ഭൂതകാലം മറ്റൊരു രാഷ്ട്രമാണ്

 

ഭൂതകാലം മറ്റൊരു രാഷ്ട്രമാണ്. ഓര്‍മകള്‍ ആ രാഷ്ട്രത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആണ് (കലാച്ചി)

കസഖ്സ്ഥാനില്‍ നിന്ന് ഡോ. ഫിദ ഫസീല മുഹമ്മദ് രാജ്യതലസ്ഥാനത്ത് തിരിച്ച് വിമാനമിറങ്ങിയപ്പോള്‍ കണ്ട കാര്യങ്ങള്‍ രാഷ്ട്രത്തിന് സംഭവിച്ച മാറ്റങ്ങളെ കൃത്യമായി പ്രതിഫലിപ്പിക്കുന്നതായിരുന്നു. വിമാനത്താവളത്തിലെ രീതികള്‍ തന്നെ ആകെ മാറ്റങ്ങള്‍ക്ക് വിധേയമായിരുന്നു. ഭീതിദമായ അവസ്ഥയിലേക്കായിരുന്നു ആ സംക്രമണങ്ങള്‍. വിമാനത്താവളത്തിലെ ജീവനക്കാരുടെ ഭാഷയിലും വേഷത്തിലും വന്ന മാറ്റം രാഷ്ട്രീയമാറ്റത്തിന്റെ ഫലമായിരുന്നു. ഒരു ഫാഷിസ്റ്റ് സ്റ്റേറ്റിന്റെ അടയാളങ്ങളാണല്ലോ അവയെന്ന് വായനക്കാര്‍ ആശങ്കയോടെയും ഭീതിയോടെയുമായിരിക്കും വായിച്ചെടുക്കുക.വ്യക്തിക്കെന്ന പോലെ ഒരു ജനതയ്ക്കും നിദ്രാവ്യാധി ബാധിക്കാമല്ലോ എന്ന് വായനക്കാര്‍ ഉണരുന്ന സന്ദര്‍ഭം കൂടിയാവും കെ ആര്‍ മീരയുടെ കലാച്ചി എന്ന നോവല്‍ അവസാനിക്കുമ്പോള്‍ സംജാതമാവുക. ഗ്രീസിലെ കനോസിസില്‍ ജനിച്ച എപ്പിമെനിഡീസിന്റെ കഥയില്‍,  തിരിച്ചെത്തുമ്പോള്‍ കൃഷിയിടത്തിന് പുതിയ ഉടമസ്ഥനും വീട്ടില്‍ പുതിയ താമസക്കാരും എന്നപോലെ രാഷ്ടത്തിന് പുതിയ ഭരണാധികാരിയും കിങ്കരന്മാരും രീതീകളും സമ്പ്രദായങ്ങളും നിലവില്‍ വന്നിരുന്നു. പുതിയ തുറവികള്‍ സമ്മാനിക്കുന്ന ഇത്തരം രാഷ്ട്രീയമാനമുള്ള രൂപകങ്ങള്‍ ഉടനീളം ഉള്ളപ്പോള്‍ തന്നെ മീരയുടെ പുതിയ നോവല്‍ ഒരു യക്ഷിക്കഥയുടെ മാന്ത്രികഭാവവും തീവ്രപ്രണയത്തിന്റെ ആന്തരിക സംഘര്‍ഷത്താല്‍ ഉലഞ്ഞ ഒരു സ്ത്രീയുടെ സഞ്ചാരത്തിന്റെ സംത്രാസവും ഉള്‍വഹിക്കുന്നു.

യക്ഷിക്കഥയുടെ പിന്നിലെ ചരിത്രാസ്പദങ്ങളും രാഷ്ട്രീയമായ വിവക്ഷകളും നോവലിന്റെ വിശാലമായ അടരുകളിലേക്ക് ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള ആഖ്യാന സങ്കേതം നോവലിന് ഒരു മാന്ത്രികത നല്‍കുന്നുണ്ട്.ഫിദയായാലും ഇജാസ് ആയാലും അര്‍മാന്‍ ആയാലും ജീവിതാനുഭവങ്ങളായിരിക്കും യക്ഷിക്കഥകളുടെ രാഷ്ട്രീയം ചികയാന്‍ പ്രേരകമായത്. ഭീതിയോടെ ജീവിക്കേണ്ടി വരുമ്പോള്‍, സ്വത്വത്തെ മറച്ചുപിടിച്ച് ജീവിക്കേണ്ടി വരുമ്പോള്‍ ഒരാള്‍ അയാള്‍ കേള്‍ക്കുന്ന ഏതൊരു കഥയുടേയും ഉള്ളും അടിവേരും തേടിപ്പോകുന്നു. ആ ഭാവനാസൃഷ്ടിയില്‍ നിലീനമായ ജനതകളുടെ  നിലവിളികളുടെ അടരില്‍ ഹൃദയം കൊണ്ടു തൊടുന്നു. അവയെ തന്റെ വേദനകളുമായി കൂട്ടിക്കെട്ടുന്നു. തന്റെ കാലത്തെ മനുഷ്യരുടെ ആകുലതകളുമായി ചേത്തുവച്ച് പരിശോധിക്കുന്നു. ഓരോ ജനതയും സൃഷ്ടിച്ച യക്ഷിക്കഥകളില്‍ അവരുടെ അതിജീവന ശ്രമങ്ങള്‍ ഉണ്ടായിരുന്നു എന്നു കണ്ടെത്തുന്നു.അത് സ്വന്തം അതിജീവനത്തിന്റെ സംഘര്‍ഷാവസ്ഥയില്‍ കാറ്റും തണുവും കൊണ്ടുവരുന്നതായി തിരിച്ചറിയുന്നു. ചരിത്രവും ഭാവനയും ഐതിഹ്യങ്ങളും ഇഴപിരിയാതെ കിടക്കുന്ന കഥകളില്‍ ഭൂതകാലത്തിന്റെ ചരിത്ര നിക്ഷിപ്തങ്ങള്‍ ഏറെയുണ്ടാവും.അവയുടെ ഖനനം വര്‍ത്തമാനകാലത്തില്‍ തിരിച്ചറിവിന്റെ പാഠങ്ങളും  അതിജീവന പിടച്ചിലുകളില്‍ ദിശാബോധവും നല്‍കാന്‍ കഴിയും എന്ന് ഈ നോവലിലെ കഥാപാത്രങ്ങളുടെ ജീവിതയാത്രകള്‍ നമ്മോട് പറയുന്നുണ്ട്.

ഉരശിമ തരോ ജാപ്പനീസ് യക്ഷിക്കഥയിലെ കഥാപാത്രമാണ്.   കടലില്‍ മീന്‍ പിടിക്കാന്‍ പോയ ഉരശിമ തരോ  മൂന്നു ദിവസത്തിനുശേഷം തിരിച്ചെത്തിയപ്പോള്‍ അയാള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്തവിധം നാടും നാട്ടുകാരും മാറിപ്പോയിരുന്നു. സ്വന്തം നാട്ടില്‍ അന്യനായിത്തീരുകയായിരുന്നു അയാള്‍. ഈ നോവലിലെ അടിസ്ഥാന പ്രമേയം തിരയുമ്പോള്‍ അത് ഈ യക്ഷിക്കഥയുടെ പൊരുളുമായി കെട്ടുപിണഞ്ഞുകിടക്കുന്നതായി കാണാം. അത് രാഷ്ട്രീയവും സാംസ്‌കാരികവും ചരിത്രപരവുമായ ഒരു തിരച്ചിലാവേണ്ടതുമുണ്ട്. ഇജാസ് അലി മാത്രമല്ല ഈ അന്യത്വവും അപരിചിതത്വവും പേറി ജീവിക്കാന്‍ നിയോഗം സിദ്ധിച്ച ആള്‍.  ഫിദയും അര്‍മാനും ഉള്‍പ്പെടെ അനേകം കഥാപാത്രങ്ങളുടെ ഹൃദയത്തിലും തലച്ചോറിലും ഉരശിമ തരോ കൂടുകെട്ടിയിരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സ്ലീപ് ആസ് എ പൊളിറ്റിക്കല്‍ മെറ്റഫര്‍ ഇന്‍ ഫെയ്‌റി ടെയില്‍സ് എന്നത് ഇജാസിന്റെ ഗവേഷണപ്രബന്ധമായിരുന്നു. കലാച്ചി എന്ന നോവലിന്റെ ജീവാത്മാവ് ഇതില്‍ നിഹിതമായിരിക്കുന്ന ആശയത്തില്‍ നിന്ന് ഉരുവം കൊണ്ടതാണ് എന്ന് തോന്നും വിധമാണ് ആഖ്യാനം പുരോഗമിക്കുന്നത്. ഉറക്കത്തിലാണെന്ന് അറിയാതെ മാസങ്ങളോ വര്‍ഷങ്ങളോ ബോധം കെട്ടുറങ്ങുന്ന രോഗം രാഷ്ട്രീയാന്തര്‍ഗതങ്ങള്‍ നിറഞ്ഞ ഒരു കല്‍പ്പനയായി തന്നെ കാണാവുന്നതാണ്. ഈ ഉറക്കം ഒരു ജനതയ്‌ക്കോ രാഷ്ട്രത്തിനോ സംഭവിക്കുമ്പോള്‍ ആ രാഷ്ട്രവും ജനതയും അതിവേഗം ഫാഷിസ്റ്റ് ഭീകരതയിലേക്ക്  എത്തിച്ചേരുന്നു. അതാണ് ഫിദയുടെ രാജ്യമായ ഇന്ത്യയില്‍ സംഭവിച്ചത്. നമ്മുടെ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഉണര്‍വും ഉറക്കവും തിരിച്ചറിയാനാവാത്ത യക്ഷിക്കഥാ സമാന അവസ്ഥയില്‍ മനുഷ്യര്‍ എത്തുന്നതോടെ അവരെ അയഥാര്‍ത്ഥമായ ഒരു അവസ്ഥയിലേക്ക് നയിക്കുക ഫാഷിസ്റ്റുകള്‍ക്ക് എളുപ്പമായിത്തീരുന്നു.

അതിജീവനത്തിന്റെ ജൈവികവും ആദിമവും പുരാതനവുമായ തുറവികളെ സമകാല രാഷ്ട്രീയ ജീവിതത്തിന്റെ പൊള്ളുന്ന അനുഭവങ്ങളിലേക്ക് വിവര്‍ത്തനം ചെയ്യുകയാണ് നോവലിസ്റ്റ് കലാച്ചിയില്‍. മനുഷ്യരുടെ വൈകാരികമായ അതിജീവനത്തിനായിരിക്കണം കഥകള്‍ ഉണ്ടായത്. ലോകത്തെങ്ങും  യക്ഷിക്കഥകള്‍ ഉണ്ടായിത്തീര്‍ന്നത്   പ്രാദേശിക സവിശേഷതകളോടെയാണ്.  അവയില്‍ ഇരയാക്കപ്പെട്ടവരുടെ ദീനമായ  വിലാപങ്ങള്‍ ഭാവനയുടെ വിവിധങ്ങളായ ആവിഷ്‌കാരങ്ങളായി അടയാളപ്പെട്ടിരിക്കണം. ഈ അടയാളങ്ങളെ കണ്ടെടുക്കാനാണ് നോവലിസ്റ്റിന്റെ ശ്രമം. അവ ഇക്കാല മനുഷ്യരുടെ അനുഭവമണ്ഡലത്തിലേക്ക് ആവാഹിച്ചുകൊണ്ടാണ് നോവലിസ്റ്റ് ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ വെപ്പിച്ചത്. 2014 ല്‍ ഇജാസ് പറഞ്ഞാണ് ഉറക്കവ്യാധിയെക്കുറിച്ച് ഫിദ അറിയുന്നത്. അത് കേവലം യക്ഷിക്കഥ മാത്രമല്ലെന്ന് ഇന്ത്യക്കാരിയായ ഡോ.ഫിദയ്ക്ക് തോന്നുന്നത് ആറു വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. ആ ആറ് വര്‍ഷങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം  ഘാതകരുടെ നേതൃത്വത്തില്‍ തിരിച്ചുപോക്ക് ശീലിച്ച കാലമായിരുന്നല്ലോ. ആറു വര്‍ഷത്തെ ഇന്ത്യന്‍ അനുഭവങ്ങള്‍ ചിന്താശീലയായ ഒരു ഇന്ത്യന്‍ മുസ്ലിം വനിതയ്ക്ക് നല്‍കുന്ന തിരിച്ചറിവുകള്‍ ഡോ.ഫിദയെ അന്വേഷണപാതയിലേക്ക് നയിക്കാന്‍ പോന്നവയായിരുന്നു.  സത്യാന്വേഷണത്തിനായി തുടര്‍ന്ന് നടത്തേണ്ടി വരുന്ന കസാഖ്സ്ഥാനിലെ കലാച്ചിയിലേക്കുള്ള യാത്രയാണ് നോവലിനെ മുമ്പോട്ട് കൊണ്ടുപോകുന്നത്.

‘മരം വെട്ടുന്ന മഴുവിനെ നിര്‍വീര്യമാക്കേണ്ടതെങ്ങനെ എന്ന് ചില്ലകളെ പഠിപ്പിക്കാനുള്ള വേരുകളുടെ ശ്രമമാണ് യക്ഷിക്കഥകള്‍’എന്ന ഇജാസിന്റെ വാക്യമാണ് ഫിദയുടെ ഹൃദയത്തെ ആഴത്തില്‍ തൊട്ടത്.യക്ഷിക്കഥയിലെ രഹസ്യഭാഷയുടെ ചുരുളഴിച്ചാല്‍ തെളിയുക അവ ഉണ്ടായ കാലത്തെ മനുഷ്യരുടെ യാതനകളും നിലവിളികളും അതിജീവനങ്ങളുമാവും.ഉരശിമ തരോ കടലിനടിയില്‍ കഴിഞ്ഞ മുന്നൂറു വര്‍ഷങ്ങള്‍ അയാളുടെ ഉറക്കായും മറവിയായും കാണാം.യക്ഷിക്കഥകള്‍ ജീവിതത്തിനുമേല്‍ വിരിക്കുന്ന മാന്ത്രികതയുടെ മൂടുപടങ്ങള്‍ അഴിക്കാനുള്ള ശ്രമം മനുഷ്യരെ അന്വേഷണങ്ങളിലേക്ക് നയിക്കുന്നു.ഇവിടെ ഇജാസ് അലി നായകനായ ഒരു യക്ഷിക്കഥയുടെ പിറവിയിലേക്കാണ് അത് നയിച്ചത്.’സ്വന്തം അനുഭവം വച്ച് ആരു പരിശോധിച്ചാലും സത്യമായിത്തീരുന്നവയാണ് യഥാര്‍ത്ഥ യക്ഷിക്കഥകള്‍’.ഉരശിമ തരോയ്ക്ക് ശേഷം അനേകം വ്യക്തികളും സമൂഹങ്ങളും ജനതകളും രാഷ്ട്രങ്ങളും അതേ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്നത് നോവലിസ്റ്റിന്റെ കേവലം ഭാവന മാത്രമായി കരുതാന്‍ ചരിത്രബോധം നമ്മെ അനുവദിക്കില്ല.’ഒരു കഥയും കഥ മാത്രമല്ല,ഓരോ കഥയിലും ഒരു പൊളിറ്റിക്കല്‍ സീക്രട്ട് ഉണ്ട്’ എന്ന വാക്യം കഥകളിലേക്ക് ഇറങ്ങിച്ചെന്നാല്‍ മനസ്സിലാക്കാവുന്നതാണ്.’യക്ഷിക്കഥകളെ ചരിത്രമാക്കാന്‍ എളുപ്പമാണ്.ഭൂമിശാസ്ത്രവിവരണം കൂട്ടിച്ചേര്‍ത്താല്‍ മതി.ഭരണകൂടങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതും അതാണ്’ അര്‍മാന്റെ ഈ നിരീക്ഷണം ഇന്ത്യനവസ്ഥയും ശരിവെക്കുന്നതാണ്.

ഇജാസിനോടുള്ള അഗാധപ്രണയത്തില്‍ മയക്കത്തിലാണ്ട ഫിദയ്ക്ക് നഷ്ടമായത് ഭര്‍ത്താവും മക്കളും അടങ്ങുന്ന കുടുംബത്തിന്റെ സാമ്പ്രദായികമെങ്കിലും പ്രിയപ്പെട്ട സൗഹൃദസ്ഥലിയായിരുന്നു. പ്രണയോന്മാദത്താല്‍ ഉലഞ്ഞ ഫിദ ഇജാസ് ബലാല്‍സംഗക്കുറ്റത്തിന് കസഖ്സ്ഥാനില്‍ അറസ്റ്റ് ചെയ്യപ്പെട്ടന്നറിഞ്ഞതോടെ മനസാ ഉപേക്ഷിച്ചവനെ  വീണ്ടും  തേടിപ്പോയതിന് ഇടയാക്കിയ ചില കാരണങ്ങള്‍ ഉണ്ടായിരുന്നു. അവയാണ് വായനക്കാരെ സമകാലിക ഇന്ത്യയില്‍ ഉരുത്തിരിയുന്ന ഭീതി ഭരിക്കുന്ന സാമൂഹ്യാന്തരീക്ഷത്തിന്റെ കരാളതയിലേക്ക് കൊണ്ടുവരുന്നത്. ഇന്ത്യയിലെ തെരുവുകളില്‍ മുതല്‍ സര്‍വ്വകലാശാല കാമ്പസില്‍വരെ സര്‍വ്വ തലങ്ങളിലും അരിച്ചിറങ്ങുന്ന ഭരണകൂടത്തിന്റെ മേല്‍നോട്ട ഭീകരതയിയേക്ക് ആ സംഭവങ്ങള്‍ വായനക്കാരെ കൊണ്ടുവരുന്നു. അപൂര്‍വാനന്ദയും ബൃന്ദയും ആലിയയും അവരുടെ ജീവിതങ്ങളും അവര്‍ക്ക് നേരിടേണ്ടിവന്ന പീഢനങ്ങളും അവരുടെ ചെറുത്തുനില്‍പ്പുകളും സമകാലിക ഇന്ത്യയിലെ പല സാമൂഹ്യപോരാളികളേയും പ്രതിബദ്ധരായ അക്കാദമിക്കുകളേയും തീര്‍ച്ചയായും ഓര്‍മപ്പെടുത്തും.’ നമ്മള്‍ എതിര്‍ക്കുന്നത് ഏതെങ്കിലും രാജ്യത്തെയോ സൈന്യത്തെയോ അല്ല.നമ്മള്‍ എതിര്‍ക്കുന്നത് മനുഷ്യവംശത്തിന്റെ സ്മൃതിനാശത്തെയാണ് ‘എന്ന അപൂര്‍വ്വാനന്ദിന്റെ   സത്യവാങ്മൂലം ശ്രദ്ധിക്കുക.

കാലം ആവശ്യപ്പെടുന്ന  അതിജീവന പരിശ്രമങ്ങള്‍ നടത്താന്‍ ഫിദയുടെ തീരുമാനം  ഒരു നോവലിന്റെ രൂപമാര്‍ജിക്കുന്നത് അങ്ങനെയാണ്.  അങ്ങനെ നോവല്‍ അതീവപ്രസക്തമായ ഒരു രാഷ്ട്രീയ പ്രതലത്തിലേക്ക് നിറഞ്ഞൊഴുകുന്നു.സ്ലീപ് ഹോളോ എന്ന വ്യാധി ബാധിച്ചതാണ് ബലാല്‍സംഗം എന്ന കൊടുംകുറ്റം ചെയ്യുന്നതിലേക്ക് ഇജാസിനെ നയിച്ചതെന്ന അയാളുടെ വിശദീകരണം കൂടുതല്‍ അന്വേഷണങ്ങളിലേക്ക് ഫിദ ഫസീല മുഹമ്മദിനെ എത്തിക്കുകയായിരുന്നു. കാരണം ഇജാസില്‍നിന്നും ഒരിക്കലും പ്രതീക്ഷിക്കാന്‍ കഴിയാത്ത ഒന്നായിരുന്നു മനുഷ്യത്വരഹിതമായ ആ പ്രവൃത്തി. ഭൂപടങ്ങള്‍ കൂട്ട ബാലാല്‍സംഗങ്ങളെ ഓര്‍മിപ്പിക്കുന്നു എന്ന് പറഞ്ഞ ആളായിരുന്നു ഇജാസ്.കസഖ്സ്ഥാനിലെ വിദൂരഗ്രാമമായ കലാച്ചിയിലായിരുന്നു അത്തരമൊരു രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത് എന്നതിനാല്‍ തണുത്തുറഞ്ഞ കലാച്ചിയിലേക്ക് ഫിദയിലെ അന്വേഷക സഞ്ചാരം നടത്തി.

അധികാരത്തിന്റേയും അടിമത്തത്തിന്റേയും വാസ്തവങ്ങളെ വിവിധ കഥാപാത്രങ്ങള്‍ നടത്തുന്ന നിരീക്ഷണങ്ങളിലൂടെ അവതരിപ്പിക്കാന്‍ നോവലില്‍ ശ്രമിക്കുന്നുണ്ട്.’ഫിദ, ലോകത്ത് രണ്ടു തരം ജീവിതമേയുള്ളൂ. ഒന്ന്, അധികാരത്തിന്റേത്. രണ്ട്, അടിമത്തത്തിന്റേത്.  ആദ്യത്തെ കൂട്ടര്‍ക്കു കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തതും രണ്ടാമത്തെ കൂട്ടര്‍ക്കു പറയാതിരിക്കാന്‍ കഴിയാത്തതുമായ കഥകള്‍ ആണു യഥാര്‍ത്ഥത്തില്‍ യക്ഷിക്കഥകള്‍’. ഇജാസിന്റെ വാക്കുകള്‍. മെഹ്ര്‍ പറയുന്നുണ്ട്- ‘എവിടെപ്പോയാലും നിങ്ങള്‍ നിങ്ങളുടെ രാജ്യമാണ്. പിന്നെ എങ്ങനെ നിങ്ങള്‍ രാജ്യം വിട്ടുപോകും?’യു എസ് എസ് ആറിന്റെ ഘടക റിപ്പബ്ലിക്ക് ആയിരുന്ന കസഖ്സ്ഥാനില്‍ നടന്ന ഭാഷയുടെ പേരിലുള്ളത് ഉള്‍പ്പെടെ വിവിധങ്ങളായ റഷ്യന്‍ അധിനിവേശങ്ങളെക്കുറിച്ച് നോവലിലുള്ള പരാമര്‍ശങ്ങള്‍ ഇതിന്റെ ഭാഗമായി കാണാമെന്ന് തോന്നുന്നു.  സ്റ്റാലിനിസ്റ്റ് / സോഷ്യല്‍ ഫാഷിസ്റ്റ് ഭരണക്രമത്തിനെതിരെയുള്ള  വിമര്‍ശനമായി തന്നെ അതിനെ കാണാം.ഉറക്കവും സ്വേച്ഛാധിപത്യവും തമ്മില്‍ ബന്ധമുണ്ടാകുമോ എന്ന് ഫിദ സംശയിക്കുന്നുണ്ട്.’സ്റ്റാലിനും ഹിറ്റ്‌ലര്‍ക്കും ഉറങ്ങാന്‍ ഭയമായിരുന്നത്രെ.രണ്ടു പേര്‍ക്കും പകലത്തേക്കാള്‍ രാത്രിയിലായിരുന്നു ഉന്മേഷം.ഗാന്ധി നേരെ മറിച്ചും’.

ദൈവഭാവനകളേയും രാഷ്ട്രഭാവനകളേയും മതം, രാഷ്ട്രം, പൗരത്വം മുതലായ സങ്കല്പനങ്ങളേയും ആധുനിക മാനവകാഴ്ചപ്പാടില്‍ നോവല്‍ വിശകലനം ചെയ്യുന്നു. ഭൂമിയും മണ്ണും രാഷ്ട്രവും മതവും പൗരത്വവും പ്രശ്‌നവല്‍ക്കരിക്കുകയും ചെയ്യുന്നു. ഉമ്മിച്ച എന്നോട് പറഞ്ഞു. ദൈവം ഒരു സ്ഥലമല്ല, ഒരുവള്‍ അവളോടു തന്നെ സംസാരിക്കുന്ന ഭാഷയാണ്’.’പ്രായം ചെല്ലുന്തോറും മനുഷ്യര്‍ക്ക് ജനിച്ചുവളര്‍ന്ന ഇടം മനോഹരമായി അനുഭവപ്പെടുന്നത് സ്വാഭാവികമായിരുന്നു.ഇടങ്ങളുടെ സൗന്ദര്യം അവിടെ ചെലവഴിച്ച കാലത്തെ ഓര്‍മകളാണ്’.’നമ്മുടെ രാജ്യത്ത് മതം പ്രശ്‌നമായി. ഇവിടെ പൗരത്വവും.ഭൂമിയില്‍ എന്റെ ഇടം ഇന്നും എനിക്ക് മനസ്സിലായിട്ടില്ല’. ഇതുപോലെയുള്ള സംഭാഷണങ്ങള്‍ സത്യസന്ധമായി പൗരജീവിതം നയിക്കുന്നതിനിടെ അനുഭവങ്ങളില്‍ നിന്ന് ഉറവയെടുക്കുന്ന രാഷ്ട്രീയ വിമര്‍ശനങ്ങളായി കാണാവുന്നതാണ്.

ഉറക്കവും സ്വപ്നങ്ങളും നോവലില്‍  രൂപകങ്ങളായി തീരുന്നത് അവ സമകാലികലോകത്തിന്റെ രാഷ്ട്രീയാവസ്ഥയുമായി കണ്ണിചേര്‍ക്കപ്പെടുമ്പോഴാണ്. നിഗൂഢവും രഹസ്യാത്മകവുമായി കരുതപ്പെട്ടിരുന്നവയത്രേ  അവ.കാലത്തോടൊപ്പം സഞ്ചരിക്കുന്ന കഥകള്‍ കാലത്തോടൊപ്പം സഞ്ചരിക്കുന്ന രാഷ്ട്രീയ രൂപകങ്ങളായി മാറുന്നു.ചരിത്രത്തിന്റെ ആവര്‍ത്തന സാധ്യത കണക്കിലെടുക്കുമ്പോള്‍ ഇനിയും ഉറക്കക്കഥകള്‍ ഉണ്ടാകും.കാരണം കാലവും വ്യക്തിയുമായുള്ള സംഘര്‍ഷത്തിന് സാര്‍വലൗകികമായൊരു രൂപകമാണ് ഉറക്കം.മരണത്തേയല്ല,ജീവിതത്തെയാണ് നിത്യനിദ്ര എന്നു വിളിക്കേണ്ടത് എന്നു  താന്‍ ബോധവതിയായി എന്ന് ഫിദ സ്വയം വിലയിരുത്തുന്നുണ്ട്. ‘മതിലുകളുടെ മൂന്നു വലയങ്ങളുള്ള ഒരു തടവറയാണ് ഓരോ മനുഷ്യജീവിതവും.അതിനുള്ളില്‍ ജനിച്ചുവളര്‍ന്ന മരിച്ചുപോകുന്ന കീടങ്ങള്‍ മാത്രമാണു നമ്മള്‍’ഇജാസ് ഫിദയോട് പറയുന്നു. ഉറക്കരോഗം ബാധിച്ച ഇജാസും ഫിദയും തമ്മിലുള്ള വര്‍ത്തമാനം ഫിദ നായികയാകുന്ന യക്ഷിക്കഥയിലെ ഭാഗങ്ങളെന്നപോല്‍ നോവലില്‍ മാന്ത്രികമായ ആര്‍ദ്രത നിറയ്ക്കുന്നു.

കൂട്ടുജീവിതത്തില്‍ നിന്ന് മനുഷ്യര്‍ തമ്മില്‍ ജൈവികമായി ഉരുത്തിരിയുന്ന ആഴമാര്‍ന്ന ബന്ധങ്ങളുടെ അടിത്തട്ടിലേക്ക് ഊളിയിട്ട് പോയി അവയുടെ സത്യസന്ധതയെ കണ്ടെടുക്കാനുള്ള നോവലിസ്റ്റിന്റെ സന്നദ്ധത നോവലില്‍ പ്രകടമാണ്.  കാണാതായ കാമുകന്‍ ഇജാസിന്റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കുന്നതിനുവേണ്ടി മുന്‍ കാമുകനും ഭര്‍ത്താവുമായിരുന്ന നിസാമിന്റെ വീട്ടിലെത്തുന്ന ഫിദയുടെ മാനസികവ്യാപാരങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്ന ഭാഗങ്ങള്‍ ഈ കണ്ടെടുക്കലിന് ദൃഷ്ടാന്തമായിത്തീരുന്നുണ്ട്. നിസാം കുടുംബത്തിന്റെ പരിചാരകന്‍ അമീര്‍ അലിയുടെ ഇളയ മകനാണ് ഇജാസ് അലി. സ്‌നേഹത്തിന്റെ  നഷ്ടവും തേടലുകളും ജീവിതത്തിന്റെ വിധികളായി തീരുന്ന അവസ്ഥ ആര്‍ക്കും ഒഴിവാക്കാന്‍ പറ്റില്ല.നാം അനുഭവിക്കുന്ന അവസ്ഥ പണ്ടേക്കു പണ്ടേ യക്ഷിക്കഥകളില്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു എന്ന  ഇജാസിന്റെ നിരീക്ഷണം ഇവിടെ ഓര്‍ക്കാം.നിസാമും ഫിദയുമായുള്ള പ്രണയവും ദാമ്പത്യവും സ്ത്രീയുടെ കാഴ്ചപ്പാടില്‍ നിന്ന് അപഗ്രഥിക്കപ്പെടുന്നുണ്ട് നോവലില്‍.കുടുംബത്തിന്റെ സംരക്ഷണത്തിന് വേണ്ടി വരുന്ന ഒത്തുതീര്‍പ്പുകളും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പിടച്ചിലുകളും അതിലുണ്ട്.മാനസികമായി പിതാവിന്റെ അടിമയായിത്തീര്‍ന്ന നിസാമിന് ഫിദയെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലായിരുന്നു. അവരുടെ വേര്‍പിരിയലും കുട്ടികളുടെ സങ്കടങ്ങളും വേര്‍പിരിയലിനുശേഷമുള്ള സൗഹൃദവും നോവലില്‍ നോവു പടത്തുന്ന ഒരേടാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡോ.ഫിദയെന്ന കേന്ദ്ര കഥാപാത്രത്തിന്റെ സൃഷ്ടിയില്‍ മീരയുടെ പതിവ് പ്രമേയങ്ങളും ആവിഷ്‌കാരരീതികളും തീര്‍ച്ചയായും കണ്ടെത്താന്‍ കഴിയും. സ്ത്രീയുടെ പ്രണയവും പ്രതികാരവും അതിന്റെ പ്രധാന ഭാഗമായി അലിഞ്ഞുചേര്‍ന്ന് കിടപ്പുമുണ്ട്.ഈ നോവലില്‍ അതിലുപരി ഫിദയ്ക്ക് ജൈവികമായ ഒരു ഭാവം ഉണ്ട്. ഫിദ തന്റെ കാമനകളെപ്പറ്റി ബോധവതിയും അക്കാര്യത്തില്‍ തുറന്നുപറച്ചിലിന് സന്നദ്ധയുമാണ്. രതിയിഷ്ടങ്ങളെ താലോലിക്കുകയും അതിന്റെ പൂര്‍ത്തീകരണത്തിനായി ആഗ്രഹിക്കുകയും ചെയ്യുന്നുമുണ്ട്. നോവലിന്റെ കുറവായി പറയാവുന്നതായി തോന്നിയത് ചില സന്ദര്‍ഭങ്ങളിലെങ്കിലും മടുപ്പുണ്ടാക്കുന്നവിധം ആഖ്യാനത്തില്‍ കടന്നുകൂടിയ യാന്തികതയാണ്. ദൈര്‍ഘ്യമേറിയ സംഭാഷണങ്ങള്‍ കടന്നു വരുന്ന ഭാഗങ്ങള്‍ ചില സന്ദര്‍ഭങ്ങളിലെങ്കിലും കൃത്രിമമായി സന്നിവേശിപ്പിച്ചതെന്ന് ഫീല്‍ ചെയ്യിക്കുംവിധം ചെടിപ്പുണ്ടാക്കുന്നു.ബഹുഭൂരിപക്ഷം കഥാപാത്രങ്ങളും ചരിത്രത്തേയും സംസ്‌കാരത്തേയും രാഷ്ട്രഭാവനകളേയും കുറിച്ച് പണ്ഡിതോചിതമായി സംസാരിക്കുന്നത് അസ്വാഭാവികത കലര്‍ന്നതായി തോന്നും വിധമായി മാറുകയും ചെയ്യുന്നു.

ഒരു ജനത അതിന്റെ ചരിത്രവും വഴികളും മറക്കുമ്പോള്‍ വരുന്ന പരിവര്‍ത്തനങ്ങളെ സര്‍ഗാത്മകതയോടെ അടയാളപ്പെടുത്തിയ നോവല്‍സൃഷ്ടി എന്ന നിലയില്‍ കലാച്ചി പ്രസക്തമായ രചനയാണ്. ഒരു ജനതയ്ക്ക് സംഭവിക്കുന്ന സ്മൃതിഭ്രംശം ആ ജനതയുടേയും രാഷ്ട്രത്തിന്റെയും ഹത്യയിലേക്കാണ് നയിക്കുന്നത്. ഒരു ജനത ദീര്‍ഘമായ ഉറക്കത്തിലേക്ക് വീഴുമ്പോള്‍ ആ ജനതയ്ക്ക് നഷ്ടപ്പെടുന്നത് അതിന്റെ പിറവിയുടെ പിന്നിലെ മഹാവേദനകളും ത്യാഗങ്ങളുമാണ്. ആ അര്‍ത്ഥത്തില്‍ വര്‍ത്തമാനകാല ഇന്ത്യനവസ്ഥയെ നിശിതമായ ഉള്‍ക്കാഴ്ചയോടെ പരിശോധിക്കുകയും ഭാവിയിലേക്ക് താക്കീതുകള്‍ തരികയും ചെയ്യുന്ന കലാത്മകത കൈമോശം വരാതെ രചിക്കപ്പെട്ട രാഷ്ട്രീയ പ്രസ്താവനയായി  കലാച്ചി എന്ന നോവല്‍ മാറുന്നുണ്ട്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply