ഭാഗം 1 : പ്രധാനപ്പെട്ട അംബേദ്കര്‍ കൃതികളിലൂടെ

വിപ്ലവവും പ്രതിവിപ്ലവവും, ഗാന്ധി റാനഡെ ജിന്ന, ഗാന്ധിയും കോണ്‍ഗ്രസ്സും അസ്പൃശ്യര്‍ക്ക് വേണ്ടി എന്ത് ചെയ്തു, ബുദ്ധനും കാള്‍ മാര്‍ക്‌സും, ഭരണകൂടവും ന്യൂനപക്ഷങ്ങളും, ഹിന്ദു കോഡ് ബില്‍, ജാതിനിര്‍മ്മൂലനം എന്നീ അംബേദ്കര്‍ കൃതികളെ കുറിച്ചാണ് ഡോ വി ലക്ഷ്മീനാരായണ ലേഖനത്തിന്റെ ഒന്നാം ഭാഗത്തില്‍ പ്രതിപാദിക്കുന്നത്.

നാം ജീവിക്കുന്ന കാലഘട്ടത്തില്‍ അംബേദ്കര്‍ പൂര്‍വ്വാധികം ശ്രദ്ധാകേന്ദ്രം ആവുകയാണ്. ആര്‍ എസ് എസ്സുകാര്‍ മുതല്‍ കമ്മ്യൂണിസ്റ്റുകാര്‍ വരെയുള്ളവര്‍ അവരുടെ പരിപാടികളില്‍ അംബേദ്കറിനെ ഉള്‍ക്കൊള്ളിക്കുന്നതിന് വേണ്ടിയുള്ള തത്രപ്പാടിലാണ് ഇന്ന്. അംബേദ്കര്‍ ജീവിച്ചിരുന്ന കാലത്തേക്കാളും കൂടുതലായി ഇന്ന് ഇന്ത്യന്‍ ജനതയ്ക്കിടയില്‍ അദ്ദേഹത്തിന് സ്ഥാനവും സ്വീകാര്യതയും ഉണ്ട് .മുകള്‍ത്തട്ടിലുള്ള ഇന്ത്യന്‍ ഭരണവര്‍ഗ്ഗം മുതല്‍ താഴ്ത്തട്ടുകളിലെ അദ്ധ്വാനിക്കുന്ന ജനതയും ബഹുജനങ്ങളുംവരെ അംബേദ്കറില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നു. ആശയങ്ങളുടെ കാലികതയുടെ സാമാന്യദൃഷ്ടിയില്‍ നോക്കുമ്പോള്‍ ഇത് ഒരപൂര്‍വ്വതയാണ്. എന്തുകൊണ്ടാവാം അങ്ങനെ സംഭവിക്കുന്നത്? ഇന്ന് നമ്മള്‍ അംബേദ്കറിന്റെ രാഷ്ട്രീയദര്‍ശനത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ നമ്മുടെ കാലത്ത് എന്തുകൊണ്ട് അവ പ്രസക്തമാണ് എന്നത് സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നു.
അംബേദ്കറിന്റെ പ്രത്യയശാസ്ത്രത്തിന് ഇന്ത്യന്‍ ജനതയുടെ വിമോചന ദൗത്യം ഏറ്റെടുക്കാന്‍ എത്രത്തോളം ത്രാണിയുണ്ട് എന്ന പ്രശ്‌നം ആണ് ഇവിടെ പരിശോധിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത് .മുന്‍ വിധികള്‍ ഏതും ഇല്ലാതെ തീര്‍ത്തും വിശകലനാത്മകമായിരിക്കണം അത്തരം ഒരു അന്വേഷണം എന്ന് ഞാന്‍ വിചാരിക്കുന്നു. അംബേദ്കറിന്റെ പ്രത്യയശാസ്ത്ര സമീപനങ്ങള്‍ ആയിരിക്കണം അതിന്റെ കേന്ദ്രബിന്ദു. മുന്നോട്ടേക്ക് വഴികള്‍ തേടുന്ന ഒരു പ്രവാചകനും വിമോചകനും ആയിരുന്നു അംബേദ്കര്‍ എന്നത് സ്പഷ്ടമായ ഒരു കാര്യമാണ്. അംബേദ്കറിന്റെ പ്രത്യയശാസ്ത്രം അനാവൃതമാകുന്നത് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട എഴുത്തുകളിലൂടെയാണ്. അദ്ദേഹം തയ്യാറാക്കിയ ചില മെമ്മോറാണ്ടങ്ങളും അപേക്ഷകളും ഒഴിച്ചു നിര്‍ത്തി പരിശോധിക്കുകയാണെങ്കില്‍, അദ്ദേഹത്തിന്റെ എഴുത്തിന്റെ ശൈലിയാകെത്തന്നെ വിവരണാത്മകമായ നരേട്ടീവുകള്‍ എന്നതിലേറെ സമരോന്മുഖമായ ആശയനിവേദനത്തിന്റെയും സംവാദാത്മകതയുടെയും അംശങ്ങള്‍ മുന്നിട്ടു നില്‍ക്കുന്ന ഒന്നാണ് .
ഞാന്‍ ഇവിടെ പരിശോധിക്കാന്‍ ഉദ്ദേശിക്കുന്ന കൃതികള്‍ താഴെപ്പറയുന്നവയാണ് :
i ) “വിപ്ലവവും പ്രതിവിപ്ലവവും”. ഈ കൃതി പ്രസിദ്ധീകൃതമായത് അംബേദ്കറിന്റെ മരണത്തിനു ശേഷം ആയിരുന്നു. നിലവിലുള്ള സാമൂഹ്യക്രമത്തിന്നെതിരായ രോഷം ആണ് ഈ കൃതിയില്‍ പ്രതിഫലിപ്പിക്കുന്നത്.
ii) “ഗാന്ധി , റാനഡെ ,ജിന്ന” എന്ന കൃതിയില്‍ അംബേദ്കര്‍ മൂന്നു നേതാക്കളുടെയും നിലപാടുകളെ താരതമ്യം ചെയ്തുകൊണ്ട് ഇന്ത്യന്‍ ജനത, നേതാക്കള്‍ , പ്രത്യയശാസ്ത്രങ്ങള്‍ ഇവയെക്കുറിച്ചു ഉള്‍ക്കാമ്പുള്ള നിഗമനങ്ങള്‍ അവതരിപ്പിക്കുന്നു.
iii) ‘ഗാന്ധിയും കോണ്‍ഗ്രസ്സും അസ്പൃശ്യര്‍ക്ക് വേണ്ടി എന്ത് ചെയ്തു ‘ എന്ന അംബേദ്കറിന്റെ പുസ്തകത്തില്‍ , വിശേഷിച്ചും ‘വിദേശികളോട് ഒരു അഭ്യര്‍ത്ഥന’ എന്ന അതിലെ ഒരദ്ധ്യായത്തില്‍ ആണ് അംബേദ്കറിന്റെ രാഷ്ട്രീയ ദര്‍ശനത്തിന്റെ തെളിച്ചം കൂടുതലായി പ്രകടമാകുന്നത് .
iv) ‘ബുദ്ധനും കാള്‍ മാര്‍ക്‌സും’ എന്ന കൃതിയാകട്ടെ പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള ഒരു താരതമ്യപഠനം ആണ്.
v) ഭരണകൂടവും ന്യൂനപക്ഷങ്ങളും എന്ന കൃതിയിലെ ഒരു അധ്യായമായ ‘സ്റ്റേറ്റ് സോഷ്യലിസം’ പ്രധാനപ്പെട്ട ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന മറ്റൊരു രചനയാണ്.
vi) സ്ത്രീ വിമോചനവുമായി ബന്ധപ്പെട്ട ആശയങ്ങളുടെ സന്ദര്‍ഭത്തില്‍ ‘ഹിന്ദു കോഡ് ബില്‍’ പുരോഗമനസ്വഭാവം ഉള്ള മറ്റൊരു രചനയാണ്.
vii) ‘ജാതിനിര്‍മ്മൂലനം’ അദ്ദേഹത്തിന്റെ കൃതികളില്‍വെച്ച് സര്‍വ്വശ്രേഷ്ഠമായ പ്രാധാന്യം ആര്‍ജ്ജിച്ച ഒന്നാണ്.
അംബേദ്കര്‍ എന്റെ അഭിപ്രായത്തില്‍ ഗ്രാംഷിയന്‍ അര്‍ത്ഥത്തിലുള്ള ഒരു ജൈവ ബുദ്ധിജീവിയായിരുന്നു . അദ്ദേഹം ഒരേ സമയം സമുന്നതനായ ഒരു ചിന്തകനും ആക്ടിവിസ്റ്റും ആയിരുന്നുവെന്നാണ് ഇതിന്റെ അര്‍ഥം. ഇന്ത്യയിലെ അസ്പൃശ്യ ജാതിക്കാര്‍ ആര്‍ജ്ജിച്ച എല്ലാ നേട്ടങ്ങളുടെയും അഭിമാന പ്രതീകം കൂടിയാണ് അംബേദ്കര്‍.
പ്രധാനപ്പെട്ട അംബേദ്കര്‍ കൃതികള്‍
i) ‘വിപ്ലവവും പ്രതിവിപ്ലവവും’ എന്ന ഗ്രന്ഥത്തിന്റെ ഉള്ളടക്കം സാമൂഹ്യശാസ്ത്രപരമായ വിശ്ലേഷണമായിരിക്കുമ്പോഴും, അംബേദ്കറിന്റെ എല്ലാ ഹിന്ദുയിസ വിമര്‍ശനചിന്തകളുടെയും അടിസ്ഥാനമായ ഈ കൃതിയെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തില്‍നിന്ന് വേര്‍തിരിച്ചു കാണാനാവില്ല. അഴിമതിയും ക്രൂരതയും ചൂഷണ മനസ്ഥിതിയും  സഹജഭാവമായ ബ്രാഹ്മണിക്കല്‍ സമൂഹത്തിന്റെ ജീര്‍ണ്ണതയെയാണ് അംബേദ്കര്‍ അതില്‍ വിശകലനം ചെയ്യുന്നത്. മേല്‍പ്പറഞ്ഞ സാമൂഹ്യ അധഃപതനത്തോടുള്ള പ്രതികരണമായി ഉയര്‍ന്നുവന്ന സമാന്തര പ്രത്യയശാസ്ത്രത്തിന്റെ പ്രതിനിധാനങ്ങള്‍ ആണ് ബുദ്ധനും ബുദ്ധിസവും എന്ന് അംബേദ്കര്‍ ചൂണ്ടിക്കാട്ടി. ബുദ്ധഭിക്ഷുവിനും , സമൂഹത്തിനു പൊതുവായും നിര്‍ദ്ദേശിക്കപ്പെട്ട ബൗദ്ധ സാമൂഹ്യസംഹിതകള്‍ ബ്രാഹ്മണിസത്തിന് ഏറ്റ മാരകമായ പ്രഹരം ആയിരുന്നു.
മൗര്യശാസനത്തിന്റെയും അശോക ചക്രവര്‍ത്തിയുടെയും കാലത്തു് ബുദ്ധിസത്തിന്റെ മഹത്തായ ഉയര്‍ച്ചയും സ്വാധീനവും എങ്ങിനെയെല്ലാം പ്രകടമായി എന്ന് അംബേദ്കര്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട് .ബുദ്ധമതത്തിന് ഇന്ത്യയിലുണ്ടാക്കാന്‍ കഴിഞ്ഞ സ്വാധീനത്തെ അംബേദ്കര്‍ താരതമ്യം ചെയ്യുന്നത് ഫ്രഞ്ച് വിപ്ലവത്തിന്റെ സ്വാധീനത്തോടാണ്. യജ്ഞങ്ങളും മൃഗബലിയും നിരോധിക്കുന്നതിലും ബ്രാഹ്മണര്‍ക്ക് ദക്ഷിണ നല്‍കുന്ന ആചാരത്തിന് വിലക്ക് ഏര്‍പ്പെടുത്തുന്നതിലും ബുദ്ധിസ്റ്റ് വിപ്ലവത്തിന്റെ വേരുകള്‍ അംബേദ്കര്‍ കണ്ടെത്തി. 140 വര്‍ഷങ്ങള്‍ നീണ്ടുനിന്ന മൗര്യഭരണകാലം ബ്രാഹ്മണര്‍ക്ക് പ്രത്യേകിച്ച് അധികാരമോ സാമ്പത്തികമേധാവിത്വമോ ഇല്ലാത്ത ഒരു കാലഘട്ടം ആയിരുന്നു. അവര്‍ ജോലിചെയ്യാന്‍ നിര്‍ ന്ധിക്കപ്പെട്ടു. ബുദ്ധിസത്തിന്റെ സ്വാധീനം എങ്ങിനെ പില്‍ക്കാലത്തു് ക്ഷയിച്ചുവെന്നത് അറിയപ്പെടുന്ന ഒരു വസ്തുതയാണെന്നു പറയുമ്പോഴും, എന്തുകൊണ്ട് അത് പൂര്‍ണ്ണമായും തുടച്ചു നീക്കപ്പെട്ടു എന്ന് അംബേദ്കര്‍ വിശദീകരിക്കുന്നില്ല. എന്നാല്‍, ബ്രാഹ്മണിസം അഥവാ മനുവാദം ഉയര്‍ന്നുവന്നതിനെക്കുറിച്ചു സവിസ്തരം അംബേദ്കര്‍ ചര്‍ച്ചചെയ്യുന്നുണ്ട്. ജാതിവ്യവസ്ഥയോടും ഹിന്ദുമതത്തോടും അംബേദ്കറിനുള്ള എതിര്‍പ്പിന്റെ കാതലായ വശം ബ്രാഹ്മണിക്കല്‍ പ്രത്യയശാസ്ത്രത്തോടുള്ള വിമര്‍ശനമാണെന്ന് നമ്മള്‍ ഓര്‍ക്കണം. ബ്രാഹ്മണിസത്തിന് ഒരു തിരിച്ചുവരവ് സാധ്യമാക്കുന്നതില്‍ പ്രമുഖ പങ്കു വഹിച്ചത് മനുസ്മൃതി, ഭഗവദ് ഗീത, വേദാന്തം, മഹാഭാരതം, രാമായണം , പുരാണങ്ങള്‍ എന്നിവയുള്‍പ്പെട്ട ഒരു കൂട്ടം പാഠങ്ങള്‍ ആണ്.
.
ബുദ്ധിസ്റ്റ് സമൂഹത്തില്‍ ബ്രാഹ്മണര്‍ക്ക് അധികാരത്തില്‍ ഒരു പങ്കും ഇല്ലായിരുന്നുവന്നു മാത്രമല്ല, അവര്‍ ശാരീരികാദ്ധ്വാനത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരും ആയിരുന്നു. അവര്‍ ഒരു പ്രതിവിപ്ലവം സംഘടിപ്പിച്ചത് ഈ സാഹചര്യത്തില്‍ ആയിരുന്നു. സാമവേദി പുഷ്യമിത്രന്റെ നേതൃത്വത്തില്‍ നടന്ന പ്രതിവിപ്ലവത്തിന്റെ ഫലമായി ബ്രാഹ്മണരുടെ നിയന്ത്രണത്തിലുള്ള ആചാരങ്ങളായ മൃഗബലിയും യജ്ഞങ്ങളും ബ്രാഹ്മണര്‍ക്കുള്ള ദക്ഷിണയും തിരിച്ചു വന്നു.അംബേദ്കര്‍ പുഷ്യമിത്രനെ താരതമ്യപ്പെടുത്തുന്നത് ഇന്ത്യയില്‍ അധിനിവേശം നടത്തിയ മുഹമ്മദ് ഗസ്‌നിയോടാണ് . സുമതി ഭാര്‍ഗ്ഗവ എന്ന വ്യക്തി മനുസംഹിത ക്രോഡീകരിച്ചതും നടപ്പാക്കിയതും പുഷ്യമിത്രന്റെ കാലത്തായിരുന്നുവെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. വ്യത്യസ്ത ജാതിക്കാരുടെ കടമകള്‍ സവിസ്തരം പ്രതിപാദിക്കുകയും സ്ത്രീകളുടെ അവകാശങ്ങള്‍ അമര്‍ച്ച ചെയ്യുന്നതും ആയ ഈ മനുസ്മൃതിയാണ് പില്‍ക്കാലത്തു് ബ്രാഹ്മണിക്കല്‍ വ്യവസ്ഥയുടെ കേന്ദ്രമായതെന്ന് അംബേദ്കര്‍ ചൂണ്ടിക്കാട്ടുന്നു. അംബേദ്കറിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റേയും അടവുകളുടേയും സാമൂഹ്യമായ അടിത്തറ ഇത്തരമൊരു വിശകലനത്തില്‍ ആണ്. ഒരിക്കല്‍ പരാജിതമായ ബ്രാഹ്മണിസം ബുദ്ധിസ്റ്റ് സാമൂഹ്യക്രമത്തെ പടിപടിയായും ഹിംസാത്മകമായ വഴികളിലൂടെയും തകര്‍ത്തുകളയുകയായിരുന്നു.
ഇസ്ലാം ഇന്ത്യയില്‍ വന്ന കാലം ആയപ്പോഴേക്കും ബുദ്ധിസം പ്രായേണ അപ്രത്യക്ഷമാവുകയും , ബ്രാഹ്മണിസം ഒരു വിധത്തില്‍ പിടിച്ചുനില്‍ക്കുകയും ചെയ്തിരുന്നു. ബ്രാഹ്മണിസത്തിന് ഇസ്ലാമുമായി നീക്കുപോക്കുകളോടെ സഹവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നും, ബുദ്ധിസം അമര്‍ച്ചചെയ്യപ്പെട്ടതു ഒരിക്കലും ‘ഇസ്ലാമിന്റെ വാള്‍ത്തലപ്പില്‍’ അല്ലായിരുന്നുവെന്നും അംബേദ്കര്‍ ചൂണ്ടിക്കാട്ടുന്നു.
ii) 1943 ല്‍ പ്രസിദ്ധീകൃതമായ ‘റാനഡെ, ഗാന്ധി, ജിന്ന’ എന്ന കൃതിയില്‍ ‘ ഞാന്‍ ഗാന്ധിയെയും ജിന്നയെയും ഇഷ്ടപ്പെടുന്നില്ല എന്നാല്‍ വെറുക്കുന്നുമില്ല ‘ എന്ന് അംബേദ്കര്‍ പറയുന്നുണ്ട്. ‘എന്റെ ഇഷ്ടം ഈ രാജ്യത്തോടാണ്’ എന്നും അദ്ദേഹം ഊന്നിപ്പറയുന്നു. രാഷ്ട്രീയ സ്വാതന്ത്ര്യമെന്നത് സാക്ഷാല്‍ക്കരിക്കുന്നതിനു മുന്നോടിയായി സാമൂഹ്യ പരിഷ്‌കരണമെന്ന അജന്‍ഡ അനിവാര്യമായും ഏറ്റെടുക്കണമെന്നും, അങ്ങനെയായാല്‍ മാത്രമേ ഭാവിയില്‍ ഉരുത്തിരിയുന്ന ഭരണകൂടത്തിന് ജനങ്ങളുടെ അധികാരങ്ങള്‍ സംരക്ഷിക്കാനുള്ള പ്രാപ്തി കൈവരൂ എന്നും അംബേദ്കര്‍ വാദിച്ചു. രാഷ്ട്രീയ അധികാരങ്ങള്‍ ഉറപ്പാക്കപ്പെടുമ്പോള്‍ മാത്രമേ ജനങ്ങളുടെ അധികാരങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളൂ. പൊതുവില്‍ സമൂഹംതന്നെ ജനങ്ങളുടെ അധികാരങ്ങള്‍ക്കെതിര് നില്‍ക്കുന്ന ഒരവസ്ഥയില്‍ ഒരു നിയമത്തിനും, പാര്‍ലമെന്റിനും, ജുഡീഷ്യറിക്കും ആ അധികാരങ്ങള്‍ രക്ഷിക്കാന്‍ കഴിയില്ല. ”അമേരിക്കയിലെ നീഗ്രോകളുടെയും , ജര്‍മ്മനിയിലെ ജൂതരുടെയും സാമൂഹ്യപദവിയുമായി സമാനതയുള്ളതാണ് ഇന്ത്യയിലെ തൊട്ടുകൂടാത്ത ജനവിഭാഗങ്ങളുടെ അവസ്ഥ”. ജനാധിപത്യം എന്നാല്‍, അംബേദ്കറിന്റെ വീക്ഷണത്തില്‍ സഹപൗരന്മാര്‍ക്കിടയില്‍ സമത്വവും പരസ്പര ബഹുമാനവും പുലരുന്ന അവസ്ഥയാണ്. മര്‍ദ്ദിത ജനതയ്ക്ക് മേലെ സാമൂഹ്യമായ വിലക്കുകള്‍ ഇല്ലാതിരിക്കുന്ന അവസ്ഥയാണ്.ജനാധിപത്യത്തിന്റെ പ്രധാന ലക്ഷണം . അംബേദ്കറിന്റെ രാഷ്ട്രീയചിന്തകളിലും പ്രവര്‍ത്തനങ്ങളിലും സ്ഥായീഭാവമായി പ്രതിഫലിക്കുന്നത് ഈയൊരു വീക്ഷണം ആണ് .
iii) ‘ഗാന്ധിയും കോണ്‍ഗ്രസ്സും അസ്പൃശ്യര്‍ക്ക് വേണ്ടി എന്ത് ചെയ്തു ‘ (1946) എന്ന അംബേദ്കറിന്റെ പുസ്തകത്തില്‍ ജാതി , വര്‍ഗ്ഗം, ജനാധിപത്യം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സുവ്യക്തമായ നിലപാടുകള്‍ പ്രതിപാദിക്കപ്പെടുന്നു. ‘വിദേശീയരോട് ഒരു അഭ്യര്‍ഥന ‘ എന്ന ഭാഗം എത്തുമ്പോള്‍ താഴെപ്പറയുന്ന വാദമുഖങ്ങള്‍ അംബേദ്കര്‍ ശക്തമായി അവതരിപ്പിക്കുന്നു.:
കോണ്‍ഗ്രസ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്യുന്നു എന്ന് പറയുമ്പോള്‍ ഇന്ത്യന്‍ ജനതയ്ക്കു വേണ്ടിയോ , ഇന്ത്യയിലെ തൊട്ടുകൂടാത്തവര്‍ക്ക് വേണ്ടിയോ ആണ് കോണ്‍ഗ്രസ്സിന്റെ പോരാട്ടം എന്ന് ഒരിക്കലും പറയാനാവില്ല. ഒരു ഭരണഘടനാസംവിധാനത്തിന്‍ കീഴില്‍ സ്വതന്ത്ര രാജ്യം നിലവില്‍ വന്നാല്‍ ‘ഭരണഘടനാപരമായ സദാചാരം’ അതുകൊണ്ട് ഉറപ്പാക്കപ്പെടുമെന്നു കരുതാനാവില്ല. ജനങ്ങളുടെ ‘സ്വയം ഭരണം’അതോടെ സാക്ഷാല്‍ക്കരിക്കപ്പെടും എന്നും പറയാനാവില്ല. ജനങ്ങളുടെ വികാരങ്ങളെ നിയന്ത്രിച്ചുകൊണ്ടും ഉദ്യോഗസ്ഥ സംവിധാനത്തിലൂടെയും ഇന്ത്യയിലെ ഭരണവര്‍ഗ്ഗമായ ബ്രാഹ്മണര്‍ ഉണ്ടാക്കുന്ന ഒരു ഭരണസംവിധാനമായിരിക്കും അത്. മുന്‍കാലങ്ങളില്‍ ബ്രാഹ്മണരും ക്ഷത്രിയരും നിയന്ത്രിച്ചിരുന്ന ഒരു ഭരണ സംവിധാനത്തിന്റെ സ്ഥാനത്തു പുതുതായി വരുന്ന സഖ്യത്തിന്റെ നേതൃത്വം ബ്രാഹ്മണര്‍ക്കും ബനിയാകള്‍ക്കും ആയിരിക്കും എന്ന വ്യത്യാസം ഉണ്ടാവും. ഗാന്ധി ഒരു ബനിയാ ആണ്. നെഹ്‌റു, തിലക് , വല്ലബ്ഭായ് പട്ടേല്‍ എന്നിവരെല്ലാം പൊതുവെ ജാതികള്‍ക്കെതിരെ തീവ്രമായ പക്ഷപാതം പങ്കിടുന്നവരാണ്. ഇങ്ങനെയൊരു ഭരണക്രമത്തില്‍ ഇന്ത്യയിലെ മര്‍ദ്ദിത സമുദായങ്ങളുടെ സ്ഥിതി എന്തായിരിക്കും എന്ന ചോദ്യമാണ് അംബേദ്കര്‍ ഉയര്‍ത്തുന്നത്. സ്വതന്ത്ര പരമാധികാര ഇന്ത്യയുടെ രൂപത്തില്‍ സ്വരാജ് സ്ഥാപിതമായാല്‍ എന്തായിരിക്കും സ്ഥിതി?
ബ്രാഹ്മണിസം ഇല്ലാതായാല്‍ അത് ഒരു സാമൂഹ്യ വ്യവസ്ഥയായും പ്രത്യയശാസ്ത്രമായും തുടരുകയാണ് ചെയ്യുക. അത്തരം ഒരു വ്യവസ്ഥയില്‍, പുതുതായി നിലവില്‍ വരുന്ന ജനാധിപത്യത്തിന് സാമൂഹ്യ വിവേചനങ്ങളുമായും പ്രത്യേക അധികാരങ്ങളുമായും പൊരുത്തപ്പെടാന്‍ സാധിക്കാതെ വരും .ഒരു ജനാധിപത്യവ്യവസ്ഥയില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിഭജനം സ്വീകാര്യമാവില്ല. ഹിന്ദു സമൂഹത്തെ പരിഷ്‌കരിക്കുന്ന ഒരു അജന്‍ഡ ആയിരുന്നു ഈ അവസ്ഥയ്ക്ക് പരിഹാരമായി വാസ്തവത്തില്‍ റാനഡേ മുന്നോട്ടുവെച്ചത് . ഗാന്ധിയുടെ നാട്യങ്ങള്‍ അല്ലാതെ ഗാന്ധിസമെന്ന ഒരു പ്രത്യയശാസ്ത്രം യഥാര്‍ത്ഥത്തില്‍ നിലവില്‍ ഇല്ലാത്തതാണെന്ന് അംബേദ്കര്‍ പ്രഖ്യാപിക്കുന്നു. മാര്‍ക്‌സിസത്തിന് ഒരു ബദല്‍ പ്രത്യയശാസ്ത്രം ആണ് ഗാന്ധിസം എന്ന് പലരും കരുതുന്നു. ഗ്രാമങ്ങളിലേക്ക് മടങ്ങാനും അവിടെ ‘സ്വയം പര്യാപ്ത വ്യവസ്ഥ’ കെട്ടിപ്പടുക്കാനും സാധ്യമാണ് എന്നാണ് ഗാന്ധിസത്തിന്റെ പ്രണേതാക്കള്‍ കരുതുന്നത്. ഒരു സാമൂഹ്യ സാമ്പത്തിക പ്രത്യയശാസ്ത്രം ഗാന്ധിസത്തിനു പിന്നില്‍ ഉണ്ട്. എന്താണ് ഗാന്ധിസത്തിന്റെ സാമൂഹ്യ പ്രത്യയശാസ്ത്രം ? ‘നവജീവന്‍’ എന്ന ഒരു ഗുജറാത്തി മാസികയില്‍ 1921 -ല്‍ ‘വര്‍ണ്ണാശ്രമ വ്യവസ്ഥ’ യെ ന്യായീകരിച്ചുകൊണ്ട് ഗാന്ധി ഒരു ലേഖനം എഴുതിയിരുന്നു. ഗാന്ധിസത്തിന്റെ സാമ്പത്തിക പ്രത്യയശാസ്ത്രത്തെക്കുറിച്ചാണെങ്കില്‍ , അംബേദ്കര്‍ നടത്തിയ നിരീക്ഷണം വളരെ ശ്രദ്ധേയമാണ്. യന്ത്രങ്ങളോടുള്ള ഗാന്ധിയുടെ എതിര്‍പ്പ് പ്രത്യയശാസ്ത്രപരം ആയിരുന്നു. അതെ സമയം, ‘ചര്‍ക്ക’ യെ ഗാന്ധി മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നു. ‘ഹിന്ദ് സ്വരാജ് ‘ എന്ന ഗാന്ധിയുടെ മര്‍മ്മപ്രധാനമായ കൃതിയില്‍ ആധുനിക പരിഷ്‌കാരങ്ങളോടുള്ള നിരാസ മനോഭാവം വളരെ പ്രകടമാണ്. പാശ്ചാത്യ സംസ്‌കാരത്തെ ‘ചെകുത്താന്റെ സൃഷ്ടി’ യായി ഗാന്ധി വ്യാഖ്യാനിച്ചു. വര്‍ഗ്ഗസമരത്തിനും താന്‍ എതിരായിരുന്നതിനാല്‍ അത് നിര്‍ത്തല്‍ ചെയ്യാന്‍ ഗാന്ധി ആഗ്രഹിച്ചു. മുതലാളിമാരും തൊഴിലാളികളും തമ്മിലോ , ഭൂവുടമകളും കുടിയന്മാരും തമ്മിലോ ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നതിനെ ഗാന്ധി എതിര്‍ത്തു . വര്‍ഗ്ഗസമരത്തിലൂടെ തൊഴിലാളികള്‍ വ്യവസായങ്ങളുടെ വളര്‍ച്ച തടയുന്നതിന് ഇടയാക്കും എന്നതിനാല്‍ സമരങ്ങള്‍ പാടില്ലെന്ന് വാദിച്ചു .ഭൂവുടമകളും കുടിയന്മാരും തമ്മില്‍ ഉള്ള എല്ലാ പ്രശ്‌നങ്ങളും സംഭാഷണത്തിലൂടെ പരിഹരിക്കാന്‍ ഗാന്ധി ആവശ്യപ്പെട്ടു.
ഏറെ സമയം, സ്വത്തുടമാ വര്‍ഗ്ഗങ്ങളെ ഗാന്ധി ഒരിക്കലും എതിര്‍ത്തിരുന്നില്ലെന്നു മാത്രമല്ല, അവര്‍ ദരിദ്രര്‍ക്ക് വേണ്ടി സ്വത്തുക്കള്‍ സ്വന്തം കയ്യില്‍ സൂക്ഷിക്കുന്ന ‘ട്രസ്റ്റി’ മാര്‍ ആയി തുടരണം എന്ന് കൂടി വാദിച്ചു. അംബേദ്കര്‍ വാദിക്കുന്നത് ഗാന്ധിയുടെ ട്രസ്റ്റീഷിപ് സിദ്ധാന്തത്തില്‍ പ്രത്യേകിച്ച് പുതുതായി ഒന്നും ഇല്ലെന്നും, അത് റൂസ്സോവിന്റേയും ടോള്‍സ്റ്റോയ് യുടെയും ആശയങ്ങളുടെ പുനരാവിഷ്‌കാരം മാത്രമാണെന്നും ആയിരുന്നു. അവരുടെ വാദങ്ങളനുസരിച്ച് പറഞ്ഞാല്‍ സത്തയില്‍ മനുഷ്യര്‍ പ്രകൃതിയിലേക്ക് മടങ്ങുകയും മൃഗങ്ങളുടേതിന് സമാനമായ ലളിതമായ ജീവിതം മഹത്തരമെന്ന് കരുതി തൃപ്തരാവുകയും വേണം.
ആധുനിക പരിഷ്‌കാരവും യന്ത്രങ്ങളും മനുഷ്യരുടെ ജീവിതത്തിന് കുറെ കോട്ടങ്ങള്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് അംബേദ്കറും അംഗീകരിക്കുന്നുണ്ട്. പക്ഷെ, അതിനു കാരണം ‘ തെറ്റായ സാമൂഹ്യ സംഘാടനം’ ആണ് എന്നും, അത് തിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാന്ധിയുടെ പ്രത്യയശാസ്ത്രം കൊണ്ട് സാധാരണ മനുഷ്യന് ഒരു നേട്ടവും ഉണ്ടാകില്ല എന്നും , മനുഷ്യര്‍ക്ക് സാംസ്‌കാരികമായ പുരോഗതിയും ഒഴിവുസമയവും അത്യാവശ്യമാണെന്നും അംബേദ്കര്‍ ചൂണ്ടിക്കാട്ടി. അധ്വാനം ലഘൂകരിച്ചുകൊണ്ട് ഇത് സാധിക്കണമെങ്കില്‍ യന്ത്രങ്ങള്‍ ഒഴിച്ചുകൂടാനാവാത്തതാണെന്ന് അദ്ദേഹം കരുതി. പുരോഗമനത്തെക്കുറിച്ചോ അഥവാ വികസനത്തേക്കുറിച്ചോ ഉള്ള സങ്കല്‍പ്പം ഗാന്ധിയില്‍ കാണാന്‍ കഴിയില്ല. വര്‍ഗ്ഗസമൂഹത്തിന് അനുകൂലമായിട്ടാണ് ഗാന്ധി നിലകൊണ്ടിരുന്നത് .തുടര്‍ന്ന് അംബേദ്കര്‍ ഗാന്ധിസത്തെ വിമര്‍ശിക്കുന്നത്, അത് പ്രകൃതിയിലേക്ക് മടങ്ങാന്‍ മനുഷ്യരെ നയിക്കുമ്പോള്‍ പ്രാചീനകാലത്തെപ്പോലെ ശരീരം മറയ്ക്കാതെയും, ജീര്‍ണ്ണതയും ദാരിദ്ര്യവും അജ്ഞതയും മുറ്റിനില്‍ക്കുന്ന ചുറ്റുപാടുകളിലും ഉള്ള ജീവിതത്തിലേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത് എന്നാണ്. ഗാന്ധിയുടെ നേര്‍ക്കുള്ള അംബേദ്കറിന്റെ ഈ ആക്രമണം തീര്‍ച്ചയായും കടുപ്പമേറിയതുതന്നെ ! നേരത്തേ സൂചിപ്പിച്ചതുപോലെ , വര്‍ണ്ണ-ജാതി വ്യവസ്ഥയ്ക്ക് വേണ്ടിയാണ് ഗാന്ധിസം നിലകൊണ്ടത്. വ്യത്യസ്ത ജാതികളില്‍പ്പെട്ടവര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും വിവാഹ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതിനും അത് എതിരായിരുന്നു. ‘ഭങ്ങി’ യുടെ ശുചീകരണ ജോലി ഗാന്ധിക്ക് മാന്യതയുള്ളതും മഹത്തായതുമായ ഒരു ജോലിയാണ്.
ഗാന്ധി മതത്തെ ജനങ്ങളുടെ കറുപ്പ് എന്ന നിലയില്‍ ഉപയോഗിക്കുകയായിരുന്നു. തൊട്ടുകൂടാത്ത ജാതികളെ തൊടാന്‍ യോഗ്യരായ ശൂദ്രര്‍ ആക്കാന്‍ ആണ് ഗാന്ധി ശ്രമിച്ചത്. അപ്പോഴും, അതുകൂടി അസാധ്യമാക്കുംവിധം അവരെ ‘ഹരിജനങ്ങള്‍ ‘ എന്ന് വിളിച്ചുകൊണ്ട് വേറെ നിര്‍ത്തി. തൊട്ടുകൂടാത്ത ജാതിക്കാര്‍ അവരുടെ പാരമ്പര്യത്തൊഴിലുകളില്‍ തുടരണമെന്ന് ഗാന്ധി ആഗ്രഹിച്ചു .ഗാന്ധിയുടെ അസ്പൃശ്യതാ നിവാരണ പരിപാടി ഒരു വ്യാമോഹമായിരുന്നു. ഗാന്ധിസം സനാതന വാദത്തിന്റെ മറ്റൊരു രൂപം ആണെന്ന് അംബേദ്കര്‍ തുടര്‍ന്ന് വാദിക്കുന്നു. കര്‍മ്മ സിദ്ധാന്തത്തിലും, ധര്‍മ്മശാസ്ത്രങ്ങളുടെ ആധികാരികതയിലും , ദൈവങ്ങളുടെ അവതാരങ്ങളിലും , വിഗ്രഹാരാധനയിലും ഗാന്ധിസം വിശ്വസിക്കുന്നു.ഹിന്ദു മതത്തിലെ ആചാര നിഷ്ഠതയിലൂന്നുന്ന സിദ്ധാന്ത ശാഠ്യങ്ങളെ ഗാന്ധിസം ന്യായീകരിച്ചുപോരുന്നു. രാധാകൃഷ്ണന്‍ ഗാന്ധിയെ ‘ഭൂമിയിലെ ദൈവം ‘ ആയി പരിഗണിക്കുമ്പോള്‍ വാസ്തവത്തില്‍ അയിത്തജാതിക്കാരെ സംബന്ധിച്ചിടത്തോളം ഹിന്ദുമതം ‘ഭീതിദമായ ഒരു തടവറ ‘ ( horror chamber ) ആയിരുന്നു. ഈ ഹിന്ദുമതത്തെ ഗാന്ധി ന്യായീകരിക്കുയും ആധുനികതയെ എതിര്‍ക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ഗാന്ധിയ്ക്കും അദ്ദേഹത്തിന്റെ ‘ഇസ’ ത്തിനും എതിരായി അംബേദ്കര്‍ തന്റെ വാദമുഖങ്ങള്‍ പ്രധാനമായും ഉയര്‍ത്തുന്നത്.
iv) ‘ബുദ്ധനും കാള്‍ മാര്‍ക്‌സും’ എന്ന അംബേദ്കര്‍ കൃതി ഇരു ദര്‍ശനങ്ങളും തമ്മിലുള്ള സംവാദാത്മകമായ ഒരു താരതമ്യമാണ് . മാര്‍ക്‌സിസത്തെ അദ്ദേഹം ഒരിക്കലും എതിര്‍ത്തിരുന്നില്ല. പകരം മാര്‍ക്‌സിസവുമായി നിരന്തര സംവാദങ്ങള്‍ സജീവമായി നിലനിലനിര്‍ത്തുകയായിരുന്നു. പ്രസ്തുത ലഘു ഗ്രന്ഥത്തില്‍ എന്തെല്ലാം സംഗതികളെയാണ് ബുദ്ധന്‍ പ്രതിനിധീകരിക്കുന്നതെന്ന് അംബേദ്കര്‍ വിശദമായി പ്രതിപാദിക്കുന്നു. അതോടൊപ്പം , കാള്‍ മാര്‍ക്‌സിന്റെ മുതലാളിത്തവിരുദ്ധ നിലപാടിനെ സ്വാഗതം ചെയ്തുകൊണ്ട് ഈ പുസ്തകം മാര്‍ക്‌സിന്റെ അടിസ്ഥാന ആശയങ്ങള്‍ ചര്‍ച്ചാവിഷയമാക്കുന്നു. ഉട്ടോപ്യന്‍ സോഷ്യലിസ്റ്റുകളുടെ ആശയങ്ങളെ മാര്‍ക്‌സ് വിശകലനം ചെയ്ത രീതിയോട് അംബേദ്കര്‍ മതിപ്പ് പ്രകടിപ്പിക്കുന്നുമുണ്ട്. പക്ഷെ, മാര്‍ക്‌സിസം മുന്നോട്ടു വെച്ച പല തത്വങ്ങളും തെറ്റാണെന്നു തെളിയിക്കപ്പെട്ടുവെന്നും, അതിനാല്‍ മാര്‍ക്‌സിസത്തില്‍ അവശേഷിക്കുന്ന ഊര്‍ജ്ജ സ്രോതസ്സുകള്‍ അപര്യാപ്തമാണെന്നും അംബേദ്കര്‍ വാദിക്കുന്നു. ഏതൊരു വിമോചന സിദ്ധാന്തത്തിന്റെയും ലക്ഷ്യം ലോകത്തെ പുനര്‍നിര്‍മ്മിക്കല്‍ ആണ് എന്ന് അംബേദ്കര്‍ വാദിക്കുന്നു. വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള താല്പര്യസംഘര്‍ഷം ഒരു യാഥാര്‍ഥ്യമാണെന്നും , സ്വകാര്യ സ്വത്തുടമാവ്യവസ്ഥയില്‍ ഒരു ന്യൂനപക്ഷത്തിന് സംതൃപ്തിയും സന്തോഷവും ലഭ്യമാകുമ്പോള്‍ ബഹുഭൂരിപക്ഷത്തിനും കിട്ടുന്നത് ദുരിതങ്ങള്‍ മാത്രമാണെന്നും അംബേദ്കര്‍ തിരിച്ചറിയുന്നുണ്ട്. ഈ കഷ്ടപ്പാടുകള്‍ ഇല്ലാതാക്കണമെങ്കില്‍ സ്വകാര്യ സ്വത്തു് നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടത് അനിവാര്യമാണെ ന്നതിനോടും അംബേദ്കര്‍ യോജിക്കുന്നു.
ബുദ്ധനേയും മാര്‍ക്‌സിനേയും താരതമ്യം ചെയ്യുക വഴി താന്‍ എത്തിച്ചേരുന്ന നിഗമനങ്ങള്‍ വിശദീകരിച്ചുകൊണ്ട് അംബേദ്കര്‍ ഉന്നയിക്കുന്ന ഏറ്റവും ശക്തമായ വാദം സാമൂഹ്യ മാറ്റത്തിന് തെരഞ്ഞെടുക്കേണ്ട വഴി ഏത് എന്നതുസംബന്ധിച്ചാണ്. ബുദ്ധന്റേയോ മാര്‍ക്‌സിന്റേയോ ഏത് വഴിയായാലും, ലക്ഷ്യം ‘സാമൂഹ്യ പരിവര്‍ത്തനം’ എന്ന ഒന്നുമാത്രമാണ്. സാഹോദര്യം ഇല്ലാത്ത സമത്വം നിരര്‍ത്ഥകമാണ് എന്നതിനാല്‍ ബുദ്ധിസം ആണ് താന്‍ തെരഞ്ഞെടുക്കുന്ന വഴി എന്ന് അംബേദ്കര്‍ പ്രസ്താവിച്ചു. ഹിംസാത്മകത ഇല്ലാത്ത കമ്മ്യൂണിസം ആണ് ബുദ്ധിസം എന്ന് അംബേദ്കര്‍ വിശ്വസിച്ചു. ബുദ്ധിസത്തിന് സാമൂഹ്യവും സാമ്പത്തികവുമായ ഉയര്‍ത്തെഴുന്നേല്‍പ്പ് സാക്ഷാല്‍ക്കരിക്കാനുള്ള ശേഷിയുണ്ട് എന്ന ധാരണയാണ് ഇതിന് അടിസ്ഥാനമായത് എന്നുകൂടി ശ്രദ്ധാര്‍ഹമാണ്. അംബേദ്കറിന്റെ പ്രത്യയ ശാസ്ത്രം പൂര്‍ണ്ണമായും അഹിംസയില്‍ അധിഷ്ഠിതവും , അദ്ദേഹം ഗാന്ധിയേക്കാള്‍ ഏറെ അഹിംസയുടെ വക്താവും ആയിരുന്നു. അംബേദ്കര്‍ ജീവിച്ച കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് വിരോധത്തിന്റേയും മ  ക്കാര്‍ത്തിയിസത്തിന്റേയും ശക്തമായ അലകള്‍ ലോകത്തെ സ്വാധീനിച്ചിരുന്നു എന്നതുകൂടി ശ്രദ്ധേയമായ ഒരു കാര്യമാണ്.
സജീവരാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഏതാനും വേദികള്‍ അംബേദ്കര്‍ സംഘടിപ്പിക്കുകയും കെട്ടിപ്പടുക്കുകയും ചെയ്തിരുന്നു. ഷെഡ്യൂള്‍ഡ് ക്ലാസ്സ് ഫെഡറേഷന്‍, ഇന്‍ഡിപെന്‍ഡന്റ് ലേബര്‍ പാര്‍ട്ടി, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്നിവയായിരുന്നു അവ. ഇതില്‍ ഇന്‍ഡിപെന്‍ഡന്റ് ലേബര്‍ പാര്‍ട്ടിയുടെ കാലത്താണ് അംബേദ്കറിന്റെ വിപ്ലവാഭിമുഖ്യം ഏറ്റവും തെളിച്ചത്തോടെ കാണപ്പെട്ടത്. ഐ എല്‍ പി യുടെ കാലഘട്ടത്തില്‍ വര്‍ഗ്ഗസമരത്തോട് ആഭിമുഖ്യവും, ഇടതുപക്ഷവുമായി സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച ചില ബോധ്യങ്ങളും അംബേദ്കറിന് ഉണ്ടായിരുന്നു. ഐ എല്‍ പി എന്ന രാഷ്ട്രീയപ്പാര്‍ട്ടി അല്‍പ്പായുസ്സുള്ളതായിരുന്നുവെങ്കിലും അതിന് കൗതുകമുണര്‍ത്തുന്ന ഒരു ചരിത്രം ഉണ്ട്. പാര്‍ട്ടിയുടെ ഔദ്യോഗിക പതാക ചെങ്കൊടിയായിരുന്നുവെന്നു മാത്രമല്ല, തെരഞ്ഞെടുപ്പുകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഐക്യപ്പെട്ട് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. കൂടാതെ, കര്‍ഷകര്‍ ജന്മിമാര്‍ക്കെതിരായി നടത്തിയ ‘കോഥി’ ഭൂസമരത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം ഐ എല്‍ പി പങ്കെടുത്തിരുന്നു. സ്റ്റാലിന്റെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ട് അംബേദ്കര്‍ കുറിച്ച സന്ദേശത്തില്‍ ഒരു ചെരുപ്പുകുത്തിയുടെ മകന്‍ സോവിയറ്റ് യൂണിയനിലെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ അനിഷേധ്യ നേതാവായി ഉയര്‍ന്ന കാര്യം അനുസ്മരിച്ചിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയ്ക്കും, മതേതരത്വത്തോടും ജനാധിപത്യത്തിനോടും പ്രതിജ്ഞാബദ്ധത പുലര്‍ത്തുന്ന ലക്ഷ്യങ്ങളും നയങ്ങളും ഉണ്ടായിരുന്നു
v) ഏറെ ചര്‍ച്ചചെയ്യപ്പെട്ട മറ്റൊരു അംബേദ്കര്‍ കൃതിയിലേക്കു വരാം.’സ്റ്റേറ്റ്‌സ് ആന്‍ഡ് മൈനോറിറ്റീസ്’ ( ‘ഭരണകൂടങ്ങളും ന്യൂനപക്ഷങ്ങളും’ ) എന്ന ഗ്രന്ഥത്തിലെ ഒരധ്യായം ആയ ‘സ്റ്റേറ്റ് സോഷ്യലിസം’ ആണ് അത്. സ്റ്റേറ്റ് സോഷ്യലിസത്തിന് വേണ്ടിയുള്ള ഒരു മെമ്മോറാന്‍ഡം ആണ് അത്. കൃഷിഭൂമിയും വ്യവസായങ്ങളും എല്ലാം സ്റ്റേറ്റ് ഉടമസ്ഥതയില്‍ ആക്കാന്‍ ഭരണഘടനാ ഭേദഗതികള്‍കൊണ്ട് മാത്രം സാധ്യമാണെന്ന് അദ്ദേഹം വാദിച്ചു. അങ്ങിനെ പൊതു ഉടമസ്ഥതയില്‍ കൊണ്ടുവരുന്ന കൃഷിഭൂമിയില്‍ സഹകരണ സംഘങ്ങള്‍ വഴി കൃഷി നടത്തുന്ന ഒരു സംവിധാനത്തിനുവേണ്ടിയും അംബേദ്കര്‍ വാദിച്ചു.ഈ മാര്‍ഗ്ഗത്തിലൂടെ ഭരണകൂടത്തിന് സമാധാനപരമായ രീതിയില്‍ സാമൂഹ്യപരിവര്‍ത്തനം കൊണ്ടുവരാന്‍ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു. ഭരണകൂടം വര്‍ഗ്ഗങ്ങള്‍ക്ക് അതീതമായ ഒരു സ്ഥാപനമാണെന്ന ധാരണയാണ് ഇതിനു പിന്നില്‍. പക്ഷെ, അംബേദ്കറിന്റേത് വെറുമൊരു ആഗ്രഹചിന്തയാണെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നു. അത്തരം ആശയങ്ങള്‍ പുതുതുമല്ല. ജര്‍മനിയില്‍ കാള്‍ കൗട്‌സ്‌കി മുന്നോട്ടുവെച്ച ‘കത്തീഡ്രല്‍ സോഷ്യലിസം’ പോലെയുള്ള ഒന്നാണ് അത്. ഈ ആശയത്തെ കേന്ദ്രീകരിച്ചുള്ള ഒരു പ്രസ്ഥാനമോ സമരമോ അംബേദ്കര്‍ നയിച്ചിരുന്നില്ലെന്നതും ഓര്‍മ്മിക്കേണ്ടതാണ് .
vi) ഇന്ത്യയിലെ സ്ത്രീകളുടെ വിമോചനത്തിനുവേണ്ടി തന്റെ ജീവിതത്തിലുടനീളം അംബേദ്കര്‍ സ്വീകരിച്ച ഉറച്ചതും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാട് അദ്ദേഹത്തിന്റെ സംഭാവനകളില്‍ ഏറ്റവും വിലമതിക്കത്തക്കതാണ്. മനുവാദം അഥവാ ബ്രാഹ്മണിസത്തിന്റെ നുകങ്ങളില്‍നിന്ന് സ്ത്രീകള്‍ മോചിതരാവേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് കോണ്‍ഗ്രസ് ഗവണ്‍മെന്റില്‍ നിയമമന്ത്രിയുടെ സ്ഥാനത്തുനിന്ന് ‘ഹിന്ദു കോഡ് ബില്‍’ അദ്ദേഹം അവതരിപ്പിക്കുന്നത്. പ്രസ്തുത ബില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അംബേദ്കര്‍ പിന്നീട് മന്ത്രിസ്ഥാനം രാജിവെച്ചു. സ്ത്രീവിമോചന വിഷയത്തില്‍ ബ്രാഹ്മണിസത്തിനെതിരെ അംബേദ്കര്‍ മുന്നോട്ടുവെച്ച ശക്തമായ വാദഗതികള്‍ ഫെമിനിസ്റ്റ് സ്വഭാവമുള്ളവയായിരുന്നു. ഇക്കാര്യത്തില്‍ അംബേദ്കര്‍ ഏറ്റെടുത്ത പ്രയത്‌നങ്ങളുടെ കാലികപ്രസക്തി ഇന്നും നിലനില്‍ക്കുന്നു.
.
vii) ഒടുവിലായി നമുക്ക് ‘ജാതി നിര്‍മ്മൂലനം’എന്ന തലക്കെട്ടില്‍ അംബേദ്കര്‍ തയ്യാറാക്കിയ പ്രഭാഷണത്തിലേക്കു വരാം. പിന്നീട് ‘അനിഹിലേഷന്‍ ഓഫ് കാസ്റ്റ്’ എന്ന അതേ ടൈറ്റിലില്‍ പ്രകാശിതമായ കൃതി അംബേദ്കര്‍ രചനകളില്‍ ഏറ്റവും പ്രാധാന്യം നേടിയ ഒന്നാണ്. ബ്രാഹ്മണിസത്തിന്റെ വിശകലനത്തോടൊപ്പം അതിനെ മാറ്റിത്തീര്‍ക്കാനുള്ള വഴികളെക്കുറിച്ചു് ഉള്‍ക്കാഴ്ച നല്‍കുന്നു എന്നതാണ് ഈ കൃതിയുടെ ശ്രദ്ധേയമായ സവിശേഷത. എന്നാല്‍ പ്രത്യയശാസ്ത്രപരമായ ചില പരിമിതികള്‍ ഇതില്‍ ഉണ്ട്. അംബേദ്കര്‍ വിശ്വസിച്ചത് പോലെ ബ്രാഹ്മണിസം വെറും ഒരു പ്രത്യയശാസ്ത്രം അല്ല. ഈ പ്രസംഗത്തില്‍ അംബേദ്കര്‍ ബ്രാഹ്മണിസത്തെ അവതരിപ്പിച്ചിരിക്കുന്നത് ജാതിവ്യവസ്ഥയുടെ സാമ്പത്തിക അടിത്തറ എന്ന വശം ഒട്ടും പരിഗണിക്കാതെയാണ്. ജാതീയത എന്നത് കേവലമായ ഒരു പ്രത്യയശാസ്ത്രമെന്നതില്‍ ഏറെ , ഒരു ഉല്‍പ്പാദന ബന്ധം കൂടിയാണ്. അംബേദ്കര്‍ ചിന്തകളെ നാം മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ വശം കൂടി വിമര്‍ശനാത്മകമായി ഉള്‍പ്പെടുത്തേണ്ടത് ആവശ്യമായിവരുന്നു.
(മെഡിക്കല്‍ ഡോക്ടറും ത്വക് രോഗ സ്‌പെഷ്യലിസ്റ്റും ആയ ഡോ വി ലക്ഷ്മിനാരായണ മൈസൂര്‍ നിവാസിയാണ് .കഴിഞ്ഞ നാല് പതിറ്റാണ്ടുകളിലേറെ ദലിത് അവകാശങ്ങള്‍ക്ക് വേണ്ടിയും പൗരാവകാശ സംരക്ഷണ മേഖലയിലും സജീവമായി പ്രവര്‍ത്തിച്ചു വരുന്ന അദ്ദേഹം കര്‍ണ്ണാടക ഹെല്‍ത്ത് സര്‍വീസില്‍ നിന്ന് ഏതാനും വര്‍ഷം മുന്‍പ് വിരമിച്ചു. ഇപ്പോള്‍ സി പി ഐ (എം എല്‍) ലിബറേഷന്‍ കര്‍ണ്ണാടക സംസ്ഥാന കമ്മിറ്റിയംഗവും പിയുസിഎല്‍ നാഷണല്‍ കൌണ്‍സില്‍ മെമ്പറും ആണ്)
തര്‍ജ്ജമ – കെ എം വേണുഗോപാലൻ 
(തുടരും)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply