കേരളത്തില്‍ സാധ്യത യുഡിഎഫിനു തന്നെ
വിജയം നേടുക എന്ന ഒറ്റലക്ഷ്യത്തോടെ സിപിഎം രംഗത്തിറക്കിയിരിക്കുന്ന വലിയ നേതാക്കളില്‍ എത്രപേര്‍ കടന്നുകൂടുമെന്ന് കാത്തിരുന്നു കാണണം. മറുവശത്ത് ഏറെ കാലമായി തുടരുന്ന ചില സിറ്റിംഗ് എം പിമാരും. സത്യത്തില്‍ ഇരുമുന്നണിയിലേയും സീനിയര്‍ നേതാക്കളില്‍ ഭൂരിഭാഗം പേര്‍ക്കും ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വലിയ താല്‍പ്പര്യമൊന്നുമില്ല. അവരുടെ മനസ്സില്‍ നിയമസഭാംഗത്വമാണ്. പ്രത്യേകിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക്. അവരുടെ ലക്ഷ്യം ഇവിടത്തെ മന്ത്രിസ്ഥാനമാണ്.
എന്തു വില കൊടുത്തും മൂന്നാം തവണയും അധികാരത്തിലെത്തുക എന്ന ലക്ഷ്യത്തിലാണ് ബിജെപി എന്നതില്‍ സംശയമില്ല. 1925ല്‍ രൂപീകരിക്കപ്പെട്ട ആര്‍ എസ് എസ് തങ്ങളുടെ ലക്ഷ്യമായ ഹിന്ദുത്വരാഷ്ട്രം 100 വര്‍ഷത്തിനുള്ളില്‍ സ്ഥാപിക്കുമെന്നാണല്ലോ പ്രതിജ്ഞയെടുത്തിരുന്നത്. ആ ലക്ഷ്യം ജനാധിപത്യപരമായി, എന്നാല്‍ ജനാധിപത്യത്തെ അട്ടിമറിച്ച് ഈ തെരഞ്ഞെടുപ്പോടെ നേടാമെന്ന ധാരണയിലാണവര്‍. കഴിഞ്ഞ 10 വര്‍ഷത്തെ എല്ലാ പ്രവര്‍ത്തനവും ആ ലക്ഷ്യത്തിനുവേണ്ടിയായിരുന്നു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പോലെ മുസ്ലിം ജനതയെ രാജ്യശത്രുക്കളായി ചിത്രീകരിച്ച്, ഭൂരിപക്ഷം വരുന്നു എന്നവകാശപ്പെടുന്ന ഹിന്ദുസമൂഹത്തെ ഏകീകരിച്ച് തങ്ങളുടെ രാഷ്ട്രീയ ശക്തിയാക്കുക എന്നതാണവരുടെ ലക്ഷ്യം. ബാബറി മസ്ജിദും ഗുജറാത്തും മുസാഫര്‍ നഗറും കാണ്ഡമാലും മണിപ്പൂരും ശ്രീറാം വിളിയും ബീഫും കാശ്മീരുമൊക്കെ അതിന്റെ ചവിട്ടുപടികള്‍ മാത്രം. അവസാനമത് അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിലും സിഎഎയിലും ഏകസിവില്‍ കോഡിലുമൊക്കെ എത്തിനില്‍ക്കുന്നു. ഇന്ത്യയുടെ ബഹുസ്വരതയും ജനാധിപത്യവും മതേതരത്വവും ഫെഡറലിസവുമൊക്കെ കുഴിച്ചുമൂടുക എന്നതും ഈ ലക്ഷ്യത്തിന്റെ ഭാഗമാണ്. അതിന്റെ ഭാഗമാണ് ഒറ്റ ജനത, ഒറ്റ ഭാഷ, ഒറ്റ മതം, ഒറ്റ നികുതി, ഒറ്റ നേതാവ് തുടങ്ങി ഇപ്പോള്‍ ഒറ്റ തെരഞ്ഞെടുപ്പിലെത്തി നില്‍ക്കുന്നത്. ഏറ്റവുമവസാനം മുസ്ലിം ജനതയെ ഏറ്റവും വിദ്വേഷപരമായി ആക്ഷേപിക്കുന്ന പ്രസംഗവും നമ്മള്‍ കേട്ടു. ഒന്നാം ഘട്ടം കഴിഞ്ഞപ്പോള്‍ 400 സീറ്റ് എന്ന തങ്ങളുടെ ലക്ഷ്യത്തിനടുത്തൊന്നും എത്തില്ല എന്നുറപ്പായതാണ് ഈ വര്‍ഗ്ഗീയ പ്രസംഗത്തിന് പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചതെന്നു വ്യക്തം. മറുവശത്ത് പണമിറക്കിയും അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചും പ്രതിപക്ഷത്തേയും അവര്‍ നിയന്ത്രിക്കുന്ന സംസ്ഥാന സര്‍ക്കാരുകളേയും തകര്‍ക്കുക എന്നത് തെരഞ്ഞെടുപ്പ് വേളയില്‍ മുഖ്യമന്ത്രിമാരെയടക്കം തുറുങ്കിലടക്കുന്നതില്‍ എത്തിയിരിക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ കേരളവും പോലിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. പ്രചാരണത്തിന്റെ അവസാനഘട്ടമായപ്പോഴേക്കും കേരളത്തിലെ പൊതു അന്തരീക്ഷം വളരെ മോശപ്പെട്ട അവസ്ഥയിലെത്തിയിരിക്കുന്നതായാണ് കാണുന്നത്. രാഷ്ട്രീയമെല്ലാം മാറ്റിവെച്ച്, സൗഹൃദമത്സരം എന്ന പഴയ ധാരണയെല്ലാം ഉപേക്ഷിച്ച് യുഡിഎഫും എല്‍ഡിഎഫും പരസ്പരം വിഴുപ്പലക്കുന്ന കാഴ്ചയാണ് കാണുന്നത്. അതാണ് അവസാനം രാഹുല്‍ ഗാന്ധിയെ ഏറ്റവും മ്ലച്ഛമായ ഭാഷയില്‍ അധിക്ഷേപിക്കുന്നതില്‍ എത്തിയിരിക്കുന്നത്. താന്‍ പോലും രാഹുലിനെ പിണറായി അധിക്ഷേപിക്കുന്നതുപോലെ അധിക്ഷേപിക്കുന്നില്ല എന്നു മോദി പറയുന്നത്ര രീതിയിലെത്തിയിരിക്കുന്നു കേരള രാഷ്ട്രീയം. പി വി അന്‍വറിനെ പോലുള്ളവര്‍ രാഹുലിന്റെ പിതൃത്വത്തെപോലും ചോദ്യം ചെയ്യുന്നു. പിണറായിയെ അറസ്റ്റ് ചെയ്യണമെന്ന രീതിയിലുള്ള യുഡിഎഫ് നേതാക്കളുടേയും രാഹുലിന്റേയും പ്രസംഗങ്ങളും എരിതീയില്‍ എണ്ണയൊഴിക്കാന്‍ കാരണമായി എന്നു പറയാതെ വയ്യ.
2019ലെ ലോകസഭാതെരഞ്ഞെടുപ്പുഫലത്തിന്റെ അടിസ്ഥാനത്തിലാണ് സ്വാഭാവികമായും കേരളത്തിലെ മുന്നണികള്‍ നയങ്ങളേയും സ്ഥാനാര്‍ത്ഥികളേയും തിരുമാനിച്ചിരിക്കുന്നതെന്നുറപ്പ്. അന്ന് യുഡിഎഫിനു വന്‍വിജയം ലഭിക്കാന്‍ കാരണം ശബരിമലയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാണെന്ന് പലരും പറയാറുണ്ട്. അത് തികച്ചും വാസ്തവവിരുദ്ധമാണ്. പൊതുവില്‍ ബിജെപിക്ക് കേരളത്തില്‍ മൂന്നാം സ്ഥാനം മാത്രമാണല്ലോ ഉള്ളത്. അതായത് ഭൂരിപക്ഷം മലയളികളും ബിജെപി അധികാരത്തില്‍ വരുന്നതിനെതിരാണ്. (സാംസ്‌കാരികമായും മാനസികമായും വലിയൊരു ഭാഗം ജനങ്ങളും സംഘിവല്‍ക്കരിക്കപ്പെട്ടവരും ഇസ്ലാമോഫോബിക്കുമാണെങ്കിലും കക്ഷിരാഷ്ട്രീയത്തില്‍ അത് ന്യൂനപക്ഷമാണെന്നതാണ് വാസ്തവം. എപ്പോള്‍ വേണമെങ്കിലും അത് മാറാമെന്നത് വേറെ കാര്യം). കേന്ദ്രത്തില്‍ ബിജെപി രണ്ടാമതും അധികാരത്തില്‍ വരാതിരിക്കാനുള്ള രാഷ്ട്രീയ നിലപാടില്‍ നിന്നാണ് അന്ന് മലയാളികളില്‍ വലിയൊരു ഭാഗം വോട്ടുചെയ്തത്. അങ്ങനെ ഒരു സാഹചര്യമുണ്ടെന്ന വിലയിരുത്തലും ഉണ്ടായിരുന്നല്ലോ. സ്വാഭാവികമായും ആദ്യപരിഗണന കോണ്‍ഗ്രസ്സ് തന്നെയാണല്ലോ. മാത്രമല്ല രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന പ്രചാരണവും ശക്തമായിരുന്നു. വയനാട്ടിലെ രാഹുലിന്റെ സാന്നിധ്യം യുഡിഎഫിന് കൂടുതല്‍ ആവേശം നല്‍കി. അന്നത്തെ അവസ്ഥ ഇന്നുണ്ടെന്നു പറയാനാകില്ലല്ലോ. സാധ്യമാകുക ബിജെപിയുടെ സീറ്റു കുറക്കലായിരിക്കും. അത്തരമൊരു സാഹചര്യത്തിലാണ് തങ്ങളാണ് കൂടുതല്‍ ബിജെപി വിരുദ്ധര്‍ എന്ന് ഇരുമുന്നണികളും സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. ആ ശ്രമമാണ് ഇപ്പോള്‍ വളരെ മോശമായ പ്രചാരണങ്ങളിലെത്തിയിരിക്കുന്നത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇക്കുറിയും 2019ലെ ഫലമായിരിക്കും വരുക എന്ന് യുഡിഎഫ് പറയുമ്പോള്‍ അന്നത്തെ സാഹചര്യമൊന്നും ഇന്നു നിലവിലില്ലാത്തതിനാല്‍ ഫലം മറിച്ചാകുമെന്നാണ് എല്‍ഡിഎഫിന്റെ വാദം. രണ്ടും ഭാഗികമായേ ശരിയാകുന്നുള്ളു. കഴിഞ്ഞ തെരഞ്ഞെടുപ്പിലില്ലാതിരുന്ന ഇന്ത്യാ സഖ്യം രൂപം കൊണ്ടിട്ടുണ്ടെങ്കിലും കേരളത്തില്‍ ഫലത്തില്‍ അതില്ല. കഴിഞ്ഞ തവണത്തെ പോലെ കോണ്‍ഗ്രസ്സില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടെന്നുതന്നെ കരുതാം. മാത്രമല്ല, സിറ്റിംഗ് എംപിമാരോട് മിക്കപ്പോഴും കാണുന്ന എതിര്‍പ്പ് ഫലത്തെ സ്വാധീനിക്കും. നിലവിലെ എംപിമാരെ മുഴുവനായി തന്നെ മത്സരിപ്പിക്കാനുളള തീരുമാനം തന്നെ തെറ്റായിരുന്നു. മറുവശത്ത് ദേശീയപാര്‍ട്ടി എന്ന പദവിയും ചിഹ്നവുമൊക്കെ പോയാലോ എന്ന ആശങ്കയില്‍ ശക്തന്മാരാണെന്നു അവര്‍ കരുതുന്നവരെയാണ് പൊതുവില്‍ സിപിഎമ്മും എല്‍ഡിഎഫും രംഗത്തിറക്കിയിരിക്കുന്നത്. അവരില്‍ പലരും പല്ലുപോയ സിംഹങ്ങളാണെന്നതു വേറെ കാര്യം. അപ്പോഴും ന്യൂനപക്ഷവോട്ടുകള്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ കിട്ടുമെന്നവര്‍ കരുതുന്നു. സിഎഎയെ പ്രചാരണത്തിന്റെ കേന്ദ്രത്തില്‍ കൊണ്ടുവരാനുള്ള കാരണം അതാണ്. പക്ഷെ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം നട്ടം തിരിയുന്ന ലക്ഷകണക്കിനു പേര്‍, പൂക്കോട് കൊലവരെയെത്തിനില്‍ക്കുന്ന രാഷ്ട്രീയ ഗുണ്ടായിസം, വര്‍ദ്ധിക്കുന്ന മനുഷ്യ, വന്യജീവി സംഘര്‍ഷം, അഴിമതി ആരോപണങ്ങള്‍ തുടങ്ങിയവയൊക്കെ എല്‍ഡിഎഫിനു പ്രതികൂലമാണ്. കഴിഞ്ഞ തവണത്തേക്കാള്‍ ഫലം അല്‍പ്പം മെച്ചപ്പെടുത്താന്‍ എല്‍ഡിഎഫിനു കഴിയാനിടയുണ്ടെന്നു മാത്രം കരുതാം. വലിയ പ്രതീക്ഷകളുമായി രംഗത്തിറങ്ങിയിരിക്കുന്ന ബിജെപിക്ക് ഇത്തവണയും തൃശൂരടക്കം ഒരു സീറ്റും കിട്ടാനിടയില്ല. വോട്ടു കൂടാനിടയുണ്ടെന്നുമാത്രം.
സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ശക്തമായ പോരാട്ടം നടക്കുന്നുണ്ട്. അവയില്‍ ഏറ്റവും പ്രധാനം തൃശൂര്‍ തന്നെ. വളരെയധികം കൊട്ടിഘോഷിക്കപ്പെടുന്ന സുരേഷ് ഗോപിക്ക് എന്തെങ്കിലും മുന്‍കൈ നേരത്തെ ഉണ്ടായിരുന്നെങ്കില്‍ തന്നെ അതു നഷ്ടപ്പെട്ടതായാണ് പൊതുവിലുള്ള വിലയിരുത്തല്‍. ആരംഭത്തില്‍ പ്രതീക്ഷിച്ചിരുന്ന കൃസ്ത്യന്‍ വോട്ടുകളുടെ ധ്രുവീകരണത്തിന്റെ സാധ്യത കുറഞ്ഞിരിക്കുന്നു എന്നു കരുതാം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുരളിയുടെ വരവ് തങ്ങളുടെ ഉറപ്പുള്ള കുറെ വോട്ടുകള്‍ നഷ്ടപ്പെടുത്തുമെന്നു ബിജെപി ഭയപ്പെടുന്നുണ്ട്. അതിനെ മറികടക്കുന്ന അടിയൊഴുക്കുകളിലാണ് അവരുടെ പ്രതീക്ഷ. പ്രതാപനുപകരം മുരളിയുടെ വരവ് തീരദേശവോട്ടുകളില്‍ നിന്നും മുസ്ലിം വോട്ടുകളില്‍ നിന്നും ഒരു പങ്ക് തങ്ങള്‍ക്കനുകൂലമാക്കി മാറ്റുമെന്ന് എല്‍ഡിഎഫും കരുതുന്നു. ഏറെക്കുറെ തുല്ല്യശക്തികള്‍ തമ്മിലുള്ള ത്രികോണ മത്സരം തന്നെയാണ് തൃശൂരില്‍ നടക്കുന്നത്. ഈ സാഹചര്യത്തില്‍ പൂരം വിവദത്തില്‍ രാഷ്ട്രീയമുണ്ടെന്ന ആരോപണം തള്ളിക്കളയാവുന്നതല്ല.
മറുവശത്ത് തിരുവനന്തപുരത്ത് ശശി തരൂരിനെ തോല്‍പ്പിക്കാന്‍ പന്ന്യന്‍ രവീന്ദ്രനോ രാജീവ് ചന്ദ്രശേഖറിനോ കഴിയുമെന്നു കരുതാനാവില്ല. സത്യത്തില്‍ രണ്ടാം സ്ഥാനത്തിനായുള്ള മത്സരമാണ് അവിടെ നടക്കുന്നത്. വടകരയാണ് ശക്തമായ മത്സരം നടക്കുന്ന പ്രധാന മണ്ഡലം. അവിടെ പക്ഷെ പ്രചാരണരംഗം പരസ്പരം ചെളിവാരിയെറിയുന്നതിലും നുണപ്രചാരണത്തിലും എത്തിയിരിക്കുന്നു. കണ്ണൂരിലും പോരാട്ടം കനക്കുമെന്നുറപ്പ്. ഏറ്റവും സീനിയറുകളായ രണ്ടുനേതാക്കളാണല്ലോ ഏറ്റുമുട്ടുന്നത്. ഒരല്‍പ്പം മുന്‍കൈ കെ സുധാകരനാണെന്ന് പറയുന്നുണ്ടെങ്കിലും അദ്ദേഹം നിന്നാല്‍ ജയം ഉറപ്പ് എന്ന വിശ്വാസം ഇത്തവണ ശരിയാകുമോ എന്നു കാത്തിരുന്നു കാണണം. കോഴിക്കോടും ഏറ്റുമുട്ടുന്നത് സീനിയര്‍ നേതാക്കളാണ്. പക്ഷെ എം കെ രാഘവനെ തോല്‍പ്പിക്കാന്‍ എളമരം കരിമിനാവുമെന്നു തോന്നുന്നില്ല.
യുഡിഎഫ് തരംഗത്തിലും എല്‍ഡിഎഫ് വിജയിച്ച ആലപ്പുഴയിലെ പോരാട്ടം കനത്തതുതന്നെ. ഷാനിമോളെ തോല്‍പ്പിച്ച പോലെ കെ സി വേണുഗോപാലനെ തോല്‍പ്പിക്കാന്‍ ആരിഫിനാകുമോ എന്നത് സംശയമാണ്. ബിജെപിയുടെ ശോഭാ സുരേന്ദ്രന്റെ സാന്നിധ്യവും ഈ മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നു. പാലക്കാട് ശ്രീകണ്ഠനെ പിടിച്ചുകെട്ടാന്‍ വിജയരാഘവനാകുമെന്നു തോന്നുന്നില്ല. ബിജെപിക്ക് കുറെ വോട്ടുകള്‍ ഇവിടെയുണ്ട്. അതുണ്ടാക്കുന്ന സ്വാധീനം തങ്ങളെ സഹായിക്കുമെന്നാണ് ഇരുകൂട്ടരും കരുതുന്നത്. വലിയ പ്രതീക്ഷയോടെ ആറ്റിങ്ങലില്‍ മത്സരിക്കുന്ന ബിജെപിയുടെ കേന്ദ്രമന്ത്രി വി മുരളീധരനും മൂന്നാം സ്ഥാനത്തെത്താന്‍ തന്നെയാണ് സാധ്യത. ശക്തമായ പോരാട്ടമാണ് അടൂര്‍ പ്രകാശും ജോയുമായി നടക്കുന്നത്. ജില്ലയിലെ സിപിഎം പ്രവര്‍ത്തകര്‍ ഒന്നടങ്കം അവിടെ കേന്ദ്രീകരിച്ചിരിക്കുകയാണത്രെ. കൊല്ലത്ത് പ്രേമചന്ദ്രനെ തടയാന്‍ മുകേഷിന്റെ അഭിനയം മതിയാകില്ല. വര്‍ഷങ്ങളായി മാവേലിക്കരയിലെ എം പിയായ കൊടിക്കുന്നിലിന് അക്കാരണത്താല്‍ തന്നെ ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ല.
ചാലക്കുടിയും എറണാകുളവുമൊക്കെ യുഡിഎഫിന് അനുകൂലമായി തുടരാനാണ് സാധ്യത. എന്നാല്‍ കാസര്‍ഗോഡ് രാജ്മോഹന്‍ ഉണ്ണിത്താന് ഇത്തവണ ജയിക്കണമെങ്കില്‍ വെള്ളം കുടിക്കേണ്ടിവരും. ആലത്തൂരില്‍ രമ്യാ ഹരിദാസ് തുടക്കത്തിലെ മോശം അവസ്ഥയെ മറികടന്നിട്ടുണ്ട്. പത്തനംതിട്ടയില്‍ ഐസക് ജയിച്ചാല്‍ അത്ഭുതമാകും. ഏറെ കൊട്ടിഘോഷിക്കപ്പെടുമ്പോഴും അവിടെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടുപോലും കിട്ടാനിടയില്ല.. മലപ്പുറം, പൊന്നാനി സീറ്റുകളെ കുറിച്ച് എഴുതേണ്ടതില്ല. കോട്ടയവും ഇടുക്കിയും യുഡിഎഫ് തന്നെ പിടിക്കാനാണ് സാധ്യത. വയനാട് രാഹുലിന്റെ ഭൂരിപക്ഷം എത്ര കുറക്കാന്‍ ആനിരാജക്കു കഴിയുമെന്നതുമാത്രമാണ് ചോദ്യം.
ചുരുക്കത്തില്‍ ഇക്കുറിയും യുഡിഎഫ് തന്നെ മഹാഭൂരിപക്ഷം സീറ്റുകളും കയ്യടക്കാനാണ് സാധ്യത. ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ മുന്‍കാല ചരിത്രം തന്നെ ഏറെക്കുറെ അതാണല്ലോ. വിജയം നേടുക എന്ന ഒറ്റലക്ഷ്യത്തോടെ സിപിഎം രംഗത്തിറക്കിയിരിക്കുന്ന വലിയ നേതാക്കളില്‍ എത്രപേര്‍ കടന്നുകൂടുമെന്ന് കാത്തിരുന്നു കാണണം. മറുവശത്ത് ഏറെ കാലമായി തുടരുന്ന ചില സിറ്റിംഗ് എം പിമാരും. സത്യത്തില്‍ ഇരുമുന്നണിയിലേയും സീനിയര്‍ നേതാക്കളില്‍ ഭൂരിഭാഗം പേര്‍ക്കും ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വലിയ താല്‍പ്പര്യമൊന്നുമില്ല. അവരുടെ മനസ്സില്‍ നിയമസഭാംഗത്വമാണ്. പ്രത്യേകിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക്. അവരുടെ ലക്ഷ്യം ഇവിടത്തെ മന്ത്രിസ്ഥാനമാണ്. സ്ഥാനാര്‍ത്ഥിത്വം ഒഴിഞ്ഞു കിട്ടിയതില്‍ ടി എന്‍ പ്രതാപന്‍ വളരെ സന്തോഷവാനാണ് എന്നു കേള്‍ക്കുന്നത് അതിനാലാണ്. അതേസമയം കേരളത്തില്‍ നങ്കൂരമിട്ടിട്ടുള്ള ഇരുപാര്‍ട്ടിയിലേയും ചില നേതാക്കള്‍, ചിലരെ ഇവിടെ നിന്ന് നാടുകടത്തുകയാണെന്നതും വ്യക്തമാണ്.
ജയിക്കുക എന്ന ഒറ്റലക്ഷ്യത്തിലാണ് സ്ഥാനാര്‍ത്ഥി പട്ടിക എന്നൊക്കെ വാദിക്കാം. അപ്പോഴും പൊറുക്കാനാവാത്ത തെറ്റുകള്‍ എല്ലാ ഭാഗത്തുമുണ്ട്. അതിനിയും പറയുക തന്നെ വേണം. ശുഷ്‌കമായ വനിതാ പ്രാതിനിധ്യം, ഉള്ളവ തന്നെ മിക്കവാറും ജയസാധ്യത കുറഞ്ഞ സീറ്റുകളില്‍, യുവ സാന്നിധ്യവും ന്യൂനപക്ഷ സാന്നിധ്യവും കുറവ്. സംവരണ സീറ്റുകളിലൊഴികെ ദളിത് സ്ഥാനാര്‍ത്ഥികളില്ല. മന്ത്രിമാരും എംഎല്‍എമാരും രാജ്യസഭാ എം പിമാരും വീണ്ടും രംഗത്ത് ഇവയൊക്കെ ജനാധിപത്യ സംവിധാനത്തിന് ഗുണകരമല്ല. സാമുദായിക രാഷ്ട്രീയം യാഥാര്‍ത്ഥ്യമാണെങ്കിലും അതിനു പുറകെ യാന്ത്രികമായി പോകുന്നതും നന്നല്ല. മറ്റൊന്നു കൂടി പറയാതെ വയ്യ. ഈ ലിസ്റ്റിലെ ഏറ്റവും വലിയ രാഷ്ട്രീയ ശരിയില്ലായ്മ വയനാട്ടില്‍ നിന്നുള്ള രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വമാണ്. കര്‍ണ്ണാടകയിലോ മറ്റോ ബിജെപിക്കെതിരെ ജയസാധ്യതയുള്ള ഒരുസീറ്റില്‍ നിന്നാണ് അദ്ദേഹം മത്സരിക്കേണ്ടിയിരുന്നത്. പകരം ഇന്ത്യാ സഖ്യത്തില്‍ പെട്ട സിപിഐക്കെതിരെയല്ല. അതും ആനിരാജക്കെതിരെ. അതൊഴിവാക്കിയിരുന്നെങ്കില്‍ വയനാട്ടില്‍ ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാമായിരുന്നു. ഷാഫിയെ വടകരക്കു വിടേണ്ടിയിരുന്നില്ല. അവിടെ മുരളിക്കു തന്നെ മത്സരിക്കാമായിരുന്നു. പ്രചാരണരംഗത്ത് ഇപ്പോള്‍ നടക്കുന്ന മോശമായ കാര്യങ്ങളും ഒഴിവാക്കാമിയിരുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in