ടിപ്പു സുല്‍ത്താന്‍ വരുംകാലങ്ങളില്‍ മുന്‍ധാരണകളില്ലാതെ വായിക്കപ്പെടും
പകലന്തിയോളം പാടത്തും പറമ്പിലും പണി ചെയ്ത് വിതക്കുന്നത് മുഴുവന്‍ ജന്മിമാരും ശിങ്കിടികളും തട്ടിയെടുക്കുമ്പോള്‍ ഭരണം കയ്യാളുന്ന വെള്ളക്കാരന്‍ ജന്മിക്ക് വേണ്ടി വക്കാലത്ത് പറയുന്ന അവസ്ഥയായിരുന്നു അന്ന്. മലബാറില്‍ ആദ്യമായി കൃഷി ഭൂമി കര്‍ഷകന് എന്ന മുദ്രാവാക്യമുയര്‍ത്തിയത് ടിപ്പുവായിരുന്നു. കാണം നിയമങ്ങള്‍ സമഗ്രമായി ആ ഭരണാധികാരി മാറ്റിയെഴുതി. ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ റവന്യൂ ഉദ്യോഗസ്ഥന്മാരെ നിയമിച്ചു.കര്‍ഷകന്റെ അദ്ധ്വാനത്തില്‍ കയ്യിട്ടുവാരുന്ന പ്രവണത നിരോധിച്ചു. പാട്ടക്കുടിയാന്‍മാരില്‍ നിന്നും കാണക്കുടിയാന്‍മാരില്‍ നിന്നും അവരുടെ മുതുകൊടിക്കുന്ന നികുതി വാങ്ങുന്ന സമ്പ്രദായം ടിപ്പുനിര്‍ത്തലാക്കി. ഇതെല്ലാം ജന്മിത്വത്തിന്റെ വെറുപ്പ് സമ്പാദിക്കാന്‍ ഇടയാക്കിയ തീരുമാനങ്ങളായിരുന്നു. മൂന്നു നേരം മെയ്യനങ്ങാതെ മൂക്കു മുട്ടെ തിന്ന് ഇല്ലങ്ങളില്‍ അന്തിയുറങ്ങിയ സവര്‍ണ്ണ ജന്മിത്വത്തിന്റെ നിലനില്‍പ്പാണ് അന്ന് ചോദ്യം ചെയ്യപ്പെട്ടത്.
ഒരിക്കല്‍ കൂടി ടിപ്പുസുല്‍ത്താനെതിരായ സംഘടിതമായ അക്രമണം സജീവമായ സാഹചര്യത്തില്‍ ചരിത്രപരമായ ഒരു പുനര്‍ വായന
ചരിത്രത്തില്‍ ടിപ്പുവിനോളം അവമതി നേരിട്ട മറ്റൊരു ഭരണാധികാരിയില്ല എന്നത് ഒരു വെറും വാക്കല്ല. ശുഭ്രവസ്ത്രധാരികളായ പാതിരിമാര്‍ പോലും ഇന്ന് കഥയറിയാതെ ആട്ടം കാണുകയാണ്. കൊളോണിയല്‍ ചരിത്രകാരന്മാര്‍ പടച്ചുവിട്ട പെരുംനുണകള്‍ അണ്ണാക്കു തൊടാതെ വിഴുങ്ങുന്ന സവര്‍ണ്ണ ഫാസിസ്റ്റ് ജല്‍പനം മനസിലാക്കാം, അവരുടെ ആഢ്യത്ത്വത്തിനും ചൂഷണ ത്തിനുമെതിരെ ആദ്യം വാള്‍ ചുഴറ്റിയത് ടിപ്പുവായിരുന്നുവല്ലോ. പക്ഷെ മതേതര കാഴ്ചപ്പാടുള്ളവരെന്ന് വ്യവഹരിക്കപ്പെടുന്ന ലിബറല്‍ എഴുത്തുകാരി ല്‍ പലരും ഇന്നും ഈ പച്ചനുണകള്‍ക്ക് അടിവരയിടുന്നത് കണ്ടിട്ടുണ്ട്.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ജീവന്‍ തൃണവല്‍ക്കരിച്ചു പൊരുതി അടര്‍ക്കളത്തില്‍ അടരാടി വീണ ഈ ധീര രക്തസാക്ഷിയെ ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം നീചനും നിഷ്ടൂരനും ക്ഷേത്രധ്വംസകനും വര്‍ഗ്ഗീയ വാദിയുമായാണ് ചിത്രീകരിച്ചു പോന്നിരുന്നത്. എന്നാലിന്ന് ടിപ്പു വിരോധ ത്തിന് പിന്നിലുള്ള സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ ഏറെക്കുറേ പുനര്‍ വായിക്കപ്പെട്ട് തുടങ്ങിയിട്ടുണ്ട് എന്നത് സ്വാഗതര്‍ഹമാണ്. അതിനിടക്കാണ് വംശീയത തലക്കുപിടിച്ച പുത്തന്‍പുരക്കലച്ഛനെ പോലുള്ള സംഘ് പരിവാറിന്റെ അഞ്ചാം പത്തികള്‍ നാട്ടില്‍ വിഷം ചീറ്റുന്നത്. സത്യത്തില്‍ സാമ്രാജ്യത്വത്തിന്റെ വെട്ടിപ്പിടുത്തതാല്‍പ്പര്യങ്ങളോട് ഏറ്റവും ശക്തമായി പോര്‍ക്കളത്തിലിറങ്ങിയ ഇന്ത്യയിലെ ഒരേ ഒരു ഭരണാധികാരി ടിപ്പു സുല്‍ത്താന്‍ മാത്രമായിരുന്നു.
ഹൈദര്‍ മരണപ്പെടുമ്പോള്‍ ബ്രിട്ടീഷ് ഭരണത്തിന്റെ കരാളഹസ്തങ്ങള്‍ പിറന്ന മണ്ണിനെ മുച്ചൂടും ഗ്രസിച്ചു കഴിഞ്ഞിരുന്നു. മുഗള്‍ സമ്രാജ്യം ഊര്‍ദ്ധശ്വാസത്താല്‍ വീര്‍പ്പുമുട്ടുന്ന അവസ്ഥ. വിജയനഗര സാമ്രാജ്യത്തിന്റെ സര്‍വ്വ ഐശ്വര്യങ്ങളും അസ്തമിച്ചിരുന്നു. സ്ഥാപിത താല്‍പര്യക്കാരായ മറ്റു നാട്ടുരാജ്യങ്ങള്‍ക്ക് തങ്ങളുടെ സാമ്രാജ്യം നിലനിര്‍ത്തുക എന്നതില്‍ കവിഞ്ഞ സ്വപ്നങ്ങളൊന്നുമില്ലായിരുന്നു താനും. അപ്പപ്പോഴത്തെ നിലനില്‍പ്പിനു വേണ്ടി അവര്‍ ഏത് നീക്കുപോക്കിനും സന്നദ്ധരായിരുന്നു; ആരുമായും കൂട്ട് ചേരാനും. ടിപ്പുവാകട്ടെ മാതൃഭൂമിയെ സംരക്ഷിക്കുക എന്നതാണ് തന്റെ ദൗത്യം എന്ന് ഉറച്ചു വിശ്വസിച്ചു.
ബ്രിട്ടന്റെ എച്ചിലിനു വേണ്ടി ഹൈദരബാദിലെ നൈസാമും ആര്‍ക്കോട്ട് നവാബും ബീജാപ്പൂര്‍ സുല്‍ത്താനും മറാഠരും വരിനിന്നപ്പോള്‍ ഒരിക്കല്‍ പോലും സാമ്രാജ്യത്ത്വത്തോട് രാജിയാവുന്നതിനെക്കുറിച്ച് ടിപ്പു സുല്‍ത്താന്‍ ചിന്തിച്ചില്ല എന്നത് അദ്ദേഹത്തെ മറ്റു ഭരണാധികാരികളില്‍ നിന്ന് വേര്‍തിരിക്കുന്ന ഒന്നാമത്തെ കാര്യമാണ്. രണ്ടാമത്തെ കാര്യം ബ്രിട്ടന്റെ ശത്രു പട്ടികയിലെ ഒന്നാം നമ്പര്‍ പേര് ടിപ്പുവിന്റേതായിരുന്നു എന്നതാണ്. ആള്‍ബലം കൊണ്ടും ആയുധം കൊണ്ടും മുന്നിട്ടു നിന്ന വെള്ളക്കാരന് മൂന്ന് യുദ്ധങ്ങളിലും മൈസൂരിനോട് അടിയറവ് പറയേണ്ടി വന്നു. ഒടുവില്‍ സര്‍വ്വ സന്ധി വ്യവസ്ഥകളും കാറ്റില്‍ പറത്തി ഉപജാപങ്ങളും ചതിയും വഞ്ചനയും വേണ്ടി വന്നു മൈസൂര്‍ സിംഹത്തെ നേരിടാന്‍. അതു കൊണ്ടാണ് ടിപ്പുയുദ്ധക്കളത്തില്‍ വെടിയേറ്റു വീണപ്പോള്‍ ‘ ഇന്ത്യ ഇന്ന് നമ്മുടേതായി’ എന്ന് ബ്രിട്ടീഷ് ജനറല്‍ ഹാരീസ് ആര്‍ത്തുവിളിച്ചത്. ആയുധങ്ങളുടെ മേന്മ കൊണ്ടും സൈന്യത്തിന്റെ ബാഹുല്യം കൊണ്ടും സാമ്പത്തികമായും അന്ന് മൈസൂര്‍ മുന്നിട്ടു നിന്നു. ടിപ്പുവിന്റെ കാലത്ത് ബ്രിട്ടന്റെ ജീവിത നിലവാരമായിരുന്നു മൈസൂര്‍ സാമ്രാജ്യത്തില്‍ എന്നതിന് ചരിത്ര രേഖകള്‍ സാക്ഷിയാണ്.
വൈദിക ബ്രാഹ്മണ്യത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട സംഘ് പരിവാര്‍ ശക്തികളുടെ വംശീയ കാഴ്ചപ്പാടുകള്‍ക്ക് മേല്‍ക്കൈ ലഭിച്ചതിന് ശേഷമിപ്പോള്‍ കര്‍ണ്ണാടകയില്‍ പോലും ടിപ്പുവിരോധം അലയടിക്കുകയാണ്. ചരിത്രത്തിന് പിന്തിരിഞ്ഞു നിന്നുകൊണ്ടുള്ള ഈ അപരവല്‍ക്കരണത്തിന് പിന്നില്‍ ടിപ്പുവിന്റെ മലബാര്‍ ആക്രമണമാണ് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. തന്റെ രാജ്യതിര്‍ത്തിയില്‍ ഹിന്ദു മുസ്ലിം മൈത്രിക്ക് ഉയര്‍ന്ന പരിഗണന നല്‍കിയ ടിപ്പു ഒരു പക്ഷെ ഒരു ഹിന്ദു ഭരണാധികാരിയായിരുന്നെങ്കില്‍ ഇത്ര ഭര്‍ത്സനം കേള്‍ക്കേണ്ടി വരില്ലായിരുന്നു
എന്നത് ഒരു വസ്തുതയായി അവശേഷിക്കുന്നു. മാത്രമല്ല ,ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടങ്ങളില്‍ അദ്ദേഹത്തിന്റെ നാമം തങ്കലിപികളാല്‍ എഴുതി ചേര്‍ക്കപ്പെടുമായിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ വൈദേശികരുടെ സാമ്രാജ്യത്വ മോഹങ്ങള്‍ക്ക് മുന്നിലുള്ള ഏറ്റവും വലിയ വിലങ്ങുതടി ടിപ്പുവായിരുന്നു.
തന്റെ കൊട്ടാരത്തിന് വിളിപ്പാടകലെയുളള രംഗനാഥസ്വാമി ക്ഷേത്രത്തിലെ മണിനാദം കേട്ടു വളര്‍ന്ന ടിപ്പുവിനുള്ളില്‍ വിഭാഗീയതയുണ്ടെങ്കില്‍ അധികാരവും കൈക്കരുത്തും തന്റെ കൈവശമുള്ള കാലത്ത് സുല്‍ത്താന്‍ അത്തരം നീതികേടുകള്‍ എന്ത് കൊണ്ട് ചെയ്തില്ല എന്നതിന് മറുപടി ലഭിക്കണം. ഈ ഒരു ക്ഷേത്രത്തോട് മാത്രമായിരുന്നില്ല ടിപ്പുവിന് മമത. മൈസൂരിലെ നരസിംഹ ക്ഷേത്രം, നെഞ്ചന്‍കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രം കലാലെയിലെ ലക്ഷമീകാന്ത ക്ഷേത്രം മുതലായവ അദ്ദേഹത്തിന്റെ സഹായം ലഭിച്ച ദേവാലയങ്ങളില്‍ ചിലത് മാത്രം. ഇതിനൊക്കെ പുറമെ ടിപ്പു തന്റെ കോട്ടക്കുള്ളില്‍ പോലും ക്ഷേത്രം നിലനിര്‍ത്തിയിരുന്നു.
മറാഠാ നേതാവ് പുരുഷോത്തം ബാബുവിന്റെ നേതൃത്വത്തില്‍ ഒരിക്കല്‍ ശൃംഗേരി മഠം തകര്‍ത്ത് കൊള്ള ചെയ്തപ്പോള്‍ സഹായ ഹസ്തവുമായി അദ്ദേഹത്തെ ചെന്ന് കണ്ട് തന്റെ സങ്കടം അറിയിക്കുക മാത്രമല്ല ടിപ്പു ചയ്തത്. പുനര്‍ നിര്‍മ്മിതിക്കാന്‍ വേണ്ട എല്ലാ സഹായവും ആ ഭരണാധികാരി നല്‍കി. ക്ഷേത്രത്തിലെ വിഗ്രഹം പുനപ്രതിഷ്ടക്ക ശേഷം പ്രസാദവും വാളും അദ്ദേഹം ടിപ്പുവിന്‌കൊടുത്തയക്കുകയാണുണ്ടായത്. നന്ദി സൂചകമായി സുല്‍ത്താന്‍ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള പട്ടുതുണികള്‍ തിരികെ കൊടുത്തയച്ചു.അതിന് ശേഷം ടിപ്പു മഠാധിപതിക്ക് ഇങ്ങനെഎഴുതി: ‘അങ്ങ് ജഗദ് ഗുരുവാണ്. ജനങ്ങളുടെ സന്തോഷത്തിനും ലോകത്തിന്റെ അഭിവൃദ്ധിക്കും വേണ്ടി അങ്ങ് സദാ തപസ്ശ്ചര്യ അനുഷ്ഠിക്കുന്നു. നമുക്കും നമ്മുടെ ജനങ്ങള്‍ക്കും വേണ്ടി അങ്ങ് സദാ ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുക. അങ്ങയെ പോലുള്ള പുണ്യാത്മാക്കള്‍ ഏത് സ്ഥലത്ത് അധിവസിക്കുന്നുവോ അവിടം നല്ല കൃഷിയും മഴയും മൂലം അഭിവൃദ്ധിപ്പെടും ‘ *
അതേ സമയം ബ്രിട്ടീഷ് മേധാവികള്‍ക്ക് മുന്നില്‍ ടിപ്പുവിനോളം തലയുയര്‍ത്തി നിന്ന മറ്റൊരു ഭരണാധികാരിയെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കില്ല. അദ്ദേഹം തലശേരി ഫാക്റ്റര്‍ക്ക് എഴുതിയ കത്ത് കാണുക: ‘താങ്കള്‍ ഒരു നല്ല ആളല്ല. നാട്ടുകാരോടും നാട്ടുരാജാക്കന്മാരോടും വഞ്ചനയും ചതിയും നടത്തുന്ന ആളാണ് നിങ്ങള്‍. അങ്ങയുടെ സൈന്യത്തേക്കാള്‍ ഏറെ മെച്ചമുള്ള ഒരു സൈന്യം എനിക്കുണ്ട്.’** ഏത് ഭരണാധികാരിക്കാണ് ഇവ്വിധം നെഞ്ചു വിരിച്ച് ബ്രിട്ടീഷുകാരോട് പറയാന്‍ ധൈര്യമുണ്ടായിരിക്കുക.
അറക്കല്‍ രാജവംശത്തിന്റെ ക്ഷണമനുസരിച്ചാണ് ടിപ്പു ആയിരത്തി എഴുനൂറ്റി അറുപത്തിയാറില്‍ മലബാറിലേക്ക് കാലെടുത്തുവെക്കുന്നത്. അന്ന് മലബാറിനെക്കുറിച്ച് അദ്ദേഹത്തിന് താല്‍പ്പര്യമുണ്ടാവാന്‍ കേവലം സുഗന്ധവ്യഞ്ജനങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ മാത്രമല്ല കാരണം എന്ന് പഴയ ചരിത്രം നോക്കിയാല്‍ മനസിലാക്കാം. പഴകിയ ഒരു ഇടപാടിന്റെ കഥ വെട്ടിപ്പിടിത്തങ്ങള്‍ക്ക് ഒരു കാരണമായി എന്ന് വേണമെങ്കില്‍ പറയാം. അഥവാ ഒരുപക്ഷെ ആയിരത്തിത്തൊള്ളായിരത്തി നാല്‍പ്പത്തിയാറില്‍ പാലക്കാട്ടെ കോമീ അച്ഛന്‍ എന്ന രാജാവിന്റെ നടുവട്ടം പ്രദേശത്തെ സാമൂതിരി രാജാവ് ആക്രമിച്ചില്ലായിരുന്നുവെങ്കില്‍ ടിപ്പുവിന്റെ പേരില്‍ മലയാളികള്‍ ഇന്ന് വെച്ചു കെട്ടിയ പല നുണക്കോട്ടകള്‍ക്കും പ്രസക്തി തന്നെ ഉണ്ടാവുമായിരുന്നില്ല എന്ന് കരുതണം. കാരണം, കോമീ അച്ഛനാണ് ആദ്യമായി ടിപ്പുവിന്റെ പിതാവ് ഹൈദരിനെ കേരളത്തിലേക്ക് ക്ഷണിക്കുന്നത്. തന്റെ അധീനതയിലുള്ള നടുവട്ടം പ്രദേശം സാമൂതിരി കൈവശപ്പെടുത്തിയത് തിരിച്ചുപിടിക്കാന്‍ തനിക്ക് സാമന്ത പദവി നല്‍കിയ കൊച്ചി രാജാവ് വിമുഖത കാണിച്ച സന്ദര്‍ഭത്തിലാണ് സ്വന്തം നിലനില്‍പ്പിന്റെ ആധിയില്‍ അദ്ദേഹം അന്ന് ദിണ്ഡിക്കല്‍ ഗവര്‍ണറായ ഹൈദറിനോട് സഹായം തേടുന്നത്. ഹൈദര്‍ സ്വന്തം അളിയന്‍ മഖ്ദൂംസാഹിബി നോട് കോമി അച്ഛനെ സഹായിക്കാന്‍ ആവശ്യപ്പെടുന്നു. അയ്യായിരം കാലാള്‍പടയും രണ്ടായിരം കുതിരപ്പടയുമായി മഖ്ദൂം സാഹിബ് ദിവസങ്ങള്‍ക്കകം നടുവട്ടത്ത് നിന്ന് സാമൂതിരി സെന്യത്തെ തുരത്തുന്നു. പന്ത്രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരമാണ് അന്ന് സാമൂതിരിയോട് ഹൈദര്‍ ആവശ്യപ്പെടുന്നത്. തല്‍ക്കാലം ഒരു ലക്ഷം രൂപ നല്‍കി അവരെ പിരിച്ചയച്ച സാമൂതിരി ബാക്കിപണം വൈകാതെ തരാമെന്ന് പറഞ്ഞാണ് തല്‍ക്കാലം തിരിച്ചയക്കുന്നത്. ഈ പണം തിരിച്ചുപിടിക്കുക എന്ന ഒരുദ്ദേശ മാണ് മനസിലാക്കിയിടത്തോളം മലബാറിലേക്കുള്ള ഹൈദരിന്റെ വരവിന് പിന്നില്‍.
സുഗന്ധവിളകളുടെ ഈറ്റില്ലമായ മലബാറിനെ വൈദേശികരായ ബ്രിട്ടീഷുകാര്‍ മുതലെടുക്കുന്നത് കണ്ട മൈസൂര്‍ ഭരണാധികാരി ഹൈദര്‍ക്ക് തന്റെ സാമ്രാജ്യം വികസിപ്പിക്കാനുള്ള മോഹം ഉള്ളില്‍ ഉദിച്ചിരിക്കാം. പക്ഷെ ഹൈദറിനെ തുടര്‍ന്ന് ഭരണം കയ്യേറ്റ ടിപ്പുവിനെ അതിനേക്കാള്‍ അസ്വസ്ഥനാക്കിയത് കേരളത്തിലെ ഉച്ഛനീചത്വങ്ങളും അനാസ്ഥശ്യ പ്രവണതകളുമായത് സ്വാഭാവികം. ചെറുപ്പം മുതല്‍ ഇസ്ലാമിക സദാചാര മര്യാദകള്‍ പഠിച്ചു വളര്‍ന്ന, സാംസ്‌കാരികമായി അവരേക്കാള്‍ എത്രയോ മുന്നില്‍ നിന്ന ടിപ്പുവിന് മാറുമറക്കാത്ത പെണ്ണുങ്ങളും ജന്മിത്വത്തിന്റെ പീഡനത്തില്‍ വീര്‍പ്പുമുട്ടുന്ന ജനങ്ങളും അലട്ടിയിരിക്കാം. നായര്‍ സത്രീകള്‍ എട്ടും പത്തും പുരുഷന്മാരോടൊത്ത് വേഴ്ച നടത്തുന്നതും അദ്ദേഹത്തിന്റെ മൂല്യബോധത്തില്‍ വളരെ മോശമായി തോന്നിയിരിക്കാം. കേരളത്തിലെ ഈ അനാശാസ്യ പ്രവണകള്‍ക്ക് മേല്‍ കത്തിവെച്ചത് ടിപ്പുവാണെന്ന് എതിരാളികള്‍ പോലും സമ്മതിച്ച വസ്തുതയാണ്. അവ്വിധം സാമൂഹിക അവസ്ഥകള്‍ക്കെതിരെ പൊരുതിയതും അദ്ദേഹത്തെ തേജോവധം ചെയ്യാന്‍ ഒരു കാരണമാവാം. വര്‍ഷങ്ങളായി മാപ്പിള കീഴാള വര്‍ഗ്ഗങ്ങളില്‍ ജന്മികള്‍ക്കുണ്ടായിരുന്ന ആധിപത്യത്തിന്റെ കടക്കല്‍ കത്തി വെച്ചാണ് ടിപ്പു പിന്‍വാങ്ങിയതെങ്കിലും ആ നന്മകള്‍ ഇന്നും ഇവിടെ അവശേഷിക്കുന്നു എന്നതില്‍ നാം ആ ഭരണാധികാരിക്ക് നന്ദി പറയണം. മാത്രമല്ല ,സവര്‍ണ്ണ ജന്മിത്വത്തിന്റെ നുഖക്കീഴിലമരുന്ന മലബാറിലെ കീഴാള ജനങ്ങളുടെ കഷ്ടപ്പാടുകളും അദ്ദേഹത്തെ സ്വധീനിച്ചിരിക്കാം.
പകലന്തിയോളം പാടത്തും പറമ്പിലും പണി ചെയ്ത് വിതക്കുന്നത് മുഴുവന്‍ ജന്മിമാരും ശിങ്കിടികളും തട്ടിയെടുക്കുമ്പോള്‍ ഭരണം കയ്യാളുന്ന വെള്ളക്കാരന്‍ ജന്മിക്ക് വേണ്ടി വക്കാലത്ത് പറയുന്ന അവസ്ഥയായിരുന്നു അന്ന്. മലബാറില്‍ ആദ്യമായി കൃഷി ഭൂമി കര്‍ഷകന് എന്ന മുദ്രാവാക്യമുയര്‍ത്തിയത് ടിപ്പുവായിരുന്നു. കാണം നിയമങ്ങള്‍ സമഗ്രമായി ആ ഭരണാധികാരി മാറ്റിയെഴുതി. ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ റവന്യൂ ഉദ്യോഗസ്ഥന്മാരെ നിയമിച്ചു.കര്‍ഷകന്റെ അദ്ധ്വാനത്തില്‍ കയ്യിട്ടുവാരുന്ന പ്രവണത നിരോധിച്ചു. പാട്ടക്കുടിയാന്‍മാരില്‍ നിന്നും കാണക്കുടിയാന്‍മാരില്‍ നിന്നും അവരുടെ മുതുകൊടിക്കുന്ന നികുതി വാങ്ങുന്ന സമ്പ്രദായം ടിപ്പുനിര്‍ത്തലാക്കി. ഇതെല്ലാം ജന്മിത്വത്തിന്റെ വെറുപ്പ് സമ്പാദിക്കാന്‍ ഇടയാക്കിയ തീരുമാനങ്ങളായിരുന്നു. മൂന്നു നേരം മെയ്യനങ്ങാതെ മൂക്കു മുട്ടെ തിന്ന് ഇല്ലങ്ങളില്‍ അന്തിയുറങ്ങിയ സവര്‍ണ്ണ ജന്മിത്വത്തിന്റെ നിലനില്‍പ്പാണ് അന്ന് ചോദ്യം ചെയ്യപ്പെട്ടത്. അതിനു പുറമെ കീഴാളന്റെ പെണ്ണിനെ ഏത് നേരവും കേറിപ്പിടിച്ച് കാമപൂര്‍ത്തീകരണം നടത്തുന്ന കിരാതത്വവും നിര്‍മാര്‍ജനം ചെയ്യപ്പെട്ടു. മാറുമറച്ചു മുന്നില്‍ വരുന്ന പെണ്‍ പിറന്നവരെ ഇടിച്ചും തൊഴിച്ചും പുലഭ്യം പറയുന്ന ശീലവും മാറ്റാന്‍ നിര്‍ബന്ധിതരായി. ഏഴാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലും ആന്ധ്രയില്‍ നിന്ന് കുടിയേറി ഇവിടത്തെ ശൈവ ബൗദ്ധ വിഭാവങ്ങളെ പീഡിപ്പിച്ചും അപരവല്‍ക്കരിച്ചും വരുതിയിലാക്കിയ കീഴാളന്റെ സമ്പത്ത് ബ്രഹ്മസ്വത്തിലേക്ക് മുതല്‍കൂട്ടിയ സവര്‍ണ്ണന് നേരെയുള്ള ഉടവാളുമായാണ് ടിപ്പു കടന്നു വന്നത്. ഇത്തരം നെറികേടുകള്‍ക്ക് സാധൂകരണം കണ്ടെത്താന്‍ വേദങ്ങള്‍ മറിക്കുമ്പോഴും അവര്‍ നടക്കുന്ന വഴികളുടെ തീണ്ടാപ്പാട് അവര്‍ക്ക് പ്രവേശനാനുമതി നിഷേധിക്കപ്പെട്ടിരുന്നു. അവര്‍ക്ക് പാത്രങ്ങളില്‍ ഭോജനം പാടില്ലായിരുന്നു.അവര്‍ക്ക് ഉപ്പ് എന്ന വാക്യം ഉപയോഗിച്ചു കൂടായിരുന്നു.പുളിച്ചത് എന്ന് പറയാതെ ഉപ്പ് എന്ന് പറഞ്ഞതിന് ഒരു കീഴാളനെ തല്ലിക്കൊന്ന നാടാണിത്.
ടിപ്പുവിന്റെ മത ഭ്രാന്തുകള്‍ എന്ന കൊളോണിയല്‍ ജല്‍പ്പനം കല്ലുവെച്ച നുണകളായിരുന്നുവെന്ന് ഇന്ന് ചരിത്ര ലോകം അംഗീകരിക്കുന്നു. സാമൂഹിക ജീര്‍ണ്ണതയുടെ പാരമ്യത്തില്‍ നില്‍ക്കുന്ന ഒരു ജനതയെ വിമോച്ചിപ്പിച്ചു എന്നതിലപ്പുറം ടിപ്പുവിനെതിരെയുള്ള അത്തരം ആരോപണങ്ങള്‍ ഇന്ന് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. സവര്‍ണ്ണ ജന്മിമാരുടെ സ്ഥാപിത താല്‍പ്പര്യങ്ങളും
സുല്‍ത്താന്റെ ആധിപത്യത്തില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. കാണം വ്യവസ്ഥകള്‍ മേല്‍ ചാര്‍ത്ത് തുടങ്ങി അവരുടെ പീഢനങ്ങളില്‍ നിന്ന് കേരളീയ
ജനതയെ രക്ഷിച്ചെടുത്തതില്‍ ടിപ്പുവിന് നന്ദി പറയുകയാണ് നാം ചെയ്യേണ്ടത്. സവര്‍ണ്ണ ഭൂസ്വാമിമാരെ പിണക്കിയതിന് അദ്ദേഹത്തിന് ജന്മിമാര്‍ ചാര്‍ത്തിക്കൊടുത്ത ശിക്ഷയാണ് സത്യത്തില്‍ അദ്ദേഹത്തെ ക്ഷേത്ര ധ്വംസകനായി പരസ്യപ്പെടുത്തിയത്. മതപരമായ പക്ഷപാതിത്തങ്ങളാണ് ടിപ്പുവിനെ നയിച്ചതെങ്കില്‍ ഉണ്ണി മൂസ ചെമ്പന്‍പോക്കര്‍ തുടങ്ങി മുസ്ലിം ഭൂപ്രമാണിമാരും അദ്ദേഹത്തിന്റെ നയങ്ങള്‍ക്കെതിരെ പോരാടിയിട്ടുണ്ട്. അതിനര്‍ത്ഥം ടിപ്പുവിന്റെ ഭൂനിയമങ്ങള്‍ ജാതിഭേദമന്യേ ഭൂപ്രമാണിമാരെ മുഴുവന്‍ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട് എന്ന് തന്നെയാണ്. ഇനി ഈ വാദം അംഗീകരിച്ചാല്‍ തന്നെ ഗുരുവായൂര്‍ ക്ഷേത്രത്തിന് എണ്ണായിരം പഗോഡയും നാല്‍പത്തി ആറേക്കര്‍ നെല്‍പാടവും നാനൂറ്റി അന്‍പത്തെട്ട് ഏക്കര്‍ തോട്ട ഭൂമിയും നല്‍കിയ അക്കാലത്തെ രേഖകള്‍ ഇന്നും നമ്മുടെ മുന്നിലുണ്ട് . ആയിരത്തി എഴുനൂറ്റി തൊണ്ണൂറ്റിയൊന്നില്‍ ശൃംഗേരി മഠം മറാഠരാല്‍ കൊള്ള ചെയ്യപ്പെട്ടപ്പോള്‍ ദേവി ബിംബം പുനസ്ഥാപിക്കാന്‍ ആയിരം ബ്രാഹ്മണര്‍ക്ക് ആഹാരം കൊടുക്കാന്‍ ടിപ്പുധനസഹായം നല്‍കിയതും മറ്റും***ഏത് ഗണത്തിലാണ് നാം ഉള്‍കൊള്ളിക്കുക എന്ന ചോദ്യമുണ്ട്. ഗുരുവായൂരമ്പല
ത്തിന് മാത്രമല്ല മലബാറില്‍ അദ്ദേഹത്തിന്റെ സഹായം ലഭിച്ചത് എന്നും ഓര്‍ക്കണം. കോഴിക്കോട് തളിക്ഷേത്രത്തിന് പോലും ടിപ്പുവിന്റെ സഹായം
ലഭിച്ചിട്ടുണ്ട്. ഇതൊക്കെ കൂടാതെ കേരളത്തില്‍ മൊത്തം അന്‍പത്താറു ക്ഷേത്രങ്ങള്‍ക്ക് നികുതിയില്ലാതെ ഭൂമി പതിച്ചു നല്‍കിയ രേഖകള്‍ ഇന്നും
കോഴിക്കോട് കലക്റ്ററേറ്റിലെ ആര്‍ക്കൈവില്‍ ഇനാം രജിസ്റ്ററില്‍ കാണാം.****
ടിപ്പുവിന്റെ അക്രമങ്ങളെ കുറിച്ച് പറയപ്പെടുന്ന പല രേഖകളും പറഞ്ഞു കേട്ട കഥകള്‍ മാത്രമാണ്. അത്തരം ജല്‍പ്പന ചരിത്രങ്ങളുടെ ഉറവിടം പലപ്പോഴും ശൂന്യതയില്‍ ചെന്ന് മുട്ടുന്നത് കാണാം. ത്രി ശിവപേരൂര്‍ ജഗന്നാഥ ക്ഷേത്രം ടിപ്പു ആക്രമിച്ച് കൊള്ളചെയ്തു എന്നു പറയുന്നവര്‍ തന്നെ അടുത്ത വാക്യത്തില്‍ ക്ഷേത്രത്തില്‍ നിന്ന് ടിപ്പു ഒന്നും കൊണ്ടു പോയില്ല എന്ന് പറയുന്നു. കൂര്‍ഗി ല്‍ എഴുപതിനായിരം ആളുകളെ ഇസ്ലാമിലേക്ക് മാര്‍ഗ്ഗം കൂട്ടി എന്ന് പറയുന്നവര്‍ അന്ന് അതിന്റെ പകുതി ജനങ്ങള്‍ പോലും അവിടെ ഉണ്ടായിരുന്നില്ല എന്ന സത്യം മറച്ചുവെക്കുന്നു .അതുപോലെ ക്രിസ്ത്യന്‍ മതവിഭാഗങ്ങളെ നിഷ്ടൂരമായി കൊല ചെയ്ത് പുഴയിലെറിഞ്ഞ ഒരു കഥയുണ്ട്. അവസാനം വിവരണം നല്‍കുന്ന ആള്‍ തന്നെ ഇതെല്ലാം ഞാന്‍ കേട്ട കഥകളാണെന്ന് പറയുന്നു.*****
ചുരുക്കത്തില്‍ ടിപ്പുവില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട പല കഥകളുടേയും വസ്തുത ഇമ്മട്ടിലാണ്. മലബാറിന്റെ സമഗ്ര മേഖലയിലും തന്റെ പുതിയ
പരിഷ്‌കാരങ്ങള്‍ കൊണ്ട് ഈ നാട്ടിനെ ധന്യമാക്കിയ ടിപ്പു സുല്‍ത്താന്‍ വരും കാലങ്ങളില്‍ മുന്‍ധാരണകളില്ലാതെ വായിക്കപ്പെടും എന്ന് നമുക്കാശിക്കാം.
* 1916 ല്‍ ദിവാന്‍ നരസിംഹാചാര്യ വെളിപ്പെടുത്തിയ ടിപ്പുവിന്റെ എഴുത്തുകുത്തുകളില്‍ നിന്ന്.
** മലബാര്‍മാന്വല്‍,വില്യം ലോഗണ്‍ Vol .P453
*** ഡോസിക്കെ കരീം കേരള അണ്ടര്‍ ഹൈദരലി ആന്റ് ടിപ്പു സുല്‍ത്താന്‍ പേജ് 200-209
****മൊഹിബുള്‍ ഹസന്‍ ഹിസ്റ്ററി ഓഫ് ടിപ്പു സുല്‍ത്താന്‍ പേജ് 358/359
***** പി കെ ബാലകൃഷ്ണന്റെ ടിപ്പു സുല്‍ത്താന്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in