
സൈലന്റ് വാലി സംരക്ഷിക്കപ്പെട്ടതിനു കാരണം ഈ ചലച്ചിത്രവും…
സൈലന്റ് വാലി കാടുകളുടെ അചുംബിത പ്രകൃതി സമ്പത്ത് പകര്‍ത്തിയ ഫിലിം കണ്ടശേഷം ഇന്ദിരാഗാന്ധി, അന്നത്തെ ആ 24കാരന്റെ തോളില്‍ തട്ടി സ്വകാര്യംപോലെ പറഞ്ഞു: ‘പേടിക്കണ്ട, സൈലന്റ് വാലിയെ നമ്മള്‍ ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കും.’ 1984ല്‍ ആ വാഗ്ദാനം നിറവേറ്റപ്പെട്ടു. സംവിധാനം കെ കെ ചന്ദ്രന്‍. തിരകഥ ഗംഗാധരമേനോന്‍. ഏതാണ്ട് അരനൂറ്റാണ്ട് മുമ്പ് നിര്‍മ്മിക്കപ്പെട്ട ആ ചലചിത്രത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍.
വിവ. പി.ജെ. മാത്യു
1979ലാണ് 23കാരനായ ഞാനും മറ്റു ഏഴുപേരും ചേര്‍ന്ന് ഒരു 16 എം.എം. ബോളെക്‌സ് ക്യാമറ സൈലന്റ്‌വാലി നിത്യഹരിതവനത്തെപ്പറ്റി ഒരു ഡോക്യുമെന്ററി എടുക്കാന്‍ വേണ്ടി ഒളിച്ചു കടത്തിയത്. വികസന വിരോധിയാണെന്നു മുദ്രയടിച്ച് ആ ഫിലിം സെന്‍സര്‍ ബോര്‍ഡ് നിരോധിച്ചപ്പോള്‍, സമാരാധ്യനായ സോളി ഗോദ്‌റെജ് അത് ഇന്ദിരാഗാന്ധിക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കുവാന്‍ മുന്‍കൈ എടുത്തു. വനത്തിന്റെ ഭംഗിയില്‍ ആകൃഷ്ടയായ ഇന്ദിരാഗാന്ധി മൂന്നുവര്‍ഷം കഴിഞ്ഞ് ആ വനത്തെ നാഷനല്‍ പാര്‍ക്ക് ആയി പ്രഖ്യാപിച്ചു. സൈലന്റ്‌വാലി സംരക്ഷിക്കുന്നതിലുള്ള സംഭാവന പരിഗണിച്ച് സാങ്ച്വറി ഏഷ്യ 2016ല്‍ എന്നെ ആദരിച്ചിരുന്നു. ഇതേപ്പറ്റി ഹിന്ദു പ്രസിദ്ധീകരിച്ച എന്റെ ലേഖനം ഇതോടൊപ്പം:
പാണ്ഡവര്‍ വേഷപ്രച്ഛന്നരായി അജ്ഞാതവാസം കഴിച്ചത് കേരളത്തിലെ നിത്യഹരിതവനങ്ങളിലാണെന്ന് ഐതിഹ്യം. സൈരന്ധ്രി എന്നാണ് ഈ വനത്തിനു ആദിവാസികള്‍ നല്‍കിയ പേരെന്നും അത് പാണ്ഡവരുടെ ഭാര്യയുടെ പേരാണെന്നും ഐതിഹ്യം. തിരുവനന്തപുരത്തിനു ട്രിവാന്‍ഡ്രം എന്നു ബ്രിട്ടീഷുകാര്‍ പേര് ചുരുക്കിയതുപോലെ സൈരന്ധ്രിവനത്തെ അവര്‍ സൈലന്റ് വാലി എന്നാക്കിയെന്നാണ് പറയപ്പെടുന്നത്.
പാണ്ഡവര്‍ക്കു ജീവജലം നല്‍കിയ നദിക്ക് അവര്‍ അവരുടെ അമ്മയുടെ പേരും നല്‍കി-കുന്തി. ആശ്ചര്യമുള്ള കാര്യം കുന്തിപ്പുഴയില്‍ പാത്രക്കടവ് എന്ന സ്ഥലത്ത് സൈര്രന്ധി പാത്രങ്ങള്‍ കഴുകുകയും വെള്ളമെടുക്കുകയും ചെയ്ത സ്ഥലത്ത് രാത്രിയുടെ നിശ്ശബ്ദയാമങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഒഴുകുന്ന വെള്ളം കൊണ്ട് പാത്രങ്ങള്‍ നിറയ്ക്കുന്ന ശബ്ദം കേള്‍ക്കാമെന്നതാണ്.
ഇത്തരം ഐതിഹ്യങ്ങള്‍ എന്തുമാകട്ടെ, സൈലന്റ്‌വാലി കാലങ്ങളായി നിശ്ശബ്ദമാവാന്‍(silent) ഒരു കാരണമുണ്ട്. ഇന്ത്യയിലെ എല്ലാ വനങ്ങളെയും ശബ്ദമുഖരിതമാക്കുന്ന ചീവീട് അവയുടെ അസാന്നിദ്ധ്യം കൊണ്ട് ഈ നിബിഢവനത്തെ ശ്രദ്ധേയമാക്കുന്നു. എന്നാല്‍, ഒട്ടേറെ സസ്യങ്ങളുടെയും ജീവികളുടെയും അതിലുപരി സിംഹവാലന്‍ കുരങ്ങ്, മാക്കാ ച്ചിക്കാട മുതലായ ഒട്ടേറെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെയും സങ്കേതമാണ് ഈ വനമേഖല. മനുഷ്യന്റെ കടന്നുകയറ്റത്തിന്റെ അഭാവം കൊണ്ട് ലക്ഷക്കണക്കിനു വര്‍ഷങ്ങളായി പരിണാമത്തിനു വിധേയമാകാതെ സംരക്ഷിക്കപ്പെടുന്ന ഒട്ടേറെ ജനിതക കലവറകള്‍ (gene pools) ഇവിടെയുണ്ട്.
ഒരു ഭ്രാന്തന്‍ നിമിഷത്തില്‍ കേരള സര്‍ക്കാര്‍ ഈ അമൂല്യസമ്പത്തിനെ ഒരു അണക്കെട്ട് നിര്‍മ്മിച്ച് നശിപ്പിക്കുവാന്‍ തീരുമാനിക്കുന്നു. 1978ലായിരുന്നു അത്. ഈ വനത്തിന്റെ ഉടമ സര്‍ക്കാരല്ലെന്ന കാര്യം അവര്‍ ഉള്‍ക്കൊണ്ടില്ല. ഇത് പ്രകൃതി മനുഷ്യരാശിക്കു നല്‍കിയ സമ്മാനമാണെന്നും അത് സംരക്ഷിച്ച് ഭാവിതലമുറകള്‍ക്കു കൈമാറേണ്ട ബാധ്യത നമുക്കുണ്ടെന്നും അവര്‍ മനസ്സിലാക്കിയില്ല.
1980ല്‍ കേരളത്തില്‍ നിന്നുള്ള ഏതാനും പത്രപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് ഒരു ഡോക്യുമെന്ററി ഫിലിം നിര്‍മ്മിക്കുവാന്‍ വേണ്ടി 75,000 രൂപ സമാഹരിച്ചു. ഏതാനും മെഗാവാട്ട് വൈദ്യുതിക്കുവേണ്ടി ഡാം നിര്‍മ്മിച്ചു മുക്കിക്കളയാന്‍ പോകുന്ന പ്രകൃതി സമ്പത്ത് എത്രമാത്രം അമൂല്യമാണെന്നു കാണിക്കുന്ന ഡോക്യുമെന്ററി നിര്‍മ്മിക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഞാന്‍ സ്‌ക്രിപ്റ്റ് തയ്യാറാക്കി. പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച കെ.കെ. ചന്ദ്രനായിരുന്നു ഡയറക്ടര്‍.
വനമേഖല നിരീക്ഷിച്ചതില്‍ നിന്നും മുക്കാളിയാണ് അവസാനത്തെ ആദിവാസി ഗ്രാമമെന്നു മന സ്സിലായി. അവിടെനിന്ന് കൃത്യം 24 കിലോമീറ്റര്‍ അകലെയാണ് നിര്‍ദ്ദിഷ്ട അണക്കെട്ടിന്റെ സ്ഥാനം. മുക്കാളിക്ക് അപ്പുറം ഒരു വാഹനവും കടത്തിവിടില്ല. അതായത് ഫിലിം ഷൂട്ട് ചെയ്യാനുള്ള ഉപകരണങ്ങളും വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളുമെല്ലാം തലച്ചുമടായി വേണം കൊണ്ടുപോവാന്‍.
ഞങ്ങളെ കാടിനുള്ളില്‍ വഴികാട്ടാനും തിരിച്ചെത്തിക്കാനും കഴിവുള്ള ഒരു ഗൈഡ് അനിവാര്യമായിരുന്നു. അതിനുപറ്റിയ ഒരാള്‍ മാത്രമേ ഉള്ളുവെന്ന് അന്വേഷണത്തില്‍ മനസ്സിലായി. ഭാഗ്യവശാല്‍ അദ്ദേഹത്തെ കണ്ടെത്തി. ഞങ്ങള്‍ ബഹുമാനപൂര്‍വ്വം ഹംസക്ക എന്നു വിളിച്ച തേക്കിന്‍കാട്ടില്‍ ഹംസ മണ്ണാര്‍ക്കാട്ടുകാരനായ ഒരു ഏകാകിയായിരുന്നു. അണക്കെട്ടു വരുന്നു എന്നു കേട്ടതുമുതല്‍ അദ്ദേഹം കൂടുതല്‍ ഉള്‍വലിയുകയായിരുന്നു.
ഞങ്ങളുടെ വഴികാട്ടിയാവാന്‍ അദ്ദേഹം തുടക്കത്തില്‍ വിസ്സമ്മതിച്ചു. എന്നാല്‍ സൈലന്റ്‌വാലി സംരക്ഷിക്കുകയാണു ഞങ്ങളുടെ ലക്ഷ്യമെന്നു മനസ്സിലായപ്പോള്‍ അദ്ദേഹം അയഞ്ഞു. സ്വന്തം പേരെഴുതാന്‍പോലും അറിയാത്ത ഹംസക്കാക്ക് തന്റെ കൈവെള്ള പോലെ സൈലന്റ്‌വാലിയെ അറിയാമായിരുന്നു. മുപ്പതിലേറെ വര്‍ഷമായി വനത്തിലൂടെ അലഞ്ഞുനടന്നു. നേടിയ അറിവ് അദ്ദേഹം ഞങ്ങള്‍ക്കു ഒരു പിതാവ് മക്കള്‍ക്കു നല്‍കുന്നതുപോലെ പകര്‍ന്നുതന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
കൂടെ വരാമെന്നു തീരുമാനിച്ച നിമിഷം മുതല്‍ ഹംസക്ക ഞങ്ങളുടെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. ദൗത്യത്തിന്റെ പ്രയാസങ്ങളെപ്പറ്റി ഭയപ്പെടുത്തുന്ന ചിത്രം അദ്ദേഹം അവതരിപ്പിച്ചു. ഇതു തരണം ചെയ്യാന്‍ പാലിക്കേണ്ട ചിട്ടകളും വ്യവസ്ഥകളും വിവരിച്ചു. ആരും ആയുധങ്ങളൊന്നും ഒരു പിച്ചാത്തി പോലും എടുക്കാന്‍ പാടില്ല. അതിനുള്ള ന്യായീകരണം, ഒരു ജീവിയും ആപല്‍ ഭീഷണി നേരിടുന്നില്ലെങ്കില്‍ നിങ്ങളെ ആക്രമിക്കില്ല.
രണ്ടാമത്തെ നിബന്ധന, ഭക്ഷണത്തെ സംബന്ധിച്ചായിരുന്നു. മുരിങ്ങക്കായും ഉരുളക്കിഴങ്ങും പരിപ്പും തേങ്ങയും ചേര്‍ത്തുണ്ടാക്കുന്ന ഒരു കറിയും ചോറും മാത്രമായിരിക്കും ഭക്ഷണം. നദിയില്‍ പരല്‍മീനുണ്ടാകും. ഭാഗ്യമുണ്ടെങ്കില്‍ പിടിച്ച് കറിയാക്കാം. രാവിലെ ഒരു നേരവും ഉച്ചതിരിഞ്ഞ് ഒരിക്കലും മാത്രം കട്ടന്‍ചായ കഴിക്കാം. ഇതു മാത്രമാകും ദൗത്യത്തിന്റെ 21 ദിവസത്തേയും മെനു. ഓരോരുത്തര്‍ക്കും 20 കിലോ വീതം ഭാരമുള്ള ചുമടുമുണ്ടാകും.
നിശ്ചയിച്ച ദിവസം ഞങ്ങള്‍ മുക്കാളിയില്‍ ഹംസക്കയുമായി സന്ധിച്ചു. കൂടെ രണ്ടു ആദിവാസി ഗൈഡുകളും. മുക്കാളിയില്‍ നിന്ന് ആവശ്യമായ സാധനങ്ങളെല്ലാം സംഭരിച്ചശേഷം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ യാത്ര തുടങ്ങി.
അത്യാവശ്യ സാധനങ്ങളുടെ ഭാരിച്ച കെട്ടും പേറി പുറപ്പെടുമ്പോള്‍ മനസ്സില്‍ എന്തെന്നറിയാത്ത ഭയവുമുണ്ടായിരുന്നു. ഏതാനും കിലോമീറ്റര്‍ നടന്നുകഴിഞ്ഞപ്പോള്‍ ഒരാദിവാസിക്കുടില്‍ കണ്ടു. അടിക്കാടുകള്‍ വെട്ടി വിലപിടിപ്പുള്ള മരങ്ങള്‍ ഭംഗിയായി വളരുവാന്‍ സൗകര്യപ്പെടുത്തുന്ന പണിയാളുകളുടെ താവളമായിരുന്നു. ആ കുടില്‍ അപ്പോള്‍ താറുമാറായി കാണപ്പെട്ടു. പട്ടണത്തില്‍ നിന്നുംവരുന്ന ഞങ്ങള്‍ക്ക് ആ കുടില്‍ ഒരു ബുള്‍ഡോസര്‍ കയറി ഇറങ്ങിയ പ്രതീതി തോന്നിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ അത് ഒരു ആനക്കൂട്ടം അടുക്കളയിലെങ്ങാനും ഉപ്പു കിട്ടാനുണ്ടോ എന്നു തിരഞ്ഞതായിരുന്നു.
പേടിച്ചരണ്ടുപോയ ഞങ്ങളെ ഹംസക്ക ആശ്വസിപ്പിച്ചു: അതില്‍ ജീവനുള്ള ഒരു കുഞ്ഞെങ്കിലുമുണ്ടായിരുന്നെങ്കില്‍ ആന ആ കുടിലിനെ തൊടുകപോലും ചെയ്യില്ലായിരുന്നു. വിശ്വാസം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. മുന്നോട്ടുപോകാന്‍ ഞങ്ങള്‍ക്ക് ആ വാക്കുകള്‍ ധൈര്യം തന്നു.
ഉച്ചയോടുകൂടി നിര്‍ദ്ദിഷ്ട അണക്കെട്ടിനടുത്തെത്തിയതും ഞങ്ങള്‍ കണികണ്ടത് രണ്ടു നൂറ്റാണ്ടങ്കിലും പ്രായമുള്ള ഒരു മരം രണ്ടു മണിക്കൂര്‍കൊണ്ട് വെട്ടിവീഴ്ത്തുന്ന ഭീകര കാഴ്ചയാണ്-ഡാമിനു നിലമൊരുക്കാന്‍. ആര്‍ത്തനാദത്തോടെ നിലംപതിച്ച ആ രംഗം ഫിലിമില്‍ പകര്‍ത്തിയതോടെ, ഞങ്ങള്‍ നിര്‍മ്മിക്കുന്ന ഡോക്യുമെന്ററിയുടെ ചേതന പിടിച്ചെടുക്കുകയായിരുന്നു, ആ നിമിഷം എനിക്ക് ഉപനി ഷത്തിലെ ഒരു ശ്ലോകം ഓര്‍മ്മ വന്നു: ധാരാളം ഉറവകള്‍ ചേര്‍ന്ന് ഒരു അരുവി ഉണ്ടാവുന്നു; ധാരാളം അരുവികള്‍ ചേര്‍ന്ന് ഒരു നദിയുണ്ടാവുന്നു; ധാരാളം നദികള്‍ ചേര്‍ന്ന് ഒരു സമുദ്രമുണ്ടാവുന്നു. ധാരാളം സമുദ്രങ്ങള്‍ ചേര്‍ന്ന് ഒരു മരമുണ്ടാവുന്നു.
ആ മരത്തിന്റെ ആര്‍ത്തനാദം മനസ്സില്‍ പേറി ഞങ്ങള്‍ കുന്തിപ്പുഴയുടെ കരയില്‍ ടെന്റ് കെട്ടാന്‍ തുടങ്ങി. ഹംസക്ക കുസൃതി നിറഞ്ഞ കണ്ണുകളുമായി വന്യമൃഗങ്ങള്‍ രാത്രിയില്‍ വെള്ളം കുടിക്കാന്‍ ഇറങ്ങുന്ന സ്ഥലം ചൂണ്ടിക്കാട്ടി. ടെന്റില്‍നിന്ന് വെറും 50 അടി മാത്രം ദൂരെ! ഉറങ്ങുന്ന ഞങ്ങളെ മണത്തുനോക്കുന്നതില്‍ നിന്നും അവരെ പിന്തിരിപ്പിക്കുന്ന ഒന്നേ ഉള്ളൂ-പ്രോമിത്തിയൂസിന്റെ കളവുമുതല്‍, തീ!
രാത്രി മുഴുവന്‍ കത്തുവാനാവശ്യമായ വിറകു ഞങ്ങള്‍ ശേഖരിച്ചപ്പോള്‍ ഹംസക്ക ജീവനും മരണത്തിനുമിടയില്‍ നില്‍ക്കേണ്ട തീ കൊളുത്തി. കാടിന്റെ ഉച്ചിയില്‍ പ്രകാശത്തിന്റെ ആദ്യകിരണം പരക്കുന്ന നിമിഷം വരെ അത് നിന്നുകത്തി.
ഉടനെത്തന്നെ തിരക്കഥയുടെ ആദ്യരംഗം ചിത്രീകരിക്കുവാന്‍ വേണ്ടി ഞങ്ങള്‍ പുറപ്പെട്ടു. അത് ഇങ്ങനെയായിരുന്നു: ‘രാത്രിയും പകലും മാറിമാറി വരുന്ന കാലചക്രം. മനുഷ്യന്റെ ഉത്ഭവത്തിന്റെ ആദ്യ ഓര്‍മ്മകള്‍ ഇപ്പോഴും നിലനില്‍ക്കുന്ന നദിയുടെ ഒഴുക്ക്. ആദിമ മനുഷ്യന്‍ കണ്ട ആദ്യ ദൃശ്യം, ആദ്യ പ്രഭാതം.’
കുന്തിപ്പുഴ തുള്ളിച്ചാടി ഇറങ്ങുന്ന ഒരു കൊച്ചു വെള്ളച്ചാട്ടം സൂര്യവെളിച്ചത്തില്‍ ചിത്രീകരിക്കാന്‍ വേണ്ടി ഞങ്ങള്‍ കാത്തിരുന്നു. അത് സഫലീകരിക്കാന്‍ ഒരു മണിക്കൂറോളമെടുത്തു. സൂര്യവെളിച്ചത്തിന്റെ പത്തിലൊന്നേ കാടിന്റെ അടിയില്‍ എത്തുന്നുള്ളൂ എന്ന് ഈ അനുഭവം ഞങ്ങളെ പഠിപ്പിച്ചു. ഒന്‍പതു ഭാഗവും മേലാപ്പില്‍ ആഗിരണം ചെയ്യപ്പെടുകയാണ്. അതിനര്‍ത്ഥം, സൈലന്റ്‌വാലി ചിത്രീകരിക്കാന്‍ ഞങ്ങള്‍ക്ക് ദിവസത്തില്‍ കഷ്ടി നാലു മണിക്കൂര്‍ മാത്രമേ കിട്ടൂ എന്നാണ്.
മൂന്നുമണിയോടെ ഷൂട്ടിങ് നിര്‍ത്തി, ഞങ്ങള്‍ ഉണക്കവിറകു അന്വേഷിച്ചിറങ്ങി. ഷൂട്ടിങ്ങിന്റെ ഒന്നാം ദിവസം ഞങ്ങളെല്ലാം നല്ലവണ്ണം ക്ഷീണിച്ചിരുന്നതിനാല്‍ കാര്യമായിട്ടൊന്നും വിറകു ശേഖരിക്കാന്‍ കഴിഞ്ഞില്ല. കിട്ടിയത് രാത്രി രണ്ടുമണിവരെ മാത്രമേ തെകയൂ എന്ന് ഹംസക്ക പറഞ്ഞു.
വിറകിനു തീ കൊളുത്തി കിടന്നതും ഞങ്ങള്‍ ഉറങ്ങിപ്പോയി. പാതിരാത്രി കഴിഞ്ഞ് എപ്പോഴോ ഞങ്ങള്‍ അഞ്ചു നഗരവാസികള്‍ ഞെട്ടി ഉണര്‍ന്നു. നോക്കുമ്പോള്‍ സമയം കൃത്യം 2 മണി. ഹംസക്ക പറഞ്ഞ സമയം ഞങ്ങള്‍ക്കുള്ളില്‍ അലാറം സെറ്റ് ചെയ്തിട്ടുണ്ടാവണം. നെരിപ്പോട് കെട്ടടങ്ങിയിരിക്കുന്നു. ഉറക്കം നഷ്ടപ്പെട്ട ഞങ്ങള്‍ നേരം വെളുക്കാന്‍ കാത്തുകിടന്നു. ഞങ്ങളുടെ സഹായികളായി വന്ന ആദിവാസികള്‍ എല്ലാംമറന്ന് ഉറങ്ങുന്നു. അവരുടെ പൃഷ്ടം തീക്കുണ്ടത്തില്‍ നിന്ന് കഷ്ടി മൂന്നടി മാത്രം അകലെ. മനുഷ്യനും തീയും തമ്മിലുള്ള ചരിത്രാതീത ബന്ധത്തിനു സാക്ഷ്യം വഹിച്ചുകൊണ്ട്.
വന്യമൃഗങ്ങളുടെ മുന്നില്‍പെട്ടാല്‍ എങ്ങനെ രക്ഷപ്പെടാമെന്ന ചില പാഠങ്ങള്‍ ഹംസക്ക ഞങ്ങള്‍ക്ക് പറഞ്ഞുതന്നു. വെയിലാറിയ നേരത്ത് നദീതിരത്ത് പതിഞ്ഞ വിവിധ മൃഗങ്ങളുടെ കാല്പാടുകള്‍ തിരിച്ചറിയാന്‍ പഠിപ്പിച്ചു. രാത്രി ഞങ്ങളുടെ തീക്കുണ്ടത്തിനടുത്ത് എത്തിയ സന്ദര്‍ശകര്‍ ചെന്നായയും കേഴമാനും ആണത്രെ.
മുന്നോട്ടുള്ള പ്രയാണത്തിനിടെ ഭാവനാതീതമായ ഒരു പ്രശ്‌നം അഭിമുഖീകരിച്ചു: ഞങ്ങളുദ്ദേശിച്ച ലൊക്കേഷനിലെത്താന്‍ കുന്തിപ്പുഴ അങ്ങിങ്ങു ഏഴെട്ടുതവണ കടക്കുക, അല്ലെങ്കില്‍ ചോരകുടിയന്‍ അട്ടകളുടെ ഒരു ഭീമാകാരന്‍ പരവതാനി കുറുകെ കടക്കുക. നദി പല തവണ കടക്കുന്നതിനോട് ഹംസക്കക്കു യോജിപ്പില്ല, കാരണം ഓരോരുത്തരും 20 കിലോ ഭാരവും വഹിച്ചു പായല്‍ പിടിച്ച പാറക്കെട്ടുകള്‍ നിറഞ്ഞ നദിയിലെ ഒഴുക്ക് കടക്കുക അപകടകരമാണ്.
പകരം ഹംസക്ക ഒരു കുഴമ്പുണ്ടാക്കി വെളിച്ചെണ്ണയും പുകയിലപ്പൊടിയും ഉപ്പും ചേര്‍ത്ത കുഴമ്പ്, ശരീരത്തിലെ തുറന്ന ഭാഗത്തെല്ലാം ചാര്‍ത്തുക. കുഴമ്പു പൂശിയ ശരീരവുമായി ഞങ്ങളെല്ലാം പേടിച്ചുവിറച്ച് അട്ടകളുടെ ഭീമന്‍ പരവതാനി താണ്ടി. ഒന്നോ രണ്ടോ അട്ട അങ്ങിങ്ങ് കയറിയതൊഴിച്ചാല്‍ ഞങ്ങളെല്ലാം ഹംസക്കയുടെ അട്ടക്കുഴമ്പിന്റെ മാസ്മരികശക്തി ആശ്ചര്യത്തോടെ അനുഭവിച്ചറിയുകയായിരുന്നു.
ആ രാത്രി ടെന്റിനുള്ളില്‍ കിടക്കുമ്പോള്‍ ശബ്ദരാഹിത്യത്തിന്റ അസഹ്യത ഞങ്ങള്‍ ആദ്യമായി അനുഭവിച്ചറിഞ്ഞു. ഹംസക്കയുടെ കഥകള്‍ പറഞ്ഞു തീര്‍ന്നശേഷമുണ്ടായ മൗനം അസഹ്യമായപ്പോള്‍ ആരോ മന:പൂര്‍വ്വം ശബ്ദമുണ്ടാക്കി…
പിറ്റേന്ന് കണ്ട ഒരു കാഴ്ച സല്‍ബുദ്ധിയില്‍ സംശയം ജനിപ്പിക്കുന്നതായിരുന്നു. ഒരു മലഞ്ചരിവ് ഇറങ്ങുമ്പോള്‍ അകലെ ഒരു മായക്കാഴ്ച. മുടിയും താടിയും നീട്ടിയ ഒരു വെളുത്ത മനുഷ്യന്‍ കുപ്പായമിടാതെ താഴ്‌വരയില്‍ അലഞ്ഞ് നടക്കുന്നു. സത്യമോ മിഥ്യയോ എന്ന് സംശയിച്ച് ഞാന്‍ കൂടെയുള്ള കെ.കെ. ചന്ദ്രനെ തോണ്ടി ഞാന്‍ കാണുന്നത് അയാള്‍ കാണുന്നുണ്ടോ എന്നു ചോദിച്ചു. ഉവ്വ്, അയാളും കണ്ടിരുന്നു, അയാളും എന്നോട് അക്കാര്യം പറയാതിരിക്കുകയായിരുന്നു എന്നെപ്പോലെ തന്നെ ബുദ്ധിഭ്രമം സംശയിച്ച്.
ധൈര്യം സംഭരിച്ച് ഞങ്ങള്‍ ആ രൂപത്തിനു നേരെ വിളിച്ചുകൂവി. വെളുമ്പന്‍ ഞങ്ങളുടെ ആരവം കേട്ടു, തിരിഞ്ഞുനോക്കി. ഞങ്ങളെ കണ്ടതും അയാള്‍ ഓടിയടുത്തു. ഹോളണ്ടില്‍ സ്‌കൂള്‍ അധ്യാപകനായ ഷാക്ക് വഴിത്താരകളില്ലാത്ത സൈലന്റ് വാലി കാട്ടില്‍ കുടുങ്ങിയിട്ട് എട്ടുനാള്‍ പിന്നിട്ടിരുന്നു. രണ്ടുദിവസമായി ഭക്ഷണവും തീര്‍ന്നിട്ട്, കുന്തിപ്പുഴയിലെ വെള്ളം മാത്രമാണ് ജീവന്‍ നിലനിറുത്തിയത്.
ജാക്കിന്റെ അതിജീവനം ആഘോഷമാക്കാന്‍ ഹംസക്ക അന്ന് ഉച്ചഭക്ഷണം നേരത്തെയാക്കി. അന്നു രാത്രി ഷാക്ക് പാടിയ ഇടയഗാനം കാട്ടിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രശാന്തത ഭഞ്ജിച്ചു. ഷാക്കിന്റെ പാട്ടുകള്‍ എന്നും ഞങ്ങളുടെ ഉറക്കുപാട്ടായി മാറി.
പിറ്റേന്നു മഴ ചാറി. ഞങ്ങള്‍ സമീപത്തെ ഒരു ഗുഹയില്‍ അഭയം തേടി ഏതോ മാംസഭുക്ക് അവിടെ മുന്നേ താവളമാക്കിയിട്ടുണ്ടാവുമോ എന്ന് ഭയന്ന്. ചരിത്രാതീതകാലത്തെ ഗുഹാമനുഷ്യന്റെ ആശങ്കകള്‍ ഉള്ളില്‍ പേറി നില്‍ക്കുമ്പോള്‍ ഹംസക്ക അടുത്തുള്ള മരത്തിലേക്കു വിരല്‍ ചൂണ്ടി. അവിടെ ഒരു കൂട്ടം സിംഹവാലന്‍ കുരങ്ങുകള്‍ മരച്ചില്ല വളച്ച് മഴ നനയാതെ തങ്ങിയിരിക്കുന്നു. മഴ വരുമ്പോഴെല്ലാം അവരിതുപോലെ ചില്ലകള്‍ക്കടിയില്‍ അഭയം തേടുമെന്നും അടുത്ത മഴക്കുമുമ്പ് ഒരു സ്ഥിരം ഷെല്‍ട്ടര്‍ പണിയുമെന്ന് വ്രതമെടുക്കുമെന്നും എന്നാല്‍ മഴ കഴിയുമ്പോള്‍ അക്കാര്യം മറക്കുമെന്നും ഹംസക്ക പറഞ്ഞു ചിരിച്ചു.
അപ്പോഴേക്കും ഞങ്ങള്‍ ഞങ്ങളുടെ റേഷന്‍ ഭക്ഷണവുമായി ഒരാഴ്ച പിന്നിട്ടിരുന്നു. ഒരു മാറ്റത്തിനുവേണ്ടി കൊതിച്ചു. മീന്‍ പിടിക്കാന്‍ ഞങ്ങള്‍ ഹംസക്കയെ പ്രോത്സാഹിപ്പിച്ചു. മൂപ്പര്‍ ഞങ്ങള്‍ക്കോരോരുത്തര്‍ക്കും ഓരോ ചൂണ്ട ഉണ്ടാക്കി, കാട്ടിലെ മണ്ണു കുഴിച്ച് മണ്ണിര സംഭരിച്ചു.
നദിക്കരയില്‍ നിന്ന് ഞങ്ങള്‍ ചൂണ്ടയെറിഞ്ഞു. ഇന്നുവരെ ആരും കുന്തിപ്പുഴയില്‍നിന്നു മീന്‍ പിടിച്ചിട്ടില്ലാത്തതു കൊണ്ടാവും ഞങ്ങളോരോരുത്തരുടെയും ചൂണ്ടയില്‍ രണ്ടും മൂന്നും പരല്‍മീനുകള്‍ വീതം കുടുങ്ങി.
ഇരുപത്തൊന്നു ദിവസത്തെ ഷൂട്ടിങ്ങിനുശേഷം ഞങ്ങള്‍ മുക്കാളിയില്‍ തിരിച്ചെത്തി. സൈലന്റ്‌വാലിയില്‍ ഞങ്ങള്‍ ഉദ്ദേശിച്ചതിലും കൂടുതല്‍ ദിവസം തങ്ങേണ്ടി വന്നതുകൊണ്ട് ഫിലിം എഡിറ്റിങ് കഴിയുമ്പോഴേക്കും ഞങ്ങളുടെ ഫണ്ട് തീര്‍ന്നു. അപ്പോഴാണ് സേവ് സൈലന്റ്‌വാലി കമ്മറ്റിയുടെ ചെയര്‍പേഴ്‌സണ്‍ ദില്‍നവാസ് വരിയവയെ പോയി കണ്ടത്. അവര്‍ ഫിലിം പൂര്‍ത്തിയാക്കാന്‍ വേണ്ടി 10,000 രൂപ കമ്മറ്റിയുടെ ഫണ്ടില്‍നിന്നു തന്നു. സുള്‍ വെല്ലാനിയുടെ ബാരിറ്റോണ്‍ ശബ്ദവും ഉസ്താദ് ഫയാസ് അഹമ്മദ് ഖാന്റെ സംഗീതവും ചേര്‍ന്നപ്പോള്‍ (രണ്ടുപേരും സൗജന്യമായി ചെയ്തുതന്നു) അണക്കെട്ടിനെതിരായ അതിശക്തമായ 18 മിനുട്ടു നീണ്ട ഫിലിം തയ്യാര്‍!
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനു സമര്‍പ്പിച്ചപ്പോള്‍ അത് ഏകപക്ഷീയമായ ഫിലിം ആണെന്നോ മറ്റോ പറഞ്ഞ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു. അണക്കെട്ടിനെതിരായ ഫിലിം ആണെന്നും സ്വാഭാവികമായും അത് ഏകപക്ഷീയമേ ആവുള്ളൂ എന്ന ഞങ്ങളുടെ നിലപാട് നിരാകരിക്കപ്പെട്ടു. അതോടെ, ദില്‍നവാസും സോളി ഗോദ്‌റെജും ഉണര്‍ന്ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമായി ഒരു കൂടിക്കാഴ്ചക്കു കളമൊരുക്കി.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
താമസിയാതെ സൈലന്റ്‌വാലിയിലെ മൂകവനം വാചാലമാകാന്‍വേണ്ടി ദില്ലിയിലേക്കു പോയി. അചുംബിത പ്രകൃതി സമ്പത്തു പകര്‍ത്തിയ ഫിലിം കണ്ടശേഷം ഇന്ദിരാഗാന്ധി, അന്നത്തെ ആ 24കാരന്റെ തോളില്‍ തട്ടി സ്വകാര്യംപോലെ പറഞ്ഞു: ‘പേടിക്കണ്ട, സൈലന്റ് വാലിയെ നമ്മള്‍ ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കും.’ 1984ല്‍ ആ വാഗ്ദാനം നിറവേററപ്പെട്ടു.
ഇരുപത്താറു വര്‍ഷത്തേക്കു സൈലന്റ്‌വാലി വീണ്ടും കാണാന്‍ എന്റെ മനസ്സ് മടിച്ചു. അതി നുള്ള പ്രധാന കാരണം എന്റെ അന്നത്തെ കാനനയാത്ര പ്രദാനം ചെയ്ത ഓര്‍മ്മകളുടെ ചിലന്തിവല ക്കെട്ട് നഷ്ടപ്പെട്ടേക്കുമോ എന്ന ഭീതിയാണ്. ഭാര്യ അനിതയുടെയും മകന്‍ അനിലിന്റെയും നിരന്തരമായ പ്രേരണയ്‌ക്കൊടുവില്‍ 2006ല്‍ ഞാന്‍ വീണ്ടും സൈലന്റ്‌വാലി കാണാന്‍ പോയി.
മുക്കാളിയിലെ ഫോറസ്റ്റ് ഗേറ്റില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട ഡാം സൈറ്റില്‍ സ്ഥാപിച്ച 100 അടി ഉയരമുള്ള വാച്ച് ടവര്‍ വരെ വണ്ടി ഓടിച്ചുപോയി. ആ ടവറിന്റെ മുകളില്‍ നിന്ന് സൈലന്റ്‌വാലിയുടെ ഒരു 70 എംഎം വിശാലദൃശ്യം കണ്ടു.
വനദൃശ്യത്തിലുണ്ടായ മാറ്റമാണ് ശ്രദ്ധയില്‍ ആദ്യം പെട്ടത്. 1980ല്‍ സൈലന്റ് വാലി ഇരുണ്ട നിത്യഹരിത വനഭാഗങ്ങള്‍ക്കിടയില്‍ അങ്ങിങ്ങ് ഷോല പുല്‍മേടുകള്‍ ഉണ്ടായിരുന്നു. ഇന്ന് പുല്‍മേടുകളില്ല; കണ്ണെത്തും ദൂരംവരെ ഇരുണ്ടു നനുത്ത കാടുമാത്രം. ചോരകുടിയന്‍ അട്ടകള്‍ അന്നത്തെപോലെ തന്നെ ഇന്നും ഭീകരരായി തുടരുന്നു. അതേപോലെ, ദിനോസറുകള്‍ (തിരിച്ചുവന്നാല്‍) അവര്‍ക്കു പരിചയമുള്ള കോബ്ര ചെടിയും പന്നല്‍ചെടിയും ഇവിടെ കണ്ടെത്തും. വംശനാശഭീഷണി നേരിട്ടിരുന്ന സിംഹവാലന്‍ കുരങ്ങും സിലോണ്‍ മാക്കാച്ചിപ്പുള്ളും ധാരാളമായി വിലസുന്നു.
എന്നാല്‍ സൈലന്റ് വാലി വനത്തിനു ആ പേരുകിട്ടാനിടയാക്കിയ ചീവീടുകളുടെ അസ്സാന്നിധ്യം പഴങ്കഥയായി. ആ പേടിപ്പെടുത്തുന്ന നിശ്ശബ്ദത ചീവീടുകളുടെ വരവോടെ ഇല്ലാതായി. സമീപപ്രദേശമായ അട്ടപ്പാടിയില്‍ ജനവാസം ഊര്‍ജിതമാകുകയും പ്രകൃതി നശിക്കുകയും ഉഷ്ണം വര്‍ദ്ധിക്കുകയും ചെയ്തതാവാം ചീവീടുകളുടെ ആവിര്‍ഭാവത്തിനു കാരണം.
ഇരുപത്താറുവര്‍ഷം മുമ്പ് ശേഖരിച്ച അമൂല്യമായ സ്മാരകവസ്തുക്കളൊന്നും ഇന്ന് കൈവശമില്ല. ഷാക് പാടിയ നാടോടി ഗാനങ്ങളുടെ ഓഡിയോ ടേപ്പുകള്‍ നഷ്ടപ്പെട്ടു. ഹംസക്ക ഓര്‍മ്മയായി. ഡാമിനെതിരെ ജനമുന്നേറ്റം ഉണ്ടാക്കുവാന്‍ സഹായിച്ച ആ ഫിലിമിന്റെ പ്രിന്റുകള്‍ അപ്രത്യക്ഷമായി; അതിന്റെ നെഗറ്റീവുകള്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. അവശേഷിക്കുന്നത് ഞങ്ങളുണ്ടാക്കിയ ഫിലിം വഴി സംരക്ഷിക്കപ്പെട്ട സൈലന്റ് വാലി മാത്രം.
(കടപ്പാട് പാഠഭേദം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
