മലപ്പുറത്ത് അവശേഷിക്കുന്ന ‘പാക് പൗരന്മാര്‍’

ആദ്യകാലത്ത് 400ഓളം പേരുണ്ടായിരുന്നെങ്കിലും ഇന്നത് വിരലിലെണ്ണാവുന്നവരായി കുറഞ്ഞു. ഒരിക്കലും ഇന്ത്യന്‍ പൗരന്മാരാണെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കപ്പെടാതെയായിരുന്നു ഓരോരുത്തരുടേയും അന്ത്യം. മിക്കവാറും പേര്‍ നിരപരാധികളായിട്ടും ജീവിതം മൊത്തം പോലീസിന്റെ നോട്ടപ്പുള്ളിയായാണ് ജീവിച്ചത്.

അഭയാര്‍ത്ഥിപ്രവാഹവും നാടുകടത്തലും പൗരത്വപ്രശ്‌നങ്ങളും കുടിയേറ്റവുമൊക്കെ മാനവചരിത്രത്തിലെ ദുരന്തങ്ങളായി തുടരുകയാണ്. ലോകചരിത്രം തന്നെ അഭയാര്‍ത്ഥിപ്രവാഹത്തിന്റെ ചരിത്രമാണ്. വിഭജനകാലത്തും ബംഗ്ലാദേശ് യുദ്ധകാലത്തുമൊക്കെ ഈ ദുരന്തത്തിന്റെ ദയനീയമുഖം നേരിട്ടുകണ്ടവരാണ് ഇന്ത്യക്കാര്‍. അന്നതൊക്കെ സംഭവിച്ചത് യുദ്ധത്തിന്റേയും മറ്റുചില സാഹചര്യങ്ങളുടേയും പശ്ചാത്തലത്തിലായിരുന്നെങ്കില്‍ ഇന്ന് ഇന്ത്യയില്‍ നടക്കുന്ന സംഭവങ്ങള്‍ ഫാസിസ്റ്റുകള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതാണെന്നതാണ് വ്യത്യാസം. ഹിറ്റ്‌ലറുടെ ജര്‍മ്മനിയെയാണ് അവരതിനു മാതൃകയാക്കുന്നത്. മുസ്ലിംവിഭാഗത്തെ അന്യവല്‍ക്കരിക്കുന്നതില്‍ വിജയിക്കുന്ന അവര്‍ ഇനി നീങ്ങുക അടുത്ത പടിയിലേക്കായിരിക്കും എന്നു വ്യക്തം. അതെന്താണെന്നു ലോകചരിത്രമറിയുന്നവര്‍ക്ക് സംശയമുണ്ടാകില്ല.
ഇത്തരമൊരു സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം അഭയാര്‍ത്ഥി പ്രവാഹങ്ങളേയും അനന്തമായ നിലവിളികളേയും പ്രമേയമാക്കിയുള്ള ഒരു ചലചിത്രമേള തൃശൂരില്‍ നടന്നത്. വിവിധ രാജ്യങ്ങളിലെ അഭയാര്‍ത്ഥി – പൗരത്വ വിഷയങ്ങളുമായി ബന്ധപ്പെട്ട സിനിമകളായിരുന്നു പ്രദര്‍ശിപ്പിച്ചത്. ഇന്ത്യാവിഭജനത്തിന്റെ മുറിവുകള്‍ നിറയുന്ന ഘട്ടക് സിനിമാത്രയത്തിലെ മുഖ്യസിനിമയായ കോമള്‍ ഗാന്ദാര്‍, 23ലധികം രാജ്യങ്ങളില്‍ സഞ്ചരിച്ച് അഭയാര്‍ത്ഥി ക്യാമ്പുകളും സങ്കേതങ്ങളും സന്ദര്‍ശിച്ച് ചിത്രകാരനും ശില്‍പ്പിയുമായ അയ് വേയ്വേ സംവിധാനം ചെയ്ത പ്രശസ്ത ജര്‍മ്മന്‍ ചിത്രം ഹ്യൂമണ്‍ ഫ്‌ളോ, കുടിയേറ്റവും ദാരിദ്ര്യവും അനാഥമാക്കുന്ന ബാല്യങ്ങളെ കുറിച്ചുള്ള സഭീന്‍ ലബാക്കി സംവിധാനം ചെയ്ത അറബി ചിത്രം കാപ്പര്‍ നാം, യുദ്ധം ചിതറിച്ച അനാഥബാല്യങ്ങളുടെ കഥ പറയുന്ന ഫെര്‍സാന്‍ സിനിന്റെ സ്പാനിഷ് ചിത്രം ബോണ്‍ ഇന്‍ സിറിയ, ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥികളുടെ ജീവിതം പ്രമേയമാക്കിയ ജാക്യസ് അഡ്രിയാര്‍ഡ് സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം ദീപന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. രാജ്യാന്തര അതിര്‍ത്ഥികളും അതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുമെല്ലാം മനുഷ്യജീവിതങ്ങളെ തകര്‍ക്കുന്ന വേദനാജനകങ്ങളായ പ്രമേയങ്ങളായിരുന്നു എല്ലാ ചിത്രങ്ങളും കൈകാര്യം ചെയ്തത്.
തീര്‍ച്ചയായും പൗരത്വവിഷയത്തെ പ്രമേയമാക്കിയ ഏക മലയാളചിത്രം, പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത പരദേശിയും മേളയില്‍ പ്രദര്‍ശിപ്പിച്ചു. പാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള, എന്നാല്‍ ഇന്ത്യയും പാക്കിസ്ഥാനും പൗരന്മാരായി കണക്കാക്കാത്ത, മലപ്പുറത്തെ ഏതാനും മനുഷ്യരുടെ പ്രതിനിധിയായ വലിയകത്ത് മൂസ എന്നൊരാളുടെ ദുരിത ജീവിതമാണ് 2007ലെ ഈ സിനിമ അവതരിപ്പിക്കുന്നത്. അന്നീ സിനിമക്കു അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചോ എന്നത് സംശയമാണ്. ഇന്നാണ് വാസ്തവത്തില്‍ ഈ വിഷയത്തെ ഗൗരവം മലയാളി മനസ്സിലാക്കുന്നത്.
സിനിമ പുറത്തിറങ്ങിയ സമയത്തുതന്നെ ഈ ലേഖകന്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് മലപ്പുറത്തെ വിവിധ ഭാഗങ്ങളില്‍ പോകുകയുണ്ടായി. ഒട്ടും അതിശയോക്തിപരമല്ല പി ടി അവതരിപ്പിച്ചത് എന്ന് അന്നുതന്നെ ബോധ്യപ്പെട്ടു. ഇന്ത്യാ – പാക് വിഭജനത്തിനുശേഷം ഇത്രകാലമായിട്ടും ഏതാനും പാക്കിസ്ഥാന്‍ പൗരത്വമുള്ള വയോജനര്‍ ഭയം മാത്രം കൈമുതലാക്കി മലപ്പുറത്തു ജീവിക്കുന്നു എന്നത് സത്യത്തില്‍ ഞെട്ടിച്ചു. പരദേശിയിലെ മൂസയെ പോലെതന്നെയാണ് അവരുടെ അവസ്ഥ. കുണ്ടൂര്‍, മൂന്നിയൂര്‍, തിരൂര്‍, തിരുന്നാവായ മേഖലയിലായിരുന്നു അവര്‍ പ്രധാനമായും താമസിച്ചിരുന്നത്. ഇന്ത്യന്‍ പൗരത്വത്തിനുവേണ്ടി നീണ്ടകാലം നിയമപോരാട്ടം നടത്തിയവരാണ് പലരും. ആദ്യകാലത്ത് 400ഓളം പേരുണ്ടായിരുന്നെങ്കിലും ഇന്നത് വിരലിലെണ്ണാവുന്നവരായി കുറഞ്ഞു. ഒരിക്കലും ഇന്ത്യന്‍ പൗരന്മാരാണെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കപ്പെടാതെയായിരുന്നു ഓരോരുത്തരുടേയും അന്ത്യം. മിക്കവാറും പേര്‍ നിരപരാധികളായിട്ടും ജീവിതം മൊത്തം പോലീസിന്റെ നോട്ടപ്പുള്ളിയായാണ് ജീവിച്ചത്. പോലീസുകാര്‍ക്ക് നിരന്തരമായി പണം കൊടുത്തായിരുന്നു ഇവരുടെ ജീവിതം. എന്നാലും പലപ്പോഴും പീഡനങ്ങളുണ്ടാകും. അടുത്ത കാലത്താണ് അതിനൊക്കെ കുറവു വന്നത്. അക്കാര്യത്തില്‍ സിനിമയും ഒരു കാരണമായിരുന്നു.
ഈ പാക്ക് പൗരന്‍മാരുടെ മക്കളും ബന്ധുക്കളുമെല്ലാം ഇന്ത്യന്‍ പൗരന്‍ മാര്‍തന്നെയാണ്. ബന്ധുക്കള്‍ക്കൊപ്പം താമസിക്കുന്നതിനുള്ള താല്‍ക്കാലിക വിസാപെര്‍മിറ്റുകള്‍ വാങ്ങുകയും പിന്നീട് ഇവ പുതുക്കുകയും ചെയ്താണ് ഇവര്‍ കേരളത്തില്‍ കഴിയുന്നത്. ഇവരെ കുറിച്ചു ഓരോവര്‍ഷവും സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കും. ചെറുപ്പത്തില്‍ ജോലിയന്വഷിച്ച് മൂംബെയിലും ചെന്നൈയിലും കല്‍ക്കത്തയിലുമെന്ന പോലെ കറാച്ചിയിലെത്തിയവരാണ് ഇവരില്‍ ഭൂരിഭാഗവും. എന്നാല്‍ വിഭജനത്തിനുശേഷം ഇന്ത്യയിലേക്കു പോരാന്‍ പാസ്പോര്‍ട്ട് വേണമെന്ന നിയമംവന്നു. പലരും പാക്കിസ്ഥാന്‍ പാസ്പോര്‍ട്ട് ഉണ്ടാക്കി തിരിച്ചെത്തി. അതോടെ അവരെല്ലാം അറിയാതെ പാക് പൗരന്മാരാകുകയായിരുന്നു. പാക്കിസ്ഥാനും ഇന്ത്യയും തീരാശത്രുക്കളായതോടെയാണ് അവരുടെ ജീവിതം ദുരിതമയമായത്. പലരേയും പാക് അതിര്‍ത്തി കടത്തി വിട്ടു. അവരില്‍ മിക്കവരേയും കുറിച്ചൊന്നും പിന്നെയറിഞ്ഞിട്ടില്ല. കൂടാതെ ഇവരുടെ സ്വത്തുവകകളുടെ ഉടമസ്ഥാവകാശം കേന്ദ്ര ആഭ്യന്തരവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എനിമി പ്രോപ്പര്‍ട്ടി കസ്റ്റോഡിയനില്‍ നിക്ഷിപ്തമാക്കി ക്കൊണ്ട് മുന്‍കാല പ്രാബല്യത്തോടെ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കുകയും ചെയ്തിരുന്നു.
എന്തായാലും ഇനിയും വിരലിലെണ്ണാവുന്ന പാക് പൗരത്വവുമായി ജീവിക്കുന്നവര്‍ മലപ്പുറത്തുണ്ട്. ഒരു പ്രസ്ഥാനവും അവര്‍ക്കായി ശബ്ദിക്കാത്ത അവസ്ഥയാണ്. സ്വന്തമായി ഒരു നാടില്ലാതെ തങ്ങളുടേയും ജീവിതം അവസാനിക്കുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളോടെ ഈ ബാക്കിയുള്ള വൃദ്ധര്‍ കൂടുതല്‍ ആകുലതകളിലാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “മലപ്പുറത്ത് അവശേഷിക്കുന്ന ‘പാക് പൗരന്മാര്‍’

  1. I realy amazing what happaning marrow with it citizen ship so world is wast there is no bountry by marx

Leave a Reply