അട്ടപ്പാടിയില്‍ നടക്കുന്നത് ആദിവാസി വംശഹത്യ

അട്ടപ്പാടിയിലെ ആരോഗ്യപ്രശ്‌നങ്ങളുടെ ചര്‍ച്ചയില്‍ എപ്പോഴും ഉയര്‍ന്നു വരുന്ന പേരാണ് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടേത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ ആദ്യകാലത്ത് ഏറ്റവുമധികം പ്രകീര്‍ത്തിക്കപ്പെട്ട ഒന്നായിരുന്നു ഈ ആശുപത്രിയും അതിനു നേതൃത്വം നല്‍കിയിരുന്ന ഡോക്ടര്‍ പ്രഭുദാസും. എന്നാല്‍ അതെല്ലാം കേവലം പ്രചരണങ്ങള്‍ മാത്രമായിരുന്നു എന്നധികം താമസിയാതെ ബോധ്യമായി. പൊതുവില്‍ നാട്ടുകാര്‍ക്ക് സ്വീകാര്യനായിരുന്ന പ്രഭുദാസ് സര്‍ക്കാരിനു ശത്രുവായി. സത്യത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ഈ ആശുപത്രിയില്‍ പ്രധാനമായും നടക്കുന്നത് മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുക എന്നതാണ്. അതാകട്ടെ പ്രധാനമായി സിപിഎം നിയന്ത്രണത്തിലുള്ള പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയിലേക്ക്.

അട്ടപ്പാടിയിലെ തുടരുന്ന ശിശുമരണം കഴിഞ്ഞ ദിവസം വീണ്ടും നിയമസഭയില്‍ സജീവചര്‍ച്ചാവിഷയമായി. എന്നാല്‍ നമ്മുടെ ജനപ്രതിനിധി സഭ കൊണ്ട് എന്തു പ്രയോജനം എന്നു തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു സഭയിലെ ചര്‍ച്ചകള്‍ നടന്നത് എന്നു പറയാതിരിക്കാനാവില്ല. നവജാത ശിശുമരണത്തിലേക്കു നയിക്കുന്ന, അട്ടപ്പാടിയിലെ ആദിവാസികളുടെ ദയനീയ ജീവിതാവസ്ഥയേയും അവിടത്തെ ഏക ആശ്രയമായ കോട്ടത്തറ ആശുപത്രിയിലെ പരിമിതികളെ കുറിച്ചും പ്രതിപക്ഷം ശക്തമായി ഉന്നയിച്ചെങ്കിലും അതിനോടുള്ള ആരോഗ്യമന്ത്രിയുടെ പ്രതികരണം ആരോഗ്യകരമാണെന്നു പറയാനാവില്ല. ഏതുവിഷയത്തേയും കക്ഷിരാഷ്ട്രീയ നിലപാടില്‍ നിന്നുമാത്രം കാണുന്ന സ്ഥിരം ശൈലിയാണ്, മുന്‍കാല മാധ്യമജീവനക്കാരിയായിരുന്ന ആരോഗ്യമന്ത്രി ഇക്കാര്യത്തിലും പ്രകടിപ്പിച്ചത് എന്നത് നിരാശാജനകമാണ്. മുരുഗള ഊരില്‍ കഴിഞ്ഞ ദിവസം കുഞ്ഞ് മരിച്ചതും കുഞ്ഞിന്റെ മൃതദേഹവും വഹിച്ച് കിലോമീറ്ററുകള്‍ പിതാവ് നടന്നതും ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളെ അനുസ്മരിപ്പിക്കുന്നതാണെന്ന എം എല്‍ എ ഷംസദ്ദീന്റെ പരാമര്‍ശമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. എന്നാല്‍ എം എല്‍ എ പറഞ്ഞതില്‍ വസ്തുതാപരമായി എന്താണ് തെറ്റെന്ന് പറയാന്‍ അവര്‍ തയ്യാറായതുമില്ല. പകരം പതിവുപോലെ കുറെ ന്യായീകരണങ്ങളും തെറ്റായ കണക്കുകളുമാണ് അവര്‍ ഉദ്ധരിച്ചത്.

കേരളത്തിലെ ആദിവാസികളുടെ അവസ്ഥ സോമാലിയക്കു തുല്ല്യമാണെന്നു രാഷ്ട്രീയ താല്‍പ്പര്യത്തിന്റെ പേരിലായിരിക്കാം മുമ്പൊരിക്കല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചത്. എന്നാല്‍ കക്ഷിരാഷ്ട്രീയം മാറ്റിവെച്ച് പരിശോധിച്ചാല്‍ മോദി പറഞ്ഞതില്‍ സത്യമില്ലെന്നു പറയാനാകില്ല. അട്ടപ്പാടിയില്‍ പോഷകാഹാരമില്ലാത്തതിനെ തുടര്‍ന്ന് വര്‍ഷം തോറും മരിക്കുന്ന നവജാത ആദിവാസി ശിശുക്കളുടെ കണക്ക് ഇന്ത്യയിലെവിടേയുമില്ല എന്നതാണ് വസ്തുത. മൂന്ന് പഞ്ചായത്തുകളിലായി 33000 ത്തോളം വരുന്ന ജനസംഖ്യയുള്ള സമൂഹമാണ് അട്ടപ്പാടിയിലെ ആദിവാസികള്‍. ഐക്യകേരളം രൂപപ്പെട്ടതിനുശേഷം ഇവര്‍ക്കായി ചെലവാക്കിയ പണം വീതിച്ചു കൊടുത്താല്‍ ഇവരോരുത്തരും കോടീശ്വരന്മാരാകുമായിരുന്നു. എങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല.അവിടെയാണ് ഈ ദുരന്തം ഇപ്പോഴും ആവര്‍ത്തിക്കുന്നത്.

സ്വന്തമായി ഭൂമിയും സംസ്‌കാരവും കൃഷിയും ഭാഷയുമാക്കെയുണ്ടായിരുന്ന, സ്വന്തം കാലില്‍ നിന്നിരുന്ന ഒരു ജനതയുടെ ഇന്നത്തെ അവസ്ഥ വ്യക്തമാക്കാന്‍ ഈ ശിശുമരണങ്ങള്‍ മാത്രം മതി. ആയിരത്തിയെണ്ണൂ റുകളുടെ പകുതിയോടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി റെയില്‍വേ സ്‌ളീപ്പറുകള്‍ക്കായി ഇവിടത്തെ വന്‍മരങ്ങള്‍ പറിച്ചെടുക്കാനാരംഭിച്ചതാണ് ഇവരുടെ ദുരിതങ്ങള്‍ക്ക് തുടക്കമിട്ടത്. അതിപ്പോഴും തുടരുന്നു. പിന്നെ ഇവിടേക്ക് കുടിയേറ്റമാരംഭിച്ചു. അതോടെ ഭവാനി പുഴയുടെ താഴ്‌വരകളില്‍ തങ്ങളുടേതായ രീതിയില്‍ കൃഷിചെയ്തു ജീവിച്ചിരുന്നവര്‍ക്ക് മലകയറേണ്ടിവന്നു. 1951ല്‍ 90.26% ആദിവാസികളായിരുന്ന അട്ടപ്പാടിയില്‍ 2001 ആകുമ്പോഴേക്കും 42% മാത്രമായി കുറഞ്ഞു. പിന്നീട്ത് വീണ്ടും കുറഞ്ഞിട്ടുണ്ടെന്നുറപ്പ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പ്രശ്‌നങ്ങള്‍ അതിരൂക്ഷമായതിനെ തുടര്‍ന്ന് 1970ല്‍ സംസ്ഥാന ആസൂത്രണ കമ്മീഷന്‍ അട്ടപ്പാടിയെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിങ്ങ് സൊസൈറ്റി, പശ്ചിമഘട്ട പുനരുദ്ധാരണ പദ്ധതി, അട്ടപ്പാടി ഗ്രാമ ജല സേചന പദ്ധതി, ജനകീയാസൂത്രണ പദ്ധതി, അട്ടപ്പാടി ഹില്‍സ് ഏരിയാ ഡവലപ്പ്മെന്റ് സൊസൈറ്റി (അഹാഡ്‌സ്) തുടങ്ങി നിരവധി പദ്ധതികള്‍ പതുക്കെ പതുക്കെ ആരംഭിച്ചു. തുടര്‍ന്നുള്ള കാലത്തൊന്നും പദ്ധതികള്‍ക്ക് ഒരു കുറവുമില്ല. ആരോഗ്യമേഖലയിലെ കണക്കുകള്‍ വായിച്ചാല്‍ അത്ഭുതപ്പെടും. എന്തു ഗുണം? ആദിവാസി ശിശുമരണ നിരക്കിലെ വര്‍ദ്ധന കണ്ട് ഐക്യരാഷ്ട്രസംഘടനയും സന്നദ്ധസംഘടനകളും അട്ടപ്പാടിയിലേക്ക് പഠനസംഘങ്ങളെ അയച്ചു. ഷോളയൂര്‍ പഞ്ചായത്തിലെ ഊത്തുക്കുടി, അഗളി പഞ്ചായത്തിലെ നെല്ലിപ്പതി, കതിരമ്പതി, കൊല്ലങ്കടവ്, പുതൂര്‍ പഞ്ചായത്തി ലെ പാടവയല്‍, മുള്ളി, പാലൂര്‍ എന്നീ ഊരുകളിലെ ജീവിതം അതീവ ഗുരുതരമാണെന്ന് പല പഠന റിപ്പോര്‍ട്ടുകളും പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം പലപ്പോഴും വിഷയത്തിലിടപെട്ടു. കേന്ദ്രമന്ത്രിമാരും പലതവണ സ്ഥലത്തെത്തി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ 50 ശതമാനത്തിലധികം പേര്‍ക്കു രക്തക്കുറവ് (അനീമിയ) രേഖപ്പെടുത്തി. പലരുടെയും ഹീമോഗ്‌ളോബിന്റെ അളവ് ഏഴില്‍ താഴെയാണ് രേഖപ്പെടുത്തിയത്. പ്രായപൂര്‍ത്തിയായ പുരുഷന്മാരില്‍ 10 ശതമാനത്തിന് രക്തക്കുറവുണ്ടായിരുന്നു. ത്വക്ക് രോഗങ്ങള്‍, വന്ധ്യത, അരിവാള്‍ രോഗം എന്നിവയും ഊരുകളില്‍ വ്യാപകമാണ്.

ആദ്യകാലത്തെ ശിശുമരണകണക്കുകള്‍ ലഭ്യമല്ലെങ്കിലും 2001ല്‍ 50ല്‍ പരം കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. 2004 മുതല്‍ 2008 വരെ മേഖലയില്‍ 84ഉം 2008 മുതല്‍ 2011 വരെ 56ഉം ശിശുമരണങ്ങള്‍ നടന്നതായി രേഖകളുണ്ട്. ഗര്‍ഭിണികളുടെ പോഷകാഹാരക്കുറവ്, ഗര്‍ഭശൂശ്രൂഷകളുടെ അഭാവം, അമ്മമാരുടെ തുടര്‍ച്ചയായുള്ള പ്രസവം, ജനനവൈകല്യങ്ങള്‍, അണുബാധ, പ്രതിരോധശേഷിയില്ലായ്മ എന്നിവയാണ് ഇതിനു പ്രധാന കാരണങ്ങള്‍. പോഷകാഹാരക്കുറവിനോടൊപ്പം ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ജനിതക കാരണങ്ങളും മരണകാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നു. ശിശുമരണവിഷയത്തില്‍ 2001ല്‍ സി കെ ജാനുവിന്റെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭം നടന്നിരുന്നു. പിന്നീട് പ്രക്ഷോഭം ശക്തമായത് ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തായിരുന്നു. പ്രധാന മന്ത്രിയുടെ ഓഫീസ് തന്നെ വിഷയത്തിലിടപെട്ടു. പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള കര്‍ശനനടപടികള്‍ സ്വീകരിക്കണ മെന്ന് ഓഫീസ് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ആഹാരം കഴിക്കാത്തതും മദ്യപാനമടക്കമുള്ള പ്രശ്നങ്ങളുമാണ് ശിശുമരണങ്ങള്‍ക്കുള്ള പ്രധാന കാരണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിന് തിരിച്ചടിയായിരുന്നു കേന്ദ്രനിലപാട്. അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെയും ഒരു വയസിന് താഴെയുള്ള കുട്ടികളുടെയും കണക്കെടുക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ഐ.സി.ഡി.എസ് പദ്ധതിയില്‍ പെട്ട ഡോക്ടര്‍മാരും നഴ്സുമാരും ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ആദിവാസി ഊരുകളില്‍ പോയി വൈദ്യപരിശോധന നടത്തണം. പോഷകാഹാരക്കുറവുള്ളവരെ ആശുപത്രിയില്‍ എത്തിക്കണം. തുടര്‍ന്ന് താല്‍ക്കാലികമായ ചില പ്രഖ്യാപനങ്ങളും നടപടികളുമുണ്ടായി. എന്നാല്‍ ഇപ്പോഴും പരിഹരിക്കപ്പെടാത്ത ഒന്നായി ഈ വിഷയം തുടരുന്നു എന്നതാണ് വസ്തുത.

അട്ടപ്പാടിയുടെ ഇപ്പോഴത്തെ അവസ്ഥക്ക് നിരവധി കാരണങ്ങളുണ്ടെന്ന് സമീപകാലക്ക് സണ്ണി എം കപിക്കാടിന്റെ നേതൃത്വത്തില്‍ സാമൂഹ്യപ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും എല്ലാമടങ്ങുന്ന അന്വേഷണസംഘം വിലയിരുത്തിയിരുന്നു. പ്രതികൂലമായ കാലാവസ്ഥ, ശുദ്ധജലദൗര്‍ലഭ്യം, ആവാസവ്യവസ്ഥകളുടെ ശോഷണം, ശ്ചിത്വബോധവല്‍ക്കരണത്തിന്റെ കുറവ്, പരമ്പരാഗത ഭക്ഷ്യശീലത്തില്‍ നിന്നുള്ള മാറ്റം, ആധുനിക ചികിത്സാരീതികളോടുള്ള വിമുഖത, ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ കുറവ്, പോഷകാഹാരകുറവ്, ഒരു സൗകര്യവുമില്ലാത്ത കുടിലുകള്‍, ലഹരി ഉപയോഗം, പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പുള്ള വിവാഹങ്ങള്‍, ഗര്‍ഭകാല പരിചരണമില്ലായ്മ തുടങ്ങിയവയെല്ലാം അവയില്‍ ഉള്‍പ്പെടുന്നു. ചുരുക്കത്തില്‍ ശുദ്ധവായു, ശുദ്ധജലം, ആഹാരം, പാര്‍പ്പിടം എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ പോലും അവര്‍ക്ക് നിഷേധിച്ചിരിക്കുന്നു. അവയുടെയെല്ലാം തിരിച്ചുപിടിക്കലോടെ മാത്രമേ ഈ വിഷയത്തിനു ശാശ്വതപരിഹാരം സാധ്യമാകൂ. എന്നാലപ്പോഴും അടിയന്തിരമായ നടപടികള്‍ ആവശ്യമാണ്. എന്നാല്‍ ദീര്‍ഘകാല നടപടികളിലും ഹ്രസ്വകാല നടപടികളിലും മാറിമാറി് ഭരിച്ചവരെല്ലാം പരാജയമായിരുന്നു എന്നതായണ് വസ്തുത. വിശ്പ്പുമാരാതെ കൊലചെയ്യപ്പെട്ട മധുതന്നെ അതിനുള്ള സാക്ഷ്യം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അട്ടപ്പാടിയിലെ ആരോഗ്യപ്രശ്‌നങ്ങളുടെ ചര്‍ച്ചയില്‍ എപ്പോഴും ഉയര്‍ന്നു വരുന്ന പേരാണ് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടേത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ ആദ്യകാലത്ത് ഏറ്റവുമധികം പ്രകീര്‍ത്തിക്കപ്പെട്ട ഒന്നായിരുന്നു ഈ ആശുപത്രിയും അതിനു നേതൃ8ത്വം നല്‍കിയിരുന്ന ഡോക്ടര്‍ പ്രഭുദാസും. എന്നാല്‍ അതെല്ലാം കേവലം പ്രചരണങ്ങള്‍ മാത്രമായിരുന്നു എന്നധികം താമസിയാതെ ബോധ്യമായി. പൊതുവില്‍ നാട്ടുകാര്‍ക്ക് സ്വീകാര്യനായിരുന്ന പ്രഭുദാസ് സര്‍ക്കാരിനു ശത്രുവായി. സത്യത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ഈ ആശുപത്രിയില്‍ പ്രധാനമായും നടക്കുന്നത് മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുക എന്നതാണ്. അതാകട്ടെ പ്രധാനമായി സെിപിഎം നിയന്ത്രണത്തിലുള്ള പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയിലേക്ക്. കോട്ടത്തറ ആശുപത്രിയുടെ വികസനത്തിനായുള്ള ഫണ്ട് അങ്ങോട്ടുനല്‍കുകയും ചെയ്യുന്നു. ഫലത്തില്‍ ചികിത്സക്കായി ഇത്രയും കിലോമീറ്റര്‍ വരേണ്ട ഗതികേടിലാണ് ആദിവാസികള്‍. അല്ലെങ്കില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക്. ഗര്‍ഭിണികള്‍ക്ക് അനിവാര്യമായ സൗകര്യങ്ങള്‍ പോലും കോട്ടത്തറയില്‍ ഇല്ല എന്നതില്‍ നിന്നുതന്നെ എന്തുകൊണ്ട് നവജാത ശിശുമരണങ്ങള്‍ അവസാനിക്കുന്നില്ല എന്നത് വ്യക്തമാണല്ലോ. ഈ കുറിപ്പെഴുതുമ്പോള്‍ കാണുന്ന വാര്‍ത്ത, വെള്ളമില്ലാത്തതിനാല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ മുടങ്ങുന്നുവെന്നും രോഗികളെ പാലക്കാട് ആശുപത്രികളിലേക്ക് വിടുന്നു എന്നും പലരും ഡിസ്ചാര്‍ജ്ജ് വാങ്ങി പോകുന്നു എന്നുമാണ്. ആശുപത്രിയുടെ ചില ഭാഗങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിട്ടുമുണ്ട്.

കോട്ടത്തറ ആശുപത്രിയില്‍ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളെകുറിച്ച് അന്വേഷണസംഘം സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റഫര്‍ ചെയ്യുന്ന പരിപാടി അവസാനിപ്പിക്കുക, സീനിയര്‍ ഡോക്ടര്‍മാരേയും ഗൈനക്കോളജിസ്റ്റിനേയും പിഡിയാട്രീഷനേയും റേഡിയോളസ്റ്റിനേയും ടെക്‌നിഷ്യന്‍മാരേയും നിയമിക്കുക, ഇരുപത്തിനാലുമണിക്കൂറും സേവനവും ഐസിയുവും ലഭ്യമാക്കുക, ബ്ലഡ് ബാങ്ക് ആരംഭിക്കുക തുടങ്ങിയവയാണതില്‍ പ്രാധാനം. കൂടാതെ സാമൂഹ്യ അടുക്കള സജീവമാക്കുക, അതില്‍ ആദിവാസി പ്രതിനിധികളുടെ നിയന്ത്രണം ഉറപ്പാക്കുക, എല്ലാ ഇഊരുകളിലും ശുദ്ധജലം ഉറപ്പാക്കുക, കൃ8ഷിത്തോട്ടങ്ങള്‍ ഉണ്ടാക്കുക, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പാല്‍, മുട്ട, മാംസം, പഴങ്ങള്‍ എന്നിവ ഉറപ്പാക്കുക, ഊരുകളില്‍ ആരോഗ്യപ്രവര്‍ത്തകുടെ സന്ദര്‍ശനവും ക്ലാസുകളും സംഘടിപ്പിക്കുക, കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററും പ്രൈമറി ഹെല്‍ത്ത് സെന്ററുകളും മൊബൈല്‍ യൂണിറ്റുകളും സജീവമാക്കുക, പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമാക്കി, ഒരു ബ്ലോക്ക് ആദിവാസികള്‍ക്കായി മാറ്റിവെക്കുക എന്നിങ്ങനെുപോകുന്നു മറ്റു നിര്‍ദ്ദേശങ്ങള്‍. തീര്‍ച്ചയായും ആരോഗ്യമേഖലയില്‍ കുറെ കാര്യങ്ങള്‍ ചെയ്താല്‍ പരിഹരിക്കപ്പെടുന്നതല്ല അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്‌നങ്ങള്‍. ഫലത്തില്‍ അവിടെ നടക്കുന്നത് വംശഹത്യ തന്നെയാണ്. അതവസാനിപ്പിക്കാന്‍ സമസ്ത മേഖലകളിലും പ്രതിബദ്ധതയോടെയുള്ള ഇടപെടലുകളാണ് കാലം ആവശ്യപ്പെടുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply