ഗൗരിയമ്മയുടെ പിന്മടക്കങ്ങള്‍ – കേരളത്തിന്റേയും

ആദ്യകാലസംഭവിവകാസങ്ങള്‍ക്കുശേഷം ഗൗരിയമ്മയുടെ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തം ജെ എസ് എസ് രൂപീകരണമായിരുന്നു. അതിലേക്കുനയിച്ച യഥാര്‍ത്ഥ കാരണങ്ങള്‍ ഏതൊരു രാഷ്ട്രീയവിദ്യാര്‍ത്ഥിക്കും ഇന്നറിയാം. മുഴുവന്‍ കേരളീയരുടേയും പ്രതീക്ഷകളെ തകിടം മറച്ച് ഒരു വനിതാ മുഖ്യമന്ത്രി എന്ന രാഷ്ട്രീയസ്വപ്നത്തെ സിപിഎമ്മിലെ സവര്‍ണ്ണ – പുരുഷ ശക്തികള്‍ അട്ടിമറിക്കുകയായിരുന്നു. അതോടെയാരംഭിച്ച പ്രശ്‌നങ്ങളാണ് പിന്നീട് അവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുന്നതിലേക്ക് എത്തിച്ചത്, എം വി ആര്‍ ഒഴികെ സിപിഎമ്മില്‍ നിന്നു പോയവരാരും രാഷ്ട്രീയമായി നിലനിന്നിട്ടില്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് അവര്‍ ജനാധിപത്യ സംരക്ഷണ സമിതി എന്ന രാഷ്ട്രീയപ്രസ്ഥാനം രൂപീകരിച്ചത്. മുന്‍നക്‌സലൈറ്റ് നേതാക്കളായ കെ വേണുവിന്റേയും അജിതയുടേയും മറ്റും സാന്നിധ്യം അതിന് ജനാധിപത്യപരവും പിന്നോക്ക – ദളിത് – സ്ത്രീ പക്ഷപരവുമായ ഒരു മുഖവും നല്‍കി.

കെ ആര്‍ ഗൗരിയമ്മയുടെ മരണത്തെ തുടര്‍ന്ന് നിരവധി പ്രതികരണങ്ങള്‍ വന്നു. സ്വാഭാവികമായും അവയില്‍ ബഹുഭൂരിഭാഗവും വൈകാരികമായിരുന്നു. എന്നാല്‍ ഗൗരിയമ്മയുടെ ജീവിതത്തെ രാഷ്ട്രീയമായി തന്നെ വിലയിരുത്തേണ്ട സമയമാണിത്. പലവിധ കാരണങ്ങളാല്‍ കേരളത്തിലെ വലിയൊരു വിഭാഗം എഴുത്തുകാരും രാഷ്ട്രീയനേതാക്കളും പ്രവര്‍ത്തകരും അതിനു തയ്യാറാകുമെന്ന് കരുതുക വയ്യ. പക്ഷെ അത്തരമൊരു പഠനം രാഷ്ട്രീയകേരളത്തിന്റെ ഭാവിക്ക് അനിവാര്യമാണ്. അവരുടെ രാഷ്ട്രീയജീവിതത്തില്‍ നിന്ന് ശരികളെ ഉള്‍ക്കൊള്ളാനും തെറ്റുകള്‍ തിരുത്താനും തയ്യാറാകണം. അവരുടെ ജീവിതത്തിലെ വിജയങ്ങളോടൊപ്പം പരാജയങ്ങളും പരിശോധിക്കണം. അതിന് ഈ ദിശയിലൊരു വിശകലനം ആവശ്യമാണ്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ പിന്നോക്ക സമുദായത്തിലല്‍ ജനിച്ച ഒരു പെണ്‍കുട്ടി മഹാരാജാസ് കോളേജില്‍ നിന്നും ബി.എ. ബിരുദവും ലോ കോളേജില്‍ നിന്നു് നിയമബിരുദവും കരസ്ഥമാക്കുക എന്നത് നിസ്സാരകാര്യമല്ല. അവിടെ നിന്നാരംഭിക്കുന്നു ഗൗരിയമ്മയുടെ പോരാട്ടങ്ങളും വിജയങ്ങളും. അതിനേക്കാള്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഔദ്യോഗികജീവിതത്തിനു പോകാതെ മുഴുവന്‍ സമയ രാഷ്ട്രീയത്തിലിറങ്ങാനുള്ള തീരുമാനം. തീര്‍ച്ചയായും വീട്ടുകാരുടെ സമ്മതം അതിനുണ്ടായിരുന്നു എന്നത് ശരി. ജ്യേഷ്ഠസഹോദരന്‍ സുകുമാരന്‍ കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു. അപ്പോഴും അത്തരമൊരു തീരമാനം അന്നെടുക്കാന്‍ ചെറിയ ചങ്കൂറ്റമൊന്നും പോര. ഇന്നുപോലും എത്രപേര്‍ അതിനു തയ്യാറാകുന്നുണ്ട് എന്നു പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. അഥവാ ഇന്നാരെങ്കിലും തയ്യാറാകുന്നുണ്ടെങ്കില്‍ കൃത്യമായ ലക്ഷ്യങ്ങളും പദ്ധതികളും തയ്യാറാക്കിയായിട്ടായിരിക്കും. 1953-ലും 1954-ലും നടന്ന തിരുവിതാംകൂര്‍, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഗണ്യമായ ഭൂരിപക്ഷത്തോടെ വിജയിച്ചതോടെ ഗൗരിയമ്മയുടെ പാര്‍ലിമെന്ററി ജീവിതവും ആരംഭിച്ചു. 1957-ലെ പ്രഥമകേരളനിയമസഭയില്‍ അംഗമായതുമുതലുള്ള അവരുടെ ജീവിതം രാഷ്ട്രീയതല്‍പ്പരരായ എല്ലാവര്‍ക്കും അറിയാമെന്നതിനാല്‍ അതിലേക്കു കടക്കുന്നില്ല. ആ രാഷ്ട്രീയ ജീവിതത്തിലെ പ്രധാനപ്പെട്ട ചില മുഹൂര്‍ത്തങ്ങളെ കുറിച്ച് പറയാനാണ് ശ്രമിക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഗൗരിയമ്മയെ കുറിച്ച് പറയുമ്പോള്‍ സ്വാഭാവികമായും എല്ലാവരും ആദ്യം പറയുക ഭൂപരിഷ്‌കരണ നിയമത്തിനു തുടക്കമിട്ടു എന്നാണ്. അതംഗീകരിക്കുമ്പോഴും തിരിഞ്ഞുനോക്കുമ്പോള്‍ കാണുന്ന ചിത്രവും പരിശോധിക്കേണ്ടതല്ലേ? അത് കാര്യമായി ആരും ചെയ്യുന്നില്ല. പ്രത്യേകിച്ച് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. അതു ചെയ്താല്‍ അവരും പ്രതിക്കൂട്ടിലാകുമെന്നതാണ് അതിനു കാരണം. നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന മുദ്രാവാക്യമുയര്‍ത്തി നടപ്പാക്കിയ ഭൂപരിഷ്‌കരണത്തിനു ശേഷം സംഭവിച്ചതെന്താണ്? പതിനായിരകണക്കിനു കോളനികളിലേക്ക് ദളിത് വിഭാഗങ്ങള്‍ ആട്ടിയോടിക്കപ്പെട്ടു. തോട്ടം മേഖലയെ ഭൂപരിഷ്‌കരണത്തില്‍ നിന്ന് ഒഴിവാക്കിയതിന്റെ ഫലമായി ഇന്നും ആയിരകണക്കിന് ഏക്കര്‍ തോട്ടം ഭൂമി വന്‍കിട കോര്‍പ്പറേറ്റുകള്‍ കയ്യടക്കിവെച്ചിരിക്കുന്നു. അതെല്ലാം അനധികൃതമാണെന്നും പിടിച്ചെടുത്ത് ഭൂഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന സര്‍ക്കാര്‍ തന്നെ നിയമിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ ചവറ്റുകൊട്ടയില്‍ കിടക്കുന്നു. പകരം ഭൂരഹിതരെ ആധുനിക കോളനികളായ കൊച്ചുഫ്‌ളാറ്റുകളിലൊതുക്കുന്നു. മറുവശത്ത് തോട്ടം തൊഴിലാളികളുടെ ജീവിതവും ദുരിതമയമായി തുടരുന്നു. ഭൂപുരിഷ്‌കരണത്തിന്റെ ഫലമായി കാര്‍ഷികരംഗം വളരുകയല്ല, തളരുകയാണുണ്ടായത്. കൃഷിഭൂമി ലഭിച്ചത് അതാവശ്യമുള്ളവര്‍ക്കായിരുന്നില്ല എന്നതിനാല്‍ തന്നെ അവയെല്ലാം നികത്തപ്പെട്ട് റിയല്‍ എസ്റ്റേറ്റ് വിഭവമായി. ഇതരസംസ്ഥാനങ്ങളില്‍നിന്നും അരിയും പച്ചക്കറികളും എത്തിയില്ലെങ്കില്‍ കേരളം പട്ടിണിയിലുമായി. ഈ യാഥാര്‍ത്ഥ്യങ്ങളോട് മുഖഥം തിരിച്ച് ഭൂപരിഷ്‌കരണനിയമത്തെ കൊട്ടിഘോഷിക്കുന്നത് രാഷ്ട്രീയമായി ശരിയാകുന്നതെങ്ങിനെയാണ്? ഇക്കാര്യത്തില്‍ ഗൗരിയമ്മക്കും പിന്നീടൊന്നും ചെയ്യാനായില്ല എന്നതും ചര്‍ച്ച ചെയ്യേണ്ടതാണ്. രണ്ടാംഭൂപരിഷ്‌കരണമെന്ന ആവശ്യത്തോട് അവരും പ്രതികരിച്ചില്ല.

ഗൗരിയമ്മയുടെ മറ്റൊരു പ്രധാന സംഭാവനയായി ചൂണ്ടികാട്ടപ്പെടുന്നത് ആദിവാസി ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട വിഷയമാണ്. ഇതുപക്ഷെ ഉന്നയിക്കുന്നത് മുഖ്യധാരാ പ്രസ്ഥാനങ്ങളല്ല. കാരണം അവരെല്ലാം അക്കാര്യത്തില്‍ സ്വീകരിച്ച നിലപാട് ആദിവാസിവിരുദ്ധമായിരുന്നു. സംസ്ഥാനത്ത നവസാമൂഹ്യപ്രസ്ഥാനങ്ങളും പ്രവര്‍ത്തകരുമാണ് ഇക്കാര്യത്തില്‍ ഗൗരിയമ്മയുടെ നിലപാടിനെ പ്രകീര്‍ത്തിക്കുന്നത്. ആദിവാസികളുടെ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയവര്‍ക്ക് നിയമസാധുത നല്‍കുന്ന ബില്ലിനെതിരെ നിയമസഭയില്‍ ുഉയര്‍ന്ന കൈകള്‍ ഗൗരിയമ്മയുടേതുമാത്രമായിരുന്നു. ജെ എസ് എസ് പ്രവര്‍ത്തനങ്ങളീലൂടെ ഇത്തരം പ്രസ്ഥാനങ്ങളുമായി സഹകരിച്ചതും അത്തരമൊരു നിലപാടിനു പ്രേരകമായി. സി കെ ജാനുവിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്ന കുടില്‍കെട്ടിസമരം ഒത്തുതീര്‍പ്പാക്കിയതില്‍ മുഖ്യപങ്കുവഹിച്ചത് ഗൗരിയമ്മയായിരുന്നു. പിന്നീട് മുത്തങ്ങയൊക്കെ സംഭവിച്ചെങ്കിലും അന്നത്തെ കരാറനുസരിച്ച് നിരവധി ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി ലഭിച്ചു. അതവരുടെ ജീവിതത്തിലെ വിജയം തന്നെയാണ്. എന്നാല്‍ ഭൂപരിഷ്‌കരണം പോലെ ഇക്കാര്യത്തിലും തുടര്‍ച്ചയുണ്ടായില്ല. ഭൂപ്രശ്‌നം ഇപ്പോഴും പരിഹൃതമായിട്ടില്ല. ഭരണഘടനാപരമായ ആദിവാസി സ്വയംഭരണമോ വനാവകാശമോ ഇപ്പോഴും കേരളത്തില്‍ കൃത്യമായി നടപ്പാക്കുന്നില്ല. ഈ വിഷയത്തിലും പിന്നീട് ശ്രദ്ധിക്കാതിരുന്നത് ഗൗരിയമ്മയുടെ രാഷ്ട്രീയപരാജയം കൂടിയായി കാണേണ്ടതുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആദ്യകാലസംഭവിവകാസങ്ങള്‍ക്കുശേഷം ഗൗരിയമ്മയുടെ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തം ജെ എസ് എസ് രൂപീകരണമായിരുന്നു. അതിലേക്കുനയിച്ച യഥാര്‍ത്ഥ കാരണങ്ങള്‍ ഏതൊരു രാഷ്ട്രീയവിദ്യാര്‍ത്ഥിക്കും ഇന്നറിയാം. മുഴുവന്‍ കേരളീയരുടേയും പ്രതീക്ഷകളെ തകിടം മറച്ച് ഒരു വനിതാ മുഖ്യമന്ത്രി എന്ന രാഷ്ട്രീയസ്വപ്നത്തെ സിപിഎമ്മിലെ സവര്‍ണ്ണ – പുരുഷ ശക്തികള്‍ അട്ടിമറിക്കുകയായിരുന്നു. അതോടെയാരംഭിച്ച പ്രശ്‌നങ്ങളാണ് പിന്നീട് അവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുന്നതിലേക്ക് എത്തിച്ചത്, എം വി ആര്‍ ഒഴികെ സിപിഎമ്മില്‍ നിന്നു പോയവരാരും രാഷ്ട്രീയമായി നിലനിന്നിട്ടില്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് അവര്‍ ജനാധിപത്യ സംരക്ഷണ സമിതി എന്ന രാഷ്ട്രീയപ്രസ്ഥാനം രൂപീകരിച്ചത്. മുന്‍നക്‌സലൈറ്റ് നേതാക്കളായ കെ വേണുവിന്റേയും അജിതയുടേയും മറ്റും സാന്നിധ്യം അതിന് ജനാധിപത്യപരവും പിന്നോക്ക – ദളിത് – സ്ത്രീ പക്ഷപരവുമായ ഒരു മുഖവും നല്‍കി. വര്‍ഗ്ഗസമരവും സാമൂഹ്യനീതിയും എന്ന പ്രസക്തമായ മുദ്രാവാക്യമായിരുന്നു പാര്‍ട്ടി മുന്നോട്ടുവെച്ചത.് മണ്ഡല്‍ കമമ്ീഷന്‍ റിപ്പോര്‍ട്ടിന്റെ സ്വാധീനവും അതിലുണ്ടായിരുന്നു. രാഷ്ട്രീയത്തില്‍ ബദലന്വേഷിച്ചിരുന്നവരുടേയും ജനാധിപത്യവിശ്വാസികളുടേയും പ്രതീക്ഷയായി ജെ എസ് എസ് മുന്നോട്ടുപോയെങ്കിലും അത് അധികകാലം നിലനിന്നില്ല. രൂപീകരണ സമയത്തുയര്‍ത്തിയ രാഷ്ട്രീയനിലപാടുകളെല്ലാം കൈയൊഴിഞ്ഞ് എം വി ആറിനെപോലെ തന്നെ അവര്‍ യുഡിഎഫിലേക്കുപോയി. വര്‍ഷങ്ങള്‍ക്കുശേഷം എല്‍ഡിഎഫിലേക്കും. അതിനിടയില്‍ പാര്‍ട്ടി നാമാവശേഷമായി. കമ്യൂണിസ്റ്റ് എന്ന പേരുപേക്ഷിച്ച് ജെ എസ് എസ് രൂപീകരിച്ച അവര്‍ മരിച്ചാല്‍ ചെങ്കൊടി പുതപ്പിക്കണമെന്ന ആഗ്രഹം തുറന്നു തന്നെ പ്രഖ്യാപിച്ചു. അത് സഫലമായി. പക്ഷെ സാമൂഹ്യനീതിക്കായി എടുത്ത നിലപാടുകളും പോരാട്ടങ്ങളും അതിനിടെ വലിച്ചെറിഞ്ഞു കഴിഞ്ഞിരുന്നു. സംഘര്‍ഷകാസലത്ത് അവര്‍ വിളിച്ചുപറഞ്ഞ പാര്‍ട്ടിയിലെ സവര്‍ണ്ണ – പുരഷാധിപത്യ നിലപാടുകളോടും സന്ധിചെയ്തു.

ചരിത്രപ്രധാനമായ വനിതാകമ്മീഷന്‍ രൂപീകരണബില്‍ നിയമസഭയില്‍ അവതരകിപ്പിച്ചത് ഗൗരിയമ്മയായിരുന്നു. എന്നാല്‍ രാഷ്ട്രീയത്തില്‍ തന്നെപോലെ ശക്തയായ പിന്‍ഗാമി ഉണ്ടായില്ല എന്നത് മറ്റു പല കാരണങ്ങളോടൊപ്പം ഗൗരിയമ്മയുടെ കൂടി പരാജയമാണ്. മുഖ്യമന്ത്രി സ്ഥാനത്തിനടുത്ത് ഗൗരിയമ്മ എത്തിയെന്നത് ശരിയാണ്. എന്നാല്‍ അതുപോലെ ശക്തമായ സാന്നിധ്യം പോയിട്ട് നിയമസഭയില്‍ 10 ശതമാനം പോലും വനിതാ അംഗങ്ങളില്ലാത്ത അവസ്ഥയിലാണ് ഇന്നു കേരളം. നമ്മേക്കാള്‍ പുറകിലെന്ന് ആക്ഷേപിക്കപ്പെടുന്ന മിക്ക സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ നമ്മേക്കാള്‍ മുന്നിലുമാണ്. ഗൗരിയമ്മയെ കുറിച്ചു പറയുമ്പോള്‍ ഇക്കാര്യവും പറയാതിരിക്കാനാവില്ല.

ഗൗരിയമ്മയുടെ ജീവിതത്തിലെ വ്യക്തിപരമായ രണ്ടുവിഷയങ്ങള്‍ കൂടി സൂചിപ്പിക്കട്ടെ. ഒന്ന് ഏറെ ചര്‍ച്ചചെയ്യപ്പെട്ട അവരുടെ വിവാഹവും തുടര്‍സംഭവങ്ങളുമാണ്. പാര്‍ട്ടി പിളര്‍ന്നതിനെ തുടര്‍ന്ന് വിവാഹജീവിതവും പിരിഞ്ഞത് ശരിയായിരുന്നോ എന്നത് ഓരോരുത്തരുടേയും നിലപാടനുസരിച്ച് മാറിവരാം. എന്നാല്‍ പിന്നീട് അക്കാര്യത്തില്‍ ്അവരേറെ വേദനിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. മനുഷ്യരുടെ വൈയക്തികമായ വിഷയങ്ങളെപോലും നിയന്ത്രിക്കുന്ന പാര്‍ട്ടി ചട്ടക്കൂടുകള്‍ തകരേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്. മറ്റൊന്നു അവരുടെ ചിതാഭസ്മം വര്‍ക്കല പാപനാശത്തില്‍ നിമഞ്ജനം ചെയ്യാനുള്ള കുടംബാഗങ്ങളുടെ തീരുമാനമാണ്. ഇക്കാര്യത്തില്‍ ഗൗരിയമ്മയുടെ താല്‍പ്പര്യം എന്തായിരുന്നു എന്ന് അറിയില്ല. അവരങ്ങനെ ആഗ്രഹിച്ചെങ്കില്‍ അതുതന്നെ നടക്കണം. വാര്‍ദ്ധക്യമായതോടെ അവര്‍ ഭക്തിമാര്‍ഗ്ഗത്തിലെത്തി എന്ന വാര്‍ത്തയുണ്ടായിരുന്നു. എന്തായാലും ഈ സംഭവത്തെ ഒരു തിരിച്ചുപോക്കായേ കരുതാനാകൂ. കൗമാരത്തില്‍ തന്നെ ഉശിരോടെ, രാഷ്ട്രീയ ആര്‍ജ്ജവത്തോടെ മുന്നോട്ടുുവന്ന ഗൗരിയമ്മ, ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ആരംഭിച്ച പുറകോട്ടുനടത്തിന്റെ അവസാനഭാഗമാണ് ഈ നിമഞ്ജനം. അതാകട്ടെ ഗൗരിയമ്മയുടെ മാത്രമല്ല, കേരളത്തിന്റെ തന്നെ പിന്നോട്ടുനടത്തമാണെന്നും പറയേണ്ടിവരും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply