ഭക്ഷണ വ്യവസായത്തിന്റെ ഇരകളായി മാറണോ
പാശ്ചാത്യ സമൂഹത്തെ പുതുരുചികള്‍ കൊണ്ട് കീഴടക്കിയ മക്‌ഡൊണാള്‍ഡ്‌സ്, നെസ്ലെ എന്നിങ്ങനെയുള്ള ഭക്ഷണ സമ്രാജ്യങ്ങള്‍ 1990കള്‍ മുതല്‍ മറ്റു വന്‍കരകളിലേയ്ക്കും ഫാസ്റ്റ്ഫുഡിന്റെ അധിനിവേശം നടത്തിക്കഴിഞ്ഞു. ഇന്ന് ലോകത്ത് 100 രാജ്യങ്ങളിലായി 37855 ഔട്ട് ലെറ്റുകള്‍ മക്‌ഡൊണാള്‍ഡ്‌സിനു മാത്രമായിട്ടുണ്ട്. ഇതേപോലെ ലോകത്തെയാകെ സ്വന്തം ഭക്ഷണത്തിന്റെ അടിമകളാക്കിയ 20 ഓളം മുന്‍നിരക്കമ്പനികളെ തൊട്ടുപിന്നാലെയും കാണാം. ഇവരുടെ വലയില്‍ കുടുങ്ങാത്തവരായി ഭൂമുഖത്ത് ആരും അവശേഷിക്കുന്നില്ലിന്ന്. കോളയും നൂഡില്‍സും ബര്‍ഗറും ലെയ്‌സും ഫ്രെഞ്ച് ഫ്രൈയും കുര്‍ക്കറെയും വിദൂരധ്രുവങ്ങളിലെ എക്‌സിമോകളെപ്പോലും ഹൃദ്യോഗികളാക്കി മാറ്റിയിട്ടുണ്ട്.
‘ഭക്ഷണശീലങ്ങള്‍ മാറ്റി നമുക്ക് കോവിഡ് മരണസാധ്യത കുറയ്ക്കാം. ജനങ്ങളോട് അവരുടെ ഭക്ഷണ ശീലങ്ങള്‍ മാറ്റാന്‍ പറയാന്‍ പറ്റിയ സമയമിതാണ്’ എന്ന് കോവിഡ് മരണങ്ങളില്‍ അമേരിക്കയുടെ തൊട്ടു പിന്നിലുള്ള ബ്രിട്ടനിലെ, പ്രസിദ്ധ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. അസീം മല്‍ഹോത്ര പറയുന്നു.
സാധാരണ ഗതിയില്‍ മിക്ക ഡോക്ടര്‍മാരും രോഗങ്ങളുടെ പരിസ്ഥിതി -സാമൂഹ്യ കാരണങ്ങളെപ്പറ്റി രോഗികളോട് പറയാനോ അവ അന്വേഷിക്കാനോ തുനിയാറില്ല. കാന്‍സറിന്റെ കാരണം ചോദിച്ചാല്‍ കോശങ്ങളുടെ ക്രമം തെറ്റിയുള്ള വളര്‍ച്ച എന്നാകും ഉത്തരം. അല്ലെങ്കില്‍ മിക്ക രോഗങ്ങളും പാരമ്പര്യം വഴി കിട്ടുന്നതാണെന്നു പറയും. എന്നാല്‍ ഡോ.അസീം മല്‍ഹോത്ര കഴിഞ്ഞ ദിവസം തന്റെ ട്വിറ്ററില്‍ എഴുതി ‘ വ്യവസായ രൂപത്തില്‍ മാര്‍ക്കറ്റിലെത്തുന്ന ഭക്ഷണമാണ് ബ്രിട്ടനിലെ ജനങ്ങളെ പൊണ്ണത്തടിക്കാരാക്കി മാറ്റുന്നത്. ഇത്തരം സാധനങ്ങളുടെ ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമം ഉടന്‍ വേണം. ‘ ജങ്ക് ഫുഡ് പൊണ്ണത്തടി വരുത്തുന്നതിനെപ്പറ്റി മെയ് ഒന്നിന് പ്രസിദ്ധപ്പെടുത്തിയ ഒരു ഗവേഷണലേഖനം മുന്‍നിര്‍ത്തിയാണ് ഡോ.മല്‍ഹോത്ര ഇതു പറഞ്ഞത്. ഇതേ തുടര്‍ന്ന് അവിടുത്തെ ഒരു മാധ്യമം അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്തു കൊണ്ട് ചോദിച്ചു, ‘എന്തുകൊണ്ടാണ് അമിതവണ്ണമുള്ളവര്‍ കോവിഡ് രോഗത്താല്‍ കൂടുതല്‍ മരിക്കാനിട വരുന്നത്?’ ഡോ. ഷെബാനി സേത്തി പറഞ്ഞത് ഡോ.മല്‍ഹോത്രയും ആവര്‍ത്തിച്ചു. ‘പൊണ്ണത്തടിക്കാര്‍ക്ക് കോവിഡ് വഴി മറ്റുള്ളവരേക്കാള്‍ പത്തു മടങ്ങ് മരണസാധ്യതയുണ്ട്. ചീത്ത ഭക്ഷണമാണ് ആരോഗ്യരക്ഷയെ തകര്‍ക്കുന്ന മുഖ്യ ഘടകം. ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ സംവിധാനം ചീത്ത ഭക്ഷണത്തിനെതിരേ ഒന്നും ചെയ്യുന്നില്ല. ആശുപത്രികളില്‍ കൊടുക്കുന്ന 75% ഭക്ഷണവും രോഗമുണ്ടാക്കുന്നതാണ്. ജങ്ക് ഫുഡ് കമ്പനികള്‍ ഫണ്ട് നല്‍കുന്നതിനാല്‍ ഡോക്ടര്‍മാരുടെ ഭക്ഷണ ഉപദേശങ്ങളിലും അഴിമതിയുണ്ട്. പകര്‍ച്ചവ്യാധിയുടെ ഈ സമയത്ത് ജനങ്ങളോട് ഭക്ഷണ ശീലങ്ങള്‍ മാറ്റാനാണ് നാം പറയേണ്ടത്. ‘
പുറമേ ബഹുകേമമെങ്കിലും, അകമേ വേരുകള്‍ ദ്രവിച്ച ഒരു വൃക്ഷം നിലം പൊത്താന്‍ കാത്തു നിന്നതു പോലെയാണ് വീശിയടിച്ച കൊറോണയില്‍ വികസിത രാഷ്ട്രങ്ങളിലെ രോഗവ്യാപനവും മരണങ്ങളും. ഇത് അവിടങ്ങളില്‍ മാത്രമല്ല ലോകത്തിനാകെ തിരുത്തലുകള്‍ക്ക് അവസരം നല്‍കേണ്ടതാണ്. എന്നാല്‍ ‘അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോള്‍ അറിയാം’ എന്നു കരുതുന്നതു പോലെ തിരുത്തലുകള്‍ അത്ര എളുപ്പമല്ല. ഇതിന്റെ കാരണം ഡോ.മല്‍ഹോത്ര പറഞ്ഞതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. അതിതാണ്:
1) കൊറോണാ വ്യാപനത്തെയും മരണങ്ങളെയും കുത്തനെ കൂട്ടിയ പൊണ്ണത്തടി, പ്രമേഹം എന്നീ ജീവിതശൈലീ രോഗങ്ങള്‍ പാശ്ചാത്യ വികസിത രാജ്യങ്ങളില്‍ കുമിഞ്ഞുകൂടിയത് അവിടങ്ങളില്‍ നടത്തിയ തെറ്റായ വികസന രീതിയുടെ ഫലമായിട്ടാണ്. അതിനാല്‍ ജീവിതശൈലി രോഗങ്ങളെ തെറ്റായ വികസനത്തിന്റെ രോഗങ്ങള്‍ എന്നു പറയുന്നത് കുറേക്കൂടി ഉചിതമാണ്. (ഒരു പ്രദേശം സാമ്പത്തികമായി വികസിക്കുന്നു എന്നതിന്റെ ലക്ഷണം പോലുമായി ഇത്തരം രോഗങ്ങളുടെ വര്‍ധനവിനെ കണക്കാക്കാറുണ്ട്. ഉദാഹരണമായി നമ്മുടെ കേരളം തന്നെ. ഇവിടെ അവിടങ്ങളിലെപ്പോലെ പ്രമേഹാദികള്‍ കൂടുമ്പോള്‍ നാം വികസിത രാഷ്ട്രങ്ങളോളമെത്തിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയാറ്).
2) ഈ വികസനത്തിന്റെ ഭാഗമായി ഭക്ഷണത്തിന്റെ ഉല്പാദനം, രണ്ടാം ലോകയുദ്ധത്തിനു ശേഷം വലിയ വ്യവസായമായി വളര്‍ത്തിയെടുത്തു. (1951 ലാണ് മെറിയം വെബ്സ്റ്റര്‍ ഡിക്ഷ്ണറിയില്‍ ‘ഫാസ്റ്റ്ഫുഡ് ‘ എന്ന വാക്ക് ആദ്യം സ്ഥാനം പിടിച്ചത്. ) ഭക്ഷണം ഉല്പാദിപ്പിക്കുന്ന കമ്പനികളാകട്ടെ കൂടുതല്‍ ഉപഭോക്താക്കളെയും കൂടുതല്‍ ലാഭവും കിട്ടുന്നതില്‍ മാത്രം ശ്രദ്ധിച്ച് , പുതിയ പുതിയ രുചികളോടെ റെഡിമെയ്ഡ് വിഭവങ്ങള്‍ മത്സരിച്ച് മാര്‍ക്കറ്റിലെത്തിച്ചു.. ഇത്തരം ഭക്ഷണം ജനജീവിതത്തിന്റെ ഭാഗമാക്കിയതാണ് ജീവിതശൈലീ രോഗങ്ങള്‍ കുതിച്ചു കേറാന്‍ ഒന്നാമത്തെ കാരണം. അതായത് പ്രാദേശികമായി കിട്ടുന്ന വീട്ടു ഭക്ഷണം കുറഞ്ഞ്, കൂടുതലും കമ്പനി നിര്‍മ്മിത റെഡി മെയ്ഡ്ഭക്ഷണങ്ങള്‍ കഴിക്കാന്‍ ജനങ്ങള്‍ നിര്‍ബ്ബന്ധിക്കപ്പെട്ടു. (ഗള്‍ഫ് നാടുകളിലെത്തുന്ന മലയാളികളില്‍ നല്ലൊരു പങ്കും ഇത്തരം മാര്‍ക്കറ്റ് ഭക്ഷണത്തിന്നിരയായി പെട്ടെന്ന് ജീവിത ശൈലീ രോഗത്തിന് കീഴ്‌പ്പെടാറുള്ളത് ഓര്‍ക്കുക). പ്രത്യേകിച്ചും ദരിദ്ര ജനവിഭാഗങ്ങള്‍. ഇംഗ്ലണ്ടില്‍ 50% ലേറെപ്പേരും കഴിക്കുന്നത് ഇത്തരം ഭക്ഷണമാണ്. അമേരിക്കയിലാകട്ടെ സാധരണക്കാരായ പ്രത്യകിച്ച് കറുത്ത വിഭാഗക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ അടുത്തെല്ലാം സുലഭമായി കിട്ടുന്നത് കോള, ബര്‍ഗര്‍, എന്നിങ്ങനെയുള്ള റെഡിമെയ്ഡ് വിഭവങ്ങള്‍ മാത്രം. എന്നാല്‍ അവിടങ്ങളില്‍ സമീപത്തെങ്ങും തന്നെ പഴങ്ങളോ പച്ചക്കറികളോ പലചരക്ക് സാധനങ്ങളോ കിട്ടുന്ന കടകള്‍ കാണില്ല. ഫാസ്റ്റ്ഫുഡ് മാത്രം ലഭ്യമാകുന്ന ഇത്തരം സ്ഥലങ്ങള്‍ക്ക് ഭക്ഷ്യ മരുഭൂമികള്‍ ( Food Deserts) എന്നാണ് പുതിയ പേരു തന്നെ. അതായത് സാധാരണക്കാര്‍ക്ക് ഏതു ഭക്ഷണം വേണം എന്നു തെരഞ്ഞെടുക്കാനുള്ള അവസരം തന്നെ അസാധ്യമാക്കിയിരിക്കുന്നു. ഡോ.മല്‍ഹോത്ര പറഞ്ഞതുപോലെ പൊണ്ണത്തടിയും പ്രമേഹവും വളരെ ചെറുപ്പത്തിലേ സമ്മാനിക്കുന്ന മധുരവും ട്രാന്‍സ് ഫാറ്റും വെളുപ്പിച്ച അന്നജവും കൃത്രിമച്ചേരുവകളും കലര്‍ന്നതാണ് ഈ വ്യാവസായിക ഭക്ഷണം. അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ലൈഫ് സ്‌റ്റൈല്‍ മെഡിസിനില്‍ വന്ന പഠനത്തില്‍ ഡോ. ജോവല്‍ ഫര്‍മാന്‍ (Joel Fuhrman) ഇത്തരം ഭക്ഷണത്തെ ഫാസ്റ്റ്ഫുഡ് കൂട്ടക്കൊല ‘ ( Fast Food Genocide ) എന്നാണ് വിളിച്ചത്.
3) ഈ ഫാസ്റ്റ്ഫുഡ് ഭക്ഷണ വ്യവസായികള്‍ക്കു വേണ്ട ചോളം, സോയ, മാംസം എന്നിവ ഉല്പാദിപ്പിക്കുന്നതിനാണ് അമേരിക്കന്‍ കാര്‍ഷിക സബ്‌സിഡിയുടെ 90 % പോകുന്നത്. ഈ സബ്‌സിഡിയുള്ളതുകൊണ്ട് ഭക്ഷണകമ്പനികള്‍ക്ക് കോളയും ബര്‍ഗറും ഫ്രെഞ്ച് ഫ്രൈയുമൊക്കെ തീരെ കുറഞ്ഞ വിലയില്‍ വിറ്റ് സാധാരണക്കാരന്റെ നിത്യശീലങ്ങളാക്കി മാറ്റാന്‍ കഴിഞ്ഞത്. ഉദാഹരണമായി കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ കോളയുടെ വില 33% കണ്ട് കുറയ്ക്കാന്‍ കമ്പനികള്‍ക്കു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പഴങ്ങള്‍ക്ക് സബ്‌സിഡി ഇല്ലാത്തതിനാല്‍ അവയുടെ വില 40% കണ്ട് കൂടുകയാണുണ്ടായത്. അതായത് ഒരു ഡോളര്‍ ഉണ്ടെങ്കില്‍ 875 കലോറി ഊര്‍ജ്ജം കിട്ടുന്ന ഒരു കുപ്പി കോള കിട്ടുമെങ്കില്‍ ഇതേ വിലക്ക് പഴങ്ങള്‍ വാങ്ങിയാല്‍ അതില്‍ നിന്ന് 170 കലോറി ഊര്‍ജ്ജമേ കിട്ടൂ. അപ്പോള്‍ ആളുകള്‍ കോള ശീലമാക്കുകയും അതുവഴി ബാല്യത്തില്‍ തന്നെ രോഗങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നു. ഇത്തരം വികൃത ഭക്ഷണം അമേരിക്കന്‍ ജനതയില്‍ മൂന്നില്‍ രണ്ടു പേരെയും മിതവണ്ണക്കാരാക്കിയതുകൊണ്ടാണ് ‘അമേരിക്ക നേരിടുന്ന ഭീകരത രാജ്യത്തിനകത്തു നിന്നുള്ളതും ജനങ്ങളെ ഒന്നാകെ ഇല്ലാതാക്കുന്നതുമായ പൊണ്ണത്തടിയാ ‘ണെന്ന് അവിടുത്തെ സര്‍ജന്‍ ജനറല്‍ ആയിരുന്ന റിച്ചാര്‍ഡ് എച്. കാര്‍മോണ ( Richard H. Carmona )തന്നെ 2002 ല്‍ പറഞ്ഞത്. ആ വാക്കുകളെ ശരിവെയ്ക്കുന്നതല്ലേ ഇപ്പോഴത്തെ കോവിഡ് മരണങ്ങള്‍?
4)വലിയ സബ്‌സിഡി നല്‍കി, കുറഞ്ഞ വിലയ്ക്ക് ചോളം, സോയ എന്നിങ്ങനെ സാധനങ്ങള്‍ കമ്പനികള്‍ക്ക് കൊടുക്കുന്നതു കൂടാതെ, വഴിതെറ്റിക്കുന്ന പോഷകാഹാര -ആരോഗ്യ ഉപദേശങ്ങള്‍ ജനങ്ങള്‍ക്കു നല്‍കിയും ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ ദുര്‍ബ്ബലമാക്കിയും കുട്ടികളെക്കൂടി വഴി തെറ്റിക്കുന്ന വശീകരണ പരസ്യങ്ങളെ വിലക്കാതെയുമാണ് അമേരിക്കന്‍ ഗവണ്‍മെന്റ ഭക്ഷണ വ്യവസായത്തെ പാലൂട്ടി വളര്‍ത്തുന്നത്. അതായത് ജനങ്ങളുടെ രുചിബോധത്തിലേക്കും വിശപ്പിലേക്കും നുഴഞ്ഞു കയറിയ ഭക്ഷണ വ്യവസായികള്‍ക്ക് അനുകൂലമായ കാര്‍ഷിക-ഭക്ഷ്യ -ആരോഗ്യനയങ്ങളാണ് അവിടെ ചെറുപ്പക്കാര്‍ക്ക പോലും ജീവിതശൈലീ രോഗങ്ങള്‍ വരുത്തിവെച്ചതും ജനങ്ങളുടെ രോഗപ്രതിരോധശക്തി നന്നെ ദുര്‍ബ്ബലമാക്കിയതും ഇപ്പോള്‍ കോവിഡ് രോഗവും മരണങ്ങളം ഞെട്ടിപ്പിക്കുന്ന വിധം വര്‍ദ്ധിപ്പിച്ചതും.
5)1950 കള്‍ക്കു ശേഷം ഭക്ഷണ വ്യവസായക്കമ്പനികളുടെ വളര്‍ച്ചയ്ക്ക് സമാന്തരമായിട്ടാണ് അതേ വേഗതയില്‍, ജീവിതശൈലീ രോഗങ്ങളും അമേരിക്കയില്‍ കുതിച്ചു കയറിയത്. 1960 കളില്‍ അവിടെ പൊണ്ണത്തടിക്കാര്‍ ജനസംഖ്യയില്‍ 12 % ആയിരുന്നെങ്കില്‍ ഇന്നത് 35 % ത്തിലും മുകളിലായിട്ടുണ്ട്. അതോടൊന്നിച്ച് മറ്റു നിത്യരോഗങ്ങളും ഏറിയിരിക്കുന്നു. ഭക്ഷണ വ്യവസായത്തിന്റെ ഈ അമേരിക്കന്‍ കുതിപ്പ് മറ്റു വികസിത രാഷ്ട്രങ്ങളിലുമെത്തി ഇതേ രോഗങ്ങളെ അവിടങ്ങളിലൊക്കെ സാര്‍വ്വത്രികമാക്കിയിരിക്കുന്നു. അതുകൊണ്ടാണ് ഇംഗ്ലണ്ട് , അവിടുത്തെ ജനങ്ങളെ രോഗികളാക്കുന്ന ഭക്ഷണക്കമ്പനികളെ സഹായിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്ന് , കോവിഡ് മരണങ്ങള്‍ ചൂണ്ടിക്കാട്ടി, നയങ്ങള്‍ രൂപീകരിക്കുന്ന അധികാരികളോട് ഡോ.മല്‍ഹോത്ര ആവശ്യപ്പെട്ടത്. മാത്രമല്ല അദ്ദേഹം ഭരണ കേന്ദ്രങ്ങളും ഭക്ഷണ വ്യവസായ ശക്തികളും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഉറപ്പ് എത്രയെന്നും തുറന്നു പറയുന്നുമുണ്ട്. എന്നു വെച്ചാല്‍ രോഗ വ്യാപനത്തിനും ദാരുണമായ കൂട്ട മരണങ്ങള്‍ക്കും ഒന്നാമത്തെ ഉത്തരവാദി കോവിഡിനേക്കാള്‍, സര്‍ക്കാരിന്റെ നയങ്ങളാണെന്നു സാരം.
6) ആധുനിക ഭക്ഷണ വ്യവസായം ജനങ്ങളെ നിത്യരോഗികളാക്കുന്നുവെന്ന് നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഈ ഭക്ഷണ വ്യവസായ ഭീമന്മാര്‍ക്ക് ഭരണത്തിലുള്ള സ്വാധീനത്തെ തട്ടിത്തെറിപ്പിക്കാന്‍ അവയ്‌ക്കൊന്നും കഴിഞ്ഞിട്ടില്ല. ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ രോഗികള്‍ക്കു കൊടുക്കുന്ന ഭക്ഷണം പോലും ഭക്ഷണക്കമ്പനികളടെ വ്യാപാര വിജയത്തിന് മുതല്‍ക്കൂട്ടാക്കി മാറ്റിയിരിക്കുന്നത് ഇക്കാരണത്താലാണ്. കാരണം ജനങ്ങളുടെ ആരോഗ്യരക്ഷയേക്കാള്‍ മീതെയാണ് വ്യാവസായിക താല്‍പ്പര്യങ്ങള്‍. യഥാര്‍ത്ഥത്തില്‍ മലിനീകരണത്തിന്റെ വ്യവസായ ശക്തികള്‍ക്ക് വിഷം വീഴുന്നത് പുഴയിലോ മനുഷ്യന്റെ രക്തക്കുഴലുകളിലോ എന്ന വ്യത്യാസമൊന്നുമില്ല. നായാടാന്‍ ഇറങ്ങിയവന് തന്റെ തിര ലക്ഷ്യം വെയ്ക്കുന്നത് മാനാണോ മുയലാണോ എന്നു വ്യത്യാസമില്ലാത്തതുപോലെ , ലാഭത്തില്‍ മാത്രം കണ്ണുനട്ടിരിക്കുന്ന വ്യാവസായിക താല്‍പ്പര്യങ്ങള്‍ക്ക് , വിഷമാലിന്യങ്ങള്‍ വീഴുന്ന പ്രകൃതിയും, സ്ഥിര രോഗങ്ങള്‍ വരുത്തുന്ന വിധത്തില്‍ രൂപമാറ്റം വരുത്തിയ മധുര-കൊഴുപ്പു -അന്നജങ്ങള്‍ ഏറ്റുവാങ്ങുന്ന മനുഷ്യ ശരീരവും തമ്മില്‍ എന്തു വ്യത്യാസം?
ഭക്ഷണ വ്യവസായത്തിന്റെ ദിഗ് വിജയം
പാശ്ചാത്യ സമൂഹത്തെ പുതുരുചികള്‍ കൊണ്ട് കീഴടക്കിയ മക്‌ഡൊണാള്‍ഡ്‌സ്, നെസ്ലെ എന്നിങ്ങനെയുള്ള ഭക്ഷണ സമ്രാജ്യങ്ങള്‍ 1990കള്‍ മുതല്‍ മറ്റു വന്‍കരകളിലേയ്ക്കും ഫാസ്റ്റ്ഫുഡിന്റെ അധിനിവേശം നടത്തിക്കഴിഞ്ഞു. ഇന്ന് ലോകത്ത് 100 രാജ്യങ്ങളിലായി 37855 ഔട്ട് ലെറ്റുകള്‍ മക്‌ഡൊണാള്‍ഡ്‌സിനു മാത്രമായിട്ടുണ്ട്. ഇതേപോലെ ലോകത്തെയാകെ സ്വന്തം ഭക്ഷണത്തിന്റെ അടിമകളാക്കിയ 20 ഓളം മുന്‍നിരക്കമ്പനികളെ തൊട്ടുപിന്നാലെയും കാണാം. ഇവരുടെ വലയില്‍ കുടുങ്ങാത്തവരായി ഭൂമുഖത്ത് ആരും അവശേഷിക്കുന്നില്ലിന്ന്. കോളയും നൂഡില്‍സും ബര്‍ഗറും ലെയ്‌സും ഫ്രെഞ്ച് ഫ്രൈയും കുര്‍ക്കറെയും വിദൂരധ്രുവങ്ങളിലെ എക്‌സിമോകളെപ്പോലും ഹൃദ്യോഗികളാക്കി മാറ്റിയിട്ടുണ്ട്.
ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് തമ്പടിച്ചിരിക്കുന്ന ആഗോള ഭക്ഷണ വ്യവസായത്തെപ്പറ്റി വിശദമായ ഒരു പഠനം ഈയിടെ ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ്എന്‍വയണ്‍മെന്റ് നടത്തുകയുണ്ടായി. കമ്പാളത്തില്‍ നിന്നെടുത്ത നല്ല വില്പനയുള്ള ഭക്ഷണ പായ്ക്കറ്റുകളില്ലെല്ലാം തന്നെ ആയുഷ്‌ക്കാല രോഗങ്ങള്‍ക്കിട വരുത്തുന്ന ചേരുവകള്‍ ഈ പഠനം പുറത്തു കൊണ്ടു വന്നിട്ടുണ്ട്. ജനാരോഗ്യത്തെ പ്രതി, ഇന്ത്യാ ഗവണ്‍മെന്റ് ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ കര്‍ക്കശമാക്കി പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ തയ്യാറാക്കിയ ബില്ല് ഭക്ഷണക്കമ്പനികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് തിരുത്തിയെഴുതി നിബന്ധനകള്‍ പലതും ഉദാരമാക്കുകയുണ്ടായി. എന്നിട്ടും കമ്പനികള്‍ക്ക് തൃപ്തിവരാത്തതിനാല്‍ ബില്ല് അണിയറയില്‍ തന്നെ അനക്കാതെ വെച്ചിരിക്കുകയാണ്. അമേരിക്കയിലേതിനു സമാനമായ ഭക്ഷണ ശീലത്തിലേയ്ക്കും അതുവഴി ദീര്‍ഘകാല രോഗങ്ങളുടെ ചാകരയിലേക്കും 130 കോടി ജനങ്ങളെയും തള്ളി വിടുന്നതാണ് ഇന്ത്യയില്‍ ഇന്നുനടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ഗ്രാമങ്ങളെ ആപേക്ഷിച്ച് നാഗരങ്ങള്‍ ഫാസ്റ്റ്ഫുഡ് സംസ്‌കാരത്തിന് കീഴ്‌പ്പെട്ടതിനാലാണ് അവിടങ്ങളില്‍ ഈ രാജ്യത്ത് ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലാന്ന് ജീവിതശൈലീ രോഗികള്‍ കൂടുതലുള്ളത്. ഇന്ന് കോവിഡ് വ്യാപനവും മരണങ്ങളും ഏറിയിരിക്കുന്നതും ഇവിടങ്ങളിലാണ്.
കൊക്കോ കോളയും പെപ്‌സിയും നെസ് ലെയും തുടങ്ങിയ ഈ ആഗോള ഭക്ഷണ കമ്പനി കൂട്ടുകെട്ട് സര്‍ക്കാറുകളെ എങ്ങനെയൊക്കെയാണ് പാട്ടിലാക്കുക എന്നത് നമ്മെ അന്ധാളിപ്പിക്കുക തന്നെ ചെയ്യും. ഇവര്‍ ചൈനയിലെ ആരോഗ്യ വകുപ്പിനെ സ്വാധീനിച്ച്, അവിടെ പൊണ്ണത്തടിയ്‌ക്കെതിരെയുള്ള സര്‍ക്കാര്‍ ബോധവല്‍ക്കരണത്തില്‍ ഫാസ്റ്റ് ഫുഡിനെപ്പറ്റി പറയിക്കാതെ, വ്യായാമത്തില്‍ മാത്രം ശ്രദ്ധ കൊടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചതിന്റെ വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇവിടെ കേരളത്തിലാകട്ടെ മുമ്പെങ്ങുമില്ലാത്ത വിധം യുക്തിവാദികള്‍, ജനങ്ങളില്‍ ശാസ്ത്രബോധം വളര്‍ത്താനെന്ന വ്യാജേന വികല ഭക്ഷണ വ്യവസായത്തെ ‘ശാസ്ത്രീയ ‘മായി ന്യായികരിക്കുന്നത് ഇപ്പോള്‍ പതിവാണ്. അവരുടെ ഒരു സമ്മേളനത്തില്‍ ഒരു നേതാവ് കൊക്കോ കോള കുടിച്ചു കാണിച്ച് അതിനെതിരെയുള്ള ‘അന്ധവിശ്വാസ ‘ പ്രചരണങ്ങളെ ജനങ്ങള്‍ക്കു മുമ്പാകെ തുറന്നു കാണിക്കുകയുണ്ടായി! ഈ ആഗോള ഭക്ഷണ സാമ്രാജ്യങ്ങള്‍ ഡോക്ടര്‍മാരെയും മറ്റും ഉപയോഗിച്ച് , അവര്‍ വഴി തങ്ങളുടെ ഉല്പന്നങ്ങള്‍ കുട്ടികള്‍ക്ക് സമ്മാനമായി നല്‍കുന്നതും നടക്കുന്നുണ്ട്. അങ്ങനെ മനുഷ്യന്റെ ആശ്രയ കേന്ദ്രങ്ങളായ ഭരണകൂടം, ചികിത്സാ മേഖല, എന്നു വേണ്ട ശാസ്ത്രബോധം, യുക്തിചിന്ത എന്നീ എല്ലാ തലകളും തന്റേതാക്കി മാറ്റിയ വിശ്വരൂപമായി വാനംമുട്ടി വളര്‍ന്നു നില്‍ക്കുകയാണ് നമുക്കു മുന്നില്‍ ഭക്ഷണ വ്യവസായത്തിന്റെ പടുകൂറ്റന്‍ ശരീരം. അതു പറയുന്നു, ‘ഞാന്‍ തന്നെയാണ് സര്‍ക്കാര്‍, ഞാന്‍ തന്നെയാണ് ശാസ്ത്രവും യുക്തിയും, ഞാന്‍ തന്നെയാണ് മരുന്ന്, ഞാന്‍ തന്നെയാണ് വികസനം, ഞാന്‍ തന്നെയാണ് സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍… ‘
കോവിഡ് രോഗങ്ങളും മരണങ്ങളും പെരുമഴയായി പെയ്യുമ്പോള്‍ , നാളെ പുതിയ വാക്‌സിന്റെ സൂര്യോദയം കാണാന്‍ കാത്തിരിക്കുന്ന നമ്മള്‍ പക്ഷേ, മറ്റൊരു വൈറസ് വേറൊരു തരം മരണദൂതുമായി വരുമ്പോള്‍ , നിവര്‍ന്നു നില്‍ക്കാന്‍ കഴിയണമെങ്കില്‍, മനുഷ്യകുലത്തെയാകെ നിത്യരോഗികളാക്കുന്ന സര്‍വ്വവ്യാപിയായ അമേരിക്കന്‍ ഭക്ഷണത്തിന്റെ അധിനിവേശത്തെ ചെറുത്തു തോല്‍പ്പിക്കുക തന്നെ വേണം.
അശോകകുമാര്‍ വി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in