മുസ്ലീം രാഷ്ട്രീയത്തിന്റെ പ്രതിസന്ധി

ബാബ്‌റി മസ്ജിദിനുമേലുള്ള ആക്രമണവും അതിനെ തുടര്‍ന്നുള്ള കലാപങ്ങളും സൃഷ്ടിച്ച പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതില്‍ ലിബറല്‍ രാഷ്ട്രീയം പരാജയപ്പെട്ടു. തൊണ്ണൂറുകളില്‍ മന്ദിറും മണ്ഡലും മാര്‍ക്കറ്റും (പോസ്റ്റ് ലിബറലൈസേഷന്‍) സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളെ മാറ്റിമറിച്ചു. കോണ്‍ഗ്രസ്സിന്റെ പഴയ മുസ്‌ലിം നേതൃത്വവും രാഷ്ട്രീയവും-ഗംഗാജമുനാ തഹ്‌സിബ് (സംസ്‌കാരം)രൂപപ്പെടുത്തിയ മുസ്‌ലിം ഉപരിവര്‍ഗ്ഗം മുതല്‍ മുസ്‌ലിം പേഴ്‌സണല്‍ ബോര്‍ഡ് വരെയുള്ളവര്‍-അപ്രസക്തമായി. മുലായംസിംഗ് യാദവിനും ലാലു പ്രസാദിനും പിന്നില്‍ അണിനിരന്ന സാധാരണക്കാരായ മുസ്‌ലിങ്ങളെ അപരവല്‍ക്കരിച്ചുകൊണ്ടാണ് ബിജെപി രാഷ്ട്രീയ ധ്രുവീകരണം സാധ്യമാക്കിയത്.

ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയം ഒരു വഴിത്തിരിവിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ പുറത്തുവന്ന രണ്ട് റിപ്പോര്‍ട്ടുകളാണ് ഈ പ്രസ്താവനയുടെ ആധാരം. ഒന്ന്, ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ ഭഗവതുമായി അറിയപ്പെടുന്ന അഞ്ച് മുസ്‌ലിം പൗരപ്രമുഖര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന റിപ്പോര്‍ട്ട്. രണ്ട്, ഇസ്‌ലാമിസ്റ്റ് സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന പിഎഫ്‌ഐ യേയും അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മറ്റ് ചില സംഘടനകളേയും നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നടപടികള്‍. നിരോധന ഉത്തരവ് വരുന്നതിന് മുമ്പ് രാജ്യമെമ്പാടും എന്‍ഐഎ (നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി), എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് എന്ന ഈഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ പിഎഫ്‌ഐ ഓഫീസുകളും സ്ഥാപനങ്ങളും റെയ്ഡ് ചെയ്യുകയും സംഘടനയുടെ നൂറില്‍പ്പരം നേതാക്കളേയും പ്രവര്‍ത്തകരേയും തടവിലാക്കുകയും ചെയ്തിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിരോധന ഉത്തരവില്‍ പിഎഫ്‌ഐയും മറ്റ് നിരോധിത സംഘടനകളും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തതായി ആരോപിക്കുന്നുണ്ട്. അന്വേഷണങ്ങളില്‍ ഈ സംഘടനകള്‍ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ ‘റാഡിക്കലൈസ് ചെയ്യാനും’ ജനാധിപത്യത്തെ ദുര്‍ബ്ബലപ്പെടുത്താനും രാഷ്ട്രത്തിന്റെ അഖണ്ഡത, സ്വാതന്ത്ര്യം, സുരക്ഷ, സാമുദായിക മൈത്രി എന്നിവ തകര്‍ക്കാനും ശ്രമിക്കുന്നതായി കാണപ്പെട്ടു എന്ന് കുറിപ്പ് ആരോപിക്കുന്നു. പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നിരോധിക്കപ്പെട്ട സിമി, ജമാത്തുല്‍ മുജാഹിദിന്‍ ബംഗ്ലാദേശ് എന്നീ സംഘടനകളുമായി ബന്ധമുണ്ട് എന്നും കുറിപ്പ് അവകാശപ്പെടുന്നു. അതുപോലെ തീവ്രവാദ സംഘടനകളായ ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ എന്നിവയുമായി ബന്ധമുണ്ടെന്നും പ്രവര്‍ത്തകര്‍ സിറിയ, അഫ്ഗാനിസ്ഥാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നും ഉത്തരവില്‍ പറയുന്നു. പത്ത് കൊലപാതകങ്ങളും-മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിന്റേതുള്‍പ്പെടെനാലെണ്ണം കേരളത്തിലാണ്- തൊടുപുഴ കോളേജിലെ പ്രൊഫസര്‍ ടി.ജെ ജോസഫിന്റെ കൈവെട്ട് സംഭവവും പിഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയതായി ഉത്തരവ് പേരെടുത്ത് പറയുന്നുണ്ട്. സാമ്പത്തിക ഇടപാടുകളാണ് നിരോധനത്തിന് സാധൂകരണമായി ഉത്തരവില്‍ ചൂണ്ടിക്കാണിക്കപ്പെടുന്ന മറ്റൊരു കാരണം. നിരോധനാജ്ഞ വന്നതിന്റെ അടുത്ത ദിവസം തന്നെ പിഎഫ്‌ഐ പിരിച്ചുവിട്ടതായി അതിന്റെ നേതൃത്വം പത്രക്കുറിപ്പ് നല്‍കിയിരുന്നു.

ഭഗവത്-പൗരപ്രമുഖര്‍ കൂടിക്കാഴ്ചയുടെ വിശേഷങ്ങള്‍ പുറത്തുവരുന്നത് നിരോധനാജ്ഞയ്ക്ക് തൊട്ടുമുമ്പാണ്. ഏതാണ്ട് ഒരു മാസം മുമ്പായിരുന്നുവത്രേ കൂടിക്കാഴ്ച. ആദ്യത്തെ വാര്‍ത്ത ഒരു രാഷ്ട്രീയ സംഭാഷണത്തെക്കുറിച്ചാണ് പറയുന്നതെങ്കില്‍ രണ്ടാമത്തേത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനശൈലിയോടും സംഘടനയോടും ആശയലോകത്തോടുമുള്ള യുദ്ധപ്രഖ്യാപനമാണ്. വാര്‍ത്ത വന്നതിന്റെ പിറ്റേന്ന് ഭഗവത് ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ തലവന്‍ ഉമര്‍ അഹമ്മദ് ഇല്യാസിയെ സംഘടനയുടെ ദില്ലി ആസ്ഥാനത്തുവെച്ച് കാണുകയുണ്ടായി. പിന്നീട് ഇല്യാസിയുടെ ക്ഷണപ്രകാരം വടക്കന്‍ ദില്ലിയിലുള്ള മദ്രസ താജ്‌വിദുള്‍ ഖുറാന്‍ സന്ദര്‍ശിക്കുകയുണ്ടായി. സമൂഹത്തിലെ നാനാവിഭാഗങ്ങളുമായി സംഘം സംവദിക്കുന്നതിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച എന്ന് വിശദീകരണമുണ്ടായി. ഇല്യാസിയാകട്ടെ ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് ഭഗവതിനെ വിശേഷിപ്പിക്കുകയും ചെയ്തു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഭഗവത് കൂടിക്കാഴ്ചയെക്കുറിച്ച് അഞ്ചംഗസംഘത്തില്‍ ഒരാളായിരുന്ന മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സയ്യിദ് യാക്കൂബ് ഖുറൈഷി ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ എഴുതുകയുണ്ടായി. ഖുറൈഷിക്ക് പുറമേ മുന്‍ ദില്ലി ലെഫ് ഗവര്‍ണര്‍ നജീബ് ജംഗ്, ഷാഹിദ് സിദ്ദീഖി എന്ന പത്രപ്രവര്‍ത്തകന്‍, ബിസിനസ്സുകാരന്‍ സയ്യിദ് ഷെര്‍വാനി, അലിഗഢ് യൂണിവേഴ്‌സിറ്റി മുന്‍ വിസി ലഫ്.ജനറല്‍ സമീര്‍ ഉദ്ദിന്‍ഷാ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്-തങ്ങളുടെ മുന്‍കൈയ്യിലാണ് കൂടിക്കാഴ്ച നടന്നത് എന്ന് ഖുറൈഷി എഴുതുന്നു. മുസ്‌ലിം സമുദായത്തിലെ അരക്ഷിതാവസ്ഥയാണ് ഇത്തരമൊരു സംഭാഷണത്തിന് മുന്‍കൈ എടുക്കാന്‍ പ്രേരിപ്പിച്ചത് എന്നും അദ്ദേഹം പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളില്‍ – ”The insecurity being increasingly felt by the Muslim community in the wake of recurring incidents of lynching of innocents, call by Hindutva hotheads for a genocide and the marginalisation of the community in almost every sphere, etc…

ഭഗവത് അഞ്ചംഗസംഘത്തോട് പറഞ്ഞത്, ഖുറൈഷിയുടെ വാക്കുകളില്‍ ഇതൊക്കെയാണ്: ഒന്ന്, ഹിന്ദുത്വം എല്ലാ സമുദായങ്ങള്‍ക്കും തുല്യ ഇടം നല്‍കുന്ന ശിരഹൗശെ്‌ല സങ്കല്പമാണ്. എല്ലാ സമുദായങ്ങളും ഒരുമിച്ച് നില്‍ക്കുകയാണെങ്കില്‍ മാത്രമേ രാജ്യം പുരോഗമിക്കുകയുള്ളൂ. രണ്ട്, ഇന്ത്യന്‍ ഭരണഘടന പവിത്രമാണ് (sacrosanct). അതിനെ എല്ലാവരും അനുസരിക്കേണ്ടതുണ്ട്. കിട്ടുന്ന ആദ്യത്തെ അവസരത്തില്‍ ആര്‍എസ്എസ് ഭരണഘടനയെ കൈവെടിയുമെന്ന ധാരണയും മുസ്‌ലിങ്ങള്‍ക്ക് വോട്ടവകാശം ഇല്ലാതാക്കുമെന്ന ഭീതിയും അസ്ഥാനത്താണ്. മൂന്ന്, ഹിന്ദുക്കള്‍ക്ക് രണ്ട് കാര്യങ്ങള്‍ വൈകാരികമാണ്- ഗോവധവും കാഫിര്‍ എന്ന് ഹിന്ദുക്കളെ വിശേഷിപ്പിക്കുന്നതും. രണ്ടും ഒഴിവാക്കാവുന്നതേയുള്ളൂ എന്ന് ഖുറൈഷിയും കൂട്ടുകാരും മറുപടിയായി പറഞ്ഞുവത്രേ. അതോടൊപ്പം ഇന്ത്യന്‍ മുസ്‌ലിങ്ങളെ ജിഹാദിയെന്നും പാക്കിസ്ഥാനിയെന്നും വിശേഷിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഉടന്‍തന്നെ അതുചെയ്യാമെന്ന് ഭഗവത് വാക്കു നല്‍കിയത്രേ. തന്റെ പുസ്തകത്തെ മുന്‍നിര്‍ത്തി (The Population Myth: Islam, Family Planning and Politics in India) ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ഹിന്ദുക്കളേക്കാള്‍ കൂടുതല്‍ മുസ്‌ലിങ്ങളുണ്ടാകും എന്ന പ്രചരണം അബദ്ധജടിലമാണെന്നും ഭഗവത്തിനോട് താന്‍ പറയുകയുണ്ടായി എന്നും ഖുറൈഷി വിശദീകരിക്കുകയുണ്ടായി. സംഭാഷണം മാത്രമാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ കാര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഒരേയൊരു വഴി എന്നും ഖുറൈഷി പറയുന്നുണ്ട്. സംഭാഷണം മുന്നോട്ടു കൊണ്ടുപോകാന്‍ ഭഗവത് നാലുപേരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചുവെന്നും എപ്പോള്‍ വേണമെങ്കിലും അറിയിച്ചാല്‍ താന്‍ തയ്യാറായിരിക്കുമെന്നും ഭഗവത്ത് പറഞ്ഞുവെന്നും ഖുറൈഷി എഴുതുന്നുണ്ട്.

ആദ്യമായല്ല ഒരു ആര്‍എസ്എസ് മേധാവി മറ്റ് സമുദായങ്ങളിലെ പ്രമുഖരുമായി സംവാദത്തിന് ഒരുങ്ങുന്നത്. കെഎസ്. സുദര്‍ശന്‍ (2000-2009) ഇത്തരം ഇടപെടലുകള്‍ നടത്തിയിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഭഗവത്ത് തന്നെയും ഹിന്ദു-മുസ്‌ലിം സംഭാഷണം ആവശ്യമാണെന്ന് പല വേദികളിലും പറയുന്നുണ്ട്. ഇസ്‌ലാം ഇന്ത്യയില്‍ അപകടത്തിലാണെന്ന പ്രചാരണത്തിന് ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ വഴങ്ങരുതെന്നും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഹിന്ദുത്വ രാഷ്ട്രത്തിന്റേതല്ല എന്നും മറ്റും ഭഗവത്ത് പ്രസംഗിക്കുന്നുണ്ട്. ഹിന്ദുവിന്റേയും മുസ്‌ലിമിന്റേയും ഡിഎന്‍എ ഒന്നുതന്നെയാണ് എന്നുമൊക്കെ ഭഗവത്ത് പറയുന്നുണ്ട്. 2018 സെപ്തംബറില്‍ ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ ഭഗവത്ത് നടത്തിയ പ്രഭാഷണങ്ങളില്‍ ആര്‍എസ്എസ് നെ പുതിയ പരിപ്രേഷ്യത്തില്‍ അവതരിപ്പിക്കാന്‍ ഭഗവത്ത് ശ്രമിക്കുകയുണ്ടായി. ഗോള്‍വാള്‍ക്കറുടേയും മറ്റും നിലപാടുകള്‍ കാലാനുസൃതമായി പരിഷ്‌ക്കരിക്കാനും തള്ളിക്കളയാനുമൊക്കെ ആര്‍എസ്എസ് ഒരുക്കമാണ് എന്നും ഭഗവത്ത് പറഞ്ഞിരുന്നു.

ഭഗവത്തിന്റെ ഈ നിലപാടുകളും പ്രസ്താവനകളും ഒന്നുകില്‍ മുഖവിലയ്‌ക്കെടുക്കാം, അല്ലെങ്കില്‍ തള്ളിക്കളയാം. രാമക്ഷേത്ര ക്യാമ്പയിനില്‍ പിന്നീട് ചേരുകയായിരുന്നു ആര്‍എസ്എസ് എന്നും കാശിയിലെ ഗ്യാന്‍വാപി തര്‍ക്കത്തിനിടയില്‍ എല്ലായിടത്തും ഹൈന്ദവദൈവങ്ങളെ തിരക്കി നടക്കരുത് എന്നും ഭഗവത്ത് പറയുകയുണ്ടായി. അയോധ്യ, മധുര, കാശി എന്നിവക്കപ്പുറത്ത് അവകാശവാദങ്ങളില്ല എന്നും മറ്റും സര്‍സംഘ് ചാലക് പറഞ്ഞിട്ടുമുണ്ട്. ഇതുകൊണ്ടൊക്കെ തന്നെ ഭഗവത്തിന്റെ ഇടപെടലുകളോട് സംവദിക്കാന്‍ മുസ്‌ലിം പൗരസമൂഹത്തില്‍ പലരും ഇന്ന് തയ്യാറാണ്. അത് ഭഗവത്തിന്റെ നിലപാടിലെ ശരിതെറ്റുകളെ പരിഗണിച്ചുകൊണ്ടെന്നതിനേക്കാള്‍ ഇപ്പോഴത്തെ കലുഷിത രാഷ്ട്രീയത്തില്‍ നിന്നും പുറത്തുകടക്കാന്‍ മറ്റ് വഴിയില്ല എന്ന് കാണുന്നത് കൊണ്ട് കൂടിയാണ്. ആര്‍എസ്എസ് നേതാവിന്റെ ഈ ഇടപെടലുകളെക്കുറിച്ചൊന്നും ബിജെപി മിണ്ടുന്നില്ല. മുസ്‌ലിം അപരത്വത്തെ മുന്‍നിര്‍ത്തി നരേന്ദ്രമോദിയും അമിത്ഷായും യോഗി ആദിത്യനാഥുമൊക്കെ വിജയകരമായി നടത്തിപ്പോരുന്ന തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഭഗവത്തിന്റെ ശ്രമങ്ങളെ എങ്ങനെ കാണുന്നുവെന്ന് അറിഞ്ഞുകൂടാ. അതിനെക്കാളേറെ ധ്രുവീകരണ രാഷ്ട്രീയം വിഷലിപ്തമാക്കിയ ഒരു പ്രത്യയശാസ്ത്രപരിസരത്തു ജീവിക്കുന്ന സംഘപരിവാര്‍ കാഡറുകള്‍ ഇതംഗീകരിക്കുമോ എന്നറിയില്ല. ആര്‍എസ്എസ്സിന്റെ ചൊല്‍പ്പടിയില്‍ പോലുമാവണമെന്നില്ല ഇവര്‍. ഹിന്ദു-മുസ്‌ലിം ഡയലോഗും ഭരണഘടനയുമൊന്നും അവരുടെ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നുമില്ല. സംഘപരിവാര്‍ ഒറ്റ സംഘടനയല്ല. അതൊരു രാഷ്ട്രീയാന്തരീക്ഷമാണ്. സാമുദായിക അപരത്വനിര്‍മ്മാണത്തിലൂന്നിയ ദേശീയതയുടെ പടയോട്ടമാണ് അവിടെ രാഷ്ട്രീയപ്രവര്‍ത്തനം. ആര്‍എസ്എസ് ഡിസിപ്ലിനൊക്കെ ബാധകമെങ്കിലും ഹിന്ദുത്വരാഷ്ട്രീയം സ്വാംശീകരിച്ച ഒരു സവര്‍ക്കറൈറ്റ് സംഘടനയാണ് ഇന്നത്തെ ബിജെപി. ഭഗവത്ത് പറയുന്ന ഹിന്ദുത്വമല്ല ലാല്‍കൃഷ്ണ അദ്വാനി ബിജെപിയിലേക്ക് ആനയിച്ചുകൊണ്ടുവന്ന സവര്‍ക്കറുടെ ഹിന്ദുത്വ സങ്കല്പം. അവിടെ പിതൃഭൂമിയും പുണ്യഭൂമിയുമുണ്ട്. സാമുദായിക അപരത്വമാണ് ആ ദേശീയതയുടെ ദേശരാഷ്ട്രത്തിന്റെ അടിസ്ഥാന ശില. അതുകൊണ്ടുതന്നെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടും ഭരണഘടന മുന്നോട്ടുവെക്കുന്ന പൗരദേശീയതയും വേറിട്ടു നില്‍ക്കുന്നു. ഇതൊക്കെ സിദ്ധാന്തം പറച്ചിലാണെന്നും പ്രായോഗികരാഷ്ട്രീയം അതിന്റെ പുതുവഴികള്‍ കണ്ടെത്തിക്കൊള്ളുമെന്നും വാദിക്കാം.

പ്രായോഗിക രാഷ്ട്രീയത്തിന്റെ ഭൂമികയില്‍ ഇന്ന് ബിജെപി പുതിയ സഹയാത്രികരെത്തിരയുന്നുണ്ട്. ഇന്ത്യയിലെ എല്ലാ മതസമുദായങ്ങളിലുമെന്നപോലെ മുസ്‌ലിങ്ങളുടെ ഇടയിലും ജാതിയും വര്‍ഗ്ഗവുമൊക്കെയുണ്ട് എന്ന് ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ട്. മുസ്‌ലിം അപരത്വത്തിന്റെ രാഷ്ട്രീയം ഏറ്റെടുക്കുമ്പോഴും മുസ്‌ലിം വരേണ്യ നേതൃത്വം ഗൗനിക്കാത്ത പിന്നോക്ക സമുദായങ്ങളെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. ദളിത്-പിന്നോക്ക മുസ്‌ലിം വിഭാഗങ്ങള്‍ (കൈത്തൊഴിലുകള്‍ പരിശീലിക്കുന്നവര്‍ തുടങ്ങി പസ്മന്ത വിഭാഗങ്ങള്‍), ഗുജ്ജുര്‍ തുടങ്ങിയ കാശ്മീരിലെ സമുദായങ്ങള്‍ ഇവരുമായിട്ടൊക്കെ ബിജെപി ആശയവിനിമയം നടത്തുന്നുണ്ട്-ഇയ്യിടെയാണ് കാശ്മീരില്‍ നിന്നും ഒരു ഗുജ്ജുര്‍ നേതാവിനെ രാജ്യസഭയിലേക്ക് ബിജെപി സ്‌പോണ്‍സര്‍ ചെയ്തത്. പൊളിറ്റിക്കല്‍ ഓപ്ടിക്‌സ് എന്ന് തള്ളിക്കളയാവുന്നതല്ല ഈ രാഷ്ട്രീയ ഇടപെടലുകള്‍. രാമനാഥ് കോവിന്ദും ദ്രൗപദി മുര്‍മുറും വ്യക്തികള്‍ എന്നതിലുപരിയായി അധികാര രാഷ്ട്രീയത്തില്‍ പ്രാതിനിധ്യം നല്‍കാന്‍ തങ്ങള്‍ തയ്യാറാണ് എന്ന ബിജെപി നിലപാടിന്റെ പ്രത്യക്ഷ പ്രതിനിധികളാണ്. ബിജെപി ഭരണത്തില്‍ തങ്ങള്‍ അന്യരല്ല എന്ന് ആദിവാസി ദളിത് – കോണ്‍ഗ്രസ്സിന്റെയും പിന്നീട് ബിഎസ്പിയുടെയും വോട്ടായിരുന്നല്ലോ വടക്കേയിന്ത്യയില്‍ ഇവരില്‍ പലരും – വിഭാഗങ്ങളെ ബോധ്യപ്പെടുത്താനുള്ള രാഷ്ട്രീയ ശ്രമമാണിത്. പദ്മ അവാര്‍ഡുകള്‍ മുതല്‍ രാജ്യസഭയും രാഷ്ട്രപതി ഭവനും വരെ അതിനായി ബിജെപി ഉപയോഗിച്ചു പോരുന്നു. സമുദായ പ്രീണനം എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അശ്ലീലവാക്കല്ലല്ലോ-പിന്നോക്ക ജാതി സംവരണവും മുസ്‌ലിങ്ങളുടെ പ്രാതിനിധ്യവും അവകാശവും പറയുമ്പോള്‍ മാത്രമാണ് അത്തരമൊരു വിവക്ഷ കടന്നുവരാറുള്ളത്.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഒരുവശത്ത് മുസ്‌ലിങ്ങളിലെ പല വിഭാഗങ്ങളുമായി അധികാര രാഷ്ട്രീയത്തിന്റെ പിന്‍ബലവുമായി പാട്രൊനേജ്, സുരക്ഷ എന്നീ അന്തര്‍ധാര നിലനിര്‍ത്തിക്കൊണ്ട് സംഘപരിവാര്‍ സംഭാഷണത്തിനു തയ്യാറാവുമ്പോള്‍ മറുഭാഗത്ത് മതപരമായ സ്വത്വത്തെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള ഒരു മിലിറ്റന്റ് രാഷ്ട്രീയത്തിനും ഇടമുണ്ടാകില്ല എന്ന് ഭരണകൂടം ഓര്‍മ്മിപ്പിക്കുന്നു. ഭഗവത്ത്-സമുദായപ്രമുഖരുമായുള്ള സംഭാഷണവും പിഎഫ്‌ഐ നിരോധനവും ഒരേ രാഷ്ട്രീയത്തിന്റെ രണ്ട് മുഖങ്ങളല്ലേ എന്ന് ആലോചിക്കാവുന്നതാണ്. തങ്ങളുടെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്ന, അവകാശത്തിന്റെ ഭാഷ സംസാരിക്കാത്ത മുസ്‌ലിം രാഷ്ട്രീയവും മുസ്‌ലിം സാമുദായിക നേതൃത്വവും മാത്രമാണ് ബിജെപി ആത്യന്തികമായി ലക്ഷ്യമിടുന്നത് എന്ന് ആ പാര്‍ട്ടിയേയും പാര്‍ട്ടി നേതൃത്വത്തേയും അടുത്തറിയുന്ന ഒരു ഗുജറാത്തി ജേര്‍ണലിസ്റ്റ് ഒരിക്കല്‍ പറഞ്ഞത് ഓര്‍മ്മവരുന്നു. ഇന്ത്യന്‍ ലിബറലുകള്‍ക്ക് വെടിമരുന്നാകേണ്ടവരല്ല ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ എന്നു പറഞ്ഞ ഇസ്‌ലാം മതവിശാസിയായ ഒരു കാശ്മീരി പത്രപ്രവര്‍ത്തകനേയും ഓര്‍മ്മവരുന്നു.

ഇന്ത്യന്‍ ലിബറല്‍ രാഷ്ട്രീയത്തിന്റെ പരാജയത്തിലെ ഒരു ഘട്ടമാണ് ഈ രാഷ്ട്രീയത്തിരിവ്. പിഎഫ്‌ഐ യും മറ്റും ശൂന്യതയില്‍ നിന്നുമുണ്ടായ സംഘടനയല്ലല്ലോ. ലിബറല്‍ സെക്കുലര്‍ രാഷ്ട്രീയത്തിന്റെ പരാജയം സൃഷ്ടിക്കുന്ന ശൂന്യതകൂടിയാണ് അവയുടെ ആവിര്‍ഭാവത്തിന് കാരണം. ഗാന്ധിജിയുടെ രക്തസാക്ഷിത്വം മുതല്‍ നെഹ്‌റുവിന്റെ അന്ത്യം വരെ നീണ്ടുനിന്ന 16 വര്‍ഷക്കാലം കഴിഞ്ഞപ്പോള്‍ തന്നെ ലിബറല്‍ സെക്കുലര്‍ സമവായം സമ്മര്‍ദ്ദത്തില്‍ ആയിക്കഴിഞ്ഞിരുന്നു. അറുപതുകളിലേ തുടങ്ങിയ പുതിയ ശാക്തീകരണങ്ങള്‍-സാമ്പത്തികവും രാഷ്ട്രീയവും-പുതിയ സമുദായ വിള്ളലുകള്‍ സൃഷ്ടിക്കുകയുണ്ടായി. അറുപതുകളുടെ മധ്യം മുതല്‍ക്ക് വടക്കേയിന്ത്യ കണ്ട അസംഖ്യം ഹിന്ദു-മുസ്‌ലിം ലഹളകളുടെ ഗുണഭോക്താവ് തുടക്കത്തിലെങ്കിലും കോണ്‍ഗ്രസ്സായിരുന്നു. സാമുദായിക പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കുക എന്നതിനേക്കാളേറെ ലഹള മാനേജ്‌മെന്റിനാണ് രാഷ്ട്രീയനേതൃത്വവും ഭരണകൂടവും ശ്രദ്ധ നല്‍കിയത്. ഹാഷിംപുര കൊലപാതകങ്ങളൊക്കെ ആയപ്പോഴേക്കും ഭരണകൂടം തന്നെയായി ക്രിമിനലുകള്‍. ‘ന്യൂനപക്ഷ സംരക്ഷണം’ ഒരു വോട്ടുതേടല്‍ തന്ത്രമായി ചുരുങ്ങുന്നുണ്ട് എഴുപതുകളിലും എണ്‍പതുകളിലും. ആ വിള്ളലുകളില്‍ നിന്നും തന്നെയാണ് ബിജെപി രാമജന്മഭൂമി തര്‍ക്കത്തെയും മറ്റും രാഷ്ട്രീയവല്‍ക്കരിക്കുന്നത്. പ്രാദേശിക സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് പാന്‍-ഇന്ത്യന്‍ മാനം നല്‍കിക്കൊണ്ട് ധ്രുവീകരണത്തിന്റെ രാഷ്ട്രീയം 90 കളില്‍ ബിജെപി വിജയകരമായി സൃഷ്ടിച്ചത് സാംസ്‌കാരികമായി നേരിടുന്നതില്‍ ലിബറല്‍ രാഷ്ട്രീയം പരാജയപ്പെട്ടു. ഇടയ്ക്കിടെയുണ്ടായിക്കൊണ്ടിരുന്ന തിരഞ്ഞെടുപ്പ് വിജയങ്ങളില്‍ അഭിരമിക്കുമ്പോള്‍ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ വ്യാപ്തിയും ആഴവും വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധിച്ചില്ല. പുത്തന്‍ മൂലധനശക്തിയുടെ പിന്തുണയും ആഗോള വ്യാപകമായി ഉയര്‍ന്നുവന്ന നവദേശീയതാ രാഷ്ട്രീയവും മതസ്വത്വ മുന്നേറ്റങ്ങളും ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുകൂലമായിരുന്നു. ഈ പ്രതിസന്ധിക്ക് ആഴം കൂട്ടുകയാണ് ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയവും ചെയ്തത്. അതിന്റെ ഗുണഭോക്താവും ഹിന്ദുത്വ രാഷ്ട്രീയം തന്നെയായിരുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബാബ്‌റി മസ്ജിദിനുമേലുള്ള ആക്രമണവും അതിനെ തുടര്‍ന്നുള്ള കലാപങ്ങളും സൃഷ്ടിച്ച പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതില്‍ ലിബറല്‍ രാഷ്ട്രീയം പരാജയപ്പെട്ടു. തൊണ്ണൂറുകളില്‍ മന്ദിറും മണ്ഡലും മാര്‍ക്കറ്റും (പോസ്റ്റ് ലിബറലൈസേഷന്‍) സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളെ മാറ്റിമറിച്ചു. കോണ്‍ഗ്രസ്സിന്റെ പഴയ മുസ്‌ലിം നേതൃത്വവും രാഷ്ട്രീയവും-ഗംഗാജമുനാ തഹ്‌സിബ് (സംസ്‌കാരം)രൂപപ്പെടുത്തിയ മുസ്‌ലിം ഉപരിവര്‍ഗ്ഗം മുതല്‍ മുസ്‌ലിം പേഴ്‌സണല്‍ ബോര്‍ഡ് വരെയുള്ളവര്‍-അപ്രസക്തമായി. മുലായംസിംഗ് യാദവിനും ലാലു പ്രസാദിനും പിന്നില്‍ അണിനിരന്ന സാധാരണക്കാരായ മുസ്‌ലിങ്ങളെ അപരവല്‍ക്കരിച്ചുകൊണ്ടാണ് ബിജെപി രാഷ്ട്രീയ ധ്രുവീകരണം സാധ്യമാക്കിയത്. അധികാര രാഷ്ട്രീയത്തില്‍ പങ്കാളിയായിരുന്ന മുസ്‌ലിം ലീഗിനെപ്പോലെയുള്ള സംഘടനകള്‍ക്കും പോസ്റ്റ് ബാബ്‌റി രാഷ്ട്രീയം പ്രതിസന്ധി സൃഷ്ടിച്ചു. ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഗുണഭോക്താവായ അസാദുദ്ദീന്‍ ഒവൈസി കോണ്‍സ്റ്റിറ്റിയൂഷണലിസത്തിന്റെ ഭാഷയാണ് ഉപയോഗിക്കുന്നത്. തെലങ്കാനയിലും സിമാഞ്ചലിലും (ബീഹാര്‍) മറാഠ്‌വാഡയിലും കോണ്‍ഗ്രസ്സിന്റെ വോട്ട് ഒവൈസി കൊണ്ടുപോകുന്നുണ്ട്. സമാനമായ രീതിയില്‍ ദക്ഷിണ കാനറയിലും മൈസൂരിലും എസ്ഡിപിഐ വളര്‍ന്നപ്പോള്‍ ക്ഷീണിച്ചതും കോണ്‍ഗ്രസ്സാണ്. ധ്രുവീകരണ രാഷ്ട്രീയത്തിന്റെ മുമ്പില്‍ അമ്പരപ്പോടെ നില്‍ക്കുന്ന കോണ്‍ഗ്രസ്സ് നഷ്ടപ്പെട്ടേക്കാവുന്ന ഹിന്ദുവോട്ട് ഭയന്ന് ഭരണഘടനാമൂല്യങ്ങളുടെ രാഷ്ട്രീയം പറയാന്‍ ശങ്കിക്കുന്നു. ഇക്കാര്യത്തില്‍ രാഹുല്‍ഗാന്ധി വേറിട്ടു നില്‍ക്കുന്നു -ക്ഷേത്രസന്ദര്‍ശനം ആരേയും മൃദുഹിന്ദുത്വവാദിയാക്കുന്നില്ല. പ്രതിപക്ഷ രാഷ്ട്രീയം ഇങ്ങനെ പിന്നോട്ടടിക്കുമ്പോഴാണ് ഖുറൈഷിയും മറ്റും ഭഗവത്തുമായി സംഭാഷണത്തിന് തയ്യാറാവുന്നത്.

ഈ സംഭാഷണം തുല്യര്‍ തമ്മിലല്ല. ഖുറൈഷി തന്നെ സൂചിപ്പിച്ചതുപോലെ ഭയത്തിന്റെ നിവൃത്തികേടിന്റെ ആവരണം അണിഞ്ഞുകൊണ്ടാണ് ഈ പൗരപ്രമുഖര്‍ സംഭാഷണത്തിന് ചെല്ലുന്നത്. മറുവശത്താകട്ടെ എല്ലാത്തരം മിലിറ്റന്റ് രാഷ്ട്രീയത്തെയും അസാധുവാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നത്. ഷാഹിന്‍ബാഗ് വലിയൊരു സന്ദര്‍ഭമായിരുന്നു. സാമ്പ്രദായിക മുസ്‌ലിം രാഷ്ട്രീയത്തിന്റെ ചെടിപ്പ് ഒഴിവാക്കി പുത്തന്‍ മുദ്രാവാക്യങ്ങളുമായി സ്ത്രീകളുടെ നേതൃത്വത്തില്‍ ഷാഹിന്‍ബാഗ് ഇന്ത്യന്‍ രാഷ്ട്രീയത്തെത്തന്നെ മാറ്റിമറിച്ചേക്കുമെന്ന് തോന്നി. അതിന് യുവതയുടെ-മുസ്‌ലിങ്ങള്‍ മാത്രമല്ല-വലിയ പിന്തുണയുമുണ്ടായിരുന്നു. ഗാന്ധിയും അംബേദ്ക്കറും ഭഗത്‌സിംഗും നെഹ്‌റുവും മൗലാനാ ആസാദുമൊക്കെയായിരുന്നു പ്രചോദനമായി കാണപ്പെട്ടത്. പഴയ വരേണ്യ-പൗരോഹിത്യ കൂട്ടുകെട്ടിനെ നിരാകരിച്ചുകൊണ്ട് പുതിയ രാഷ്ട്രീയഭാരതം വിഭാവന ചെയ്ത ഷാഹിന്‍ബാഗിനെയും ബിജെപി അപരവല്‍ക്കരിക്കാനും വര്‍ഗ്ഗീയവല്‍ക്കരിക്കാനും ശ്രമിച്ചു. ദില്ലി കലാപവും പിന്നീട് നടന്ന അറസ്റ്റും ശ്രമിച്ചത് അതിനാണ്. പക്ഷേ ജനത വീടുകളിലേക്ക് കോവിഡിനെ തുടര്‍ന്ന് പിന്‍വാങ്ങിയതോടെ വീണ്ടും തെരുവും മനസ്സും സര്‍ക്കാരിന് കീഴ്‌പ്പെടുകയായിരുന്നു.

പോസ്റ്റ് കോവിഡ് രാഷ്ട്രീയം പുതിയ മേഖല തേടുന്നത് ഭാരത് ജോഡോ യാത്രയിലാണ്. ഷാഹിന്‍ബാഗിന്റെ സ്പിരിറ്റ് ചിലപ്പോഴെങ്കിലും അത് ഓര്‍മ്മിപ്പിക്കുന്നുണ്ട്. എങ്കിലും കോണ്‍ഗ്രസ്സിന്റെ പൂര്‍വ്വകാലചരിത്രവും വര്‍ത്തമാനകാല ആശങ്കകളും ആശയപരമായ അധൈര്യവുമൊക്കെ യാത്രയുടെ ബാധ്യതയാണ്. കര്‍ണ്ണാടകം കടന്ന് വടക്കോട്ടു വരുമ്പോള്‍ ചിത്രം കുറച്ചുകൂടി തെളിഞ്ഞേക്കും. മണ്ഡല്‍ മന്ദിര്‍ മാര്‍ക്കറ്റ് രാഷ്ട്രീയത്തിന് മൂന്നു പതിറ്റാണ്ട് തികയുന്ന സന്ദര്‍ഭത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയം ഇനിയെങ്ങോട്ട് എന്നതാണ് ചോദ്യം. പല നടപ്പാതകളും നമ്മുടെ മുന്നിലുണ്ട്.

(കടപ്പാട് – പാഠഭേദം)

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply