സത്രവും വഴികളും അനാഥമാക്കി പോയ ജോര്‍ജ് മാഷ്. – മുസ്തഫ ദേശമംഗലം
എന്തിനും ഒരു ധൈര്യം തരുന്ന ഒരസാമാന്യ മനുഷ്യനെയാണ് മാഷില്‍ കണ്ടത്. സാമ്പത്തികമോ സാമൂഹ്യമോ ആയ പ്രിവിലെജുകളൊന്നുമില്ലാതിരുന്ന എന്നെപോലുള്ളവരോടും വലിയവരോടും ചെറിയവനോടും ഒരുപോലെ പെരുമാറാന്‍ കഴിയുന്ന ഒരസാധ്യ മനുഷ്യനായിരുന്നു അദ്ദേഹം. കെ എ മോഹന്‍ദാസേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘കാലചക്രത്തില്‍ ഗണിച്ചിടാന്‍ കഴിയാത്ത ഒരാള്‍’ – കഴി്ഞ്ഞ ദിവസം അന്തരിച്ച സി എഫ് ജോര്‍ജ്ജ് മാഷെ കുറിച്ചോര്‍ക്കുന്നു
ജോര്‍ജ് മാഷ് പോയെന്ന് പ്രിയ ഇക്ക അന്‍വര്‍ അലിയാണ് വിളിച്ചു പറഞ്ഞത്. ഒരു നിമിഷം തേങ്ങലായിരുന്നു. കണ്ഠത്തില്‍ എന്തോ കുടുങ്ങിയ പോലെ. മാഷെ വിളിക്കാറുണ്ട്. ഫോണ്‍ എടുക്കാറില്ലെങ്കിലും വെറുതെ ഇടയ്ക്കു വിളിച്ചുകൊണ്ടിരിക്കും. എടുക്കില്ല എന്നറിഞ്ഞിട്ടും. അങ്ങേത്തലക്കല്‍ ഒന്ന് ശബ്ദിച്ചാലോ എന്ന് വെറുതെ മോഹിക്കും. ഒടുവില്‍ സംസാരിച്ചിട്ട് ഒരു കൊല്ലമാകുന്നു. കണ്ടിട്ട് രണ്ടുകൊല്ലത്തിലേറെയും. ആരായിരുന്നു മാഷ് ? കൂടുതല്‍ പറയാന്‍ ആവില്ല. എന്നേക്കാള്‍ നന്നായി അദ്ദേഹത്തെ അറിയാവുന്ന വി കെ ശ്രീരാമേട്ടനെപോലെ, മോഹന്‍ദാസേട്ടനെപോലെ കുറച്ചു പേരുണ്ടാകും. ശ്രീരാമേട്ടന്‍ അദ്ദേഹത്തെക്കുറിച്ചു എഴുതിയിട്ടുമുണ്ട്.
കടും ദാരിദ്ര്യത്തിന്റെ സ്‌കൂള്‍ കാലത്താണ് മാഷെ ആദ്യമായി കാണുന്നത്. പിരിച്ച മീശയുമായി, ചാക്കുപോല്‍ കട്ടിയുള്ള ഖാദര്‍ ഷര്‍ട്ടിന്റെ പുറകില്‍ രണ്ടു കൈകൊണ്ടും മറച്ചുപിടിച്ച ചൂരലുമായി സ്‌കൂളില്‍ റോന്തു ചുറ്റുന്ന മാഷെ കണ്ടാല്‍ കുട്ടികളെല്ലാം ബെല്ലടിയൊച്ചക്ക് മുന്‍പേ വീണും ഉരുണ്ടും ക്ളാസില്‍ ഓടിക്കയറും. മാഷ് സ്‌കൂളിലെ ഹെഡ്മാഷായി വരുന്നതിനു തലേന്നാള്‍ വരെ കുറച്ചുകാലം കുത്തഴിഞ്ഞു കിടന്നിരുന്ന സ്‌ക്കൂളായിരുന്നു അത്. കുട്ടികള്‍ നേരാം വണ്ണം ക്ളാസില്‍ കയറുകയോ പഠിക്കുകയോ ചെയ്യില്ലായിരുന്നു, പ്രത്യേകിച്ചു ഹൈസ്‌കൂള്‍ തലത്തിലുള്ളവര്‍. കൂടെ പുറത്തുനിന്നുള്ള അന്തംകമ്മികളുടെ സ്‌കൂള്‍ അങ്കണത്തിലേക്കുള്ള കയറ്റവും ഉണ്ടായിരുന്നു. അവര്‍ ക്ളാസ്സ്റൂമുകളുടെ വാതിലുകളും ജനലുകളും നശിപ്പിക്കുന്നതും പെണ്‍പിള്ളാരുടെ പിന്നാലെ പോകുന്നതുമൊക്കെ പതിവായിരുന്നു. എല്ലാവരും ക്ളാസ്സിലെത്തിയാലും മിക്കവാറും ഞാനെത്താറില്ല. ഗേറ്റ് കടന്നു, നാലടി വെക്കുമ്പോഴേക്കും ജോര്‍ജ് മാഷെ കാണും. മാഷ് അങ്ങനെ വരുന്നവരെ മാത്രം ഉന്നം വെച്ചു നില്‍ക്കുകയായിരിക്കും. കാണുന്ന മാത്രയില്‍ പേടിച്ചു വിറക്കാന്‍ തുടങ്ങും. നാവിറങ്ങിപ്പോകും. അന്ന് ഒന്‍പതാം ക്ളാസ്സിലാണ്, വിദ്യാര്‍ത്ഥി രാഷ്ട്രീയം, പുറത്തെ മുതിര്‍ന്നവര്‍ക്കൊപ്പമുള്ള രാഷ്ട്രീയം, കലാപ്രവര്‍ത്തനം ഒക്കെ ഉണ്ടായിരുന്നെങ്കിലും മാഷെ കണ്ടാല്‍ ഭയമാകും. അങ്ങനെ സ്തബ്ദനാകുന്ന ഉയരമില്ലാത്ത എന്റെ മുന്‍പില്‍ മാഷൊന്നു താഴ്ന്നു നിന്ന് ചിരിച്ചു, ചിരിച്ചില്ല എന്ന മട്ടില്‍ മീശ അനക്കും. ശ്വാസം തിരിച്ചു കിട്ടുന്ന ഞാന്‍ ക്ളാസ്സിലേക്ക് കുതിക്കും.
പാര്‍ട്ട് ടൈം പണിക്ക് പോയി സ്‌കൂളില്‍ വരുന്നത് എന്ന് മാഷ് മനസ്സിലാക്കിയിരുന്നത് കൊണ്ടാണ് ചൂരല്‍ പ്രയോഗമില്ലാത്ത അത്തരം അനുവാദമെന്നു പിന്നീടാണ് അറിഞ്ഞത്. പക്ഷെ മാഷ് ആരെയും അടിക്കുന്നത് ഒരിക്കല്‍ പോലും കണ്ടിട്ടില്ല. കൈയ്യിലെപ്പോഴും കരുതുന്ന ചൂരല്‍ ഒരു മാന്ത്രിക ദണ്ഡ് ആയിരുന്നു മാഷിന്. എട്ടാം ക്ളാസ്സിലെന്ന പോലെ ഒമ്പതിലും യുവജനോത്സവ നാടകത്തിനു ഞാന്‍ സുഹൃത്തുക്കളെ തേടിപ്പിടിച്ചു. പിഎം താജിന്റെ രാവുണ്ണിയുടെ, നടുവില്‍ ശശിധരന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട വേര്‍ഷന്‍ ആയിരുന്നു അന്നവതരിപ്പിച്ചത്. രാജന്‍ വല്ലച്ചിറ എന്ന പ്രിയ വഴികാട്ടിയാണ് അത് സംവിധാനം ചെയ്തു തന്നത്. യുവജനോത്സവത്തിന്റെ രണ്ടു ദിവസം മുന്‍പായി ക്ളാസ്സു മുറിയില്‍ വെച്ചുള്ള ക്യാമ്പ് റിഹേഴ്‌സലിന് ശശിയേട്ടന്‍ വന്നു. രാവുണ്ണി മകളെ കഴുത്തിന് പിടിക്കുന്നത് ചെയ്യുമ്പോള്‍ അതാ മാഷ് ജനലിനപ്പുറത്തു നില്‍ക്കുന്നു. കൈയ്യില്‍ ചൂരല്‍ വടിയുമുണ്ട്. നാടകത്തിലും ജീവിതത്തിലും രാവുണ്ണിയായിരുന്ന എനിക്ക് വല്ലാത്ത പേടി തോന്നിയ നിമിഷം. ഒരു ക്ഷണം തിരിഞ്ഞു നോക്കി, മാഷ് വേഗം അവിടെ നിന്ന് അപ്രത്യക്ഷനായി.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
നാടകത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. ഒരു മാസം കഴിഞ്ഞുള്ള സബ്ജില്ലാ കലോത്സവത്തിന് നാടകവുമായി സ്‌കൂളിനെ പ്രതിനിധീകരിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഒന്നിനും കൈയ്യില്‍ പൈസയില്ലായിരുന്നു. പോകാനാകുമെന്ന പ്രതീക്ഷയില്ലാതെ, സങ്കടമായി. അപ്പോഴാണ് നാടകവും കലയുമൊക്കെ ഇഷ്ടപ്പെടുന്ന ജോര്‍ജ് മാഷെ കാണുന്നത്. റിഹേഴ്സലിനും കോസ്റ്റ്യുമിനുമൊക്കെ രാജേട്ടന്റെ പോക്കറ്റില്‍ നിന്നെന്ന പോലെ മാഷും ചിലവാക്കി. അതെല്ലാം പിന്നീടാണറിയുന്നത്. കുറെ ദൂരമകലെയുള്ള ജില്ലയിലെ ഏതോ സ്‌കൂളില്‍ (ഓര്‍മ്മയില്ല) വെച്ചാണ് ഉപ ജില്ലാ കലോത്സവം . എസ്‌കോര്‍ട്ടിങ് അധ്യാപകര്‍ക്കൊപ്പം പകല്‍ നേരത്തു ഞങ്ങള്‍ അവിടെയെത്തി. രജിസ്ട്രേഷനും കാര്യങ്ങളും കഴിഞ്ഞപ്പോള്‍ രാത്രിയാകും നാടക മത്സരം തുടങ്ങാനെന്നറിഞ്ഞു. പല വേദികളിലേയും കലാപ്രകടനങ്ങള്‍ ഞങ്ങള്‍ കണ്ടുനടന്നു. പുറത്തു കറങ്ങാനൊക്കെ ആഗ്രഹമുണ്ട്. പൈസയില്ല, മാത്രമല്ല അധ്യാപകര്‍ വിടുകയുമില്ല. അപ്പോള്‍ ജോര്‍ജ് മാഷ് അവിടെയെത്തി. ഞങ്ങളെയെല്ലാം മാഷ് പുറത്തേക്ക് കൊണ്ടുപോയി. ചായയും പലഹാരങ്ങളും വാങ്ങിത്തന്നു. മാഷോട് മിണ്ടാന്‍ പേടിയായിരുന്നു, പക്ഷേ മാഷ് ഇങ്ങോട്ട് ചോദിച്ചുകൊണ്ടിരുന്നു. ഞങ്ങളെ സ്‌കൂളില്‍ തിരിച്ചു കൊണ്ടാക്കി മാഷ് പോയി. രാത്രി ഒമ്പതുമണിയോടെ നാടക മത്സരം തുടങ്ങി. ഞങ്ങളുടെ ഊഴം ഒടുവിലായിരുന്നു. പത്തു മണിക്ക് തന്നെ മേക്കപ്പ് ഇട്ടു നിന്ന്, കാത്തിരുന്നിരുന്നു എല്ലാവരും ഉറക്കത്തിലേക്കു പോയി. അടുത്തതിന്റെ അടുത്തതാണ് നമ്മുടെ ചെസ്റ്റ് നമ്പര്‍ എന്ന് ഘനഗംഭീര ശബ്ദത്തില്‍ കേട്ട്, എല്ലാരും ഉണര്‍ന്നു. പുലര്‍ച്ചെ മൂന്നു മണി ആണ് .മേക്കപ്പെല്ലാം അതിന്റെ പാട്ടിനു പോയിരിക്കുന്നു. എല്ലാരും മുഖം കഴുകിവന്നു. ഏഴു പേരടങ്ങിയ എല്ലാര്‍ക്കും മേക്കപ്പിടണം. അധികം നേരവുമില്ല. മേക്കപ്പിടാന്‍ ജോര്‍ജ് മാഷ് റോസ് പേസ്റ്റ് കൈയ്യിലെടുത്തു. അന്നാണ് ചൂരല്‍ വടിയില്ലാത്ത പരുപരുത്ത മാഷുടെ വിരലുകളിലെ സ്‌നേഹസ്പര്‍ശം അറിയാനായത്. ഏറെ തളര്‍ന്ന ടീമിന് മാഷ് ഊര്‍ജ്ജം തന്നു. പിന്നെ മാഷെ കണ്ടില്ല. രാവിലെ അഞ്ചു മണിക്ക് ഫലപ്രഖ്യാപനത്തിന്റെ സന്തോഷം പങ്കിടാന്‍ മാഷെ തിരഞ്ഞു. അവിടെ ഉണ്ടായിരുന്നില്ല. രണ്ടു ദിവസം കഴിഞ്ഞുള്ള സ്‌കൂള്‍ അസ്സംബ്ലിയില്‍ ഒന്നാം സ്ഥാനം നേടിയതിനു അനുമോദിക്കുമ്പോള്‍ ഹെഡ് മാഷായ ഗൗരവമുള്ള ജോര്‍ജ് മാഷെ ആണ് കാണാനായത്. ഇതുപോലെ റവന്യൂ ജില്ലയിലേക്ക് നാടകവുമായി പോകുമ്പോഴും പിറ്റത്തെ കൊല്ലവുമൊക്കെ ജോര്‍ജ് മാഷ് മുന്‍പും പിന്‍പും സമാനതകളില്ലാത്ത ഒരാളായി സ്‌കൂളില്‍ ഉണ്ടായിരുന്നു. പത്താം ക്ളാസ് കഴിഞ്ഞതും മാഷ് സ്‌കൂളില്‍ നിന്ന് പോയതായി അറിഞ്ഞു.
വര്‍ഷങ്ങള്‍ക്കു ശേഷം സുഹൃത്ത് പ്രേംലാലും നന്ദനും ഞാനും തൃശ്ശൂരിലെ ഒരു പരസ്യകമ്പനിയില്‍ ജോലിചെയ്യവേ ദൂരദര്‍ശനു വേണ്ടി നാടന്‍ പാട്ടുകളുടെ ദൃശ്യാവിഷ്‌ക്കാരം ചെയ്യാന്‍ തീരുമാനിച്ചു. അന്ന് ദൂരദര്‍ശന്‍ മാത്രമേയുള്ളൂ. 5 ഗാനങ്ങള്‍. വിദ്യാധരന്‍ മാഷുടേതായിരുന്നു സംഗീതം. അതില്‍ ഒന്നിലഭിനയിക്കാന്‍ ഞാന്‍ മാഷെ അന്വേഷിച്ചു, പാവറട്ടി, പാലുവായിലുള്ള അദ്ദേഹത്തിന്റെ വീട് തേടിപ്പിടിച്ചു ചെന്നു. ചക്കരമാക്കില്‍ വീട്. വലിയൊരു പറമ്പിനു നടുവിലെ ഇഷ്ടിക കൊണ്ട് കെട്ടിയ മനോഹര വീട്. അങ്ങനെയൊരു കെട്ടിടം ആദ്യായിട്ടായിരുന്നു കാണുന്നത്. ഒട്ടും അകല്‍ച്ചയോ ദേഷ്യമോ ഇല്ലാതെ അകത്തേക്ക് വിളിച്ചു. ആര്‍ട്ടിസ്റ്റ് എം വി ദേവന്‍ ആദ്യമായി ഡിസൈന്‍ ചെയ്ത വീടാണ് അതെന്നു അഭിമാനത്തോടെ മാഷ് പറഞ്ഞു. അവിടെ ചിത്രകാരന്‍ സി എം കരുണാകരന്റെ ചിത്രവും ചുമരില്‍ കാണായി. ഇയാള്‍ വെറുമൊരു അധ്യാപക വൃത്തി ചെയ്യുന്ന ആളല്ല എന്ന് അപ്പോഴാണ് പിടികിട്ടുന്നത്. വന്ന കാര്യം പറഞ്ഞപ്പോള്‍ ഗൗരവം ഒട്ടും വിടാതെയെങ്കിലും മാഷുടെ കണ്ണിലെ സന്തോഷം മനസ്സിലായി. ഞാനൊക്കെ അഭിനയിച്ചാല്‍ അതൊക്കെ ശെരിയാവോടോ ? എന്നൊരു ചോദ്യം. മാസ് തന്നെ അത് ചെയ്യണം എന്ന് പറയാന്‍ ധൈര്യം കിട്ടി. ഒടുവില്‍ സമ്മതിച്ചു. പറഞ്ഞ ദിവസം, കൃത്യ സമയം അദ്ദേഹം വന്നു, അഭിനയിച്ചു. പ്രതിഫലം കൊടുത്തപ്പോള്‍ അത് വാങ്ങാതെ, ചായ കുടിച്ചോളാന്‍ പറഞ്ഞു, തിരിച്ചു തന്നത് ഓര്‍മ്മയിലുണ്ട്.
പിന്നെയും വര്‍ഷങ്ങള്‍ കൊഴിഞ്ഞു. ശ്രീരാമേട്ടനെ പോലുള്ള സാംസ്‌കാരിക പ്രവര്‍ത്തകരില്‍ നിന്നൊക്കെ പിന്നീടാണ് മനസ്സിലാക്കിയത്, സംവിധായകന്‍ പവിത്രന്‍ തുടങ്ങിയ കുറേപേരുടെ ചാലകശക്തിയായിരുന്നു മാഷ് എന്ന്. ഇടക്കൊക്കെ ഫോണില്‍ സംസാരിക്കും. ഇടയ്ക്കു തൃശൂരില്‍ വെച്ച് കാണും. ജോര്‍ജ് മാഷെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ പങ്കുവെക്കലുകളില്‍ നിന്നെല്ലാം മനസ്സിലായത് മാഷ് ഒരേ സമയം എം ഗോവിന്ദന്റെ റാഡിക്കല്‍ ഹ്യൂമനിസം സിദ്ധാന്തവുമൊക്കെ ബന്ധമുള്ള, അവരൊക്കെയൊത്തുള്ള ചര്‍ച്ചകള്‍ക്ക് സമയം കണ്ടെത്തിയിരുന്ന ആളും എം റഷീദിനെപ്പോലുള്ള ട്രോട്‌സ്‌കിസ കാഴ്ചപ്പാടുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളുമായിരുന്നു എന്നൊക്കെയാണ്. റഹീം വക്കീലൊക്കെയുള്ള ചാവക്കാട് സംഘം തുടങ്ങി വലിയൊരു സൗഹൃദ നിര മാഷിനുണ്ടായിരുന്നു എന്ന അറിവ് സ്വകാര്യമായ ഒരു അഭിമാനമായി എനിക്ക് തോന്നിയിട്ടുണ്ട്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കുറച്ചു വര്‍ഷങ്ങള്‍ കൂടെ കഴിഞ്ഞു വിബ്ജിയോര്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങാന്‍ ആലോചിച്ചപ്പോള്‍, അതിനൊരു സംഘാടക സമിതി ഉണ്ടാക്കാന്‍ വിളിച്ചവരില്‍ മാഷുമുണ്ടായിരുന്നു. മാഷ് നിശബ്ദമായി എല്ലാത്തിനും കൂടെ നിന്നു. രോഗം ബാധിച്ചിരുന്ന കാലമായിരുന്നു അന്നെങ്കിലും അതേകുറിച്ചൊന്നും സംസാരിക്കുന്നതോ അത്തരത്തിലുള്ള സഹതാപമോ ഒക്കെ മാഷിന് വലിയ പ്രശ്‌നമായിരുന്നു. താന്‍ പോടോ ഞാന്‍ ഇപ്പോള്‍ ഓക്കേ ആണല്ലോ എനിക്ക് പ്രശ്നമൊന്നുമില്ലല്ലോ എന്ന് ഒരിക്കല്‍ ഒരു സുഹൃത്തിനോടെന്ന പോലെ എന്നോട് ചോദിച്ചു. സദാ ഊര്‍ജ്ജസ്വലനായിട്ടേ മാഷെ കണ്ടിട്ടുള്ളൂ. നാലാമത്തെ എഡിഷന്‍ വിബ്ജിയോര്‍ ഫിലിം ഫെസ്റ്റിവല്‍ ആഗതമായപ്പോള്‍ ഗുരുവായൂര്‍ നഗരത്തില്‍ നിന്ന് വരുന്ന മാലിന്യം കൊണ്ട് ജീവിതം താറുമാറായ ചക്കംകണ്ടം എന്ന സ്ഥലമുണ്ടെന്നും, നീതിക്കു വേണ്ടി പ്രദേശവാസികള്‍ കാലങ്ങളായി സമരത്തിലാണെന്നും അവിടെ ഒന്ന് വരണമെന്നും പറഞ്ഞു, പത്രവാര്‍ത്തകള്‍ കാണിച്ചു തന്നു. വൈകാതെ മാഷുടെ കൂടെ അവിടെ പോയപ്പോഴാണ് കാര്യത്തിന്റെ ഗൗരവവും ദയനീയ സാഹചര്യവും നേരിട്ട് ബോധ്യമായത്. പത്തു കിലോമീറ്ററോളം ചുറ്റളവില്‍ കിടക്കുന്ന ഒരു കായല്‍ മലമൂത്ര വിസ്സര്‍ജ്ജ്യങ്ങളാല്‍ മൂടപ്പെട്ടു കിടക്കുന്ന സങ്കട കാഴ്ചയാണ് കണ്ടത്. ആ പരിസരത്തു നില്‍ക്കാനാവാത്ത അത്ര രൂക്ഷഗന്ധവും. പല സുഹൃത്തുക്കളോടും അതേക്കുറിച്ചു ഒരു ഡോക്യൂമെറ്റെന്ററി ചിത്രം ഉണ്ടാക്കാന്‍ പറ്റുമോയെന്ന് ചോദിച്ചു. ആരും മുന്നോട്ട് വന്നില്ല. ഒടുവില്‍ അതിനായി ഇറങ്ങിതിരിച്ചപ്പോഴാണ് ജനങ്ങള്‍ പറയുന്ന കാര്യങ്ങള്‍ക്കു വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ തെളിവുകള്‍ വേണമെന്ന് മനസ്സിലായത്. കാര്യം മാഷോട് പറഞ്ഞപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് മാഷ് ചോദിച്ചു. ഒരു ഫാക്ട് ഫൈന്‍ഡിങ് ടീമിനെക്കൊണ്ടു പരിസരം, അവിടുത്തെ കിണറുകള്‍ ഒക്കെ ഒന്ന് പഠിക്കണം. ശാസ്ത്രീയമായ തെളിവെടുപ്പ് നടത്തി അതിന്റെ അടിസ്ഥാനത്തില്‍ ഡോക്യുമെന്ററി ചെയ്തിട്ടേ കാര്യമുള്ളൂ എന്ന നിഗമനത്തിനു ഒപ്പം മാഷും നിന്നു. അങ്ങനെയാണ് ഭൂഗര്‍ഭ ജല വിദഗ്ദരായ ഡോ. ശ്രീ മഹാ ദേവന്‍ പിള്ള , ഡോ സി എം ജോയ് എന്നിവരും സാമൂഹ്യ വശങ്ങള്‍ വിലയിരുത്താന്‍ സാറാജോസഫിനെയും സമീപിക്കുന്നത്. ഇവരുടെ അന്വേഷണത്തിന്റെയും ജല പരിശോധനയുടെയും അടിസ്ഥാനത്തിലാണ് ‘പുതിയ കാളിന്ദി പറയുന്നത്’ എന്ന ഡോക്യുമെന്ററി ഉണ്ടായത്. കിണറുകളില്‍ നിന്ന് ജലം ശേഖരിക്കാനും അത് ലാബില്‍ കൊണ്ടുപോയി ടെസ്റ്റ് ചെയ്യിക്കാനും കാര്‍ ഡ്രൈവ് ചെയ്തുതന്നെ മാഷുണ്ടായി. വണ്ടിയില്ലെ? എങ്കില്‍ ഞാനും കാറുമുണ്ട്, നമുക്ക് എവിടെയാണ് പോകേണ്ടത് എന്ന മട്ടാണ്. ആ ഡോക്യുമെന്ററി ആ വര്‍ഷത്തെ വിബ്ജിയോര്‍ ഫിലിം ഫെസ്റ്റിവലിലെ പ്രധാന കാമ്പയിന്‍ ചിത്രമായിരുന്നു. ചിത്രത്തിന്റെ പ്രദര്‍ശനത്തെ തുടര്‍ന്ന് പ്രദേശ വാസികളും പത്രപ്രവര്‍ത്തകരും നേരിട്ട് സംവദിച്ചു. അങ്ങനെ അവരുടെ സങ്കടങ്ങള്‍ കുറച്ചു പേരുകൂടെ കൂടെ ശ്രദ്ധയിലെത്തി. മാഷ് എപ്പോഴും പുറകില്‍ നിന്നു.
പിന്നീടും പല വേദികള്‍. മറഞ്ഞിരുന്ന് മാഷ് കാര്യങ്ങള്‍ നടത്തി തരും. ഒരിക്കലും ആളാവാനായി മുന്നില്‍ നിന്ന് കണ്ടിട്ടില്ല. എന്തിനും ഒരു ധൈര്യം തരുന്ന ഒരസാമാന്യ മനുഷ്യനെയാണ് മാഷില്‍ കണ്ടത്. സാമ്പത്തികമോ സാമൂഹ്യമോ ആയ പ്രിവിലെജുകളൊന്നുമില്ലാതിരുന്ന എന്നെപോലുള്ളവരോടും വലിയവരോടും ചെറിയവനോടും ഒരുപോലെ പെരുമാറാന്‍ കഴിയുന്ന ഒരസാധ്യ മനുഷ്യനായിരുന്നു അദ്ദേഹം. കെ എ മോഹന്‍ദാസേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘കാലചക്രത്തില്‍ ഗണിച്ചിടാന്‍ കഴിയാത്ത ഒരാള്‍’ . വിവിധ തലമുറകളോട് അത്രമാത്രം തോളുരുമ്മി നടന്നുപോയ ഒരാളായിരുന്നു സി എഫ് ജോര്‍ജ് മാഷ്. ഏറ്റവും പുതിയവരെ വരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ഒട്ടും മടി കാണിച്ചില്ല. ആളും ആരവവും ഉണ്ടായിരുന്ന, സത്രം ആയിരുന്ന വീടും വഴികളും അനാഥമാക്കി മാഷ് പൊടുന്നനെ പോയി. ആരോക്കെയോ എവിടെയൊക്കെയോ ഇരുന്നു അദ്ദേഹത്തെക്കുറിച്ചു തേങ്ങുന്നുണ്ടാകും. ഉറപ്പ്. ചിലര്‍ അങ്ങനെയാണ്. അപ്പൂര്‍വ്വ ജന്മങ്ങള്‍. പിടിതരാതെ സ്‌നേഹം തരുന്നവര്‍, അറിയാതെ ആഴത്തിലേക്ക് ഊര്‍ന്ന് പോകുന്നവര്‍. മാഷെ മറക്കാനാവില്ല… ഈ ജന്‍മം. കാരണം. ചൂരല്‍, സ്‌നേഹത്തിന്റെയും കരുതലിന്റെയും മാന്ത്രിക വിശറിയാക്കിയ നേടും തൂണായിരുന്നു ജോര്‍ജ് മാഷ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in