തദ്ദേശീയ ജനതയുടെ അവകാശങ്ങള്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ – ഭാഗം 2

കോവിഡ് മഹാമാരി ലോകമെങ്ങുമുള്ള തദ്ദേശീയ ജനസമൂഹങ്ങള്‍ക്കു കടുത്ത ഭീഷണി സൃഷ്ടിക്കുന്നു. ഇതു സൂക്ഷ്മശ്രദ്ധ വേണ്ട പ്രതിസന്ധിയാണെന്ന് ആഗോളസമൂഹം വിലയിരുത്തുന്നു. ഈ വര്‍ഷം ആഗസ്റ്റ് 9 നു ‘ലോക തദ്ദേശീയ ജനതയ്ക്കായുള്ള അന്താരാഷ്ട്ര ദിനം’ ആചരിക്കുമ്പോള്‍ വിചിന്തനത്തിനായി ‘കോവിഡ് 19 ഉം തദ്ദേശീയ ജനതയുടെ പുനസ്ഥാപനവും’ (Covid-19 and indigenous peoples’ resilience) എന്ന പ്രമേയമാണു തിരഞ്ഞെടുത്തത്. ആരോഗ്യമേഖലയില്‍ ഉള്‍പ്പെടെ സുരക്ഷാ സംവിധാനങ്ങളുടെ അഭാവം, പകരുന്നതും അല്ലാത്തതുമായ രോഗങ്ങളുടെ വര്‍ധിച്ച സാന്നിദ്ധ്യം, മാസ്‌കുകള്‍ സാനിറ്റൈസറുകള്‍, കൈയുറകള്‍ തുടങ്ങിയവയുടെ ലഭ്യതക്കുറവ്, ഫലപ്രാപ്തി തെളിയിക്കാത്ത പരമ്പരാഗത ചികിത്സകളിലുള്ള ആശ്രയം, ലഭ്യമായ ചികിത്സാ സംവിധാനങ്ങളില്‍ മതിയായ ആരോഗ്യപ്രവര്‍ത്തകരുടെ അഭാവം, ആരോഗ്യ കേന്ദ്രങ്ങളില്‍ നേരിടുന്ന വംശീയമായ വിവേചനം മുതലായവ തദ്ദേശീയ ജനതയ്ക്കു വളരെ ദോഷകരമാണ്.

പ്രകൃതിയുമായി സഹകരണാത്മകമായ സൗഹാര്‍ദ്ദം പുലര്‍ത്തേണ്ടതു നമ്മുടെ ആരോഗ്യ സുസ്ഥിതിക്ക് അത്യാവശ്യമാണ്. പ്രകൃതിയെ സംരക്ഷിക്കുന്നതില്‍ നിസ്തുല ശ്രദ്ധ പുലര്‍ത്തണം. പ്രകൃതിയുമായി പൂര്‍ണ്ണ യോജിപ്പില്‍ ജീവിക്കുക എന്നതു തദ്ദേശീയ ജനതയുടെ നിലനില്പിന് അനിവാര്യമായതിനാല്‍ പ്രകൃതി സംരക്ഷണം അവര്‍ക്കൊരു അനിവാര്യതയാണ്. പരിസ്ഥിതിനാശം സാംക്രമിക രോഗങ്ങള്‍ക്കൊരു അടിസ്ഥാന കാരണമാണെന്ന് ഇന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ആയതിനാല്‍, വര്‍ദ്ധിച്ച സാംക്രമികരോഗ ഭീതിയുള്ള ഇന്നു തദ്ദേശീയരുടെ പ്രകൃതി സംരക്ഷണത്തിലധിഷ്ഠിതമായ ജീവിതരീതിയും പരമ്പര്യ അറിവുകളും സംരക്ഷിക്കേണ്ടതു മാനവരാശിയുടെ മുഴുവന്‍ നിലനിലനില്പന് അത്യാവശ്യമാണ്. ലോകത്തിലെ 80 % ജൈവവൈവിധ്യവും തദ്ദേശിയ ജനതയുടെ ആവാസവ്യവസ്ഥകളുമായി നേരിട്ടു ബന്ധപ്പെടുന്നു. അവര്‍ 25 % പ്രദേശങ്ങളില്‍ മാത്രം അധിവസിക്കുമ്പോളാണിത്. തദ്ദേശീയ ജനത താമസിക്കുന്ന സ്ഥലങ്ങളില്‍ പ്രകൃതിയില്‍ നിന്നുള്ള ഗുണഫലങ്ങളും കൂടുതലാണെന്നും പ്രകൃതിവിനാശം കുറവാണെന്നുമാണു പഠനങ്ങള്‍. തദ്ദേശീയ ജനത അധിവസിക്കുന്ന ആമസോണ്‍ കാടുകളില്‍ ബ്രസീലിലെ മറ്റിടങ്ങളെക്കാള്‍ 10 % കുറവാണ് വനനശീകരണത്തിന്റെ തോത്. നാശോന്മുഖമായ പ്രകൃതിയെ പുനരുജ്ജീവിപ്പിക്കുന്നതിനും ഉത്തമമായ മാതൃകകള്‍ തദ്ദേശീയ ജനത നമ്മെ കാണിച്ചു തന്നിട്ടുണ്ട്.

ലോകജനതയുടെ 6 % മാത്രമാണ് ഗോത്രജനതയെങ്കിലും പരമദരിദ്രരില്‍ 15 % ആളുകളെ അവര്‍ ഉള്‍ക്കൊള്ളുന്നു. ഇതര മനുഷ്യ വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അവരുടെ ആയുസ്സ് ലോകമാകമാനം ശരാശരി 20 വര്‍ഷം കുറവാണെന്നത് ആരെയും ഞെട്ടിക്കും. 86 ശതമാനത്തില്‍ അധികം തദ്ദേശീയ ജനതയും അസംഘടിത തൊഴില്‍ മേഖലയിലാണു പണിയെടുക്കുന്നത്. ഇതര വിഭാഗങ്ങളില്‍ 66 % മാത്രം ഇത്തരം മേഖലയെ ആശ്രയിക്കുമ്പോളാണിത്. കഠിനമായ ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ ഇതര വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തദ്ദേശീയ ജനതയില്‍ 3 മടങ്ങ് അധികമാണ്. ഇന്നു ലോകവ്യാപകമായി തൊഴിലെടുക്കുന്ന തദ്ദേശീയ ജനതയില്‍ 47 ശതമാനത്തിനും വിദ്യാഭ്യാസമില്ല. ഇതര വിഭാഗങ്ങളില്‍ ഇതു 17 ശതമാനത്തിനു മാത്രമാണ്. സ്ത്രീകളുടെ അവസ്ഥ പരിഗണിച്ചാല്‍ ഈ വിടവ് കൂടുതല്‍ വലുതാകുന്നതും കാണാം.

അവരുടെ തനതു പ്രകൃതി വിഭവങ്ങളുമായുള്ള ബന്ധം ബോധപൂര്‍വം നിഷേധിക്കപ്പെടുക, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, സംഘടിത സാമ്പത്തിക മേഖലയുമായുള്ള ബന്ധമില്ലായ്മ, നിയമ സംവിധാനങ്ങളെക്കുറിച്ചുള്ള അജ്ഞത, അധികാരകേന്ദ്രങ്ങളുമായി ബന്ധമില്ലായ്മ, തീരുമാനങ്ങളിലെ പങ്കാളിത്തം ഇല്ലായ്മ തുടങ്ങിയ കാര്യങ്ങള്‍ അവരെ ദോഷകരമായി ബാധിക്കുന്നുണ്ട്. കാലാവസ്ഥാവ്യതിയാനം ആഗോളതാപനം, ലോകവ്യാപകമായി ഉണ്ടാകുന്ന സാമ്പത്തികവും ആരോഗ്യപരവുമായ പ്രതിസന്ധികള്‍ തുടങ്ങിയവയെല്ലാം ഗോത്രവിഭാഗങ്ങളെ കൂടുതല്‍ രൂക്ഷമായി ബാധിക്കും. ഈ പ്രശ്‌നങ്ങളുടെ സൃഷ്ടിയില്‍ അവര്‍ക്കു കാര്യമായ പങ്കൊന്നുമില്ല എന്നതും ശ്രദ്ധനീയമാണ്.

ലോകവ്യാപകമായി പ്രാക്തനജനത അവരുടെ ഭൂമിയും മറ്റ് അവകാശങ്ങളും കൈമാറ്റം ചെയ്യുന്നതു പരമ്പരാഗത ഗോത്രാചാരങ്ങള്‍ പ്രകാരമാണ്. ഇതു ഭൂമിയിലുള്ള അവരുടെ അവകാശം ഉറപ്പിക്കുന്നതിനു നിയമപരമായ തടസ്സങ്ങള്‍ പലപ്പോഴും സൃഷ്ടിക്കുന്നു. യഥാര്‍ത്ഥത്തില്‍ പ്രാക്തനജനതയുടെ ഈ ഗോത്രസവിശേഷത അംഗീകരിച്ചുകൊണ്ടു ഭൂമിയിലുള്ള അവരുടെ അവകാശം ‘ഏകപക്ഷീയമായി’ ഉറപ്പിച്ചു കൊടുക്കേണ്ടതാണ്. പക്ഷേ, രേഖകളുടെയടക്കമുള്ള അഭാവം എന്ന സാധ്യത ചൂഷണം ചെയ്ത് അവരെ കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുന്നന്നത് ഇന്നു ലോക മനഃസാക്ഷി നേരിടുന്ന വലിയൊരു മനുഷ്യാവകാശ പ്രശ്‌നമാണ്. അവരുടെ ഭൂവവകാശം ഉറപ്പിക്കപ്പെടാത്തതു തദ്ദേശീയ ജനതയുടെയും ജൈവവൈവിധ്യത്തിന്റെയും നാശത്തിനും കാരണമാകുന്നുണ്ട്. ഇതുമൂലം ഭാവി ജനതയ്ക്കു ഗുണകരമാകാവുന്ന പല പരമ്പരാഗത അറിവുകളും ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകുന്നതും ശ്രദ്ധിക്കണം. പരിസ്ഥിത സംരക്ഷണത്തിലൂന്നിയ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടാന്‍ പ്രാക്തന ജനതയുടെ ഭൂവവകാശം കൃത്യമായി അംഗീകരിക്കേണ്ടത് ഏറ്റവും മര്‍മ്മപ്രധാനമാണ്.

ഇന്ത്യയിലെ തദ്ദേശീയ ജനതയുടെ അവകാശ പോരാട്ടങ്ങള്‍ക്കു സുദീര്‍ഘ ചരിത്രമുണ്ട്. സ്വയം നിര്‍ണ്ണയത്തിനും സ്വയംഭരണത്തിനുമായി അവര്‍ കൊളോണിയല്‍ കാലഘട്ടം മുതല്‍ തന്നെ ഭരണകൂടങ്ങള്‍ക്കെതിരേ സമരങ്ങള്‍ നടത്തിയിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ക്ക് എതിരായി സന്താളുകള്‍ അടക്കമുള്ള ആദിവാസികള്‍ നടത്തിയ വിവിധ പോരാട്ടങ്ങള്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിലെ തിളങ്ങുന്ന ഏടുകളാണ്. ഇന്ത്യ സ്വതന്ത്രമായി 70 വര്‍ഷത്തിനു ശേഷവും തദ്ദേശീയ ജനതയുടെ സ്വയംഭരണം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കാന്‍ ഇന്ത്യക്കു സാധിച്ചിട്ടില്ല. ഇതിനു തെളിവാണു നാഗാ വംശവുമായി ഇന്നും തുടരുന്ന സമാധാന ചര്‍ച്ചകള്‍. സ്വയംഭരണം സംബന്ധിച്ചു പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനോടു സംസാരിക്കുവാന്‍ തങ്ങളുടെ നേതാക്കളെ ഉദ്യോഗസ്ഥര്‍ അനുവദിക്കാതിരുന്നതില്‍ പ്രതിഷേധിച്ചു ബര്‍മീസ് പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ കൊഹിമയില്‍ വച്ചു നടന്ന ഒരു പൊതുയോഗത്തില്‍ നിന്നു ചാച്ചാജിയെ ശ്രവിക്കാതെ ഇറങ്ങിപ്പോയ സമൂഹമാണു നാഗാ ജനത എന്നതും നാം തിരിച്ചറിയേണ്ടതുണ്ട്. നെഹ്‌റുവിനു പൊതുവേ ആദിവാസികളോട് അനുഭാവമുണ്ടായിരുന്നു. എന്നിട്ടും, ഈ രീതിയില്‍ പെരുമാറിയതു സ്വയംഭരണത്തിന് അവര്‍ നല്കുന്ന പ്രാധാന്യം വ്യക്തമാക്കുന്നുണ്ട് (1)

ഇന്ത്യയിലെ ആദിവാസികളുടെ വികസനത്തിനായി നെഹ്‌റു ഒരു ‘ഗോത്ര പഞ്ചശീല നയം’ ആവിഷ്‌കരിച്ചിരുന്നു. തദ്ദേശീയ ജനതയെ അവരുടടെ കഴിവിന് അനുസൃതമായി വികസിക്കാന്‍ അനുവദിക്കുകയും അന്യ മൂല്യങ്ങള്‍ അവരില്‍ അടിച്ചേല്പിക്കാതെ ഇരിക്കുകയും ചെയ്യുക; അവരുടെ ഭൂവവകാശങ്ങള്‍ ബഹുമാനിക്കുക; വികസന പ്രവര്‍ത്തനങ്ങളെയും ഭരണ നടപടികളെയും സംബന്ധിച്ച് അവര്‍ക്കു പരിശീലനം നല്കുകയും ഇതര വംശജരെ ഗോത്ര മേഖലകളിലേക്കു പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്യുക; ഗോത്ര മേഖലകള്‍ അമിത ഭരണത്തിനു വിധേയമാക്കാതിരിക്കുകയും അവിടെ ബഹുമുഖ പദ്ധതികളുടെ ആധിക്യം സൃഷ്ടിക്കാതിരിക്കുകയും ചെയ്യുക; പദ്ധതികളുടെ ഫലപ്രാപ്തി കണക്കുകളുടെയും ചെലവഴിച്ച പണത്തിന്റെയും അടിസ്ഥാനത്തിലാകാതെ മനുഷ്യന് എത്രകണ്ടു ഗുണപ്പെട്ടു എന്നതിനെ ആധാരമാക്കി വിലയിരുത്തുക എന്നിവയാണ് ‘ഗോത്ര പഞ്ചശീല നയം’ കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇന്ത്യയില്‍ തദ്ദേശീയ ജനതയെ ‘പട്ടിക വര്‍ഗ്ഗം’ എന്നാണു ഔദ്യോഗികമായി വിളിക്കുന്നത്. അത്തരം 705 ഗോത്രവിഭാഗങ്ങള്‍ ഇവിടെയുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചു സാമൂഹികമായി തദ്ദേശീയ ജനതയില്‍ ഉള്‍പ്പെടുത്താവുന്ന നിരവധി ഗോത്ര വംശങ്ങള്‍ ഇന്ത്യയിലുണ്ട്. ഇന്ത്യന്‍ ജനസംഖ്യയില്‍ 8.6 % വരുന്ന 104 ദശലക്ഷം ആളുകള്‍ ഉള്‍കൊള്ളുന്നതാണു നമ്മുടെ തദ്ദേശീയ ജനത. അവര്‍ പ്രധാനമായി രാജസ്ഥാന്‍ മുതല്‍ പശ്ചിമബംഗാള്‍ വരെ മധ്യ ഇന്ത്യയിലൂടെ നീണ്ടുകിടക്കുന്ന ‘ആദിവാസി ബെല്‍റ്റിലും’ വടക്കന്‍ കിഴക്കന്‍ സംസ്ഥാനങ്ങളിലുമായി കേന്ദ്രീകരിക്കപ്പെടുന്നു.

തദ്ദേശീയ ജനതയുടെ സംരക്ഷണത്തിനായി നിരവധി നിയമങ്ങളും ഭരണഘടന വ്യവസ്ഥകളും ഇന്ത്യയിലുണ്ട്. മധ്യേന്ത്യയിലെ ആദിവാസി മേഖലകളുടെ സംരക്ഷണത്തിനായുള്ള അഞ്ചാം പട്ടിക വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില പ്രത്യേക പ്രദേശങ്ങളിലെ ഗോത്രജനതയുടെ സംരക്ഷണത്തിനായുള്ള ആറാം പട്ടിക എന്നിവ തദ്ദേശീയ ജനതയുടെ സംരക്ഷണത്തിനായുള്ള ഭരണഘടന വ്യവസ്ഥകള്‍ക്ക് ഉദാഹരണമാണ്. ഈ വ്യവസ്ഥകള്‍ പ്രകാരം ആദിവാസികളുടെ ഭൂവവകാശങ്ങളും സ്വയംഭരണാധികാരവും ഇന്ത്യന്‍ ഭരണകൂടം അംഗീകരിക്കുന്നു. പക്ഷേ, പ്രായോഗികതലത്തില്‍ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളുമൊക്കെ പരാജയപ്പെടുന്നു എന്നാണു കാണുന്നത്. ‘സ്വതന്ത്ര രാജ്യങ്ങളിലെ തദ്ദേശീയ ജനതയുടെയും മറ്റു ഗോത്ര, അര്‍ദ്ധഗോത്ര ജനവിഭാഗങ്ങളുടെയും സംരക്ഷണത്തിനും ഉദ്ഗ്രഥനത്തിനുമൂള്ള’ ഐഎല്‍ഓയുടെ 107 -ാം നമ്പര്‍ കണ്‍വെന്‍ഷന്‍ ഇന്ത്യ പ്രമാണീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യ 2007 ലെ തദ്ദേശീയ ജനതയുടെ അവകാശങ്ങള്‍ക്കായുള്ള പ്രഖ്യാപനത്തെ പിന്തുണച്ചു; എങ്കിലും, നാളിതുവരെ അത് പ്രമാണി കരിച്ചിട്ടില്ല. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിലെ എല്ലാ ജനങ്ങളും തദ്ദേശീയ ജനതയാണെന്ന സൈദ്ധാന്തിക ന്യായമാണ് ഇന്ത്യ പറയുന്നത്. യഥാര്‍ത്ഥത്തില്‍, ഇന്ത്യയുടെ ഈ നടപടിക്കു പിന്നിലുള്ളതു മറ്റൊരുദ്ദേശമാണെന്നു സംശയിക്കാം. 2007ലെ പ്രഖ്യാപനം പ്രമാണീകരിച്ചാല്‍ ഗോത്ര മേഖലകളിലെ പ്രകൃതിസമ്പത്തു ചൂഷണം ചെയ്യാന്‍ നിയമപരമായ ബുദ്ധിമുട്ടുകള്‍ വരും എന്നതാണത്.

എന്നാല്‍, ഈയടുത്തകാലത്ത് ഇന്ത്യാ ഗവണ്‍മെന്റ് ‘തദ്ദേശീയ ജനത’ എന്ന ആശയം കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിനു, ‘ത്രിപുരയിലെ തദ്ദേശീയ ജനതയുടെ സാമൂഹികവും സാമ്പത്തികവും പുതിയ സാംസ്‌കാരികവും ഭാഷാപരവുമായ പ്രശ്‌നങ്ങള്‍’ പഠിക്കുന്നതിനായി ഒരു ഉന്നതതല കമ്മിറ്റി 2018, സെപ്റ്റംബര്‍ 27 ന് ഒരു വിജ്ഞാപനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചു. തദ്ദേശീയ ജനതയെന്ന സങ്കല്പത്തോടുള്ള അനുഭാവം മൂലമാണോ അതോ ത്രിപുരയില്‍ അധികാരത്തിലെത്തിയ പുതിയ ഭരണസംവിധാനത്തിനു രാഷ്ട്രീയമായി അനുകൂല കാലാവസ്ഥ സൃഷ്ടിക്കാനുള്ള താല്പര്യം കൂടി ഇതിനു പിന്നിലുണ്ടോയെന്നു കാലം തെളിയിക്കേണ്ടതാണ്. എങ്കിലും, കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചപ്പോള്‍ ‘വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തദ്ദേശീയ ജനത’ എന്ന് അതില്‍ പരാമര്‍ശിക്കുകയുണ്ടായി. ഇതൊരു സുപ്രധാനമായ നയവ്യതിയാനമായി പരിഗണിക്കാം.

ഇന്ത്യയിലെ തദ്ദേശീയ ജനത ഒരാധുനിക സമൂഹം ലജ്ജിക്കേണ്ട നിരവധി മനുഷ്യാവകാശ പ്രതിസന്ധികള്‍ നേരിടുന്നു. അവര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായാണു കാണുന്നത് ഇന്ത്യന്‍ ദേശരാഷ്ട്രത്തിനെതിരായ സായുധ കലാപങ്ങള്‍ നേരിടുന്നതിനായി ഗോത്രമേഖലകളില്‍ നടപ്പിലാക്കിയിട്ടുള്ള പ്രത്യേക സുരക്ഷാ നിയമങ്ങള്‍ മൂലം അവര്‍ അടിച്ചമര്‍ത്തപ്പെടുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആദിവാസി ജനതയെ പീഡിപ്പിക്കുന്നുമുണ്ട്. മാവോയിസ്റ്റുകള്‍ അടക്കമുള്ള തീവ്രവാദികള്‍, ഗവണ്‍മെന്റിനു വിവരം ചോര്‍ത്തി നല്കുന്നു എന്നാരോപിച്ചു ‘ജനകീയ കോടതിയില്‍’ വിചാരണ നടത്തി ആദിവാസികളെ കൊന്നുകളയുന്നുമുണ്ട്. മനുഷ്യാവകാശ ലംഘനങ്ങളെ ചോദ്യം ചെയ്യുന്നവരെ ദേശേ്രദാഹക്കുറ്റം ചുമത്തി ജയിലില്‍ അടക്കുന്നതും സാധാരണമാണ്.

ഇന്ത്യയിലെ ആദിവാസികളുടെ ഭൂമി അന്യാധീനപ്പെടാതിരിക്കാന്‍ നിരവധി നിയമങ്ങളുണ്ട്. പക്ഷേ, അവയില്‍ വെള്ളം ചേര്‍ത്തുകൊണ്ട് ഈ മേഖലകളില്‍ ഇതര ജനവിഭാഗങ്ങള്‍ ആധിപത്യം സ്ഥാപിക്കുകയാണ്. പ്രകൃതി സംരക്ഷണത്തിന്റെ പേരില്‍ സംരക്ഷിത വനങ്ങളില്‍ നിന്നു തുച്ഛമായ നഷ്ടപരിഹാരം നല്കി ആദിവാസികളെ കുടിയൊഴിപ്പിക്കുന്നതും സര്‍വ്വസാധാരണമാണ്.

2019 ഫെബ്രുവരി 13 നാണ് ഇന്ത്യയിലെ സുപ്രീംകോടതി 10 ലക്ഷത്തോളം വരുന്ന ഗോത്ര ജനതയെയും വനത്തില്‍ വസിക്കുന്നവരെയും വനത്തില്‍ നിന്നു കുടിയൊഴിപ്പിക്കണം എന്നൊരു വിധിയിട്ടത്. ചില ‘പ്രകൃതി സംരക്ഷണ’ ഗ്രൂപ്പുകളുടെയും മറ്റും പരാതിയിലാണ് ഈ നടപടി. വനാവകാശ നിയമ പ്രകാരം തങ്ങളുടെ അവകാശവാദങ്ങള്‍ തെളിയിക്കാന്‍ സാധിക്കാതിരുന്ന ആളുകളാണു കുടിയിറക്കു ഭീഷണിയിലായത്. കേസില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഇടപെടലിലൂടെ, ഗോത്രജനതയുടെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥമൂലം തങ്ങളുടെ അവകാശവാദങ്ങള്‍ തെളിയിക്കാന്‍ അവര്‍ക്കു പരിമിതികളുണ്ടെന്ന വാദം പരിഗണിച്ചു സുപ്രീം കോടതി ഈ വിധി 2019 ഫെബ്രുവരി 28 നു സ്‌റ്റേ ചെയ്‌തെങ്കിലും അന്തിമവിധി വരാതിരിക്കുന്നതു മൂലം ഗോത്രജനത കടുത്ത ആശങ്കയിലാണ്. കൂടാതെ, കേന്ദ്ര ആദിവാസി കാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2019 ജൂലൈ 31 വരെ 1,753,497 ഗോത്രവിഭാഗക്കാരുടെയും വനത്തില്‍ വസിക്കുന്നവരുടെയും വനാവകാശ നിയമപ്രകാരമുള്ള അവകാശവാദങ്ങള്‍ തള്ളപ്പെട്ടു

ഇന്ത്യ 2018 മുതല്‍ ഒരു പുതിയ ദേശീയ വന നയം രൂപീകരിച്ചു കൊണ്ടിരിക്കുകയാണ്. ഗോത്രവിഭാഗങ്ങളോടു വ്യക്തമായി ആലോചിക്കാതെയാണു സര്‍ക്കാര്‍ ഈ നടപടി മുന്നോട്ടു കൊണ്ടുപോകുന്നത്. വനങ്ങളുടെയും ആദിവാസികളുടെയും സംരക്ഷണത്തിനാണ് ഈ നയം രൂപീകരിക്കുന്നതെന്നു ഭരണകേന്ദ്രങ്ങള്‍ അവകാശപ്പെടുന്നുണ്ട് എങ്കിലും, ഈ മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നതു വനഭൂമി, ഖനനത്തിനും മറ്റു വ്യവസായ ഉപയോഗങ്ങള്‍ക്കും തീറെഴുതി വ്യവസായികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണിത് എന്നാണ്.

ആസാം സര്‍ക്കാര്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഒഴിവാക്കപ്പെട്ട 1,906,657 ആളുകളില്‍ ഒരു ലക്ഷത്തോളം ഗോത്രവിഭാഗക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണു കണക്കാക്കുന്നത്. പുരാതനകാലം മുതല്‍ തലമുറകളായി അവിടെ താമസിച്ചിരുന്ന ഇവയെല്ലാം ഇപ്പോള്‍ പൗരത്വനഷ്ട ഭീഷണിയിലാണ്. ‘ആസാം ലാന്‍ഡ് പോളിസി 2019’ എന്ന പേരില്‍ ആസാം ഗവണ്‍മെന്റ് 2019 ഒക്ടോബര്‍ 21 ന് ഒരു നയം അംഗീകരിച്ചിട്ടുണ്ട്. ഈ നയം പ്രഖ്യാപിച്ചതു തദ്ദേശീയ ജനതയുടെ ഭൂവവകാശങ്ങള്‍ സംരക്ഷിക്കുന്നതിനെ കുറിച്ചു പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ ശിപാര്‍ശകള്‍ പ്രകാരമാണ്. പക്ഷേ ഇവരും തദ്ദേശീയ ജനത ആരാണെന്നു നിര്‍വ്വചിച്ചിട്ടില്ല.

2019 ഡിസംബര്‍ 29 നു ഛോട്ടാനാഗ്പൂര്‍ ടെനന്‍സി ആക്ട്, സന്താള്‍ പര്‍ഗാന ടെനന്‍സി ആക്ട് എന്നിവയില്‍ വരുത്തിയ ഭേദഗതികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു അന്നത്തെ സര്‍ക്കാരിനെതിരേ നടത്തിയ സമര പരിപാടികളില്‍ പങ്കെടുത്ത ആദിവാസികള്‍ക്ക് എതിരേ ചുമത്തിയ രാജ്യേ്രദാഹ കേസുകള്‍ പുതിയ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തീരുമാനിക്കുകയുണ്ടായി. പതാല്‍ഗാഡി മുന്നേറ്റം എന്നറിയപ്പെടുന്ന ഈ സമര പരിപാടിയില്‍ പങ്കെടുത്ത 150 ആദിവാസികള്‍ക്കെതിരേയാണ് 12 കേസുകളിലായി രാജ്യേ്രദാഹക്കുറ്റം ചുമത്തിയത്.

ആദിവാസി ഭൂമികള്‍ ഇതര ജനങ്ങള്‍ കൈക്കലാക്കുന്നതു തടയാന്‍ നിരവധി നിയമങ്ങള്‍ ഇന്ത്യയിലുണ്ട്. പക്ഷേ, അവ അട്ടിമറിച്ചു ധാരാളം ആളുകള്‍ ഗോത്രമേഖലകളില്‍ ആധിപത്യം സ്ഥാപിക്കുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ബോധപൂര്‍വ്വമായ കൂട്ടുനില്ക്കലിലൂടെയാണ് ഇതു സാധിക്കുന്നത്. സ്വകാര്യവ്യക്തികള്‍ ആദിവാസികളെ അവരുടെ ഭൂമിയില്‍ നിന്നു ബലപ്രയോഗത്തിലൂടെ ഓടിക്കുന്നതും സര്‍വ്വസാധാരണമാണ്. ആദിവാസികളുടെ ഭൂമി തിരിച്ചുപിടിക്കാന്‍ നിയമങ്ങള്‍ പാസാക്കിയ ശേഷം അവയ്‌ക്കെതിരേ കോടതിയില്‍ വരുന്ന കേസുകളില്‍ മനപ്പൂര്‍വ്വം സര്‍ക്കാര്‍ തോറ്റു കൊടുക്കുന്നതും അപൂര്‍വ്വമല്ല.

1927ലെ വനനിയമം പരിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത് ആദിവാസി മേഖലയില്‍ ഉള്ളവരോടു കാര്യമായ ആലോചന കൂടാതെയാണ്. സംരക്ഷിത വനങ്ങളുടെ ‘കാവല്‍’ വ്യവസ്ഥകള്‍ അട്ടിമറിച്ചു വ്യവസായ, കച്ചവട താല്പര്യം സംരക്ഷിക്കാനാണ് ഇതെന്നാണു പാരിസ്ഥിതിക വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്കുന്നത്. ആദിവാസി മേഖലകളില്‍ നടക്കുന്ന അനധികൃത ഖനന പ്രവര്‍ത്തനങ്ങളും മറ്റും ഗോത്രവിഭാഗത്തിന്റെ പ്രതിസന്ധി രൂക്ഷമാക്കുന്നു. ആദിവാസികള്‍ക്കു സംവരണത്തിലൂടെ നീക്കി വയ്ക്കപ്പെട്ട ഉദ്യോഗങ്ങളില്‍ നിയമങ്ങള്‍ കൃത്യമായി നടക്കുന്നില്ല. മെയ് 2013 വരെയുള്ള കണക്കുകള്‍ പ്രകാരം 12,195 ഉദ്യോഗങ്ങളുടെ കുറവ് ആദിവാസികള്‍ക്ക് ഉണ്ട്.

ഗോത്രവര്‍ഗ്ഗങ്ങളിലെ കുട്ടികളും സ്ത്രീകളും നിരവധി മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ആദിവാസി സ്ത്രീകള്‍ പൊതുസ്ഥലത്തും സ്വകാര്യ ഇടങ്ങളിലും വച്ചു പീഡിപ്പിക്കപ്പെടുന്നതും ആക്ഷേപിക്കപ്പെടുന്നതും സര്‍വ്വസാധാരണമാണ്. നാഷണല്‍ െ്രകെം റെക്കോര്‍ഡ് ബ്യൂറോയുടെ 2016 ലെ കണക്കുകള്‍ പറയുന്നത് 974 ആദിവാസി സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായി എന്നാണ്. 399 കുട്ടികളുള്‍പ്പെടെ 1008 ആദിവാസി വനിതകള്‍ ബലാത്സംഗത്തിന് ഇരയായി എന്നാണ് എന്‍സിആര്‍ബിയുടെ 2018 ലെ കണക്കുകള്‍. മനുഷ്യക്കടത്ത്, നിര്‍ബന്ധിത ലൈംഗികവൃത്തി, ആധുനിക അടിമത്തം തുടങ്ങിയവയ്ക്കും അവര്‍ വിധേയരാകുന്നു.

2013 ലെ കണക്കുകള്‍ പ്രകാരം ആദിവാസികള്‍ക്ക് എതിരായ കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത് 17 ശതമാനത്തില്‍ താഴെ മാത്രമാണ്. പക്ഷേ, പൊതുവായി ഇവിടെ 40 ശതമാനത്തോളം കേസുകളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നു എന്നതു നമ്മുടെ നിയമ സംവിധാനത്തിന് ആദിവാസികളോടുള്ള മനോഭാവം വ്യക്തമാക്കുന്നു. തദ്ദേശീയ ജനത വംശീയ വിവേചനത്തിന് ഇരയാകുന്നത് ഇന്ത്യയില്‍ കുറവല്ല. 2012 ആഗസ്റ്റില്‍ ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് അയ്യായിരത്തോളം ഗോത്രവിഭാഗക്കാരാണു വംശീയ വിവേചനം പേടിച്ചു പലായനം ചെയ്തത്. ആദിവാസി ഗോത്രവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ആക്രമണത്തിന് ഇരയാകുന്നതും സാധാരണമാണ്.

കോവിഡിനെ പശ്ചാത്തലത്തില്‍ ആദിവാസി മേഖലകളിലേക്ക് ആളുകള്‍ മടങ്ങി പോകുന്നത് ഗോത്രവര്‍ഗ്ഗക്കാരുടെ ജീവനു കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. മൊത്തത്തില്‍ 2007 ലെ പ്രഖ്യാപനത്തിന്റെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍ ഇന്ത്യ നല്കുന്നത് ഒട്ടും ശോഭനമായ ചിത്രമല്ല തദ്ദേശീയ ജനതയുടെ കാര്യത്തിലെന്നു മനസ്സിലാക്കാം (2, 3). 2007 ലെ തദ്ദേശീയ ജനതയുടെ അവകാശങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനത്തിന്റെയും മറ്റു മനുഷ്യാവകാശ രേഖകളുടെയും വെളിച്ചത്തില്‍ പരിശോധിച്ചാല്‍ കേരള ജനത ഇവിടത്തെ ‘തദ്ദേശീയ ജനതയോടു’ നീതിയോടെയും ജനാധിപത്യ മര്യാദയോടെയും പ്രവര്‍ത്തിച്ചതായി കാണുന്നില്ല. കേരള ജനതയില്‍ 1.5 % മാത്രം വരുന്ന 4,84,839 (2011) പൗരന്മാന്‍ രാഷ്ട്രീയമായ നിരവധി ചോദ്യങ്ങള്‍ നമ്മോട് ഉന്നയിക്കുന്നുണ്ട്.

അട്ടപ്പാടിയില്‍ നിരന്തരം ആവര്‍ത്തിക്കുന്ന ശിശുമരണങ്ങളും തങ്ങളുടെ നിലനില്പിനു സുപ്രധാനമായ ഭൂവവകാശങ്ങള്‍ക്കായി തദ്ദേശീയ ജനത പതിറ്റാണ്ടുകളായി നടത്തുന്ന സമരങ്ങളും ഇതിന്റെ തെളിവുകളാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം വകമാറ്റി ചെലവഴിക്കുന്നതും അഴിമതിയിലൂടെ നഷ്ടപ്പെടുത്തുന്നതും ആദിവാസി മേഖലയില്‍ സര്‍വ്വസാധാരണമാണ്. പദ്ധതിപ്പണം ചെലവഴിക്കാതെ നഷ്ടപ്പെടുത്തുന്നതും സാധാരണമാണ്. ആദിവാസികളുടെ പ്രശ്‌നത്തിനു പരിഹാരമാകാന്‍ ഏറ്റവും സഹായകരമായ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടഭൂമികള്‍ തിരിച്ചെടുക്കുന്നതില്‍ കേരള സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണു കാണിക്കുന്നത്. ആദിവാസികള്‍ക്ക് എതിരേയുള്ള കുറ്റകൃത്യങ്ങളില്‍ കാര്യമായി ഇടപെടാത്ത കേരളത്തിലെ നിയമസംവിധാനം തങ്ങളുടെ ഗോത്രാചാരങ്ങള്‍ പ്രകാരം വിവാഹിതരായ ആദിവാസി യുവാക്കളെ പോക്‌സോ കേസ് ചുമത്തി ജയിലില്‍ അടക്കുകയാണ്. ശൈശവ വിവാഹത്തിനെതിരേ ആദിവാസി മേഖലകളില്‍ നിന്നുതന്നെ പ്രതിരോധം ഉയര്‍ന്നുവരുന്നുണ്ട്. എങ്കിലും, ഈ പ്രശ്‌നം ജനാധിപത്യപരമായ ബോധവത്ക്കരണത്തിലൂടെ പരിഹരിക്കാന്‍ കാര്യമായ ശ്രമങ്ങളൊന്നുമില്ല എന്നതും ശ്രദ്ധേയമാണ്.

ആദിവാസികളുടെ പരമ്പരാഗത അറിവുകള്‍ സംരക്ഷിക്കാനുള്ള ക്രിയാത്മകമായ നടപടികളോ അവരുടെ ഭാഷയും സംസ്‌കാരവും നിലനിര്‍ത്താനുതകുന്ന സംവിധാനങ്ങളോ നാം അവര്‍ക്കു നല്കിയിട്ടില്ല. ഗോത്രജനതയുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ കേരളം പരിഗണിക്കുന്നില്ല എന്നതിന്റെ തെളിവാണ് ഇന്നത്തെ ഓണ്‍ലൈന്‍ പഠനരീതി. ഗോത്രസംസ്‌കാരത്തിനു വിദ്യാഭ്യാസത്തില്‍ എത്രമാത്രം പരിഗണനയുണ്ടെന്നതും ചിന്തനീയമാണ്. ഗോത്രവിഭാഗത്തിന്റെ സാംസ്‌കാരിക സ്മാരകങ്ങളും കടുത്ത അവഗണനയിലാണ്. ആദിവാസികളെ വികസന പ്രവര്‍ത്തനത്തിന്റെ മറവില്‍ കുടിയൊഴിപ്പിക്കാനുള്ള നടപടികളും ആലോചനയിലാണ്. ഗോത്രജനതയുടെ തനതു സ്വയംഭരണ സ്ഥാപനങ്ങള്‍ വികസിപ്പിക്കുന്നതിലും നാം പിന്നാക്കമാണ്. ഈ പശ്ചാത്തലത്തില്‍, കേരളത്തിലെ ഏറ്റവും പിന്നാക്കമായ ജനതയായി അവര്‍ തുടരുന്നു എന്നതു കേരളസമൂഹം പരിഹരിക്കേണ്ട സുപ്രധാന മനുഷ്യാവകാശ പ്രശ്‌നമാണ്.

കോവിഡ് മഹാമാരി ലോകമെങ്ങുമുള്ള തദ്ദേശീയ ജനസമൂഹങ്ങള്‍ക്കു കടുത്ത ഭീഷണി സൃഷ്ടിക്കുന്നു. ഇതു സൂക്ഷ്മശ്രദ്ധ വേണ്ട പ്രതിസന്ധിയാണെന്ന് ആഗോളസമൂഹം വിലയിരുത്തുന്നു. ഈ വര്‍ഷം ആഗസ്റ്റ് 9 നു ‘ലോക തദ്ദേശീയ ജനതയ്ക്കായുള്ള അന്താരാഷ്ട്ര ദിനം’ ആചരിക്കുമ്പോള്‍ വിചിന്തനത്തിനായി ‘കോവിഡ് 19 ഉം തദ്ദേശീയ ജനതയുടെ പുനസ്ഥാപനവും’ (Covid-19 and indigenous peoples’ resilience) എന്ന പ്രമേയമാണു തിരഞ്ഞെടുത്തത്. ആരോഗ്യമേഖലയില്‍ ഉള്‍പ്പെടെ സുരക്ഷാ സംവിധാനങ്ങളുടെ അഭാവം, പകരുന്നതും അല്ലാത്തതുമായ രോഗങ്ങളുടെ വര്‍ധിച്ച സാന്നിദ്ധ്യം, മാസ്‌കുകള്‍ സാനിറ്റൈസറുകള്‍, കൈയുറകള്‍ തുടങ്ങിയവയുടെ ലഭ്യതക്കുറവ്, ഫലപ്രാപ്തി തെളിയിക്കാത്ത പരമ്പരാഗത ചികിത്സകളിലുള്ള ആശ്രയം, ലഭ്യമായ ചികിത്സാ സംവിധാനങ്ങളില്‍ മതിയായ ആരോഗ്യപ്രവര്‍ത്തകരുടെ അഭാവം, ആരോഗ്യ കേന്ദ്രങ്ങളില്‍ നേരിടുന്ന വംശീയമായ വിവേചനം മുതലായവ തദ്ദേശീയ ജനതയ്ക്കു വളരെ ദോഷകരമാണ്.

തദ്ദേശീയ ജനതയുടെ തനതു ജീവിതശൈലി മൂലം കൂടുതല്‍ ഗുരുതരമായ അപകടങ്ങള്‍ക്കു കാരണമാകാം. പൊതുസമൂഹത്തില്‍ നിന്ന് അകന്ന ജീവിതരീതിയാണു പലപ്പോഴും വന്‍ പകര്‍ച്ചവ്യാധികളില്‍ നിന്ന് അവരെ സംരക്ഷിച്ചിരുന്നത്. കാര്‍ഷിക വിളവെടുപ്പ്, ഗോത്രാഗംങ്ങള്‍ പ്രായപൂര്‍ത്തിയാകുന്ന സന്ദര്‍ഭം, വിവിധ സാമൂഹിക മതാചാരങ്ങള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം സാമൂഹിക കൂട്ടായ്മകള്‍ അവര്‍ക്കു സുപ്രധാനമാണ്. പലപ്പോഴും, വിവിധ തലമുറകളില്‍പ്പെട്ടവര്‍ കൂട്ടുകുടുംബമായി കഴിയുന്നതും തദ്ദേശീയ ജനതയ്ക്കിടയില്‍ സാധാരണമാണ്. ഇത്തരം കാര്യങ്ങള്‍ അവരിലും കുടുംബത്തിലും പ്രത്യേകിച്ചു മുതിര്‍ന്നവരിലും കുട്ടികളിലും കോവിഡ് രോഗം വ്യാപിക്കാനുള്ള സാധ്യത വളരെയധികമാക്കുന്നു.

കോവിഡ് രോഗബാധയും അതുകൊണ്ടുള്ള മരണവും ലോകവ്യാപകമായി ഇപ്പോള്‍ വര്‍ദ്ധിക്കുകയാണ്. ജീവിതശൈലീരോഗങ്ങള്‍ പോലുള്ള ആരോഗ്യ പ്രതിസന്ധികളുടെ ആധിക്യമുള്ള പ്രത്യേക സാമൂഹിക വിഭാഗങ്ങളില്‍ രോഗവ്യാപനത്തിന്റെയും മരണത്തിന്റെയും നിരക്കു വളരെ കൂടുതലാണ്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, തദ്ദേശീയ ജനതയിലെ കോവിഡ് രോഗബാധ സംബന്ധിച്ചു കാലികമായ കണക്കുകളൊന്നും തന്നെ കൃതമല്ല. അതുകൊണ്ട്, അവരുടെയിടയിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു വല്ലാത്ത ബുദ്ധിമുട്ടുകളുണ്ട്. കടുത്ത സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥ തദ്ദേശീയ ജനതയിലെ രോഗസാധ്യത വളരെ വര്‍ദ്ധിപ്പിക്കുന്നു. ഗുണമേന്മയുള്ള ആരോഗ്യ സംവിധാനങ്ങളുടെ അഭാവം, രോഗം സംബന്ധിച്ചു മുന്‍കൂട്ടി അറിവു നല്കുന്നതിനുള്ള പരിമിതികള്‍, രോഗത്തെക്കുറിച്ചു തദ്ദേശീയ ജനതയെ മാതൃഭാഷയില്‍ ബോധവത്ക്കരിക്കുന്നതിനുള്ള സാമഗ്രികളുടെ കുറവ്, രോഗ നിരീക്ഷണത്തിനുള്ള സംവിധാനങ്ങളുടെ ദൗര്‍ലഭ്യം, സാമൂഹിക സുരക്ഷാ പദ്ധതികളുടെ പോരായ്മ, കുടിയേറ്റ തൊഴിലാളികളുടെ മടങ്ങിവരവു തുടങ്ങിയ ഘടകങ്ങള്‍ തദ്ദേശീയ ജനതയില്‍ കൂടുതല്‍ അപകടം സൃഷ്ടിക്കുന്നു.

പല രാജ്യങ്ങളിലെയും ലോക്ഡൗണ്‍ മുന്‍കരുതല്‍ അനിയന്ത്രിതമായി നീളുന്നതു തദ്ദേശീയ ജനതയുടെ ഭക്ഷണ ലഭ്യതയില്‍ കാര്യമായ കുറവുണ്ടാക്കുന്നു. മനുഷ്യത്വ വിരുദ്ധമായ വികസന സങ്കല്പങ്ങള്‍ വഴി അവരെ പരമ്പരാഗത ഭൂമേഖലയില്‍ നിന്നും ജീവിത പരിസരത്തു നിന്നും പലപ്പോഴും ബഹിഷ്‌കരിക്കുന്നു. ഇതുമൂലം, രോഗനിയന്ത്രണത്തിനുളള മുന്‍കരുതലുകള്‍ അവരെ കടുത്ത ദുരിതത്തിലേക്കു തള്ളിവിടുന്നു. കോവിഡ് മഹാമാരിയുടെ കാലത്തു പരമ്പരാഗത തൊഴിലുകളുടെ നഷ്ടപ്പെടലും അസംഘടിത മേഖലയിലെ കടുത്ത പ്രതിസന്ധിയും അവര്‍ക്കു കടുത്ത കഷ്ടപ്പാടുകള്‍ സൃഷ്ടിക്കുന്നു. തദ്ദേശീയ ജനതയില്‍ കുടുംബം നിലനിര്‍ത്തുന്നതിനായി കഷ്ടപ്പെടുന്നതില്‍ നല്ലൊരു പങ്കു സ്ത്രീകളാണ്. മഹാമാരി സ്ത്രീകളെ കൂടുതല്‍ അപകടത്തിലാക്കുന്നു. ഇതും ഗോത്രവംശജര്‍ക്ക് അധികം ദോഷമുണ്ടാക്കും.

ഇതൊക്കെയാണെങ്കിലും തദ്ദേശീയ ജനതയും കോവിഡിനെതിരേ പറ്റുന്ന വിധം മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ട്. സാമൂഹിക അകലം പാലിക്കുക, തങ്ങളുടെ പ്രദേശങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടുക, മാതൃഭാഷയില്‍ ബോധവത്ക്കരണം നടത്തുക, ഭക്ഷ്യപ്രതിസന്ധി മറികടക്കാന്‍ പരമ്പരാഗത ഭക്ഷ്യവിഭവങ്ങളെ കൂടുതലായാശ്രയിക്കുക തുടങ്ങിയ മുന്‍കരുതലുകളാണ് പൊതുവേ അവര്‍ സ്വീകരിക്കുന്നത് (4). തദ്ദേശീയ ജനതയുടെ സ്വയമുള്ള ഈ മുന്‍കരുതലിനു പുറമേ അന്താരാഷ്ട്ര സമൂഹവും കോവിഡ് കാലത്തു ഈ കാര്യം പ്രത്യേകമായി ശ്രദ്ധിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള എഫ്എഓ ഈ സവിശേഷ സാഹചര്യം തിരിച്ചറിഞ്ഞ് ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും സര്‍ക്കാരുകളോടും മറ്റു സന്നദ്ധ സംഘടനകളോടും അഭ്യര്‍ത്ഥിച്ചു. ഈ നടപടികള്‍ ചെയ്യുമ്പോള്‍ ഗോത്രവിഭാഗത്തിന്റെ സാംസ്‌കാരികമായ വ്യതിരിക്തതകള്‍ കൃത്യമായി പരിഗണിക്കണം എന്നും അവര്‍ ആവശ്യപ്പെടുന്നു.

തദ്ദേശീയ ജനതയുടെ അവകാശങ്ങള്‍ സംബന്ധിച്ച യുഎന്‍ പ്രഖ്യാപനവും ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങളും പരിഗണിച്ച് എഫ്എഓയുടെ തദ്ദേശീയ ജനതാ വിഭാഗം ചില മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്നു പറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര ഉടമ്പടികള്‍ പ്രഖ്യാപിച്ചിട്ടുള്ള തദ്ദേശീയ ജനതയുടെ സ്വയംനിര്‍ണ്ണയാവകാശം എന്ന മൂല്യം അംഗീകരിച്ചുകൊണ്ടു രോഗനിയന്ത്രണത്തിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുക, രോഗ പ്രതിരോധത്തിനായുള്ള സമിതികളില്‍ തദ്ദേശീയ സമുദായ നേതൃത്വത്തില്‍ ഉള്‍പ്പെടുത്തുക, രോഗത്തെയും പ്രതിരോധത്തെയും സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും തര്‍ജ്ജമ ചെയ്തു തദ്ദേശീയരുടെ മാതൃഭാഷയില്‍ നല്കാന്‍ ഗവണ്‍മെന്റ് മുന്‍കൈയെടുക്കുക, ഇത്തരം വിവരങ്ങള്‍ തദ്ദേശീയരായ നേതാക്കളിലൂടെയും യുവജന പ്രവര്‍ത്തകരിലൂടെയും അവരിലേക്ക് എത്തിക്കാന്‍ മുന്‍കൈ എടുക്കുക തുടങ്ങിയ കാര്യങ്ങളാണ് എഫ്എഓ ആവശ്യപ്പെടുന്നത്.

തദ്ദേശീയ ജനത പലപ്പോഴും അവരുടെ തനതു ചികിത്സാ സംവിധാനങ്ങള്‍ ആയിരിക്കും രോഗചികിത്സയ്ക്ക് ഉപയോഗിക്കുക. അതിനാല്‍, രോഗം സംബന്ധിച്ചു കൃത്യമായ അറിവുകളും ചികിത്സാ പദ്ധതികളും അത്തരം പരമ്പരാഗത ചികിത്സകരെ പരിശീലിപ്പിച്ച് അവരിലൂടെ തദ്ദേശീയ ജനതയ്ക്കു ശരിയായ ചികിത്സയുടെ ഗുണഫലങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കേണ്ടതാണ്.
രോഗ പ്രതിരോധത്തിനുള്ള മാസ്‌ക്കുകള്‍, കൈയുറകള്‍, സാനിറ്റസൈറ്റുകള്‍ എന്നിവ ഗവണ്‍മെന്റും മറ്റു സന്നദ്ധസംഘടനകളും വിതരണം ചെയ്യുമ്പോള്‍ തദ്ദേശീയ ജനതയെ പ്രത്യേകമായി പരിഗണിക്കേണ്ടതാണ്.

സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയും മറ്റും നല്കുന്ന കോവിഡ് രോഗചികിത്സയില്‍ നിന്നു തദ്ദേശീയ ജനത ഒഴിവാക്കപ്പെടാതിരിക്കാന്‍ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കണം. രോഗ പ്രതിരോധത്തിനും ചികിത്സയ്ക്കായും ഉള്ള നയങ്ങളും പദ്ധതികളും ആസൂത്രണം ചെയ്യുമ്പോളും ഇടപെടലുകളും നടത്തുമ്പോളും തദ്ദേശീയ ജനതയുടെ സ്വതന്ത്രമായ അനുമതി കൃത്യമായി വാങ്ങേണ്ടതാണ്.

രോഗ പ്രതിരോധത്തിനുള്ള മാസ്‌ക്കുകള്‍, കൈയുറകള്‍, സാനിറ്റസൈറ്റുകള്‍ എന്നിവ ഗവണ്‍മെന്റും മറ്റു സന്നദ്ധസംഘടനകളും വിതരണം ചെയ്യുമ്പോള്‍ തദ്ദേശീയ ജനതയെ പ്രത്യേകമായി പരിഗണിക്കേണ്ടതാണ്. സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയും മറ്റും നല്കുന്ന കോവിഡ് രോഗചികിത്സയില്‍ നിന്നു തദ്ദേശീയ ജനത ഒഴിവാക്കപ്പെടാതിരിക്കാന്‍ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കണം. രോഗ പ്രതിരോധത്തിനും ചികിത്സയ്ക്കായും ഉള്ള നയങ്ങളും പദ്ധതികളും ആസൂത്രണം ചെയ്യുമ്പോളും ഇടപെടലുകളും നടത്തുമ്പോളും തദ്ദേശീയ ജനതയുടെ സ്വതന്ത്രമായ അനുമതി കൃത്യമായി വാങ്ങേണ്ടതാണ്.

രോഗപ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശീയ ജനത സ്വയം നടപ്പിലാക്കുന്ന സാമൂഹിക ഒറ്റപ്പെടല്‍ തുടങ്ങിയ നിയന്ത്രണങ്ങളെ പൊതുസമൂഹം അംഗീകരിക്കണം. തദ്ദേശീയ ജനത താമസിക്കുന്ന സ്ഥലങ്ങളിലേക്കു പുറമേ നിന്നുള്ള കര്‍ഷകര്‍, വ്യവസായികള്‍, കുടിയേറ്റക്കാര്‍, വ്യവസായികള്‍, സ്വകാര്യവ്യക്തികള്‍ തുടങ്ങിയവര്‍ കോവിഡ് മഹാമാരിയുടെ മറവില്‍ കടന്നുകയറുന്നതു കര്‍ക്കശമായി തടയേണ്ടതാണ്. തദ്ദേശീയ ജനതയെ അവരുടെ പാര്‍പ്പിടങ്ങളില്‍ നിന്നും എന്തു പദ്ധതിയുടെ പേരിലാണെങ്കിലും കുടിയൊഴിപ്പിക്കാന്‍ അത് അടിയന്തരമായി നിര്‍ത്തിവയ്‌ക്കേണ്ടതാണ്. ഇവയൊക്കെയാണ് എഫ്എഓ കോവിഡ് കാലത്തു തദ്ദേശീയ ജനതയുടെ പരിരക്ഷയ്ക്കായി പ്രത്യേകമായി ആവശ്യപ്പെടുന്നത്.

സ്വയം സംസ്‌കാരചിത്തനെന്ന് അഹങ്കരിക്കുന്ന ‘ആധുനിക മനുഷ്യന്‍’ ഗോത്രമനുഷ്യനെ ‘പ്രാകൃതനായി’ മാത്രമാണു ഇന്നു കാണുന്നത്. പണ്ടു പ്രാകൃതനായിരുന്ന താന്‍ ‘സംസ്‌കാരചിത്തന്‍’ ആയി ഇന്നു പരിണമിച്ചതിന്റെ മറുപുറമാണ് ഇന്നത്തെ ‘പ്രാകൃതനായ’ ഗോത്രമനുഷ്യനെന്ന ചരിത്രസത്യം മറച്ചു വച്ചുകൊണ്ടാണ്. ആധുനിക മനുഷ്യന്‍ വെറും ‘കിരാതനായി’ കഴിഞ്ഞിരുന്ന സമയത്ത് ഉന്നതമായ സംസ്‌കാരങ്ങള്‍ പലതും പടുത്തുയര്‍ത്തിയവരാണ് ഇന്നത്തെ തദ്ദേശീയ ജനത. കൊളോണിയലിസത്തിന്റെ കടന്നുകയറ്റവും പരിണാമ സിദധാന്തത്തിന്റെ കപട രൂപമായ സോഷ്യല്‍ ഡാര്‍വിനിസവും ഒക്കെ തദ്ദേശീയ ജനതയെ ഇന്നത്തെ നിലയില്‍ എത്താന്‍ കാര്യമായി ‘സഹായിച്ചിട്ടുണ്ട്.’ ഇത്തരം നടപടികള്‍ ഉണ്ടായിരുന്നില്ല എങ്കില്‍ ഒരു പക്ഷേ, ഇന്നത്തെ ആധുനിക മനുഷ്യരെക്കാള്‍ വികാസം പ്രാപിച്ച ഒരു ജനതയായി മാറാന്‍ എല്ലാ സാഹചര്യവും ഉണ്ടായിരുന്നവരാണ് ഇന്നത്തെ തദ്ദേശീയ ജനത. ഈ ചരിത്ര യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുളള പരിഹാര നടപടികളാണ് ഇന്നിന്റെ ആവശ്യം. ഇന്നു ലോകം നിയമപരമായി അംഗീകരിച്ച അവകാശങ്ങള്‍ പ്രായോഗികതലത്തില്‍ തദ്ദേശീയ ജനതയ്ക്ക് അനുഭവിക്കാനുള്ള സാഹചര്യം കൂട്ടായി സൃഷ്ടിക്കുക എന്ന ജനാധിപത്യ ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നതാണ് ‘ആധുനിക സമൂഹം’ അവരോടു നീതി ചെയ്യുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ചെയ്യേണ്ടത്.

റഫറന്‍സ്

1. ‘ഇന്ത്യ ആഫ്ടര്‍ ഗാന്ധി’, രാമചന്ദ്രഗുഹ, പതിപ്പ് 1, പേജ് 271)
2.https://www.google.com/url?sa=t&source=web&rct=j&url=https://www.upr-info.org/sites/default/files/document/india/session_27_-_may_2017/js46_upr27_ind_e_main.pdf&ved=2ahUKEwjt9LTt1JDrAhXI8HMBHdRXDWQQFjAAegQIAxAB&usg=AOvVaw3I3ttTbM8vS1nvBtu53HyW
3.https://www.iwgia.org/en/india.html
4.https://www.un.org/en/observances/indigenous-day

also read

തദ്ദേശീയ ജനതയുടെ അവകാശങ്ങള്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ – ഭാഗം 1

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply