ട്രംപിസത്തിന്റെ രാഷ്ട്രീയം

ഡോണള്‍ഡ് ട്രംപ് എന്ന വലതു തീവ്രദേശീയ വാദിയായ ഒരു ഏകാധിപതിയെ അമേരിക്കന്‍ സാമ്രാജ്യത്വ ഭീകരതക്ക് കീഴടക്കാന്‍ കഴിഞ്ഞില്ല എന്നാണ് ഈ ട്രംപിസത്തിന്റെ വിജയത്തില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത് ട്രംപിന്റെ രാഷ്ട്രാന്തരീയ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ ഇംപീരിയലിസത്തിന്റെ ലോകപോലീസ് ഇടപെടലുകളെ ദുര്‍ബലപ്പെടുത്തുന്നതായിരുന്നു.

മുസ്ലിം – കറുത്ത വര്‍ഗ്ഗങ്ങള്‍ക്കെതിരെ ഹീനമായ വംശീയ അപര വിദ്വേഷം തുടിക്കുന്ന മുദ്രാവാക്യങ്ങളും, ഇവാഞ്ചലിസവും, സ്ത്രീവിരുദ്ധതയും, തീവ്ര വലതു ദേശീയവാദങ്ങളുമായി ട്രംപിയന്‍ പ്രചാരണങ്ങള്‍ ഒരു വശത്തും എന്നാല്‍ ആ വംശീയ ആശയങ്ങള്‍ ഗോപ്യമാക്കി വെച്ച് കമലാ ഹാരിസിനെ മുന്നില്‍ നിര്‍ത്തി ട്രംപിസത്തേക്കാള്‍ നീചവും ശക്തവുമായി ലോക രാജ്യങ്ങളില്‍ മുഴുവന്‍ ഭീതി പടര്‍ത്തി, പലസ്തീന്‍ കൂട്ടക്കൊലകളെ നെതന്യാഹുവിനൊപ്പം നിന്ന് ന്യായീകരിച്ച്, സാമ്പത്തിക ജനാധിപത്യ അട്ടിമറികള്‍ നടത്തി നടപ്പാക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വ പൊതുനയവും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടലാണ് അമേരിക്കയില്‍ ഈ തെരഞ്ഞെടുപ്പില്‍ അരങ്ങേറിയത്. ഈ പരമ്പരയില്‍ ഇപ്പോള്‍ ട്രംപിസം വന്‍ വിജയം നേടിയിരിക്കുകയാണ്.

കഴിഞ്ഞ 33 വര്‍ഷത്തെ ചരിത്രത്തില്‍ ഇടംപിടിച്ചാണ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസിന്റെ പടി കയറുന്നത്. 1992 ലെ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ബില്‍ ക്ലിന്റനോട് പരാജയപ്പെട്ട ജോര്‍ജ്ജ് എച്ച് ഡബ്ല്യു ബുഷിന് ശേഷം രണ്ടാം തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന ആദ്യത്തെ പ്രസിഡന്റായിരുന്നു ട്രംപ്. കൂടാതെ ചരിത്രത്തില്‍ രണ്ടാം തിരഞ്ഞെടുപ്പ് തോല്‍ക്കുന്ന പതിനൊന്നാമത്തെ അമേരിക്കന്‍ പ്രസിഡന്റും.

1789 ലാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഓഫീസ് സ്ഥാപിതമായത്. 235 വര്‍ഷത്തിനിടെ 46 പേര്‍ പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട് (ജോ ബൈഡന്‍ 46 ആം പ്രസിഡന്റായി). ഇതില്‍ ട്രംപിന് മുന്‍പ് പത്ത് പ്രസിഡന്റുമാര്‍ രണ്ടാം തവണ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ തോറ്റിട്ടുണ്ട്. രണ്ടാം തവണ മത്സരിക്കാന്‍ സാധിക്കാതെ പോയ അമേരിക്കല്‍ പ്രസിഡന്റാണ് ജോണ്‍ എഫ് കെന്നഡി. ആദ്യ ടേം കഴിയുന്നതിന് മുമ്പ് ജോണ്‍ എഫ് കെന്നഡി കൊല്ലപ്പെട്ടു.

അധികാരം കൈയ്യാളിയതിനു ശേഷം യുദ്ധക്കൊതിയനാകുമെന്ന് കണക്കാക്കപ്പെട്ടിരുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, തന്റെ ആദ്യ നാലു വര്‍ഷത്തിനിടയില്‍ യുദ്ധത്തിന് ആഹ്വാനം നല്‍കാത്ത പ്രസിഡന്റ് എന്ന പേരിനര്‍ഹനായി എന്നത് ഒരു ചരിത്ര വസ്തുത തന്നെയാണ്.. അതും അമേരിക്കയുടെ ചരിത്രത്തിലെ അപൂര്‍വതയാണ്.. തന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഇസ്രായേലും സൈനിക നടപടിയെ അനുകൂലിച്ചപ്പോഴും ഇറാനുമായി യുദ്ധം വേണ്ടെന്ന് പ്രഖ്യാപിച്ച പ്രസിഡണ്ടായിരുന്നു ട്രംപ്. എന്നാല്‍, കലാപ രൂക്ഷിതമായ പശ്ചിമേഷ്യന്‍ മേഖലയില്‍ യുദ്ധമുണ്ടാകില്ലെന്നും അദ്ദേഹം പ്രതീക്ഷ അര്‍പ്പിച്ചിരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ പങ്കെടുത്ത വിയറ്റ്നാം ഉച്ചകോടി യോഗത്തില്‍ നിന്ന് പാതിവഴിയില്‍ പിന്‍തിരിഞ്ഞെങ്കിലും ഉത്തരകൊറിയന്‍ മണ്ണില്‍ ചുവടുവെച്ച അമേരിക്കയുടെ ആദ്യ പ്രസിഡന്റായി ട്രംപ് മാറിയിരുന്നു. ഇതിനിടയില്‍ ഉത്തരകൊറിയയുടെ ‘റോക്കറ്റ് മാന്‍’ ട്രംപിന്റെ സുഹൃത്തായിത്തീരുകയും ചെയ്തു. അദ്ദേഹം കിമ്മിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുക പോലും ചെയ്തേക്കാം എന്ന വാര്‍ത്തകള്‍ വരെ ഉണ്ടായി. പെട്ടെന്നുള്ള അറിയിപ്പില്‍ കൂടിക്കാഴ്ച സംഘടിപ്പിച്ചതിന് ട്രംപ് കിമ്മിനെ അഭിനന്ദിക്കുകയും ചെയ്തു. ‘കൊറിയന്‍ നാടകത്തിലെ’ മൂന്നാമന്‍, ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് മൂണ്‍ ജെയ് ഇനും ഇതിനെത്തുടര്‍ന്ന് വളരെ ആവേശഭരിതനായിരുന്നു. തുടര്‍ന്ന് മൂന്ന് രാജ്യങ്ങളുടെ സൈനികര്‍ ഉണ്ടായിരുന്ന മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടുവെന്ന് പല അന്താരാഷ്ട്ര സ്വതന്ത്ര നിരീക്ഷകരും അഭിപ്രായപ്പെട്ടു.

ചൈനീസ് ടെലികോം ഭീമനായ വാവേയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ യുഎസ് ഇളവു വരുത്തുന്നതായുള്ള ട്രംപിന്റെ പ്രഖ്യാപനം അതിലും അതിശയകരമായിരുന്നു. സാങ്കേതിക മേഖലയിലെ എതിരാളി എന്ന നിലയില്‍ മാത്രമല്ല, ലോക രാജ്യങ്ങള്‍ക്ക് കനത്ത സുരക്ഷാ ഭീഷണിയുമാണെന്ന നിലയിലാണ് യുഎസ് വാവേയെ കാണുന്നത്. മാത്രമല്ല, ചാരവൃത്തി ആരോപിച്ച് കാനഡയില്‍ വാവേ സ്ഥാപകന്റെ മകളെ യുഎസ് പിടികൂടുകയും ചെയ്തിരുന്നു. കൂടാതെ, വാവേയുടെ ഉല്‍പന്നങ്ങള്‍ അമേരിക്കന്‍ മൊത്തവിതരണക്കാരില്‍ എത്തുന്നത് തടയുകയും വിപണിയില്‍ നിന്ന് വിലക്കുകയും ചെയ്തു. വാവേയുടെ 5ജി വികസനം ലോകത്തിന് വലിയ ഭീഷണിയായിട്ടാണ് കാണപ്പെട്ടിരുന്നത്. എന്നാല്‍ വാവേയെ കരിമ്പട്ടികയില്‍ പെടുത്താനുള്ള യുഎസ് അഭ്യര്‍ഥനയ്ക്കുള്ള മോദി ഇന്ത്യയുടെ പ്രതികരണം അവ്യക്തമായിരുന്നു. ഗുരുതരമായ വ്യാപാരയുദ്ധം ഉള്‍പ്പെടെ സാധ്യമായ ഒട്ടേറെ പ്രശ്നങ്ങളുടെ നിഴലിലാണ് ജി20 ഉച്ചകോടി അന്ന് ആരംഭിച്ചതെങ്കിലും ട്രംപിന്റെ പെട്ടെന്നുള്ള മനംമാറ്റത്തെത്തുടര്‍ന്ന് സമാധാനം കൈവന്നുവെന്നും അഭിപ്രായമുണ്ടായി.

*എക്കണോമിക് നാഷണലിസത്തിലൂടെ അമേരിക്കന്‍ സാമ്രാജ്യത്വത്തെ പ്രതിസന്ധിയിലാക്കിയ പ്രസിഡന്റ് എന്ന് ട്രംപിനെ ചരിത്രം രേഖപ്പെടുത്തും*

വലതു തീവ്ര ദേശീയവാദവല്‍ക്കരണത്തിന്റെ ഭാഗമായി ട്രംപിസം തിരസ്‌കരിച്ച ലോക പോലീസ് എന്ന അമേരിക്കയുടെ സാമ്രാജ്യത്വ സര്‍വ്വാധിപത്യ പ്രാമാണ്യം പുന:സ്ഥാപിക്കുന്നതിനുവേണ്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി വരെ ട്രംപിനെതിരെ മുന്‍ തിരഞ്ഞെടുപ്പില്‍ ബൈഡന് അനുകൂലമായി പ്രവര്‍ത്തിച്ചു. ഇറാനിയന്‍ തത്ത്വചിന്തകന്‍ ഹാമിദ് ദബാശിയുടെ അന്നത്തെ നിരീക്ഷണം നോക്കുക :

‘അമേരിക്കയുടെ തല്‍സ്വരൂപമാണ് ട്രംപ്. ഇത്രകാലവും അമേരിക്ക ഇതര ദേശങ്ങളോട് എങ്ങനെ വര്‍ത്തിച്ചു അതിന്റെ ആകത്തുകയാണയാള്‍. ഇന്നേവരെ മാലോകരോട് കാട്ടിയ ചെയ്തികള്‍ ഒരു വിപത്തായി ട്രംപിന്റെ രൂപത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തെ തന്നെ വെല്ലുവിളിക്കുകയാണ്..’

ചുരുക്കി പറഞ്ഞാല്‍ ഡോണള്‍ഡ് ട്രംപ് എന്ന വലതു തീവ്രദേശീയ വാദിയായ ഒരു ഏകാധിപതിയെ അമേരിക്കന്‍ സാമ്രാജ്യത്വ ഭീകരതക്ക് കീഴടക്കാന്‍ കഴിഞ്ഞില്ല എന്നാണ് ഈ ട്രംപിസത്തിന്റെ വിജയത്തില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത് ട്രംപിന്റെ രാഷ്ട്രാന്തരീയ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ ഇംപീരിയലിസത്തിന്റെ ലോകപോലീസ് ഇടപെടലുകളെ ദുര്‍ബലപ്പെടുത്തുന്നതായിരുന്നു.

അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവുമധികം ഡ്രോണ്‍ ഉപയോഗിച്ച് ജനങ്ങളെ കൂട്ടക്കൊല ചെയ്ത ബരാക് ഒബാമ ഭരണകൂടത്തിലെ വൈസ് പ്രസിഡന്റായ ജോ ബൈഡന്‍ അമേരിക്കന്‍ സാമ്രാജ്യത്വ ആധിപത്യത്തിന്റെ പുന:പ്രതിഷ്ഠാപനത്തിന് എന്തുകൊണ്ടും യോഗ്യനാണെന്ന് റിപ്പബ്ലിക്കന്‍സും ആ തെരഞ്ഞെടുപ്പില്‍ ചിന്തിച്ചത് സ്വാഭാവികം. ഭാവികാലം ആഗോളവാദികളുടേതല്ല ദേശീയവാദികളുടേതാണെന്ന് ട്രംപ് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. അമേരിക്കന്‍ സര്‍വാധിപത്യ സാമ്രാജ്യത്വത്തിന്റെ മുകളില്‍ പടുത്തുയര്‍ത്തപ്പെട്ടതാണ് ട്രംപിയന്‍ ഫാഷിസം.

ട്രംപിന്റെ തിരഞ്ഞെടുപ്പ് തര്‍ക്കത്തെ കുറിച്ച് അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടിക്കാരനും മിഡില്‍ ഈസ്റ്റ് കൂട്ടക്കുരുതിയില്‍ പ്രശസ്തനുമായ ജോര്‍ജ് ഡബ്ല്യു ബുഷ് പറഞ്ഞത് ഇങ്ങനെയാണ് : ‘how election results are disputed in a banana republic-not our democratic republic.’

ട്രംപ് ഒരിക്കലും നിയോ കണ്‍സര്‍വേറ്റീവോ, പൗരാണിക യാഥാസ്ഥിതികനോ (paleoconservative) ട്രഡീഷണല്‍ റിയലിസ്റ്റോ, ലിബറല്‍ ഇന്റര്‍നാഷണലിസ്റ്റോ ആയിരുന്നില്ല.. മറിച്ച് കച്ചവടക്കാരനായ അയാളുടെ ജന്മവാസന ഒറ്റപ്പെട്ട മാറി നില്‍ക്കുന്ന നയവും (isolationism) ഏകാധിപത്യവുമായിരുന്നു. അതുകൊണ്ടുതന്നെ അമേരിക്കയുടെ സാമ്രാജ്യത്വ പദവിയെ ട്രംപ് പരിഗണിച്ചതേയില്ല. NATO സഖ്യ രാഷ്ട്രങ്ങളെ നിലനിര്‍ത്തി ലോകത്ത് അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ സംരക്ഷിച്ചിരുന്ന പതിവു സമ്പ്രദായം അമേരിക്കക്ക് നഷ്ടം വരുത്തുന്നുവെന്നു പറഞ്ഞാണ് ട്രംപ് നിരുത്സാഹപ്പെടുത്തിയത്. ഇത് പടിഞ്ഞാറന്‍ പ്രതിരോധ സര്‍വ്വാധിപത്യത്തെ പൊതുവില്‍ പിടിച്ചുലക്കുന്നതായിരുന്നു.

ഇന്ത്യയെ പോലുള്ള മൂന്നാം ലോകരാജ്യങ്ങള്‍ക്ക് കാര്‍ഷിക – നിര്‍മ്മാണ മേഖലയിലും, ജനറിക് ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിലും വലിയ ആഘാതം സൃഷ്ടിക്കുന്ന മെഗാ റീജണല്‍ ഫ്രീ ട്രേഡ് എഗ്രിമെന്റായ ട്രാന്‍സ് പെസഫിക് പാര്‍ട്ട്ണര്‍ഷിപ്പ് (Trans Pacific Partnership – TPP)ല്‍ നിന്ന് പിന്മാറിയും അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പര്യത്തിന്റെ ആഗോള ഏജന്‍സികളായി പ്രവര്‍ത്തിക്കുന്ന UN, WTO, NAFTA (North American Free Trade Agreement) തുടങ്ങിയവയില്‍ നിന്നെല്ലാം അകലം പാലിച്ചും WHO യില്‍ നിന്ന് പൂര്‍ണ്ണമായും മാറി നിന്നും യുഎസ് ഇംപീരിയലിസത്തിന്റെ പ്രബലമായ അധീശത്വത്തെ ട്രംപിയന്‍ മോഡല്‍ ദുര്‍ബലപ്പെടുത്തി. പണ മുതലാളിത്തത്തില്‍ (finance capitalism) അമേരിക്കയുടെ അടിത്തറയും ഉപരിഘടനയും തകര്‍ന്നു നിലംപതിച്ചപ്പോള്‍ ശക്തമായിത്തീര്‍ന്ന ഏകാധിപത്യ പ്രവണതകളുടെയും ഫാഷിസത്തിന്റേയും ഭാഗമായി ഉയര്‍ന്നുവന്ന ഇക്കണോമിക്‌സ് നാഷണലിസ (economics nationalism) മാണ് ട്രംപ് നടപ്പാക്കാന്‍ ശ്രമിച്ചത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാമ്രാജ്യത്വ സര്‍വാധിപത്യവും ഫാഷിസ്റ്റ് ഏകാധിപത്യവും തമ്മിലുള്ള അന്തരം വളരെ സൂക്ഷ്മമാണ്. അമേരിക്കന്‍ ശക്തികളുടെ ദേശ വ്യാപകമായ വെട്ടിപ്പിടിത്തങ്ങളുടെ അജയ്യ സ്വഭാവത്തെ നിലനിര്‍ത്തിയ ജോ ബൈഡന്റെ കര്‍ത്തവ്യങ്ങളില്‍ നിന്ന് തികച്ചും വിപരീതമായിരിക്കും ട്രംപിസത്തില്‍ നാം അനുഭവിക്കാന്‍ പോകുന്നത്.

ഇന്ത്യയടക്കമുള്ള മൂന്നാം ലോകരാജ്യങ്ങളെ അഗാധമായി സ്വാധീനിക്കാന്‍ പോന്ന വേഗതയേറിയ ആഗോളീകരണ – നവ ഉദാരീകരണനയങ്ങളും ധനമൂലധന അധിനിവേശവും, ഏകധ്രുവലോകത്തിന്റെ രൂപപ്പെടലുമാണ് ജോ ബൈഡനിലൂടെ നാം ഇതുവരെ കണ്ടത്. ലോകത്തിലെ മിക്കവാറും എല്ലാ വന്‍കരകളിലും സൈനികത്താവളങ്ങള്‍ സ്ഥാപിച്ച യു.എസ്. സാമ്രാജ്യത്വത്തിന് ഇനി എതിരാളികളില്ല എന്ന് സ്ഥാപിക്കാനാണ് ബൈഡന്‍ ശ്രമിച്ചു കൊണ്ടിരുന്നത്. എന്നാല്‍ യു എസ് സാമ്രാജ്യത്വത്തിന്റെ ഏകധ്രുവ സമീപനത്തിനെതിരെ ബഹുധ്രുവ ലോകവീക്ഷണം ഉയര്‍ന്നുവരുന്ന വര്‍ത്തമാനകാല പശ്ചാത്തലത്തില്‍ ബൈഡന്റെ തീവ്രമുതലാളിത്ത പ്രത്യയശാസ്ത്രമായ നിയോക്ലാസ്സിക്കല്‍ ലിബര്‍ട്ടേറിയന്‍ ധനശാസ്ത്ര തത്വങ്ങള്‍ പ്രയോഗിച്ച് ലോക പരമാധികാര ശക്തിയായി തുടരാനുള്ള പദ്ധതികള്‍ ഇനി ട്രംപ് പൂര്‍ണമായും പിന്തുടര്‍ന്നെന്ന് വരില്ല. സുസ്ഥിര മേധാവിത്വ സാന്നിധ്യം ഉണ്ടാക്കിയെടുക്കാന്‍ അമേരിക്കക്ക് ഇന്ന് ശേഷിയില്ലെങ്കിലും വൈസ് പ്രസിഡണ്ട് സ്ഥാനം മുതല്‍ പ്രസിഡണ്ട് സ്ഥാനം വരെ മിഡില്‍ ഈസ്റ്റില്‍ കൂട്ടക്കൊലകള്‍ക്ക് നായകത്വം വഹിച്ച ബൈഡന്റെ അമേരിക്ക ആയിരിക്കില്ല ട്രംപില്‍ നാം കാണുക.

എന്തായാലും യുദ്ധങ്ങളിലൂടെയും ആയുധ കച്ചവടങ്ങളിലൂടെയും അധിനിവേശങ്ങളിലൂടെയും വംശീയ കൂട്ടക്കൊലകളിലൂടെയും നിലനിന്നു പോരുന്ന അമേരിക്കക്കെതിരെ ജനാധിപത്യലോകം ജാഗ്രത പാലിക്കേണ്ടതുണ്ട്..

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply