ഇനിയും ദേവികമാരുണ്ടാകാതിരിക്കാനാണ് എന്റെ പോരാട്ടം
ദിശ എന്ന സാമൂഹിക സംഘടനയുടെ സംസ്ഥാന സെക്രട്ടറിയും നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്റെ വിവേചനത്തിനെതിരെ പോരാടിയ കാലടി സര്‍വകലാശാല വിദ്യാര്‍ത്ഥിനിയുമായ അനഘ ബാബുവിനോട് പാഠഭേദം മാസിക എഡിറ്ററും ദളിത് ആക്ടിവിസ്റ്റുമായ മൃദുല ദേവി എസ്, ദി ക്രിട്ടിക്കിന് വേണ്ടി സംസാരിക്കുന്നു…
01. നിലവില്‍ പല സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളും , വ്യക്തികളും അനഘക്ക് ലാപ്‌ടോപ്പ് നല്‍കുവാന്‍ തയ്യാറായിട്ടുണ്ടല്ലോ. എന്താണ് അതിനോടുള്ള പ്രതികരണം?
എന്നെ സഹായിക്കുന്നതിന് വേണ്ടി മനസ്സു കാണിയ്ക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സാംസ്‌കാരിക സംഘടനകളോടും സാമൂഹിക സംഘടനയോടും വ്യക്തികളോടും ഞാന്‍ എന്റെ നന്ദിയും സ്‌നേഹവും അറിയിക്കുന്നു. എന്റെ വിഷയത്തില്‍ ഇടപ്പെട്ട എല്ലാ മാധ്യമങ്ങളോടും സ്‌നേഹമുണ്ട്. മനുഷ്യരുടെ ഉള്ളിലെ നന്‍മയും സാമൂഹിക പ്രതിബദ്ധതയയുമാണ് ഏറ്റവും മികച്ച മൂല്യങ്ങള്‍ എന്ന് തന്നെ ഉറച്ച് വിശ്വസിക്കുന്ന ഒരാളാണ് ഞാനും..പക്ഷേ ഏറ്റവും സ്‌നേഹത്തോടെ ഞാന്‍ സ്‌പോണ്‍സര്‍ഷിപ്പുകളെയെല്ലാം വേണ്ടെന്നു വെയ്ക്കുകയാണ്. അതെന്റെ സ്വന്തം ബോധ്യത്തില്‍ ഞാനെടുക്കുന്ന സമരമാര്‍ഗ്ഗമാണ്. കാരണം ഇത് കേവലം ഒരു ലാപ്‌ടോപ്പിന്റെ വിഷയമല്ല. ഞാനും എന്റെ അമ്മയും അനിയത്തിയും അച്ഛനും ചേര്‍ന്ന് നടത്തുന്ന അതിജീവനത്തിനായുള്ള സമരമല്ല, അന്തസ്സുറ്റ ജീവിതത്തിനായുള്ള ഒരു ജനതയുടെ സമരത്തിന്റെ ചെറിയ ഭാഗമാണ്.
02. അനഘയുടെ ഈ തുറന്നു പറച്ചിലും പോരാട്ടവും വ്യക്തിപരം എന്നതിലുപരി സാമൂഹികമാണ് എന്ന് സൂചിപ്പിച്ചല്ലോ. അത് വിശദീകരിക്കാമോ?
വ്യക്തിപരമായ ഒരു സമരമല്ലിത്, കാരണം എന്റെ അനുഭവം എന്റേത് മാത്രമല്ല. എന്റെ അതേ അനുഭവങ്ങളിലൂടെ കടന്നു പോയ കുറേയേറെ ദലിത് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഈ ദിവസങ്ങളില്‍ എന്നെ വിളിച്ചിട്ടുണ്ട്., ഫേസ്ബുക്കില്‍ തന്നെ അവര്‍ നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ച് തുറന്നെഴുതിയിട്ടുണ്ട്. ഒരു ലാപ്‌ടോപ്പ്. സ്വീകരിച്ചു എന്റെ പ്രശ്‌നം പരിഹരിച്ചാലും വീണ്ടും ഞങ്ങള്‍ ഇന്നാട്ടിലെ ദളിത് ആദിവാസി വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നം അവിടെ നിലനില്‍ക്കുക തന്നെ ചെയ്യും. അതുകൊണ്ട് തന്നെ ഞങ്ങളുടെ സ്വത്വവുമായി ബന്ധപ്പെട്ട വിഷയം ഇവിടെ അഭിസംബോധന ചെയേണ്ടതുണ്ട്. എന്നെപോലെ സാമൂഹികവും സാമ്പത്തികവുമായ ഏറ്റവും താഴെത്തട്ടില്‍ നിന്നുള്ള ആളുകള്‍ ഇതുപോലെ ഒരു കക്ഷി രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹായം ഇല്ലാതെയും നിവര്‍ന്ന് നിന്ന് അവകാശങ്ങള്‍ നേടിയെടുക്കാനാവുമെന്ന് എനിയ്ക്ക് തെളിയിക്കേണ്ടതുണ്ട്
രാജ്യത്തെ മുഴുവന്‍ ദളിത് ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിലും പൊതുസമൂഹത്തിലും നേരിടുന്ന പലതരത്തിലുള്ള വിവേചനത്തില്‍ ഒന്നിനെ അഭിസംബോധന ചെയുക മാത്രമാണ് ഞാന്‍ ചെയ്തത്. അതുകൊണ്ട് തീര്‍ച്ചയായും ഒരു രാഷ്ട്രീയ ഇടപെടലായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്. Educate,Agitate, Organize എന്ന അംബേദ്ക്കറുടെ വാക്കുകളാണ് എനിയ്ക്കും ഊര്‍ജ്ജം.
03. അനഘ പ്രവര്‍ത്തിക്കുന്ന ദിശ എന്ന സംഘടന ഇത്തരത്തിലെ സാമൂഹികവും സാംസ്‌കാരികവും അതോടോപ്പോം വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഊന്നല്‍ കൊടുത്തിട്ടുള്ളവയാണല്ലോ, അനഘക്ക് ഒരു ലാപ്‌ടോപ്പ് തയ്യാറാകുക എന്നത് അവര്‍ക്ക് ഒരു ബുദ്ധിമുട്ടുള്ള കാര്യമാണോ? അത്തരത്തില്‍ എന്തുകൊണ്ട് ഒരു ശ്രമം നടത്തിയില്ല?
തീര്‍ച്ചയായും ദിശയുടെ ഇത്തരം പ്രവര്‍ത്തനങ്ങളുമായി ഞങ്ങള്‍ നിരന്തരം ഇടപെടുന്നുണ്ട്, എന്നാല്‍ എന്നെ സംബന്ധിച്ചു എനിക്ക് രക്ഷകര്താക്കളുണ്ട് ഒരു ചെറിയ വീടുണ്ട്, ഒന്നുമില്ലാത്തവരായ അനാഥരായ ഒരു സംരക്ഷണവും ലഭ്യമല്ലാത്തവരായ അനവധി വിദ്യാര്‍ത്ഥിനികളെ ഞാന്‍ ജീവിതം മുഴുവന്‍ കണ്ടിട്ടുണ്ട്. ദിശയുടെ നയം എന്നത് സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലെ ഏറ്റവും അത്യാവശ്യക്കാര്‍ക്ക് അവകാശങ്ങള്‍ നേടികൊടുക്കുക എന്നതാണ്. അതിനോടൊപ്പം പ്രാഥമികമായി ഭരണഘടനപരമായ അവകാശങ്ങള്‍ മര്‍ദിത വിഭാഗങ്ങള്‍ക്ക് നേടിയെടുക്കുക എന്നത് ഞങ്ങളുടെ സംഘടാപരമായ വിഷയമാണ് , ആ നിലക്ക് ഭരണഘടനപരമായി ദളിതുകള്‍ക്ക് ഈ രാജ്യത്തില്‍ പ്രത്യേക പരിരക്ഷ ലഭിക്കേണ്ടതുണ്ട് എന്ന ബോധ്യം എനിക്കുണ്ട്. ദളിത് വിദ്യാര്‍ത്ഥി എന്ന നിലക്ക് എന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനം വഴി നിലവിലെ പദ്ധതിയില്‍ നിന്നും എനിക്ക് ലാപ്‌ടോപ്പ് ലഭിക്കാന്‍ നിയമപരമായി അര്ഹതയുള്ളതുകൊണ്ടാണ് ഞാന്‍ അതിനുവേണ്ടി പ്രയത്‌നിച്ചത്. അതിനു വേണ്ടി നില നില്‍ക്കുക എന്നത് എന്റെ അംബേദ്കറൈറ്റ് വൈജ്ഞാനികതയില്‍ നിന്നും ഉണ്ടാകുന്ന ഒരു രാഷ്ട്രീയ അവബോധമാണ്.എനിക്ക് നിയമപരമായി ലഭ്യമാകാന്‍ അവകാശമുണ്ടെങ്കില്‍ ഞാന്‍ എന്തിനു ദിശവഴി സ്‌പോണ്‍സര്‍ഷിപ്പ് ലഭ്യമാകാന്‍ സാധ്യതയുള്ള മറ്റൊരാളുടെ അവസരം ഇല്ലാതാക്കണം.
04. എങ്ങനെയാണ് ഈ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന തീരുമാനമെടുക്കുന്നത്?
ചേച്ചിക്കറിയാമല്ലോ ഞാന്‍ ദിശയുടെ സംസ്ഥാന സെക്രട്ടറി ആണ്. ദേവികയുടെ ആത്മഹത്യയ്ക്ക് ശേഷം ദിശയുടെ സ്ഥാപകനും എന്റെ അടുത്ത സുഹൃത്തുമായ ദിനു വെയിലാണ് ഈ വിഷയത്തില്‍ നിയമ സഹായം തേടേണ്ട ആവശ്യകതയുണ്ടെന്ന് അഭിപ്രായപെട്ടത്. ദിനുവിനോട് ഒരുപാട് തവണ ഞാന്‍ പഞ്ചായത്ത് കയറിയിറങ്ങുന്നത് സൂചിപ്പിച്ചിരുന്നപ്പോഴും അവന്‍ ശാന്തമ്മ ചേച്ചി വഴി കേസ് കൊടുക്കാമെന്നത് പറഞ്ഞിരുന്നുവെങ്കിലും ദേവികയുടെ Institutional murder ആണ് എന്നെ ഉറച്ച തീരുമാനത്തിലേയ്ക്ക് നയിച്ചത് .ദേവികയുടെ മരണം വഴിയാണ് കേരളത്തിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ നിലനിന്ന ഡിജിറ്റല്‍ ഡിവൈഡ് ഒരു പരിധിയെങ്കിലും കുറയ്ക്കുവാനുള്ള അടിയന്തര ശ്രമങ്ങള്‍ ഉണ്ടാവുന്നത് . ഞാനും ചേച്ചിയുമെല്ലാം ഉള്‍പ്പെട്ട ദലിത് സമുദായം നേരിടുന്ന അനീതകളെ കുറിച്ച് അധികാര സ്ഥാപനങ്ങള്‍ക്ക് മനസ്സിലാവണമെങ്കില്‍ നമ്മള്ളില്‍ ആരെങ്കിലും മരിച്ചേ തീരു എന്നത് എന്തൊരു നിസ്സഹായതയാണ്. മരിച്ചാല്‍ മാത്രമല്ല ജീവിച്ചിട്ട് അധിക്യതരുടെ അവഗണനയ്ക്ക് ഒരു അറുതി വരുത്തണമെന്ന ഒരുറച്ച തീരുമാനം എടുക്കുകയായിരുന്നു. തുടര്‍ന്നാണ് ദിശ വഴി അഭിഭാഷകയായ പി കെ ശാന്തമ്മ ചേച്ചി സൗജന്യമായി ഈ കേസ് നടത്താനായി തയ്യാറായത്. ശാന്തമ്മ ചേച്ചി എല്ലായ്‌പ്പോഴും പകര്‍ന്നു തരുന്ന കരുത്ത് വളരെ വലുതാണ്. ഹൈക്കോടതിയില്‍ ആദ്യ സിറ്റിംഗില്‍ തന്നെ ജസ്റ്റിസ് അലക്‌സാഡര്‍ തോമസ് സാര്‍ അനുകൂല വിധി നല്‍കിയപ്പോള്‍ ഞങ്ങളത്ര സന്തോഷത്തിലായിരുന്നു.
05 ഹൈകോടതി ഉത്തരവുമായ് ചെന്നപ്പോഴുണ്ടായ പഞ്ചായത്ത് അധികൃതരുടെയും ജനപ്രതിനിധിയുടേയും പെരുമാറ്റത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?
അത്രയധികം വിദ്യാഭ്യാസമില്ലാതിരുന്നിട്ട് കൂടി എന്റെ അമ്മയ്ക്ക് ഒരു കോടതി വിധിയുടെ പ്രാധാന്യമറിയാം . ഇത് പഞ്ചായത്ത് അധികൃതര്‍ക്കില്ലേ? ഒരു പൊതു ഉദ്ദ്യോഗസ്ഥനായ പഞ്ചായത്ത് സെക്രട്ടറി ആ ഉത്തരവ് കൈയ്യില്‍ വാങ്ങി റസീപ്റ്റ് നല്‍കി ഉത്തരവില്‍ പറഞ്ഞ പ്രകാരം കെല്‍ട്രോണിന് അയച്ചുകൊടുക്കുകയാണ് വേണ്ടത് . അല്ലാതെ Disposed ആയ ഒരു കേസില്‍ വീണ്ടും ന്യായീകരണം പറഞ്ഞിരിക്കലല്ല. ഹൈകോടതി ജഡ്ജി ഞാന്‍ പറയുന്നതാണ് കേള്‍ക്കുക എന്നൊക്കെ വലിയ മണ്ടത്തരങ്ങള്‍ പറഞ്ഞ് ആരെയാണ് പറ്റിക്കാന്‍ നോക്കുന്നത്? ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ മെമ്പര്‍ ശ്യാമള വിശ്വനാഥനാണ് അമ്മയെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചത്. കോടതി വിധിയെ കൂടിയാണ് അവര്‍ അപമാനിച്ചത് . മനുഷ്യരോട് എങ്ങനെ പെരുമാറണമെന്ന ബാലപാഠം ഇത്തരം വിഷയങ്ങളോടൊപ്പം അവര്‍ പഠിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.
06 ഞാന്‍ സ്‌നേഹത്തോടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതാണ് എന്നാണ് ശ്യാമള വിശ്വനാഥന്‍ ഒരു മാധ്യമത്തോട് സംസാരിച്ചത് .
ഇത്തരം നിഷ്‌കളങ്കമായ ‘അയ്യോ പാവം , ഞാനൊന്നു മറിഞ്ഞില്ലേ’ നുണകള്‍ കൊണ്ട് അവര്‍ സ്വയം അപഹാസ്യരാവുകയാണ് . എന്റെ അമ്മ വീട്ടിലെത്തി പൊട്ടി കരഞ്ഞ് പറഞ്ഞത് ഞങ്ങളപ്പോള്‍ വീട്ടിലില്ലായിരുന്നെങ്കില്‍ അമ്മ വല്ല കടും കൈയ്യും ചെയ്‌തേനെ എന്ന്. ഒരു പക്ഷേ ഞങ്ങള്‍ ആത്മഹത്യ ചെയ്താലും ഇവരൊക്കെ ഞങ്ങള്‍ ഒന്നും അവരോട് പറഞ്ഞില്ല എന്ന് പറഞ്ഞ് തടിതപ്പും . എന്റെ അനിയത്തിയ്ക്ക് ഭാഗ്യത്തിനാണ് അമ്മയുടെ കൈയ്യില്‍ ഫോണ്‍ റെക്കോര്‍ഡര്‍ ഓണാക്കി കൊടുക്കാന്‍ തോന്നിയത്. അല്ലെങ്കില്‍ ഞങ്ങളെ കള്ളം പറയുന്നവരാക്കി ചിത്രീകരിച്ചേനെ. അതുകൊണ്ട് ഇത്തരം നുണകള്‍ ആവര്‍ത്തിക്കാതെ ദലിതരോടും ആദിവാസികളോടും മറ്റ് പിന്നോക്ക ജനവിഭാഗങ്ങളിലെ ഓരോ മനുഷ്യനോടും ജനാധിപത്യപരമായും മാന്യമായും പെരുമാറാന്‍ പഠിക്കുവാനും സ്വയം പരിഷ്‌കരിക്കുവാനുമാണ് ഞാന്‍ ആവശ്യപ്പെടുന്നത്. അവര്‍ മാപ്പ് പറയണം.
07. അനഘ നേരിട്ട വിവേചനവുമായി ബന്ധപ്പെട്ട നിരവധി ആളുകള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. നിങ്ങള്‍ ഒന്നു മുന്‍പ് പറഞ്ഞിരുന്നെങ്കില്‍ ഇടപെടാമായിരുന്നു…? പട്ടികജാതി കമ്മീഷനെ സമീപിക്കാമായിരുന്നില്ലേ? പരാതി കൊടുക്കാമായിരുന്നാല്ലോ? മറ്റ് അധികാര ഇടങ്ങളില്‍ പരാതി നല്കാമായിരുന്നല്ലോ എന്നിങ്ങനെ നിരവധി സംശയങ്ങള്‍ അനഘയോട് ഐക്യപ്പെടുന്നവര്‍ക്ക് മുന്നില്‍ എത്തുന്നുണ്ട്… ഇതിനോട് അനഘ എങ്ങനെ പ്രതികരിക്കുന്നു?
ഹൈകോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചതിന് ശേഷമാണ് പൊതു സമൂഹം ഈ വിഷയം ശ്രദ്ധിച്ചു തുടങ്ങിയത്.എന്നാല്‍ ഈ രണ്ട് വര്‍ഷങ്ങളില്‍ അമ്മയും ഞങ്ങളും എത്ര വട്ടം പഞ്ചായത്ത ഓഫീസ് കയറിയിറങ്ങിയിട്ടുണ്ടെന്നോ . ഞങ്ങള്‍ ജനിച്ച കാലം തൊട്ട് നല്ലൊരു വീടിനായ് എത്ര വട്ടം പഞ്ചായത്തില്‍ കയറിയിറങ്ങിയിട്ടുണ്ട്.
മുന്‍പേ ഇത് സംബന്ധിച്ച് ഞാന്‍ ഏതൊക്കെ അധികാര കേന്ദ്രങ്ങളില്‍ പരാതി ബോധിപ്പിച്ചെന്നും, ഏതൊക്കെ ഉദ്യോഗസ്ഥരെ കണ്ടിട്ടുണ്ടെന്നും അവിടെ നിന്നുമൊക്കെ എന്തൊക്കെ തരത്തിലുള്ള മറുപടിയാണ് ലഭ്യമായതെന്നും എന്റെ കയ്യില്‍ കൃത്യമായി രേഖകള്‍ ഉണ്ട്..ഇതിനു വേണ്ടി ഞങ്ങള്‍ എവിടെയൊക്കെ പരാതികള്‍ ബോധിപ്പിച്ചെന്നും എവിടെയൊക്കെ ഞങ്ങളുടെ സമയവും പണവും അധ്വാനവും ചെലവഴിച്ചെന്നും ധാരണയുള്ള ആളുകളാണ് ഞങ്ങള്‍. ഒരു പക്ഷേ അതുകൊണ്ടാവും എന്റെ അമ്മയ്ക്ക് അത്രയു സങ്കടം വന്നത്.
എനിക്ക് എന്റേതായ രാഷ്ട്രീയ ശരികളുണ്ട്. ഈ വിഷയം ഒരു ലാപ്‌ടോപ്പ് നല്‍കി പരിഹരികേണ്ടതല്ലെന്നും ഈ സമൂഹത്തിനകത്തുള്ള ഡിസ്‌ക്രിമിനേഷനുകളെയാണ് ഞാന്‍ അഭിസംബോധന ചെയ്യുന്നതെന്നും അവര്‍ ബോധ്യപ്പെടണം. അര്‍ഹതയുള്ള ലാപ്‌ടോപ്പ് എനിക്ക് വിവേചനം ചെയ്തിരിക്കുന്നു. ഈ ലാപ്‌ടോപ്പ് എന്നെ സംബന്ധിച്ച് അനിവാര്യമാണ്, ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരില്‍ നിന്നും എനിക്ക് ഇത് ലഭ്യമാകാന്‍ അവകാശമുണ്ടായിരുന്നു. വീട്ടിലെ സാഹചര്യങ്ങള്‍ മോശമായതുകൊണ്ട് തന്നെ ഞങ്ങള്‍ പഠനത്തിനിടയില്‍ വീട്ടിലേക്ക് ഇടക്കിടക്ക് പോകാറുപോലുമില്ല, അതൊക്കെ വലിയ ചിലവും രക്ഷിതാക്കള്‍ക്ക് ഞങ്ങളെ നോക്കിയിരിക്കേണ്ടതായ അവസ്ഥ വരുകയും ചെയ്യും. അത്രമാത്രം ശ്രദ്ധിച്ചിടാണ് ഞങ്ങള്‍ ജീവിക്കുന്നത്. അത്രമാത്രം അത്യാവശ്യത്തിനു മാത്രമാണ് ഞങ്ങള്‍ പണം ചിലവാക്കുന്നത്. അങ്ങനെയാണ് ഞങ്ങള്‍ പഠിച്ചത്.
08 അനഘയുടെ പോരാട്ടം രാജ്യത്തെയും സംസ്ഥാനത്തെയും ദളിത് ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പ്രചോദനമായിരിക്കും എന്ന് തോന്നുന്നുണ്ടോ?
അവര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍, അതെത്രമാത്രം നിരാശാജനകമാണെന്ന് ഞങ്ങള്‍ നിരന്തരം അനുഭവിച്ചറിയുന്നതാണ്. ഇപ്പോ ഉദാഹരണത്തിന് ഈ കോടതിയില്‍ നിന്നുമൊക്കെ അനുകൂലമായി വിധിയുണ്ടാകും എന്ന ധൈര്യമൊന്നും ഞങ്ങളില്‍ എല്ലാവര്ക്കും ഉണ്ടായിക്കൊള്ളണമെന്നില്ല. ദിനു വെയിലിനോടൊപ്പവും ദിശയോടൊപ്പമുവുള്ള എന്റെ പ്രവര്‍ത്തന പരിചയവും പ്രതിഫലം വാങ്ങിക്കാതെ ശാന്തമ്മ ചേച്ചിയെപ്പോലെ ഒരു അഭിഭാഷക സപ്പോര്‍ട്ട് ചെയ്തതുമെല്ലാമാണ് എനിക്ക് ധൈര്യം തന്നത്. ദിശയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി മനുഷ്യാവകാശ സാമൂഹിക പ്രവര്‍ത്തകരുമായി എനിക്ക് ബന്ധങ്ങള്‍ ഉണ്ടായി ഇവരെല്ലാം എന്റെ ഒരു പ്രശ്‌നത്തില്‍ ഇടപെടും എന്നെനിക്ക് തോന്നി എന്നാല്‍ അങ്ങനെയൊന്നും ഇല്ലാത്ത മനുഷ്യരുണ്ട് ഒരുപാട്. മാതാപിതാക്കളോ വീടോ ഇല്ലാത്തവരുണ്ട് അവര്‍ക്കും ഈ സാമൂഹിക നീതി നിഷേധിക്കപെടുന്നുണ്ട്. ഞാന്‍ അങ്ങനെയാണ് ചിന്തിക്കുന്നത്.
09. ഉദ്യോഗസ്ഥരുടെ ഇടപ്പെടലുകള്‍ ജനാധിപത്യവല്‍കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്?
പഞ്ചായത്തടക്കമുള്ള സ്ഥാപങ്ങളെ കൂടുതല്‍ ആശ്രയിക്കേണ്ടി വരുന്നത് എപ്പോഴും സമൂഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗങ്ങളാണ് ഒരു ഗ്രാമപഞ്ചായത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ളതു തന്നെ അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായാണ്..സാധാരണക്കാര്‍ ഏറ്റവും അത്യാവശ്യങ്ങള്‍ക്കായി ഉപ്‌സയോഗിക്കുന്ന ഒരു സഥാപനമാണ് പഞ്ചായത്ത് . ഏറ്റവും പെട്ടന്ന് നീതി വിതരണം ചെയ്യുക എന്ന ലക്ഷ്യത്താല്‍ ഭരണഘടന വിഭാവനം ചെയ്ത ഈ സ്ഥാപനങ്ങള്‍ എങ്ങനെ നീതി നിഷേധിക്കാം എന്നതിന്റേതാവരുത്. ഒരു ജനാധിപത്യ രാജ്യത്ത് ജനത്തിനാണ് പരമാധികാരം എന്ന് ഓരോ ഉദ്യോഗസ്ഥനും ജനപ്രതിനിധിയും ഓര്‍ക്കണം.
നേക്കൂ എന്റെ അമ്മയല്ല കുറച്ച കൂടി ഇത്തരം വിഷയങ്ങള്‍ ബോധ്യമില്ലാത്തവരായിരുന്നെങ്കില്‍ അത് കേട്ട് ഭയപ്പെട്ട് തിരിച്ചു പോകുമായിരുന്നു. എന്റെ അമ്മയല്ല ചിലപ്പോള്‍ മറ്റൊരാളായിരുനെങ്കില്‍ ഒരുപക്ഷെ എന്റെ മകള്‍ക്കു ഉപരിപഠനത്തിനു അത്യാവശ്യമുള്ള ഒന്ന് ലഭ്യമാകില്ലലോ എന്നോര്‍ത്ത് തകര്‍ന്ന് പോകുമായിരുന്നു. എന്റെ അമ്മ തന്നെ മാനസികമായ് തളര്‍ന്നിട്ടുണ്ടായിരുന്നു. ദേവികമാരൊക്കെ ഉണ്ടാകുന്നത് അങ്ങനെയാണ്. അങ്ങനെ ഉള്ള സാഹചര്യത്തില്‍ അതിനു ഭരണഘടനപരമായ ഒരു പരിഹാരം ഉണ്ടെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. ഇത്തരം ചിന്തകള്‍ ദളിത് ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാകുന്നുണ്ടെങ്കില്‍ അതില്‍ എനിക്ക് സന്തോഷമുണ്ട് എന്നാല്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി ഈ ലാപ്‌ടോപ്പ് ലഭ്യമാകാന്‍ ഞാന്‍ അനുഭവിച്ച ഡിക്രിമിനേഷനും ട്രോമയും കണക്കാക്കിയാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്നും മനഃസമാധാനത്തോടെ അവര്‍ക്ക് പഠിക്കാന്‍ കഴിയണമെന്നുമാണ് എന്റെ ആഗ്രഹം.
10. എന്തെല്ലാം നിയമനടപടികള്‍ നിലവില്‍ സ്വീകരിച്ചു? തുടര്‍ ഇടപ്പെടലുകളെങ്ങനെ?
നിലവില്‍ മുഖ്യമന്ത്രി, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി, പട്ടികജാതി വകുപ്പ് മന്ത്രി എന്നിവര്‍ക്ക് പരാതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതു കൂടാതെ യുവജന കമ്മീഷനും എസ്സി എസ് ടി കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതികള്‍ അയച്ചിട്ടുണ്ട്. വീടിന്റെ കാര്യമടക്കം കൃത്യമായ് സൂചിപ്പിച്ചാണ് പരാതി നല്‍കിയിട്ടുള്ളത് . ദേവിക്കുളം സബ് കലക്റ്റര്‍ക്ക് അന്വേക്ഷണ ചുമതലയുള്ള തായ് അറിയാന്‍ സാധിച്ചു. ലഭ്യമാകേണ്ട ലാപ്‌ടോപ്പിനായി ഹൈക്കോടതി പറഞ്ഞ അഞ്ചാഴ്ച്ച കാലയളവു വരെ , അതായത് ഓഗസ്റ്റ് മാസം പകുതി വരെയും കാത്തിരിക്കാന്‍ തയ്യാറാണ്, അതില്‍ കൂടുതല്‍ സമയം എടുത്താല്‍ ഞാന്‍ പഞ്ചായത്തിനെതിരെ കോടതി അലക്ഷ്യത്തിന് നിയമ നടപടികളുമായി മുന്നോട്ട് പോകും. വീടിന്റെ കാര്യത്തിലും ഹൈക്കോടതി വഴി ഹര്‍ജ്ജി ഫയല്‍ ചെയ്യും.
11. അനഘയുടെ തുടര്‍പഠനത്തെക്കുറിച്ച്? സ്വപ്നങ്ങളെക്കുറിച്ച്?
എം എ കഴിഞ്ഞ് റിസള്‍ട്ടിനായ് കാത്തിരിക്കുകയാണ്. നിലവില്‍ സോഷ്യളജിയില്‍ National Eligibility test (NET) പാസ്സായി. എന്നാല്‍ JRF തന്നെ വാങ്ങി ഗവേഷണം ചെയ്യണം എന്നതാണ് എന്റെ തീരുമാനം. ചോര്‍ന്നൊലിക്കാത്ത ഒരു വീട് എന്റെ സ്വപ്നമാണ്. എന്നാല്‍ ഒരു മനുഷ്യനും എവിടെയും അപമാനിക്കപ്പെടരുതെന്നും വിവേചനം നേരിടേണ്ടി വരരുതെന്നതുമാണ് എന്റെ വലിയ സ്വപ്നം. ഡോ ബി ആര്‍ അംബേദ്കറുടെ സാമൂഹിക ജനാധിപത്യമുള്ള ഒരിന്ത്യയാണ് എന്റെ വലിയ സ്വപ്നം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Shanmughan
July 22, 2020 at 1:58 am
പ്രസക്തമായ ചോദ്യങ്ങള്‍,കൃത്യമായ മറുപടികള്‍..അഭിനന്ദനങ്ങള്‍!!!
Deepak Raj S
July 23, 2020 at 2:51 pm
Yes Anagha, you proved your mettle. Your concern for the fraternity is awesome. A lot to learn from your attitude. Educate, Agitate, Organize should be our motto. In solidarity. ✊🏿
KUMMIL SUDHEER
July 27, 2020 at 8:18 am
congrats Anagha… salute your determination and commitment. proud of you.
red&blue salute from a comrade (lal salam neel salam)