എസ് എഫ് ഐ : കേരളത്തിനകത്തും പുറത്തും – അരവിന്ദ് ഇന്‍ഡിജനസ്
കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയ സമൂഹത്തില്‍ നിന്ന് കേരളത്തിന് പുറത്തെ വിദ്യാര്‍ത്ഥി രാഷ്ട്രീയം വ്യത്യസ്തമാകുന്നത് ഇടതുപക്ഷത്തിന്റെ ഈ സവിശേഷ സാംസ്‌കാരിക മൂലധനം വലിയ സ്വാധീനം ചെലുത്താനാകാത്തതുകൊണ്ടാണ്. കേരളത്തിന് പുറത്തും അകത്തും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം നടത്തിയ ഒരാള്‍ എന്ന നിലയില്‍ എന്റെ അനുഭവ പരിസരത്തില്‍ എസ് എഫ് ഐ എന്ന സംഘടനയുടെ ഈ മാറ്റം പ്രകടമാണ്. കേരളത്തിന് പുറത്തു ഉയര്‍ന്ന സാംസ്‌കാരിക മൂലധനം അവര്‍ക്ക് ലഭ്യമല്ല.അതുകൊണ്ട് തന്നെ കേരളത്തിന് പുറത്തു അവര്‍ വലിയ അതിക്രമങ്ങള്‍ക്ക് തയ്യാറാകില്ല. സ്ഥൂല രാഷ്ട്രീയ അധികാര സംവിധാനത്തോട് ചേര്‍ന്നല്ല കേരളത്തിന് പുറത്തു ഈ സംഘടന പ്രവര്‍ത്തിക്കുന്നത്.
അരവിന്ദ് ഇന്‍ഡിജനസ്
ഫ്രറ്റേര്‍ണിറ്റി എന്ന വിദ്യാര്‍ത്ഥി സംഘടന സംസ്ഥാനതലത്തില്‍ നടത്തുന്ന ജാഥക്കുനേരെ രണ്ടിടത്തെങ്കിലും എസ് എഫ് ഐ അക്രമം നടത്തിയിരിക്കുന്നു. ഇനിയുമതാവര്‍ത്തിക്കാനിടയുണ്ട്. മറ്റു സംഘടനകളുടെ ജനാധിപത്യ സ്വാതന്ത്ര്യത്തിനുനേരെ എസ് എഫ് ഐ ആദ്യമായല്ല അക്രമണസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആ സംഘടനയുടെ ചരിത്രത്തിലുടനീളം അക്രമണപരമ്പരകളുടെ ഒരു വലിയ നിര തന്നെ ഉണ്ടായിട്ടുണ്ട്. ആക്രമിക്കുകയും തിരിച്ചു ആക്രമിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഏതു തരത്തിലായാലും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സംഭവിക്കുന്ന വയലന്‍സുകളില്‍ എസ് എഫ് ഐ എന്ന സംഘടയുടെ സാന്നിധ്യം പ്രബലമാണ്. വിദ്യാര്‍ത്ഥി സമൂഹത്തില്‍ മാത്രമല്ല പൊതുസമൂഹത്തിലാകെ ശക്തമായ സ്വാധീനം ചെലുത്തുന്നുന്ന ഒന്നാണ് ഇന്ന് എസ് എഫ് ഐ. എന്തുകൊണ്ടിതു സംഭവിക്കുന്നു എന്നുള്ളതിന് സാമൂഹ്യശാസ്ത്രപരമായി പരിശോധിക്കേണ്ടത് അനിവാര്യമാണ്. സംഘടനയില്‍ പ്രവര്‍ത്തിച്ചു എന്നുള്ളതുകൊണ്ടും സംഘടനയുടെ ആന്തരികവൈരുധ്യങ്ങള്‍ നേരിട്ട് ബോധ്യപ്പെട്ട വ്യക്തി എന്നുള്ള നിലയിലും അതിനെക്കുറിച്ചു പരിശോധിക്കേണ്ടത് ഇപ്പോള്‍ അനിവാര്യമായിരിക്കുകയാണ്. വിശേഷിച്ചും അഭിമന്യു എന്ന പിന്നോക്ക സാമൂഹിക സാഹചര്യങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥിയുടെ ഓര്‍മകളുടെ ഒരു വര്‍ഷം കൂടി കടന്നു പോകുമ്പോള്‍.
കേരളത്തിന്റെ മുഖ്യധാരാ പൊതുബോധം ഇടതുപക്ഷത്തിനോട് അനുകൂലമായിരിക്കുന്നതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം അത് വിദ്യാര്‍ത്ഥി രാഷ്ട്രീയ രംഗത്തുണ്ടാകുന്ന സ്വാധീനങ്ങളാണ്. ഇടതുപക്ഷത്തിനനുകൂലമായിരിക്കുന്നു എന്ന് പറയുമ്പോള്‍ പൊതുബോധത്തിനുള്ളില്‍ ഇടതുപക്ഷ ധാരണകള്‍, പ്രത്യയശാസ്ത്രങ്ങള്‍ ശക്തമാണെന്ന അര്‍ത്ഥത്തിലല്ല. ഇടതുപക്ഷം എന്ന നിലപാട് ഉണ്ടാക്കുന്ന സാസ്‌കാരികമായ മൂല്യമാണ് ഉദ്ദേശിക്കുന്നത്. ഓരോ സമൂഹത്തിലും അതിന്റെ ചരിത്രപരമായ കാരണങ്ങള്‍ കൊണ്ടും സാമൂഹിക ഘടനകൊണ്ടും ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് അല്ലെങ്കില്‍ ഘടകങ്ങള്‍ക്ക് സവിശേഷ സാംസ്‌കാരിക മൂല്യങ്ങള്‍ കൈവരും. അത് സമൂഹത്തില്‍ പ്രബലമായിരിക്കും.
പിയറി ബ്യുര്‍ഡോ എന്ന സാമൂഹിക ശാസ്ത്രജ്ഞന്‍ വിവരിക്കുന്ന സാംസ്‌കാരിക മൂലധനം എന്ന സവിശേഷതയാണത്. സമൂഹത്തില്‍ ചില വിഭാഗങ്ങള്‍ക്കും ഘടകങ്ങള്‍ക്കും ലഭിച്ചു പോരുന്ന സവിശേഷ മൂല്യമാണത്. സാമൂഹിക വിഭജനത്തിന്റെ പ്രത്യേകതകള്‍ കൊണ്ടും സമൂഹത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അധികാരത്തിന്റെ സവിശേഷതകള്‍കൊണ്ടും നമ്മുട സമൂഹത്തിലും അതിന്റെ ഒരുപാടു ഉദാഹരണങ്ങള്‍ ഉണ്ട്. ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതിശ്രേണിക്കനുസൃതമായി സാംസ്‌കാരിക മൂലധനം വിഭജിക്കപ്പെട്ടിരിക്കുന്ന ഒരു സാഹചര്യമാണുള്ളത്. സവര്‍ണ ജാതിസമൂഹങ്ങളുടെ സ്വത്വമൂല്യമേറുകയും അത് വളരെ സ്വാഭാവികമായി പരസ്യങ്ങളിലും സിനിമകളിലും ഉയര്‍ത്തിക്കാണിക്കുന്ന ഉദാഹരണങ്ങളും അനേകമാണ്.
കേരളത്തിന്റെ പൊതുസമൂഹത്തില്‍ ഇതില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമായി ഇടതുപക്ഷം എന്ന നിലപാടിനോട് ചേര്‍ന്നുയര്‍ന്നൊരു സാമൂഹിക മൂലധനം കൂടിയുണ്ട്. ഇടതുപക്ഷമായിരിക്കുക എന്നത് ഒരു ഉയര്‍ന്ന സാമൂഹിക മൂലധനമാണ്. എന്തുകൊണ്ടിത് സംഭവിച്ചു എന്ന് പരിശോധിക്കുമ്പോള്‍ നമ്മുടെ സമൂഹത്തില്‍ നിലനിന്ന രാഷ്ട്രീയ അധികാരവുമായി അതിനുള്ള ബന്ധം മാറ്റി നിര്‍ത്താവുന്നതല്ല. ചരിത്രപരമായി ഇടതുപക്ഷത്തനുണ്ടായിട്ടുള്ള ഉയര്‍ന്ന മൂലധനം നമ്മുടെ സംസ്ഥാന രൂപീകരണത്തിന്റെ രാഷ്ട്രീയാധികാരവുമായി നേരിട് ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. പല പ്രതലങ്ങളിലായി തിരസ്‌കരിക്കാനാവാത്ത സൂക്ഷ്മമായ കാരണങ്ങള്‍ ഈ ഉയര്‍ന്ന സാംസ്‌കാരിക മൂല്യത്തിനുണ്ടെങ്കിലും രാഷ്ട്രീയ അധികാരവും ആ അധികാരത്തില്‍ ഉണ്ടായ രാഷ്ട്രീയ അധികാര ഘടനയുമാണ് (Diadic political structures) അതിന്റെ മൂലകാരണം. ഒരു ഇടതുപക്ഷ രാഷ്ട്രീയ മുന്നണി ശക്തമായി അധികാരത്തിലെത്തുകയും അതിനെതിര്‍വശത്തായി വലതുപക്ഷം പ്രബലമാകുകയും ചെയ്തു. രണ്ടു വലിയ സ്ഥൂല രാഷ്ട്രീയ ശരീരങ്ങള്‍ കേരളത്തിന്റെ മുഖ്യധാരയില്‍ രൂപപ്പെട്ടു. ദളിതുകളും അടിച്ചമര്‍ത്തപ്പെട്ടവരുടേതുമായ ഒരു രാഷ്ട്രീയ ധാര സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ രാഷ്ട്രീയ അധികാരം നേടാന്‍ പ്രാപ്തമായിരുന്നില്ല. കേരളത്തിന്റെ സാമൂഹിക ഘടനയില്‍ വൈവിധ്യമായ രാഷ്ട്രീയധാരകള്‍ക്ക് വേണ്ടതായ വിസിബിലിറ്റി ലഭ്യമാകാതിരുന്ന ഒരു കാലഘട്ടം കൂടി ആയിരുന്നു അത്. നിലനിന്ന വ്യവസ്ഥയില്‍ ഇടതുപക്ഷം ഭൂമിയെക്കുറിച്ചും ജനക്ഷേമത്തെക്കുറിച്ചും പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്തപ്പോഴും വലതുപക്ഷം ആ ചര്‍ച്ചകളെ മുഴുവനും റദ്ദുചെയ്തുകൊണ്ട് വിമോചന സമരത്തോടൊപ്പം നിലനിന്നു. സമൂഹത്തില്‍ നില നിന്ന രണ്ടു സ്ഥൂല രാഷ്ട്രീയ ശരീരങ്ങള്‍ നോര്‍മേറ്റീവ് ആയി ഒന്ന് പുരോഗമന സാമൂഹിക മാറ്റത്തിനുവേണ്ടിയും മറ്റൊന്ന് പരമ്പരാഗതമായ മൂല്യച്യുതികള്‍ക്കായും നിലനിന്നു.ഇടതുപക്ഷം പിന്നോക്ക സാമൂഹിക വിഭാഗങ്ങള്‍ക്ക് ഭൂവിതരണം, വിദ്യാഭ്യാസം എന്നീ ആവശ്യങ്ങള്‍ ഒരളവു വരെ സാദിച്ചുകൊടുക്കാനായി ഭൂപരിഷ്‌കരണനിയമവും വിദ്യാഭ്യാസ ബില്ലും മുന്നോട്ട് വെച്ചു. വലതുപക്ഷം സാമൂഹിക മാറ്റത്തിനെതിരായി നിലനിന്നു. വിമോചന സമരത്തില്‍ സമൂഹത്തിലെ സവര്‍ണ വിഭാഗങ്ങളുടെ സവിശേഷാധികാരം തകര്‍ന്നു പോകുമോ എന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭയം പ്രകടമായിരുന്നു.
സ്വാഭാവികമായും അടിച്ചമര്‍ത്തപ്പെട്ട സമൂഹങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്നു. വലതുപക്ഷത്തിന്റെ രാഷ്ട്രീയ നൈതികത ചോദ്യം ചെയ്യപ്പെട്ടു. വലതുപക്ഷം സവര്‍ണപക്ഷങ്ങളുടെ കൂടെ നിലനിന്നു എന്നത് സാമൂഹികമായി വിമര്‍ശിക്കപ്പെട്ടു. പിന്നീട് അവിടന്നങ്ങോട്ട് നടന്ന നിര്‍ണായകമായ രാഷ്ട്രീയ സന്ദര്ഭങ്ങളില്ലെല്ലാം വലതുപക്ഷം കേരളത്തിന്റെ രാഷ്ട്രീയ നൈതികതക്ക് പുറത്താകുന്ന തരത്തില്‍ ഇടപെട്ടിട്ടുണ്ട്. രാഷ്ട്രീയ അധികാരം ഒന്നിടവിട്ട കാലഘട്ടങ്ങളില്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ട് എന്നിരുന്നാലും രാഷ്ട്രീയ നൈതികത എന്നത് ഇടതുപക്ഷമായി വ്യാഖ്യാനിക്കപ്പെട്ടു. അടിയന്തരാവസ്ഥയും, കേരളത്തില്‍ നടന്ന നക്‌സലൈറ്റ മുന്നേറ്റങ്ങളും അങ്ങനെ ചെറു വൈവിധ്യങ്ങളെല്ലാം ഇടതുപക്ഷം എന്നത് നൈതികമായ നിലപാടായി ഉറപ്പിക്കപ്പെട്ടു. ഏറ്റവും ഒടുവിലും ശബരിമലയിലെ വിഷയത്തില്‍ പോലും കോണ്‍ഗ്രസ് രാഷ്ട്രീയ നൈതികതയുടെ നേരെ എതിര്‍ വശത്താണ് നിന്നത്. ഇടതുപക്ഷത്തിന് പ്രത്യേകിച്ച് നിലപാടുണ്ടായില്ലെങ്കില്‍ പോലും നവ ദളിത് സെബാള്‍ട്ടണ്‍ രാഷ്ട്രീയധാരയുടെ ഇടപെടല്‍ ഇടതുപക്ഷത്തിന് അനുകൂലമായി. തുടര്‍ച്ചയായി വലതുപക്ഷത്തിനെതിരെ ഉണ്ടായ അഴിമതി ആരോപണങ്ങള്‍, നേതാക്കളുടെ വ്യക്തിജീവിതത്തില്‍ ഉണ്ടായ ജീര്‍ണതകള്‍ (സോളാര്‍ അഴിമതികള്‍) എന്നിവയും ഇവിടെ പ്രസക്തമാണ്
കേരളത്തിന്റെ സാമൂഹിക ഘടനയില്‍ ഈ രണ്ടു വലിയ രാഷ്ട്രീയ സ്ഥൂല ശരീരങ്ങളുടെ അപ്രമാദിത്വവും അതിലെ കോണ്‍ഗ്രസിന്റെ നൈതികമായ അപചയവും പലപ്പോഴും അനുകൂലമായത് ഇടതുപപക്ഷ നിലപാടിന്റെ നൈതിക മൂല്യം വര്‍ധിപ്പിക്കുന്നതിനാണ്. അതുകൊണ്ടെല്ലാം കേരളത്തിന്റെ സാംസ്‌കാരിക സമൂഹത്തില്‍ ഇടതുപക്ഷം എന്ന നിലപാടിന് സാംസ്്കാരികമായി ഒരു സവിശേഷ മൂല്യം കൈവന്നു. ബാക്കി നിലനിന്ന മുഴുവന്‍ രാഷ്ട്രീയ വൈവിധ്യത്തെയും അപ്രത്യക്ഷമാക്കികൊണ്ട് ഈ രണ്ടു വലിയ സ്ഥൂല രാഷ്ട്രീയ ശരീരങ്ങളുടെ അപ്രമാദിത്വവും അതില്‍ത്തന്നെ കോണ്‍ഗ്രിസിന്റെ ജീര്‍ണതയുമാണ് സത്യത്തില്‍ ഇടത്പക്ഷത്തിന്റെ ഉയര്‍ന്ന സാംസ്‌കാരിക മൂലധനത്തിന്റെ മുഖ്യ കാരണം. ഇത് പ്രത്യക്ഷത്തില്‍ സ്വാധീനിക്കുന്ന മേഖലകളില്‍ ഒന്നാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയം. സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന എല്ലാ ഹെഗമണിയേയും നിലനിര്‍ത്തിക്കൊണ്ടാണ് ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥി സംഘടനകളും പ്രവര്‍ത്തിക്കുന്നത്.പ്രത്യേകിച്ചും രാഷ്ട്രീയാധികാരത്തിലെ ഈ സ്ഥൂല രാഷ്ട്രീയ ശരീരങ്ങളുടെ അതെ ഘടനയില്‍ ഇത് പ്രവര്‍ത്തിക്കുന്നത്. ഇവിടെയാണ് നമ്മള്‍ മുമ്പ് പറഞ്ഞ ഉയര്‍ന്ന സാംസ്‌കാരിക മൂലധനം വളരെ പ്രധനമാകുന്നത്. ഇടതുപക്ഷം എന്ന നിലപാടിനുള്ള ഉയര്‍ന്ന സാംസ്‌കാരിക മൂലധനം ഒരു ബ്രാന്‍ഡ് ആയി മാറിക്കഴിഞ്ഞു. പുരുഷാധിപത്യം, സവര്‍ണ സംസ്‌കാരങ്ങളോടുള്ള വിധേയത്വം, ന്യൂനപക്ഷങ്ങളുടെ അടിച്ചമര്‍ത്തപ്പെട്ടവരുടെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മനസിലാക്കാനുള്ള പരിമിതി എന്നിവയെല്ലാം ആ ഹെജിമണിയുടെ സവിഷേതകളാണ്. എത്രയൊക്കെ രാഷ്ട്രീയ വൈവിധ്യങ്ങള്‍ സമൂഹത്തില്‍ ഉണ്ടായാലും വിദ്യാര്‍ത്ഥി സമൂഹത്തിലേക്ക് അതിന്റെ സ്വാധീനങ്ങള്‍ ഒന്നും തന്നെ അനുകൂലമാകില്ല. കാരണം വിദ്യാര്‍ത്ഥി സംഘടനപ്രവര്‍ത്തനത്തെ നിലനിര്‍ത്തുന്നത് ഈ ഹെഗമണി ആണ്. അതുകൊണ്ടു തന്നെ സമൂഹത്തിലെ പ്രശ്‌നബാധിതരായ ആളുകളുടെ പ്രശ്‌നങ്ങളെക്കാള്‍ ഈ ആള്‍ക്കൂട്ട ഇടതുപക്ഷത്തിന്റെ പ്രഥമ പരിഗണന ഇതേ ഉയര്‍ന്ന സാംസ്‌കാരിക മൂലധനത്തിനെ നിലനിര്‍ത്തുക എന്നതാണ്. സിപിഎം എന്ന അതിന്റെ മൂല സംഘടനക്കെതിരായ മുഴുവന്‍ വിമര്‍ശനങ്ങളെയും ആള്‍ബലംകൊണ്ടു നേരിടുക എന്നതാണ് ഈ ആള്‍ക്കൂട്ടം കൊണ്ടുള്ള സ്ഥൂല രാഷ്ട്രീയ ശരീരത്തിന്റെ ലക്ഷ്യം. എല്ലാ നവ സാമൂഹിക നിലപാടുകളുടെയും എതിര്‍ വശത്തു വലതു പക്ഷം എന്ന കോണ്‍ഗ്രസ് നിലനില്ക്കുന്നതുകൊണ്ട് വീണ്ടും വീണ്ടും പൊതു സമൂഹത്തില്‍ ഇതേ ഇടതുപക്ഷത്തിന്റെ ഉയര്‍ന്ന സാംസ്‌കാരിക മൂലധനം നിലനില്‍കുകയും ശക്തിപ്പെടുകയും ചെയ്യുന്നു. ഇടതുപക്ഷത്തിന്റെ അടിച്ചമര്‍ത്തല്‍ കൂടി ആകുമ്പോള്‍ പൂര്‍ണമായും സമൂഹം എല്ലാ രാഷ്ട്രീയ വൈവിധ്യങ്ങളെയും, വിമര്‍ശനങ്ങളെയും അപ്രത്യക്ഷമാകും. വലിയ ഭീമാകാരമായ അധികാര സ്ഥൂല ശരീരമായി ഇടതുപക്ഷം രൂപം പ്രാപിക്കും. അതിന്റെ കേന്ദ്രത്തില്‍ സിപിഎം ഉണ്ടാകും. അതുകൊണ്ടാണ് ദളിത് മുസ്ലിം രാഷ്ട്രീയ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കാമ്പസുകളില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയാത്തത്. അതിനു കഴിയണമെങ്കില്‍ പ്രാഥമികമായി മുമ്പ് സൂചിപ്പിച്ച ദ്വി സ്ഥൂല രാഷ്ട്രീയ ശരീര അപ്രമാദിത്വം തകരണം. അല്ലാതെ ചുറ്റും നില്‍ക്കുന്ന മുഴുവന്‍ വൈവിധ്യങ്ങളെയും ബോധ്യപ്പെടുവാന്‍ വിദ്യാര്‍ത്ഥി സമൂഹത്തിനു കഴിയില്ല. ഇടതുപക്ഷം എന്ന നിലപാടിന്റെ ഉയര്‍ന്ന സാംസ്‌കാരികമായ മൂല്യം തകരുകയും വലതുപക്ഷം എന്ന അപചയത്തിന് പകരം വെക്കാന്‍ നവ രാഷ്ട്രീയ ധാരകള്‍ക്ക് കഴിയുകയും ചെയ്താല്‍ മാത്രമേ വിദ്യാര്‍ത്ഥി രാഷ്ട്രീയം നാമ മാത്രമായ മാറ്റങ്ങള്‍ക്കെങ്കിലും വിധേയമാകു.
കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയ സമൂഹത്തില്‍ നിന്ന് കേരളത്തിന് പുറത്തെ വിദ്യാര്‍ത്ഥി രാഷ്ട്രീയം വ്യത്യസ്തമാകുന്നത് ഇടതുപക്ഷത്തിന്റെ ഈ സവിശേഷ സാംസ്‌കാരിക മൂലധനം വലിയ സ്വാധീനം ചെലുത്താനാകാത്തതുകൊണ്ടാണ്. കേരളത്തിന് പുറത്തും അകത്തും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം നടത്തിയ ഒരാള്‍ എന്ന നിലയില്‍ എന്റെ അനുഭവ പരിസരത്തില്‍ എസ് എഫ് ഐ എന്ന സംഘടനയുടെ ഈ മാറ്റം പ്രകടമാണ്. കേരളത്തിന് പുറത്തു ഈ ഉയര്‍ന്ന സാംസ്‌കാരിക മൂലധനം അവര്‍ക്ക് ലഭ്യമല്ല.അതുകൊണ്ട് തന്നെ കേരളത്തിന് പുറത്തു അവര്‍ വലിയ അതിക്രമങ്ങള്‍ക്ക് തയ്യാറാകില്ല. സ്ഥൂല രാഷ്ട്രീയ അധികാര സംവിധാനത്തോട് ചേര്‍ന്നല്ല കേരളത്തിന് പുറത്തു ഈ സംഘടന പ്രവര്‍ത്തിക്കുന്നത്.
കേരളത്തിനകത്തെ രാഷ്ട്രീയ കളരിയില്‍ പഠിച്ചിറങ്ങിയ പുതിയ എസ് എഫ് ഐ കേഡര്‍മാര്‍ കേന്ദ്ര സര്‍വ്വകലാശാലകളിലേക്ക് എത്തുമ്പോള്‍ ജനാധിപത്യപരമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പ്രേരിപ്പിക്കപ്പെടുന്നത് ഈ കേരളത്തില്‍ കിട്ടുന്ന സാംസ്‌കാരിക മൂലധനം അവിടെ കിട്ടാത്തതുകൊണ്ടാണ്. സത്യത്തില്‍ കേരളത്തിലെ എസ് എഫ് ഐയുടെ അതിക്രമങ്ങളെ ഇവിടുത്തെ പ്രബലമായ ഇടതുപക്ഷ ബോധം വിമര്‍ശിക്കുന്നത് 13 പേരെ കുത്തി കൊന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയുടെ കുസൃതി എന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്നതുപോലെയാണ്. അത് കേരളത്തിന് പുറത്തു ലഭ്യമല്ല എന്നത് തന്നെയാണ് അവിടങ്ങളില്‍ ആ സംഘടനയുടെ നിലപാടുകള്‍ക്ക് മാറ്റം ഉണ്ടാക്കുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in