‍ ഏകീകൃത നിയമങ്ങളും അവകാശങ്ങളും വന്നു. ജനാധിപത്യം കുറച്ചുകൂടി മെച്ചപ്പെട്ടു. അവയെല്ലാം സാധ്യമായത് രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പില്‍ യുദ്ധങ്ങള്‍ ഇല്ലാതായ ഒരു കാലം ഉണ്ടായതുകൊണ്ടുകൂടിയാണ്.
അതുകൊണ്ടാണ് ലോകസമാധാനം കാണണമെങ്കില്‍ കവിതകളിലല്ല, രാജ്യബജറ്റുകളിലേക്ക് നോക്കണമെന്ന് ഹരാരി പറയുന്നത്. ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ മൊത്തം ബജറ്റിലെ ശരാശരി സൈനിക ചിലവ് ആറോ ഏഴോ ശതമാനമാണ്. യുറോപില്‍ അത് മൂന്ന് ശതമാനമാണ്. റഷ്യയുടെ സൈനിക ബജറ്റ് രഹസ്യമായതിനാല്‍ കണക്കുകള്‍ ലഭ്യമല്ല. 15 തൊട്ട് 30 ശതമാനത്തിടയിലാണെന്ന് പല കണക്കുകളും പറയുന്നു. രാജാക്കന്മാരുടെയും ചക്രവര്‍ത്തിമാരുടെയും സുല്‍ത്താന്മാരുടെയും ബജറ്റിന്റെ ഭൂരിഭാഗവും സൈന്യത്തിനും നാവികസേനയും വേണ്ടി ചിലവഴിക്കേണ്ടിവന്നിരുന്നു. യുദ്ധങ്ങള്‍ കുറഞ്ഞപ്പോള്‍, ആധുനിക ജനാധിപത്യ രാജ്യങ്ങള്‍ സൈന്യത്തിനും ആയുധങ്ങള്‍ക്കും വേണ്ടി ചിലവഴിച്ചിരുന്ന പണം വിദ്യാഭ്യാസത്തിനും, ആരോഗ്യ സംരക്ഷണത്തിനും സേവനമേഖലയിലും ചിലവഴിക്കാന്‍ ആരംഭിച്ചു. അത് മനുഷ്യരുടെ ജീവിതനിലവാരം ഉയര്‍ത്തി. പക്ഷേ, പുടിന്റെ യുദ്ധം മനുഷ്യസമൂഹം പിന്നിട്ട ആ പ്രാകൃതകാലം സമീപത്തുതന്നെയുണ്ടെന്ന് ലോകത്തെ ഓര്‍മ്മപ്പെടുത്തുന്നു.
അവസാനിച്ചു…..
also read
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in