ഇനി ബി.ജെ.പിയെ നേരിടാന്‍ കുടംബമഹിമ പോര മാഡം

കോണ്‍ഗ്രസ്സിന്റെ ദേശീയപാരമ്പര്യത്തിന്നും നെഹ്‌റു-ഗാന്ധി ഫാക്ടറുകള്‍ക്കും രാജ്യത്തുണ്ടായിരുന്ന മേല്‍ക്കൈകളെ ഭേദിച്ച് നരേന്ദ്ര മോദിയുടെ പ്രതിഛായയുടെ കൂടി ബലത്തില്‍ ഹിന്ദുത്വം ഏറെക്കുറെ ആധിപത്യം സ്ഥാപിച്ചെടുത്തിരിക്കുന്നു. അതിനെ നേരിടാന്‍ പഴയ റെട്ടറിക്കുകള്‍ പോരാ, കാര്യങ്ങളെ ഗൗരവത്തിലെടുക്കാത്ത പാര്‍ട് ടൈം രാഷ്ട്രീയക്കാരന്‍ രാഹുല്‍ഗാന്ധി പോരാ ,സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി സ്ഥാനമേല്‍ക്കുന്ന അനാരോഗ്യവതിയായ പ്രസിഡണ്ട് പോരാ – പാര്‍ട്ടിയുടെ ഭാവിയെ മുന്‍ നിര്‍ത്തി സംഘടന പുന:സംഘടിപ്പിക്കുക തന്നെയാണ് വേണ്ടത്. അത് തിരിച്ചറിയാന്‍ കഴിയുന്നുണ്ടെങ്കില്‍ മാത്രമേ രാഷ്ട്രീയ ജീവിതത്തില്‍ ഇതേ വരെ പ്രകടിപ്പിച്ചു പോന്ന വിവേകം സോണിയാ ഗാന്ധിക്ക് ഇപ്പോഴുമുണ്ടെന്ന് ലോകം വിധിയെഴുതുകയുള്ളു. അങ്ങനെ വരുമ്പോള്‍ സോണിയയുടെ പ്രിഫറന്‍സ് തന്നെയായിരിക്കും രാജ്യത്തിന്റേയും പ്രിഫറന്‍സ്

ലണ്ടനില്‍ പുറത്തിറങ്ങിയിരുന്ന ഇംപാക്ട് ഇന്റര്‍നാഷനല്‍ എന്ന മാസികയില്‍ പണ്ടു വായിച്ച ഇന്ദിരാ ഗാന്ധിയുടെ ചില കത്തുകളാണ് ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്നത്. ഇംഗ്ലണ്ടില്‍ റോള്‍ സ്‌റോയ്‌സ് കമ്പനിയില്‍ അപ്രന്റീസായിരുന്ന മകന്‍ സഞ്ജയിന്ന് അയച്ച കത്തുകള്‍. അന്ന് രാജീവ് ഗാന്ധി കാംബ്രിജില്‍ ടിനിറ്റി കോളേജിലോ മറ്റോ പഠിക്കുകയാണ്. സോണിയാ മൈനോ എന്ന ഇറ്റാലിയന്‍ പെണ്‍കുട്ടിയോട് രാജീവിന്നുള്ള പ്രണയത്തില്‍ ഉത്കണ്ഠ പ്രകടിപ്പിച്ചു കൊണ്ടുള്ള കത്തുകളായിരുന്നു എല്ലാം..

സോണിയയുമായുള്ള രാജീവിന്റെ പ്രണയത്തില്‍ അനിഷ്ടം കാട്ടാന്‍ ഇന്ദിരക്ക് കാരണങ്ങള്‍ പലതുണ്ടായിരുന്നു. പ്രധാനമായും അവള്‍ ഒരു സാധാരണ കുടുംബാംഗം, കല്‍പ്പണിക്കാരന്റെ മകള്‍, ഹോട്ടലിലോ വിമാനത്തിലോ ഹോസ്റ്റസ് ആയോ സമ്പന്ന വീട്ടുകളില്‍ ഹൌസ് മെയിഡ് ആയോ പണിയെടുക്കുന്നതിന് ആവശ്യമായ ഇംഗ്ലീഷ് പഠിക്കാന്‍ വേണ്ടിയെത്തിയ പെണ്‍കുട്ടി. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മകളായി പിറക്കുകയും ആനന്ദഭവന്റെ രാജകീയ പ്രൌഢിയില്‍ വളരുകയും ചെയ്ത കേന്ദ്ര മന്ത്രി ഇന്ദിരാഗാന്ധിയുടെ കുടുംബമഹിമക്ക് ചേര്‍ന്നവളായിരുന്നില്ല സോണിയ. കാര്യപ്രാപ്തിയില്ലാത്ത രാജീവിനെ അവള്‍ വശീകരിച്ചെടുത്തുവല്ലോ എന്ന വേവലാതിയാണ് കത്തുകളിലുടനീളം. മിടുമിടുക്കനെന്ന് താന്‍ കരുതിയ മകന്‍ സഞ്ജയിനോട് അതവര്‍ പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു.

പക്ഷേ ഇന്ദിരയുടെ മൂത്ത ബഹു ആയി നെഹ്‌റു കുടുംബത്തിലേക്ക് വലതുകാല്‍ വെച്ച് കടന്നുവന്ന സോണിയ വൈകാതെ തന്നെ ഈ ആധികള്‍ ദൂരീകരിച്ചത് എങ്ങനെയെന്ന് ജാവിയര്‍ മോറോ സ്പാനിഷ് ഭാഷയിലെഴുതിയ El Sari rojo ( ചുകന്ന സാരി – The Red Sari എന്ന പേരില്‍ പീറ്റര്‍ ജെഹെറാന്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്ത പുസ്തകം) എന്ന നോവലില്‍ വിവരിക്കുന്നുണ്ട്. തികച്ചുമൊരു സാധാരണ വീട്ടമ്മയായി ജീവിച്ച അവര്‍ പുലര്‍ത്തിയ ഭാരത സ്ത്രീ തന്‍ ഭാവശുദ്ധി ഒരിക്കലും ഇന്ദിരയെ എന്നല്ല ഇന്ത്യയുടെ രാഷ്ട്രീയ വ്യവഹാരങ്ങളേയും അലോസരപ്പെടുത്തിയില്ല. രാജീവും അതെ. രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്ന് താല്‍പ്പര്യമില്ലായിരുന്നു. കോണ്‍ഗ്രസ്സുകാര്‍ അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുവരികയായിരുന്നു. അതിനെ സോണിയ എപ്പോഴും എതിര്‍ത്തു. ഇന്ദിരയുടെ മരണശേഷം രാജീവ് ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ നീക്കങ്ങള്‍ ഉണ്ടായപ്പോള്‍ അതിനെ ഏറ്റവും അധികം എതിര്‍ത്തത് സോണിയയായിരുന്നു. കുടുംബമായിരുന്നു അവരുടെ ലോകവും സമാശ്വാസവും. രാജീവിനെ ഈ ലോകത്തേക്കൊതുക്കി നിര്‍ത്താന്‍ അവര്‍ ആവത് ശ്രമിച്ചു. മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ ദമ്പതികളായിരുന്നു അവര്‍. തങ്ങളായി, തങ്ങളുടെ കുട്ടികളും കുടുംബവുമായി ജീവിക്കുന്നവര്‍.

ഇന്ദിരാഗാന്ധിയുടെ വധമാണ് സത്യം പറഞ്ഞാല്‍ ഇരുവരുടേയും ജീവിതത്തിന്റെ ഗതി മാറ്റിയത്. മനുഷ്യന്റെ ജീവിത ഘട്ടങ്ങളെ പറ്റി പറയുന്ന ഒരു ഷെയ്ക്‌സ്പീരിയന്‍ പ്രയോഗമുണ്ടല്ലോ – അണ്‍ വില്ലിംഗ്ലി റ്റു സ്‌ക്കൂള്‍. ഈ പ്രയോഗത്താല്‍ വിവക്ഷിക്കപ്പെടുന്ന കൊച്ചു കുട്ടിയെപ്പോലെയാണ് രാജീവ് രാഷ്ട്രീയത്തില്‍ വന്നത്. അതിനേക്കാള്‍ അണ്‍ വില്ലിംഗ്ലി ആയിട്ടാണ് രാജീവിന്റെ മരണശേഷംസോണിയ കോണ്‍ഗ്രസ്സിന്റെ നേതൃത്വമേറ്റെടുക്കേണ്ടി വന്നത്. എന്ന് മാത്രമല്ല മറ്റേതു കോണ്‍ഗ്രസ് പ്രസിഡണ്ടിന്നുമനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത തരത്തില്‍ ആത്മസംഘര്‍ഷങ്ങള്‍ അവര്‍ അനുഭവിച്ചിട്ടുമുണ്ട്. നിര്‍ബ്ബന്ധിച്ചു നേതാവാക്കിയവര്‍ തന്നെ അവര്‍ക്കെതിരായി പടനീക്കം നടത്തി. വിദേശ വേരുകളുള്ളതിനാല്‍ പാര്‍ട്ടിയേയും രാജ്യത്തേയും നയിക്കാന്‍ അയോഗ്യയാണെന്ന് വാദിച്ചു. കുടുംബ വാഴ്ചയെന്ന് പറഞ്ഞ് കുറ്റപ്പെടുത്തി. 1996 ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടപ്പോള്‍ പ്രമുഖരായ നേതാക്കളെല്ലാവരും പരാജയം അവരുടെ തലയില്‍ കെട്ടിവെച്ചു. 1999 ല്‍ ശരത് പവാറും പി.എ. സംഗ്മയും താരിഖ് അന്‍വറും അവരുടെ അന്യദേശത്വം ചൂണ്ടിക്കാട്ടി വേറെ പാര്‍ട്ടിയുണ്ടാക്കി. നാഷനലിസ്റ്റ് കോണ്‍ഗ്രസ് എന്ന അവരുടെ പാര്‍ട്ടി പ്പേരില്‍ തന്നെയുണ്ട് ദേശാഭിമാന വിജൃംഭിതമായി ഫണം വിടര്‍ത്തിനില്‍ക്കുന്ന സങ്കുചിത മനോനില . പില്‍ക്കാലത്ത് ഹിന്ദു തീവ്ര ദേശീയത തങ്ങളുടെ അടിത്തറ ഉറപ്പിച്ചത് അവരെ മദാമ്മയെന്ന് വിളിച്ചു തള്ളിയുണ്ടാക്കിയ വംശാഭിമാന ബോധത്തിലൂന്നിയാണ്. എന്നാല്‍ അപ്പോഴൊക്കെ സോണിയയെ തുണച്ചത് താന്‍ പുത്ര വധുവായെത്തിയ നെഹ്‌റു കുടുംബവും ഗാന്ധി എന്ന പേരും വിരിച്ചു കൊടുത്ത തണലു തന്നെ. ശരാശരി ഇന്ത്യക്കാര്‍ക്ക് വിശേഷിച്ചും ന്യൂനപക്ഷത്തിന്ന് വിശ്വാസമര്‍പ്പിച്ചു നില്‍ക്കാന്‍ ഗാന്ധിയുടേയും നെഹ്റുവിന്റേയും പാരമ്പര്യം പോലെ മറ്റൊന്നില്ല. ഈ കുടുംബ മഹിമയാണ് എല്ലാ പ്രതിസന്ധി മുഹൂര്‍ത്തങ്ങളിലും സോണിയയുടെ രക്ഷക്കെത്തിയത്. അധികാര സ്ഥാനങ്ങള്‍ വേണ്ടെന്നു വെച്ച അവരുടെ നടപടികളെ ആര്‍ഷ പ്രോക്ത ധാര്‍മ്മിക പാരമ്പര്യത്തിലെ പരിത്യാഗശീലമായി രാജ്യം കണക്കാക്കി. വേണമെങ്കില്‍ 2004 ലും 2009 ലും അവര്‍ക്ക് പ്രധാനമന്ത്രിയാകാമായിരുന്നു. അത് വേണ്ടെന്ന് വെച്ചത് തന്ത്രമോ ഗത്യന്തരമില്ലായ്മയോ ആണെന്ന് പറയുന്നവരുണ്ട്. എന്നാല്‍ അതൊരു ത്യാഗമായാണണ് ഇന്ത്യന്‍ മനസ്സ് കണക്കാക്കിയത്. നെഹ്‌റു – ഗാന്ധി പാരമ്പര്യത്തിന്റെ അവകാശി എന്ന നിലയിലാണ് ജനം സോണിയക്ക് ഈ സമ്മതി നല്‍കിയത്. ഈ പാരമ്പര്യമാണ് അവരുടെ ആസ്തി. ഇങ്ങനെയൊരു ആസ്തി ഇന്ന് കോണ്‍ഗ്രസ്സില്‍ മറ്റാര്‍ക്കുമില്ല. ഈ കുടുംബത്തില്‍ പെട്ടവര്‍ക്കല്ലാതെ സ്വതന്ത ഭാരതത്തില്‍ ആര്‍ക്കും ഉണ്ടായിട്ടമില്ല.

എന്നാല്‍ ഈ കുടുംബമഹിമ വകവെച്ചു കൊടുക്കാന്‍ വിസമ്മതിക്കുന്ന എതിര്‍ ശബ്ദങ്ങളാണ് ഇന്ന് കോണ്‍ഗ്രസ്സില്‍ ഉയര്‍ന്നുവരുന്നത്. വെറും കടുംബ പുരാണം പറഞ്ഞുകൊണ്ടിരുന്നാല്‍ ബി.ജെ.പിക്കെതിരായി പാര്‍ട്ടിക്ക് പിടിച്ചു നില്‍ക്കാനാവുകയില്ല എന്നാണ് നേതൃത്വ പുനസ്സംഘടന വേണമെന്ന് കത്തെഴുതിയ നേതാക്കള്‍ പറയുന്നത്. നരേന്ദ്ര മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരില്‍ രാജ്യത്തെ ഒന്നിച്ചു നിര്‍ത്താന്‍ പ്രാപ്തിയുള്ള നേതൃത്വം ഉണ്ടായേ തീരൂ. അതിന്നു് സംഘടനയുടെ അടിസ്ഥാന ദൗര്‍ബ്ബല്യങ്ങള്‍ പരിഹരിക്കണമെന്ന കത്തെഴുത്തുകാരുടെ വാദം ന്യായയുക്തമാണ്. അത് തിരിച്ചറിയുകയും ഉള്‍ക്കൊള്ളുകയുമാണ് സോണിയക്ക് കരണീയം.

സാധാരണ നിലയ്ക്ക് അതവര്‍ക്ക് അസാധ്യമല്ല. അധികാരത്തില്‍ ആസക്തയല്ല സേണിയാ ഗാന്ധി. യുദ്ധകാലാനന്തര ഇറ്റലിയില്‍ സ്വന്തം കഠിനാധ്വാനത്തിലൂടെ ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാന്‍ പാടുപെട്ട സ്റ്റെഫാനോ മെയ്‌നോ എന്ന കല്‍പ്പണിക്കാരന്റെ മകളായി വളര്‍ന്ന ബാല്യ കൗമാരങ്ങള്‍ അത്തരം ആസക്തികളെ നിരാകരിക്കാന്‍ സോണിയയെ പരിശീലിപ്പിച്ചിട്ടുണ്ട്. അത് കൊണ്ട് കൂടിയാണ് പലപ്പോഴും അവര്‍ സ്ഥാനമാനങ്ങള്‍ ത്യജിക്കാന്‍ തയ്യാറായത്. അതെല്ലാം വ്യക്തിപരമായ താല്‍പര്യങ്ങളായിരുന്നു ഇപ്പോള്‍ പാര്‍ട്ടിക്ക് വേണ്ടി അവര്‍ മാറി നില്‍ക്കുകയാണ് ഉചിതം. സോണിയക്കും നെഹ്‌റു കുടുംബത്തിന്നുമെതിരായ നീക്കമെന്നും മറ്റും പറഞ്ഞ് വിമതസ്വരങ്ങളെ അടിച്ചമര്‍ത്താന്‍ തല്‍ക്കാലത്തേക്ക് പാര്‍ട്ടിയെ നിയന്ത്രിക്കുന്ന നേതൃനിരക്ക് കഴിയും. 1996 ല്‍ ഉയര്‍ന്ന എതിര്‍പ്പുകളെ കുടുംബ മഹിമ പറഞ്ഞാണ് സോണിയക്ക് ചുറ്റുമുള്ള നേതാക്കള്‍ പ്രതിരോധിച്ചതും ഇപ്പോഴും അത് സാധിക്കാവുന്നതേയുള്ളു. എന്നാല്‍ അന്നത്തെപ്പോലെ എളുപ്പമല്ല ഇന്ന് കാര്യങ്ങള്‍. കോണ്‍ഗ്രസ്സിന്റെ ദേശീയപാരമ്പര്യത്തിന്നും നെഹ്‌റു-ഗാന്ധി ഫാക്ടറുകള്‍ക്കും രാജ്യത്തുണ്ടായിരുന്ന മേല്‍ക്കൈകളെ ഭേദിച്ച് നരേന്ദ്ര മോദിയുടെ പ്രതിഛായയുടെ കൂടി ബലത്തില്‍ ഹിന്ദുത്വം ഏറെക്കുറെ ആധിപത്യം സ്ഥാപിച്ചെടുത്തിരിക്കുന്നു. അതിനെ നേരിടാന്‍ പഴയ റെട്ടറിക്കുകള്‍ പോരാ, കാര്യങ്ങളെ ഗൗരവത്തിലെടുക്കാത്ത പാര്‍ട് ടൈം രാഷ്ട്രീയക്കാരന്‍ രാഹുല്‍ഗാന്ധി പോരാ ,സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി സ്ഥാനമേല്‍ക്കുന്ന അനാരോഗ്യവതിയായ പ്രസിഡണ്ട് പോരാ – പാര്‍ട്ടിയുടെ ഭാവിയെ മുന്‍ നിര്‍ത്തി സംഘടന പുന:സംഘടിപ്പിക്കുക തന്നെയാണ് വേണ്ടത്. അത് തിരിച്ചറിയാന്‍ കഴിയുന്നുണ്ടെങ്കില്‍ മാത്രമേ രാഷ്ട്രീയ ജീവിതത്തില്‍ ഇതേ വരെ പ്രകടിപ്പിച്ചു പോന്ന വിവേകം സോണിയാ ഗാന്ധിക്ക് ഇപ്പോഴുമുണ്ടെന്ന് ലോകം വിധിയെഴുതുകയുള്ളു. അങ്ങനെ വരുമ്പോള്‍ സോണിയയുടെ പ്രിഫറന്‍സ് തന്നെയായിരിക്കും രാജ്യത്തിന്റേയും പ്രിഫറന്‍സ്

ഇങ്ങനെയൊരു പൊളിച്ചെഴുത്തിന്ന് ഇപ്പോള്‍ കത്തെഴുതിയവരും കത്തെഴുതിയവര്‍ക്കെതിരില്‍ കത്തിയെടുക്കുന്നവരുമായ രണ്ടാം നിര കോണ്‍ഗ്രസ് നേതൃത്വം എത്രത്തോളം സജ്ജമാണ്? അതാലോചിക്കുമ്പോഴാണ് സോണിയ എത്രത്തോളം മികച്ച നേതാവായിരുന്നു എന്ന് നമുക്ക് ബോധ്യപ്പെടുക. അധികാരത്തിലും പദവിയിലും വലിയ കമ്പമില്ലാത്ത നേതാവ് മാത്രമായിരുന്നില്ല അവര്‍. മറിച്ച് ജനക്ഷേമത്തില്‍ തല്‍പ്പരയുമായിരുന്നു എന്നാണ് അനുഭവ പാഠം. അവരുടെ കിച്ചന്‍ കാബിനറ്റാണ് വിവരാവകാശ നിയമത്തിന്റയും ഭക്ഷ്യ സുരക്ഷാ നിയമത്തിന്റേയും മറ്റും ഉപജ്ഞാതാക്കള്‍. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയും അവര്‍ ഉപദേഷ്ടാവായിരുന്ന യു.പി.എക്കാലത്ത് വന്നതാണ്. അതൊന്നും മാര്‍ക്കറ്റ് ചെയ്യാന്‍ അവര്‍ക്കോ കോണ്‍ഗ്രസ്സിന്നോ സാധിച്ചില്ല. ഇനി സാധിക്കണമെന്നുമില്ല, ഇക്കണ്ട പോലെയാണ് പോക്കെങ്കില്‍ തികച്ചും വീട്ടമ്മയായ സോണിയാ ഗാന്ധിയുടെ വീട്ടു മാനേജ്‌മെന്റ് വൈഭവത്തിന്ന് തൊഴിലുറപ്പ് പദ്ധതിയുടെ സാമ്പത്തികശാസ്ത്രം മനസ്സിലാവും. കഷ്ടപ്പെട്ട് സ്‌കൂള്‍ പഠിപ്പ് പൂര്‍ത്തിയാക്കിയ യാഥാസ്ഥിതിക കുടുംബാംഗമായ അവര്‍ക്ക് വിദ്യാഭ്യാസാവകാശമുള്‍ക്കൊള്ളാനാവുംകൈവന്ന കുടുംബ മാഹാത്മ്യം പോലെ കൂടെയുള്ള ജീവിത ദര്‍ശനവും സോണിയയെ തുണച്ചിട്ടുണ്ട്.

ഇനി കോണ്‍ഗ്രസ്സിന്ന് ഒരു വീട്ടമ്മയുടെ മിടുക്കു കൊണ്ടും ശ്രീത്വം കൊണ്ടും പിടിച്ചു നില്‍ക്കാനാവുകയില്ല. അതിനാല്‍ പുതിയൊരു കോണ്‍ഗ്രസ്സിന്റെ പിറവിക്ക് വഴിയൊരുക്കാനായിരിക്കണം ഇനിയുള്ള സോണിയയുടെ ശ്രമം. ‘ഈ പുതിയ കോണ്‍ഗ്രസ്സിന്റെ അനിവാര്യതയെപ്പറ്റി രാജ്യം ചിന്തിച്ചു തുടങ്ങി. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം സംഘപരിവാര്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് വെറുതെയല്ല. അവരുടെ ആക്രമണത്തിന്റെ ഫോക്കസ് നെഹ്‌റു കുടുംബമായിരിക്കുന്നതും വെറുതെയല്ല. കോണ്‍ഗ്രസ്സിന്റെ ജനപിന്തുണയുടെ അടിത്തറ തകര്‍ക്കാന്‍ നെഹ്‌റു കുടുംബത്തിന്റെ പ്രഭാവം നിര്‍വീര്യമാക്കിയാല്‍ മതി എന്ന് ബി.ജെ.പി. കരുതുന്നു. അതിനാല്‍ ആ പ്രഭാവം കൈമുതലായിട്ടില്ലാത്ത ഒരു കോണ്‍ഗ്രസ്സായിരിക്കണം ബി.ജെ.പിക്കെതിരില്‍ രംഗത്തുവരേണ്ടത്. സോണിയ ചെയ്യേണ്ടത് അത് എളുപ്പമാക്കുകയാണ്. അല്ലാതെ ഫാസിസത്തിലേക്കും ഏകാധിപത്യത്തിലേക്കുമുള്ള വഴി എളുപ്പമാക്കിക്കൊടുക്കാന്‍ ഒരു സോണിയ വേണോ? പുതിയ സാഹചര്യത്തില്‍ ഹൈന്ദവ ഫാസിസത്തെ നേരിടാന്‍ പഴയ ഭാരങ്ങളില്‍ നിന്ന് വിമുക്തമായ പുതിയൊരു കോണ്‍ഗ്രസ്സാണ് വേണ്ടത്

ഇപ്പോഴത്തെ കോണ്‍ഗ്രസ്സാണ് ഇന്ത്യയില്‍ ഒരു പ്രതിപക്ഷത്തിന്റെ ഉയിര്‍പ്പിന്ന് തടസ്സമായി ഭവിക്കുന്നത് എന്നൊരു നിരീക്ഷണമുണ്ട്. അതില്‍ ശരിയുമുണ്ട്. ആന്തരിക ജനാധിപത്യത്തിന്നു വേണ്ടി ഇപ്പോള്‍ രംഗത്ത് വന്നിട്ടുള്ള നേതാക്കള്‍ക്ക് പാര്‍ട്ടിയുടെ ഈ പരിമിതിയെ മറികടക്കാന്‍ കഴിയണം. അവരില്‍ പലരും ഓരോ കാലത്ത് ഓരോരോ താല്‍പര്യങ്ങള്‍ക്കു വേണ്ടി നിന്നവരാവാം, പലര്‍ക്കും കൊതിക്കെറുവുകളുണ്ടാവാം. പാര്‍ട്ടിയെ സചേതനമാക്കാന്‍ അവര്‍ക്ക് എത്രത്തോളം കഴിയുമെന്ന കാര്യത്തില്യം ഉറപ്പില്ല. പക്ഷേ അവര്‍ മുന്നോട്ട് വെച്ചത് ജനാധിപത്യസ്വഭാവത്തോടെയുള്ള തെരഞ്ഞെടുപ്പും സംഘടനാ സംവിധാനവുമാണ്. ഈ ആശയത്തെ പാര്‍ട്ടി നേതൃത്വത്തില്‍ ഇപ്പോഴുള്ള ഏറ്റവും സ്വീകാര്യയും പക്വമതിയുമായ നേതാവെന്ന നിലയില്‍ സോണിയാ ഗാന്ധി പിന്തുണച്ചേ തീരു. ജനാധിപത്യം എന്ന ആശയം പാര്‍ട്ടിക്ക് പണ്ടേക്ക് പണ്ടേ പരിചിതമാകയാല്‍, കുറേയേറെ വര്‍ഷങ്ങളായി അത് അപരിചിതമാകയാല്‍.

അതിനാല്‍ ഗുഡ്‌ബൈ സോണിയാ, കോണ്‍ഗ്രസ്സിനെ അതിന്റെ പാട്ടിന്നു വിടൂ.

(കടപ്പാട് – പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply