വധശിക്ഷ : ആധുനിക സമൂഹത്തിലെ പ്രതികാര അഭിവാഞ്ഛ
കുറ്റകൃത്യങ്ങളെയാണ് വെറുക്കേണ്ടത് കുറ്റവാളിയെയല്ല എന്നുപറഞ്ഞത് ഗാന്ധിജിയാണ്.
ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയ്ക്ക് നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതി ജഡ്ജ് ജസ്റ്റിസ് എ എം ബഷീര്‍ വധശിക്ഷ വിധിച്ചിരിക്കുന്നു. ഇതേ ജഡ്ജ് വധശിക്ഷ വിധിച്ച കൊലക്കുറ്റ പ്രതി റഫീക്ക ബീവിയാണ് സംസ്ഥാനത്ത് തൂക്കുകയര്‍ കാത്തു കിടക്കുന്ന മറ്റൊരു വനിത. കേരളത്തില്‍ 39 പേരാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്. ഇതോടെ ഗ്രീഷ്മ നാല്‍പ്പതാമത്തെ ആളും, സ്ത്രീകളില്‍ രണ്ടാമത്തെ ആളുമായി മരണം കാത്ത് ജയിലില്‍ കഴിയും.
പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന നിര്‍ഭയയെ പീഡിപ്പിച്ച് കുത്തിക്കീറിക്കൊന്ന പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, മുകേഷ് സിങ്, അക്ഷയ് കുമാര്‍ എന്നീ 4 പ്രതികളെ മരിക്കും വരെ തൂക്കിലേറ്റി കൊല്ലാനുള്ള കോടതി വിധി നടപ്പായത് 20 മാര്‍ച്ച് 2020 ന് ആയിരുന്നു.
മനുഷ്യന്റെ ആദിമ ചരിത്ര ഘട്ടങ്ങളില്‍ പ്രതികാരമായിരുന്നു ശിക്ഷയുടെ ഏകധര്‍മ്മം. പിന്നീടുണ്ടായ സാമൂഹിക വളര്‍ച്ചയിലാണ് മനുഷ്യബന്ധങ്ങളും അതിന്റെ മൊത്തത്തിലുള്ള പൊതു താത്പര്യങ്ങളും സംരക്ഷിക്കുവാന്‍ ശിക്ഷ നല്‍കി കുറ്റകൃത്യ പ്രവണതകളെ അമര്‍ച്ച ചെയ്യുകയെന്ന ആശയം ഉറവയെടുക്കുന്നതും അത് മനുഷ്യസമുദായ വികാസ ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നതും..
പുരാതന ഇന്ത്യയിലെ നാട്ടുരാജ്യങ്ങളില്‍ ക്രൂരവും അപരിഷ്‌കൃതവുമായ ശിക്ഷാ സമ്പ്രദായങ്ങള്‍ നിലനിന്നിരുന്നതായി ഇന്ത്യ സന്ദര്‍ശിച്ചിരുന്ന സഞ്ചാരികള്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഭരണാധികാരസേവകന്മാര്‍ക്കും, ഉന്നതകുലജാതര്‍ക്കും ഒരു നീതിയും അവര്‍ണ്ണ ദരിദ്രര്‍ക്ക് മറ്റൊരു നീതിയും അന്നു നിലനിന്നിരുന്നു. സമ്പത്തും, സ്വാധീനവും ജാതി-മത ഔന്നത്യവും ഉള്ളവര്‍ വധശിക്ഷ ഉള്‍പ്പടെയുള്ള ക്രൂരമായ ശിക്ഷാവിധിയില്‍ നിന്നും അക്കാലത്തും വലപൊട്ടിച്ച് പുറത്തു കടന്നിരുന്നു.
19ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ബ്രിട്ടീഷ് കോളനി ഭരണത്തില്‍ അപരിഷ്‌കൃത ശിക്ഷാ സമ്പ്രദായത്തിലെ ഒട്ടേറെ ശേഷിപ്പുകള്‍ ഇല്ലാതാക്കുവാന്‍ കഴിഞ്ഞുവെങ്കിലും 1860 ല്‍ ലോഡ് മെക്കാളേ എഴുതിയുണ്ടാക്കിയ പീനല്‍ കോഡില്‍ വധശിക്ഷയെന്ന അതിക്രൂരമായ പരമാവധി ശിക്ഷ കയറിപ്പറ്റുകയായിരുന്നു.
ആസൂത്രിത കൊലപാതകം, ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ കടുത്ത ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കണം. എന്നാല്‍, അതൊരിക്കലും വധശിക്ഷ ആകരുത്. പ്രതികാരത്തിന്റെ അപരിഷ്‌കൃതയുഗത്തില്‍ ജീവിക്കുന്ന രാഷ്ട്രങ്ങളും ജനതകളുമാണ് വധശിക്ഷയെ ന്യായീകരിക്കുന്നത്. മനുഷ്യോന്മുഖ സംസ്‌കാരം സൃഷ്ടിക്കുന്നതിന് പ്രതികാരത്തിന്റെ നിയമങ്ങള്‍ ഒരിക്കലും സഹായിക്കുകയില്ല.
സമൂഹത്തിലെ ദരിദ്രരും പാവപ്പെട്ടവരും ദളിതരും ന്യൂനപക്ഷവുമാണ് വധശിക്ഷയ്ക്ക് വിധേയമാക്കപ്പെടുന്നതില്‍ ഭൂരിപക്ഷവുമെന്ന് ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്സിറ്റിയിലെ പഠനം വ്യക്തമാക്കുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ക്രിസ്ത്യന്‍, യഹൂദ സംസ്‌കാരത്തില്‍നിന്നാണ് വധശിക്ഷാ മാതൃകകള്‍ ഉണ്ടായിട്ടുള്ളത്. ഹിന്ദു പുരാണങ്ങള്‍ നിറയെ കൊലയുടെ കഥകളാണ്. ദുഷ്ടന്മാരെ കൊന്ന് ശിഷ്ടന്മാരെ രക്ഷിച്ച് ധര്‍മ്മം സ്ഥാപിക്കാന്‍ താന്‍ കാലാകാലങ്ങളില്‍ അവതരിക്കുമെന്നാണ് അവരുടെ ദൈവവചനം.
ആ പ്രാകൃത പാരമ്പര്യത്തില്‍ നിന്ന് സാംസ്‌കാരിക സമൂഹം എത്രയൊ മുന്നോട്ട് യാത്ര ചെയ്തു കഴിഞ്ഞു.. ഇന്ന് ആധുനിക സമൂഹം വധശിക്ഷ നിര്‍ത്തലാക്കികൊണ്ടിരിക്കുന്നു. തെക്കേ അമേരിക്കയിലെ വെനെസ്വേല 1863ലും മദ്ധ്യ അമേരിക്കയിലെ കോസ്റ്റാറിക്ക 1877ലും വധശിക്ഷ ശിക്ഷാവ്യവസ്ഥയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കി.
ഇപ്പോള്‍ 102 രാജ്യങ്ങള്‍ വധശിക്ഷ നിയമവ്യവസ്ഥയില്‍ നിന്നു എടുത്തു കളഞ്ഞിട്ടുണ്ട്. ആറു രാജ്യങ്ങള്‍ അത് യുദ്ധകാല കുറ്റങ്ങള്‍ പോലെ അസാധാരണമായ സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കാവുന്ന ഒന്നായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ആഗോളാടിസ്ഥാനത്തില്‍ 34 രാജ്യങ്ങള്‍ ഔദ്യോഗികമായി വധശിക്ഷ നിരോധിച്ചിട്ടില്ലെങ്കിലും വര്‍ഷങ്ങളായി വധശിക്ഷ നടപ്പാക്കുന്നതില്‍ നിന്ന് ആ രാജ്യങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുന്നുണ്ട്.
കുറ്റവാളികളെ വിവിധ രീതിയില്‍ കൊന്നു തള്ളുന്ന ശിക്ഷാ മാതൃക നിലനിര്‍ത്തുകയും പതിവായി ഉപയോഗിക്കുകയും ചെയ്യുന്നത് 36 രാജ്യങ്ങള്‍ മാത്രമാണ്. ഇന്ത്യ, അമേരിക്ക, ചൈന, ഇറാന്‍, സൌദി അറേബ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവ ഇവയില്‍ ഉള്‍പെടുന്നു. അതില്‍ ഏറ്റവും പ്രാകൃതമായി പരസ്യമായി ശിരസ്സ് അറുത്ത് കൊല്ലുന്ന അതിനീച സമ്പ്രദായം ഇന്നും സൗദി അറേബ്യയില്‍ നിലനില്‍ക്കുന്നു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
‘റിട്രിബ്യൂട്ടീവ് ‘ എന്ന ഗണത്തിലുള്‍പ്പെടുന്ന ഇത്തരം ശിക്ഷകള്‍കൊണ്ട് കുറ്റകൃത്യങ്ങളെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ക്രൂരമായ വധശിക്ഷ നടപ്പാക്കുന്ന സൗദി അറേബ്യ പോലെയുള്ള സ്വേച്ഛാധിപത്യ രാജഭരണങ്ങളില്‍ വധശിക്ഷ കൊണ്ട് കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. ശിക്ഷാവിധികളുടെ കാര്‍ക്കശ്യംകൊണ്ടുമാത്രം സമൂഹത്തെ കുറ്റകൃത്യങ്ങളില്‍നിന്ന് വിമുക്തമാക്കാനാകില്ല. മനുഷ്യരെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങളില്‍ മാറ്റമുണ്ടാകണം. എല്ലാവര്‍ക്കും നിര്‍ഭയമായും അഭിമാനത്തോടെയും ജീവിക്കാന്‍ കഴിയുന്നുണ്ടെന്ന് സ്റ്റേറ്റിന് ഉറപ്പുവരുത്താന്‍ കഴിയണം. പട്ടിണിയും തൊഴിലില്ലായ്മയും ദാരിദ്ര്യവും അസമത്വവും ഇല്ലാതാക്കാന്‍ കഴിഞ്ഞാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് സാമൂഹ്യ ശാസ്ത്ര പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഗുജറാത്ത് കലാപം പോലെ, ഭരണകൂടവും അധികാരവും ഉള്ളവര്‍ ആസൂത്രണം ചെയ്ത കൂട്ടക്കൊലകള്‍ നടന്നിട്ടും, ഗര്‍ഭസ്ഥ ശിശുവിനെ പോലും ശൂലത്തില്‍ തറച്ച് കരിച്ചു കളഞ്ഞിട്ടും അതിന്റെ പ്രേരക ശക്തികള്‍ സമുന്നതരായി ജീവിക്കുകയും, രാജ്യത്തിന്റെ തന്നെ അധികാരം കയ്യാളുകയും ചെയ്യുമ്പോള്‍, സാമൂഹ്യ വ്യവസ്ഥയുടെ സ്വാധീനത്താല്‍ ക്രിമിനലുകളാകുന്ന വ്യക്തികളെ കൊന്നുകളയാന്‍ വേട്ടയാടി പിടിക്കുന്നതല്ല നീതി. മറിച്ച് അവര്‍ക്ക് മാതൃകാപരമായ തടവു ശിക്ഷ നല്‍കി അതൊരു സന്ദേശത്തിന്റെ അടയാളമായി ജനങ്ങളുടെ ബോധത്തില്‍ നിലനിര്‍ത്തുകയാണ് വേണ്ടത്..
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in