കുട്ടനാട്ടുകാരുടെ പലായനവും മന്ത്രി സജി കെ ചെറിയാന്റെ ഗൂഢാലോചനാ സിദ്ധാന്തവും

ജനിച്ച നാട്ടില്‍ അന്തസ്സോടെ, സുരക്ഷിതരായി ജീവിക്കാനുള്ള അവകാശത്തിനാണ് അവര്‍ പോരാടുന്നത്. അതാകട്ടെ തികച്ചും സമാധാനപരമായി. ഇതൊരു സമരമല്ലെന്നും കരയുന്ന കുഞ്ഞിനെ പാലുള്ളു എന്നതിനാല്‍ തങ്ങള്‍ കരയുകയാണെന്നുമാണ് അവര്‍ പറയുന്നത്. തങ്ങളുടെ കരച്ചില്‍ അധികാരികള്‍ കേള്‍ക്കുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് അവര്‍ കരുതുന്നത്. എന്നാല്‍ അതിനോടുള്ള മന്ത്രിയുടെ പ്രതികരണം ജനാധിപത്യ സംവിധാനത്തിനു യോജിച്ചതല്ല എന്നു പറയാതിരിക്കാനാവില്ല.

ഒരു ജനത ഒന്നടങ്കം ഞങ്ങളെ രക്ഷിക്കണേ എന്ന് നിലവിളിക്കുമ്പോള്‍ അതില്‍ ഗൂഢാലോചന ആരോപിക്കുന്ന ഒരു മന്ത്രിയുടെ നിലപാട് ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ല. ഓരോ വര്‍ഷവും ഒന്നില്‍ കൂടുതല്‍ തവണ പ്രളയദുരന്തങ്ങള്‍ക്ക് ഇരകളാകുന്ന കുട്ടനാട് നിവാസികളോടാണ് മന്ത്രി സജി കെ ചെറിയാന്‍ ഇത്തരത്തില്‍ ആക്ഷേപിക്കുന്നത്. കക്ഷിരാഷ്ട്രീയ, ജാതി മത ചിന്തകള്‍ക്കതീതമായി അവിടത്തെ ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ Save Kuttanad Campaign ആരംഭിച്ചതാണത്രെ മന്ത്രിയെ പ്രകോപിച്ചത്.

അവസാനമില്ലാത്ത ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയും മാറി മാറി ഭരിച്ച സര്‍ക്കാരുകളില്‍ നിന്ന് കാര്യമായ നടപടികളൊന്നുമില്ലാതിരിക്കുകയും ചെയ്തതോടെ ഇവിടത്തുകാര്‍ നാടുവിടാനാരംഭിച്ചെന്ന് സേവ് കുട്ടനാട് ഫോറം പ്രവര്‍ത്തകര്‍ പറയുന്നു. 2018 ആഗസ്റ്റില്‍ വലിയ കൂട്ട പലായനം നടന്നു, ആഴ്ചകള്‍ക്ക് ശേഷം അവര്‍ തിരികെ എത്തീ. എന്നാല്‍ അത് ഒരു തുടക്കം മാത്രമായിരുന്നു. സ്ഥിരമായും താത്കാലികമായും കുട്ടനാട്ടീല്‍ നിന്ന് സമീപനാടുകളിലേയ്ക്ക് ആളുകള്‍ താമസം മാറ്റി കൊണ്ടിരിക്കുന്നു. പ്രാഥമിക വിലയിരുത്തലില്‍ 2018 ന് ശേഷം കുട്ടനാട്ടീലെ 14 വില്ലേജുകളില്‍ 12 ല്‍ നിന്നും പ്രതിവര്‍ഷം 25 മുതല്‍ 50 വരെ കുടുംബങ്ങള്‍ സ്ഥീരമായി മാറി താമസിക്കുന്നു. കൂടാതെ കഴിഞ്ഞ 2 വര്‍ഷത്തിനിടയില്‍ ആയിരത്തിലധികം കുടുംബങ്ങളാണ് അന്യസ്ഥലം തേടി പോയത്. ഭാവിയില്‍ ഇത് കുട്ടനാടിന്റെ നിലനില്പിനെ പ്രതികൂലമായി ബാധിക്കുമെന്നും ഭൂമിശാസ്ത്രപരവും കാര്‍ഷികവും സാമുദായികവുമായ സംതുലിതാവസ്ഥയില്‍ പല മാറ്റങ്ങളും ഉണ്ടാക്കുമെന്നും നാട്ടുകാര്‍ ഭയപ്പെടുന്നു. അത് ഈ നാടിന്റെ പ്രകൃതിയുടേയും കുട്ടനാടന്‍ സ്‌നേഹസംസ്‌കാരത്തിന്റെയും തകര്‍ച്ചയ്ക്ക് കാരണമാകും. അതിനാല്‍ ഒരു പലായനം ഒരു സംസ്‌കൃതിയുടെ വിലാപത്തിന് കാരണമാകാതെ കാക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മൂന്ന് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന 1100 ച.കി.മി വിസ്തൃതിയുള്ള പ്രദേശമാണ് കുട്ടനാട്. അതില്‍ 289 ച.കി.മി. വീസ്തൃതി വരുന്ന പ്രദേശമാണ് കുട്ടനാട് താലൂക്ക്. സമുദ്രനിരപ്പില്‍ നിന്ന് 2 മുതല്‍ 10 അടി വരെ താഴ്ന്ന പ്രദേശങ്ങളാണ് ഭൂരിപക്ഷവും. 14 വില്ലേജുകളായും 2 വികസന ബ്ലോക്കുകളായും തിരിച്ചിരിക്കുന്ന കുട്ടനാട്ടിലെ ജനസംഖ്യ 2011 ലെ കണക്ക് പ്രകാരം ഒരു ലക്ഷത്തി തൊണ്ണൂറ്റി മുവായിരത്തി ഏഴ് ആയിരുന്നു. കുടുംബങ്ങളുടെ എണ്ണം 47416 ഉം. അതില്‍ നിന്നാണ് ഏകദേശം 2 ശതമാനത്തിലധികം കുടുംബങ്ങള്‍ (ഏകദേശം 5000 ആളുകള്‍) പലായനം ചെയ്തിരിക്കുന്നത്. ഇനിയും പ്രളയങ്ങള്‍ വന്നാല്‍ പലായനങ്ങളുടെ എണ്ണവും വ്യാപ്തിയും വര്‍ദ്ധിക്കും എന്നതില്‍ തര്‍ക്കമില്ല

തന്റേയും കുടുംബത്തിന്റേയും ജീവനും സ്വത്തിനും ഭീഷണി ഉണ്ടാകുകയും അക്കാര്യത്തില്‍ ഉത്തരവാദപ്പെട്ടവരില്‍ നിന്ന് നടപടികള്‍ ഉണ്ടാകാതിരിക്കുകയും മറ്റൊരു മാര്‍ഗ്ഗവുമില്ലാതിരിക്കുകയും ചെയ്യുമ്പോഴാണല്ലോ ജനങ്ങള്‍ പലായനത്തിനൊരുങ്ങുക. വെള്ളപ്പൊക്കങ്ങള്‍ കുട്ടനാടന്‍ ജനതക്ക് ഒരു പുതിയ അനുഭവമല്ല. മുന്‍ കാലത്തെല്ലാം അതൊരു അനുഗ്രഹം പോലുമായിരുന്നു. കൃഷിയിടങ്ങള്‍ സമ്പുഷ്ടമാക്കി കയറിയിറങ്ങി പോയിരുന്ന വെള്ളപ്പൊക്കം അടുത്ത പുഞ്ചകൃഷിക്കുള്ള വളക്കൂറുള്ള എക്കല്‍ കൃഷിയിടങ്ങളില്‍ എത്തിച്ചിരുന്നു. എന്നാലിപ്പോള്‍ തോടുകളും,പുഴകളും, തടാകങ്ങളും വെള്ളത്തെ ഉള്‍ക്കൊള്ളാനാവാത്ത വിധം മണ്ണും ചെളിയും നിറഞ്ഞ് കിടക്കുന്നു. രണ്ട് ദിവസം നാട്ടിലോ മലനാട്ടിലോ തുടര്‍ച്ചയായി മഴ പെയ്താല്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കമാണ്. ആ മഴ ഒരാഴ്ച പെയ്താല്‍ നാട്ടില്‍ പ്രളയം ആകും. അതു കൂടാതെ തന്നെ പാടശേഖരത്തിലെ ബണ്ടുകളിലും തുരുത്തകളിലും താമസിക്കുന്നവര്‍ക്ക് മടവീഴ്ച മൂലമുള്ള ആണ്ടുവട്ടം മുഴുവന്‍ നീണ്ടു നില്ക്കുന്ന വെള്ളക്കെട്ടും. മഴപെയ്ത് വെള്ളം പൊങ്ങിയാല്‍ കരമാര്‍ഗവും, ജലമാര്‍ഗവും യാത്രപോലും അസാധ്യമാകുന്നു. ഇതൊക്കെയാണ് പലായനത്തിനു കാരണമാകുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തണ്ണീര്‍മുക്കം ബണ്ട് നിര്‍മ്മിക്കുന്നതിന് മുന്‍പ് കുട്ടനാട്ടില്‍ നിലവിലിരുന്ന പുഞ്ചകൃഷി ഫെബ്രുവരിയോടെ വിളവ് എടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മെയ് മാസം വരെ നീണ്ടു.അത് വേനല്‍ മഴയിലും കുട്ടനാട്ടില്‍ വെള്ളപ്പൊക്കത്തിന് കാരണമാക്കി എന്നും നാട്ടുകാര്‍ പറയുന്നു. തണ്ണീര്‍മുക്കം ഷട്ടറുകളും തോട്ടപ്പള്ളി ഷട്ടറുകളും ആവശ്യമായ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് സമയത്ത് തുറക്കാത്തതും വെള്ളക്കെട്ടിന് കാരണമാകുന്നു. കുടിവെള്ള ദൗര്‍ല്ലഭ്യമാണ് കുട്ടനാട്ടുകാരുടെ മറ്റൊരു ദുരന്തം. വെള്ളത്താല്‍ ചുറ്റപ്പെട്ട കിടന്നിട്ടും മഴക്കാലത്തുപോലും കുടിവെള്ളം കിട്ടാക്കനി തന്നെ.. ശാസ്ത്രീയമായി റോഡ് നിര്‍മ്മാണത്തിന്നും ബണ്ട് നിര്‍മ്മാണത്തിന്നുമായി കൊണ്ടുവന്ന ചെമ്മണ്ണും കരിങ്കല്ലും ഇവിടത്തെ മത്സ്യസമ്പത്തിനെ നശിപ്പിച്ചതും മത്സ്യതൊഴിലാളികളെ പലായനത്തിന് പ്രേരിപ്പിച്ചു. ഇവിടെനിന്ന് വിവാഹം കഴിക്കാന്‍ പോലും മറുനാട്ടുകാര്‍ മടിക്കുന്നതായും ചൂണ്ടികാട്ടപ്പെടുന്നു. ദുരന്തങ്ങളുടെ കേന്ദ്രമായതിനാല്‍ ഭൂമിക്കു വില കുറഞ്ഞതോടെ കിട്ടിയ വിലക്ക് വിറ്റാണ് പലരും സ്ഥലം വിടുന്നത്. മറുവശത്ത് പാലിക്കപ്പെടാത്ത എത്രയോ വാഗ്ദാനങ്ങള്‍ കുട്ടനാട്ടുകാര്‍ക്ക് ലഭിച്ചിരിക്കുന്നു. ഏറെ കൊട്ടിഘോഷിക്കപ്പെട്ട കുട്ടനാട് പാക്കേജ് ഇപ്പോഴും സ്വപ്‌നം മാത്രം.

ഇത്തരമൊരു സാഹചര്യത്തിലാണ് സേവ് കുട്ടനാട് ഫോറം എന്ന പേരില്‍ നാട്ടുകാര്‍ ഒന്നിച്ചത്. ജനിച്ച നാട്ടില്‍ അന്തസ്സോടെ, സുരക്ഷിതരായി ജീവിക്കാനുള്ള അവകാശത്തിനാണ് അവര്‍ പോരാടുന്നത്. അതാകട്ടെ തികച്ചും സമാധാനപരമായി. ഇതൊരു സമരമല്ലെന്നും കരയുന്ന കുഞ്ഞിനെ പാലുള്ളു എന്നതിനാല്‍ തങ്ങള്‍ കരയുകയാണെന്നുമാണ് അവര്‍ പറയുന്നത്. തങ്ങളുടെ കരച്ചില്‍ അധികാരികള്‍ കേള്‍ക്കുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് അവര്‍ കരുതുന്നത്. എന്നാല്‍ അതിനോടുള്ള മന്ത്രിയുടെ പ്രതികരണം ജനാധിപത്യ സംവിധാനത്തിനു യോജിച്ചതല്ല എന്നു പറയാതിരിക്കാനാവില്ല. 2018 ലെ പ്രളയസമയത്ത് പട്ടാളത്തെ അയക്കൂ, ഹെലികോപ്റ്ററുകള്‍ അയക്കൂ, ഇല്ലെങ്കില്‍ പതിനായിരങ്ങള്‍ മരിച്ചുപോകുമെന്ന് അലമുറയിട്ടയാളായിരുന്നു ഇദ്ദേഹമെന്നത് മറക്കാതിരിക്കാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply