
”നോ കിങ്‌സ്” സമരവും ”മനുഷ്യ സംഗമവും”
ഇക്കഴിഞ്ഞ 2026 മാര്‍ച്ച് 28നു യൂ.എസ്.എ യിലെ 2100 നഗരങ്ങളിലെ 3300 ഇടങ്ങളിലായി ദശലക്ഷക്കണക്കിന് ജനങ്ങള്‍ ഇറാനെതിരെ അമേരിക്കയും ഇസ്രയേലുമായി ചേര്‍ന്ന് നടത്തുന്ന യുദ്ധത്തിന് എതിരെ സമാധാനപരമായി പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. ഇതിന് മുന്‍പ് 2025 ജൂണ്‍ 14 നും ഒക്ടോബര് 18 നും ദേശീയ തലത്തില്‍ ഭീമമായ പ്രതിഷേധ റാലികള്‍ രാജ്യത്ത് നടത്തപ്പെട്ടിരുന്നു. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കും സ്വേച്ഛാധിപത്യപരമായ അധികാര കേന്ദ്രീകരണത്തിനും എതിരെയാണ് മുന്നേറ്റം അന്ന് നടപ്പാക്കപ്പെട്ടത്. രാജ്യത്തെ അധികാര കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ട് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയ പുതിയ പ്രസ്ഥാനത്തിന്റെ പേരാണ് ”നോ കിങ്‌സ്”.
അമേരിക്കയില്‍ അടിത്തട്ടില്‍ നിന്ന് ശക്തമായിക്കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമാണ് ഇത്. രണ്ടാമത് വന്ന ട്രംപ് ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കേന്ദ്രീകൃതമായി നടന്നു വരുന്ന കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കും സ്വേച്ഛാധിപത്യപരമായ അധികാര കേന്ദ്രീകരണത്തിനും എതിരായാണ് ഈ മുന്നേറ്റം പ്രവര്‍ത്തിക്കുന്നത്. രാജവാഴ്ച അനുവദിക്കില്ല എന്ന അര്‍ത്ഥത്തില്‍ ‘നോ കിംഗ്‌സ്’ എന്നാണ് ഈ പ്രസ്ഥാനത്തിന്റെ പേര്. വിമര്‍ശനങ്ങളും നിയന്ത്രണങ്ങളും പുനഃപരിശോധനകളും സന്തുലിത നയങ്ങളുമുള്ള അമേരിക്കയുടെ ജനാധിപത്യ മൂല്യങ്ങളില്‍ അധിഷ്ഠിതമായ രാജ്യമാണ് അമേരിക്കയെന്നും അല്ലാതെ ഏതെങ്കിലും രാജകുടുംബമല്ല അമേരിക്ക ഭരിക്കുന്നതെന്നും അവര്‍ വാദിക്കുന്നു.വലിയ രീതിയിലുള്ള അടിച്ചമര്‍ത്തലാണ് മുന്നേറ്റം രാജ്യത്താകമാനം നേരിട്ടുകൊണ്ടിരിക്കുന്നത്.
ചരിത്രം
2024ല്‍ ജൂലൈ 1 നു അമേരിക്കന്‍ ഭരണകൂടവും ട്രംപും തമ്മില്‍ നടന്ന കേസില്‍ ഒരു ഉത്തരവിനെത്തുടര്‍ന്നാണ് നോ കിങ്‌സ് പ്രസ്ഥാനത്തിലേക്ക് നയിച്ച പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഭരണഘടനപരമായ അധികാരങ്ങള്‍ക്കുള്ളിലും സാധ്യതകള്‍ക്കുള്ളിലും നിലനില്‍ക്കുന്ന ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് ക്രിമിനല്‍ കേസുകളില്‍ നിന്നുമുള്ള പരിപൂര്‍ണമായ പരിരക്ഷ ഉണ്ടാകും എന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മറ്റു ഔദ്യോഗികമായ പ്രവര്‍ത്തനങ്ങള്‍ക്ക് തെളിവുകളുടെ അടിസ്ഥാനത്തിലും പരിരക്ഷ ഉണ്ടാകുമെന്നും ഉത്തരവില്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് റോബെര്‍ട്ടിന്റെ നേതൃത്വത്തില്‍ ഒമ്പതില്‍ ആറുപേരുടെ ഭൂരിപക്ഷത്തിലാണ് കേസില്‍ ഈ ഉത്തരവുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തില്‍ ട്രംപിനെതിരെയുള്ള കേസുകളില്‍ ഏതാണ് ഔദ്യോഗികമെന്നും അനൗദ്യോഗികമെന്നും കണ്ടെത്താന്‍ ജില്ലാ കോടതിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ദേശീയ സുരക്ഷയെ ബാധിക്കുന്ന തെളിവുകള്‍ ഇതിന് വേണ്ടി ഉപയോഗിക്കുവാന്‍ പാടില്ലെന്ന് കോടതി നിഷ്‌കര്‍ഷിക്കുകയും ചെയ്തു.
ഇത് രാജ്യത്തെ നിയമ വാഴ്ചയെ ദുര്‍ബലപ്പെടുത്തുന്നതാണ് പ്രതിപക്ഷ കക്ഷികള്‍ പറയുകയും ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധം രൂപപ്പെടുത്തുന്നതിന് കാരണമാകുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം മൈക്ക് ജോണ്‍സണിനെ പോലെയും ജിം ജോര്‍ദാനെപോലെയുമുള്ള റിപ്പബ്ലിക്കന്‍ നേതാക്കന്മാര്‍ ഇത് പ്രസിണ്ടന്റ ഭരണത്തിന്റെ വിജയമാണെന്നും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള നിയമ നടപടികള്‍ക്കെതിരെയുള്ള നിയന്ത്രണമാണെന്നും വാദിച്ചിരുന്നു. സെനറ്റില്‍ ഭൂരിപക്ഷത്തിന്റെ നേതാവായ ഷുക്ക് ഷൂമെര്‍ ഒരു പ്രസിഡന്റും രാജ്യത്തെ നിയമങ്ങള്‍ക്ക് മുകളില്‍ ആകരുതെന്നും ഇത് ”അമെരിക്കന്‍ ജനാധിപത്യത്തിന്റെ ദുഃഖകരമായ ദിനമാണെന്നും” വ്യക്തമാക്കി. രാജ്യത്തിന്റെ ഭരണഘടന തയ്യാറാക്കിയവര്‍ അമേരിക്ക ഒരു തരത്തിലും നിയന്ത്രണങ്ങള്‍ ഇല്ലാത്ത ഒരു രാജവാഴ്ചക്ക് കീഴില്‍ ഭരിക്കപ്പെടാന്‍ അല്ല ആഗ്രഹിച്ചത് എന്ന് ഹൗസ് ഡെമോക്രറ്റിക് ലീഡര്‍ ഹകീം ജെഫ്‌റീസ് പറഞ്ഞു. ഈ മാറ്റം ഭാവി പ്രസിഡന്റുമാര്‍ക്കും ക്രിമിനല്‍ നടപടിക്രമങ്ങളെ വളച്ചൊടിക്കുവാനുള്ള സാധ്യത രൂപപ്പെടുത്തും എന്നും അതുകൊണ്ട് നിയമ ഭേദഗതിയോ ഭരണഘടന ഭേദഗതിയോ ചെയ്യണമെന്ന് മാധ്യമങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. ബൈഡന്‍ പരസ്യമായി തന്നെ ഭേദഗതികള്‍ ആവശ്യപ്പെടുകയും ആരും നിയമത്തിന് അതീതരല്ല എന്ന് പ്രസ്താവിക്കുകയും ചെയ്തു. ഇ വിധി ഫെഡറല്‍ തിരഞ്ഞെടുപ്പ് അട്ടിമറി കേസില്‍ നിന്നടക്കം ട്രംപിന് സുരക്ഷാ നല്‍കുന്നതാണ് എന്ന് പ്രതിഷേധം ഉയര്‍ത്തിയവര്‍ വ്യക്തമാക്കിയിരുന്നു.
സമര സ്വഭാവം
ഇക്കഴിഞ്ഞ ദിവസം നടന്ന നോ കിങ്‌സ് ഡേ എന്ന സമര ദിവസം രാജ്യത്ത് നടത്തപ്പെട്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റങ്ങളില്‍ ഒന്നാണ് എന്ന് കണക്കാക്കപ്പെടുന്നു. അനേകം സംഘടനകള്‍ ചേര്‍ന്ന ഐക്യമുന്നണിയാണ് ഈ മുന്നേറ്റം നയിക്കുന്നത്. രാജ്യത്തെ പല ഭാഗങ്ങളിലും മുന്നേറ്റം നടന്നെങ്കിലും വാഷിംഗ്ടണിലെ ലിങ്കണ്‍ മെമ്മോറിയലിനു മുന്നില്‍ ആയിരുന്നു മുന്നേറ്റത്തിന്റെ ഏറ്റവും പ്രധാന കേന്ദ്രം. സോഷ്യല്‍ മീഡിയകളിലെയും അല്ലാതെയുമുള്ള ചെറു മുന്നേറ്റങ്ങളും യുദ്ധവിരുദ്ധ ഹാന്‍ഡിലുകളും സമരണത്തിന്റെ ദൃശ്യത നിലനിര്‍ത്തിയിരുന്നു. ട്രംപിന്റെ ഏകാധിപത്യ നയങ്ങള്‍ക്കെതിരെയാണ് സമരം രൂപപ്പെട്ടതെങ്കിലും പിന്നീട് അത് കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കും യുദ്ധ വിരുദ്ധവും അഹിസ്മയും അടക്കമുള്ള ബൃഹത്തായ ആശയങ്ങളിലേക്കും വളര്‍ന്നു പടരുന്നത് വ്യക്തമായിരുന്നു.
നോ കിങ്‌സ് എന്ന മുദ്രാവാക്യം അമേരിക്കയില്‍ ശക്തമായിരുന്ന ഒറിജിനലിസ്‌റ് വാദത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഉയര്‍ന്നുവന്നത്. രാജ്യം സ്ഥാപിക്കപ്പെട്ടത് തന്നെ ഒരിക്കലും രാജവാഴ്ചയിലേക്ക് മടങ്ങാന്‍ അനുവദിക്കില്ല എന്ന ആധുനികവും സ്വേച്ഛാധിപത്യത്തിന് വിരുദ്ധവുമായ സങ്കല്‍പ്പങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയാണ് എന്നതായിരുന്നു ഈ ഒറിജിനലിസ്‌റ് വാദത്തിന്റെ അടിസ്ഥാനം. രാജ്യം ഭരണഘടനയുടെ നിയന്ത്രണത്തില്‍ ആണെന്നും പ്രസിഡന്റ് പോലും നിയമത്തിന്റെ നിയന്ത്രങ്ങള്‍ക്ക് വിധേയമാണ് എന്നും ഉദ്യോഗസ്ഥര്‍ ഭരണഘടനയുടെ ഈ നിയന്ത്രണത്തിന് കീഴില്‍ പ്രവര്‍ത്തിക്കണമെന്നും സമരക്കാര്‍ വാദിച്ചു. ആ അര്‍ത്ഥത്തില്‍ സമരം നിയമ വാഴ്ചയെയും ഭരണഘടന നിയന്ത്രണങ്ങളെയും വകവെക്കാത്ത നിലവിലെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്ക്ക് എതിരെ കൂടി ആയിരുന്നു. സാമൂഹിക നീതിക്കെതിരെ വിപണി കേന്ദ്രീകൃതമായ നയങ്ങള്‍ ശക്തമാകുന്നതിനു എതിരെയും സമരം ശക്തമായി സംസാരിച്ചു. പോസ്റ്ററുകളും, കോമിക് വേഷവിധാനങ്ങളും വര്‍ണ ശബളമായ ടാബ്ലോയിഡുകളും സമരങ്ങളും ദൃശ്യമായിരുന്നു. രാജ്യത്തെ ചില കറുത്ത വര്‍ഗക്കാരുടെ മുന്നേറ്റങ്ങളും ആദിവാസി വിഭാഗങ്ങളും, ലൈംഗിക ന്യൂനപക്ഷങ്ങളും, ഫെമിനിസ്റ്റു മുന്നേറ്റങ്ങളും, ലാറ്റിന്‍ വംശീയ അവകാശ പ്രവര്‍ത്തകരും മുന്നേറ്റത്തിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്നു.
ഗോത്ര വിഭാഗങ്ങളുടെയും കറുത്ത വര്‍ഗ്ഗക്കാരുടെയും സാന്നിധ്യം
വെള്ളക്കാരുടെ ശക്തമായ സാന്നിധ്യം സമരങ്ങളില്‍ ഉടനീളം ഉണ്ടായെങ്കിലും ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുടെയും ലാറ്റിന്‍ അമേരിക്കന്‍ വംശജരുടെയും ആദിവാസി വിഭാഗങ്ങളുടെയും സാന്നിധ്യം സമരത്തില്‍ പല തോതിലാണ് സമരത്തില്‍ രൂപപ്പെട്ടത് എന്ന് നിരീക്ഷിക്കപെടുന്നു. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ ഗ്രാസ്‌റൂട്, നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് കളേര്‍ഡ് പീപ്പിള്‍ എന്നീ സംഘടനകളും ഈ മുന്നേറ്റത്തിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്നു. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ അതിക്രമങ്ങള്‍ക്കും സാമൂഹ്യ സുരക്ഷാ ക്ഷേമ പദ്ധതികള്‍ വെട്ടികുറച്ചതും അടക്കമുള്ള സാമൂഹിക നീതിയുടെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് സമുദായം ശക്തമായി ഇതിനെതിരെ പ്രതികരിച്ചത്. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ നേതാവ് ഡോ മെലീനാ അബ്ദുള്ള സമരം സിവില്‍ അവകാശ സമരങ്ങളുടെ തുടര്‍ച്ചയാണെന്ന് പ്രസ്താവന നടത്തി. അറ്റ്‌ലാന്റയിലും, വാഷിംഗ്ടണ്‍ ഡി സി യിലും, ചിക്കാഗോയിലും ന്യൂ ഓര്‍ലീന്‍സിലും അടക്കം സമുദായത്തിന്റെ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നു. നോ കിങ്‌സ് പ്രസ്ഥാനത്തിലെ സഖ്യകക്ഷി ആയ സ്റ്റേറ്റ് വോയ്‌സിസ് എന്ന സംഘടയുടെ നേതാവ് അലക്‌സിസ് ആന്‍ഡേഴ്‌സണ്‍ റീഡ് ആഫ്രിക്കന്‍ അമേരിക്കന്‍ സമുദായം മറ്റുള്ളവരെക്കാള്‍ ഭരണകൂട അടിച്ചമര്‍ത്തല്‍ നോ കിങ്‌സ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചതുകൊണ്ട് നേരിട്ടിട്ടുണ്ട് എന്ന് പ്രസ്താവിച്ചു.
സമാനമായി ആദിവാസി വിഭാഗങ്ങളുടെ സംഘടനയായ എന്‍.ഡി.എന്‍ കളക്റ്റീവിന്റെ പ്രസിഡന്റ് നിക്ക് ടില്‍സെന്‍ നോ കിങ്‌സ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്നു. മറ്റൊരു ആദിവാസി വിഭാഗത്തിന്റ്റെ മറ്റൊരു സംഘടന ആയ ഗബ്രിയേലിനോ നേഷനും മുന്നേറ്റത്തില്‍ ഉണ്ടായിരുന്നു. ആദിവാസി ഭൂമി കയ്യേറ്റവും കൊളോണിയല്‍ ഭരണകൂടത്തിന്റെ ആദിവാസി വിരുദ്ധ നയങ്ങളും നോ കിംഗ് പ്രസ്ഥാനത്തിന്റെ ഭാഗമായി ഉയര്‍ത്തികൊണ്ട് വന്നത് ഈ സംഘടനാ കൂടി ചേര്‍ന്നുകൊണ്ടാണ്. സമുദായം നേരിടുന്ന ഭരണകൂട അടിച്ചമര്‍ത്തലും വിഭവചൂഷണവും പാരമ്പര്യ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നു കയറ്റവും മുന്നേറ്റത്തില്‍ പ്രധാന വിഷയമായി ഉയര്‍ത്തിക്കാട്ടിരുന്നു. സമര പരിപാടിയുടെ ഭാഗമായി തദ്ദേശീയമായ വാദ്യമേളങ്ങള്‍ ഉപയോഗിക്കപ്പെടും ഭൂവനുഗ്രഹം എന്ന ആചാരം നടത്തപെടുകയും ചെയ്തു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
എന്നിരുന്നാലും ചില മേഖലകളിലെ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരും ആദിവാസി വിഭാഗങ്ങളും പൂര്‍ണമായും ഈ മുന്നേറ്റത്തോട് ഐക്യപ്പെടുന്നില്ല എന്ന വസ്തുതനിരാകരിക്കാവുന്നതല്ല. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ മുന്നേറ്റത്തിനെ മോശമായി ചിത്രീകരിച്ച മാധ്യമങ്ങളേയും എന്നാല്‍ അതിനെ അപേക്ഷിച്ചു നോ കിങ്‌സ് മുന്നറ്റത്തിന് മാധ്യമംങ്ങളില്‍ നിന്ന് ലഭിച്ച മെച്ചപ്പെട്ട ചിത്രീകരണവും സമുദായത്തിലെ ചിലര്‍ വിമര്‍ശിച്ചിരുന്നു. ബ്ലാക്ക് അജണ്ട റിപ്പോര്‍ട്ട് എന്ന പ്രസിദ്ധീകരണം ഒരു പടി കൂടി കടന്നു നോ കിങ്‌സ് മുന്നേറ്റത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. മുന്നേറ്റം ഡെമോക്രറ്റേറ്റിക് പാര്‍ട്ടിക്ക് പാദസേവ ചെയുന്ന തീര്‍ത്തും ഉപരിപ്ലവമായ ലിബറല്‍ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും അവര്‍ വിമര്‍ശിച്ചു. കൃത്യമായ നേതാക്കളുടെ അഭാവവും, കൃത്യമായ ആവശ്യങ്ങള്‍ ഇല്ലാത്തതും പലസ്തീന്‍ വിഷയത്തിലും ആഫ്രിക്കയിലെ യു എസ് കൊളോണിയല്‍ കയ്യേറ്റത്തിലുള്ള മൗനവും അത് താരതമ്യേന മെച്ചപ്പെട്ട ലിബറല്‍ കൂട്ടങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതാണെന്ന് അവര്‍ സൂചിപ്പിച്ചു. അത്തരത്തില്‍ സമുദായം മുന്നേറ്റത്തില്‍ ഒരു നിര്‍ണായക ശക്തയാണെങ്കിലും തന്നെയും അതിനെ സംശയദൃഷ്ടിയോടെ കാണുന്ന പ്രവണത പൊതുവില്‍ സമുദായത്തിനകത്ത് നിലനില്കുനുണ്ട്.
സമാനമായി അമേരിക്കയിലെ ഹവായില്‍ നടന്ന നോ കിങ്‌സ് മുന്നേറ്റത്തില്‍ ”നോ കിങ്‌സ്” എന്നതിന് പകരം ”നോ ഡിക്ടേറ്റര്‍” എന്നാണ് ഉപയോഗിച്ചത് എന്നത് ശ്രദ്ധയാകര്‍ഷിച്ചു. അത് ഗോത്ര സമൂഹത്തിലെ പാരമ്പര്യമായ രാജ്യ സങ്കല്‍പം ഉള്ളതുകൊണ്ടായിരുന്നു എന്ന നിരീക്ഷിക്കപെടുന്നു. നോ കിങ്‌സ് അഥവാ ”രാജാക്കന്മാരെ അനുവദിക്കില്ല” എന്ന പ്രയോഗം സമുദായത്തിന്റെ ഗോത്രീയ പാരമ്പര്യ പരമാധികാരങ്ങളുമായി ചേരുകയില്ല എന്നുള്ളതുകൊണ്ടാണ് അങ്ങനെ ഒരു മാറ്റം സമരസമിതി കൊണ്ടുവന്നത്.
മനുഷ്യ സംഗമവുമായുള്ള സാമ്യം
നോ കിങ്‌സ് മുന്നേറ്റത്തിന് സമാനമായ കേരളത്തില്‍ ഉയര്‍ന്നുവന്ന മുന്നറ്റമായിരുന്നു മനുഷ്യസംഗമവും. രാജ്യത്ത് സംഘപരിവാര്‍ ശക്തികള്‍ തിരഞ്ഞെടുപ്പുകളില്‍ വലിയ വിജയം നേടി ഭരണം നേടിയതിന് ശേഷം രാജ്യം വേഗത്തില്‍ ഹിന്ദുത്വവത്കരിക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു കേരളത്തില്‍ മനുഷ്യസംഗമം എന്ന പ്രതിഷേധ സമരം ഉയര്‍ന്നുവന്നത്. മുസ്ലിം സ്വത്വ രാഷ്ട്രീയ മുന്നേറ്റങ്ങളെ ഒഴിവാക്കി നിര്‍ത്തിക്കൊണ്ട് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളും അനേകം ചെറുസംഘടനകളും ചേര്‍ന്ന് നടത്തിയ ഒരു മുന്നേറ്റം ആയിരുന്നു മനുഷ്യ സംഗമം. യുഗങ്ങളായി രാജ്യത്താകമാനം കീഴാള വിഭാഗങ്ങള്‍ക്കെതിരെ നടന്നുവന്നിരുന്ന അതിക്രമങ്ങള്‍ മോഡി ഭരണത്തില്‍ വന്നതിന് ശേഷം കുത്തനെ ഉയര്‍ന്നു. ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ ക്രൂരമായി ഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തിയത് രാജ്യത്തെ കീഴാളരുടെ കൂട്ടായ ഓര്‍മകളെ ഉണര്‍ത്തുകയും ചെയ്തു. ദിനംപ്രതി എന്നോണം രാജ്യത്ത് ദളിത് ആദിവാസി മുസ്ലിം വിഭാഗങ്ങള്‍ ആക്രമിക്കപ്പെട്ടു. അതോടൊപ്പം സ്വതന്ത്ര ചിന്തകരും സാംസ്‌കാരിക വിമര്ശകരായ നരേന്ദ്ര ധാബോല്‍ക്കറെയും ഗോവിന്ദ് പന്‌സാരെയും 2013 ലും 2015 ലും കൊലപ്പെടുത്തിയതും കേരളത്തില്‍ ആദ്യത്തെ മനുഷ്യസംഗമം നടത്തപ്പെടുന്നതില്‍ കലാശിച്ചു. 2015 ഡിസംബറില്‍ കൊച്ചിയിലാണ് അത് സംഭവിച്ചത്.
തുടര്‍ന് 2016 ജനുവരിയില്‍ ഹൈദരാബാദ് സര്‍വകലാശാലയുടെ ഹിന്ദുത്വവല്‍ക്കരണ നയങ്ങളെ തുടര്‍ന്നുള്ള വിവേചനത്തിലും സാമൂഹ്യ പുറന്തള്ളലിനെത്തുടര്‍ന്ന് ദളിത് സ്‌കോളര്‍ രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവം രാജ്യത്ത് വലിയ രീതിയില്‍ ദളിത് ഉണര്‍വിനും കാരണമായി. പിന്നീട് അത് കേന്ദ്ര സര്‍വ്വകലാശാലകള്‍ കേന്ദ്രീകരിച്ചു വലിയ സമരപരമ്പരകള്‍ക്കും പൊട്ടിപ്പുറപ്പെടുവാന്‍ കാരണമായി. ഇതിന്റെ പ്രതിഫലനമെന്നോണം കേരളത്തിലും സമാനമായി ശക്തമായ ദളിത് ബൗദ്ധിക വ്യവഹാരങ്ങള്‍ മുമ്പത്തേതിനേക്കാള്‍ ശക്തമാകുകയും യുവാക്കള്‍ വലിയ രീതിയില്‍ അത്തരം മുന്നേറ്റങ്ങളിലേക്ക് ഒഴുകി എത്തുകയും ചെയ്തു. എന്നാല്‍ കേരളത്തില്‍ ശക്തമായ ഇടത് ലിബറല്‍ വ്യവഹാരങ്ങള്‍ ഈ മുന്നേറ്റത്തിന്റെ സാമൂഹിക ഉണര്‍വിലും ഇന്ധനത്തിലും സംഘടിക്കപെടുകയും ഒരു പുതിയ തരംഗം കേരളത്തില്‍ രൂപപ്പെടുകയും ചെയ്തു. അതിനെത്തുടര്‍ന്ന് പിന്നീട് വീണ്ടും അനേകം മനുഷ്യ സംഗമങ്ങളും സമാനമായ കാര്‍ണിവല്‍ രാഷ്ട്രീയ പരിപാടികളും കേരളത്തില്‍ അരങ്ങേറി. കേരളത്തില്‍ ഇടതുപക്ഷം 2013 കാലഘട്ടത്തില്‍ ഭൂസമരം പ്രഖ്യാപിച്ചതിന് ശേഷം പിന്‍വാങ്ങിയ സമയമായിരുന്നു അതും എന്നാല്‍ സോളാര്‍ അഴിമതിക്കെതിരെ കേരള തലസ്ഥാനത്ത് ഒരു ലക്ഷം അണികളെ സംഘടിപ്പിച്ചുകൊണ്ട് ഇടതുപക്ഷം സമാനമായ ഒരു സമര പരിപാടി കേരളത്തില്‍ നടത്തിയിരുന്നു. ജാതി വിവേചനം പോലെയോ ഭൂരാഹിത്യം പോലെയോ ജീവിതത്തെ നേരിട്ട് ബാധിക്കാത്ത പ്രശ്‌നം അല്ലാഞ്ഞിട്ടു കൂടി അണികള്‍ ഒഴുകി എത്തിയത് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സര്‍ക്കാരിന്റെ ഭരണപരമായ അപചയം കാരണമാണ്. അതുകൊണ്ട് ഇടതുപക്ഷത്തിന് അനുകൂലമായ ഒരു സാഹചര്യം കൂടി കേരളത്തില്‍ അക്കാലത്ത് നിലനിന്നിരുന്നു എന്നത് വസ്തുതയാണ്. സോളാര്‍ സമര പരീക്ഷണം കേരളത്തില്‍ ശക്തമായ ഇടതു വേരുകളെ ദൃശ്യപെടുത്തി. അത് കൂടുതല്‍ കാര്‍ണിവല്‍ സമരങ്ങളെ സ്വാഗതം ചെയ്യുന്നതായിരുന്നു.
മുന്‍പ് സൂചിപ്പിച്ച ദേശീയ സാഹചര്യത്തില്‍ അംബേദ്കറൈറ്റ് മുന്നേറ്റങ്ങള്‍ രാജ്യത്താകമാനം ഉയര്‍ത്തിക്കൊണ്ടുവന്ന സാംസ്‌കാരിക വിമര്ശനത്തെക്കുറിച്ചും, ഭൂമിയെക്കുറിച്ചും, സ്വത്തുടമസ്ഥതയെക്കുറിച്ചും, അധികാര പ്രാതിനിധ്യത്തെക്കുറിച്ചുമുള്ള വൈഞ്ജാനിക ദര്‍ശനങ്ങള്‍ കേരളത്തില്‍ പിന്നീട് വന്ന ഈ കാര്‍ണിവല്‍ സമാനമായ ആഘോഷങ്ങളില്‍ മുങ്ങിപ്പോയി. മെച്ചപ്പെടട്ടെ ജീവിതസാഹചര്യം ലഭിച്ച കേരളത്തിലെ അഭ്യസ്തരായ മധ്യവര്‍ഗത്തിന്റെ രാഷ്ട്രീയ ആഘോഷങ്ങളില്‍ മര്‍മപ്രധാനമായ ഇത്തരം,വൈജ്ഞാനിക ദര്‍ശനങ്ങള്‍ മങ്ങിപോകുകയും ചെയ്തു. എന്നാല്‍ കേരളത്തില്‍ ശക്തമായി മാറിയ ഇടത് രാഷ്ട്രീയ ധാരക്ക് പുതിയ ശക്തി നേടികൊടുക്കുന്നതായിരുന്നു ഈ മുന്നേറ്റങ്ങള്‍. മുന്‍പ് സൂചിപ്പിച്ചത് പോലെ അക്കാലത്ത് നിലനിന്ന കേരളത്തിലെ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മുന്നണിക്കെതിരെ കൂടിയുള്ള പ്രതിഷേധമായിട്ടാണ് ഇത് ഉയര്‍ന്നുവന്നത്. അക്കാലം വരെ ഇടതു വലത് എന്ന ദ്വന്തത്തില്‍ സമാന രീതിയില്‍ ശക്തമായി നിലനിന്ന കേരളത്തിലെ കോണ്‍ഗ്രസ് മധ്യവര്‍ഗ ലിബറല്‍ വ്യവഹാരങ്ങള്‍ക്കുള്ളിലെ നൈതിക പക്ഷത്ത് നിന്നും പുറത്തുപോകുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. അതിന് എതിര്‍വശത്ത് ഇടതുപക്ഷം കൂടുതല്‍ ശക്തി പ്രാപിക്കുകയും ചെയ്തു. കാര്‍ണിവല്‍ രാഷ്ട്രീയ പരിപാടികള്‍ക്ക് സമാനമായി കേരളത്തില്‍ വീണ്ടും സമരങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. കാലിക പ്രസക്തമായ നോട്ട് നിരോധനത്തിലും പൗരത്വ ഭേദഗതി നിയമത്തിലും മനുഷ്യ ചങ്ങലയിലേക്കും ഭരണഘടനാ സംരക്ഷണ റാലിയിലേക്കും ജനങ്ങള്‍ ഒഴുക്കിയെത്തി.
ഇന്ത്യയില്‍ രോഹിത് വെമുല മുന്നേറ്റത്തിന് സമാനമായി അമേരിക്കയില്‍ നടന്ന ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന മുന്നേറ്റം അമേരിക്കയില്‍ ഉത്പാദിപ്പിച്ച സാമൂഹിക അവബോധത്തിന്റെ ഇന്ധനത്തിലാണ് ഇന്ന് നോ കിങ്‌സ് മുന്നേറ്റം ഉയര്‍ന്നുവരുന്നത് എന്ന ചരിത്രപരമായ സമാനത തള്ളിക്കളയാവുന്നതല്ല. രോഹിത് വെമുല മുന്നേറ്റത്തിന്റെ കാലത്ത് ദളിത് ആദിവാസി പിന്നോക്ക സമുദായങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന സാംസ്‌കാരിക വിമര്‍ശവും, സ്വത്തുടമസ്ഥതയെ കുറിച്ചുള്ള അറിവുകളും, അധികാര പ്രാതിനിധ്യത്തെ കുറിച്ചുള്ള അറിവുകളും സാമൂഹിക നീതിയെക്കുറിച്ചുള്ള ചോദ്യങ്ങളും കേരളത്തിലെ ഇത്തരം കാര്‍ണിവലുകള്‍ക്ക് ഇന്ധനം ആയി മാറുകയും ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്നതില്‍ സഹായിച്ചുവെങ്കിലും, കേരളത്തില്‍ പിന്നീട് വന്ന ഇടത് സര്‍ക്കാരിന്റെ നയപരമായ വ്യവഹാരങ്ങളില്‍ നിന്ന് ഇവയെല്ലാം അപ്രത്യക്ഷമായിപ്പോയി എന്നതാണ് വസ്തുത. ആചാര സംരക്ഷണത്തിനായി വാദിക്കുന്ന ഇടതുപക്ഷ മന്ത്രിമാരും, ജാതി സെന്‍സസിനു പ്രതികൂലമായി സംസാരിക്കുന്ന രാഷ്ട്രീയ നേതാക്കളും, സവര്‍ണ സംവരണം നടപ്പാക്കിയ സര്‍ക്കാരും ഉദ്യോഗസ്ഥരും നേതാക്കളും, രാഷ്ട്രീയ പ്രവര്‍ത്തകരെ വെടി വെച്ച് കൊല്ലുകയും ജയിലില്‍ ആക്കുകയും ചെയുന്ന വ്യവസ്ഥയും എല്ലാം തെളിയിക്കുന്നത് ഇത് തന്നെയാണ്. എന്നാല്‍ കേരളത്തില്‍ രൂപപ്പെട്ട ലിബറല്‍ കാര്‍ണിവല്‍ ബുദ്ധിജീവി രാഷ്ട്രീയ കൂട്ടങ്ങള്‍ പിന്നീട് രൂപാന്തരം പ്രാപിച്ചത് ലിബറലുകളുടെയും സ്വാതന്ത്ര ചിന്തകരുടെയും നിരീശ്വര വാദികളുടെയും വലിയ കാര്‍ണിവല്‍ കൂട്ടങ്ങളായും ആള്‍ക്കൂട്ടങ്ങളായുമാണ്. ഈ ആള്‍ക്കൂട്ട മാതൃകയില്‍ പിന്നീട് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ വരെ ”സ്വതന്ത്ര ചിന്തകരായ വര്‍ഗീയ വാദികളുടെ” സമ്മേളനങ്ങള്‍ നടത്താന്‍ തുടങ്ങി എന്നതാണ് വസ്തുത. ഒരുപക്ഷെ കേരളത്തില്‍ മാത്രമായിരിക്കും സ്വതന്ത്ര ചിന്തകരായ ഇത്ര മാത്രം വര്‍ഗീയ വാദികള്‍ ഉണ്ടായിരിക്കുക എന്ന് ഹാസ്യ രൂപേണ സൂചിപ്പിക്കാവുന്നതുമാണ്. അത് ഒരുപക്ഷെ ഇത്തരം കാര്‍ണിവല്‍ സാമൂഹിക മുന്നേറ്റങ്ങള്‍ ഉണ്ടാക്കിയെടുത്ത സാമൂഹിക മാറ്റം തന്നെയാണ്.
ശക്തമായ ദളിത് ആദിവാസി പ്രവര്‍ത്തകര്‍ ഉണ്ടായപ്പോഴും കേരളത്തില്‍ ലിബറല്‍ രാഷ്ട്രീയ കാര്‍ണിവലുകളുടെ നേതൃത്വത്തില്‍ അദൃശ്യമായി ഉണ്ടായിരുന്ന ഇടതു ലിബറലുകളും മനുഷ്യസംഗമത്തിന് കൃത്യമായ നേതൃത്വമില്ല എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. അഹിംസ, സമാധാനം മനുഷ്യത്വം, ജനാധിപത്യം, ഭരണ ഘടന സംരക്ഷണം എന്നീ വലിയ മുദ്രാവാക്യങ്ങളാണ് നോ കിങ്‌സ് മുന്നേറ്റത്തെപോലെ കേരളത്തിലെ മനുഷ്യ സംഗമത്തിലും ഉയര്‍ന്നുവന്നത് എന്ന് മറക്കാന്‍ കഴിയാവുന്നതല്ല.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുന്‍പ് സൂചിപ്പിച്ചതുപോയിലെ കൃത്യമായ നേതൃത്വമില്ലായ്മ ജനാധിപത്യം ഫാസിസ്റ്റു വിരുദ്ധത, ഭരണ ഘടന സംരക്ഷണം, സാഹോദര്യം പോലുള്ള ബൃഹത്തായ ആവശ്യങ്ങള്‍, വര്‍ണ ശബളമായ കാഴ്ച എന്നിവ ഈ മുന്നേറ്റങ്ങളുടെ സമാനതകളാണ്. എന്നാല്‍ ഇപ്പോള്‍ ചില ആഫ്രിക്കന്‍ അമേരിക്കന്‍ മുന്നേറ്റങ്ങള്‍ ”നോ കിങ്‌സ്” മുന്നേറ്റത്തിന്റെ ഫലങ്ങളെ സംശയിക്കുന്ന മാതൃകയിലാണ് കേരളത്തില്‍ സത്യത്തില്‍ അക്കാലത്ത് സംഭവങ്ങള്‍ ഉരുത്തിരിഞ്ഞത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് എതിരായി ഡെമോക്രറ്റുകളെ ഭരണത്തിലേറ്റുവാനുള്ള ഉപരിപ്ലവമായ ഒരു മുന്നേറ്റമാണ് ഇതെന്ന് അവര്‍ ഇപ്പോള്‍ സംശയിക്കുന്നു. സത്യത്തില്‍ കേരളത്തില്‍ സമാനമായ ഫലം, ആരും സംശയിച്ചില്ലെങ്കില്‍ പോലും സംഭവിച്ചിരുന്നു. കേരളത്തില്‍ ശക്തമായ മധ്യവര്‍ഗ ലിബറല്‍ സമൂഹത്തിനെ ജീര്‍ണിച്ചു നിന്ന കേരളത്തിലെ യു ഡി എഫ് ഭരണത്തിന് ശക്തമായ എതിരാക്കി നിര്‍ത്തുകയാണ് ആ കാര്‍ണിവലുകള്‍ ചെയ്തത്. ചരിത്രപരമായി കേരളത്തിലെ വരേണ്യ സമുദായങ്ങളോടൊപ്പം നിന്ന കോണ്‍ഗ്രസ് വീണ്ടും കേരളത്തിലെ സ്വതന്ത്ര ചിന്തയുടെ ഭൂപടത്തില്‍ നിന്നും പുറത്തുപോയി. സ്വതന്ത്ര ചിന്ത എന്നത് ഇടതുപക്ഷത്തിന്റെ കുത്തകയായി കാര്‍ണിവലുകളിലൂടെ മധ്യവര്‍ഗ സമൂഹങ്ങളില്‍ പൊതുബോധം ഉറച്ചുപോയി. ഒരുപക്ഷെ ഒരു പതിറ്റാണ്ട് മുന്‍പത്തെ നവ സാമൂഹിക മാധ്യമങ്ങളുടെ ഇടപെടലുകളും ഇത്തരം ഒരു വലിയ സ്വാധീനം ഉണ്ടാകാന്‍ കാരണമായിരിക്കാം. ആ ഒരു പതിറ്റാണ്ട് കടന്നുപോയി ഇങ്ങെത്തി നില്‍കുമ്പോള്‍ ഇടതുപക്ഷം സ്വതന്ത്ര ചിന്തകളെയും അക്കാലത്തെ മുഴുവന്‍ ഉപരിപ്ലവമായ മുദ്രാവാക്യങ്ങളെയും കയ്യൊഴിയുകയും പുതുതലമുറ ആ മുന്നേറ്റത്തെ മറക്കുകയും ചെയ്തിരിക്കുന്നു എന്ന് കാണാം.. അതിന് എതിര്‍വശത്ത് കോണ്‍ഗ്രെസ്സിനോടൊപ്പം ഉണ്ടായിരുന്ന വരേണ്യ സമുദായങ്ങളില്‍ ഒരു പങ്കു സംഘപരിവാറിലേക്കും ഒരു പങ്കു ഇടതുപക്ഷത്തേക്കും ഒഴുകിയിട്ടുണ്ട്. ഒരുപക്ഷെ കോണ്‍ഗ്രസിന് കേരളത്തില്‍ ഒരു ശക്തമായ സമരം പോലും നടത്താന്‍ കഴിയാത്ത രീതിയില്‍ അണികളെ നഷ്ടപെട്ടത് ഈ പതിറ്റാണ്ടിനിടയില്‍ നടന്ന ഈ മാറ്റം കൊണ്ട് കൂടി ആയിരിക്കാം.
ഇത്തരം സാമൂഹിക മുന്നേറ്റങ്ങളുടെ മാതൃകകള്‍ താരതമ്യം ചെയുമ്പോള്‍ തന്നെ അമേരിക്കയിലെ നോ കിങ്‌സ് മുന്നേറ്റത്തെ സംശയിക്കുന്ന ആഫ്രോ അമേരിക്കന്‍ വംശജരുടെ വാദങ്ങളെ തള്ളിക്കളയാന്‍ ആകില്ല. അതുകൊണ്ട് ഒരുപക്ഷെ ഇത്തരം കാര്‍ണിവല്‍ മുന്നേറ്റങ്ങളെക്കാള്‍ സമൂഹത്തിന് ഗുണകരമായ മാറ്റം ഉണ്ടാക്കാന്‍ കഴിയുക മുത്തങ്ങയിലും ചെങ്ങറയിലും അരിപ്പയിലും നടന്നതുപോലെയുള്ള കൃത്യമായ ആവശ്യങ്ങളുള്ള സമരങ്ങള്‍ ആയിരിക്കും. കൃത്യമായ നേതൃത്വവും കൃത്യമായ ആവശ്യങ്ങളും ഉള്ള ജനകീയ മുന്നേറ്റങ്ങള്‍ കീഴാളരെ കുറച്ചുകൂടി വിജയം നേടുന്നതിന് സഹായിക്കും എന്ന് പറയാതിരിക്കാന്‍ കഴിയില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
