തിലകന്റെ കവിതയുടെ സ്വദേശം നീതിയാണ് – കെ ജി ശങ്കരപ്പിള്ള
മഹാനഗരത്തിലെ ദീര്‍ഘവാസത്തിനു മായ്ക്കാനാവാത്ത പ്രതിരോധസ്വത്വമായി തിലകനില്‍ എക്കാലവും നീതിബോധം എന്ന നാടത്തം ദീപ്തം; ശക്തം. അനുഭവത്തിന്റെ ചരിത്രവത്കരണത്തിലൂടെ താനെന്തെന്നും തന്റെ നേരം ആവശ്യപ്പെടുന്നതെന്താണെന്നും കാണുന്നതാണ്- സമസ്യകളും സങ്കീര്‍ണതകളും മറികടക്കുന്നതാണ് – തിലകന്റെ കവിതയിലെ സമരരീതി
(മുംബൈയിലെ സാസ്‌കാരിക പ്രവര്‍ത്തകനും കവിയുമായ ഇ ഐ എസ് തിലകന്റെ കവിതകളുടെ സമാഹാരത്തിനെഴുതിയ അവതാരികയില്‍ നിന്നൊരു ഭാഗവും തിലകന്റെ “തെരുവുപട്ടി”യെന്ന കവിതയും)
പ്രവാസത്തെ സംബന്ധിച്ച് പുതിയ ചില ഉള്‍കാഴ്ചകളാണ് തിലകന്റെ കവിതകള്‍ എനിക്ക് തന്നത്. കവിതയുടെ സ്വദേശം നീതിയാണെന്നു കാണുന്ന കവിയാണ് തിലകന്‍. നീതിക്ക് വെളിയിലാവുന്ന ഏതസ്തിത്വവും പരാധീനമായ പ്രവാസം. പരദേശവാസം. സ്വദേശമെന്നാല്‍ ഇവിടെ സ്വത്വദേശം, ദേശബോധം നീതിബോധം, കവിതയുടെ വീട്, ഭാഷ, ബിംബം, സാരം, സൗന്ദര്യം, കാവ്യജീവന്‍, ജീവിതം, എല്ലാം നീതി, നീതിയാണ് ഈ കവിതകളില്‍ ദര്‍ശനകേന്ദ്രം.
അതിനാല്‍ പ്രവാസിയുടെ പരിചിതാര്‍ത്ഥങ്ങളില്‍ നിന്നെല്ലാം അകലെയാണ് തിലകനിലെ പ്രവാസസങ്കല്‍പം. നീതി അനുഭവമല്ലാത്തവര്‍ ഭ്രഷ്ടര്‍. പ്രവാസികള്‍, അന്യര്‍, സ്വദേശം പോലെ ജന്മാവകാശമാണ് നീതി. അത് നിഷേഷിക്കപ്പെടുന്നിടത്താണ് അന്യതാ. സഹനം, വിരഹം, പ്രവാസിത. അവര്‍ക്ക് നാഗരികത അസുരത. ചൂഷണവും പീഡനവും പ്രലോഭനവും അസമത്വവും പ്രതിഷേതവ്യഗ്രതയുംആസക്തികളും വളര്‍ത്തുന്ന ആസുരത. അത് ഏതു നഗരവുമാകാം. ഇവിടെ മുംബൈ. മഹാനഗരം.ഉള്ളില്‍ വിയോജിപ്പിന്റെ വേലിയേറ്റം. യൗവന തീക്ഷണത. ശീലഫലമായ ബലഹീനതകളില്‍ നാഗരിക പ്രലോഭനങ്ങളോട് നിഗൂഢമായി വളരുന്ന തൃഷ്ണാ ബദ്ധതയും, ഒപ്പം അതിനെ അതിജീവിക്കാന്‍ നിര്‍ത്താതെ നടത്തുന്ന ആത്മസമരവുമുണ്ട്. മഹാനഗരത്തിലെ ദീര്‍ഘവാസത്തിനു മായ്ക്കാനാവാത്ത പ്രതിരോധസ്വത്വമായി തിലകനില്‍ എക്കാലവും നീതിബോധം എന്ന നാടത്തം ദീപ്തം; ശക്തം. അനുഭവത്തിന്റെ ചരിത്രവത്കരണത്തിലൂടെ താനെന്തെന്നും തന്റെ നേരം ആവശ്യപ്പെടുന്നതെന്താണെന്നും കാണുന്നതാണ്- സമസ്യകളും സങ്കീര്‍ണതകളും മറികടക്കുന്നതാണ് – തിലകന്റെ കവിതയിലെ സമരരീതി
അതിന്റെ പ്രത്യക്ഷതക്ക് കവിതകളില്‍ സ്വാഭാവികമായും ചില കവിതകളില്‍ സ്വാഭാവികമായും ഏറ്റക്കുറച്ചിലുകളുണ്ട്. ചില കവിതകളില്‍ ഒരിളം കരുതലിലേക്ക് എളുതാവും. നഗരകവിതകളില്‍ ഒരിളം കരുതലിലേക്ക് എളുതാവും. നഗരകവിതയില്‍ വന്ന ‘തെരുവു പട്ടിയിലെ’ പട്ടിയമ്മയെപോലെ ചിലതില്‍ മനുഷ്യത്വം പൂര്‍ണപ്രഭാവം നേരിടുന്നത് ഇതരജീവികളെയും പ്രകൃതിയെയും ആശ്ലേഷിക്കുന്ന കരുണയായി ബുദ്ധതയായി വളരുമ്പോഴാണ്. ഏതു അനുഭവവിശകലനത്തിലൂടെയും തിലകന്റെ പാത നീളുന്നത് നീതിയിലേക്കാണ്. യാഥാര്‍ഥ്യത്തിന്റെ സൂക്ഷമദര്‍ശനം തിലക കവിതയെ എപ്പോഴുമെത്തിക്കുന്നതു നീതിയില്‍. കുട്ടിക്കാലവും പഴയ നാട്ടിന്‍പുറവും പ്രകൃതിയും പ്രണയവും നവലോകവും ജനമുന്നേറ്റങ്ങളും സ്വാതത്ര്യം പുതുമയും എപ്പോഴുമെത്തിക്കുന്നത് നീതിയില്‍. എല്ലാ വഴിയും നീതിയിലേക്ക് നീളുന്ന വിശകലന/ഭാവനയവ്യവസ്ഥയാണ് തിലകന്‍ കവിത. നൈതികതയോടു ജൈവന്വയം നേടാത്ത കവിത തിലകനിലില്ല. ആഗോളവത്കരണത്തിന്റെ കാലത്തെ ലോക ബോധത്തിലെ പാഠഗണങ്ങളാണ് തിലകന്റെ പില്‍ക്കാല കവിതകള്‍.കാവ്യകലാപരമായ പരിമിതികളെ വകവെക്കാതെ വന്നു നിറയുന്ന അനുഭവ യാഥാര്‍ഥ്യങ്ങള്‍.
നീതി എന്ന സ്വദേശത്തിന്റെ വീണ്ടെടുപ്പിനായല്ലെങ്കില്‍ ഒരു വരി കവിത പോലും ഈ കവി എഴുതുമായിരുന്നില്ലെന്ന മട്ടിലൊരു കര്‍ക്കശവൈമുഖ്യം. ഈ കവിതകളിലോരോന്നിന്റേയും പിന്നില്‍ കാണാം. അത്രത്തോളം, പ്രവാസിതയെ സംബന്ധിച്ച് പൊതുവിശ്വാസത്തില്‍ നിന്ന് മാറി സഞ്ചരിക്കുന്നവയാണ് തിലകന്റെ കവിതകള്‍.
ഇതൊന്നും ശരിയായിട്ടില്ലെന്ന സ്വയം നിഷേധത്തോളമെത്തുന്ന നിശിതമായ സ്വയം വിമര്‍ശനം. ആത്മരതിയുടെ ആഘോഷത്തിമിര്‍പ്പിന്റെ കാലത്ത് അത്യപൂര്‍വം, ഈ നിരാസവ്യഗ്രത. ഇത് സത്യത്തിന്റെ മറ്റൊരു പ്രതിരോധ വൈചിത്രം. അതുകൂടിയാണ് ഇ.ഐ.എസ്.
തെരുവുപട്ടി
ഇ ഐ എസ് തിലകന്‍
ഗട്ടറില്‍ നിന്ന്,
ആറ് കുഞ്ഞുങ്ങളും
രണ്ടുവരി വീര്‍ത്ത മുലകളുമായി
കയറി വന്നപ്പോഴാണ്
നിന്റെ ബാല്യം
അവസാനിച്ചിരിക്കുന്നുവെന്നും
നീ ഒരമ്മയ്ത്തീര്‍ന്നിരിക്കുന്നുവെന്നും
ഞാനറിയുന്നത്.
എന്റെ കാല്‍ചുവട്ടിലേക്ക്
നീ ഉരുണ്ടുരുണ്ടുവന്നതും,
പാദത്തില്‍
മൃദുവായി നക്കിയതും,
കനത്ത ബൂട്ട്
ഉയര്‍ന്നു താഴ്ന്നപ്പോള്‍
ഓടിയകന്നു കുരച്ചതും,
ചീറിപ്പായുന്ന വാഹനങ്ങളില്‍പെടാതെ
റോഡ് മുറിച്ചുകടന്നതും,
കാവല്‍ക്കാരന്റെ ഏറുകൊണ്ട്
‘അമ്മേ, അമ്മേ’ എന്ന് കരഞ്ഞതും
ഇന്നലെ കഴിഞ്ഞതുപോലെ
ഞാനോര്‍ക്കുന്നു.
തിരിച്ചറിയാത്ത അച്ഛനെക്കുറിച്ചോ,
നഗരസഭയുടെ ഡോഗ് സ്‌ക്കോഡ്
കൂട്ടികൊണ്ടുപോയ അമ്മയെക്കുറിച്ചോ,
വാഹനങ്ങള്‍ ചതച്ചരച്ച
കൂടെപ്പിറപ്പുകളെക്കുറിച്ചോ,
നീ ബേജാറായതായി
തോന്നിയിട്ടില്ല.
എച്ചില്‍തൊട്ടികള്‍
നിന്നെ മുലയൂട്ടി
തിരക്കിട്ടുവന്ന മഴ
ഉഴിഞ്ഞുകുളിപ്പിച്ചു.
തെക്കന്‍ കാറ്റ്
തലയും മേലും തോര്‍ത്തിത്തുടച്ചു
വിയര്‍പ്പാറാത്ത ഉച്ചകള്‍
മതിലിനോട് ചേര്‍ത്ത്
നിന്നെ ഉറക്കി കിടത്തി.
വൈകുന്നേരങ്ങളില്‍
തെരുവുപിള്ളേരും
കനത്ത നിഴലുകളും
നിന്റെ കൂട്ടിനെത്തി;
അപ്പോഴൊന്നും, നിന്റെ
വളര്‍ച്ചയുടെ അസ്തിത്വം
ആരും അറിഞ്ഞതേയില്ല.
എങ്കിലും
നിന്റെ സാമ്രാജ്യം
നീ സ്വയം വെട്ടിപിടിച്ചു.
നിന്റെ അതിര്‍ത്തികള്‍
നീ തന്നെ കുറിച്ചിട്ടു.
പകല്‍ നിന്നെ
ആട്ടിയോടിച്ചവരുടെ വീടുകള്‍ക്ക്
ഇരുണ്ട രാത്രികളില്‍
നീ സ്വയം കാവല്‍ നിന്നു.
അപരിചിതരെയും
അതിര്‍ത്തി കടന്നു വന്ന
അയല്‍പ്പട്ടികളെയും
നീ തുരത്തിയോടിച്ചു
കള്ളന്മാരെയും
കവര്‍ച്ചക്കാരെയും ചെറുത്തു നിന്നു.
തറവാടികളായ പട്ടികള്‍
വാസനസോപ്പിട്ടു കുളിച്ച്
ബുള്‍സൈയും
ചിക്കന്‍ സൂപ്പും കഴിച്ച്
കൊച്ചമ്മമാരുടെ
അടിവയര്‍ പറ്റിക്കിടന്നപ്പോള്‍,
നിന്റേതല്ലാത്ത സ്വത്തുകാക്കാന്‍,
നിന്റേതല്ലാത്ത വീടുകാക്കാന്‍
നീ യുദ്ധം ചെയ്തു.
നീ ആര്‍ക്കും വേണ്ടാത്ത
വെറും ഒരു തെരുവുപട്ടി!
വിശന്നു പൊരിഞ്ഞപ്പോള്‍
ആര്‍ദ്രമായ മിഴികളോടെ
ഒരു പിടി ചോറോ,
വഴിപോക്കന്റെ
ചവിട്ടേറ്റ് പിടഞ്ഞപ്പോള്‍
കാരുണ്യമുള്ള ഒരു വാക്കോ,
കുസൃതി കാട്ടിയപ്പോള്‍
വാത്സല്യത്തോടെ
ഒരു ശാസനയോ,
കൗമാരത്തിന്റെ നാല്‍ക്കവലയില്‍
പകച്ചു നിന്നപ്പോള്‍
ചൂണ്ടു പലകയായി
ഒരു താക്കീതോ
ലഭിച്ചിട്ടില്ലാത്തവള്‍-
തെരുവുപിള്ളേരും
കനത്ത നിഴലുകളുമൊത്തു
കൂത്താടിയവള്‍-
ഏതു സമയത്തും
നഗരസഭയുടെ ഡോഗ് സ്‌ക്കോഡ് വന്ന്
നിന്നെ കൂട്ടിക്കൊണ്ടു പോകാം.
ഏതു നിമിഷവും
വിലപിടിപ്പുള്ള വാഹനങ്ങളുടെ
ചക്രത്തില്‍, നീ
കറുത്ത ഒരു പാടായിത്തീരാം
കുറെ നാള്‍, നിന്നെ
കാണാതായപ്പോള്‍
അങ്ങനെ എന്തെങ്കിലും
സംഭവിച്ചിരിക്കാമെന്നാണ്,
വാസ്തവത്തില്‍,
ഞാന്‍ കരുതിയത്.
എന്നാല്‍,
ആറുമക്കളും,
വീര്‍ത്തു ചുരക്കുന്ന
രണ്ടു വരി മുലകളും,
ഭീതിതമായ മുരളലുകളുമായി
ഗട്ടറില്‍ നിന്നും
നീയിതാ
ഇപ്പോള്‍
കയറി വന്നിരിക്കുന്നു.
നിന്റെ നോട്ടത്തില്‍,
എന്തിനും തയ്യാറായ
ഒരു വര്‍ഗ്ഗത്തിന്റെ
മുഴുവന്‍ രോഷവും
കത്തിനില്‍ക്കുന്നു;
അതുകൊണ്ടു തന്നെ,
എന്റെ ഉച്ഛിഷ്ടങ്ങള്‍
അകലെ നിന്ന്
നിനക്കിപ്പോള്‍, ഞാന്‍
എറിഞ്ഞു തരുന്നു.
(ഡി സി ബുക്‌സ്, വില 500 രൂപ)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in