വെറുപ്പിന്റെ രാഷ്ട്രീയം: വേലിയിറക്കം തുടങ്ങുന്നു
This is the way the world ends
This is the way the world ends
This is the way the world ends
Not with a bang but with a whimperTS Elliot, The Hollow Men
പത്തുകൊല്ലക്കാലം പ്രജാപതിയായിവാണയാള്‍ ഇനി കൂട്ടുമന്ത്രിസഭയുടെ പ്രധാനമന്ത്രി. ഈ പൊതുതിരഞ്ഞെടുപ്പ് നരേന്ദ്രമോദിയെ മുന്‍നിര്‍ത്തിയായിരുന്നു. പ്രധാനമന്ത്രി മോദി തന്നെയാണ് അത് അങ്ങനെയാക്കിയത്. പാര്‍ട്ടിയേക്കാളും വലുതാണ് താന്‍ എന്ന് പാര്‍ട്ടിയോട് എന്നേ പറഞ്ഞുകഴിഞ്ഞിരുന്നിരിക്കണം. അതുകൊണ്ടാണല്ലോ പാര്‍ട്ടിയുടെ മാനിഫെസ്റ്റോ മോദി കി ഗ്യാരണ്ടി എന്ന പേരില്‍ പുറത്തിറക്കിയത്. 543 ഇടത്തും മോദിയാണ് സ്ഥാനാര്‍ത്ഥി എന്ന് ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു. ആരേയും എന്തിനേയും നിര്‍ത്തിയാലും മോദിയുടെ പേരില്‍ തങ്ങള്‍ അയാള്‍ക്ക്/അവള്‍ക്ക് അതിന് വോട്ടു നല്‍കുമെന്ന് കാഡറുകള്‍ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഈ പരാജയം മോദിയുടേതാണ്. തന്റെ പേരില്‍ വോട്ട് ആവശ്യപ്പെട്ട് മത്സരിച്ച ബിജെപിക്ക് സീറ്റുകള്‍ 240 മാത്രമാണ് കിട്ടിയത് എന്നത് തന്റെ പരാജയമായി മോദി കരുതുന്നുണ്ടോ എന്ന് അറിയില്ല. അവതാരപുരുഷനോ ഗോളാന്തരജീവിയോ ഒക്കെയെന്ന് പരിഭ്രമത്തിലായിരുന്ന ഒരാളില്‍ അത്തരം വിനയം ഉണ്ടാവണമെന്നില്ല. എന്നിരിക്കിലും പറഞ്ഞേ പറ്റൂ: ഈ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് മോദിയാണ്. മോദി എന്ന രാഷ്ട്രീയ ബിംബമാണ് തകര്‍ക്കപ്പെട്ടത്. നാനൂറില്‍പ്പരം സീറ്റ് ലക്ഷ്യമിട്ട എന്‍.ഡി.എ ക്ക് 293 സീറ്റുകളേയുള്ളൂ. 370 ല്‍ കണ്ണുനട്ടിരുന്ന ബിജെപിക്ക് 240 സീറ്റുകള്‍ മാത്രം. അതുകൊണ്ട് ജനവിധി ബിജെപിക്ക്-മോദിക്ക്-എതിരാണ് എന്ന് പറയേണ്ടതുണ്ട്.
ബിജെപിയോളം സീറ്റുകള്‍ ഇന്ത്യാസഖ്യത്തിനില്ല. 234 ല്‍ തട്ടിനിന്ന ഇന്ത്യാസഖ്യത്തിന്റേതാണ് ജനവിധി എന്ന് പറയാന്‍ തോന്നാത്തത് അതുകൊണ്ടാണ്. സര്‍ക്കാരുണ്ടാക്കാന്‍ ഇന്ത്യാസഖ്യം ശ്രമിക്കാത്തതും അതുകൊണ്ടുതന്നെ. ജനവിധിയെ മാനിക്കണമെന്നത് ജനാധിപത്യ മര്യാദയാണ്. കഴിഞ്ഞ പത്തുവര്‍ഷക്കാലം ആ മര്യാദ പലയിടത്തും – മധ്യപ്രദേശില്‍, കര്‍ണ്ണാടകത്തില്‍, മണിപ്പൂരില്‍, ഗോവയില്‍, മഹാരാഷ്ട്രത്തില്‍, അരുണാചല്‍ പ്രദേശില്‍ – ബിജെപി പാലിക്കാതിരുന്നത് നമുക്ക് ഓര്‍മ്മയുണ്ട്. അത് ആവര്‍ത്തിക്കാന്‍ പാടില്ല. കാരണം 2024 ഒരു നാഴികക്കല്ല് ആകേണ്ടതുണ്ട്. ജനാധിപത്യ മര്യാദകള്‍ പുനഃരുജ്ജീവിപ്പിക്കേണ്ട കാലം ആസന്നമായിരിക്കുന്നു. അതിന്റെ തുടക്കമായിട്ടുതന്നെവേണം പ്രതിപക്ഷത്ത് ഇരിക്കാനുള്ള ഇന്ത്യാസഖ്യത്തിന്റെ തീരുമാനത്തെ കാണേണ്ടത്. തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ യുടെ ഭാഗമായി മത്സരിച്ച നിതീഷ് ജനതാദളത്തിന്റേയും ചന്ദ്രബാബു നായിഡു നേതൃത്വം നല്‍കുന്ന തെലുഗുദേശത്തിന്റേയും ഇരട്ട എഞ്ചിനില്‍ ഓടട്ടേ അധികാരത്തീവണ്ടി. ഗുജറാത്തിലോ കേന്ദ്രസര്‍ക്കാരിലോ ഒരിക്കലും ഒരു രാഷ്ട്രീയസഖ്യത്തിന് നേതൃത്വം കൊടുത്തുകൊണ്ടോ മറ്റ് പാര്‍ട്ടികള്‍ക്ക് മാന്യമായ ഇടം നല്‍കിക്കൊണ്ടോ ഭരിച്ചു പരിചയമില്ലാത്ത മോദി ഈ പുതിയ തീവണ്ടി എങ്ങനെ ഓടിക്കുമെന്ന് കാത്തിരുന്നു കാണാം. പ്രജാപതിക്ക് (പുതിയ) കുപ്പായം ഇടേണ്ടിവരും. ഇല്ലെങ്കില്‍ ചിലപ്പോള്‍ കൂട്ടത്തിലുള്ളവര്‍ തന്നെ രാജാവ് നഗ്നനാണ് എന്ന് വിളിച്ചുപറയാന്‍ ഇടയുണ്ട്. തന്റെ ഭൂവാസത്തെക്കുറിച്ചുള്ള പഴയ പല നിഗമനങ്ങളും മോദി പുനര്‍ച്ചിന്തിക്കേണ്ടിവരും. അതാണ് ജനാധിപത്യത്തിന്റെ ഭംഗി. ജനാധിപത്യം നീണാല്‍ വാഴട്ടെ!
ഈ തിരഞ്ഞെടുപ്പില്‍ വിജയികള്‍ പലരുണ്ട്. ഒന്നാമത്തേത് ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷം. ഏറ്റവും വൃത്തികെട്ട രീതിയില്‍ ഏറ്റവും പ്രകോപനപരമായ രീതിയില്‍ രാജ്യത്തെ പ്രധാനമന്ത്രിയാല്‍ ആക്രമിക്കപ്പെട്ടപ്പോഴും അതിനാല്‍ പ്രകോപിതരായി ഒരു നികൃഷ്ടമായ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ വലയില്‍ കുരുങ്ങാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു. മുസ്‌ലിം വോട്ടര്‍മാരുടെ മൗനത്തെക്കുറിച്ച് റിപ്പോര്‍ട്ടര്‍മാര്‍ പലരും പറഞ്ഞിരുന്നു. കഴിഞ്ഞ പത്തുകൊല്ലക്കാലം നരകത്തീ കണ്ടവര്‍ അവരിലുണ്ട്. ഭരണകൂടം ഒരു സമുദായത്തെ അപരവത്ക്കരിക്കാന്‍ ശ്രമിച്ചു. ഭാഷയും ഭക്ഷണവും വസ്ത്രവും വിശ്വാസവും പ്രതിക്കൂട്ടിലാക്കപ്പെട്ടു. നിയമവ്യവസ്ഥ അവരെ കണ്ടില്ല എന്നു നടിച്ചു. കരിനിയമങ്ങളും ബുള്‍ഡോസറുകളും മുസ്‌ലിം സ്വത്വത്തെ അടയാളപ്പെടുത്തിയ ഒരു കാലഘട്ടത്തിലും പ്രകോപിതരാകാതെ ജനാധിപത്യമെന്ന രാഷ്ട്രീയ ക്രമത്തെ വിശ്വാസമായി സ്വീകരിച്ചു നിലനിന്നതുകൊണ്ട് ബിജെപിക്ക് കിട്ടാതെ പോയത് ധ്രുവീകരണത്തിന്റെ വിളവെടുപ്പാണ്. ഉത്തര്‍പ്രദേശിലെ ഭൂകമ്പം അതുകൊണ്ടുണ്ടായതാണ്. പൗരാവകാശ സമരകാലത്ത് ഷാഹിന്‍ബാഗിലെ ദാദിമാര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ഉയര്‍ന്ന ജനാധിപത്യബോധത്തിന്റെ തുടര്‍ച്ചയാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത് നമ്മള്‍ കണ്ടത്. ഷാഹിന്‍ബാഗിന് പുറകില്‍ ഇന്ത്യന്‍ ലിബറല്‍ പൊതുസമൂഹം അണിനിരന്നുവെന്നത് ഇന്ത്യന്‍ ജനാധിപത്യത്തിനും ഒരുപക്ഷേ മുസ്‌ലിം സമുദായത്തിനും വലിയ ആശ്വാസവും ഊര്‍ജ്ജവും നല്‍കിയിട്ടുണ്ടാവണം.
ഇതേ ഷാഹിന്‍ബാഗില്‍നിന്നും ഉയര്‍ന്നുവന്നതാണ് രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ആദര്‍ശവും. ഭാരത് ജോഡോ യാത്രയില്‍ ഒരിടത്തും ആരും മുസ്‌ലിം സമുദായത്തെക്കുറിച്ച് സംസാരിച്ചുവെന്ന് തോന്നുന്നില്ല. എന്നാല്‍ മുഹബ്ബത്ത് കി ദുക്കാന്‍ (സ്‌നേഹത്തിന്റെ പീടിക) എന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ അതിന്റെ സന്ദേശമെന്തെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. സാമുദായിക ധ്രുവീകരണത്തിന് ഒട്ടും ഇടനല്‍കാതെ ഭാരത് ജോഡോ യാത്ര മനുഷ്യര്‍ക്ക് പ്രത്യാശ നല്‍കി. ഒരു കോണ്‍ഗ്രസ്സ് യാത്ര ആയിരുന്നില്ല അത്. ഇന്ത്യയുടെ പൗരസമൂഹമാണ് ഇന്ത്യയുടെ യഥാര്‍ത്ഥ പ്രതിപക്ഷം എന്ന സത്യത്തെ വെളിപ്പെടുത്തുകയായിരുന്നു ഭാരത് ജോഡോ യാത്ര. അതിന്റെ സ്പിരിറ്റ് ശരിയാംവണ്ണം – ഷാഹിന്‍ബാഗിലേതുപോലെ – പ്രതിപക്ഷ രാഷ്ട്രീയകക്ഷികള്‍ മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഇന്ത്യാമുന്നണി ഇത്തവണ സര്‍ക്കാരുണ്ടാക്കിയേനെ. ഭരണാധികാരത്തിനപ്പുറത്തുള്ള രാഷ്ട്രീയ മൂല്യങ്ങള്‍, തിരഞ്ഞെടുപ്പുകള്‍ക്ക് പുറമേയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം ഇതൊക്കെ എന്നാണാവോ കോണ്‍ഗ്രസ്സുകാര്‍ – മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും – മനസ്സിലാക്കുക!
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
അതെന്തായാലും നിലവിലുള്ള വിഭവങ്ങളില്‍ നിന്നും ഏറ്റവും മെച്ചപ്പെട്ടതിനെ തിരഞ്ഞെടുക്കുക എന്നതാണല്ലോ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ രീതി. അങ്ങനെയൊരു കണക്കെടുപ്പ് നോക്കുമ്പോള്‍ കോണ്‍ഗ്രസ്സിന് സന്തോഷിക്കാന്‍ പല കാരണങ്ങളുമുണ്ട്. വടക്കേയിന്ത്യയില്‍ സാധ്യമായ തിരിച്ചുവരവ് തന്നെ ഏറ്റവും പ്രധാനം. രാജസ്ഥാനില്‍ നിന്നുള്ള 11 സീറ്റുകളും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നു തരിപ്പണമായ പഞ്ചാബില്‍ നിന്നു ലഭിച്ച ഏഴുസീറ്റുകളും മഹാരാഷ്ട്രയിലെ ഗംഭീര തിരിച്ചുവരവും സര്‍വ്വോപരി ഉത്തര്‍പ്രദേശില്‍ നിന്നു ലഭിച്ച ആറു സീറ്റുകളും പ്രധാനമാണ്. രാഹുല്‍ കഴിഞ്ഞ തവണ തോറ്റ അമേഠിയില്‍ സാധ്യമായ കിഷോരിലാല്‍ ശര്‍മ്മയുടെ 1.6 ലക്ഷം ഭൂരിപക്ഷത്തിലുള്ള വിജയവും സംസ്ഥാന അധ്യക്ഷനായ അജയ് റായി ബനാറസില്‍ പ്രധാനമന്ത്രിയുടെ ഭൂരിപക്ഷം 4.70 ലക്ഷത്തില്‍ നിന്നും 1.5 ലക്ഷമാക്കിയതും ശ്രദ്ധേയമായ കാര്യങ്ങളാണ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കാനിടയുള്ള ഹര്യാനയിലെ പകുതി സീറ്റുകളും കോണ്‍ഗ്രസ്സ് കൈക്കലാക്കുകയുണ്ടായി.
കോണ്‍ഗ്രസ്സ് – ഇന്ത്യാ മുന്നണി വലിയ തിരിച്ചുവരവ് നടത്തിയ മേഖലകള്‍ അടുത്തടുത്തു കിടക്കുന്ന സംസ്ഥാനങ്ങളാണ്. വടക്കുകിഴക്കന്‍ രാജസ്ഥാനും പഞ്ചാബും ഹര്യാനയും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശും വോട്ട് ചെയ്തത് ഒരുപക്ഷേ ഒരേ കാരണങ്ങളെ മുന്‍നിര്‍ത്തിയായിരിക്കണം. കാര്‍ഷികരംഗത്തെ പിന്‍മടക്കവും അഗ്നിപഥ് പദ്ധതിയും വലിയ സാമ്പത്തിക മാന്ദ്യത്തിനും അരക്ഷിതാവസ്ഥയ്ക്കും കാരണമായിട്ടുണ്ട്. ഇതേ പേജുകളില്‍ മുന്‍പ് എഴുതിയിട്ടുള്ളതുപോലെ വലിയ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുമ്പോഴും സമ്പദ്ഘടനയില്‍ വലിയ തോതിലുള്ള വൈരുദ്ധ്യങ്ങള്‍ വര്‍ദ്ധിച്ചുവന്നിട്ടുണ്ട് എന്നത് കാണാം. നഗരങ്ങളിലെ സമ്പന്നരുടെ സമ്പത്ത് ഗണ്യമായി വര്‍ദ്ധിക്കുമ്പോള്‍ ഗ്രാമീണ മേഖലകളില്‍ മാന്ദ്യം തുടരുകയാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും അസംതൃപ്തി സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഓര്‍ക്കുന്നില്ലേ പാര്‍ലിമെന്റ് മന്ദിരത്തില്‍ കയറിക്കൂടി മുദ്രാവാക്യം വിളിച്ച ആ ചെറുപ്പക്കാരെ? അവര്‍ അന്ന് പറഞ്ഞത് തൊഴിലില്ലായ്മയെക്കുറിച്ചായിരുന്നു. അവരെ നമ്മള്‍ രാജ്യദ്രോഹ കുറ്റം ചുമത്തി തുറുങ്കിലടക്കുകയാണ് ചെയ്തത്. അവര്‍ക്കുവേണ്ടി സംസാരിക്കാന്‍ അന്ന് പ്രതിപക്ഷ നേതാക്കള്‍ ആരും തയ്യാറാവുകയുണ്ടായില്ല.
കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവിന് പുറകില്‍ ആ പാര്‍ട്ടി സ്വീകരിച്ച സോഷ്യല്‍ അജണ്ട ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ നയപരിപാടികള്‍ കോണ്‍ഗ്രസ്സിനെ ഒരു സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയായി പരിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ്സിന്റെ സംസ്ഥാന നേതൃത്വങ്ങള്‍ അത് അറിഞ്ഞിരിക്കണമെന്നില്ലെങ്കില്‍പോലും! ക്ഷേമപദ്ധതികളും മറ്റുമായിട്ട് സര്‍ക്കാരില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് പുതിയൊരു സ്റ്റേറ്റ് മാതൃക കോണ്‍ഗ്രസ്സ് മാനിഫെസ്റ്റോ ലക്ഷ്യമിട്ടിരുന്നു. ഗ്യാരണ്ടികള്‍ എന്ന പേരില്‍ കര്‍ണ്ണാടകത്തിലും തെലുങ്കാനയിലും കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട ഈ ഗ്യാരണ്ടികളാണ് ‘ന്യായ്’ എന്ന പേരില്‍ പാര്‍ട്ടി മാനിഫെസ്റ്റോയില്‍ പ്രത്യക്ഷപ്പെട്ടത്. അവകാശം എന്ന അര്‍ത്ഥത്തിലാണ് സ്ത്രീകള്‍ക്ക് പണമായും സൗജന്യ ബസ് യാത്രയായും ചെറുപ്പക്കാര്‍ക്ക് തൊഴിലുറപ്പായും കോണ്‍ഗ്രസ്സ് ന്യായ് ഗാരണ്ടികള്‍ വാഗ്ദാനം ചെയ്തത്. ഒരു സമ്പൂര്‍ണ്ണ മുതലാളിത്ത വ്യവസ്ഥയ്ക്ക് പുറത്ത് സ്റ്റേറ്റ് സഹായം വാഗ്ദാനം ചെയ്യുന്ന ഈ സോഷ്യല്‍ ഡെമോക്രസിയുടെ സ്വാഭാവിക തുടര്‍ച്ച തന്നെയാണ് ജനസംഖ്യയിലെ പ്രാതിനിധ്യമനുസരിച്ചുള്ള വിഭവ വിതരണവും. ജാതി സെന്‍സസും സാമ്പത്തിക സെന്‍സസുമൊക്കെ ലക്ഷ്യമിടുന്നത് ഒരു സോഷ്യല്‍ ഡെമോക്രസിക് സ്റ്റേറ്റ് തന്നെയാണ്. അരഡസന്‍ വലിയ കമ്പനികള്‍ക്ക് പ്രാധാന്യം നല്‍കുന്ന പുതിയ മോദി മോഡല്‍ സമ്പദ് ഘടനയ്ക്ക് ഒരു ബദല്‍തന്നെയാണ് ഈ സോഷ്യല്‍ ഡെമോക്രാറ്റിക് സ്റ്റേറ്റ്. 2004-14 കാലത്തെ അഴിമതി നിറഞ്ഞതെങ്കിലും അവകാശ സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കിയ യുപിഎ സര്‍ക്കാറിന്റെ തുടര്‍ച്ചയാണ് രാഹുല്‍ പറഞ്ഞുറപ്പിക്കുന്ന ‘ന്യായ്’ സ്റ്റേറ്റ്. ഇതിനോട് ചെറുപ്പക്കാര്‍ പ്രത്യേകിച്ചും പ്രതികരിക്കുന്നുണ്ട്. ഇത്തരമൊരു പ്രത്യയശാസ്ത്ര പരിസരത്തില്‍ നിന്നുകൊണ്ടാണ് മുഴുവന്‍ പ്രതിപക്ഷവും മോദിക്കൊരു ബദല്‍ എന്ന ആശയം തിരഞ്ഞെടുപ്പില്‍ മുന്നോട്ട് വെച്ചത്. മതസ്പര്‍ദ്ധയും അപരവല്‍ക്കരണവും പ്രചരിപ്പിക്കലല്ല തൊഴിലുറപ്പും മര്യാദവിലയും ഉറപ്പുനല്‍കലാണ് സര്‍ക്കാരിന്റെ പ്രാഥമിക ചുമതല എന്ന് പറഞ്ഞുറപ്പിക്കാന്‍ ഇന്ത്യ മുന്നണിക്ക് കഴിഞ്ഞതിന്റെ ഫലമാണ് ഹിന്ദിമേഖലയിലെ മെച്ചപ്പെട്ട പ്രകടനം. സമാജ്‌വാദി പാര്‍ട്ടി അതിന്റെ യാദവ്-മുസ്‌ലിം ഇരട്ട എഞ്ചിന്‍ സംവിധാനത്തെ ബോധപൂര്‍വ്വം മറികടന്നുകൊണ്ട് യാദവേതര പിന്നോക്ക വിഭാഗങ്ങള്‍ക്ക് തങ്ങള്‍ക്ക് അനുവദിച്ച സീറ്റുകളില്‍ 42% നല്‍കുകയും 25% സീറ്റുകകളില്‍ ദളിത് നേതാക്കളെ മത്സരിപ്പിക്കുകയും ചെയ്യുകയുണ്ടായി. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് എന്ന ഓപ്പണ്‍ സീറ്റില്‍ സമാജ്‌വാദി മത്സരിപ്പിച്ചത് വലിയ ജനപ്രീതിയുള്ള പലവട്ടം സമാജികനായ അവധേശ് പ്രസാദ് എന്ന ദളിത് നേതാവിനെയാണ്. ആ മണ്ഡലത്തിലെ ദളിത് സാന്നിധ്യം 25% വരുമെന്ന് പ്രധാന കാരണമായിരിക്കെ തന്നെ സംവരണസീറ്റുകള്‍ക്ക് പുറമേയുള്ള സീറ്റുകളില്‍ക്കൂടി ദളിത് വിഭാഗത്തില്‍ നിന്നുമുള്ള പ്രഗത്ഭരായ രാഷ്ട്രീയക്കാരെ മത്സരിപ്പിക്കാന്‍ സമാജ്‌വാദി പാര്‍ട്ടി എടുത്ത തീരുമാനം പാര്‍ട്ടിയെ പുതിയ പരിവേഷത്തില്‍ കാണാന്‍ ജനതയെ പ്രേരിപ്പിച്ചിട്ടുണ്ട്. ബി എസ് പിയുടെ പിന്‍മടക്കം മറ്റൊരു കാരണമാണ്. പിന്നോക്ക-ദളിത്-ന്യൂനപക്ഷ പാര്‍ട്ടി (പിച്ഛഡേ-ദളിത്-അല്‍പസംഖ്യക്ക്) എന്ന നിലപാട് സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ലിസ്റ്റ് സാക്ഷാത്ക്കരിച്ചു. ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് കിട്ടിയ 37 സീറ്റിന് പിറകില്‍ ഈ രാഷ്ട്രീയ തന്ത്രങ്ങളുണ്ട്. മണ്ഡല്‍ 2.0 കമണ്ഡല്‍ രാഷ്ട്രീയത്തെ പരാജയപ്പെടുത്തിയത് ഇങ്ങനെയൊക്കെയാണ്.
ബിജെപിയുടെ ഫൈസാബാദ് പരാജയത്തില്‍ കാവ്യനീതിയുണ്ട്. രാമന്‍ ബിജെപിയുടെ വിശ്വാസമല്ല മറിച്ച് അധികാരച്ചീട്ടാണ്. പണിതീരാത്ത ക്ഷേത്രത്തിന്റെ പ്രതിഷ്ഠാപനം ഓര്‍മ്മിപ്പിച്ചത് ഒരു തീംപാര്‍ക്കിന്റെ ഉദ്ഘാടനത്തെയാണ്. വിശ്വാസസമൂഹമാണ് വടക്കേയിന്ത്യയിലേത്. രാമനെ സ്മരിച്ചുകൊണ്ടാണ് ഗംഗാസമതലത്തിന്റെ ഹിന്ദു തന്റെ ദിവസം തുടങ്ങുന്നതുതന്നെ. എന്നാല്‍ ആ രാമന്‍ വിശ്വാസം മാത്രമല്ല ഒരു സംസ്‌കാരം കൂടിയാണ്. ദൈനംദിന ജീവിതത്തില്‍ ഉള്‍ച്ചേര്‍ന്ന ആ രാമനെയല്ല ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പില്‍ മോദി ആദരിച്ചത്. അയോധ്യ ഒരു റിയല്‍ എസ്റ്റേറ്റ് പ്രോജക്ടായത് ദേശവാസികളെ പ്രകോപിപ്പിക്കുകയാണുണ്ടായതെന്ന് ഒരു മതം. അതിന്റെ ഫലമായിരുന്നു ബിജെപിയുടെ സിറ്റിംഗ് എംപിയുടെ പരാജയം. എല്ലാ വേലിയേറ്റത്തിനും പുറകേ വേലിയിറക്കവുമുണ്ടാകുമല്ലോ. വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ വേലിയിറക്കം തുടങ്ങി എന്ന് ആശ്വസിക്കാമെന്ന് തോന്നുന്നു. ബന്‍സ്‌വാഡയിലും അയോധ്യയിലും മണിപ്പൂരിലും മോദി രാഷ്ട്രീയം പരാജയപ്പെട്ടത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു ദിശാമാറ്റത്തെ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പരാജിതനായ ഒരു നേതാവിന്റെ ശരീരഭാഷ തിരഞ്ഞെടുപ്പാനന്തരം പ്രജാപതിയില്‍ കണ്ടവരുണ്ട്. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ‘ധ്യാന’മിരുന്ന രാഷ്ട്രീയക്കാരന്റെ ആത്മവിശ്വാസം പിന്നെ ദില്ലിയില്‍ കണ്ട മോദിയുടെ മുഖത്തുണ്ടായിരുന്നില്ല. എത്ര പെട്ടെന്നാണ് ഒരാള്‍ക്ക് പ്രായമേറുന്നത്!
മുന്നണി സര്‍ക്കാരിനെ നയിക്കാന്‍ ഒരു പുതിയ മോദി അവതരിക്കുമോ? കണ്ടറിയണം. തന്റെ ആല്‍ഫാ ആണത്തത്തെ പ്രദര്‍ശനവസ്തുവാക്കിക്കൊണ്ടാണ് മോദി സ്വയമൊരു മിത്താക്കി മാറിയത്. ഹിന്ദുത്വ ദേശീയവാദിയുടെ സ്വപ്‌നജാഗരങ്ങളില്‍ മോദി അമാനുഷിക പ്രതീകമായത് നയചതുരതകള്‍ വശമുള്ള ഒരു രാഷ്ട്രീയക്കാരനായല്ല മറിച്ച് യുദ്ധോത്സുകനായ നേതാവായിട്ടാണ്. 240 മാത്രം സീറ്റുകള്‍ നേടിയപ്പോള്‍ പരുങ്ങലിലായത് ആ നേതൃത്വബിംബമാണ്. അതിന്റെ പരിണാമങ്ങള്‍ വരും ദിനങ്ങളില്‍ നമുക്കറിയാം.
ഈ സന്ദര്‍ഭത്തില്‍ പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ സ്വഭാവം എന്തായിരിക്കണം? രണ്ട് കാര്യങ്ങള്‍ ഇന്ത്യാ മുന്നണി കരുതലോടെ കാണേണ്ടതുണ്ട്. ഒന്ന്, സംഘപരിവാര്‍ രാഷ്ട്രീയം ഒരു millenarial പദ്ധതിയാണ്. അതായത് തിരഞ്ഞെടുപ്പ് വിജയങ്ങളില്‍ പരിമിതപ്പെട്ടു നില്‍ക്കുന്ന ഒന്നല്ല അതിന്റെ രാഷ്ട്രീയം. ഇന്ത്യയെ തങ്ങളുടെ കാഴ്ചപ്പാടിന് അനുസൃതമായി മാറ്റിത്തീര്‍ക്കുക എന്ന ലക്ഷ്യം സംഘത്തിനുണ്ട്. ഭരിക്കുന്നു എന്നത് പ്രധാനമായിരിക്കെത്തന്നെ സാമൂഹ്യനിര്‍മ്മിതിയില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ‘സ്വഭാവരൂപീകരണം’ എന്ന പേരിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന് സമൂഹത്തിന്റെ സ്വഭാവനിര്‍ണ്ണയം എന്ന അര്‍ത്ഥം കൂടിയുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അധീശത്വം പാര്‍ലമെന്റിലെ ഭൂരിപക്ഷത്തില്‍ മാത്രമല്ല രാജ്യത്തിന്റെ കാതലായ എല്ലാ സ്ഥാപനങ്ങളിലും ഉണ്ടാവണമെന്ന് സംഘിന് താല്പര്യമുണ്ട്. നിയമസംവിധാനവും ബ്യൂറോക്രസിയും മാധ്യമങ്ങളും സാംസ്‌കാരികവേദികളുമൊക്കെ ഈ അധീശത്വനിര്‍മ്മാണത്തിന് ആവശ്യമാണ്. രണ്ട്, ഉത്തര്‍പ്രദേശിലെ ബിജെപിയുടെ പിന്‍മടക്കം വിലയിരുത്തുന്നതിനൊപ്പം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ചുവടുറപ്പിക്കുന്നുവെന്ന കാര്യം മറന്നുകൂടാ. വലിയ ഒരു ഫെഡറല്‍ പ്രതിരോധം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുപോലും കര്‍ണ്ണാടകത്തില്‍ ബിജെപിക്ക് 17 സീറ്റുകളും 46.06% വോട്ടും ലഭിക്കുകയുണ്ടായി. തെലുങ്കാനയില്‍ ഭാരത് രാഷ്ട്ര സമിതിയുടെ ചിലവില്‍ 35% വോട്ട് നേടി കോണ്‍ഗ്രസ്സിനു പിന്നില്‍ രണ്ടാമത്തെ വലിയ പാര്‍ട്ടിയായിരിക്കുന്നു ബിജെപി. 2019 ല്‍ നാല് സീറ്റുകള്‍ ലഭിച്ച ബിജെപിക്ക് ഇത്തവണ തെലുങ്കാനയില്‍ 8 സീറ്റുകളുണ്ട്. ആന്ധ്രപ്രദേശില്‍ തെലുങ്ക് ദേശത്തിന്റെ പരിഗണനയിലെ 11.28% വോട്ടും മൂന്നു സീറ്റുകളും പാര്‍ട്ടിക്കുണ്ട്. അതായത് ഒരു കാലത്ത് ഇടതുപ്രസ്ഥാനങ്ങള്‍ക്ക് വലിയ വേരോട്ടമുണ്ടായിരുന്ന അവിഭക്ത ആന്ധ്രപ്രദേശില്‍ ഇന്ന് ബിജെപിക്ക് 11 ലോക്‌സഭാ എംപി മാരുണ്ട് – കോണ്‍ഗ്രസ്സിനേക്കാള്‍ മൂന്നുപേര്‍ കൂടുതല്‍. കേരളത്തില്‍ നിന്നും ആദ്യമായിട്ട് ഒരു എംപിയെ ലഭിച്ചു എന്ന് മാത്രമല്ല 11 നിയമസഭാ മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുകയുമുണ്ടായി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍. മലബാറിലൊഴികെ എല്ലായിടത്തും നായര്‍ – ഈഴവ സമുദായങ്ങളും എണ്ണത്തില്‍ കുറച്ചുള്ള പിന്നോക്കജാതി വിഭാഗങ്ങളും ചേരുന്ന ഒരു ഹിന്ദുവോട്ട് ബിജെപിക്കനുകൂലമായി ഉയര്‍ന്നുവരുന്നതിന്റെ ലക്ഷണം തന്നെയാണ് എന്‍ഡിഎ ക്ക് ലഭിച്ച 20% വോട്ട് (ബിജെപിക്ക് മാത്രം 16.68%). തമിഴ്‌നാട്ടില്‍ പാര്‍ട്ടിയുടെ വോട്ട് 11.24% ആയി വര്‍ദ്ധിച്ചിരിക്കുന്നു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ യുമായി ഒരു സഖ്യം ബിജെപിക്ക് അസാധ്യമായിരിക്കില്ല.
ഇന്ത്യാമുന്നണിയുടെ – കോണ്‍ഗ്രസ്സിന്റെ – ഉണര്‍വ്വ് ഒരു തുടക്കം മാത്രമേ ആവുന്നുള്ളൂ. രാഷ്ട്രീയം ഒരു ദൈനംദിന ചര്യയായി സാമൂഹ്യജീവിതത്തില്‍ ഇന്ത്യ എത്തിക്കേണ്ടതുണ്ട്. അതിന്റെ രൂപരേഖ എന്തായിരിക്കണമെന്ന് ഈ തിരഞ്ഞെടുപ്പ് നമ്മളോട് പറഞ്ഞുതരുന്നുണ്ട്.
ഭരണഘടനയ്ക്ക് 75 വയസ്സ് തികയുന്ന സന്ദര്‍ഭത്തില്‍ അത് ഒരു രാഷ്ട്രീയ രേഖയായി നമ്മുടെ ഇടയിലേക്ക് കടന്നുവരുന്നത് ഈ തിരഞ്ഞെടുപ്പില്‍ കണ്ടതാണ്. ഭരണഘടനയിലെ മൂല്യങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു അവകാശരാഷ്ട്രീയത്തെക്കുറിച്ച് രാഹുലും മറ്റും പറയുകയുണ്ടായി. തന്റെ പോക്കറ്റില്‍ ഒരു റെഡ് ബുക്കിന്റെ രൂപത്തിലുള്ള ഭരണഘടന രാഹുല്‍ തിരഞ്ഞെടുപ്പ് വേദികളില്‍ കൊണ്ടുവന്നിരുന്നു. മോദിയുടെ ‘400 പാര്‍’ (നാനൂറിന് അപ്പുറം) മുദ്രാവാക്യം ഭരണഘടന മാറ്റാണ് എന്ന് പറഞ്ഞുകൊണ്ട് പോക്കറ്റില്‍ നിന്നും ഭരണഘടന പുറത്തെടുത്ത് ഇന്ത്യ മുന്നണി കണ്ണിലെ കൃഷ്ണമണിപോലെ ഇതിനെ കാത്തുസൂക്ഷിക്കുമെന്ന് പറഞ്ഞത് ഉത്തരേന്ത്യയില്‍ വലിയ ചലനമുണ്ടാക്കുകയുണ്ടായി. ഭരണഘടനയുടെ സ്പിരിറ്റ് തന്നെയാകട്ടെ ഇന്ത്യാമുന്നണിയുടെ രാഷ്ട്രീയം. ന്യൂനപക്ഷങ്ങളുടെ അവകാശവും പരിരക്ഷയും ജാതിനിര്‍മ്മാര്‍ജ്ജനത്തിനായി സംവരണവും വിഭവ വിതരണവും സംസ്ഥാനങ്ങളുടെ അവകാശങ്ങളുമൊക്കെ ഭരണഘടനയില്‍ നിന്നും ഒഴുകിയെത്തുന്ന മൂല്യങ്ങളാണ്. ഇത് തന്നെയായിരിക്കണം ഇന്ത്യാ മുന്നണിയുടെ രാഷ്ട്രീയപരിപാടി.
ഇവിടെ നമുക്ക് വീണ്ടും ഷാഹിന്‍ബാഗിലേക്ക് തിരിച്ചുപോകേണ്ടതുണ്ട്. ഹിന്ദുത്വരാഷ്ട്രീയത്തിന് ബദലായി ഭരണഘടന ഉയര്‍ന്നുവരുന്നത് അവിടെ കണ്ടതാണ്. അവിടെ ഗാന്ധിയും നെഹ്‌റുവും അംബേദ്ക്കറും ആസാദും ഉയിര്‍ത്തെഴുന്നേല്‍ക്കുകയുണ്ടായി. ദേശീയ പതാക ഭരണഘടനയുടെ പ്രതീകമായി മാറുകയുണ്ടായി. ഇന്ത്യയിലെ മുസ്ലീം രാഷ്ട്രീയത്തിലുണ്ടായ വലിയ ദിശാ മാറ്റമായിരുന്നു ഷാഹിന്‍ ബാഗ്. പൗരാവകാശനിയമപ്രക്ഷോഭങ്ങളിലും രോഹിത് വെമുലയ്ക്ക് നീതി ലഭിക്കാനായി നടന്ന സമരങ്ങളിലും ഭരണഘടന ഒരു രാഷ്ട്രീയ ഡോക്യുമെന്റ് ആയിത്തന്നെ പരാമര്‍ശിക്കപ്പെട്ടു.
ബിജെപിയുടെ പിന്‍മടക്കം രണ്ട് മാസക്കാലത്തെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്തുണ്ടായ ഒരു സംഭവമല്ല. 2015 മുതല്‍ തെരുവുകളില്‍ അരങ്ങേറിപ്പോന്ന അനേകം സമരങ്ങളുടെ ഊര്‍ജ്ജം പ്രതിപക്ഷ രാഷ്ട്രീയത്തെ സഹായിച്ചിട്ടുണ്ട്. കോവിഡ് വലിയ തിരിച്ചടിയായെങ്കിലും തെരുവില്‍ കണ്ട ജനാധിപത്യം തന്നെയാണ് ഭാരത് ജോഡോ യാത്രയിലും ന്യായിലും ഇന്ത്യാമുന്നണിയുടെ രൂപീകരണത്തിനും കാരണമായത്. ഭരണഘടനാമൂല്യങ്ങളിലൂടെ ആ രാഷ്ട്രീയത്തിന് ഏജന്‍സി നല്‍കുകയാണ് പ്രതിപക്ഷ നേതാക്കള്‍ തിരഞ്ഞെടുപ്പു കാലത്ത് ചെയ്തത്. എന്നാല്‍ ജനാധിപത്യത്തിനായി തെരുവില്‍ സംസാരിച്ച എത്രയോ ചെറുപ്പക്കാര്‍ – ഒമര്‍ ഖാലിദ് തുടങ്ങിയവര്‍ ഹനിബാബുവിനെപ്പോലെയുള്ള അധ്യാപകര്‍ – ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. പ്രബീര്‍ പുര്‍കായസ്ത, ഗൗതം നവ്‌ലഖ തുടങ്ങി പത്രപ്രവര്‍ത്തകര്‍ കേസുകള്‍ നേരിടുന്നു. അവര്‍ക്കുവേണ്ടി സംസാരിക്കാനുള്ള സന്ദര്‍ഭം കൂടിയാണ് 235 സീറ്റുകള്‍ നല്‍കുന്നതുവഴി വോട്ടര്‍മാര്‍ ഇന്ത്യാ മുന്നണിക്കായി ഒരുക്കിയിരിക്കുന്നത്. ആ രാഷ്ട്രീയ സന്ദര്‍ഭം അവര്‍ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും ഭരണഘടനയുടെ രാഷ്ട്രീയം പറഞ്ഞുകൊണ്ടേയിരിക്കാന്‍ തെരുവില്‍ ജനാധിപത്യത്തിന്റെ ആരവം മുഴക്കാന്‍ പൗരസമൂഹം ബാധ്യസ്ഥരാണ്. അതാണ് ജൂണ്‍ 2024 ന്റെ സന്ദേശം.
(കടപ്പാട് പാഠഭേദം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in