പ്രതിസന്ധി കാലാവസ്ഥയുടേതല്ല; വ്യവസ്ഥയുടേതാണ്
അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതില്‍ നിന്നു വ്യത്യസ്തമായി, ചൈനയോ മറ്റേതെങ്കിലും രാജ്യമോ പ്രചരിപ്പിക്കുന്ന കെട്ടുകഥയല്ല കാലാവസ്ഥാവ്യതിയാനമെന്ന് ലോകം അനുഭവിച്ചറിയുകയാണ്. പ്രകൃതി ഘടകങ്ങളുടെ സന്തുലനം പരിഗണിക്കാതെ, ലാഭവും അധികാരവും മാത്രം ലക്ഷ്യം വച്ചു നടത്തുന്ന നാനാതരം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രകൃതിയില്‍ നിന്നു ലഭിക്കുന്ന മറുപടിയാവാം ഈ പ്രകൃതിക്ഷോഭങ്ങള്‍
കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ അതി തീവ്രമായ പ്രകൃതിക്ഷോഭങ്ങള്‍ക്കും രൂക്ഷമായ കാലാവസ്ഥാ ഭേദങ്ങള്‍ക്കുമാണു സാക്ഷ്യം വഹിച്ചത്. അമേരിക്കന്‍ ഐക്യനാടുകളും കാനഡയും ഉള്‍പ്പെട്ട വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ഉഷ്ണവാതങ്ങളും അത്യുഷ്ണവുമായിരുന്നെങ്കില്‍ യൂറോപ്പിലും ഏഷ്യയിലും അതിവര്‍ഷവും പ്രളയവുമായിരുന്ന. ആഫ്രിക്കയാവട്ടെ വരള്‍ച്ചയുടെ പിടിയില്‍. പ്രളയവും കൊടുങ്കാറ്റും ഉഷ്ണവാതങ്ങളും കാട്ടുതീയും വരള്‍ച്ചയുമൊക്കെ ബാധിച്ചത് നാല്പതോളം രാജ്യങ്ങളെ.
അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതില്‍ നിന്നു വ്യത്യസ്തമായി, ചൈനയോ മറ്റേതെങ്കിലും രാജ്യമോ പ്രചരിപ്പിക്കുന്ന കെട്ടുകഥയല്ല കാലാവസ്ഥാവ്യതിയാനമെന്ന് ലോകം അനുഭവിച്ചറിയുകയാണ്. പ്രകൃതി ഘടകങ്ങളുടെ സന്തുലനം പരിഗണിക്കാതെ, ലാഭവും അധികാരവും മാത്രം ലക്ഷ്യം വച്ചു നടത്തുന്ന നാനാതരം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രകൃതിയില്‍ നിന്നു ലഭിക്കുന്ന മറുപടിയാവാം ഈ പ്രകൃതിക്ഷോഭങ്ങള്‍. കാലാവസ്ഥയില്‍ പ്രകടമാവുന്ന ഇത്തരം അതിതീവ്ര വ്യതിചലനങ്ങള്‍ കൂടുതല്‍ രൂക്ഷമാവാനും അവക്കിടയിലെ ഇടവേളകള്‍ ചുരുങ്ങി വരാനുമാണു സാധ്യതയെന്ന് ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയായ ലോക കാലാവസ്ഥാ സംഘടന (WMO- World Meteorological Organization) കഴിഞ്ഞ 16-ാം തീയതി (2021 ജൂലൈ 16) മുന്നറിയിപ്പു നല്‍കി. ചൈനയിലെ സിന്‍ഹ്വാ വാര്‍ത്താ ഏജന്‍സിയോടു സംസാരിക്കുമ്പോഴാണ് ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന WMO യുടെ തലവന്‍ പെട്ടേരി താലസ് (Petteri Taalas) കാലാവസ്ഥയുടെ ഈ അതിതീവ്രവ്യത്യാസങ്ങളും പ്രകൃതി ദുരന്തങ്ങളും വര്‍ദ്ധിക്കാനാണു പോകുന്നതെന്നു മുന്നറിയിപ്പു നല്‍കിയത്. ഈ വേനല്‍ക്കാലത്ത് യൂറോപ്പില്‍ 188 പേരുടെ മരണത്തിനിടയാക്കിയ കൊടുങ്കാറ്റിനും മാരകമായ പ്രളയത്തിനും പിന്നില്‍ കാലാവസ്ഥക്കു സംഭവിക്കുന്ന മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ”ഏതു നിലക്കും വരുംദശകങ്ങളിലും കാലാവസ്ഥാ മാറ്റം തുടരും. അതിനെ വിജയകരമായി കൈകാര്യം ചെയ്യാനും ശമിപ്പിക്കാനും നമുക്കു കഴിയുന്ന പക്ഷം 2060 കളിലെത്തുമ്പോള്‍ ഈ പ്രതികൂല പ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വരുത്താന്‍ നമുക്കു കഴിഞ്ഞേക്കാ”മെന്നാണ് താലസ് പറഞ്ഞത്.
താലസിന്റെ അഭിപ്രായത്തില്‍, കാലാവസ്ഥാമാറ്റത്തെ തടഞ്ഞു നിര്‍ത്താനാവാത്ത വിധം കാര്യങ്ങള്‍ കൈവിട്ടുപോയിക്കഴിഞ്ഞിരിക്കുന്നു. അതിന്റെ രൂക്ഷത കുറക്കാനാണെങ്കില്‍ പോലും മനുഷ്യന്‍ സ്വന്തം ചെയ്തികളില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. കല്‍ക്കരിയും പെട്രോളിയവും പോലുള്ള ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗം ഗണ്യമായി കുറക്കണം; ജൈവ ഇന്ധനങ്ങളോ വൈദ്യുതിയോ ഉപയോഗിച്ച് ഓടിക്കാവുന്ന വാഹനങ്ങളിലേക്കു മാറണം; ഹരിതഗൃഹ വാതകങ്ങളുടെ ഉല്പാദനം നിയന്ത്രിക്കണം; ഭക്ഷണത്തിലെ ചുവപ്പു മാംസം (read meat) പോലുള്ള വിഭവങ്ങള്‍ കുറക്കണം. ആഗോളതാപനം നിയന്ത്രിക്കുന്നതിനു വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ നമുക്കിനി സമയം അവശേഷിക്കുന്നില്ലെന്നു തന്നെയാണു WMO തലവന്‍ പറയുന്നത്. ലോകത്തിന്റെ ഏതെങ്കിലുമൊരു ഭാഗം കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കാത്തതായി ബാക്കിയില്ലെന്നും താലസ് ചൂണ്ടിക്കാണിച്ചു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ലോക കാലാവസ്ഥാ സംഘടനയുടെ നേതാവിന് ഈയൊരു മുന്നറിയിപ്പ് വീണ്ടും പുറപ്പെടുവിക്കേണ്ടി വന്നത് യൂറോപ്പും ഏഷ്യയും അമേരിക്കയും ആഫ്രിക്കയുമൊക്കെ ഒരേ സമയം പലവിധ പ്രകൃതിക്ഷോഭങ്ങള്‍ നേരിടേണ്ടി വന്ന പശ്ചാത്തലത്തിലാണ്. ഈ ജൂലൈ 12 മുതലുള്ള ദിവസങ്ങളിലാണ് യൂറോപ്പ് അതിവര്‍ഷത്തിന്റെ ദുരിതം നേരിട്ടത്. ഒരു നൂറ്റാണ്ടിനിടക്കുണ്ടായ ഏറ്റവും വിനാശകരമായ വെള്ളപ്പൊക്കമെന്നാണ് ഇതിനെപ്പറ്റി പത്രങ്ങള്‍ പറയുന്നത്. ബ്രിട്ടനില്‍ നിന്നാണ് അതാരംഭിച്ചതെങ്കിലും ആസ്ട്രിയയും ബെല്‍ജിയവും ക്രൊയേഷ്യയും ജര്‍മ്മനിയും ലക്‌സംബര്‍ഗ്ഗും നെതര്‍ലന്റ്‌സും സ്വിറ്റ്‌സര്‍ലണ്ടും ഇറ്റലിയുമുള്‍പ്പെടെ വടക്കന്‍ യൂറോപ്പിലേക്കും മദ്ധ്യയൂറോപ്പിലേക്കും അതിവര്‍ഷവും പ്രളയവും വ്യാപിച്ചു. വിവിധരാജ്യങ്ങളിലായി 217 പേരെങ്കിലും പ്രളയത്തില്‍ മരണപ്പെട്ടു. കൃഷിക്കു പുറമെ റോഡുകളും കെട്ടിടങ്ങളും പാലങ്ങളുമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നു. 255 കോടി യൂറോയുടെ അല്ലെങ്കില്‍ 300 കോടി ഡോളറിന്റെ നഷ്ടം ഈ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഉണ്ടായതായിട്ടാണ് കണക്ക്. പതിനായിരക്കണക്കിനാളുകളെയാണ് മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് മാറ്റി പാര്‍പ്പിക്കേണ്ടിവന്നത്. ഫ്രാന്‍സ് -ബെല്‍ജിയം-നെതര്‍ലന്റ്‌സ് വഴി ഒഴുകുന്ന മ്യൂസ് (Meuse) നദിയില്‍ വമ്പിച്ച പ്രളയമാണുണ്ടായത്. ഒരു അണക്കെട്ട് പൊട്ടിത്തകരുമെന്ന ഭീതിയില്‍ രണ്ടു ലക്ഷം പേരെയാണ് മാറ്റിത്താമസിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കേണ്ടി വന്നത്. (നദിയുടെ തീരപ്രദേശങ്ങളിലെ ഭൂവിനിയോഗ രീതികളില്‍ കഴഞ്ഞ 40 വര്‍ഷക്കാലത്തിനിടയിലുണ്ടായ മാറ്റങ്ങളാണ് ഈ ദുരന്തത്തെ ഇത്രയും തീവ്രമാക്കിയത്.) ജര്‍മ്മനിയിലെ സ്റ്റീന്‍ബാക്റ്റല്‍ (Steinbachtal) ഡാം തകരുമെന്ന് എല്ലാവരും ഭയപ്പെട്ടു. ജൂലൈ 16ന് ജര്‍മ്മനിയിലെ വാസ്സെന്‍ബര്‍ഗ്ഗിനടുത്ത് റൂറിലെ (Rur) അണക്കെട്ട് പൊട്ടുക തന്നെ ചെയ്തു. നെതര്‍ലന്റ്‌സിലെ ജൂലിയാന കനാല്‍ തകര്‍ന്നതിനെ തുടര്‍ന്ന് 10000 ത്തിലധികം പേരെ മാറ്റിപാര്‍പ്പിക്കേണ്ടി വന്നു. ബെല്‍ജിയം, ജര്‍മ്മനി, നെതര്‍ലന്റ്‌സ്, ലക്‌സംബര്‍ഗ്ഗ് തുടങ്ങിയ രാജ്യങ്ങളില്‍ രണ്ടു മാസം കൊണ്ടു പെയ്യേണ്ട മഴയാണ് ജൂലൈ 14-15 തീയതികളിലെ രണ്ടു ദിവസം കൊണ്ടു പെയ്തത്.
ഇതിനു നേര്‍ വിപരീതമായിരുന്നു വടക്കന്‍ യൂറോപ്പിലെ സ്ഥിതി. സ്‌ക്കാന്റിനേവിയന്‍ രാജ്യങ്ങള്‍ ഉഷ്ണതരംഗങ്ങളുടെ പിടിയിലായിരുന്നു. ഫിന്‍ലാന്റ് കടുത്ത ചൂടാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഉത്തരധ്രുവത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഫിന്‍ലന്റില്‍ 25 സെന്റിഗ്രേഡ് എന്നു പറഞ്ഞാല്‍ പൊള്ളുന്ന ചൂടാണ്. ഏതാണ്ട് ഒരു മാസക്കാലം മുഴുവന്‍ 25 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു അവിടത്തെ അന്തരീക്ഷ ഊഷ്മാവ്. ജൂലൈ 4 ന് ലാപ്‌ലാന്റിലെ കീവോയില്‍ രേഖപ്പെടുത്തിയത് 33.6 ഡിഗ്രി സെല്‍ഷ്യസ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയ്ക്ക് രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയര്ന്ന ഊഷ്മാവ്. റഷ്യയിലും അസാധാരണാംവിധം ഉയര്‍ന്ന താപനിലയായിരുന്നു. മഞ്ഞുമൂടിക്കിടക്കാറുള്ള സൈബീരിയയുടെ പല ഭാഗത്തും വന്‍തോതില്‍ കാട്ടുതീ ബാധയുണ്ടായത് ഇതേ സമയത്തു തന്നെയായിരുന്നു.
വടക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍ പ്രദേശത്തെ വിനാശകരമായ കാട്ടുതീ ബാധക്കു കാരണം ഉയര്‍ന്ന അന്തരീക്ഷതാപവും ഉഷ്ണവാതങ്ങളുമായിരുന്നു. കാലിഫോര്‍ണിയ, യൂട്ടാ, പശ്ചിമ കാനഡ തുടങ്ങിയ പ്രദേശങ്ങളെല്ലാം കടുത്ത ചൂടേറ്റ് വലഞ്ഞു. ഭൗമോപരിതലത്തിലെ ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ താപം രേഖപ്പെടുത്തിയത് കാലിഫോര്‍ണിയയിലെ ഡെത്ത് വാലിയിലാണ്. 54.4 ഡിഗ്രി സെല്‍ഷ്യസ്. ജൂലൈ 9 നായിരുന്നു അത്. 2020 ആഗസ്റ്റ് 16 നും ഇതേ സ്ഥലത്ത് ഇതേ ഊഷ്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി 1 മുതല്‍ ജൂലൈ 19 വരെ അമേരിക്കയില്‍ രേഖപ്പെടുത്തിയ കാട്ടുതീ ബാധകളുടെ എണ്ണം 34,941 ആണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുണ്ടായിട്ടുള്ള കാട്ടുതീ ബാധകളുടെ 21 ശതമാനം വര്‍ദ്ധനവ്. തീ വീണു നശിച്ച വനപ്രദേശങ്ങളുടെ വിസ്തൃതിയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 ശതമാനത്തിന്റെ വര്‍ദ്ധനവാണ് അമേരിക്കയില്‍ ഉണ്ടായിട്ടുള്ളത്. (Down to Earth)
ദക്ഷിണ അമേരിക്കയിലെ ബ്രസീലും കടുത്ത വരള്‍ച്ച നേരിടുകയാണ്. വരള്‍ച്ചയെ നേരിടാന്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് അവിടെ. ആഫ്രിക്കയിലെ ദക്ഷിണ മാഡഗാസ്‌ക്കറും രൂക്ഷമായ വരള്‍ച്ചയുടെ പിടിയിലാണ്. വരള്‍ച്ച മൂലം 11.4 ലക്ഷം ആളുകള്‍ ഭക്ഷ്യക്ഷാമം നേരിടുകയാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ലോക ഭക്ഷ്യ പദ്ധതി (WFP – World Food Project) ചൂണ്ടിക്കാട്ടുന്നത്. 2015 നു ശേഷം ഈ പ്രദേശത്ത് ശരാശരി അളവില്‍ മഴ ലഭിച്ചിട്ടില്ല.
ഏഷ്യയിലേക്കു വന്നാല്‍ ഇന്ത്യയും ചൈനയും ഇന്തോനേഷ്യയുമൊക്കെ പ്രളയത്തിന്റെ പിടിയിലാണ്. ഇന്ത്യയില്‍ ബീഹാറും ഹിമാചല്‍ പ്രദേശും ഉത്തരാഖണ്ഡും മഹാരാഷ്ട്രയുമൊക്കെ കനത്ത വെള്ളപ്പൊക്കം നേരിടുകയാണ്. ഉത്തരാഖണ്ഡിലുണ്ടായ മേഘസ്‌ഫോടനവും അതിവര്‍ഷവും കനത്ത നാശനഷ്ടങ്ങളാണുണ്ടാക്കിയിരിക്കുന്നത്.
ഏതാണ്ട് എല്ലാ വര്‍ഷവും പ്രളയത്തെ നേരിടുന്ന ചൈനയില്‍ ഓരോ കൊല്ലം കഴിയുന്തോറും സ്ഥിതി കൂടുതല്‍ വഷളാവുകയാണ്. കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്നുണ്ടാവുന്ന പ്രകൃതിക്ഷോഭങ്ങള്‍ മൂലം ഓരോ വര്‍ഷവും സംഭവിക്കുന്ന വിനാശങ്ങളുടേയും ദുരന്തങ്ങളുടേയും അളവു കൂടി വരികയാണ്. അതിവേഗതയില്‍ തുടരുന്ന നഗരവത്ക്കരണം വിനാശങ്ങളുടെ അളവും വ്യാപ്തിയും വര്‍ദ്ധിപ്പിക്കുന്നു. ലോകത്ത് ഏറ്റവുമധികം ഹരിതഗൃഹ വാതകങ്ങള്‍ അന്തരീക്ഷത്തിലേക്കു വിടുന്ന രാജ്യമാണ് ചൈനയെന്നത് ഇതിനോടു കൂട്ടി വായിക്കണം. ചൈനയിലെ സെന്‍ട്രല്‍ ഹെനാന്‍ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴ ആയിരം കൊല്ലക്കാലത്തിനിടയിലെ ഏറ്റവും കനത്ത മഴയായിരുന്നുവത്രെ! ജൂലൈ 24-26 ദിവസങ്ങളിലായി ഷെങ്ഷൗവില്‍ രേഖപ്പെടുത്തിയ മഴ ഔദ്യോഗിക കണക്കനുസരിച്ച് 617.1 മില്ലി മീറ്ററാണ്. ആ നഗരത്തിലെ ശരാശരി വാര്‍ഷിക മഴക്കു ഏറെക്കുറെ അടുത്തു വരുമത്രേ ഇത്. ഏതാണ്ട് 12.4 ലക്ഷം പേരെയാണ് ഈ അതിവര്‍ഷം ബാധിച്ചിരിക്കുന്നത്. 160000 പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നു. ജൂലൈ മൂന്നാം വാരത്തിലുണ്ടായ അതിവര്‍ഷവും പ്രളയവും കാര്‍ഷിക പ്രധാനമായ ഹെനാന്‍ പ്രവിശ്യയില്‍ വലിയ നാശനഷ്ടങ്ങളുണ്ടാക്കി. 63 പേരെങ്കിലും മരിച്ചു. ചുരുങ്ങിയത് 1000 കോടി ഡോളറിന്റെയെങ്കിലും സാമ്പത്തിക നഷ്ടമുണ്ടായി. ഈ ദുരന്തം, കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ഗൗരവത്തോടെ ചര്‍ച്ച ചെയ്യാന്‍ ചൈനയിലെ ജനങ്ങളേയും പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് അവിടെ നിന്നുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്.
ജൂലൈയിലെ അതിവര്‍ഷവും പ്രളയവും ഇന്ത്യയില്‍ ഏറ്റവുമധികം ആള്‍ നാശവും ദുരിതവുമുണ്ടാക്കിയത് മഹാരാഷ്ട്രയിലായിരുന്നു. അവിടെ 138 പേരെങ്കിലും മരിച്ചു. ദിവസങ്ങളോളം നീണ്ടു നിന്ന പെരുമഴ നദികളില്‍ പ്രളയമുണ്ടാക്കി. പല അണക്കെട്ടുകളും കവിഞ്ഞൊഴുകി. ചിലതെങ്കിലും പൊട്ടിപ്പോകുമോ എന്ന ഭയം സൃഷ്ടിക്കാവുന്ന വിധം അപായ സ്ഥിതിയിലെത്തി. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ ചരുവില്‍ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലും അടക്കം വലിയ നാശനഷ്ടമുണ്ടായി. സത്താറയിലെ മഹാബലേശ്വറില്‍ ഒരൊറ്റ ദിവസം രേഖപ്പെടുത്തിയത് 60 സെ.മീ മഴയാണ്. 90000 ആളുകളെയാണ് മഹാരാഷ്ട്രയിലെ പ്രളയബാധിത മേഖലകളില്‍ നിന്നും മാറ്റി പാര്‍പ്പിക്കേണ്ടി വന്നത്. കനത്ത മഴയെ തുടര്‍ന്ന് റായ്ഗഢ്, രത്‌നഗിരി, സാംഗ്ലി, കൊല്‍ഹാപ്പൂര്‍ ജില്ലകളില്‍ വലിയ നാശനഷ്ടമുണ്ടായി. റായ്ഗഢിലെ തലിയേ ഗ്രാമത്തില്‍ 30 വീടുകളാണ് മലയിടിച്ചിലില്‍ മണ്ണിനടിയിലായത്. അതേ ജില്ലയിലെ മഹദില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഹെലികോപ്റ്റര്‍ ഉപയോഗിക്കേണ്ടി വന്നു. രത്‌നഗിരിയിലെ ചിപ്‌ളുനില്‍ പൊങ്ങി വരുന്ന പ്രളയജലത്തില്‍ നിന്നും രക്ഷപ്പെടാന്‍ ആളുകള്‍ക്ക് വീടുകളുടെ മേല്‍ക്കൂരയില്‍ അഭയം പ്രാപിക്കേണ്ടി വന്നു. സത്താറയില്‍ 1500 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. രണ്ടിടങ്ങളില്‍ മലയിടിച്ചിലുണ്ടായി. ഗോവയിലെ പ്രളയം സമീപദശകങ്ങളിലെ ഏറ്റവും വലിയതായിരുന്നു. ഉത്തരാഖണ്ഡിലും ബീഹാറിലും ഹിമാചല്‍ പ്രദേശങ്ങളിലുമൊക്കെ പ്രകൃതി ക്ഷോഭങ്ങളും പ്രളയവുമുണ്ടായി ആഴ്ചകള്‍ തികയും മുമ്പാണ് മഹാരാഷ്ട്രയിലും ഗോവയിലും തെലങ്കാനയിലുമൊക്കെ പ്രളയമുണ്ടാകുന്നത്. ഹിമാലയന്‍ രാജ്യങ്ങളായ ഭൂട്ടാനും നേപ്പാളും പ്രളയത്തിനു കീഴിലായിരുന്നു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ദിവസങ്ങളുടെ വ്യത്യാസത്തില്‍ രൂപപ്പെട്ട ചുഴലിക്കാറ്റുകള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെങ്ങും വലിയ ദുരന്തങ്ങളാണുണ്ടാക്കിയത്.
ഭൂഗോളത്തിന്റെ സകല ഭാഗങ്ങളിലും ഒരേ സമയം തന്നെ വ്യത്യസ്ത തരത്തിലുള്ള പ്രകൃതിക്ഷോഭങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അതിരൂക്ഷമായ ഒരു കാലാവസ്ഥാ പ്രതിസന്ധിയിലേക്കു നമ്മുടെ ഗ്രഹം നീങ്ങിക്കൊണ്ടിരിക്കുന്നു എന്നാണു വ്യക്തമാകുന്നത്. അത്തരമൊരു പ്രതിസന്ധിയുടെ സാധ്യത ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവര്‍ത്തകരും പല ദശകങ്ങള്‍ക്കു മുമ്പേ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. എന്നാല്‍ അതു ചെവിക്കൊള്ളാനോ പരിഹാര മാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളാനോ ഈ പ്രതിസന്ധിക്ക് ഉത്തരവാദികളായ സാമ്പത്തിക ശക്തികളും രാഷ്ട്രീയ ശക്തികളും തയ്യാറായിട്ടില്ല. കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാവുന്ന ഭൗമതാപനത്തെ നിയന്ത്രിക്കാനോ, അതിനു വഴി വക്കുന്ന കാര്‍ബണ്‍ ഉത്സര്‍ജ്ജനത്തെ ലഘൂകരിക്കാനോ ലോകത്തെ നിയന്ത്രിക്കുന്ന മൂലധനശക്തികള്‍ തയ്യാറായിട്ടില്ല. മനുഷ്യനുള്‍പ്പെടെയുള്ള പ്രകൃതിയുടെ ആരോഗ്യ പൂര്‍ണ്ണമായ നിലനില്പിനും സ്വാസ്ഥ്യത്തിനും വേണ്ടി തങ്ങളുടെ ലാഭലക്ഷ്യങ്ങളെ തെല്ലൊന്നു മാറ്റി വക്കാന്‍ പോലും മൂലധനശക്തികള്‍ തയ്യാറായിട്ടില്ല. പാരീസ് കരാര്‍ പോലെ ഭൗമതാപനത്തെ നിയന്ത്രിക്കാന്‍ സ്വീകരിക്കേണ്ട നടപടികളെപ്പറ്റി വ്യവസ്ഥ ചെയ്യുന്ന, തങ്ങള്‍ കൂടി ഒപ്പു വച്ചിട്ടുള്ള അന്താരാഷ്ട്ര കാരാറുകള്‍ പോലും എങ്ങനെ ലംഘിക്കാനാവും എന്നാണ് പല രാജ്യങ്ങളിലേയും ഭരണാധികാരികളുടെയും കോര്‍പ്പറേറ്റ് മേധാവികളുടെയും അന്വേഷണം.
ലോക കാലാവസ്ഥാ സംഘടന (WMO) 2020 ല്‍ തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ട് പ്രകാരം വ്യാവസായിക മുന്നേറ്റം നടന്ന കാലയളവിനെ (1850-1900) അപേക്ഷിച്ച് ഭൗമോപരിതലത്തിലെ ഇന്നത്തെ ശരാശരി ഊഷ്മാവില്‍ 1.2 ഡിഗ്രി സെന്റി ഗ്രേഡിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. സമീപകാല ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ ദശകമാണ് 2011 -2021 കാലം. കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടര്‍ന്ന് ഊര്‍ജ്ജമേഖലയില്‍ നിന്നും പുറം തള്ളപ്പെടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവില്‍ കഴിഞ്ഞ വര്‍ഷം 5. 8 ശതമാനത്തിന്റെ കുറവുണ്ടായെങ്കിലും അന്തരീക്ഷ താപനത്തിന് കാരണമാവുന്ന ഹരിതഗൃഹ വാതകങ്ങളുടെ (green house gases) ഉത്സര്‍ജ്ജനം ഓരോ വര്‍ഷവും വര്‍ദ്ധിക്കുക തന്നെയാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അന്തരീക്ഷ താപനിലയിലുണ്ടാകുന്ന ഈ വര്‍ദ്ധനവിന് ആനുപാതികമായി പ്രകൃതി ക്ഷോഭങ്ങളുടെ എണ്ണവും തീവ്രതയും ആവൃത്തിയും (frequency) വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കിടയ്ക്ക് കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങള്‍ക്ക് മൂന്ന് മടങ്ങ് വര്‍ദ്ധനവുണ്ടായെന്നാണ് ഓക്‌സ്ഫാം (Oxfam) കണക്കാക്കിയിരിക്കുന്നത്. ഓരോ വര്‍ഷവും രണ്ട് കോടി ആളുകളെയെങ്കിലും കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് മാറ്റി താമസിപ്പിക്കേണ്ടി വരുന്നുണ്ട്. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പദ്ധതി (UNEP United Nation Environmental Programme) യുടെ കണക്കനുസരിച്ച് ലോകത്തെ വികസ്വര രാജ്യങ്ങള്‍ മാത്രം കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോട് പൊരുത്തപ്പെടുന്നതിനായി-നഷ്ടപരിഹാരം നല്‍കാനും പുനരധിവാസം നടപ്പാക്കാനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനുമൊക്കെയായി – പ്രതിവര്‍ഷം 7000 കോടി ഡോളര്‍ ചെലവഴിക്കുന്നുണ്ട്. 2030 ആകുമ്പോഴേക്കും ഈ തുക 14000 കോടിക്കും 30000 കോടി ഡോളറിനുമിടക്കുള്ള ഒരു വന്‍ സംഖ്യയായി വര്‍ദ്ധിക്കും.
ആഗോളതാപനവും കാലാവസ്ഥാ മാറ്റവുമൊക്കെ പറഞ്ഞു കേള്‍ക്കുന്ന വാര്‍ത്തകളും വിശേഷങ്ങളുമല്ലെന്നും ദൈനംദിന ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണെന്നും ഏവര്‍ക്കും ബോധ്യമാവുന്ന കാലമാണിത്. അവയുടെ പ്രഹരശേഷി ലഘൂകരിക്കാന്‍ വേണ്ട കരുതല്‍ നടപടികള്‍ക്കും അതിനുമപ്പുറം ദുരന്തഫലങ്ങളെ നേരിടുന്നതിനും വേണ്ടി വലിയ സമ്പത്ത് ചെലവിടേണ്ടി വരുമ്പോള്‍ സാമ്പത്തിക ഭാരം കൊണ്ട് സമൂഹങ്ങളും രാഷ്ട്രങ്ങളും കൂടുതല്‍ വലിയ തകര്‍ച്ചയെ നേരിടും. പ്രതിസന്ധിയുടെ ആഴവും പരപ്പും ഏറും.
ഈ പ്രതിസന്ധി പ്രകൃതിയുടെ അല്ലെങ്കില്‍ കാലാവസ്ഥയുടെ പ്രതിസന്ധി യല്ല. ഇത് സമൂഹത്തിന്റെ പ്രതിസന്ധിയാണ്: വ്യവസ്ഥയുടെ പ്രതിസന്ധിയാണ്. കാലാവസ്ഥാ വ്യതിയാനത്തിനും ഭൗമതാപനത്തിനുമൊക്കെ വഴിയൊരുക്കുന്നത് പ്രകൃതി വിരുദ്ധമെന്നോ സമൂഹവിരുദ്ധമെന്നോ വിളിക്കാവുന്ന വികസന പദ്ധതികളും ഉപഭോഗ രീതികളും അവയെ പ്രയോജനപ്പെടുത്തി ലാഭവും അധികാരവും ഉറപ്പിക്കുന്ന മൂലധനത്തിന്റെ കോയ്മയുമാണ്. മൂന്ന് ദശകങ്ങള്‍ക്കു മുമ്പ് ആഗോളീകരണ നയങ്ങള്‍ നടപ്പാക്കി തുടങ്ങിയതിനു ശേഷം പ്രകൃതി ഘടകങ്ങള്‍ക്കു മേലുള്ള മൂലധനശക്തികളുടെ കടന്നുകയറ്റം എത്രയോ മടങ്ങ് വര്‍ദ്ധിച്ചതായാണ് നമുക്ക് കാണാനാവുക. ഈ മൂന്ന് ദശകകാലത്ത് നശിപ്പിക്കപ്പെട്ട വനങ്ങള്‍, മലിനീകരിക്കപ്പെട്ട ജലസ്‌ത്രോതസ്സുകള്‍, അന്തരീക്ഷം, ഭൗമഉപരിതലം, അപഹരിക്കപ്പെട്ട ഖനിജങ്ങള്‍ അങ്ങനെ അങ്ങനെ. ഈ കാലയളവില്‍ തന്നെ എത്രയെത്ര ചുഴലികൊടുങ്കാറ്റുകള്‍ ഉണ്ടായി. എത്ര കാട്ടുതീകള്‍ ഉണ്ടായി? എത്ര പ്രളയങ്ങളും വരള്‍ച്ചകളും ഉണ്ടായി? അന്നു വരേക്കും അപരിചിതമായിരുന്ന പകര്‍ച്ചാവ്യാധികള്‍ – സാര്‍സ്, മെര്‍സ്, നിപ, ഡെംഗ്യൂ പലതരം ജ്വരങ്ങള്‍, പനികള്‍, ഒടുവില്‍ മഹാമാരിയായി വളര്‍ന്ന കോവിഡ്. ഇതോടൊപ്പം തന്നെ ലോകത്തെ കോടീശ്വരന്മാരുടെ സംഖ്യയിലും ഉണ്ടായി വലിയ വര്‍ദ്ധനവ്. ദരിദ്രരും നിസ്വരുമായവരുടെ സംഖ്യയിലും വമ്പിച്ച വര്‍ദ്ധനവാണുണ്ടായത്. ഉയര്‍ന്നതും താഴ്ന്നതുമായ വരുമാനങ്ങളിലെ അന്തരവും വര്‍ദ്ധിച്ചു. ഇവയൊക്കെ തമ്മിലുള്ള പരസ്പര ബന്ധം വിശകലനവിധേയമാക്കിയാല്‍ കിട്ടുന്ന ഉത്തരം നിശ്ചയമായും വിരല്‍ ചൂണ്ടുന്നത് മൂലധനത്തിന് ആധിപത്യമുള്ള അധികാരവ്യവസ്ഥയ്ക്ക് എതിരെ ആയിരിക്കും എന്നതില്‍ സംശയമില്ല. അതുകൊണ്ടു തന്നെ, പ്രകൃതി ക്ഷോഭങ്ങള്‍- പ്രളയവും ഉഷ്ണവാതവും വരള്‍ച്ചയും ക്ഷാമവും അതിവര്‍ഷവുമൊന്നും വെറുതെ ഉണ്ടാകുന്നതല്ലെന്നും അവക്കു പിന്നില്‍ രാഷ്ട്ര വ്യവസ്ഥകളെ പ്രതിസന്ധിയിലാക്കുന്ന മൂലധന ആധിപത്യമുണ്ടെന്നും തിരിച്ചറിയുക എന്നതാണ് ഇത്തരം ദുരിതകാലങ്ങളെ ഒഴിവാക്കി നിര്‍ത്താനുള്ള പ്രാഥമിക ഉപാധികളില്‍ ഒന്ന്.
(കടപ്പാട് – ചെണ്ട)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in