‘റിവ്യൂ ബോംബിംഗ്’ പ്രയോഗം ശുദ്ധ അസംബന്ധം
‘സംഘടിത’ പ്രസ്ഥാനങ്ങള്‍ വ്യക്തികളുടെ സ്വതന്ത്ര അഭിപ്രായ പ്രകടനങ്ങളെ, പ്രത്യേകിച്ചും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍, നിയമകുരുക്കുകളിലൂടെ പോലീസ് – ഭരണ സംവിധാനങ്ങളിലൂടെ തടയുന്നത് പ്രതിരോധിച്ചേ മതിയാവൂ.
മലയാള ചലചിത്ര വ്യവസായ മേഖലയില്‍ വളരെ രസകരവും ചിന്തോദീപകവുമായ ഒരു ചര്‍ച്ചക്ക് തുടക്കമിട്ടിരിക്കുകയാണല്ലോ.. ഹൈക്കോടതിയുടെ അമിതാവേശിതവും വിസ്മയിക്കും വിധം ലളിതവുമായ ഒരു യുക്തിവിചാരത്തിലൂന്നിയ നിഗമനങ്ങളും മലയാള സിനിമാ വ്യവസായികള്‍ക്ക് വിജയ പ്രതീതിയുണ്ടാക്കിയിട്ടുണ്ട്. സിനിമ ഇവരുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ കല എന്നതിനേക്കാള്‍ ഭാര്യയുടെ കെട്ടുതാലി പണയം വെച്ച പൈസ ഇറക്കി നിര്‍മ്മിക്കുന്ന ഒരു ഉല്‍പ്പന്നമാണ്. കച്ചവടവും അമിതലാഭവുമാണ് അതിന്റെ ലക്ഷ്യങ്ങള്‍. ഏതൊരാള്‍ക്കും അംഗീകൃതമായ ഏതു വ്യവസായവും കച്ചവടവും നടത്താന്‍ സ്വാതന്ത്ര്യമുള്ളതുപോല ഇവര്‍ക്കും അങ്ങനെ ചെയ്യാവുന്നതാണ്. ഒരു തെറ്റുമില്ല. പക്ഷെ പ്രശ്‌നം വരുന്നത് അങ്ങനെ പൊതുമണ്ഡലത്തില്‍ അവതരിപ്പിക്കപ്പെടുന്ന ഒരു ഉല്‍പ്പന്നത്തെ കുറിച്ച് ‘നെഗറ്റീവ്’ പറയാന്‍ പാടില്ല, ‘പോസറ്റീവ്’ പറയണം, അല്ലെങ്കിലത് റിവ്യൂ ‘ബോംബിംഗ്’ ആണ് എന്നു പറയുന്നതാണ്. അതിനു കാരണം ഡിജിറ്റല്‍ മാധ്യമത്തിന്റെ വേഗത്തിനൊപ്പം ഡിജിറ്റല്‍ ലോകത്തിന്റെ മൗലിക മാറ്റങ്ങളെ നേരിടാനുള്ള ചങ്കുറപ്പില്ലായ്മയാണ്.
സിനിമ റിലീസായി ഒരാഴ്ചക്കുശേഷം, പത്ത് ദിവസങ്ങള്‍ക്കുശേഷം, മാത്രമെ അതിനെ കുറിച്ച് റിവ്യൂ, അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമുള്ളു എന്നൊക്കെ പറയുന്നത് അപകടകരമായ പ്രവണതയാണ്. സംഘടിത ശക്തിയാണെന്ന ധാര്‍ഷ്ട്യത്തില്‍, ചുമട്ടുതൊഴിലാളി മേഖലയിലെന്നപോലെ, വ്യക്തികളുടെ സ്വതന്ത്ര ജീവിതത്തെയും അഭിപ്രായ പ്രകടനത്തേയും വിലക്കാന്‍ തുനിയുന്ന ചട്ടമ്പിത്തരത്തിന് സര്‍ക്കാരും പോലീസും കോടതിയും കൂട്ടുനില്‍ക്കരുതെന്ന് ഞാന്‍ വിനയപൂര്‍വ്വം ശക്തിയായി അഭ്യര്‍ത്ഥിക്കുന്നു. ഈ രണ്ടു മൂല്യങ്ങളേയും സംരക്ഷിക്കുകയാണ് ഭരണഘടനാ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം. ആര്‍ക്കും കുതിര കയറാവുന്ന രീതിയിലേക്ക് നമ്മുടെ പുതുതലമുറയില്‍ പെട്ട കുട്ടികള വെിട്ടുകൊടുത്തുകൂടാ. അശ്വന്ത് കോക് എന്നു പറയുന്ന ആളുടെ റിവ്യൂ ഞാന്‍ ഇന്നാണ് ആദ്യമായി കേള്‍ക്കുന്നത്. ഞാന്‍ ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങി സോഷ്യല്‍ മീഡിയകളിലൊന്നിലും ജീവിതത്തിലൊരിക്കലും ചേര്‍ന്നിട്ടില്ലാത്ത ആളാണ്. രണ്ടു സിനിമകള്‍ സംവിധാനം ചെയ്യുകയും അവക്ക് ചില അംഗീകാരങ്ങള്‍ ലഭിക്കുകയും മൂന്നോ നാലോ പുസ്തകങ്ങള്‍ സിനിമാ മേഖലയില്‍ പ്രസിദ്ധീകരിക്കുകയും അവയില്‍ ചിലതിന് സംസ്ഥാന ഗവണ്മന്റിന്റെ അവാര്‍ഡ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയായാലും ഭാരതമായാലും അതിലെ ഒരു പൗരന്‍ എന്ന അടിസ്ഥാനബോധം മാത്രം മതി എനിക്ക് അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള, ‘റിവ്യൂ ബോംബിംഗ്’ എന്ന ശുദ്ധ അസംബന്ധത്താല്‍ വിശേഷിപ്പിക്കപ്പെടുന്ന പുതുതലമുറ ഡിജിറ്റല്‍ സിനിമാ എഴുത്തുകാരുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളാന്‍. മറ്റുള്ളവയെല്ലാം എന്റെ അധിക യോഗ്യതയായി കണ്ടാല്‍ മതി. ഇത് അപകടകരമായ ഒരു പ്രവണതയാണ്. ‘സംഘടിത’ പ്രസ്ഥാനങ്ങള്‍ വ്യക്തികളുടെ സ്വതന്ത്ര അഭിപ്രായ പ്രകടനങ്ങളെ, പ്രത്യേകിച്ചും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍, നിയമകുരുക്കുകളിലൂടെ പോലീസ് – ഭരണ സംവിധാനങ്ങളിലൂടെ തടയുന്നത് പ്രതിരോധിച്ചേ മതിയാവൂ. കോഴിക്കോടനും സിനിക്കും തുടങ്ങിയ പഴയ തലമുറയില്‍ പെട്ട പലരും, പുതിയ തലമുറ നിരൂപകരില്‍ / പണ്ഡിതരില്‍ പലരും സോഷ്യല്‍ മീഡിയ കുട്ടികളുടെ എഴുത്തിനേക്കാള്‍ ഉദാത്തമായതൊന്നുമല്ല ചെയ്തിട്ടുള്ളത്. അസംഘടിതരും സ്വാതന്ത്ര്യ ബോധവും വളരെ കൃത്യമായി തങ്ങള്‍ എന്തു ചെയ്യുന്നു എന്ന ബോധ്യവുമുള്ള ഈ ചെറുപ്പക്കാരുമായി ഐക്യപ്പെടേണ്ടത് നമ്മുടെ ചുമതലയാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in