
സെപ്തമ്പര്‍ 13 രാഷ്ട്രീയതടവുകാരുടെ അവകാശ ദിനം
ഇന്ത്യയില്‍ തടവുകാരുടെ ദിനമായി സെപ്തമ്പര്‍ 13 ആചരിക്കപ്പെടണമെന്ന് തീരുമാനിക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് CRPP ( രാഷ്ടീയ തടവുകാരുടെ മോചനത്തിനു വേണ്ടിയുള്ള കമ്മറ്റി ) കേന്ദ്ര സമിതി യോഗത്തിലാണ്. എന്തുകൊണ്ട് സെപ്റ്റമ്പര്‍ – 13? ചരിത്രപശ്ചാത്തലത്തിലേക്ക് ഒരു എത്തിനോട്ടം.
തടവുകാര്‍ക്ക് മാന്യമായ വസ്ത്രം, ആരോഗ്യകരമായ ഭക്ഷണം, വായനാ സൗകരങ്ങള്‍, മാന്യമായ പെരുമാറ്റം എന്നിവ അവശ്യപ്പെട്ട് സമരം നടത്തിയത് ഭഗത് സിംഗ് ഉള്‍പ്പെടെയുള്ള ദേശീയ വിപ്ലവകാരികളായിരുന്നു. ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവം നടത്തി ഫ്യൂഡല്‍ സ്വേച്ഛാധിപത്യത്തേയും അതിന്റെ നീതിബോധത്തേയും തകര്‍ത്തെറിഞ്ഞ് അധികാരത്തിലേറിയ ബ്രിട്ടീഷ് മുതലാളിത്തം ഇന്ത്യയില്‍ എത്തിയപ്പോള്‍ ഇവിടുത്തെ ഫ്യൂഡല്‍ ശക്തികളുമായി സഹവസിച്ചും സഹകരിച്ചും ഇന്ത്യാ സ്വാതന്ത്ര്യത്തിന്റേയും ഇവിടെ രൂപമെടുക്കേണ്ട ജനാധിപത്യ പുരോഗതികളുടേയും അന്തകരായി. അവരുടെ ആധിപത്യവും കൊള്ളയും ഇന്ത്യയിലെ ജനങ്ങളുടെ ജീവിതത്തെ വഴിമുട്ടിയതാക്കി. സ്വാതന്ത്ര്യത്തിനും അതിജീവനത്തിനും, വേണ്ടിയുള്ള ഇന്ത്യന്‍ ജനതയുടെ പോരാട്ടങ്ങള്‍ പല രൂപത്തിലും ഭാവത്തിലും പൊട്ടിപുറപ്പെട്ടു. മാസ്റ്റര്‍ ദാ എന്നറിയപ്പെട്ട സൂര്യ സെന്നിന്റെ നേതൃത്വത്തില്‍ അങ്ങിനെയാണ് ചിററഗോങ് പോരാട്ടം പൊട്ടിപുറപ്പെടുന്നത്.
എം കെ ഗാന്ധിയുടെയും കോണ്‍ഗ്രസ്സിന്റേയും നേതൃത്വത്തില്‍ നിയമലംഘന പ്രസ്ഥാനം, സ്വദേശി പ്രസ്ഥാനം, നിസ്സഹകരണ പ്രസ്ഥാനം പോലുള്ള ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ഒട്ടനവധി തികച്ചും സമാധാനപരവും ജനാധിപത്യപരവുമായ സമരങ്ങള്‍ വിവിധ ഘട്ടങ്ങളിലായി ഉയര്‍ന്ന് വന്നു. എന്നാല്‍ അതെല്ലാം അന്തിമമായി ബ്രിട്ടനുമായി വിലപേശി ‘ഡോമിനിയന്‍ പദവി’ (പുത്രികാ പദവി ) പോലുള്ള ഒത്തുതീര്‍പ്പുകളിലും കീഴടങ്ങലുകളിലും അവസാനിക്കുന്നവയായിരുന്നു. ‘സ്വരാജ്’എന്ന കോണ്‍ഗ്രസ്സിന്റെ ആവശ്യം പോലും ‘ഡൊമീനിയന്‍ പദവി’ എന്ന സങ്കല്‍പ്പത്തിന് അപ്പുറമായിരുന്നില്ല. ബ്രിട്ടീഷ് ഭരണകൂടം ഈ പരിമിതമായ ആവശ്യങ്ങളെ, അതിന് വേണ്ടിയുള്ള അണിനിരക്കലുകളെപോലും, തികഞ്ഞ അസഹിഷ്ണുതയോടും അക്രമാസക്തമായുമാണ് നേരിട്ടത്. ക്രൂരമായ അടിച്ചമര്‍ത്തലുകളുടെ നയം അഴിഞ്ഞാടി.
ഗാന്ധിയുടേയും കോണ്‍ഗ്രസ്സിന്റേയും കീഴടങ്ങലിന്റേയും ഒത്തുതീര്‍പ്പിന്റേതുമായ ഈ നയങ്ങളില്‍ പ്രതിക്ഷേധിച്ചു കൊണ്ടാണ് സുഭാഷ് ചന്ദ്രബോസിനെ പോലുള്ള നേതാക്കള്‍ കോണ്‍ഗ്രസ്സ് വിട്ടു പോകുന്നതും സൈനികമായി സായുധ നടപടികളില്‍ ഏര്‍പ്പെട്ടതും. ജനങ്ങള്‍ തന്നെ പല സന്ദര്‍ഭങളിലായി അക്രമാസക്തമായ തിരച്ചടികളില്‍ സ്വയം ഏര്‍പ്പെട്ടിട്ടുണ്ട്. ഗാന്ധി അതിനെയെല്ലാം തന്റെ ‘അഹിംസാ പ്രസ്ഥാനം’കൊണ്ട് മുക്കിക്കൊല്ലാനാണ് ശ്രമിച്ചത്. ഗാന്ധിയുടെ കീഴടങ്ങലിന്റേയും ഒത്തുതീര്‍പ്പിന്റേതുമായ നയങ്ങളില്‍ മനം മടുത്ത ഇന്ത്യന്‍ യുവത്വം അവസാനം ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് പോലുളള, റഷ്യന്‍ വിപ്ലവത്തില്‍ നിന്നും ആവേശമുള്‍ക്കൊണ്ട ദേശീയ യുവ വിപ്ലവകാരികളുടെ നേത്വത്തില്‍ ബ്രട്ടീഷുകാര്‍ക്കെതിരെ തോക്കിന്റേയും ബോംബിന്റേയും ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങി. ഇതൊരു കാട്ടുതീ പോലെ ഇന്ത്യയിലങ്ങോളമിങ്ങോളം ആളിപ്പടര്‍ന്നു. വിപ്ലവാവേശം കൊണ്ട് അതിഗംഭീരയായ ഒരു ഒറ്റ മനുഷ്യനെപോലെ ഉണര്‍ന്നെണീറ്റ ഇന്ത്യന്‍ യുവത്വം ബ്രിട്ടീഷ് സാമ്രാജത്വത്തിന് മാത്രമല്ല വിശിഷ്യ ഗാന്ധിക്കും കോണ്‍ഗ്രസ്സിനും ഒരേ പോലെ വെല്ലുവിളിയായി മാറുകയായിരുന്നു. ഭഗത് സിംഗ് പ്രസ്ഥാനവുമായി ബന്ധപ്പട്ടുകൊണ്ട് ജയിലില്‍ എത്തിയ ജതിന്‍ ദാസ് എന്ന ജതിന്ദ്രദാസ് ബ്രിട്ടിഷ് സര്‍ക്കാര്‍ ഇന്ത്യന്‍ തടവുകാരോട് കാണിക്കുന്ന വിവേചനത്തിനെതിരായി പ്രതിഷേധിച്ചു. ജയില്‍ നീതിക്കുവേണ്ടിയും തടവുകാരുടെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചും ജയില്‍ സാഹചര്യത്തില്‍ സാധ്യമായ സമരരൂപം എന്ന നിലക്ക് ഒരു നീണ്ട നിരാഹാരസമരത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ജയില്‍ അധികൃതര്‍ പ്രസ്തുത സമരം പൊളിക്കാന്‍ ക്രൂരമായ പല നടപടികളും സ്വീകരിച്ചു. ബലം പ്രയോഗിച്ച് ഭക്ഷണം കഴിപ്പിക്കാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമത്തില്‍ അദ്ദേഹത്തിന്റെ തൊണ്ടയും അന്നനാളവും മുറിവേററ് അവസാനം പഴുത്ത് വൃണാവസ്തയിലായിഎന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
എന്നാല്‍ വിപ്ലവകാരിയായ ജതിന്ദ്ര ദാസിന്റെ ദൃഢമായ ഇച്ഛാശക്തിയെ തോല്‍പ്പിക്കാന്‍ ഈ ക്രൂരതകള്‍ക്കൊന്നും കഴിഞ്ഞില്ല. കേവലം കായികബലത്തില്‍ നിന്നും ഉണ്ടാകുന്നതല്ലല്ലൊ യഥാര്‍ത്ഥശക്തി എന്നത്. അത്, തകര്‍ക്കാന്‍ കഴിയാത്ത ഇച്ഛാശക്തിയില്‍ നിന്നുമുണ്ടാകുന്നതാണ്. ജതിന്ദ്ര ദാസ് സമരം തുടരുക തന്നെ ചെയ്തു. അവസാനം അറുപത്തിമൂന്നാമത്തെ ദിവസം 1929 സെപ്തമ്പര്‍ -13 ന് ജതിന്ദ്ര ദാസ് രക്ത സാക്ഷിയായി. ഒരു രാഷ്ട്രീയതടവുകാരന്റെ ജയില്‍ നീതിക്കായ പോരാട്ടത്തില്‍ മാത്രമല്ല, ഇന്ത്യാ സ്വാതന്ത്ര്യ സമര ചരിത്ര ത്തിലെ ആവേശഭരിതമായ ഒരു മുഹൂര്‍ത്തത്തെ തന്നെ ജതിന്ദ്ര ദാസ് അടയാളപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പല ആനുകൂല്യങ്ങളും സൗകര്യങ്ങളും രാഷ്ട്രീയ തടവുകാര്‍ക്ക് അനുവദിക്കാന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായി. ഈ ചരിത്രമുഹൂര്‍ത്തത്തോടുളള വിപ്ലവപരമായ ആദരവിന്റെ സൂചനയായാണ് CRPP ജതിന്ദ്ര ദാസ് ദിനത്തെ തടവുകാരുടെ ദിനം (Prisoners Day) ആയി പ്രഖാപിച്ചിട്ടുള്ളത്.
വര്‍ത്തമാന ജയില്‍ സാഹചര്യങ്ങളും തടവുകാരുടെ ദിനത്തിന്റെ പ്രസക്തിയും.
വെളുത്ത സായിപ്പ് പോയി. 1947 ലെ സ്വാതന്ത്ര്യ പ്രാഖ്യാപനത്തെ തുടര്‍ന്ന് കറുത്ത സായിപ്പുമാര്‍ അധികാരത്തിലേക്ക് വന്നു. എന്നാല്‍ വെളുത്ത സായ്പ്പിന്റെ ഇന്ത്യാ ജയിലും അതിന്റെ അവസ്ഥയും അങ്ങിനെ തന്നെ തുടരുകയാണ്. കേരളത്തില്‍ 1957 ല്‍ ആദ്യത്തെ EMS മന്ത്രിസഭ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് വി.ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ നിര്‍ണ്ണായകമായ പല പരിഷ്‌ക്കാരങ്ങളും കേരള ജയില്‍ നടത്തിപ്പില്‍, തടവുകാരോടുള്ള സമീപനത്തില്‍ വരുത്തി. എങ്കിലും അതെല്ലാം നിര്‍ദ്ദിഷ്ട അധികാരികളുടെ ഇഷ്ടാനിഷ്ടത്തിനൊത്ത ഔദാര്യമായി ഇന്ന് മാറ്റപ്പെട്ടിരിക്കുന്നു. നിരവധി ജയില്‍ സമരങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. അവസാനം അതിന്റെ നേട്ടങ്ങളത്രയും മാറി മാറി ഭരിച്ച ഒട്ടും പരിഷ്‌കൃതരല്ലാത്ത, ക്രാന്തദര്‍ശ്ശിത്തം പോകട്ടെ സാമാന്യ നീതിബോധം പോലും ഇല്ലാത്ത, രാഷ്ട്രീയ നേത്വങ്ങളുടേയും ജയില്‍ ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെയും കൈകളാല്‍ പിച്ചി ചീന്തപ്പെടുകയൊ അല്ലെങ്കില്‍ വിസ്മൃതിയിലാഴ്ത്തപ്പെടുകയോ അണ് ഉണ്ടായിട്ടുളളത്.
ഇന്നത്തെ നവീന കുറ്റ ശാസ്ത്രം പഠിപ്പിക്കന്നത് ആരും തന്നെ കുറ്റവാളികളായി ജനിക്കുന്നില്ല, ഒരാളുടെ കടുംബ അന്തരീക്ഷം, ആ കുടുംബം നിലനില്‍ക്കുന്ന സാമൂഹ്യ ചുറ്റുപാട് എന്നിവയാണ് അയാളെ /അവളെ കുറ്റവാളിയാക്കുന്നത് എന്നാണ്. പൊതുവെ സമൂഹമാണ് ഇതിന് ഉത്തരവാദി. കൂടാതെ കൊലപാതകം അടിപിടി എന്നിവ പെട്ടെന്നുള്ള പിരിമുറുക്കത്തില്‍ നിന്നൊ വികാരവിക്ഷോഭത്തില്‍ നിന്നൊ സംഭവിക്കുന്നവയുമാണ്. അതുകൊണ്ട് തന്നെ ശിക്ഷിക്കപ്പെട്ടോ അല്ലാതെയോ ജയിലിലെത്തുന്ന തടവുകാരോടുളള സമീപനം മധ്യകാലത്തേതില്‍ നിന്നും വ്യത്യസ്തമാകണം എന്നാണ് നവീന കുററ ശാസ്ത്രം അനുശാശിക്കുന്നത്. പഴയ കാലത്തെ ‘കണ്ണിന് കണ്ണ്’, ‘പല്ലിന് പല്ല്’ എന്ന പ്രതികാര (Retributary) സമീപനത്തിന് പകരം പരിവര്‍ത്തനാത്മക (Reformatory) സമീപനമാണ് തടവുകാരനോട് / തടവുകാരിയോട് സ്വീകരിക്കേണ്ടതെന്ന് അത് നിഷ്‌ക്കര്‍ഷിക്കുന്നു. ഏത് തരം കുററവാളിയുമാകട്ടെ, ജയിലിന്റെ പടിവാതില്‍ കടക്കുന്നതോടെ, ഒരു പൗരന്‍ എന്ന നിലക്ക് ഭരണഘടന അംഗീകരിച്ച് ഉറപ്പാക്കുന്ന ജനാധിപത്യ പൗരാവകാശങ്ങള്‍ റദ്ദു ചെയ്യപ്പെട്ട ഒരു വ്യക്തി (Nonperson) ആകുന്നില്ല ഒരാള്‍. തീര്‍ച്ചയായും,
ജയിലിലെ നാലു ചുമരുകള്‍ക്കുള്ളിലെ പരിമിതികള്‍ ഉള്‍പ്പെട്ടതാണെങ്കിലും തടവുകാരന് / തടവുകാരിക്ക് ജീവിക്കാനുളള അവകാശവും (പാര്‍പ്പിടം, തൊഴില്‍, അതിനുളള വേതനം, നല്ല ഭക്ഷണം, സഞ്ചാര സ്വാതന്ത്ര്യം, സഹജീവികളുമായി ഇടപഴകുവാനുളള സ്വാതന്ത്ര്യം, അറിവ് വര്‍ദ്ധിപ്പിക്കാനുളള സൗകര്യം, മാന്യമായ വസ്ത്രം, ആരോഗ്യ സംരക്ഷണം മുതലായവ ഇതില്‍ ഉള്‍പ്പെടുന്നു.) വിശ്വസിക്കാനുള്ള അവകാശത്തിനും (ആരാധനാസ്വാതന്ത്ര്യം, രാഷ്ട്രീയ തത്വ ശാസ്തങ്ങളില്‍ വിശ്വസിക്കാനോ അവിശ്വസിക്കാനൊ വിയോജിക്കാനോ അതു പ്രകടിപ്പിക്കാനോ ഉള്ള സ്വാതന്ത്ര്യം) അവര്‍ അര്‍ഹരാണ് ജയിലറകള്‍ മാനുഷികമാക്കണം. കാറ്റും വെളിച്ചവും, ടോയലറ്റ് സൗകര്യങ്ങള്‍, ശയന സ്‌നാന സൗകര്യങ്ങള്‍ എന്നിവ ഉറപ്പിക്കപ്പെടണം.
ഈ സമീപനത്തേയും വീക്ഷണത്തേയും അടിവരയിട്ട് സാധൂകരിക്കുന്നതും ഉറപ്പാക്കുന്നതുമായ സുപ്രീം കോടതി വിധിയും നിര്‍ദ്ദേശങ്ങളും ഇന്ന് നിലവിലുണ്ട്. തടവുകാരെ ഈ ആശയങ്ങള്‍ കൊണ്ട് ബോധവത്കരിക്കാനുള്ള നിര്‍ദ്ദേശളും നിലനില്‍ക്കുന്നു. കോടതിക്കകത്തും പുറത്തും നടന്നിട്ടുള്ള തടവുകാരുടെ സമരങ്ങളുടെ പശ്ചാത്തലത്തിലും കൂടിയാണ് ഈ വിധ ആശയങ്ങളും വിധികളും രൂപപ്പെട്ടു വന്നിട്ടുള്ളത്. എന്നാല്‍ എല്ലാം ഏട്ടിലെ പശുവായി അവശേഷിക്കന്നു. ഒരു ജയില്‍ മേലധികാരിക്ക് ഒരു തടവുകാരന്റെ രാഷ്ട്രീയത്തോട്, വിശ്വാസത്തോട് ഇഷ്ടക്കുറവാണുളളതെങ്കില്‍ മേല്‍പറഞ്ഞ അയാളുടെ അവകാശങ്ങള്‍ എല്ലാം നിയമവിരുദ്ധമായി റദ്ദ് ചെയ്യാന്‍ ഒരു മടിയും കാണിക്കാറില്ല. പത്രം നിഷേധിക്കുന്നു. സഞ്ചാര സ്വാതന്ത്ര്യവും ഇടപഴകാനുളള സ്വാതന്ത്ര്യവും മേലധികാരിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ചാകുന്നു. തടവുകാരെ അടിമകളാക്കി നിറുത്താനുളള പ്രവണത, തടവുകാരുടെ ഭരണ ഘടനാനുസൃതമായ അവകാശങ്ങള്‍ക്ക് മേല്‍ സ്ഥാപിക്കപ്പെടുകയാണ്. ‘ജയില്‍ ചുമരുകള്‍ക്കിടയിലെ പരിമിതി’ എന്നത് ഇവിടെ ദുരുപയോഗം ചെയ്യപ്പെടുന്നു. സ്‌പെഷല്‍ സെക്യൂരിറ്റി പ്രിസണ്‍ പോലുള്ള ആശയങ്ങളും രീതികളും നവീന കുററ ശാസ്ത്ര സമീപനങ്ങളേയും കോടതി വിധികളേയും പരാജയത്തുന്നവ മാത്രമല്ല. ഒരു പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്തവ കൂടിയാണ്.
കേരളത്തെ സംബന്ധിച്ച്, ജയില്‍ തനി അസ്തിത്വമുളള ഒരു പരിഷ്‌കരണ സ്ഥാപനം ആകണം എന്ന സ്ഥാനത്ത്, പോലീസിന്റെ ഒരിക്കല്‍ റദ്ദാക്കപ്പെട്ട ആധിപത്യം ഇന്ന് വീണ്ടും അരിച്ചു കയറുകയാണ്.ഇത് കേരള ജയിലുകളുടെ അന്തരീക്ഷത്തെ കുടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുന്നു. അതുകൊണ്ടു തന്നെ കാലങ്ങളായി നടത്തിയ സമരപ്രയത്‌നങ്ങളിലൂടെ തങ്ങള്‍ നേടിയെടുത്ത ജയില്‍ നീതി, മറ്റ് അവകാശ ആനുകൂല്യങ്ങള്‍, എന്നിവ സുസ്ഥിരപ്പെടുത്തി എടുക്കാനുള്ള മെയ് വഴക്കത്തോടെയുളള ഇടപെടലുക്കള്‍ക്കായി തടവുകാരും സമൂഹവും ബുദ്ധിപൂര്‍വ്വവും നിശ്ചയദാര്‍ഢ്യത്തോടേയുമുള്ള നീക്കങ്ങള്‍ നടത്തിയേ മതിയാകു. അതിന് സഹായകമായ ഒരു സമൂഹ്യാന്തരീക്ഷവും വളര്‍ത്തി എടുക്കേണ്ടതുണ്ട് എന്ന തിരിച്ചറിവ് ശക്തിപെടുത്താനും,ഈ തടവുകാരുടെ അവകാശ ദിനത്തെ കുറിച്ചും ജതിന്ദ്ര ദാസിനെ കുറിച്ചുമുളള ഒര്‍മ്മ പുതുക്കല്‍ നമ്മെ ആവേശഭരിതമാക്കട്ടെ.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in