സഞ്ചാരിഭാവം : മറക്കാനാവാത്ത ചില യാത്രാനുഭവങ്ങള്‍
ഉടന്‍ പ്രസിദ്ധീകരിക്കുന്ന യാത്രാവിവരണ ഗ്രന്ഥത്തില്‍ നിന്ന് ചില ഭാഗങ്ങള്‍…
1
വൈകീട്ട് ഏഴുമണിയോടെ ധര്‍മ്മസ്ഥലയിലെത്തി. ക്ഷേത്രത്തെ കേന്ദ്രീകരിച്ച് മാത്രം നിലനില്‍ക്കുന്ന സ്വതന്ത്രനഗരം. അനവധി കച്ചവടസ്ഥാപനങ്ങളും സ്വതന്ത്രമായ ഒരു ട്രാന്‍സ്‌പോര്‍ട്ട് ശൃംഖലയും ഈ കൊച്ചുനഗരത്തിലുണ്ട്. കമ്പോളാന്തരീക്ഷം ക്ഷേത്രത്തിനുപരിയായി വളര്‍ന്നിരിക്കുന്നു. ക്ഷേത്രത്തിനോട് ചേര്‍ന്ന് കുന്നിന്‍ മുകളില്‍ നില്‍ക്കുന്ന ബാഹുബലിയുടെ ഒരു ഭീമാകാരമായ കല്‍പ്രതിമ പ്രകൃതിയുടെ തുടര്‍ച്ചയാണ് മനുഷ്യന്‍ എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പ്രകൃതിയില്‍നിന്ന് അന്യമായ നഗരസംസ്‌ക്കാരത്തോടുള്ള പ്രാചീന മനുഷ്യന്റെ കലാപസന്ദേശം ബാഹുബലിയുടെ ശില്പത്തില്‍ സ്പഷ്ടമാണ്. നഗ്നശില്‍പത്തിന്റെ കൂറ്റന്‍ ശരീരത്തില്‍ പറ്റിചേര്‍ന്ന് വളരുന്ന വനവൃക്ഷങ്ങളുടെ വള്ളികള്‍. പ്രകൃതിക്കും മനുഷ്യനുമിടയിലെ ‘വസ്ത്രങ്ങള്‍’ ഉരിഞ്ഞുകളയുന്നതോടെ, രണ്ടും ചേര്‍ന്ന് ഒരു സാകല്യമായിത്തീരുന്നു. മനുഷ്യന്റെ കോളനിയാണ് പ്രപഞ്ചം എന്ന ധാരണക്കെതിരായി ഒരു താക്കീത്. നമ്മുടെ സംസ്‌ക്കാരത്തില്‍ തന്നെ ഒളിഞ്ഞുകിടപ്പുള്ള നിലനില്‍പിന്റെ പൊരുള്‍ ഈ പ്രതിമ ഉള്‍ക്കൊള്ളുന്നു. പക്ഷേ ഇവിടേക്ക് ‘ടൂറിസ്റ്റുകള്‍’ വളരെ ദുര്‍ലഭം മാത്രമേ എത്തുന്നുള്ളു. എല്ലാവരും താഴെയുള്ള കച്ചവടകേന്ദ്രത്തില്‍ ചുറ്റിത്തിരിഞ്ഞ് മടക്കയാത്രയാവുന്നു. രാത്രിയിലെ കഠിനമായ തണുപ്പില്‍ ബസ് സ്റ്റാന്റിലെ സിമന്റ് ബഞ്ചിലുറങ്ങി. വെളുപ്പിന് മടക്കയാത്ര.
2
കുളികഴിഞ്ഞ് ഹരിദ്വാര്‍ നഗരവും പരിസരവും ചുറ്റി നടന്നു. ഏറെ തിരക്കുപിടിച്ച വഴികള്‍. കച്ചവടകേന്ദ്രങ്ങളായി മാറിയ അമ്പലങ്ങള്‍. വളരെ പുരോഗമിച്ച ഒരു ടൗണ്‍ഷിപ്പ്. ചപ്പാത്തിയും മറ്റും തിന്ന് മടുത്തിരുന്നതിനാല്‍ ഹരിദ്വാറില്‍ ഒരു മലയാളിക്കടയില്‍നിന്ന് ഇഡ്ഡലിയും ദോശയും കിട്ടിയത് ആര്‍ത്തിയോടെ തിന്നു. വൈകീട്ട് ആറുമണിയോടെ ഹരിദ്വാറില്‍നിന്ന് ഋഷികേശിലേക്ക്. ഇരുപത്തിനാല് കിലോമീറ്റര്‍. ബസ്സൊഴിവാക്കി കാല്‍ നടയായിട്ട്. ഹിമാലയനിരകളിലൂടെ വെട്ടിയെടുത്തിരിക്കുന്ന റോഡ്. ഇരുവശവും ഇടതൂര്‍ന്ന കാട്. ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ആള്‍ത്തിരക്കുള്ള കവലകള്‍. അത്യാവശ്യത്തിന് ഭക്ഷണവും മറ്റും തരുന്ന കടകള്‍. കടകളിലെ വൈദ്യുതി വെളിച്ചവും, ഇടയ്ക്കിടെ പാതവക്കില്‍ കാണുന്ന കുടിലുകളിലെ മുനിഞ്ഞുകത്തുന്ന വിളക്കുകളുടെ വെളിച്ചവും ഒഴിവാക്കിയാല്‍ ചുറ്റുപാടും കനത്ത ഇരുട്ട്. ജനസാന്ദ്രതയുള്ള കേന്ദ്രങ്ങള്‍. നാല്‍ക്കവലകള്‍. തടിയും മറ്റു ചരക്കുകളും സമതലത്തിലേയ്ക്ക് കടത്തുന്ന ലോറികള്‍ നിര്‍ത്തിയിട്ട് മദ്യപിക്കുന്ന ഡ്രൈവര്‍മാര്‍. കയറ്റങ്ങള്‍ ഉള്ളതുകൊണ്ട് യാത്രയ്ക്ക് വേഗം കുറവാണ്. ക്ഷീണം കലശലായി തുടങ്ങി. നീണ്ടുനിവര്‍ന്നു കിടക്കുന്ന ഹിമാലയത്തിന്റെ പാദപീഠമാണ് ഹരിദ്വാര്‍. ഹിമാലയത്തിന്റെ ഉടലിലൂടെ, നിമ്‌നോന്നതങ്ങളിലൂടെയുള്ള യാത്ര. സിരകളില്‍ പടര്‍ന്നു കയറുന്ന ഊഷ്മാവ്. കുളിരുകോരുന്ന തണുപ്പിലും ശരീരമാസകലം വിയര്‍പ്പ് പൊടിയുന്നു. ഹിമാലയത്തിന്റെ ഉടലില്‍നിന്ന് മത്തുപിടിപ്പിയ്ക്കുന്ന ഗന്ധങ്ങള്‍. വന്യമായ വശ്യതയോടെ ഹിമാലയസാനുക്കള്‍. വനാന്തരങ്ങളില്‍നിന്നും നിശാജീവികളുടെ സീല്‍ക്കാരങ്ങള്‍. പറ്റിപ്പടര്‍ന്നു കയറുന്ന എന്റെ ശരീരത്തിന്റേയും ഹിമാലയത്തിന്റേയും കിതപ്പുകള്‍ ചേര്‍ന്ന് ഒന്നാവുംപോലെ. നടത്തത്തിന്റെ പാരമ്യത്തില്‍, തളര്‍ന്ന്, വിവശരായി വീഴുന്നു. ഋഷികേശില്‍. സമയം അര്‍ദ്ധരാത്രി. നഗരം ഗാഢനിദ്രയില്‍. ഞങ്ങള്‍ തളര്‍ച്ചയുടെ സുഖാലസ്യത്തോടെ ഒരു പീടികത്തിണ്ണയില്‍ കടലാസ് വിരിച്ചു കിടന്നു. കോച്ചിവലിക്കുന്ന തണുപ്പ്. രാത്രിയില്‍ റോന്തു ചുറ്റുന്ന കാവല്‍ക്കാര്‍ തങ്ങളുടെ നീണ്ട മുളവടികള്‍ റോഡില്‍ മുട്ടിച്ചുണ്ടാക്കുന്ന ശബ്ദം മാത്രം. അപരിചിതരായ ഞങ്ങളില്‍ അത് അല്‍പം ഭീതിയുണ്ടാക്കി. പക്ഷെ ഇത്രയും ദൂരം നടന്നതിന്റെ തളര്‍ച്ച അതിനെയും കീഴ്‌പ്പെടുത്തുന്നതായിരുന്നു. ഞങ്ങള്‍ വേഗം ഉറങ്ങിക്കഴിഞ്ഞിരുന്നു.
3
ഗോവിന്ദ്ധാമില്‍നിന്ന് തിരിച്ചുള്ള ഇറക്കം ആരംഭിച്ചു. പ്രഭാത സൂര്യനും മലനിരകളും മേഘങ്ങളും ചേര്‍ന്നുള്ള അസാധാരണമായ പാറ്റേണുകള്‍. ക്രമേണയായി മലനിരകളുടെ നെറുകയില്‍നിന്ന് താഴോട്ട് അരിച്ചിറങ്ങുന്ന സൂര്യന്‍ അസുലഭമായ ദൃശ്യമാണ്. മഞ്ഞുനിരകളില്‍ സൂര്യവെളിച്ചം തട്ടിയുണ്ടാകുന്ന വെണ്‍മ. നഗരങ്ങളെയും താഴ്‌വാരങ്ങളെയും കുളിരണിയിച്ചുകൊണ്ട് തന്റെ സായൂജ്യം തേടുന്ന പുഴ വിവിധ ഭാവതാളങ്ങളോടെ പഥികര്‍ക്കൊപ്പമുണ്ട്. മലകളില്‍നിന്ന് അനേകം കൊച്ചു അരുവികള്‍ പ്രധാന പുഴയിലേക്ക് ധൃതിയില്‍ ഒലിച്ചിറങ്ങുന്നു. സമതലങ്ങളിലെത്തുമ്പോഴേക്കും ഇത്തരം അനേകം കൊച്ചുകനിവുകള്‍ ഏറ്റുവാങ്ങി ഗംഗ സമ്പന്നയാകുന്നു. സമതലങ്ങളിലൂടെ ഒഴുകി സമുദ്രത്തില്‍ ഒടുങ്ങുന്ന അതിന്റെ വിശാലമായ ഇരുകരകളിലും തലമുറകള്‍ തങ്ങളുടെ പടയോട്ടങ്ങളും, ചതികളും രതികളും തുടര്‍ന്നേ പോകുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഗോവിന്ദ്ധാമിലെത്തി ഗുരുദ്വാരയില്‍ വെച്ചിരുന്ന ഭാണ്ഡങ്ങള്‍ എടുത്ത് മുറുക്കി. പുഴയിലെ കുളിയും വസ്ത്രമലക്കും തീര്‍ന്നപ്പോഴേക്കും ഗുരുദ്വാരയില്‍നിന്നുള്ള സൗജന്യഭക്ഷണം കിട്ടി. മടക്കയാത്രയാണ്. ആളുകള്‍ തിങ്ങി നിറഞ്ഞ ബസ്സില്‍ ഇരിക്കാന്‍ സീറ്റില്ല. ഉത്തരാഖണ്ഡ് സമരക്കാരുടെ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ബന്ദില്‍ തകരാറിലായ വാഹനഗതാഗതം. മണിക്കൂറുകളോളം നിന്നുകൊണ്ടുതന്നെയുള്ള യാത്ര. മുഴുവന്‍ ഉത്തരവാദിത്തവും ഡ്രൈവറില്‍ ഏല്‍പ്പിച്ചുകൊണ്ടുള്ള നിരുത്തരവാദപരമായ ബസ് യാത്ര. ഒരു വടക്കേയിന്ത്യന്‍ ഗ്രാമം ബസ്സില്‍ പറിച്ചു നട്ടപോലെ. ഇരിക്കുന്ന മുഴുവന്‍ പട്ടിണിക്കോലങ്ങള്‍ക്കും ഒരേ ഛായ. ദൈന്യത. കരച്ചിലിന്റെ വക്കിലെത്തി നില്‍ക്കുന്ന മുഖഭാവം. അസ്ഥികൂടത്തില്‍ ഒരു പുതപ്പിട്ടപോലുള്ള ശരീരങ്ങള്‍. തൊലിയ്ക്കും അസ്ഥിയ്ക്കും ഇടയില്‍ ഉണ്ടാവേണ്ട മാംസളതയുടെ അഭാവത്തില്‍, കറുത്ത് ചുളിഞ്ഞ് തൂങ്ങിക്കിടക്കുന്ന ശരീരങ്ങള്‍. അവസാന ശ്വാസം വലിക്കും പോലുള്ള ചിലര്‍. ബസ്് മുഴുവന്‍ ഇവരുടെ വൃത്തികെട്ട ഗന്ധം. കണ്ണുകളില്‍ പൈതൃകമായി കിട്ടിയ ശൂന്യത. ഭാരതീയ സംസ്‌കൃതിയുടെ ബ്രഹ്മജ്ഞാനം !
ബസ് ചമോലിയിലെത്തിയപ്പോള്‍ ഇനിയും നില്‍ക്കാന്‍ വയ്യാതെ ബസ്സിന്റെ മുകളില്‍ കയറികിടന്നു. മലര്‍ന്നു കിടന്ന് ആകാശം കണ്ടുകൊണ്ടുള്ള ശിഷ്ടയാത്ര. സംഘത്തിലുള്ളവരുടെ ഹിന്ദിപാട്ടിന്റെ ഈരടികള്‍. ധൃതിയില്‍ താഴ്‌വരയിലേക്കിറങ്ങുന്ന പുഴയുടെ ആരവം. ചുറ്റിലും വന്യമായ ഇരുട്ട്. കുലുങ്ങിയും ചാടിയും മുന്നോട്ട് പായുന്ന ബസ്. തെളിഞ്ഞ ആകാശം നിറയെ നക്ഷത്രങ്ങള്‍. ഏകാന്തതയില്‍ പ്രപഞ്ചരഹസ്യങ്ങളിലേയ്ക്ക് നഷ്ടപ്പെട്ട മനസ്സ്. യാത്രയിലുണ്ടായ വൈവിധ്യമുള്ള അനുഭവങ്ങള്‍. ബസ്സിലിരിക്കുന്ന പട്ടിണിക്കോലങ്ങള്‍. വര്‍ഗ്ഗീയലഹളകള്‍. ഗംഗ-ബദരി-കൈലാസം. അണമുറിയാത്ത ആത്മബലികള്‍. എല്ലാ വിശദീകരണങ്ങളില്‍നിന്നും വഴുതിമാറി വിസ്മയം ജനിപ്പിയ്ക്കുന്ന പ്രപഞ്ചം. ബസ്സ് മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നു. ഞാന്‍ നക്ഷത്രങ്ങളെ നോക്കി ബസ്സിന് മുകളില്‍ കിടന്നു.
ഗലയില്‍നിന്ന് ബുധി വരെയുള്ള യാത്രയാണ് ഏറ്റവും ദുര്‍ഘടം പിടിച്ചത്. സഹായി ഭരത്‌സിംഗ് നൂറു രൂപയും വാങ്ങി ഇന്നലെ വീട്ടില്‍പോയതാണ്. തിരിച്ചു വരില്ലേ? മഴയില്‍ നനഞ്ഞുകുതിര്‍ന്ന നടപ്പാതകളിലൂടെയാണ് യാത്ര. ഗല ക്യാമ്പിലെ രാത്രിയുറക്കത്തില്‍ പ്രൊതിമാബേദിയെ ഓര്‍ത്തു. ഇത്തരം ഒരു ക്യാമ്പില്‍ ഉറങ്ങികിടക്കുമ്പോഴായിരുന്നല്ലോ പ്രൊതിമയും സംഘത്തിന്റേയും ക്യാമ്പിനു മുകളില്‍ ഒരു വലിയ മല ഉരുള്‍പൊട്ടി ഇറങ്ങിയിരുന്നത്. ഈ രാത്രിയും നല്ല മഴ. ക്യാമ്പുകളിലെ ടോയ്‌ലറ്റ് ഉപേക്ഷിച്ച് പ്രകൃതിയില്‍ അഭയം പ്രാപിക്കാന്‍ തീരുമാനിച്ചു. ലക്കന്‍പൂരിലായിരുന്നു പ്രഭാതഭക്ഷണം. എട്ടുമണി. പത്തുമണിയോടെ മാല്‍പയിലെത്തി. ഇവിടുത്തെ ക്യാമ്പിലായിരുന്നു പ്രൊതിമയുടെ അന്ത്യം. ഇവിടെ ആദ്യം നടന്നെത്തിയ കുറച്ചുപേരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. ഞങ്ങള്‍ നാലഞ്ച് പേര്‍ വളരെ വേഗത്തില്‍ മുന്നില്‍ യാത്ര ചെയ്യുകയായിരുന്നു പതിവ്. കാളി നദിയുടെ തീരത്ത് ഭക്ഷണം. ഹിമാലയനിരകള്‍ സ്വന്തം ഭാരം ഇടയ്ക്കിടെ ഇറക്കിവെച്ച ഇടങ്ങള്‍ യാത്രയില്‍ പലയിടത്തുമുണ്ട്. 1998ല്‍ മാല്‍പയില്‍ അത് വന്‍ ദുരന്തമായി. ഒരു ക്യാമ്പിനെയും പ്രൊതിമ ബേദിയടക്കം നാല്‍പതോളം മനുഷ്യരേയും ജീവനോടെ മണ്ണിനടിയിലാക്കി. ഞങ്ങള്‍ പോകുന്ന നടപ്പാതയ്ക്കടിയില്‍ അവര്‍ ഉറങ്ങുന്നു. അത് വല്ലാത്ത ഒരു അനുഭവമായിരുന്നു.
ശരാശരി ട്രാഫിക് ബോധം മാത്രമുണ്ടായാല്‍ ഇടുങ്ങിയ നടപ്പാതകളിലൂടെയുള്ള യാത്ര സുരക്ഷിതമാണ്. പലരും അനാവശ്യമായി യാത്രാപഥങ്ങളെക്കുറിച്ച് ഭീതി പരത്താറുണ്ട്. തിരക്കുള്ള ഒരു നഗരപാതയില്‍ നടക്കുമ്പോള്‍ വേണ്ട വകതിരിവും ശ്രദ്ധയും മാത്രമെ ഇവിടെയും ആവശ്യമുള്ളു. എല്ലായിടത്തുമെന്നപോലെ മാത്രം ഇവിടെയും അപകടസാധ്യതകള്‍. ശ്രദ്ധിച്ചില്ലെങ്കില്‍ കാളി നദിയില്‍ വഴുതിവീഴാം അല്ലെങ്കില്‍ തള്ളിനില്‍ക്കുന്ന ഒരു പാറക്കൂട്ടത്തില്‍ തലയടിക്കാം. മലയിടിച്ചില്‍ പക്ഷേ നമ്മുടെ ശ്രദ്ധകൊണ്ട് ഒഴിവാക്കാവുന്നതല്ല. നിയോഗംപോലെ ഏറ്റു വാങ്ങുക മാത്രം. യാത്രയിലുടനീളം ആധാരശ്രുതിയായി കാളിയുടെ ഇരമ്പം. ഒരു ലഹരിപോലെ അത് നമ്മുടെ സിരകളില്‍ പടര്‍ന്നു കയറും.
4
ഭക്ഷണത്തിനോട് വിരക്തി തോന്നി തുടങ്ങി. ഇന്ന് മുഴുവന്‍ ബസ് യാത്രയായിരുന്നു. യാത്രക്കിടയില്‍ എന്തെല്ലാമോ കഴിക്കുന്നുണ്ടായിരുന്നു. ഭക്ഷണം മടുപ്പിക്കും വിധം ആവര്‍ത്തനമായി തുടങ്ങി. രാത്രി ഭക്ഷണം ഒരു ആപ്പിളില്‍ ഒതുക്കി. വിശപ്പില്ല. ഇനി ആമാശയം കൂടി പണിമുടക്കാതിരുന്നാല്‍ മതിയായിരുന്നു. ഉശാീഃ ഗുളിക പകുതി കഴിച്ചു. എന്തെന്നില്ലാത്ത ഒരു അസ്വസ്ഥത അനുഭവപ്പെടുന്നുണ്ട്. ചിന്തകള്‍ കാടുകയറാന്‍ തുടങ്ങി. എനിക്ക് എന്താണ് സംഭവിക്കുന്നത്? ഇതുവരെയുള്ള യാത്രയിലുടനീളം ഏറ്റവും ആരോഗ്യത്തോടെ ഉത്സാഹത്തോടെ പങ്കെടുത്തതാണ്. വിഷമം തോന്നുന്നു. എന്റെ കൂടെയുണ്ടായിരുന്ന മൂന്ന് സംഘാംഗങ്ങള്‍ വളരെ നല്ല രീതിയില്‍ തന്നെ എന്നെ പരിഗണിക്കുന്നുണ്ട്. ശുശൃൂഷിക്കുന്നുണ്ട്. രാത്രി ഒരു പോള കണ്ണടക്കാന്‍ കഴിഞ്ഞില്ല. മനസ്സ് സംഘര്‍ഷഭരിതമാണ്. എല്ലാവരും സുഖനിദ്രയിലാണ്. മനസ്സ് ഭീതിജനകമായ വഴിയിലൂടെ അലയാന്‍ തുടങ്ങി. ശാരീരിക അവസ്ഥ കൂടുതല്‍ മോശമാവാനും. യാത്രയിലുടനീളം ഉറക്കത്തിന് ഒരു പ്രയാസവും ഉണ്ടായിട്ടില്ല. ഇന്ന് പക്ഷേ നേരെ മറിച്ചാണ്. പലതവണ പുറത്തിറങ്ങി നടന്നു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിന്നിടയില്‍, ഒരിക്കല്‍ പൊടുന്നനെ നോക്കിയപ്പോള്‍ ജനാലയിലൂടെ ഒഴുകി പരക്കുന്ന ചന്ദ്രപ്രകാശം. മുറി മുഴുവന്‍ പ്രകാശം പരന്നിരിക്കുന്നു. പൂര്‍ണ്ണചന്ദ്രന്‍. ജനാലയിലൂടെ കണ്ട കാഴ്ച അവിസ്മരണീയം. നിറഞ്ഞ ചന്ദ്രപ്രകാശത്തില്‍ വെട്ടിത്തിളങ്ങുന്ന മാനസസരസ്സ്. അത്യപൂര്‍വ്വമായ കാഴ്ച. സരസ്സിന്റെ അങ്ങേ അറ്റത്ത് ചക്രവാള സീമയില്‍ ഇരുണ്ട നീല നിറമുള്ള പര്‍വ്വത നിരകള്‍. സരസ്സിന് കൊലുസ്സണിയിച്ചപോലെ. എന്റെ എല്ലാ ഭയങ്ങളും ആകാംക്ഷകളും ആ കാഴ്ചയുടെ അനുഗ്രഹത്തില്‍ അലിഞ്ഞില്ലാതായി. പൊടുന്നനെ ഞാന്‍ ഉത്സാഹിയായി. എന്തെന്നില്ലാത്ത ഒരു ഊര്‍ജം എന്നില്‍ പ്രസരിക്കുന്നതു പോലെ. രോഗവും അനുബന്ധ ഭീതികളും ഒഴിഞ്ഞ് ഒരു പ്രസന്നഭാവം എന്നെ പൊതിഞ്ഞു. വരുന്നതുവരട്ടെ എന്നൊരു ധൈര്യം. ഈ കാഴ്ച കണ്ട് മരിക്കാനാണ് യോഗമെങ്കില്‍ അങ്ങനെ എന്ന ഒരു തോന്നല്‍. കൂട്ടുകാരെ ഉണര്‍ത്താതെ ഞാന്‍ വാതില്‍ തുറന്ന് പുറത്ത് കടന്നു. സമയം വെളുപ്പിന് മൂന്ന് മണിയെങ്കിലുമായിരിക്കണം. അസ്ഥിതുളയ്ക്കുന്ന ശൈത്യം. ഒരേ സമയം ഭയവും മത്തും പിടിപ്പിക്കുന്ന പ്രാചീന നിശ്ശബ്ദതയും ഇരുട്ടും. ക്യാമറയെടുത്ത് ക്ലിക്ക് ചെയ്തു. പക്ഷേ പ്രവര്‍ത്തിക്കുന്നില്ല. ശൈത്യത്തിന്റെ കാഠിന്യം അതിനെ നിശ്ചലമാക്കിയതാണോ? അതോ ഈ അഭൌമമായ കാഴ്ചയുടെ നിറവില്‍ അതും സ്തംഭിച്ചു പോയോ? അധികനേരം പുറത്ത് നില്‍ക്കാന്‍ രോഗിയായ എനിക്ക് അവകാശമില്ല. മനസ്സില്‍ ആ കാഴ്ച നിറച്ച് മുറിയില്‍ മടങ്ങിയെത്തി. ജനലിലൂടെ ഇനിയും കുറെ നേരം മാനസസരസ്സും ചന്ദ്രപ്രകാശവും ചേര്‍ന്നൊരുക്കുന്ന വിസ്മയ കാഴ്ച കണ്ടുകിടന്നു.
5
ആറാം തിയതി QUIGവില്‍ നിന്ന് വൈകീട്ട് കണ്ട കൈലാസ പര്‍വ്വതത്തിന്റെ ഏറ്റവും വ്യക്തമായ, തെളിഞ്ഞ കാഴ്ച ഹൃദ്യമായിരുന്നു: മേഘങ്ങളുടെയൊന്നും യാതൊരു തടസ്സവുമില്ലാതെ മാനസസരസ്സിന്റെ ലാസ്യ വിശാലതക്കപ്പുറം എഴുന്നു നില്ക്കുന്ന മഞ്ഞുമൂടിയ കൈലാസ ശിഖരം! പടിഞ്ഞിരിക്കുന്ന കൈലാസത്തിന്റെ മുന്നില്‍ സരസ്സിന്റെ ലാസ്യ നടനം. ചക്രവാള സീമയില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൈലാസത്തില്‍ നിന്ന് മാനസസരസ്സിലേക്ക് പൗര്‍ണ്ണമി രാവുകളില്‍ കൈലാസനാഥന്‍ വിലോലചിത്തനായി നോക്കിയിരിക്കുന്നത് സങ്കല്പിക്കാന്‍ പ്രയാസമില്ല. തക്കലാക്കോട്ടു നിന്നുള്ള യാത്രയില്‍ ആദ്യം വരുന്നത് രാക്ഷസ്സ്ഥാള്‍ ആണ്. അവിടുന്നങ്ങോട്ടുള്ള യാത്രയില്‍ ഏത് ദിശയില്‍ നിന്നാണെങ്കിലും കൈലാസശിഖരം നിതാന്ത കാഴ്ചയാണ്. ചെറുതും വലുതുമായ ഗിരിശൃംഖങ്ങള്‍ക്കിടയില്‍ മഞ്ഞിന്റെ ധവളിമയിലും രൂപഗാംഭീര്യത്തിലും എഴുന്നു നില്‍ക്കുന്ന കൈലാസം. പുരാണേതിഹാസങ്ങളിലും ജനകീയ ഭാവനയിലും കൊണ്ടാടപ്പെട്ടില്ലെങ്കിലാണ് അല്‍ഭുതം. അത്ര അഭൗമമാണ് ആ കാഴ്ച. ഒരു ഭൂഖണ്ഡത്തിന്റെ കാവ്യ-ഭക്തിഭാവനകളില്‍ അത് നിറഞ്ഞ് നില്‍ക്കുന്നു. ഒന്ന് തുളുമ്പിപൊങ്ങി അടുത്ത ക്ഷണം സരസ്സില്‍ വിലയം കൊള്ളുന്ന അസംഖ്യം കുഞ്ഞലകള്‍ അരയന്നങ്ങളെ ഓര്‍മ്മിപ്പിച്ചു. ഇരുളും നിലാവും ചേര്‍ന്ന പ്രകാശ ക്രമീകരണത്തില്‍ സരസ്സിലെ ഈ ജലകുനിപ്പുകളുടെ കുസൃതി അസുലഭമായ അനുഭൂതി പകരുന്നതാണ്. മത്ത് പിടിപ്പിക്കുന്ന കാഴ്ച. കാഴ്ചയില്‍ ഇത്രത്തോളം ലഹരി ഞാന്‍ മുന്‍പ് അറിഞ്ഞിട്ടില്ല. ഇതൊന്നും കാണാനല്ലെങ്കില്‍ മനുഷ്യന് കാഴ്ചയെന്തിന് എന്ന് തോന്നിപ്പോകും!
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കൈലാസത്തെ തൊട്ടുരുമ്മിയും മാനസസരസ്സില്‍ പ്രതിബിംബിച്ചും അലസപ്രയാണം നടത്തുന്ന മേഘപടലങ്ങള്‍. ബഹു വര്‍ണ്ണങ്ങളില്‍. ഇവക്കെല്ലാമിടയിലൂടെ സൂര്യന്റെ നിര്‍ലോഭവും നിര്‍ദോഷവുമായ പ്രകാശം. അത് സൃഷ്ടിക്കുന്ന മഴവില്ലുകള്‍, വര്‍ണ്ണ വാങ്ങ്മയങ്ങള്‍. വലിയ പര്‍വ്വതങ്ങള്‍ തൊട്ടരുകിലുള്ള ചെറു മലനിരകളുടെ താഴ്‌വാരങ്ങളില്‍ വീഴ്ത്തുന്ന നിഴലുകളുടെ സാന്ത്വനം. സരസ്സിന്റെ പലഭാഗങ്ങളിലെ ആഴവ്യതിയാനങ്ങള്‍ക്കനുസരിച്ച് കടും നീല, ഇളം നീല, പര്‍പ്പിള്‍, മഞ്ഞ തുടങ്ങിയ ബഹുവര്‍ണ്ണ സമൃദ്ധി. യാത്രികര്‍ക്ക് ദര്‍ശനം നല്‍കാനെന്ന വണ്ണം ഇടക്കിടെ മേഘപടലങ്ങള്‍ക്കിടയില്‍ നിന്ന് തെളിഞ്ഞ് വരുന്ന കൈലാസശിഖരം. മേഘങ്ങളും സരസ്സുമായുള്ള അനാദിയായ രതിക്രീഢ. പ്രാപഞ്ചിക ലീല. മഞ്ഞിന്റെ ലാവണ്യമോ ഉയരത്തിന്റെ ഗരിമയോ ഇല്ലാത്ത മറ്റ് പര്‍വ്വതനിരകള്‍ കൈലാസത്തിന് ചുറ്റും അല്‍ഭുതം കുറി നില്ക്കും പോലെയുണ്ട്.
6
തക്കലക്കോട്ടിലെ സര്‍ക്കാര്‍ മന്ദിരങ്ങളിലെല്ലാം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചുവന്ന പതാക പാറുന്നത് കാണാം. ഒരു അശ്ലീലം പോലെ. ഒരു ജനതയെ കീഴടക്കിയതിന്റെ ചിഹ്നം. തിബത്തന്‍ ജനതയെ അടിച്ചമര്‍ത്തിയതിന്റെ ചരിത്രം അല്പം അറിയാവുന്ന എനിക്ക് വലിയ അമര്‍ഷമാണ് ആ കാഴ്ച മനസ്സിലുണ്ടാക്കിയത്. ചെങ്കൊടി ഇവിടെ വിമോചനത്തിന്റെയല്ല കീഴ്‌പ്പെടുത്തുന്നതിന്റെ ചിഹ്നം. വെറുപ്പല്ലാതെ മറ്റൊരു വികാരവും അതു ഉണര്‍ത്തുന്നുമില്ല. തിബത്തന്‍ പീഡഭൂമിയില്‍ ഭക്ഷിക്കുമ്പോഴും, വാങ്ങുമ്പോഴും, വില്ക്കുമ്പോഴും, ശുചിമുറിയില്‍ പോകുമ്പോഴും, മദ്യപിക്കുമ്പോഴും, വ്യഭിചരിക്കുമ്പോഴും രണ്ടു പേര്‍ക്കിടയില്‍ പൊതുവായ ഒന്നുണ്ട്. ചൈനീസ് കറന്‍സിയില്‍ ഒരു മാപ്പ്‌സാക്ഷിയെ പോലെ, അല്പം ജാള്യതയോടെ ഇരിക്കുന്ന മാവോ സേതുംഗ്.
പട്ടണത്തില്‍ പലയിടത്തും നഗ്നനൃത്തവും വ്യഭിചാരവും തുറന്ന ബിസിനസ്സാണ്. ഗസ്റ്റ്ഹൗസിന്റെ അടുത്തുള്ള ഒരു കേന്ദ്രത്തില്‍ ഞാന്‍ കയറിച്ചെന്നു. രാത്രി പരിപാടികള്‍ക്കായി പകല്‍ വിശ്രമത്തിലേര്‍പ്പെട്ടിരിക്കുന്ന ചില നിശാസുന്ദരികളെ കണ്ടു. ആംഗ്യഭാഷയിലൂടെ ഡാന്‍സ് രാത്രി 9 മണിക്കാണെന്നും അതു കഴിഞ്ഞ് കൂടെ ഉറങ്ങാം എന്നും പറഞ്ഞ് അവര്‍ ക്ഷണിച്ചു. വരാമെന്ന വാഗ്ദാനം നല്‍കി തല്‍കാലം അവിടന്ന് രക്ഷപ്പെട്ടു. സഹശയനമില്ലെങ്കിലും ആ കേന്ദ്രത്തില്‍ രാത്രിപോയി കാണണമെന്നുണ്ടായിരുന്നു. പക്ഷേ കൂടെയുണ്ടായിരുന്നവരെല്ലാം പിന്‍വലിഞ്ഞു. തനിച്ച് അങ്ങോട്ട് പോകാനുള്ള ഉത്സാഹം ഉണ്ടായിരുന്നതുമില്ല. സാധിച്ചാല്‍ നാളെയാവാം. മറ്റന്നാള്‍ സ്ഥലം വിടുകയാണല്ലോ. ചൈനീസ് അല്ലാതെ ഒരു ഭാഷയും സഹായത്തിനില്ല എന്നതാണ് യാത്രികര്‍ നേരിടുന്ന വലിയ പ്രശ്‌നം. ആംഗ്യഭാഷയും കാല്‍ക്കുലേറ്ററും മാത്രമാണ് ഇടപാടുകള്‍ക്കായി കച്ചവടസ്ഥാപനങ്ങള്‍ ആശ്രയിക്കുന്നത്. വളരെ പ്രയാസപ്പെട്ടാണെങ്കിലും കുറച്ച് സാധനങ്ങള്‍ വാങ്ങി സൂക്ഷിച്ചു. പ്രത്യേകിച്ചും ചൈനീസ് മദ്യങ്ങള്‍. തിബത്തന്‍ സംഗീതവും. രാത്രി കനത്തതോടെ മുറിയിലേക്ക് മടങ്ങി. ആരോഗ്യം ഏറെക്കുറെ സാധാരണ നിലയിലായിട്ടുണ്ട്. ചുമ തീരെ വിട്ട് മാറിയിരിക്കുന്നു. നാളെ ഒരു ദിവസം കൂടി തക്കലാക്കോട്ട് തങ്ങണം.
7
സെപ്തംബര്‍ 13. വെളുപ്പിന് 6.45ന് ഉണര്‍ന്നു. കുറച്ച് നേരം അലസമായി കിടന്നു. കണ്ട കാഴ്ചകള്‍ പലതും വരിയൊപ്പിച്ച് പ്രത്യക്ഷപ്പെട്ടു. ഗോര്‍ച്ചംഗ് മൊണാസ്റ്ററിയിലെ ലക്ഷ്മണന്‍ വലിയ രൂപത്തില്‍ നടുവിലും സീതയും രാമനും വശങ്ങളിലുമായുള്ള ചിത്രം കൗതുകമുണര്‍ത്തുന്നതാണ്. രാമായണത്തിന്റെ പാഠാന്തരങ്ങള്‍ അത്ഭുതകരം തന്നെ. ലക്ഷ്മണനെ മുഖ്യസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതാണ് ഇതിന്റെ സവിശേഷത. തൊട്ടപ്പുറത്ത് ബുദ്ധന്റെ വിവിധ രൂപങ്ങള്‍. ബുദ്ധഭഗവാന്റെ മുഖത്ത് കണ്ട ശാന്തതയും ആര്‍ദ്രതയും ശാന്തിയും അപാരം. ഇങ്ങിനെയൊരു മനുഷ്യന് ജന്മം നല്കാനും, ഇത്തരം ഒരു മുഖം ബിംബ കല്‍പന ചെയ്യാനും സാധിച്ച ഒരു നാഗരികതയെ പ്രണമിക്കാതെ തരമില്ല. ആ മുഖത്തു നിന്ന് കണ്ണെടുക്കാനാവാത്ത വിധം കാരുണ്യം തുളുമ്പുന്ന ബുദ്ധബിംബം മനസ്സില്‍ നിന്നുമായുന്നില്ല. ജനനമരണങ്ങള്‍, ഉയര്‍ച്ച താഴ്ച, അനാദി, ക്ഷണികം തുടങ്ങിയ എല്ലാ വിരുദ്ധ ദ്വന്ദങ്ങളേയും സമന്വയിപ്പിക്കുന്നതാണ് കൈലാസം. മാനസസരോവര്‍. ഇഹവും പരവും ഇവിടെ സന്ധിക്കുന്നു.
8
സെപ്തംബര്‍ പതിനഞ്ച്. ആറര മണിയോടെ ഗുന്‍ജിയില്‍ നിന്ന് ബുധി ലക്ഷ്യമാക്കി സംഘം നടക്കാന്‍ തുടങ്ങി. 18 കിലോമീറ്റര്‍ നടക്കാനുണ്ട്. കയറ്റവും ഇറക്കവും ആയി ഏറ്റവും ദുര്‍ഘടമാണ് ഇന്നത്തെ യാത്ര. പ്രത്യേകിച്ചും അവസാനത്തെ നാല് കിലോമീറ്ററുകള്‍. ഇറക്കം ഇത്രയും പ്രയാസകരവും കാലിന് വേദനയുണ്ടാക്കുന്നതുമാണെന്ന് ഇന്നാണ് മനസ്സിലായത്. ഉച്ചക്ക് ഒന്നര മണിയോടെ ബുധി ക്യാമ്പിലെത്തിച്ചേര്‍ന്നു. സഹസ്രാബ്ദങ്ങളായി തപോനിലയില്‍ പടിഞ്ഞിരിക്കുന്ന ഹിമാലയ പര്‍വ്വത നിരകള്‍ ചുറ്റിനും. മഞ്ഞുമൂടിയതും അല്ലാത്തതും. അകലെ കാണുന്ന അന്നപൂര്‍ണ്ണപര്‍വ്വതം നോക്കിയിരുന്ന് രാത്രി ഏറെ നേരം വൈകിയതറിഞ്ഞില്ല. അത്ര മനോഹാരിതയുണ്ട് അവള്‍ക്ക്. കാളീനദി സദാ ചടുലസാന്നിദ്ധ്യം. മനുഷ്യനും എത്രയോ മുന്‍പ് ഇവിടം നിലയുറപ്പിച്ചവര്‍. കാലാതീതം. ശരീരം പൊതുവില്‍, കാലുകള്‍ പ്രത്യേകിച്ചും വേദനിക്കുന്നുണ്ട്. നടന്നും ഇരുന്നും, ഏറെ വിശ്രമിച്ചും യാത്ര പൂര്‍ണ്ണമാക്കി. നാളെയും ഇതിന്റെ ആവര്‍ത്തനം തന്നെയാണ്. ബുധിയിലെ ഇന്നത്തെ രാത്രിയോടെ ക്യാമ്പ് ജീവിതം അവസാനിക്കുകയാണ്. നാളെയും മറ്റന്നാളും ദാര്‍ച്ചുളയിലേയും ജോഗേശ്വരിയിലേയും അതിഥി മന്ദിരങ്ങളിലാണ് താമസം. സ്വതന്ത്രമായി ലഭിക്കുന്ന മുറികള്‍ ഉണ്ടാവും. നാളത്തോടെ കാല്‍നടയാത്ര അവസാനിക്കുകയാണ്. മാംഗ്തിയില്‍ നിന്ന് ബസ്സിലാണ് ദാര്‍ച്ചുളയിലെത്തുന്നത്. യാത്രയിലെ കഠിന പര്‍വ്വം ഏറെക്കുറെ അവസാനിക്കുകയാണ് എന്ന് ചുരുക്കം. ദാര്‍ച്ചുളയില്‍ ചെന്ന് വിശദമായ കുളിയും, വൃത്തിയുള്ള വസ്ത്രങ്ങളിലേക്ക് കൂടുമാറ്റവും സാധിക്കും. പ്രധാന ലഗ്ഗേജ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ലഭ്യമാകും.
തളര്‍ന്ന് അവശനായാണ് ബുധി ക്യാമ്പിലെത്തിയത്. എല്ലാവരുടെയും അവസ്ഥ ഏറക്കുറെ അങ്ങനെ തന്നെയാണ്. നിരയായി വിരിച്ചിട്ട കിടക്കകളിലേക്ക് ചെന്ന് വീഴുകയായിരുന്നു. മഞ്ഞുമൂടിയ പര്‍വ്വതനിരകളില്‍ വെയില്‍ തട്ടുമ്പോഴുണ്ടാകുന്ന അലൗകികമായ ഒരു തിളക്കം എല്ലാ വേദനകളെയും ഇല്ലാതാക്കുന്നു. പര്‍വ്വതശിഖരങ്ങളിലും താഴ്‌വാരങ്ങളിലും ഉദയ-അസ്തമന കിരണങ്ങള്‍ തീര്‍ക്കുന്ന ചിത്രപടങ്ങള്‍ അവിസ്മരണീയം. വശ്യതയാര്‍ന്ന താഴ്‌വാരങ്ങളുടെ പ്രലോഭനം. കണ്ണുനീരിന്റെ തെളിച്ചത്തില്‍, ഉയരങ്ങളില്‍നിന്ന് കിനിഞ്ഞിറങ്ങുന്ന കുഞ്ഞ് അരുവികള്‍, പുഴയാകാനുള്ള വെമ്പലില്‍, കലിതുള്ളുന്ന കാളിയില്‍ ചെന്നലയ്ക്കുന്നു. ഗുന്‍ജിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ ഗ്രാമം കമ്പിളി പുതച്ചുറങ്ങുകയാണ്. ചില പട്ടികള്‍ കുരച്ച് വന്ന് പിന്‍വാങ്ങി. ചുറ്റിനും ഒരാവര്‍ത്തികൂടിനോക്കി. ഇനി ഒരിക്കല്‍കൂടി ഈ വഴി വരുമെന്നുറപ്പില്ലാത്ത പഥികന്റെ ആര്‍ത്തിയോടെയുള്ള അവസാന നോട്ടം. പകലിന്റെ ഉണര്‍വ്വിലെപ്പോഴോ എന്റെ മനസ്സ് കവര്‍ന്ന് ഒരു കൊള്ളിയാന്‍ പോലെ മിന്നിമറഞ്ഞ പഹാഡി സുന്ദരി, ചിതറിക്കിടക്കുന്ന കുടിലുകളിലൊന്നില്‍ ഉറക്കമായിരിക്കും. അവളെ കണ്ടുമുട്ടിയ ജലസ്രോതസ്സിലേക്ക് പ്രതീക്ഷയോടെ നോക്കി. ജീവിതത്തിലൊരിക്കലും ഇനിയൊരു ദര്‍ശനം സാദ്ധ്യമല്ലാത്ത ഓര്‍മ്മയായി അവള്‍ മാറി. ഒറ്റക്കാഴ്ചയുടെ നിറവ്. യാത്ര തുടര്‍ന്നു. യാത്രയുടെ ഭാഗമാണ് ഇത്തരം ചെറു വിരഹങ്ങള്‍. വേദനകള്‍. ദാര്‍ച്ചനില്‍ കണ്ട ഒരു മുഖവും സമാനമായ അനുഭവമായിരുന്നു. കലര്‍പ്പില്ലാത്ത അത്ഭുതവും ഒരു നുള്ള് അമ്പരപ്പും ചേര്‍ന്നാല്‍ അവളുടെ മുഖമായി. കറന്റ് പോയ രാത്രിയില്‍ ഗസ്റ്റ്ഹൗസിലേക്ക് വഴികാണിച്ചത് അവളായിരുന്നു. ഞെക്കുവിളക്കിന്റെ രണ്ട് ഞെക്കുകള്‍ക്കിടയിലെ ഇടവേളകളില്‍ അവള്‍ ഉദാരയായിരുന്നു. പ്രണയത്തിന്റെ സൂക്ഷ്മ തന്മാത്രകള്‍. യാത്രക്കാരുടെ പാപപുണ്യങ്ങള്‍ ചുമന്ന് ജീവിക്കുന്ന പഹാഡി യൗവ്വനം.
9
ദാദറില്‍നിന്ന് ഒരു ജനറല്‍ കംപാര്‍ട്ട്‌മെന്റിലാണ് ഞങ്ങള്‍ മടക്കായാത്ര ആരംഭിയ്ക്കുന്നത്. നല്ല തിരക്കുള്ള ബോഗി. അവിചാരിതമായി ജനറല്‍ കംപാര്‍ട്ടുമെന്റില്‍ കയറേണ്ടി വന്നതിലുള്ള ഈര്‍ഷ്യയുമായി അതിനകത്തു കയറിയ ഒരു ബംഗാളി സമ്പന്ന കുടുംബം. അഹന്തയുടെ പര്യായമായ അതിലെ മൂത്ത മകളുമായി നല്ല രീതിയില്‍ ഒരു വഴക്ക്. ഈ വഴക്കിനുശേഷം ഞങ്ങള്‍ അല്‍പം പ്രശസ്തരായി. പലരുമായി പരിചയപ്പെട്ടു. കൂട്ടത്തില്‍ ദുബായില്‍നിന്ന് ജോലി നഷ്ടപ്പെട്ട് വരുന്ന ജേക്കബ്ബ്. കോഴിയെ മോഷ്ടിച്ചു വിറ്റതിന് അറബി പുറത്താക്കിയതാണ് ജേക്കബ്ബിനെ. ദുബായില്‍ സൂപ്പര്‍വൈസര്‍ പോസ്റ്റ് എന്നു പറഞ്ഞ് ആയിരങ്ങള്‍ എണ്ണി ഏജന്റിനെ ഏല്‍പ്പിച്ച് അവസാനം കിട്ടിയത് കോഴികളും കോഴികളുടെ മേല്‍നോട്ടവും. അതെ, സൂപ്പര്‍വൈസര്‍ തന്നെ. പക്ഷേ കോഴികളെയാണെന്ന് മാത്രം. അവസാനം കാശുണ്ടാക്കാന്‍ അയാള്‍ കോഴികളെ മോഷ്ടിച്ച് വില്‍ക്കാന്‍ തുടങ്ങി. കൂട്ടത്തില്‍ സൂപ്പര്‍വൈസര്‍ ആയിരുന്ന പാക്കിസ്ഥാന്‍കാരന്‍ ഒറ്റിക്കൊടുത്തു. അങ്ങനെയാണ് ഇയാള്‍ നാട്ടിലേയ്ക്ക് തിരിച്ചയക്കപ്പെട്ടത്. പാക്കിസ്ഥാനിയെ ഒരിക്കലും വിശ്വസിക്കരുതെന്ന ഒരു സിദ്ധാന്തവും അയാള്‍ ഞങ്ങള്‍ക്കു പറഞ്ഞു തന്നു ! സന്തോഷകരമായ ഈ യാത്രയുടെ അന്ത്യഘട്ടത്തിലാണ് എന്റെ ജീവിതത്തില്‍ ഏറ്റവും നടുക്കമുണ്ടാക്കിയ അനുഭവമുണ്ടായത്. ശശി എന്ന തൃശൂര്‍ മറ്റത്തൂര്‍ക്കാരന്‍ യുവാവിന്റെ ആത്മഹത്യ. അതോ കൊലപാതകമോ?
കംപാര്‍ട്ട്‌മെന്റില്‍ തിങ്ങിഞെരുങ്ങിയിരിക്കുന്ന ആളുകള്‍. ഞങ്ങള്‍ ഇരിക്കുന്ന സീറ്റിനെതിരെയുള്ള സീറ്റില്‍ ഇരിക്കുന്നു ശശി. ചുറ്റുപാടുമുള്ള ഉള്ള ആളുകള്‍ യാത്രയുടെ വിരസത മറക്കാന്‍ വളിപ്പുകള്‍ അടിക്കുന്നു. പാട്ടുപാടുന്നു. ശശി മാത്രം ക്ലാന്തമായ മുഖഭാവത്തില്‍ ഏകമൂകനായി ഇരിക്കുന്നു. നിറഞ്ഞ താടിയും സാമാന്യം തടിച്ച പ്രകൃതിയും. ഇയാള്‍ കാര്യമായി ഭക്ഷണം കഴിക്കുന്നുമില്ല. വളരെ ദുര്‍ലഭമായി മാത്രം ഇരിക്കുന്നിടം വിട്ട് എഴുന്നേല്‍ക്കുന്നു. ഇങ്ങനെ ഏറെ ചെന്നപ്പോള്‍ എന്റെ ശ്രദ്ധ ശശിയില്‍ പതിഞ്ഞു. ഞാന്‍ സൗഹൃദത്തിനൊരുമ്പെട്ടു. വളരെ മടിച്ച് അയാളും സംസാരിച്ച് തുടങ്ങി. ക്രമേണ ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമായി. യുക്തിരഹിതമായ ഒരു വിശ്വാസ്യതയും അയാള്‍ക്ക് എന്നോട് തോന്നി. ട്രെയിന്‍ മുന്നോട്ട് പൊയ്‌ക്കൊണ്ടേയിരിക്കുന്നു. തീവണ്ടി ഏതാണ്ട് തമിഴ്‌നാട്ടില്‍ പ്രവേശിച്ചു. ശശി മനസ്സുകൊണ്ട് എന്നെ അള്ളിപ്പിടിച്ചു. പറയാനുള്ളതെല്ലാം ധൃതിയില്‍ പറഞ്ഞ് അടുത്ത യാത്രയ്‌ക്കൊരുങ്ങുന്ന ഒരാളെപോലെ. സ്വന്തം മനസ്സിനെ അയാള്‍ എന്റെ മുന്നില്‍ കുടഞ്ഞിടുന്നു. ശശി സംസാരിച്ചുകൊണ്ടേയിരുന്നു. വേദനകള്‍, ഭീതികള്‍, പ്രതീക്ഷകള്‍, മോഹഭംഗങ്ങള്‍, നിരാശ. ഞാന്‍ നല്ലൊരു കേള്‍വിക്കാരനായി. അയാള്‍ക്കപ്പോള്‍ അതു തന്നെയായിരുന്നു ആവശ്യവും. ആരെല്ലാമോ എന്തെല്ലാമോ ഇറങ്ങി ഓടുന്ന മുഖഭാവം. ഇതിനകം തീവണ്ടി കേരളത്തില്‍ പ്രവേശിച്ചു. പ്രഭാതകൃത്യങ്ങള്‍ക്കായി ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകുമ്പോള്‍ ഒരാക്രമണഭീതിയില്‍ ശശി പകച്ച് ഉള്‍വലിയുന്നു. ഒപ്പം ഒരു പുലമ്പല്‍, ”അയാള്‍ എന്നെ കൊല്ലും”. ശശി പൂര്‍ണ്ണമായും മാനസികവിഭ്രാന്തിക്കടിമപ്പെട്ട് കഴിഞ്ഞിരുന്നു. ഇതിനകം അയാളുടെ ശരീരം കുടുകുടാ വിയര്‍ത്തൊഴുകുന്നു. ആസകലം വിറകൊള്ളുന്നുമുണ്ട്. അത്യന്തം ഭീതിദമായ മുഖഭാവം. ഞങ്ങള്‍ സമാധാനിപ്പിച്ച് ഉറക്കാന്‍ ശ്രമിച്ചു. വീട്ടില്‍ സുരക്ഷിതമായി എത്തിക്കാമെന്ന് സമാധാനിപ്പിച്ചു. നാട്ടിലെത്തിയശേഷം എന്നെ ബന്ധപ്പെടാന്‍ വേണ്ടി ഒരു തുണ്ടു കടലാസില്‍ എന്റെ വിലാസം എഴുതി ശശിയുടെ പോക്കറ്റില്‍ വെച്ചുകൊടുത്തു. ഇടയ്ക്കിടയ്ക്ക് ദുസ്വപ്നം കണ്ടപോലെ ഞെട്ടിത്തെറിച്ച് ഉണരുന്നുണ്ട്. ഇതിനകം അയാള്‍ കരയാനും തുടങ്ങുന്നു. ഇരിയ്ക്കാനും നില്‍ക്കാനും വയ്യാത്ത അസ്വസ്ഥത. ടോയ്‌ലറ്റില്‍ പോകാന്‍ തുനിഞ്ഞ ശശിക്ക് ഞാന്‍ കൂട്ടുപോയി. രണ്ട് ടോയ്‌ലറ്റുകളിലും ആളുകളുണ്ട്. തിരിച്ചു പോകാമെന്ന് പറഞ്ഞ ശശിയെ ഞാന്‍ നിര്‍ബന്ധിച്ചു നിര്‍ത്തുകയായിരുന്നു. തീവണ്ടി ഇപ്പോള്‍ പാലക്കാട് സ്റ്റേഷന്‍ വിട്ടുകഴിഞ്ഞു. സമയം വെളുപ്പിന് അഞ്ചുമണി. കംപാര്‍ട്ട്‌മെന്റിന്റെ തുറന്നിട്ട വാതിലിന്നരികെ ടോയ്‌ലറ്റൊഴിയുന്നതും പ്രതീക്ഷിച്ചു നില്‍ക്കുന്ന ശശി. തൊട്ടരികില്‍ ഞാനും. ഏതാനും സെക്കന്റുകള്‍ അങ്ങിനെ നിന്നു കാണും. തികച്ചും അപ്രതീക്ഷിതമായി, തുറന്നു കിടക്കുന്ന വാതിലിലൂടെ, കുതിച്ചുപായുന്ന തീവണ്ടിയില്‍നിന്ന് അയാള്‍ വെളിയിലേക്ക് ചാടുന്നു. വെളിയിലെ ഇരുട്ടിനെ നേര്‍ത്തതാക്കുംവിധം നല്ല നിലാവുണ്ട്. വെളുത്ത കാലുറയും ഷര്‍ട്ടും ധരിച്ചിരുന്ന ശശി പറക്കാന്‍ തുനിഞ്ഞ് ചിറകു കുഴഞ്ഞ് വീഴുംപോലെ പാളങ്ങളുടെ അരികിലെവിടെയോ തലയടിച്ചു വീഴുന്നത് അളക്കാനാവാത്ത ഒരു സമയാംശത്തില്‍ ഞാന്‍ കണ്ടു. എന്റെ നാഡീഞരമ്പുകള്‍ സ്തബ്ധമായി. തലച്ചോറിലൊരു കൊള്ളിയാന്‍ മിന്നി. ശേഷം മരവിപ്പ്. ഓടിച്ചെന്ന് സുഹൃത്തുക്കളോട് വിവരം പറഞ്ഞു. ചങ്ങല വലിച്ച് വണ്ടി നിര്‍ത്തി. ഒറ്റപ്പാലം. അതെ, ഏതോ നിഗൂഡമായ യുക്തിയാലെന്ന പോലെ ശശി തന്റെ തല തല്ലിയുടച്ചതവിടെയാണ്. ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ പ്രിയപ്പെട്ട കാമുകിയെ ഒറ്റപ്പാലക്കാരനായ ഒരു പോലീസുദ്യോഗസ്ഥനാണ് കല്യാണം കഴിച്ചുകൊടുത്തത്. ജീവിതം തീര്‍ത്തു കളയുമെന്ന് ഭീഷണിപ്പെടുത്തി, വര്‍ഷങ്ങള്‍ക്കുമുമ്പ് ശശിയെ നാടുവിടാന്‍ നിര്‍ബന്ധിച്ചത് അയാളും അയാളുടെ പിണിയാളുകളും ചേര്‍ന്നാണത്രേ. കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി ബോംബെയില്‍ ഫോട്ടോഗ്രാഫറായി തൊഴിലെടുക്കുന്ന ശശി പ്രണയിനിയുടെ നഷ്ടവും അതിനെ ചുറ്റിപ്പറ്റിയുള്ള ഭീഷണികളും താന്‍ അതിജീവിച്ചു എന്നുറപ്പിച്ച് ആദ്യമായി നാട്ടില്‍ വരികയായിരുന്നു. പക്ഷേ തീവണ്ടി കേരളത്തിനോടടുക്കും തോറും തന്റെ ദുരവസ്ഥയും ഇനിയും രക്തം വാര്‍ക്കുന്ന പ്രണയ വിഭ്രാന്തികളും ശശിയെ ബോധാബോധത്തിന്റെ അനിയന്ത്രിതതലങ്ങളിലേയ്ക്ക് എത്തിക്കുകയായിരുന്നു. അവസാനം തന്റെ തകര്‍ന്ന സ്വപ്നങ്ങളുറങ്ങുന്ന നിളാനദിയുടെ പരിസരങ്ങളിലെവിടെയോ സ്വന്തം മനസ്സിന് നങ്കൂരമിട്ടു. പുതിയ സ്വപ്നങ്ങളുമായി വര്‍ഷങ്ങള്‍ക്കുശേഷം നാട്ടിലേയ്ക്കു തിരിച്ച ശശി തന്റെ തന്നെ പഴയ സ്വപ്നങ്ങളോടേറ്റു മുട്ടി തകര്‍ന്നുപോയി. ഒരു നീണ്ട യാത്രയുടെ അവസാനത്തില്‍ ഞങ്ങള്‍ക്ക്, പ്രത്യേകിച്ച് എനിക്ക്, സാക്ഷ്യം വഹിക്കേണ്ടിവന്ന ഈ അനുഭവം ഇന്നും ഓര്‍മ്മകളില്‍ സജീവമായി തുടരുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in