സമൂഹം ഒരേ തോണിയിലാവില്ല – കൊറോണാനന്തരവും

ഭരണകൂടങ്ങളും അതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഔപചാരിക ഗവേഷകരും സാമൂഹികനീതിയെ അവഗണിച്ചുകൊണ്ടുള്ള നിരീക്ഷണങ്ങളാണ് എന്നും മുന്നോട്ടുവെക്കാറുള്ളത്. രോഗാണുവിന്റെ സ്വഭാവത്തെ കുറിച്ചും ചികിത്സയെ സംബന്ധിച്ചും ”ശാസ്ത്രീയ” സമീപനം മുന്നോട്ടുവെക്കുന്ന പ്രസിദ്ധീകരണങ്ങളും ലേഖകരും അതേസമയം സങ്കുചിതമായ ”സാമൂഹിക ഇടങ്ങളില്‍” സ്ഥാനമുറപ്പിക്കുകയും രോഗാണുവാഹകരെ കുറ്റവാളികളെ പോലെ അടയാളപ്പെടുത്തുകയും ചെയ്യുന്നു. മാനവികാവാദവും സ്ഥിതിസമത്വനും വളരെയധികം സംവാദവിഷയമായി മാറിയതിനുശേഷവും ഇത്തരം ”അപരവല്‍ക്കരണം” രോഗികളോടും രോഗസാധ്യതാവിഭാഗങ്ങളോടും നിലനിന്നതായി എയ്ഡ്‌സ് വ്യാപനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സംവാദങ്ങളും സാക്ഷ്യപ്പെടുത്തുന്നു.

കൊറോണ അഥവാ കൊവിഡ് 19 അവസാനിക്കുമോ? കൊറോണക്ക് ‘കിരീടം’ എന്ന അര്‍ത്ഥം കൂടുയുണ്ട്. ആയതിനാല്‍ കൊറോണ, അധികാരത്തെ കൂടി ഉറപ്പിക്കുന്ന ഒരു മഹാമാരിയായാണ് ലോകത്തിനുമേല്‍ പെയ്തിറങ്ങിയത്. എവിടെനിന്നു തുടങ്ങി എന്നതിനേക്കാള്‍ എവിടെ എങ്ങിനെ അവസാനിക്കുമെന്നതാണ് ഇപ്പോള്‍ പ്രധാനമായിട്ടുള്ളത്. എയിഡ്‌സ് രോഗം അമേരിക്കയിലെ ജൈവായുധ പരീ7ണശാലയുടെ ഉല്‍പ്പന്നമാണെന്ന പഠനങ്ങള്‍ ഉണ്ടായെങ്കിലും അവയൊന്നും പിന്നീട് വെളിച്ചം കണ്ടിട്ടില്ല. (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഈ പുസ്തകം ഇംഗ്ലീഷിലാണ് പ്രസിദ്ധീകരിച്ചത്). മഹാമാരികള്‍ വിവിധ ദേശങ്ങളില്‍ വിവിധകാലങ്ങളില്‍ ഉണ്ടാവുകയും ലക്ഷകണക്കിനു മനുഷ്യരുടെ ജീവന്‍ അപഹരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം അവയെല്ലാം ആഴ്ചകള്‍ കൊണ്ടോ മാസങ്ങള്‍ കൊണ്ടോ അപ്രത്യക്ഷമാകുകയോ ലഘൂകരിക്കപ്പെടുകയോ ചെയ്തിട്ടുമുണ്ട്.

കൊറോണാനന്തരം ലോകം മാറുമെന്നും മനുഷ്യരെല്ലാം നന്മയിലേക്ക് നയിക്കപ്പെടുമെന്നും സൈദ്ധാന്തികരും ദാര്‍ശനികരും വിധി പുറപ്പെടുവിച്ചു കഴിഞ്ഞിട്ടുണ്ട്. താല്‍ക്കാലികമായ ആവേശപ്രഭാഷണങ്ങള്‍ക്കപ്പുറം വസ്തുതകളുടേയും ചരിത്രത്തിന്റേയും അടിസ്ഥാനത്തില്‍ കൊറോണാനന്തരകാലത്തെ നമുക്ക് സമീപിക്കേണ്ടതുണ്ട്. പഴിനേഴാം നൂറ്റാണ്ടിലെ പ്ലേഗ് സംക്രമണകാലത്ത് ഇറങ്ങിയ ദീര്‍ഘമായ ഉത്തരവില്‍ ഇങ്ങനെ പറയുന്നു. ‘ഓരോ വ്യക്തിയുടേയും സ്ഥാനം നിശ്ചയിച്ചിട്ടുണ്ട്. അഥവാ ഒരാള്‍ ആ സ്ഥാനത്തുനിന്ന് ചലിക്കുകയാണെങ്കില്‍ പകര്‍ച്ചവ്യാധിയോ ശിക്ഷയോ ലഭിക്കാം. അതയാളുടെ ഉത്തരവാദിത്തമായിരിക്കും’ (ഫൂക്കോ ഉദ്ധരിച്ചത്. Discipline and Punish, 1995, പു. 195). വാസ്തവത്തില്‍ എല്ലാ മഹാമാരികളും ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ഒരുപോലെയാണ്. ഭരിക്കപ്പെടുന്നവരെ മെരുക്കാനും അച്ചടക്കത്തില്‍ ഒതുക്കാനുമുള്ള കൂടുതല്‍ അനുയോജ്യമായ സന്ദര്‍ഭമായാണ് എക്കാലത്തും ഭരണകൂടം മഹാമാരികളേയും സമീപിച്ചിട്ടുള്ളത്. എന്നാല്‍ മുന്‍കാലങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ മഹാമാരികളുടെ സാഹചര്യങ്ങളല്ല ഇപ്പോള്‍ നിലനില്‍ക്കുന്നത്. ജനസാന്ദ്രത വര്‍ദ്ധിച്ചതാണ് അതില്‍ മുഖ്യമായ ഘടകം. രണ്ടാമത്തേത് സാങ്കേതിക വിദ്യയുടെ വികാസമാണ്. മുന്നാമത്തേത് മൂലധനത്തിന്റേയും തൊഴിലാളികളുടേയും വ്യാപനമാണ്. ഇവമൂന്നും കൊറോണാകാലത്തെ പൂര്‍വ്വകാല മഹാമാരികളില്‍ നിന്നും വിഭിന്നവും വേറിട്ടതുമാക്കുന്നു. ചൈനയിലെ വുഹാനില്‍ 1.11 കോടി ജനങ്ങള്‍ അദിവസിക്കുന്നുണ്ട്. ഷാങ്ങ്ഹായില്‍ 24 ദശലക്ഷത്തിലധികവും ബെയ്ജിങ്ങില്‍ 21 ദശലക്ഷത്തിലധികവും ജനങ്ങള്‍ അധിവസിക്കുന്നു. നഗര വാണിജ്യ – വ്യവസായ കേന്ദ്രീകരണങ്ങളുടെ ഭാഗമായി ഉയര്‍ന്നുവരുന്ന ജനസാന്ദ്രത പുതിയ കാലത്തെ മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമാക്കുന്നുണ്ട്.

വുഹാനില്‍ കൊറോണ വ്യാപിച്ചത് തികച്ചും അപ്രതീക്ഷിതമായും മുന്‍കാല അനുഭവങ്ങളില്‍ നിന്നും വിഭിന്നമായുമാണ്. അതിനാല്‍ കൊറോണ നിയന്ത്രണത്തിനുവേണ്ട നടപടികള്‍ വൈകിയെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഡോ ലീവെന്‍ ലിയാങ്ങിന്റെ താക്കീത് ശ്രദ്ധീകരിക്കാതിരിക്കുക മാത്രമല്ല, അദ്ദേഹത്തെ ശിക്ഷിക്കാന്‍ പോലും തയ്യാറായത് ചൈനീസ് ഭരണകൂടത്തിനുമേല്‍ കരിനിഴല്‍ പരത്തി. വാണിജ്യകേന്ദ്രയുക്തിയിലേക്ക് നീങ്ങിയ ചൈനീസ് ഭരണകൂടത്തിന് വ്യക്തിപരമായ സ്വാതന്ത്ര്യത്തോടുള്ള സമീപനവും ഇതിലൂടെ ബാഹ്യലോകം അറിയാനിടയായി. സ്വതന്ത്രമായ ആശയവിനിമയത്തിനുമേലുള്ള കടിഞ്ഞാണ്‍ ഭരണകൂടങ്ങളുടെ ജനാധിപത്യവിരുദ്ധ നിലപാടാണ് പ്രകടിപ്പിക്കുന്നത്. ഒരു ദേശത്തിന്റെ വികാസം പൂര്‍ത്തിയാകണമെങ്കില്‍ അവിടെ മനുഷ്യര്‍ക്ക് ആശയവിനിമയത്തിനും സഞ്ചാരത്തിനും വിശ്വാസത്തിനുമുള്ള സ്വാതന്ത്ര്യം കൂടി ഉണ്ടായിരിക്കണം. കൊറോണയെ കുറിച്ച് യാതൊരു വിവരവുമില്ലാത്ത സന്ദര്‍ഭത്തില്‍ താന്‍ ചികിത്സിച്ച രോഗികളുടെ അവസ്ഥയും രോഗവ്യാപന സ്വഭാവവും തിരിച്ചറിഞ്ഞ് അതിനോടുള്ള ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചതിനായിരുന്നു ഡോ വെന്‍ ലിയാങ്ങ് ശിക്ഷിക്കപ്പെട്ടത്. പിന്നീട് അദ്ദേഹം രോഗം വന്ന് മരിക്കുകയും ചൈനീസി ഭരണകൂടം ആദരിക്കുകയും ചെയ്തു.

ജനസാന്ദ്രത കൂടുമ്പോള്‍ സാംക്രമിക രോഗങ്ങളുടെ പകര്‍ച്ച വര്‍ദ്ധിക്കും. എങ്കിലും രോഗത്തിന്റെ ഗൗരവം മനസ്സിലായപ്പോള്‍ ചൈന അത്ഭുതകരമാംവിധം നിയന്ത്രിച്ചു. അതിനവര്‍ മുഖ്യമായി ഉപയോഗിച്ചത് മുകളില്‍ പറഞ്ഞ രണ്ടാമത്തെ കാര്യമാണ്. സാങ്കേതിക വിദ്യയുടെ വികാസത്തെ ഉപയോഗിച്ച് രോഗികളെ തിരിച്ചറിയാനും മാറ്റിതാമസിപ്പിക്കാനും ചികിത്സ നല്‍കാനും അവര്‍ ബദ്ധശ്രദ്ധരായിരുന്നു. 11 ദശലക്ഷത്തിലധികം ജനങ്ങള്‍ അധിവസിക്കുന്ന പ്രദേശത്ത് 5000ത്തില്‍ താഴെ മരണവും ഒരു ലക്ഷത്തില്‍ താഴെ രോഗികളുമായി കൊവിഡിനെ പിടിച്ചുനിര്‍ത്തിയത് വലിയ നേട്ടമാണ്. ഷാങ്ഹായിലേക്കോ ബീജിഗിലേക്കോ സാമൂഹ്യവ്യാപനം ഉണ്ടായിരുന്നെങ്കില്‍ ലക്ഷകണക്കിനു മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമായിരുന്നു. അതെല്ലാം നിയന്ത്രിക്കാന്‍ കഴിഞ്ഞത് സാങ്കേതികവിദ്യയും ആരോഗ്യശാസ്ത്രവും സംയുക്തമായി പ്രവര്‍ത്തിച്ചതുകൊണ്ടാണ്. മൂലധനത്തിന്റേയും തൊഴിലാളികളുടേയും വ്യാപനമാണ് ചൈനയില്‍ നിന്നും രോഗം വളരെ പെട്ടെന്ന് ലോകവ്യാപകമായി സംക്രമിക്കാന്‍ കാരണമായത്. സിസക് നിരീക്ഷിച്ചതുപോലെ ഡെങ്ങിന്റെ പരിഷ്‌കരണങ്ങള്‍ക്കു മുമ്പായിരുന്നെങ്കില്‍ ചൈനയില്‍ എന്താണ് സംഭവിച്ചതെന്നുംപോലും ആരും അറിയുകയോ രോഗം പുറത്തേക്ക് വ്യാപിക്കുകയോ ചെയ്യുമായിരുന്നില്ല.

ഇത്രയും ചൈനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞത് മുഖ്യമായി രണ്ടുകാര്യങ്ങള്‍ സൂചിപ്പിക്കാനാണ്. ഒന്ന് ചൈന ഉള്‍പ്പെടെ ലോകവ്യാപകമായി ഉയര്‍ന്നുവന്ന പില്‍ക്കാല മുതലാളിത്തം (late capitalism) അഥവാ സാങ്കേതിക മുതലാളിത്തം (techno capitalism) ഒരു യാഥാര്‍ത്ഥ്യമാണെന്ന് കാണാനാണ്. അതുകൊണ്ടാണ് മൂലധനം യഥേഷ്ടം സഞ്ചരിക്കുകയും ദേശാന്തര മൂലധനമായി (transnational capital) പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. മറ്റൊന്ന് ഇത്തരത്തില്‍ ദേശാന്തര മൂലധനം യാഥാര്‍ത്ഥ്യമായതിനാല്‍ തൊഴില്‍ശക്തി അഥവാ മനുഷ്യാധ്വാനത്തിന്റെ അതിരുകളില്ലാത്ത വ്യാപനമാണ്. ഈ രണ്ടു വസ്തുതകളും കാണാതെ കൊറോണയുടെ വ്യാപനമോ നാളത്തെ ലോകസാഹചര്യമോ വിശകലനം ചെയ്യാന്‍ കഴിയില്ല. വുഹാനില്‍ നിന്ന് രോഗവാഹകര്‍ പെട്ടന്നുതന്നെ ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് വ്യാപിച്ചത് മനുഷ്യര്‍ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നതിനാലാണ്. ദുബായിലെ ദേറയിലും നൈഫിലും ബഹറിനിലുമെല്ലാം ചൈനക്കാര്‍ വിനോദസഞ്ചാരികളായല്ല വരുന്നത്. സാമ്പത്തിക വിനിമയത്തിന്റെ, ഉല്‍പ്പാദന – വിതരണത്തിന്റെ ശൃംഖലയുമായി ബന്ധപ്പെട്ടാണ്. സാംസ്‌കാരിക ബിംബങ്ങള്‍ മാത്രമല്ല, മനുഷ്യരും ഇന്ന് കൂടിക്കുഴഞ്ഞാണ് ജീവിക്കുന്നത്. ബ്രിട്ടീഷ് കോളനിയായിരുന്ന ഇന്ത്യയിലും ബര്‍മയിലും കോളറ വ്യാപിച്ചപ്പോള്‍ അത് ബ്രിട്ടീഷ് പട്ടാളക്കാരിലൂടെയാണ് പടിഞ്ഞാറിലേക്ക് വ്യാപിച്ചത്. ഈ രോഗം ബര്‍മയില്‍ സ്ഥിരമായി നിലവിലുള്ള പകര്‍ച്ചവ്യാധിയെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചത് (july 1938). അതേസമയം ഇന്ത്യന്‍ തൊഴിലാളികള്‍ ബുദ്ധക്ഷേത്ര നിര്‍മ്മാണത്തിനെത്തിയതിലൂടെയാണ് രോഗം ബര്‍മയിലെത്തിയതെന്ന വാദവും ഇതില്‍ പറയുന്നുണ്ട്. ഒരു പ്രതിസന്ധിയോ മഹാമാരിയോ വരുമ്പോള്‍ അത് പ്രകൃതി ദുരന്തമായാല്‍ പോലും മറ്റുള്ളവരില്‍ കെട്ടിവെക്കുന്ന സമീപനം അന്നത്തെ ബ്രിട്ടീഷ് അധികാരികള്‍ മുതല്‍ ഡോ കെ എന്‍ ഗണേഷ് ഉള്‍പ്പെടെയുള്ളവര്‍ വരെ അനുവര്‍ത്തിക്കുന്നതായി കാണാം. രോഗവ്യാപനത്തെ ശാസ്ത്രീയമായി നേരിടാന്‍ ആഹ്വാനം ചെയ്യുന്ന അന്നത്തെ ഇന്ത്യന്‍ മെഡിക്കല്‍ ഗസറ്റിലെ ഒരു വാചകം നോക്കാം. ”ഈ ആശയകുഴപ്പം പ്രധാനമായും ആധുനിക ശാസ്ത്രീയരീതിയില്‍ പകര്‍ച്ചവ്യാധി പഠിക്കാനുള്ള സൗകര്യത്തിന്റെ അഭാവത്തിലുണ്ടാവുന്നതാണ്. ഈ തിരക്കുപിടിച്ച റങ്കൂണ്‍ പോലുള്ള തുറമുഖത്ത് അതിനുള്ള സൗകര്യമുണ്ടെങ്കിലും ഇന്ത്യപോലെ വര്‍ദ്ധിച്ചതോതില്‍ പകര്‍ച്ചവ്യാധിയുള്ള രാജ്യങ്ങളിലെ ”രോഗവാഹകരാകാന്‍” സാധ്യത ഉള്ളവരും സാഹചര്യം അനുകൂലമാവുമ്പോള്‍ പുതുതായി രോഗം പൊട്ടിപ്പുറപ്പെടാന്‍ കാരണമായേക്കാവുന്ന ആളുകളെ പുതുതായി പ്രവേശിപ്പിക്കുന്നതിനാലാണ്. (The Indian Medical Gazatte, July 1938, by G C Maitta, P N Sen Guptha, U Thant)

ഭരണകൂടങ്ങളും അതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഔപചാരിക ഗവേഷകരും സാമൂഹികനീതിയെ അവഗണിച്ചുകൊണ്ടുള്ള നിരീക്ഷണങ്ങളാണ് എന്നും മുന്നോട്ടുവെക്കാറുള്ളത് എന്നാണ് ഇത് സൂചിപ്പി്ക്കുന്നത്. രോഗാണുവിന്റെ സ്വഭാവത്തെ കുറിച്ചും ചികിത്സയെ സംബന്ധിച്ചും ”ശാസ്ത്രീയ” സമീപനം മുന്നോട്ടുവെക്കുന്ന പ്രസിദ്ധീകരണങ്ങളും ലേഖകരും അതേസമയം സങ്കുചിതമായ ”സാമൂഹിക ഇടങ്ങളില്‍” സ്ഥാനമുറപ്പിക്കുകയും രോഗാണുവാഹകരെ കുറ്റവാളികളെ പോലെ അടയാളപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ് കാണാന്‍ കഴിയുക. മാനവികാവാദവും സ്ഥിതിസമത്വനും വളരെയധികം സംവാദവിഷയമായി മാറിയതിനുശേഷവും ഇത്തരം ”അപരവല്‍ക്കരണം” രോഗികളോടും രോഗസാധ്യതാവിഭാഗങ്ങളോടും നിലനിന്നതായി എയ്ഡ്‌സ് വ്യാപനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സംവാദങ്ങളും സാക്ഷ്യപ്പെടുത്തുന്നു. കമ്യുവിന്റെ ”ദിപ്ലാഗിലും” മാനസികവും ശാരീരികവുമായ സംഘര്‍ഷങ്ങളിലകപ്പെട്ട മനുഷ്യരാണ് അടച്ചുപൂട്ടപ്പെട്ട ഒറാന്‍ നഗരത്തില്‍ വേവലാതികള്‍ പങ്കുവെക്കുന്നത്. രോഗവും മരണഭീതിയും മാത്രമല്ല, അതോടൊപ്പം ഉണ്ടാവുന്ന അനശ്ചിതത്വവും പരിഹാസവും ചേര്‍ന്നുണ്ടാവുന്ന സങ്കീര്‍ണ്ണമായ ഖിന്നതയാണ് നോവലിലെന്നപോലെ യാഥാര്‍ത്ഥ്യത്തിലും നമ്മള്‍ കാണുന്നത്. സ്ഥിരം/അസ്ഥിരം, തറവാടിത്തം/കുലഹീനം, കുലീനം/നിന്ദ്യം മുതലായ ദ്വന്ദങ്ങളുടെ അടിസ്ഥാനത്തിലുള്ള വരേണ്യബോധമോ അബോധമോ മിക്കവാറും വ്യക്തികളെ പിന്തുടരുന്നതായി കാണാന്‍ കഴിയും. അന്വേഷണങ്ങളിലും ഇടപെടലുകളിലും സാമൂഹികനീതിയെ സംബന്ധിക്കുന്ന സൂക്ഷ്മത പുലര്‍ത്താന്‍ കഴിയാത്തവരാണ് തൊഴിലിനുവേണ്ടി അന്യസംസ്ഥാനങ്ങളിലോ അന്യരാജ്യങ്ങളിലോ പോകേണ്ടിവരുന്നവരോട് ഫ്യൂഡല്‍കാല ”തെണ്ടി” വിളികള്‍ ആവര്‍ത്തിക്കുന്നതും വിവേചനപരമായും ശത്രുതാപരമായും സംസാരിക്കുന്നതും. രോഗവാഹകരോ രോഗികളോ അവര്‍ ആരായാലും കുറ്റവാളികളല്ലെന്നും ഒരു വ്യവസ്ഥയില്‍ ഇരകളാക്കപ്പെടുന്ന മനുഷ്യരാണെന്നും അവര്‍ക്ക് തിരിച്ചുവരാനും പോകാനും ചികിത്സ ലഭിക്കാനും അര്‍ഹതയുണ്ടെന്നും തിരിച്ചറിയേണ്ടത് ജനാധിപത്യത്തെ ആശ്ലേഷിക്കുന്ന മനുഷ്യരുടെ ഉത്തരവാദിത്തമാണ്.

നമ്മള്‍ ഒരേ തോണിയിലല്ല

പ്രശസ്ത ദാര്‍ശനികനായ സിസക്, മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിനെ ഉദ്ധരിച്ചുകൊണ്ട് ”ഇപ്പോള്‍ നമ്മളെല്ലാം ഒരേ വള്ളത്തിലാണെന്ന്” പറയുന്നുണ്ട്. പെട്ടെന്നു വായിക്കുമ്പോള്‍ ഇതു വളരെ ശരിയാണെന്നു തോന്നും. പ്രത്യേകിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ കൂടി കൊവിഡ് 19 ബാധിച്ച് ചികിത്സയിലായ സന്ദര്‍ഭത്തില്‍. എന്നാല്‍ വസ്തുതാപരമായി ഈ പ്രസ്താവന തെറ്റാണെന്നു മാത്രമല്ല, ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുവാനും കാരണമാകും. അമേരിക്കയില്‍ നിന്നും അനുദിനം ”നാടുകടത്തി വിടുന്ന” (deported) അയല്‍ രാജ്യങ്ങളായ മെക്‌സിക്കോ, ഗോട്ടിമല, ഹൊണ്ടുറാന്‍, എല്‍സാല്‍വഡോര്‍ മുതലായ രാജ്യങ്ങളിലെ കൊവിഡ് രോഗികളോ വാഹകരായ മനുഷ്യരും അമേരിക്കന്‍ പൗരരും ഒരേ തോണിയിലല്ല ഇപ്പോള്‍ സഞ്ചരിക്കുന്നത്. അമേരിക്കയില്‍ തന്നെ വാടക നല്‍കാന്‍ ഗതിയില്ലാതെ സ്വന്തം കാറുകളില്‍ അന്തിയുറങ്ങുന്നവരും പ്രൗഢമായ അപാര്‍ട്ട്‌മെന്റുകളില്‍ വസിക്കുന്നവരും ഒരേ തോണിയിലല്ല സഞ്ചരിക്കുന്നത്. സിസക് നിരീക്ഷിക്കുന്നപോലെ ലോക് ഡൗണ്‍ കാലം ”പരസ്പരം കരുതലോടെ സൂക്ഷിക്കുന്ന ദൂരം” (Mutually Assured Distance) തെരുവില്‍ ഉപേക്ഷിക്കപ്പെട്ട തൊഴിലാളികള്‍ക്കും അടച്ചുപൂട്ടി വീട്ടില്‍ ഇരിക്കുന്ന മനുഷ്യര്‍ക്കും ഒരുപോലെയല്ല. അമേരിക്കയില്‍ ലോക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന്് ഉറപ്പായപ്പോള്‍ മാളുകള്‍ മാത്രമല്ല, തോക്കുകടകളും കാലിയായി പോയി. പണമുള്ളവര്‍ സാധനങ്ങള്‍ക്കൊപ്പം പിടിച്ചുപറിക്കാരെ സങ്കല്‍പ്പിച്ചുകൊണ്ട് തോക്കുകളും വാങ്ങുകയായിരുന്നു. ജനതാ കര്‍ഫ്യൂവിനുശേഷം ഇന്ത്യയിലെ നഗരങ്ങളില്‍ വെള്ളവും ഭക്ഷണവും യാത്രാസൗകര്യങ്ങളുമില്ലാതെ അലയേണ്ടിവന്ന മനുഷ്യരും വീട്ടില്‍ സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്നവരും പരസ്പരം ഒരു ധാരണയിലും എത്തിയിട്ടില്ല. അങ്ങനെ ഒരു കരുതല്‍ എളുപ്പവുമല്ല.

കൊറോണക്കാലം അവസാനിക്കില്ലെന്ന ലോകാരോഗ്യസംഘടനയുടെ നിരീക്ഷണം ഭാഗികമായി ശരിയാണ്. എയ്ഡ്‌സ് പോലേയോ ചിക്കന്‍ പോക്‌സ് പോലേയോ ആ രോഗവും നമുക്കിടയില്‍ നിലനിന്നേക്കാം. പ്രതിരോധ കുത്തിവെപ്പുകള്‍ വിജയപ്രദമായി നടപ്പാവുകയാണെങ്കില്‍ പോലും അതിന്റെ പൂര്‍ണ്ണതക്ക് ഏതാണ്ട് ഒരു വര്‍ഷമെങ്കിലും പ്രതീക്ഷിക്കേണ്ടിവരും. എന്നാല്‍ അതിനിടയില്‍ രോഗികളേയും രോഗവാഹകരേയും സംരക്ഷിക്കാനുള്ള സാമൂഹിക – വൈദ്യശാസ്ത്ര സമീപനം വികസിച്ചുവരും. ലോക് ഡൗണ്‍ ദീര്‍ഘിക്കുന്തോറും ഇന്ത്യയിലെ അടിത്തട്ടിലുള്ള മനുഷ്യരായിരിക്കും ഏറ്റവും യാതന അനുഭവിക്കുക. ഓരോദിവസവും തൊഴില്‍ ചെയ്താല്‍ മാത്രം ജീവിക്കാന്‍ കഴിയുന്ന ബഹുഭൂരിപക്ഷം; ഡോ അഗതജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ദാരിദ്ര്യരേഖക്ക് കീഴില്‍ ജീവിക്കുന്ന മനുഷ്യര്‍. ഭക്ഷണം മാത്രമല്ല, തൊഴിലാളികള്‍ക്ക് വേണ്ടതെന്ന ”അമ്മ”യിലെ പാവേലിന്റെ ചര്‍ച്ചയെല്ലാം നമ്മള്‍ കൊവിഡ് വേവലാതിയില്‍ മറന്നുപോയിരിക്കുന്നു.

ഭക്ഷണംപോലും ലഭിക്കാത്ത ഇന്ത്യയിലെ ബഹുഭൂരിപക്ഷം അടിത്തട്ടു മനുഷ്യര്‍ക്ക് ഭക്ഷണം പ്രധാനം തന്നെയാണ്. എങ്കിലും ഭക്ഷണത്തിനപ്പുറം തുല്യരായി ജീവിക്കാനുള്ള അവസരമായിരുന്നു സോഷ്യലിസ്റ്റ് ആദര്‍ശങ്ങളിലൂടേയും ഗോര്‍ക്കിയുടെ വായനകളിലൂടേയും ഒരു കാലത്ത് നമ്മള്‍ സ്വപ്‌നം കണ്ടത്. അതേ മനുഷ്യരോ അവരുടെ അടുത്ത തലമുറയോ ഭക്ഷണപ്പൊതികളില്‍ തൃപ്തിയടയുന്നതു കാണുമ്പോള്‍ നമ്മുടെ സ്വപ്‌നങ്ങള്‍പോലും കരിഞ്ഞുപോയോ എന്നാണ് ഭയപ്പെടേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply