വിദ്യാര്‍ത്ഥി ജീവിതം – ഒരു അശാന്ത ജാഗ്രത
ലോകത്തിലെ ഏറ്റവും വലിയ രണ്ടു വിഭാഗമാണ് തൊഴിലാളികളും വിദ്യാര്‍ഥികളും. നൂതനമായ ജീവിതബോധവും സ്വാതന്ത്ര്യ സങ്കല്‍പങ്ങളുമുള്ള വിദ്യാര്‍ത്ഥി സമൂഹത്തിനു ഒരു സംസ്ഥാനത്തിനെയോ രാജ്യത്തിനെയോ തന്നെ മാറ്റിമറിക്കാനുള്ള പ്രാപ്തി ഉണ്ട്. എന്നാല്‍ രാഷ്ട്രീയ ബുദ്ധിജീവി കാരണവന്മാര്‍ പറയുന്നു: ‘നിങ്ങള്‍ കുട്ടികളാണ് പഠിക്കുക, പ്രണയിക്കുക, തമ്മില്‍ തല്ലുക ;ഇതൊക്കെ ഈ പ്രായത്തിന്റെതാണ്’.
ക്യാമ്പസുകള്‍ വീണ്ടും ഇലക്ഷനോടടുക്കുകയാണ്. ‘പ്രളയത്തിലും തളരാത്ത പോരാട്ട വീര്യം’ എന്ന് ഏതെങ്കിലും ഒരു മാധ്യമം നാളെ ഇതിനെ വിശേഷിപ്പിച്ചേക്കാം. എന്നാല്‍ ഈ പോരാട്ടങ്ങളുടെ യുക്തി എന്താണെന്നതാണ് ഇവിടെ പരിശോധിക്കുന്നത്. അതിനായി വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ സത്തയെ വിചാരണാപരമായി നേരിടുകയും ചെയ്യുന്നു.
ക്യാമ്പസ് ഇലക്ഷനുകളില്‍ പ്രധാന ക്യാമ്പയിനിങ്ങ് ഇനങ്ങളായി പ്രത്യക്ഷപ്പെടുന്നത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്‌ഐ ഗുണ്ടായിസങ്ങളും എറണാകുളം മഹാരാജാസ് കോളേജിലെ രക്തസാക്ഷി അഭിമന്യുവുമാണ്. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ആദ്യമായും അവസാനമായും ഉയര്‍ത്തി പിടിക്കേണ്ടത് വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളാണെന്ന ധാരണ ഇന്നും ശക്തമാണ്. എന്നാല്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ പ്രശ്‌നങ്ങളില്‍ മാത്രം ഊര്‍ജ്ജം ചിലവഴിച്ച് പഠന കാലം പൂര്‍ത്തീകരിക്കേണ്ടവരല്ല എന്ന ആശയത്തിന്മേലാണ് തുടര്‍ന്ന് സംസാരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടു വിഭാഗമാണ് തൊഴിലാളികളും വിദ്യാര്‍ഥികളും. നൂതനമായ ജീവിതബോധവും സ്വാതന്ത്ര്യ സങ്കല്‍പങ്ങളുമുള്ള വിദ്യാര്‍ത്ഥി സമൂഹത്തിനു ഒരു സംസ്ഥാനത്തിനെയോ രാജ്യത്തിനെയോ തന്നെ മാറ്റിമറിക്കാനുള്ള പ്രാപ്തി ഉണ്ട്. എന്നാല്‍ രാഷ്ട്രീയ ബുദ്ധിജീവി കാരണവന്മാര്‍ പറയുന്നു: ‘നിങ്ങള്‍ കുട്ടികളാണ് പഠിക്കുക, പ്രണയിക്കുക, തമ്മില്‍ തല്ലുക ;ഇതൊക്കെ ഈ പ്രായത്തിന്റെതാണ്’.
പ്രായപൂര്‍ത്തിയായ പൗരന്മാരെ കുട്ടികളാക്കി നിലനിര്‍ത്തുന്നതില്‍ ഭരണകൂടവുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങള്‍ക്കും പങ്കുണ്ട്. കുടുംബം ഭരണകൂടത്തിന്റെ അതേ മുഖഛായയിലാണ് ഇവിടെയുള്ളത്. പല സ്വഭാവമുള്ള കുടുംബ ഭരണകൂടങ്ങള്‍. പ്രസിഡന്‍ഷ്യല്‍, പാര്‍ലമെന്ററി, രാജഭരണം തുടങ്ങിയതിന്റെയെല്ലാം ഛായയുള്ള കുടുംബങ്ങള്‍ കാണാം.
സി. ആര്‍ പരമേശ്വരന്‍ തന്റെ ‘വിപല്‍ സന്ദേശ’മെന്ന കൃതിയില്‍ ചോദിക്കുന്നുണ്ട് : ‘നിങ്ങളുടെ തലമുറ ഞങ്ങള്‍ക്ക് യൗവ്വനം നല്‍കാതെ കടന്നു പോകുന്നതെന്താണ്? അതുകൊണ്ട് ഞങ്ങള്‍ ജരാനരകള്‍ ബാധിച്ച ഇരുപത്തഞ്ച്കാര്‍’ എന്ന്.
കേരളം രണ്ടാം തവണയും ചെളിവെള്ളത്തില്‍ താഴ്ന്നതും, കുന്നിടിഞ്ഞ് വീണ് ശവശരീരം പോലും കണ്ടെത്താനാവാതെ മനുഷ്യര്‍ ഉന്മൂലനം ചെയ്യപ്പെട്ടതുമൊന്നും വിദ്യാര്‍ത്ഥികളെ ബാധിച്ച മട്ടില്ല. നമ്മുടെ പാരിസ്ഥിതിക സംരക്ഷണത്തിന്റെ പിശകോ, വികസന നയങ്ങളുടെ ദൂര വീക്ഷണമില്ലായ്മയുമോ ഒന്നും ക്യാമ്പസ് ചര്‍ച്ചകളില് ഒരു ഇനമേയല്ല.
പരിസ്ഥിതി അധികമാര്‍ക്കും താല്‍പര്യമില്ലാത്ത ഒരു വിഷയമാണെന്നു തന്നെയെടുക്കുക. കശ്മീരില്‍ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ വാര്‍ത്ത ഒളിഞ്ഞും തെളിഞ്ഞും ദിനേന പുറത്തുവന്നുകൊണ്ടിരിക്കുന്ന ഒരു സാഹചര്യം കൂടിയാണിത്. എന്നാല്‍ ഈ സംഭവവും; മതപരമായ സാധ്യതകളെങ്കിലും ഉണ്ടായിരുന്നിട്ട് കൂടി വിദ്യാര്‍ഥി മനസ്സുകളെ സ്പര്‍ശിക്കുന്നതേയില്ല.
വിദ്യാര്‍ഥി മനസ്സുകള്‍ ‘ശിക്ഷണത്തിന്റെ എണ്ണ’ യിട്ട യന്ത്രങ്ങളായാണ് പ്രവര്‍ത്തിക്കുന്നതെന്നുറപ്പിക്കാന്‍ ഇനിയും ഉദാഹരണങ്ങളുണ്ട്. ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് തൃശ്ശൂരിലെ വിനായകന്‍ എന്ന് വിദ്യാര്‍ത്ഥി പൊലീസിന്റെ ശാരീരിക മാനസിക പീഡനങ്ങളില്‍ തകര്‍ന്നു ആത്മഹത്യ ചെയതത് അന്ന് ഒരു വിദ്യാര്‍ത്ഥി സംഘടനകളും ഏറ്റെടുത്തു പോരാടിയതായി കേട്ടിട്ടില്ല. ഭരണകൂടത്തിന്റെ ഒരു മര്‍ദ്ദനോപകരണത്തോട് നേരിട്ട് പോരാടാന്‍ വിദ്യാര്‍ത്ഥി വിപ്ലവങ്ങളുടെ നിയന്ത്രിതശീലങ്ങള്‍ അവരെ അനുവദിക്കുന്നില്ല. അഭിമന്യുവിനെ കൊല ചെയ്തത് ഒരു മതാത്മക രാഷ്ട്രീയ സംഘടനയാണെങ്കില്‍ വിനായകന്റെ കാര്യത്തില്‍ അത് ഭരണകൂടോപകരണം നേരിട്ടാണ് ചെയ്തത്. അത് കൊണ്ടും ഒരു പരാമര്‍ശമോ പ്രതിഷേധ മുദ്രാവാക്യമോ പോലും ഈ വിഷയത്തില്‍ല്‍ ഇല്ലാതാകുന്നു.
2012 ല്‍ പുറത്തിറങ്ങിയ ഖസാക്കിസ്ഥാനി ചിത്രമായ ‘സ്റ്റുഡന്റ്’ (student) പ്രത്യേകമായി ഓര്‍ത്തു വച്ചിരിക്കുന്ന ഒന്നാണ്. ദസ്തയേവ്‌സ്‌കിയുടെ ‘കുറ്റവും ശിക്ഷയും’ എന്ന നോവലിനെ ആധാരമാക്കിയാണ് Darezhan Omirbaev ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചൂഷണവും അനീതിയും കണ്ടുസഹിക്കാതെ അപരന് വേണ്ടി ഒരു കൊല ചെയ്യാന്‍ പോലും തയ്യാറാവുന്ന ഫിലോസഫി വിദ്യാര്‍ത്ഥിയെയാണ് നമ്മള്‍ക്ക് സിനിമ കാണിച്ചു തരുന്നത്.
യു. പി ജയരാജിന്റെ ‘സഞ്ചാരി പറഞ്ഞ കഥകള്‍’ എന്ന ചെറു കഥയില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു: ‘അസാധാരണമായ മനശ്ശക്തിയുള്ള പരാതി കൂടാതെ ഏതു ശിക്ഷയും സ്വീകരിക്കുന്ന ഒരു പ്രതേക താരം ജീവികള്‍ നിവസിക്കുന്ന രാജ്യമാണ് ഇന്ത്യ. പട്ടിണിയും ദാരിദ്ര്യവും ജനനവും മരണവുമെന്നപോലെ സ്വാഭാവികമായെണ്ണുന്ന ഈ ജനത മനോഹരമായ, അര്‍ത്ഥമറിയാത്ത ഒരു ദേശീയ ഗാനം അപലപിക്കുകയും, ഒറ്റപ്പെട്ട സൗധങ്ങള്‍ക്കും മണിമാളികകള്‍ക്കും ചുറ്റും പരന്നു കിടക്കുന്ന ചേരികളിലും കുടിലുകളിലുമായ് പ്രജകള്‍ രാജാവിന്റെ ചുറ്റുമെന്ന പോലെ വാസിക്കുകയും ചെയ്യുന്നു. അടിച്ചേല്പിക്കപ്പെടുന്ന എത്ര കഠിനമായ ചൂഷണവും വിധിയിലും മായയിലും ലയിപ്പിച്ച് വിദ്യാ ശൂന്യരും പട്ടണിക്കോലങ്ങളുമായ ഈ ജനത ജീവിതകാലത്തൊരിക്കലും സ്വാതന്ത്ര്യം, സമത്വം, സംതൃപ്തി എന്നീ പദങ്ങളുടെ അര്‍ത്ഥം പോലും മനസ്സിലാക്കാതെ ഇവിടെ ജീവിക്കുന്നു’
യു. പി ജയരാജ് കണ്ട ഇന്ത്യയില്‍ നിന്ന് ഇന്നത്തെ ഇന്ത്യയിലേക്ക് അല്പ ദൂരം പോലുമില്ല. പുരോഗമനപരമായ ഒരു പുതിയ കാലത്തെ നിര്‍മ്മിക്കാന്‍ ഞാന്‍ പ്രാപ്തി കാണുന്നത് അന്നും ഇന്നും വിദ്യാര്‍ത്ഥികളില്‍ മാത്രമാണ് എന്ന കുമ്പസാരത്തോടെ നിര്‍ത്തുന്നു.
(ഫേസ് ബുക്ക് പോസ്റ്റ്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in