നവനാഗരികതയുടെ അതിജീവനപ്രതിസന്ധികള്‍
മനുഷ്യനെ സംരക്ഷിക്കാനല്ല, സംഹരിക്കാനുള്ള ശേഷിയേയാണ് ഈ നവനാഗരികതക്ക് ശക്തിയുടെ അളവുകോല്‍. കൊറോണവൈറസ്സിന് മുന്നില്‍ ഇടറിവീണ ലോകത്തിലെ പ്രബലരാഷ്ട്രങ്ങള്‍ അത് ഒരിക്കല്‍കൂടി തെളിയിക്കുകയുണ്ടായി. ആവശ്യത്തിന് മാസ്‌ക്കില്ലാതെ, ഗ്ലൗസില്ലാതെ, വെന്റിലേറ്റര്‍ സൗകര്യങ്ങളില്ലാതെ വേവലാതിപ്പെടുന്ന അമേരിക്കയേയും യൂറോപ്യന്‍ രാജ്യങ്ങളേയും കണ്ട് ലോകം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഈ രാജ്യങ്ങളിലെ ആരോഗ്യസംവിധാനങ്ങളാണല്ലോ ഇത്രയും കാലം മാതൃകയായി ചൂണ്ടികാണിക്കപ്പെട്ടത്.
2014 ഡിസമ്പര്‍ 10 ന് നോര്‍വ്വീചിയന്‍ നോബല്‍ കമ്മിറ്റിക്ക് മുമ്പില്‍ ഒരു കൗമാരക്കാരി ഒരു പ്രസംഗം നടത്തുകയുണ്ടായി. സമാധാനത്തിനുള്ള നോബല്‍സമ്മാനം ലഭിച്ച മലാല യൂസഫായിരുന്നു അത്. അന്നവള്‍ക്ക് പ്രായം പതിനേഴ് വയസ്സായിരുന്നു. മാര്‍ട്ടിന്‍ലൂഥര്‍കിംങ്ങിന്റെ എനിക്കൊരു സ്വപ്നമുണ്ട് എന്ന് തുടങ്ങുന്ന ലോകപ്രശസ്തപ്രസംഗത്തിന്റെ ഉള്ളടക്കത്തെ ഓര്‍മ്മിക്കുംവിധം കരുത്തുറ്റതായിരുന്നു ആ പ്രസംഗം. ആ പ്രസംഗത്തിന്റെ അവസാനഭാഗങ്ങളില്‍ അവള്‍ ചില ചോദ്യങ്ങള്‍ ഈ നവനാഗരികസമൂഹത്തോട് ചോദിക്കുന്നുണ്ട്. ‘ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരേ, മുതിര്‍ന്നവര്‍ക്ക് ചിലപ്പോള്‍ മനസ്സിലാവുമായിരിക്കും. എന്നാല്‍ നാം കുട്ടികള്‍ക്ക് മനസ്സിലാവുന്നില്ല. എന്തുക്കൊണ്ട് നാം ശക്തരെന്ന് വിളിക്കുന്ന രാജ്യങ്ങള്‍ യുദ്ധങ്ങള്‍ നയിക്കുന്നതില്‍ ശക്തരായിരിക്കുന്നതും സമാധാനം ഉണ്ടാക്കുന്നതില്‍ ദുര്‍ബലരായിരിക്കുകയും ചെയ്യുന്നത്. എന്തുക്കൊണ്ട് തോക്കുകള്‍നല്കാന്‍ വളരെ എളുപ്പമാവുകയും പുസ്തകങ്ങള്‍ നല്കാന്‍ വളരെ പ്രയാസമായിരിക്കുകയും ചെയ്യുന്നത്. എന്തുക്കൊണ്ടാണ് ടാങ്കുകള്‍ ഉണ്ടാക്കുവാന്‍ എളുപ്പവും സ്‌ക്കൂളുകളുണ്ടാക്കാന്‍ വളരെ പ്രയാസവുമായിരിക്കുന്നത്. അസാധ്യമായി ഒന്നുമില്ലെന്ന് വിചാരിക്കുന്ന ലോകത്താണ് നാം ജീവിക്കുന്നത് എന്നിട്ടും. നാല്പത്തിയഞ്ച് വര്‍ഷം മുമ്പ് നാം ചന്ദ്രനില്‍ കാല്കുത്തി, എന്നിട്ടും.’ കുട്ടിതൊഴിലാളികളായി കുട്ടി അമ്മമാരായി, ബാല്യം നഷ്ടപ്പെടുകയും സ്‌ക്കൂളിന്റെ പടിവാതില്‍പോലും കാണാന്‍ പറ്റാതാവുകയും ചെയ്ത കോടിക്കണക്കിന് പെണ്‍ക്കുട്ടികളുടെ ഇരുണ്ടജീവിതത്തെ മുന്‍നിര്‍ത്തിയാണ് മലാല ആ ചോദ്യങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ ആധൂനികനാഗരികതയുടെ സഞ്ചാരപഥങ്ങള്‍ക്ക് നേരെ വിരല്‍ചൂണ്ടിയ എക്കാലത്തേയും പ്രസക്തമായ ചോദ്യമായിതീര്‍ന്നു അത്.
മനുഷ്യനെ സംരക്ഷിക്കാനല്ല, സംഹരിക്കാനുള്ള ശേഷിയേയാണ് ഈ നവനാഗരികതക്ക് ശക്തിയുടെ അളവുകോല്‍. കൊറോണവൈറസ്സിന് മുന്നില്‍ ഇടറിവീണ ലോകത്തിലെ പ്രബലരാഷ്ട്രങ്ങള്‍ അത് ഒരിക്കല്‍കൂടി തെളിയിക്കുകയുണ്ടായി. ആവശ്യത്തിന് മാസ്‌ക്കില്ലാതെ, ഗ്ലൗസില്ലാതെ, വെന്റിലേറ്റര്‍ സൗകര്യങ്ങളില്ലാതെ വേവലാതിപ്പെടുന്ന അമേരിക്കയേയും യൂറോപ്യന്‍ രാജ്യങ്ങളേയും കണ്ട് ലോകം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഈ രാജ്യങ്ങളിലെ ആരോഗ്യസംവിധാനങ്ങളാണല്ലോ ഇത്രയും കാലം മാതൃകയായി ചൂണ്ടികാണിക്കപ്പെട്ടത്.
മേയ്മാസം 13 ലെ കണക്ക് പ്രകാരം ലോകത്ത് നാല്പത്തിനാല് ലക്ഷത്തോളം കൊറോണരോഗികളാണുള്ളത്. മരണനിരക്ക് മൂന്ന് ലക്ഷത്തോളവും.(പതിനാറരലക്ഷത്തോളം പേര്‍ രോഗമുക്തിനേടിയെന്ന ആശ്വാസകരമായ കണക്കും കൂട്ടത്തിലുണ്ട്.) ആ കണക്ക് വെച്ച് അമേരിക്കയിലേക്കൊന്ന് നോക്കൂ.പതിനാല് ലക്ഷത്തിലേറെ കൊറോണവൈറസ്‌രോഗികളും അവിടെയാണുള്ളത്. മരിച്ചവര്‍ എണ്‍പത്തിനാലായിരത്തോളവും. അതായത്, ഏകദേശം മുന്നിലൊന്ന് രോഗികളും നാലിലൊന്ന് മരണവും സംഭവിച്ചത് അമേരിക്കയിലാണ്. സ്‌പെയിന്‍, ഇംഗ്ലണ്ട്, ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി എന്നി അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളിലെ കൊറോണരോഗികളുടെ എണ്ണം മാത്രം പതിനേഴ്‌ലക്ഷത്തിലേറെയുമുണ്ട്. മരണം ഒരുലക്ഷത്തി ഇരുപത്തിയേഴായിരത്തോളവും. അതായത് ലോകത്തെ കോറോണരോഗികളില്‍ നാല്പത് ശതമാനത്തോളം പേരും ഈ വികസിതരാജ്യങ്ങളിലാണുള്ളത്. മരണനിരക്കില്‍ നാല്പത് ശതമാനവും ഇവിടെയാണ്. ചുരുക്കത്തില്‍ അമേരിക്കയും ഈ അഞ്ച് വികസിതരാജ്യങ്ങളും ചേര്‍ന്നാണ് ലോകത്തിലെ കൊറോണരോഗികളുടെ എഴുപത് ശതമാനവും മരണനിരക്കില്‍ എഴുപത് ശതമാനവും പേറുന്നത്. ലോകത്തിലെ ജനസംഖ്യയില്‍ പത്ത് ശതമാനം മാത്രമാണ് ഇവിടെയുള്ളതെന്നും ഓര്‍ക്കണം.
എന്തുക്കൊണ്ട് ലോകത്തിലെ വലിയ ജിഡിപിയും മാനവവികസനസൂചികയും കൈമുതലായ ഈ രാജ്യങ്ങള്‍ ഈ വൈറസ്സിന് മുന്നില്‍ തളര്‍ന്നുപോയി. സമ്പത്തും, അധികാരവും ശാസ്ത്ര-സാങ്കേതികമേഖലയിലെ പെരുമയുമെല്ലാം അവര്‍ക്ക് ഉണ്ടായിരുന്നുവല്ലോ എന്നിട്ടും. ലാഭകൊതിയും കോര്‍പ്പറേറ്റ്പ്രീണനനയങ്ങളും ആ രാഷ്ട്രശരീരങ്ങളെ വാസ്തവത്തില്‍ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്തത്. സ്വകാര്യവല്‍ക്കരണവും ഉദാരവല്‍ക്കരണവും കൊഴുപ്പിച്ചത് കോര്‍പ്പറേറ്റ്ശരീരങ്ങളെയാണ് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാനമേഖലകള്‍ സ്‌കാര്യവല്‍ക്കരിക്കപ്പെട്ടാലുള്ള അപകടമാണ് ഈ സമ്പന്ന രാജ്യങ്ങള്‍ ലോകത്തിന് കാട്ടിതന്നത്. മാനവികമൂല്യങ്ങളും നീതിയും അവിടെ അടിത്തെറ്റിവീഴും. അതുകൊണ്ടാണ് അമേരിക്കയില്‍ കൊറോണ വ്യാപിക്കാന്‍ തുടങ്ങിയപ്പോള്‍ ആളുകള്‍ തോക്കുകള്‍ വാങ്ങികൂട്ടാന്‍ തുടങ്ങിയത്. ്. ബ്രിട്ടനില്‍ ടിഷ്യുപേപ്പറുകളും ഫ്രാന്‍സില്‍ മാസ്‌ക്കുകളും പൂഴ്ത്തിവെക്കപ്പെട്ടത്. ഹൃദയങ്ങളില്‍ എന്നോ നിറച്ചുവെച്ച ഇന്ധനമാണവിടെ തോക്കുകളിലേക്ക് പകര്‍ന്നത വിപണിമൂല്യങ്ങളില്‍ മാത്രം അധിഷ്ഠിതമായ സാമൂഹ്യഘടനകള്‍ക്ക് ഏത് ദുരന്തവും കച്ചവടമായിരിക്കും. അവരുടെ അറിവും കഴിവും അധികവും ചെലവഴിക്കപ്പെടുന്നത് അതിജീവനത്തിനല്ല, ആധിപത്യത്തിന് വേണ്ടിയാണ് എന്നതാണ് സത്യം. അവര്‍ സ്വന്തം നാട്ടിലെ പൗരാവകാശങ്ങള്‍ ഹനിക്കാതിരിക്കാന്‍ ലോകത്തിന്റെ പൗരാവകാശങ്ങള്‍ നിരന്തരം ഹനിച്ചുക്കൊണ്ടിരിക്കും. സ്വന്തം രാജ്യത്തിന്റെ വിഭവങ്ങളും പ്രകൃതിയും സംരക്ഷിക്കാന്‍ ലോകത്തിന്റെ പ്രകൃതിയേയും വിഭവങ്ങളേയും വന്‍തോതില്‍ ചൂക്ഷണം ചെയ്തുക്കൊണ്ടിരിക്കും. ഒരു പ്രതിസന്ധിഘട്ടത്തില്‍ സ്വന്തം രാജ്യങ്ങളിലെ മനുഷ്യരെപോലും സഹായിക്കാന്‍ അവര്‍ക്ക് പറ്റിയെന്നും വരില്ല.
സ്‌പെയിന്‍ കൊറോണവൈറസ്സിന്റെ ഈ മാരകപ്രഹരത്തില്‍നിന്ന് രക്ഷനേടാന്‍ കണ്ടെത്തിയ മാര്‍ഗ്ഗം സ്വകാര്യ ആശുപത്രികളുടേയും ആരോഗ്യസംവിധാനങ്ങളുടേയും ദേശസാല്‍ക്കരണമായിരുന്നു. ഇറ്റലി അവിടെ കടക്കെണിയിലായിതീര്‍ന്ന അലിറ്റാലിയ എന്ന സ്വകാര്യവിമാനകമ്പനിയെ കൊറോണമഹാമാരിയുടെ പശ്ചാത്തലത്തില്‍ ദേശസാല്‍ക്കരിക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. കൊറോണവൈറസ്സുണ്ടാക്കിയ സാമ്പത്തികപ്രതിസന്ധികള്‍ മിറക്കടക്കുന്നതിന് അവശ്യമെങ്കില്‍ വന്‍കിടസ്വകാര്യകമ്പനികള്‍പോലും ദേശസാല്‍ക്കരിക്കുമെന്ന് ഫ്രാന്‍സും പ്രഖ്യാപിച്ചു. നവഉദാരവല്‍ക്കരണത്തിന്റെ ഘടനാപരമായ പ്രതിസന്ധിയെയാണ് ഇതെല്ലാം വെളിപ്പെടുത്തുന്നത്. അതിനെ അളവറ്റ് വാരിപുണര്‍ന്ന ഈ രാജ്യങ്ങള്‍പോലും ഇപ്പോള്‍ വേറിട്ട് ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു.
കേരളത്തിന്റെ കൊറോണപ്രതിരോധപ്രവര്‍ത്തനങ്ങള്‍ വലിയ വിജയമായി തീര്‍ന്നത് ബന്ധപ്പെട്ട സര്‍ക്കാര്‍ ആസ്തികളുടെ മികച്ച പ്രവര്‍ത്തനം കൊണ്ടാണ്. പൊതുജനാരോഗ്യസംവിധാനം, പൊതുവിതരണസംവിധാനം, ത്രിതലപഞ്ചായത്ത് സംവിധാനം എന്നിവയെ പതിറ്റാണ്ടുകളിലൂടെ വളര്‍ത്തിക്കൊണ്ടുവന്നതിന്റെ ഗുണഫലങ്ങളാണത്. മഹാപ്രളയകാലത്തും ഈ മഹാവ്യാധിയുടെ കാലത്തും അവയേയും ബന്ധപ്പെട്ട വകുപ്പുകളേയും കാര്യക്ഷമമായി ഏകോപിക്കുന്നതിലും ചലിപ്പിക്കുന്നതിലും ഇടതുപക്ഷസര്‍ക്കാര്‍ വിജയിക്കുകയും ചെയ്തു. സ്വകാര്യ ആസ്തികളല്ല, പൊതു ആസ്തികളാണ് ദുരന്തമുഖങ്ങളില്‍ രക്ഷകവചമാവുക എന്ന പാഠമാണ് കേരളം ലോകത്തിന് നല്‍കുന്നത്. ഇന്ത്യയിലെ ജനസാന്ദ്രതയുടെ (464/ച.കി.മീ) ഇരട്ടിയോളം (860/ച.കി.മീ) ജനസാന്ദ്രതയുണ്ട് കേരളത്തിലുണ്ടെന്നും ഓര്‍ക്കണം. കൊറോണ മാരകമാംവിധം കടന്നാക്രമിച്ച അമേരിക്കയുടെ ജനസാന്ദ്രത ച.കി.മീറ്ററിന് വെറും 36 ആണ്. ഇംഗ്ലണ്ടിലത് 281 ഉം ഇറ്റലിയില്‍ 206 ഉം സ്‌പെയിനില്‍ 96 ഉം മാത്രമാണുള്ളത്. ഇത്രയും അനുകൂല സാഹചര്യമഉുണ്ടായിരുന്നിട്ടുപോലും ഈ സമ്പന്നരാജ്യങ്ങള്‍ക്ക് അടിപതറിയെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ലോകത്തിന്റെ അതിജീവനമല്ല, ആധിപത്യമാണ് ഈ അധുനാധുനനാഗരികതയുടേയും ഉള്‍പ്രേരകം. ആധിപത്യങ്ങളാകട്ടേ, പ്രകൃതിവിഭവങ്ങളുടെ അമിതചൂക്ഷണം വഴി പരിസ്ഥിതിയുടെ ആരോഗ്യം നശിപ്പിക്കുകയും അത് വഴി കുന്നുകൂട്ടുന്ന സമ്പത്ത് സാമൂഹ്യാരോഗ്യം നശിപ്പിക്കുന്നതിന് ചെലവഴിക്കുകയും ചെയ്യുന്നു. ഉപഭോഗവും യുദ്ധവുമാകുന്നു ഈ നാഗരികതയുടെ വലിയവിശപ്പുകള്‍. എല്ലാ മനുഷ്യര്‍ക്കും (എല്ലാ ജീവജാലങ്ങള്‍ക്കും) എല്ലാ കാലത്തേക്കുമാവശ്യമായ വിഭവങ്ങളാണ് ഈ നിലയില്‍ ഇല്ലാതാവുന്നത്. അതിജീവനം എന്നന്നേക്കുമായി സാധ്യമാക്കുന്ന സ്‌നേഹശക്തിക്കുമുകളില്‍ യുദ്ധശക്തി സമ്പൂര്‍ണ്ണം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. എല്ലാ മതപുരോഹിതരും രാഷ്ട്രനേതാക്കളും നിരന്തരം പറയുന്നത് ശാന്തിയേയും അഹിംസയേയും കരുണയേയും കുറിച്ചാണ്. ക്രിസ്തു, ബുദ്ധന്‍, ജിനന്‍, മുഹമ്മദ്, കബീര്‍,ഗാന്ധി, ശ്രീനാരായണഗുരു തുടങ്ങിയവരുടെ പ്രബോധനങ്ങള്‍ അവര്‍ നിത്യവും ഉദ്ധരിക്കുകയും ചെയ്യുന്നു. ജീവിത്തിന്റെ ഈ വിരുദ്ധാവസ്ഥയാണ് അതായത് ഇരട്ടജീവിതമാണ് ഈ നാഗരികതയുടെ ആന്തരികസ്വഭാവം. ഭുമിയെ നിലനിര്‍ത്താന്‍ ചെലവഴിച്ചതിനേക്കാള്‍ ഊര്‍ജ്ജം അതിനെ നശിപ്പിക്കാന്‍ ചെലവഴിക്കുകയാണ് ഈ നാഗരികതയെന്ന സത്യം നാം അറിയേണ്ടതുണ്ട്. ഹൃദയത്തില്‍ വെടിമരുന്ന് നിറച്ചശേഷമാണ് അത് സമാധാനത്തെക്കുറിച്ച് പറയുന്നത്. സമാധാനമെന്നത് ഭയത്തിന്റെ/ഹിംസയുടെ ഒരു ഉപോല്പന്നമാണ്.
എത്ര വേഗത്തില്‍ ഓടിക്കൊണ്ടിരുന്ന ജീവിതമാണിപ്പോള്‍ നിശ്ചലമായിരിക്കുന്നത്.വിലപ്പെട്ട സമയമിപ്പോള്‍ വിലക്കെട്ട് പോയിരിക്കുന്നു. മനുഷ്യനെ പരസ്പരം ചേര്‍ക്കുകയും പോഷിപ്പിക്കുകയും ചെയ്തിരുന്ന ആ ജീവല്‍സരിത്തിപ്പോള്‍ കാണാനേയില്ല. എത്ര വേഗത്തിലാണ് ജീവിത്തിന്റെ പൊതുമണ്ഡലം അപ്രത്യക്ഷമായത്. ലോകം രാജ്യങ്ങളിലേക്കും രാജ്യങ്ങള്‍ സംസ്ഥാനങ്ങളിലേക്കും സംസ്ഥാനങ്ങള്‍ ജനപദങ്ങളിലേക്കും ജനപദങ്ങള്‍ കുടുംബങ്ങളിലേക്കും കുടുംബങ്ങള്‍ വ്യക്തികളിലേക്കും സങ്കേചിച്ചുപോയത്. സ്വന്തം ഉടല്‍ മനുഷ്യന് ഭയചിഹ്നമായിതീര്‍ന്നിരിക്കുന്നു. വീട്ടുക്കാരന്‍, കൂട്ടുക്കാരന്‍, അയല്‍ക്കാരന്‍ അപകടചിഹ്നമായിരിക്കുന്നു. സ്ഥലത്തിലും കാലത്തിലും വികസിക്കുക എന്നതായിരുന്നു ജീവിതത്തിന്റെ അതിജീവനരഹസ്യം. വിഭവങ്ങള്‍ സ്വീകരിച്ചുക്കൊണ്ടും വിഭവങ്ങളായിക്കൊണ്ടും സേവനങ്ങള്‍ സ്വീകരിച്ചുക്കൊണ്ടും സേവനങ്ങളായിക്കൊണ്ടും മനുഷ്യന്‍ ഈ അതിജീവനസമസ്യകള്‍ പൂരിപ്പിച്ചുക്കൊണ്ടിരുന്നു. അതിപ്പോള്‍ സ്ഥലത്തിലും കാലത്തിലും ചുരുങ്ങിയിരിക്കുന്നു.
വിവരസാങ്കേതികവിദ്യയുടേയും ജൈവസാങ്കേതികവിദ്യയുടേയും കുതിപ്പുകള്‍ ഉപയോഗിച്ചുക്കൊണ്ട്, ഉറൂഗ്വോവട്ടചര്‍ച്ചകളിലൂടേയും ഗാട്ട് കരാറിലൂടേയും തൊണ്ണുറുകളുടെ തുടക്കത്തില്‍ മുളപ്പിച്ചെടുത്ത ആഗോളീകരണം അതിജീവനസമരത്തിന്റെ കളിക്കളത്തെ ഭൂമിയോളം വിസ്തൃതമാക്കിതീര്‍ക്കുകയുണ്ടായി. ലോകം ഏതൊരാളുടേയും മുറ്റത്ത് വന്ന്‌നിന്നു. ഏത് കുഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന മനുഷ്യനും ലോകത്തെ നേരിടാതെ ജീവിതമില്ലെന്നായി. ഏത് ഉടുപ്പിലും കയറുന്ന ഒരുടല്‍കൊണ്ട്,ഏത് ഭാഷയും ഉച്ചരിക്കുന്ന നാവുകൊണ്ട്, ഏത് ആഹാരവും ദഹിപ്പിക്കുന്ന ആമാശയംകൊണ്ട്, നടപ്പും ഇരിപ്പും സ്വപ്നങ്ങളും ഒരേ ആകൃതിയിലാക്കിക്കൊണ്ട് മനുഷ്യനുണ്ടാക്കിയ ലോകജീവിതമാണിപ്പോള്‍ നിശ്ചലമായിരിക്കുന്നത്. ഓരോരുത്തരും അതിവേഗം അവനവനിലേക്ക് തിരിച്ചുനടന്നു. കച്ചവടസ്ഥാപനങ്ങള്‍, ഫാക്ടറികള്‍, ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍,കളിക്കളങ്ങള്‍, വിനോദകേന്ദ്രങ്ങള്‍, സിനിമാശാലകള്‍ തുടങ്ങി എല്ലാം അടഞ്ഞുകിടക്കുന്നു. വാഹനങ്ങളേയും മനുഷ്യരേയും വടിച്ച് മാറ്റിയ മഹാശൂന്യതയായിരിക്കുന്നു തെരുവുകളും റോഡുകളും.ലോകം ഒരേ വികാരത്തിലും ഭയത്തിലും ചുഴ്ന്ന്‌നില്ക്കുന്നു.വല്ലപ്പോഴും തെരുവുകളില്‍ പ്രത്യക്ഷപ്പെടുന്ന മനുഷ്യര്‍ക്കാവട്ടേ മുഖങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു.തമ്മിലറിയലിന്റെ, സ്‌നേഹത്തിന്റെ,സൗഹൃദത്തിന്റെ, പരിചയത്തിന്റെ അടയാളങ്ങളെല്ലാം മുഖമറക്കുള്ളില്‍ തമസ്‌ക്കരിക്കപ്പെട്ടിരിക്കുന്നു. ലോകമിപ്പോള്‍ അടയുകയും ഓരോരുത്തരും അവരുടേത് മാത്രമായ ഉദയാസ്തമയങ്ങള്‍ കാണുകയും ചെയ്യുന്നു.
ആരാണിപ്പോള്‍ മനുഷ്യനെ ലോകത്ത്‌നിന്ന് പുറത്താക്കിയത്. ആരാണിപ്പോള്‍ മനുഷ്യനെ സ്വന്തം കൂട്ടിലേക്ക് തള്ളിക്കയറ്റിയത്. കോവിഡ് 19 എന്ന് നാമകരണം ചെയ്ത ഒരു വൈറസ്. ചൈനയിലെ വുഹാനില്‍നിന്ന് പിറവികൊണ്ട് അത് ലോകം മുഴുവന്‍ സഞ്ചരിച്ചെത്തിയിരിക്കുന്നു. വിപണി മാത്രമല്ല, ഈ വൈറസ്സും ലോകത്തെ ഒരു ആഗോളഗ്രാമമാക്കിയിരിക്കുന്നു. വെറും ഒന്നരഗ്രാം വൈറസാണ് ഇത്രയും ചെയ്തതത്രേ. (അതിന് ശാസ്ത്രീയമായ യുക്തിയുണ്ടോ ഇല്ലയോ എന്ന് പറയാനാവില്ലെങ്കിലും.)
ഏത് കാലത്താണ് ഇത് സംഭവിക്കുന്നതെന്നോര്‍ക്കുക. ഭൂമിയെപ്പോലെ ജീവനുള്ള നിരവധി ഗ്രഹങ്ങള്‍ ഈ പ്രപഞ്ചത്തിലുണ്ടാവാമെന്ന ശാസ്ത്രയുക്തികള്‍ക്ക് സ്വീകാര്യത ലഭിക്കുന്ന കാലത്ത്, ഒരു ഗാലക്‌സിയല്ല, ലക്ഷക്കണക്കിന് ഗാലക്‌സികള്‍ പ്രപഞ്ചത്തിലുണ്ടെന്നും ഒരു പ്രപഞ്ചമല്ല (Universe) ലക്ഷക്കണക്കിന് പ്രപഞ്ചകളുണ്ടെന്ന (Multiverse) കണ്ടെത്തലുകള്‍ നടന്നുക്കൊണ്ടിരിക്കുന്ന കാലത്ത്. അന്യഗ്രഹജീവികളായിരിക്കും ഭൂമി ഭാവിയില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന സ്റ്റീഫന്‍ഹോക്കിങ്ങിസിന്റെ നിരീക്ഷണങ്ങളില്‍ ശാസ്ര്തലോകത്തിന്റെ ഉറക്കം നഷ്ടപ്പെടുന്ന കാലത്ത്. ഭാവിയില്‍ മനുഷ്യന് പാര്‍ക്കാന്‍ പറ്റിയ ഗ്രഹങ്ങള്‍ തേടി മനുഷ്യന്റെ ഉപഗ്രഹങ്ങള്‍ ആകാശങ്ങളില്‍ പര്യടനം നടത്തുന്ന കാലത്ത്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മറ്റു പല ഗ്രഹങ്ങളിലേക്കും മനുഷ്യന്‍ പുതിയ പുതിയ പേടകങ്ങള്‍ അയച്ചുക്കൊണ്ടിരിക്കുന്ന കാലത്ത്….
കാലങ്ങളായി ലോകത്തെ തന്റെ വിരല്‍തുമ്പില്‍ നിര്‍ത്തി വിറപ്പിച്ചുക്കൊണ്ടിരുന്ന അമേരിക്കയെയാണ് ആ വൈറസ് ഏറ്റവും കൂടതല്‍ വിറപ്പിച്ചുക്കൊണ്ടിരിക്കുന്നത്. അമേരിക്ക ഫസ്റ്റ് എന്ന് നെഞ്ചുവിരിച്ച് പ്രസ്താവിച്ച പ്രസിഡണ്ട് ട്രംപിന്റെ വേവലാതികള്‍ ഇനിയും അടങ്ങിയിട്ടില്ല. ഇതൊന്നും അമേരിക്കയെ ബാധിക്കില്ലെന്നായിരുന്നു തുടക്കത്തില്‍ ട്രംിന്റെ അവകാശവാദം. അത് ബാധിക്കാന്‍ തുടങ്ങിയപ്പോള്‍ ഇതൊരു സാധാരണ ഫ്‌ലൂവാണ് പേടിക്കാനൊന്നുമില്ലെന്നായി ട്രംപ്. ഇപ്പോള്‍ ചൈന നിര്‍മ്മിച്ച ജൈവായുധമാണ് കൊറോണവൈറസ് എന്ന് പറഞ്ഞ് ചൈനയേയും ചൈനയുടെ പക്ഷം ചേര്‍ന്നുവെന്ന് പറഞ്ഞ് വേള്‍ഡ്‌ഹെല്‍ത്ത് ഓര്‍ഗനൈസേഷനേയും ചീത്തവിളിച്ചുക്കൊണ്ടിരിക്കുന്നു അദ്ദേഹം. മാത്രമല്ല, പ്രതികാരനടപടിയായി വേള്‍ഡ്‌ഹെല്‍ത്ത് ഓര്‍ഗനൈസേഷനുള്ള സഹായധനം റദ്ദാക്കുകയും ചെയ്തു. അദ്ദേഹം അമേരിക്കന്‍ പ്രസിഡണ്ടായി സ്ഥാനാരോഹണം ചെയ്ത കാലത്ത് തന്നെ ഇതുപോലെ ഒരു ക്രൂരകൃത്യം ചെയ്തിരുന്നു. പാരീസ് ഉടമ്പടിപ്രകാരം കാലാവസ്ഥാവ്യതിയാനം എന്ന മാരകവിപത്തിനെ പ്രതിരോധിക്കാന്‍ അമേരിക്കനല്‍കേണ്ടിയിരുന്ന ഫണ്ടും അദ്ദേഹം റദ്ദാക്കുകയുണ്ടായി. ലോകത്തിന്റെ അതിജീവനമല്ല, അമേരിക്കയുടെ ആധിപത്യം മാത്രമാണ് അയാളുടെ സ്വപ്നം. ലോകവും മനുഷ്യനുമില്ലെങ്കില്‍ ആധിപത്യം പോലും അസാധ്യമാണെന്ന കാര്യം ഈ മനുഷ്യനെ ആര്‍ക്കാണ് ബോധ്യപ്പെടുത്താനാവുക.
ഈ ഭൂമിയെ പലപ്രാവശ്യം നശിപ്പിക്കാനുള്ള ആയുധങ്ങള്‍ മനുഷ്യന്റെ കൈയ്യിലുണ്ട്. എന്നാല്‍ രക്ഷിക്കാനാവശ്യമുള്ളത് മനുഷ്യന്റെ കൈയ്യിലിലെന്ന് ഈ വൈറസ് തെളിയിച്ചിരിക്കുന്നു. ആവശ്യാനുസരണം മാസ്‌ക്കുകള്‍ ഇല്ലാത്തതുകൊണ്ട് കാനഡയില്‍നിന്ന് ചൈനയിലേക്ക് കയറ്റിയയച്ച മാസ്‌ക്കുകള്‍ പിടിച്ചെടുക്കേണ്ടിവന്നു അമേരിക്കക്ക്. അമേരിക്കയിലും യൂറോപ്പിലും വെന്റിലേറ്ററുകള്‍ക്ക് കടുത്ത ക്ഷാമം നേരിട്ടു. മലേറിയക്ക് ചികിത്സിച്ചിരുന്ന ഹൈഡ്രോക്‌സിക്ലോറോക്വിനോള്‍ എന്ന ഔഷധം ഇന്ത്യയുടെ കയറ്റുമതിനിരോധനം പിന്‍വലിപ്പിച്ചുക്കൊണ്ടാണ് അമേരിക്ക ഇന്ത്യയില്‍നിന്ന് കരസ്ഥമാക്കിയത്. മരുന്ന് തന്നില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയാണ് അദ്ദേഹം അത് നേടിയെടുത്തത്.
കൊറോണവൈറസ് പശ്ചാത്തലത്തില്‍ മനുഷ്യന് മുന്നില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. മനുഷ്യന്‌പോലും അതിജീവിക്കാന്‍ പറ്റാത്ത ഒരു നാഗരികതയാണല്ലോ മനുഷ്യന്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്ന്. വ്യവസായ വിപ്ലവത്തിന്റെ രണ്ടു ന്തൂറ്റാണ്ടുകളില്‍ എത്രയെത്ര സസ്യജീവജാലങ്ങള്‍ക്ക് വംശനാശം നേരിട്ടു. വംശനാശത്തിന്റെ വക്കത്ത് എത്രയോ ജീവജാലങ്ങളെ എത്തിച്ചു. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം എന്നീ ഭീഷണികളുടെ രൂപത്തില്‍, മനുഷ്യനുണ്ടാക്കിയ തത്വദീക്ഷയില്ലാത്ത വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കാലം മറുപടിയും നല്‍കിക്കൊണ്ടിരിക്കുന്നു. പ്രളയങ്ങളായി, വരള്‍ച്ചകളായി, സുനാമികളായി, കൊടുങ്കാറ്റുകളും ചുഴലികാറ്റുകളുമായി അത് ഭൂമിയുടെ പലഭാഗങ്ങളില്‍ ഇടക്കിടക്ക് വലിയ ദുരന്തങ്ങള്‍ സൃഷ്ടിച്ചുക്കൊണ്ട് വന്നും പോയുമിരിക്കുന്നുണ്ട്. വികസനതീവ്രവാദത്തിന്റെ പേരില്‍ മനുഷ്യന്‍ തന്നെ വരുത്തിവെച്ചതാണ് അവയില്‍ പല ദുരന്തങ്ങളും. സ്ഥൂലപ്രകൃതിയില്‍നിന്നും പുറപ്പെട്ടിരുന്ന അത്തരം പ്രഹരങ്ങള്‍ മനുഷ്യന് പരിചിതവും ചില ഭൂപ്രദേശങ്ങളില്‍ ഒതുങ്ങിനില്ക്കുന്നതുമായിരുന്നു. എന്നാല്‍ സൂക്ഷ്മലോകത്ത്‌നിന്ന് പുറപ്പെട്ട ഈ വൈറസ് ഭൂതം ഭൂമി മുഴുവനും ബാധിച്ചിരിക്കുന്നു. മനുഷ്യനുണ്ടാക്കിയ നാഗരികതയേയും വികസനത്തേയും ജീവിതശൈലിയേയും വെല്ലുവിളിക്കുന്നു. സ്വതന്ത്രവിപണിയിലും പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിതചൂഷണത്തിലും വേരാഴ്ത്തിയ ഈ നവലോകക്രമം/നവനാഗരികത അതിജീവനക്ഷമമല്ലെന്ന മുന്നറിയിപ്പ്കൂടി അതിലുണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in