ഡെന്മാര്‍ക്കില്‍ എന്തോ ചീഞ്ഞുമാറുന്നു

കമ്പനിക്ക് കോവിഡ് മരുന്നു പരീക്ഷണം നടത്തുന്ന വന്‍കിട മരുന്നു കമ്പനിയായ ഫൈസറുമായി ബന്ധമുണ്ടെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകത്തെ മുന്‍ നിര മരുന്നു കമ്പനിയാണ് ഫൈസര്‍. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളുടെ സ്വകാര്യത ചോരുമെന്നതില്‍ സംശയമെന്തിന്? ഇത്തരമൊരു സാഹചര്യത്തില്‍ കമ്പനി സൗജന്യ സേവനം നല്‍കുന്നതിലും അത്ഭുതമില്ല.

സ്പ്രിങ്ക്‌ളര്‍ ഡാറ്റാ വിവാദം തീരുന്നില്ല. വിവാദത്തില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിരിക്കുകയാണ്. സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണ്. എന്നാല്‍ ഡാറ്റ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്കയുണ്ടെന്ന ശരാശരി മലയാളിയുടെ ചിന്തതന്നെയാണ് കോടതിയും പങ്കുവെച്ചത്. സ്പ്രിംക്ലര്‍ വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്യുന്ന ഡാറ്റകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവാദിത്വം വഹിക്കണമെന്നും നിയമ വകുപ്പ് അറിയാതെ കരാര്‍ നടപ്പാക്കിയത് എന്തിനെന്ന് വിശദീകരണം വേണമെന്നും ഹൈക്കോടതി പറഞ്ഞു. വ്യക്തിയുടെ ആരോഗ്യ വിവരങ്ങള്‍ പ്രധാനപ്പെട്ട രേഖയാണ്. കരാറില്‍ മൂന്നാം കക്ഷിയുടെ ആവശ്യം എന്താണെന്നും ഹൈക്കോടതി ആരാഞ്ഞു. സ്പ്രിംക്ലറുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കണമെന്നും അതിനുശേഷം അപ്ലോഡ് ചെയ്താല്‍ മതിയെന്നുമാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്.

കമ്പനിക്ക് കോവിഡ് മരുന്നു പരീക്ഷണം നടത്തുന്ന വന്‍കിട മരുന്നു കമ്പനിയായ ഫൈസറുമായി ബന്ധമുണ്ടെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകത്തെ മുന്‍ നിര മരുന്നു കമ്പനിയാണ് ഫൈസര്‍. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളുടെ സ്വകാര്യത ചോരുമെന്നതില്‍ സംശയമെന്തിന്? ഇത്തരമൊരു സാഹചര്യത്തില്‍ കമ്പനി സൗജന്യ സേവനം നല്‍കുന്നതിലും അത്ഭുതമില്ല. പ്രളയകാലം കഴിഞ്ഞപ്പോള്‍ വന്ന KPMG എന്ന ആഗോള കണ്‍സള്‍ട്ടിംഗ് കമ്പനിയും പറഞ്ഞത് ഇങ്ങനെയൊക്കെയായിരുന്നു.

കൊവിഡ് കാലത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സാമാന്യം ഭംഗിയായി മുന്നോട്ടുപോകുമ്പോഴാണ് ഡാറ്റാ വിവാദം ഉയര്‍ന്നു വന്നത്. കൊവിഡ് ഭീഷണി ആരംഭിച്ചതുമുതല്‍ ഏതു വിഷയത്തേയും ചോദ്യത്തേയും ആര്‍ജ്ജവത്തോടെ സമീപിക്കുകയും മറുപടി പറയുകയും ചെയ്തിരുന്ന മുഖ്യമന്ത്രിയില്‍ നിന്ന് അത്തരമൊരു സമീപനം ഈ വിഷയത്തില്‍ കണ്ടില്ല. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ തുടര്‍ന്ന് ഒരു ഘട്ടത്തില്‍ വാര്‍ത്താസമ്മേളനങ്ങള്‍ നിര്‍ത്തിയ മുഖ്യമന്ത്രി, പിന്നീട് ചോദ്യം ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ മാധ്യമസിന്‍ഡിക്കേറ്റ് എന്നു വിളിച്ച് ആക്ഷേപിക്കുകയാണ്. മറുവശത്ത് എല്ലാം തന്റെ ഉത്തരവാദിത്തമാണെന്ന് ഐ ടി സെക്രട്ടറി പറയുന്നത് വിശ്വസനീയമല്ല. ഈ ഐ ടി സെക്രട്ടറിയാകട്ടെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി കൂടിയാണ്. ഐ ടി വകുപ്പ് മുഖ്യമന്ത്രിക്കു കീഴിലുമാണ്. ഡെന്മാര്‍ക്കില്‍ എന്തോ ചീഞ്ഞുമാറുന്നു എന്ന തോന്നല്‍ തന്നെയാണ് മുഖ്യമന്ത്രിയുടേയും പിന്നാലെ നിയമമന്ത്രിയുടേയും പ്രതികരണം വ്യക്തമാക്കുന്നത്. തീരുമാനത്തെ ന്യായീകരിക്കാനെന്ന ഭാവേന നിയമമന്ത്രി എ കെ ബാലന്‍ ഐ ടി വകുപ്പിനു മാത്രമാണ് ഉത്തരവാദിത്തമെന്നും എന്തു സംഭവിച്ചാലും തന്റെ വകുപ്പിന് അതില്‍ പങ്കില്ലെന്നും പറഞ്ഞുവെച്ചു.

സിപിഎം കേന്ദ്ര നേതൃത്വവും പുതിയ വിവാദത്തില്‍ സംതൃപ്തരല്ല എന്നാണ് വാര്‍ത്ത. അലന്‍, താഹ വിഷയത്തിലും യു എ പി എ വിഷയത്തിലും കേരള സര്‍ക്കാര്‍ തങ്ങളുടെ അഭിപ്രായത്തെ തള്ളിയതില്‍ കേന്ദ്രത്തിനുള്ള അമര്‍ഷം പല രീതിയിലും പുറത്തുവന്നിരുന്നു. ആനന്ദ് തെല്‍തുംഡെയെയും ഗൗതം നവലാഖയെയും യുഎപിഎ ചുമത്ത് എന്‍ഐഎ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എം എ ബേബി കഴിഞ്ഞ ദിവസമിട്ട ഫേസ് ബുക്ക് പോസ്റ്റ് കേരള സര്‍ക്കാരിനുള്ള ഒളിയമ്പുകൂടിയായിരുന്നു. സ്വകാര്യതക്കുള്ള വ്യക്തിയുടെ അവകാശത്തെ കുറിച്ചുള്ള പാര്‍ട്ടിയുടെ നയത്തിനു വിരുദ്ധമാണ് സര്‍ക്കാര്‍ നടപടി എന്ന അഭിപ്രായം കേന്ദ്രനേതാക്കള്‍ക്കുണ്ട്. കഴിഞ്ഞ ദിവസം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞത് അസാധാരണ സമയത്തെ അസാധാരണ തീരുമാനമാണിതെന്നും അതിലെ ശരി തെറ്റുകള്‍ പിന്നീട് വിശകലനം ചെയ്യുമെന്നുമായിരുന്നു. സ്വകാര്യതക്കുള്ള അവകാശം ഭരണഘടനാനുസൃതമാണെന്ന സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത പിണറായിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആധാര്‍ നിര്‍ബന്ധമാക്കുന്ന വിഷയത്തിലും സിപിഎം എടുത്ത നിലപാട് ഇപ്പോഴത്തേതിന് കടകവിരുദ്ധമായിരുന്നു. അന്നു ബിജെപി നേതാക്കള്‍ പറഞ്ഞ ന്യായീകരണങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ സൈബര്‍ പോരാളികള്‍ പ്രചരിപ്പിക്കുന്നത് എന്നതാണ് കൗതുകകരം. എന്തായാലും പാര്‍ട്ടി കേന്ദ്രനേതൃത്വം മുഖ്യമന്ത്രിയോടും പാര്‍ട്ടിയോടും വിശദീകരണം ചോദിച്ചതായാണ് അറിവ്. എന്നാല്‍ സംസ്ഥാനനേതൃത്വം പതിവുപോലെ മുഖ്യമന്ത്രിക്കൊപ്പമുണ്ട്. മറ്റു പല വിഷയങ്ങളിലുമെന്ന പോലെ ഈ വിഷയത്തിലും സിപിഐക്ക് അതൃപ്തിയുണ്ട്. അതിന്റെ വ്യക്തമായ പ്രഖ്യാപനമാണ് ഇന്നത്തെ ജനയുഗം മുഖപ്രസംഗം. വിവരസ്വകാര്യതയും സുരക്ഷിതത്വവും സജീവ ചര്‍ച്ചാവിഷയമാകുന്ന കേരളത്തില്‍ നമ്മുടെ സ്വാതന്ത്ര്യം, ജനാധിപത്യം, സ്വാശ്രയത്വം, പരമാധികാരം എന്നീ മൂല്യങ്ങള്‍ വിവരസമ്പദ്ഘടനയുടെ ഈ യുഗത്തില്‍ എങ്ങനെ സംരക്ഷിക്കാനാവുമെന്നത് സജീവ പരിഗണന അര്‍ഹിക്കുന്നു എന്നാണ് ആ മുഖപ്രസംഗം അവസാനിക്കുന്നത്.

ഒരാളുടെ സമ്മതമോ അറിവോ ഇല്ലാതെ ആരോഗ്യ ഡേറ്റ സ്വകാര്യ കമ്പനിക്ക് കൈമാറി എന്നതു തന്നെയാണ് ഡാറ്റാ വിവാദത്തില കേന്ദ്രവിഷയം. തന്റെ പേരും വിട്ടുപേരും ആരോഗ്യ വിവരങ്ങളും ആരു എപ്പോള്‍ എങ്ങനെ എന്തിന് വേണ്ടി ഉപയോഗിക്കുന്നു വന്നത് അറിയാനുള്ള ഓരോരുത്തരുടേയും അവകാമാണ് അങ്ങനെ നിഷേധിക്കുന്നത്. പൗരന്‍ എന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലുമുള്ള എല്ലാ മൂല്യങ്ങള്‍ക്കും എതിരാണത്. അതി ജാഗ്രതയുടെ ആവശ്യമുണ്ടെങ്കിലും ഒരു പാനിക്ക് എമര്‍ജന്‍സിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തില്‍ അതിനായി പറയുന്ന ന്യായീകരണമൊന്നും അംഗീകരിക്കാവുന്നതല്ല. നിങ്ങള്‍ ആധാര്‍ എടുത്തില്ലേ, ഫേസ് ബുക്കിലും വാട്‌സ് ആപ്പിലുമില്ലേ തുടങ്ങിയ ചോദ്യങ്ങളും തികച്ചും അരാഷ്ട്രീയമാണ്. സര്‍ക്കാര്‍ ലോഗോയെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥനേയും സ്വകാര്യ കമ്പനി മാര്‍ക്കറ്റില്‍ ഉപയോഗപ്പെടുത്തിയത് ഏന്തിന്റെ അടിസ്ഥാനത്തിലാണെന്നു പറയാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. തനിക്കൊളിപ്പിക്കാന്‍ ഒന്നുമില്ലെന്ന ബന്യാമന്റെ അരാഷ്ട്രീയവാദം പോലെ ജനാധിപത്യസംവിധാനത്തിലെ രാഷ്ട്രീയനേതാക്കളും ഭരണകര്‍ത്താക്കളും പറയരുത്. സര്‍ക്കാര്‍ നടപടിയില്‍ വിമര്‍ശനമുന്നയിക്കുന്നവര്‍ മുഴുവന്‍ കേരളത്തെ ലോകത്തിനു മുന്നില്‍ താഴ്ത്തികെട്ടാന്‍ ശ്രമിക്കുന്നവരാണെന്നു ആക്ഷേപിക്കുന്ന, സൈബര്‍ കൂട്ടങ്ങളാകട്ടെ സ്വന്തം പാര്‍ട്ടിയുടെ നിലപാടുപോലും പഠിക്കാത്തവരാണ്. കേവലം സാങ്കേതികമായി ഈ വിഷയത്തെ സമീപിക്കുന്ന വിദഗ്ധരുടെ അവസ്ഥയും വ്യത്യസ്ഥമല്ല.

ആധുനികലോകത്ത് ഏറ്റവും വലിയ ചരക്ക് ഡാറ്റയാണെന്ന് അറിയാത്തവരും ഉണ്ടെന്നതാണ് അത്ഭുതപ്പെടുത്തുന്നത്. അവയുടെ വിശകലനം ഏതൊക്കെ രീതിയില്‍ ബിസിനസ്സ് പ്രമോഷനുകള്‍ക്ക് ഉപയോഗിക്കാമെന്നതെ കുറിച്ച് എത്രയോ പഠനങ്ങള്‍ ലഭ്യമാണ്. അതിനാല്‍ തന്നെ അതിനൊരു മൂല്യമുണ്ട്. ഇവിടെയാകട്ടെ അത് ശേഖരിച്ചു കൊടുക്കുന്നത് സര്‍ക്കാര്‍ തന്നെ. അതാകട്ടെ ഏറ്റവും മാര്‍ക്കറ്റുള്ള ആരോഗ്യമേഖലയിലെ ഡാറ്റ, പ്രത്യേകിച്ച് കൊവിഡ് എന്ന മഹാമാരിയുടെ സന്ദര്‍ഭത്തില്‍. അതിനെയാണ് ഫേസ് ബുക്കും മൊബൈലുമൊക്കെയായി താരതമ്യം ചെയ്ത് ന്യായീകരിക്കുന്നത്. ആധാര്‍ ഡാറ്റ ചോര്‍ന്നതിനെ കുറിച്ച് സമീപകാലത്തു വിവാദം നടന്നപ്പോള്‍ ഇടതുനിലപാട് എന്തായിരുന്നു എന്നതുപോലും ഇവരോര്‍ത്തെങ്കില്‍..!! വികസിത രാജ്യങ്ങളില്‍ വിവരസുരക്ഷിതത്വം, സ്വകാര്യത എന്നിവ സംബന്ധിച്ച് ഒട്ടേറെ നിയമനിര്‍മ്മാണങ്ങള്‍ ഇതിനകം നടന്നിട്ടുണ്ട്. ഇന്ന് വിവര സമ്പദ്ഘടനയില്‍ ആധിപത്യം പുലര്‍ത്തുന്ന മൂലധനശക്തികള്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് ഇന്ത്യയടക്കം വികസ്വര, അവികസിത രാഷ്ട്രങ്ങളെയാണ്. വിവരസാങ്കേതികത ഇത്രയും വികസിച്ച ലോകത്ത് എല്ലാം സുതാര്യമാണെന്ന വാദവും നിലവിലുണ്ട്. അതില്‍ കുറെ ശരിയുണ്ട്. പക്ഷെ അപ്പോഴും സ്വകാര്യതക്കും തന്നെ കുറിച്ചുള്ള വിവരങ്ങള്‍ എന്തിനായി ഉപയോഗിക്കുന്നു എന്നറിയാനുമുള്ള അവകാശം ആര്‍ക്കുമുണ്ടെന്നും ഡാറ്റക്ക് കോടികളുടെ മൂല്യമുണ്ടെന്നും സ്പ്രിംങ്ക്‌ളര്‍ വിഷയത്തില്‍ സര്‍ക്കാരിനെ ന്യായീകരിക്കാനിറങ്ങുന്നവര്‍ മറക്കരുത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply